അതിരാവിലെ ഉണരുമ്പോൾ  തന്നെ റോഡിലൂടെ ഓടിയും നടന്നും വ്യായാമം ചെയ്യുന്ന ആളുകളെ കാണാമായിരുന്നു…

Written by Ezra Pound

===========

വർഷങ്ങൾക്ക് ശേഷമുള്ളൊരു ഓർമ്മക്കുരിപ്പ്..ക്ഷമിക്കണം കുറിപ്പ്..പോരായ്മകളുണ്ടെങ്കിൽ പൊറുക്കുക.

പണ്ടൊക്കെ ആളുകൾക്ക് അസുഖം വന്നാലും ചികിൽസിക്കാൻ ആശുപത്രിയും നിറയെ ഡോക്ടേഴ്സും ഉണ്ടായിരുന്നു..

ടോക്കൺ സിസ്റ്റത്തിലൂടെയായിരുന്നു രോഗികളെ അകത്തേക്കു കയറ്റി വിടാറുള്ളത്..രോഗികളെ വിശദമായി പരിശോധിച്ച് ഒരു വെളുത്ത കടലാസിൽ മരുന്നു കുറിച്ചു  കൊടുക്കലായിരുന്നു അന്നത്തെ രീതി..രോഗത്തിന്റെ തീവ്രതയനുസരിച്ചു അഡ്മിറ്റ് ചെയ്യാനും ശുശ്രൂഷിക്കാനുമൊക്കെയുള്ള സൗകര്യങളും ലഭ്യമായിരുന്നു..

അന്നത്തെ വീടുകൾക്കും പ്രത്യേക ഭംഗിയുണ്ടായിരുന്നു..ചെങ്കല്ലോ സിമന്റ് കട്ടകളോ കൊണ്ടുണ്ടാക്കിയ വലുതും ചെറുതുമായ വീടുകൾ..ഒട്ടുമിക്ക വീടുകളിലും തറയിൽ ടൈൽസോ മാർബിളോ വിരിച്ചിട്ടുണ്ടാവും..ഉച്ചയൂണൊക്കെ കഴിഞു വെറും തറയിലങ്ങനെ കിടക്കുന്നത് തന്നെ പ്രത്യെക സുഖമായിരുന്നു..

പ്രായമായവരൊക്കെ ടീവി കാണുകയൊ മൊബൈലുകൾ പോലുളള മറ്റ് വിനോദങ്ങളിൽ ഏർപ്പെടുകയോ ചെയ്യുകയായിരുന്നു പതിവ്..

എന്റെയൊക്കെ ചെറുപ്പത്തിൽ തിളപ്പിച്ച പാലിൽ കോൺഫ്ലേക്സിട്ട് സ്വല്‌പം പഞ്ചസാരയും ചേർത്ത് കഴിക്കുമായിരുന്നു..അന്നൊക്കെ ഉച്ചക്ക് ബിരിയാണിയോ നെയ്‌ച്ചോറോ ഒക്കെയാണ് കഴിക്കാനുണ്ടാവുക..തൊട്ടു കൂട്ടാൻ അച്ചാറോ സാലഡോ ഒക്കെ കിട്ടിയാലായി..വാഴയിലയിൽ ചോറിട്ട് കറികളൊഴിച്ചു കഴിക്കുന്നവരുമുണ്ട്..അതിനൊരു പ്രത്യെക രുചിയായിരുന്നു..ഒപ്പം കുടിക്കാൻ റൈസ്‌ സൂപ്പുമുണ്ടാവും..

അന്നത്തെ സ്‌പെഷ്യൽ വിഭവമെന്ന് പറയുന്നത് ഫ്രെയ്‌ഡ്‌ ചിക്കനും കുഴി മന്തിയും പിസയും ബർഗറും ഒക്കെയായിരുന്നു..ഉച്ചകഴിഞ്ഞു തുറക്കാറുണ്ടായിരുന്ന ഫാസ്റ്റ് ഫുഡ് സ്റ്റാളുകളിൽ വൈകുന്നേരം ആവുമ്പോഴേക്കും ആളുകളെ കൊണ്ട് നിറയും..കുടിക്കാൻ ഇഷ്ടംപോലെ സോഫ്റ്റ് ഡ്രിങ്കുകളും ഉണ്ടാവും..

വൈകുന്നേരം ചായക്കൊപ്പം കട്ലറ്റുണ്ടാക്കി ടൊമാറ്റോ സോസിൽ മുക്കി കഴിക്കുന്നത്  വല്ലാത്തൊരു സ്വാദായിരുന്നു..

അതിരാവിലെ ഉണരുമ്പോൾ  തന്നെ റോഡിലൂടെ ഓടിയും നടന്നും വ്യായാമം ചെയ്യുന്ന ആളുകളെ കാണാമായിരുന്നു..

ജോലികഴിഞു വരുന്ന സ്ത്രീകളൊക്കെ മുഖത്തെ മേക്കപ്പും ചുണ്ടിലെ ലിപ്സ്റ്റിക്കുമൊക്കെ കളഞ്ഞു കുളിചൊരുങ്ങി കുട്ടികളെ പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും..പുരുഷന്മാർ അപ്പോഴേക്കും കഴിക്കാനുള്ളത് തയാറാക്കി വെച്ചിട്ടുണ്ടാവും..

തിരക്കുള്ള ദിവസങ്ങളിലൊക്കെ ഭക്ഷണം പുറത്തൂന്ന് ഓർഡർ ചെയ്യുകയായിരുന്നു പതിവ്..ഡെലിവറി ബോയ് ഭക്ഷണവും കൊണ്ടുവരുന്നതും കാത്ത് വിശന്നുറങ്ങിയ നാളുകൾ..

അന്നൊക്കെ വീട്ടു സാധനങ്ങളും മീനുമൊക്കെ മാർക്കറ്റിൽ ചെന്ന് വാങ്ങിക്കുകയായിരുന്നു പതിവ്..നഗരങ്ങളിലൊക്കെ ഹോം ഡെലിവെറിയുണ്ടെങ്കിലും മാർക്കെറ്റിൽ പോവുന്നതൊരു രസമായിരുന്നു..സാധനങ്ങളൊക്കെ ത്രാസിൽ തൂക്കി നോക്കിയാണ് വിൽക്കുക..ഡാഡിയുടെ കൈപിടിച്ചോണ്ടു തെരുവിലൂടെ നടന്നിരുന്ന കാലമൊക്കെ മായാത്ത ഓർമ്മകളായി മനസ്സിലുണ്ട്..

കാലം മാറിയപ്പോ മനുഷ്യരുടെ ജീവിത രീതികളും മാറി..എത്രയൊക്കെ പുരോഗമിച്ചെന്ന് പറഞ്ഞാലും അന്നത്തെ മനുഷ്യർക്കുണ്ടായിരുന്ന സ്നേഹമോ ബന്ധങ്ങളിലെ ഇഴയെടുപ്പമോ ഇന്നില്ലായെന്നുള്ളത് സത്യമാണ്..ഒരിക്കൽ കൂടി പഴയ കാലത്തേക്കൊന്നു മടങ്ങാൻ സാധിച്ചെങ്കിൽ എത്ര നന്നായേനെ…