ഗർഭം….
എഴുത്ത്: കാളിദാസൻ
===========
“കുട്ടികളാകാത്തത് എന്റെ കുറ്റമാണോ മനുവേട്ടാ…എന്നെ ഇനിയും വിഷമിപ്പിക്കരുത്…കുറ്റപ്പെടുത്തലുകൾ കേട്ട് മടുത്തു…നിങ്ങളും കൂടി എന്നെ…” അവൾക്ക് കണ്ണുനീർ പിടിച്ചുനിർത്താൻ പറ്റിയില്ല…..
ശ്രീക്കുട്ടി…നിന്നെഞാൻ കുറ്റംപറഞ്ഞതല്ല…എന്റെ വിഷമംകൊണ്ടുപറഞ്ഞതാണ്…കല്യാണം കഴിഞ്ഞ് 7 വർഷമായി…എല്ലാവരും എന്നെയാണ് കളിയാക്കുന്നത്
ഞാനാണോ മനുവേട്ടാ മരുന്ന് മുടക്കിയത്…നിങ്ങളെ മോശക്കാരനായി ചിത്രീകരിക്കാതിരിക്കാൻ എനിക്കാണ് കുഴപ്പമെന്നല്ലേ ഞാൻ ഇവിടെയും എന്റെ വീട്ടിലും പറഞ്ഞിരിക്കുന്നത്…അത് ഏട്ടൻ ഇടക്കോർത്താൽ നല്ലത്…ഏട്ടന്റെ അമ്മയുടെ കുത്തുവാക്കുകൾ അച്ഛന്റെ ദേഷ്യത്തോടെയുള്ള നോട്ടം ഇതൊന്നും എനിക്കു സഹിക്കാൻ പറ്റുന്നില്ലെങ്കിലും ഏട്ടനുവേണ്ടി ഞാൻ സഹിക്കുന്നില്ലേ…എനിക്കെന്റെ ഏട്ടനെ അത്രക്കും ഇഷ്ടമാണ്….
അവന്റെ കണ്ണുകളും നിറഞ്ഞുവന്നിരുന്നു…
പോട്ടെടാ…ഏട്ടനിനി ന്റെ മോനെ ഒന്നും പറയില്ല…എന്നോട് നീ ക്ഷമിക്ക്…ന്റെ മുത്തല്ലേ നീ…
അവൾ അവന്റെ നെഞ്ചിൽ വീണു കരഞ്ഞു…അവളെ സമാധാനിപ്പിച്ചുകൊണ്ടു അവളുടെ കണ്ണുനീർ തുടച് അവളുടെ ഇരുകവിളിലും മാറി മാറി മുത്തം കൊടുത്തു…..
ന്റെ മോൻ കരയേണ്ടട്ടോ…എല്ലാം ശരിയാകും…മോന്റെ പ്രാർഥന ദൈവം കേൾക്കും…ഞാനിനി എന്നും മുടങ്ങാതെ മരുന്ന് കഴിച്ചോളാം…മറ്റെന്നാൾ നമ്മുടെ പെങ്ങൾ മീരയുടെ കല്യാണംകൂടി കഴിഞ്ഞാൽ നമ്മുക്കെല്ലാം ശരിയാക്കാം….
അവളുടെ മുഖത്തു ചെറുപുഞ്ചിരി വിടരുന്നതവൻ കണ്ടു…അവളെയും കെട്ടിപിടിച് അവൻ കിടന്നുറങ്ങി….
***************
കല്യാണദിവസം മനുവും എല്ലാവരും തിരക്കിലേക്കായി…കല്യാണം കഴിഞ്ഞ് മനുവിന്റെ അമ്മയും ശ്രീക്കുട്ടിയും ബന്ധത്തിലുള്ള പെണ്ണുങ്ങളും കൂടി നിന്നപ്പോൾ ഒരുവൾ ചോദിച്ചു…
എന്തെ…ശ്രീക്കുട്ടിക്ക് ഇതുവരെ വിശേഷമോന്നും ആയില്ലേ??
എങ്ങനാകും…എന്റെ മോന്റെ വിധി…അല്ലാതെന്ത്….
അമ്മേ…ആളുകളുടെ മുൻപിൽവച്ച്…അത്രയും പറഞ്ഞതും അവളുടെ കണ്ണ് നിറഞ്ഞു…
പിന്നെ സത്യമല്ലേ ഞാൻ പറഞ്ഞത്…
ആർക്കാണ് കുഴപ്പം സാവിത്രിയെ…കൂട്ടത്തിലുള്ള ഒരുത്തി ഇടയിൽ കയറി ചോദിച്ചപ്പോൾ ശ്രീക്കുട്ടി അവരെ രൂക്ഷമായി നോക്കി
ഇവൾക്കാണ് ചേച്ചിയേ…എനിക്ക് പറ്റിയ അബദ്ധം…ന്റെ മോന്റെ ജീവിതം ഇവൾകാരണം….
അത്രയും കേട്ടതും അവൾ കരഞ്ഞുകൊണ്ട് അവിടെനിന്നും ഓടിപ്പോയി…
ഇതെല്ലാം കണ്ടുകൊണ്ടു മനു വരുന്നുണ്ടായിരുന്നു…അവളുടെ കരച്ചിൽ കണ്ടപ്പോൾ അവന് കാര്യം മനസിലായി…
അമ്മേ…ഒന്നിങ്ങു വന്നേ….
ന്താടാ…എന്താണ് കാര്യം…??
വീട്ടിലിട്ട് അവളെ നാണം കെടുത്തുന്നത് പോരെ…ഒരു മംഗളകർമം നടക്കുകയല്ലേ…അവിടെ കണ്ണുനീർ വീഴ്ത്തണോ???അതും നമ്മുടെ മീരയുടെ കല്യാണദിവസം..ശാപം വാങ്ങി വക്കല്ലേ അമ്മേ…അവൻ ദേഷ്യത്തിൽ നടന്നു നീങ്ങി…
***********
കല്യാണമെല്ലാം ഭംഗിയായി നടന്നു…ഓരോ നാൾ കഴിയുംതോറും സാവിത്രി ശ്രീക്കുട്ടിയോടുള്ള സമീപനം കടുപ്പിച്ചു…മനുവിനെ ഓർത്തവൾ എല്ലാം സഹിച്ചു…
മീരക്ക് വിശേഷമുണ്ടെന്നു അറിഞ്ഞപ്പോൾ സാവിത്രി കുറ്റപ്പെടുത്തലുകൾ ശക്തമാക്കി…അവൾക്ക് ഒട്ടും സഹിക്കാൻ പറ്റാത്ത രീതിയിൽ….
************
മീരയെ വിളിച്ചോണ്ട്വരാൻ പോകണം..മീരക്കിപ്പോൾ 7 മാസം…ചടങ്ങിന് അടുത്ത ബന്ധുക്കൾ മാത്രം..ശ്രീക്കുട്ടിക്ക് നല്ല ഉഷാർ…കാരണം കുടുംബത്തിൽ ഒരു കുഞ്ഞു വരുന്നതിന്റെ ത്രില്ല്…മീരയെ അവൾക്ക് അത്രക്കിഷ്ടം…കുറച്ചുനാൾ അവളുടെ കുഞ്ഞിനെ താലോലിക്കാൻ പറ്റുമല്ലോ എന്ന സന്തോഷം….
മനു കാർ എടുത്തു…അച്ഛൻ കാറിന്റെ മുൻപിൽ കയറി…അമ്മയും അമ്മായിയും പിറകിൽ കയറി…ശ്രീക്കുട്ടി കാറിൽ കയറാൻ തുടങ്ങിയപ്പോൾ സാവിത്രി തടഞ്ഞു….
വേണ്ട…നീ ഈ കാറിൽ കയറേണ്ട…ഇത് മീരമോളെ വിളിച്ചോണ്ട് വരാൻ പോകുന്ന ചടങ്ങാണ്…അവൾ കയറുന്ന കാറാണിത്…കണ്ട മ.ച്ചിയൊന്നും ഈ കാറിൽ കയറരുത്…അത് എന്റെ മോൾക്കും അവളുടെ കുഞ്ഞിനും ദോഷമാണ്…അതാണ് ശാസ്ത്രം…നീപോയി പിറകിലുള്ള വണ്ടിയിൽ കയറു…
ഇത്രയും കേട്ടതും ശ്രീക്കുട്ടിയുടെ മുഖത്തുണ്ടായിരുന്ന ചിരി മാഞ്ഞു…കണ്ണുകൾ തുളുമ്പി…
പെട്ടെന്ന് മനു ഡോർ തുറന്ന് വെളിയിലിറങ്ങി…ആരോടും ഒന്നും പറയാതെ വീട്ടിലേക്കു നടന്നു…കുറച്ച് കഴിഞ്ഞ് അവൻ ഒരു ഫയലുമായി വേഗത്തിൽ കാർ ലക്ഷ്യമാക്കി വന്നു…എന്നിട്ട് അതിലുള്ള പേപ്പർ സാവിത്രിയുടെ കയ്യിൽ കൊടുത്തു….
വായിച്ചു മനസിലാക്കാമെങ്കിൽ നോക്ക്…ശരിക്കും കണ്ണ് തുറന്ന് നോക്കി വായിക്ക്….
മനുവേട്ടാ…ശ്രീക്കുട്ടി വിളിച്ചു…
മിണ്ടരുത് നീ…ഇത്രയും നാൾ സഹിച്ചത് മതി…കുറെ അനുഭവിച്ചില്ലേ…കുറെ കരഞ്ഞില്ലേ…മതി…ഇനി വേണ്ട…
അമ്മക്ക് വായിച്ചിട്ട് എന്തേലും മനസിലായോ…ഇല്ലെങ്കിൽ ഞാൻ പറയാം…ഈ നിൽക്കുന്ന എന്റെ ഭാര്യക്കല്ല കുഴപ്പം…ഈ എനിക്കാണ് കുഴപ്പം…ഇവൾക്കൊരു കുഞ്ഞിനെ കൊടുക്കാനുള്ള കഴിവ് എനിക്കിപ്പോൾ ഇല്ലെന്ന് ഡോക്ടമാർ ഇംഗീഷിൽ എഴുതി തന്നിരിക്കുന്ന പേപ്പറാണ് ഇത്..കൂടാതെ എനിക്ക് ചെയ്തിട്ടുള്ള മെഡിക്കൽ ചെക്കപ്പുകളുടെ റിസൾട്ടും…ഞാനാണ് മരുന്ന് കഴിക്കുന്നത്…ഇവളല്ല…ഇവൾ നിർബന്ധിച്ചാണ് എന്നെ മരുന്ന് കഴിപ്പിക്കുന്നതും..കാരണം നിങ്ങളുടെയെല്ലാം കുത്തുവാക്കുകളിൽനിന്നും രക്ഷപെടാൻ അമ്മ പരസ്യമായും രഹസ്യമായും മ ച്ചിയെന്നു വിളിച്ച് നാണം കെടുത്തിയിട്ടും ഇവൾ ഒന്നും അമ്മയെയും അച്ഛനെയും മോശമായി പറഞ്ഞിട്ടില്ല…അത്രക്കിഷ്ടമാണ് ഇവൾക്ക് നിങ്ങളെ…എന്നിട്ടും നിങ്ങൾ…..
മനുവേട്ടാ..മതി…ശ്രീക്കുട്ടി അവനെ തടഞ്ഞു….
ഇല്ല കഴിഞ്ഞില്ല പെണ്ണെ…
അമ്മേ…എനിക്ക് കഴിവില്ലെന്ന് അറിഞ്ഞിട്ടും ഇവൾ പോകാതിരുന്നത് എന്നോടുള്ള ഇവളുടെ ഇഷ്ടക്കൂടുതൽ..നമ്മുടെ മീരക്കാണ് ആ വീട്ടിൽ ഈ അവസ്ഥയെങ്കിലോ??? ചിന്തിച്ചിട്ടുണ്ടോ അമ്മ….???? മതി…ഒരുപാടായി…കുറെ അനുഭവിച്ചു ഈ പാവം..ഇനി ഞാനും ഇവളും ഈ വീട്ടിൽ നിൽക്കില്ല…ശ്രീ..വാ…പോയി ഡ്രസ്സ് എടുക്ക്….
അവനും അവളും തിരിച്ചു നടന്നതും സാവിത്രി ഓടിചെന്ന് അവളെ കെട്ടിപിടിച്ചു….
എന്റെ പൊന്നുമോള് ഈ അമ്മയോട് ക്ഷമിക്കില്ലേ..അമ്മക്കൊന്ന് മോളുടെ കാലുപിടിച്ചു പൊട്ടി കരയണമെന്നുണ്ട്….
സാവിത്രിയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നത് ശ്രീക്കുട്ടി കണ്ടു…
അരുതമ്മേ..അമ്മക്കറിയില്ലല്ലോ ഒന്നും..അമ്മയോടെല്ലാം ഞാൻ കള്ളമല്ലേ പറഞ്ഞത്…മനുവേട്ടൻ ആരുടേയും മുൻപിൽ നാണം കെടാതിരിക്കാനാണമ്മേ ഞാൻ…..
പറഞ്ഞുതീരുംമുൻപ് സാവിത്രി അവളുടെ വാ പൊത്തി….
മതി…ഇനി നീ കഴിഞ്ഞേയുള്ളൂ എനിക്കാരും…ദേ നോക്ക് ആ നിൽക്കുന്ന എന്റെ കെട്ടിയോനാണേലും നിന്റെ ഭർത്താവായാലും…മനു..നീ വണ്ടിയെടുക്ക്..ന്റെ മോളുടെ കൂടെ എനിക്ക് യാത്ര ചെയ്യണം..സ്നേഹിക്കണം…..
ഇത്രയും കേട്ടതും അവിടെനിന്ന എല്ലാവരുടെയും മുഖത്തിൽ ചിരി വിടർന്നു…അവർ വണ്ടിയിൽ കയറാൻ തുടങ്ങിയപ്പോൾ ശ്രീക്കുട്ടി തലകറങ്ങി വീണു…സാവിത്രി അവളെ താങ്ങി നിർത്തി…മോളെ..ശ്രീ…..
കൂട്ടത്തിലുള്ള ഒരു മുത്തശ്ശി നോക്കിയിട്ട് പറഞ്ഞു…
മോനെ മനു…നീ കഴിക്കുന്നമരുന്ന് ഏറ്റെന്ന് തോന്നുന്നു…സാവിത്രി…നീ വീണ്ടും മുത്തശ്ശിയാകാൻ പോണു…
എന്താ മുത്തശ്ശി ഈ പറയുന്നത്..മനു ആകാംഷയോടെ ചോദിച്ചു…
ഡാ പൊട്ടാ…ശ്രീക്കുട്ടി ഗർഭിണിയാണ്….
അതുകേട്ട് അവൻ സന്തോഷംകൊണ്ട് ബോധംകെട്ട് താഴെവീണു..
അച്ഛൻ ഓടിവന്ന് അവനെ താങ്ങി എഴുന്നേൽപ്പിച്ചു…എന്നിട്ട് പറഞ്ഞു
“ശ്ശെടാ…ഇനി ഇവനും ഗർഭമുണ്ടോ ??”
ശുഭം…
നൻഡ്രി…..
~ കാളിദാസൻ