മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
വാസുകിക്ക് ബോധം തെളിയുന്നതും കാത്ത് ഐസിയുവിന്റെ കോറിഡോർലൂടെ അക്ഷമനായി നടക്കുകയായിരുന്നു ജിതൻ. പെട്ടെന്ന്, അങ്ങോട്ടേക്ക് ഓടിയെത്തിയ ആനന്ദ് അവനു മുന്നിൽ നിന്നുകിതച്ചു.
“വാട്ട് ഹാപ്പെൻഡ് ആനന്ദ്..?”
“സർ…എനിക്ക് സാറിനോട് ചിലത് പറയണം.”
“റിലാക്സ്…ഇവിടെ ഇരിക്ക് നീ..” ജിതൻ ആനന്ദ്നെ പിടിച്ചു അവിടെകണ്ട കസേരയിലേക്ക് ഇരുത്തി.
“വാസുകി മാഡത്തിന് എന്താ പറ്റിയെ..?”
“അത് പിന്നെ പറയാം. നീ പറയാൻ വന്നത് എന്താണെന്ന് പറ ആദ്യം.”
“അത്..സർ…ആ പൂജ കേസ്..ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്.”
“എല്ലാം ഓരോന്നായി പറയൂ.. കേൾക്കട്ടെ..”
“സർ ഇന്നലെ പറഞ്ഞില്ലേ രവിപുരം, മറൈൻ ഡ്രൈവ്, പാലാരിവട്ടം സിസിടിവി പരിശോധിക്കണം എന്നു.”
“അതേ.. കണ്ടോ വല്ലതും..”
“കണ്ടു.. പൂജ…പൂജ അന്ന് ഓഫിസിൽ പോയിട്ടില്ല. ഏകദേശം 7 മണിയോടെ ഫ്ലാറ്റിൽ നിന്നും ഇറങ്ങിയ പൂജ നേരെ പോയത് മറൈൻ ഡ്രൈവ്‌ലേക്കാണ്. പാലാരിവട്ടം ടൂ മറൈൻ ഡ്രൈവ് സിംഗ്‌നലിൽ പൂജയുടെ സ്‌കൂട്ടി റെക്കോർഡ് ആയിട്ടുണ്ട്.”
“ഒറ്റയ്ക്ക് ആയിരുന്നോ…?”
“അതേ…ഒരു മണിക്കൂറോളം പൂജ അവിടെ ചുറ്റിത്തിരിഞ്ഞു എന്നു വേണം കരുതാൻ….7.59 നും 8നും ഇടയ്ക്കാണ് അവളുടെ ഫോണ് ഓഫ് ആയിരിക്കുന്നത്. ആ സമയത്തു മറൈൻ ഡ്രൈവ്ൽ പൂജയുണ്ട്. കായലിനോട് അടുത്തുള്ള വെള്ളമില്ലാത്ത ചെളിക്കുണ്ടിലേക്ക് അവൾ തന്നെയാണ് അവളുടെ ഫോണ് വലിച്ചെറിഞ്ഞത്. ആളുകൾ വേസ്റ്റ്, പ്ലാസ്റ്റിക്ക് എന്നിവ കായലിൽ നിക്ഷേപിക്കുന്നത് തടയാനായി കായൽ തീരത്തോട് ചേർന്ന് കോർപ്പറേഷൻ സ്ഥാപിച്ച സർവിലൻസ് ക്യാമറയിൽ ആ ദൃശ്യം റെക്കോർഡ്ട് ആണ്. ഞാനത് വ്യക്തമായി കണ്ടു.”
“അപ്പോ…പൂജ തന്നെയാണോ ഫോണ് കളഞ്ഞത്. തിരികെ ഫ്ലാറ്റ്ലേക്ക് വരുമ്പോൾ പൂജ പാനിക് ആയിരുന്നോ..? താൻ നോക്കിയോ വിഷ്വൽസ്.”
“യെസ്….ചുവരിനോട് ചേർത്ത് ഇടിച്ചു സ്‌കൂട്ടി നിർത്തിയ പൂജ അത് സ്റ്റാൻഡിൽ പോലുമിടാതെ മുകളിലേക്ക് ഓടുകയായിരുന്നു. സ്‌കൂട്ടി മറിഞ്ഞു വീഴുന്നതും കാണാം…”
“അപ്പോൾ ഇതൊരു ആത്മഹത്യ ആകാൻ ആണ് സാധ്യത. ഫ്ലാറ്റ്ലെ അലങ്കോലങ്ങൾ എല്ലാം ആ സംഭ്രമത്തിൽ സംഭവിച്ചതാകും. വിന്ദുജ പറഞ്ഞത് പോലെ ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ച പൂജ മരണവെപ്രാളത്തിൽ സ്വയം മറന്ന് കാട്ടിക്കൂട്ടിയ വേവലാതികൾ ആവുമത്. അല്ലാതെ മൂന്നാമതൊരാൾ അവിടെ വരാനോ കൊല ചെയ്യാനോ ചാൻസ് ഇല്ല. റൂട്ട് ക്ലിയർ…പക്ഷെ എന്തിന്…? എന്താണ് ജീവിതം അവസാനിപ്പിക്കാൻ അവളെ പ്രേരിപ്പിച്ച ഘടകം…? അതാണ് അറിയേണ്ടത് ഇനി…അതൊരുപക്ഷെ പ്രണയബന്ധം തകർന്ന് കൊണ്ടാവുമോ….? കായലിലെ ചെളിയിൽ വീണെങ്കിൽ അവളുടെ ഫോണിലെ നോട്പാഡ് ഇനി കിട്ടില്ല. അതിൽ നിന്നും ഒന്നുമറിയാൻ കഴിയില്ല. ഒരുപക്ഷേ ആരും ഒന്നും അറിയാതെ ഇരിക്കാൻ…അവൾ സ്നേഹിച്ച ആളിലേക്ക് അന്വേഷണം എത്താതെ ഇരിക്കാനാവും അവൾ ഫോണ് കളഞ്ഞത്. ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് വല്ലതും കിട്ടിയോ ആനന്ദ്….?”
“കിട്ടി സർ…നിരഞ്ജൻ എന്നൊരാളെയാണ് പൂജ സ്നേഹിച്ചിരുന്നത്. അയാളുമായുള്ള ഫുൾ ചാറ്റ് ബാക്കപ്പ് എടുത്തിരുന്നു. ഫ്ബി ഐഡി എല്ലാം കിട്ടി. അവളുടെ എഴുത്തും അയാളെ ടാഗ് ചെയ്താണ് പോസ്റ്റ് ചെയ്തിരുന്നത്.”
“പിന്നെന്താ…ആളെ പൊക്ക്…ബാക്കി അവനെകൊണ്ടു പറയിപ്പിക്കാം..”
“സർ.. അങ്ങിനെ ഒരാളില്ല..”
“വാട്ട്…?”
“ആ ഫ്ബി ഐഡി ആക്സിസ് ചെയ്തിരിക്കുന്ന ഫോണ് പൂജയുടെതാണ്. ഒരേ സമയം ഫ്ബി ആപ്പിലൂടെ പൂജയായും ഫ്ബി ലൈറ്റ്ലൂടെ നിരഞ്ജനായും ചാറ്റ് ചെയ്തിരുന്നത് പൂജ തന്നെയായിരുന്നു. മണിക്കൂറുകളോളം പൂജ ഫോണിൽ സംസാരിച്ചിരുന്നത് അവളോട് തന്നെയാണ്. നിരഞ്ജൻ എന്നത് അവളുടെ വെറും സങ്കൽപം മാത്രമാണ്.”
കേട്ടത് വിശ്വസിക്കാനാവാതെ ജിതൻ ഇരുന്നു.
“വാസുകിയുടെ ആൾ ആരാണ്…? ബോധം തെളിഞ്ഞിട്ടുണ്ട് ഒരാൾക്ക് കയറി കാണാം.” ഐസിയൂവിന്റെ കതക് തുറന്ന് ഒരു നഴ്‌സ് ഉറക്കെ വിളിച്ചു പറഞ്ഞു.
“ആനന്ദ്…യൂ സ്റ്റേ ഹിയർ. ഞാൻ ഒന്ന് വാസുകിയെ കണ്ടിട്ട് ഇപ്പോൾ വരാം.” ആനന്ദ് ശരിയെന്ന് തലയാട്ടി.
*************************
വാസുകിയുടെ കയ്യും പിടിച്ചു കട്ടിലിൽ ഇരിക്കുകയായിരുന്നു ജിതൻ. അപ്പോഴാണ് അവിടേക്ക് സൈക്കോളജിസ്റ്റ് വരുണ് കയറി വന്നത്. “വാസുകി…ആർ യൂ റെഡി ടൂ ടോക്ക്..?” വരുണിന്റെ ചോദ്യം കേട്ട് വാസുകി ജിതനെ ഒന്ന് നോക്കി.
“സംസാരിക്ക് വാസുകി. എന്നോട് പറയാൻ പറ്റാത്ത കാര്യമാണ് എങ്കിൽപോലും വരുണിനോട് പറയൂ. വരുണ് അനീഷിന്റെ വൈഫ് ലേഖയുടെ കസിനാണ്. സ്വന്തം സഹോദരനോടെന്ന പോലെ നിനക്കെല്ലാം തുറന്ന് പറയാം. എല്ലാം ശരിയാകും.” പതുക്കെ വാസുകിയുടെ കൈ വിടുവിച്ചു ജിതൻ പുറത്തേയ്ക്ക് നടന്നു.
*********************
“ജിതൻ..എന്റെ ക്യാബിനിലേക്ക് ഒന്ന് വരൂ..” ഐസിയൂവിൽ നിന്നും പുറത്തേക്ക് വന്ന വരുണ് ജിതനെ നോക്കി പറഞ്ഞു.
“ആനന്ദ്..നീ കൂടെ വാ..വരുണിന്റെ സഹായം ഈ കേസ് ക്ളോസ് ചെയ്യാൻ നമ്മളെ സഹായിച്ചേക്കും. നമുക്ക് അവനോട് ചോദിക്കാം എന്താണ് ഇതിന്റെയൊക്കെ അര്ഥമെന്നു…”
“ഓക്കെ..”
ഇരുവരും വരുണിന്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു. ഡോർ തുറന്ന് അവർ അകത്തേക്ക് ചെല്ലുമ്പോഴേക്കും ഇന്റർനെറ്റ്ൽ എന്തോ തിരയുകയായിരുന്നു വരുണ്….
“ഇരിക്കൂ ജിതൻ..” അവനെ നോക്കാതെ തന്നെ വരുണ് ചെയർലേക്ക് കൈ കാട്ടി. അൽപസമയം കൂടി സിസ്റ്റം നോക്കി എന്തൊക്കെയോ വായിച്ച ശേഷം വരുണ് ജിതനിലേക്ക് തിരിഞ്ഞു.
“ജിതൻ ഡ്രീം ഹാലൂസിനേഷൻ എന്നു കേട്ടിട്ടുണ്ടോ..?” ജിതനും ആനന്ദ്ഉം മുഖത്തോട് മുഖം നോക്കി.
“ഹാലൂസിനേഷൻ എന്താണെന്ന് അറിയാമല്ലോ അല്ലെ…ഇല്ലാത്ത കാഴ്ച്ചകൾ കാണുന്ന അവസ്‌ഥ. അതിന്റെ മറ്റൊരു വകബേധമാണ് ഡ്രീം ഹാലൂസിനേഷൻ.”
“എനിക്കൊന്നും വ്യക്തമാകുന്നില്ല വരുണ്.”
“പറയാം….ഡ്രീം ഹാലൂസിനേഷൻ എന്ന് ഇതിന് പേര് വരാൻ കാരണം ഈ അവസ്ഥ അനുഭവിക്കുന്ന ഒരാൾക്ക് അത് ഉറക്കത്തിൽ തങ്ങൾ കാണുന്ന സ്വപ്നമായി അതനുഭവപ്പെടുന്നു എന്നത് കൊണ്ടാണ്. കേട്ടിട്ടുണ്ടാകും….സ്ലീപ്പിങ് പാരലൈസിസ് അതായത് ഉറക്കത്തിൽ ചലനം പൂർണമായും നഷ്ടപ്പെടുക ഒരു ഭീകര രൂപം കഴുത്തിന് പിടിക്കുന്നതായി തോന്നുക. ശ്വാസ തടസം ഉണ്ടാവുക. അതും ഇത് പോലെയൊരു ഹാലൂസിനേഷനാണ്. പക്ഷെ യഥാർത്ഥത്തിൽ അവർ ഉറക്കത്തിൽ കാണുന്ന സ്വപ്നമല്ല ഇത്. ഉറക്കം കഴിഞ്ഞുള്ള ഏതാനും മിനിറ്റുകൾ…ബോധത്തിനും അബോധത്തിനും ഇടയിലുള്ള ആ മിനിറ്റുകളിൽ അവർ കാണുന്ന ഒബ്ജെക്‌റ്റ്സ്, ശബ്ദങ്ങൾ, കാഴ്ചകൾ എന്നിവയാണ് സ്വപ്നമായി തെറ്റുധരിപ്പിക്കപ്പെടുന്നത്.”
“കണ്ണ് തുറന്നിരിക്കുമ്പോൾ കാണുന്നവയോ..?”
“അതേ…കണ്ണ് തുറന്ന് ഇരിക്കുമ്പോൾ കാണുന്നവ തന്നെ. പക്ഷെ അതവർ അറിയുന്നില്ല. അവരുടെ മനസ്സ് അപ്പോഴും ഉറക്കത്തിലാണ്. അതുകൊണ്ട് അവർ ഇത് സ്വപ്നമാണ് എന്നു വിചാരിക്കുന്നു. എന്നാൽ ഉറക്കത്തിൽ നിന്നും കാണുന്ന സ്വപ്നങ്ങളിൽ നിന്നും വ്യത്യസ്തമായി ഡ്രീം ഹാലൂസിനേഷനിൽ അനുഭവപ്പെടുന്ന കാഴ്ചകൾക്ക് ഒരു പ്രത്യേകതയുണ്ട്. സ്പർശം, രുചി, ഗന്ധം എന്നിവ ഇതിൽ അനുഭവിക്കാൻ കഴിയും. സ്വപ്നവും യഥാർഥ്യവും തിരിച്ചറിയാൻ ആവാതെ അനുഭവിക്കുന്നവരെ ആകെ കുഴപ്പിയ്ക്കാൻ അത് ധാരാളമാണ്.”
“വാസുകിയ്ക്ക് ഡ്രീം ഹാലൂസിനേഷൻ ആണെന്നാണോ പറഞ്ഞു വരുന്നത് വരുണ്…?”
“അൻഫോർച്ചുനറ്റ്ലി യെസ്…ജിതൻ ഞാൻ പറയുന്നത് സമാധാനമായി കേൾക്കണം. വാസുകി ഇവിടെ സ്വപ്നം കാണുന്നത്, അവളിതുവരെ കണ്ടിട്ടില്ലാത്ത ഒരു വ്യക്തിയെയാണ്. അയാളോടൊപ്പമുള്ള പ്രണയനിമിഷങ്ങളും ലൈംഗികത അടക്കമുള്ള ജീവിതവുമാണ്. മാസങ്ങളായി ഒരു തുടർക്കഥ പോലെ അവൾ കാണുന്നത്. യഥാർത്ഥ ജീവിതത്തിൽ എന്നപോലെ എല്ലാ തീവ്രതയോടും കൂടി കാണുന്നതെല്ലാം അനുഭവിക്കാനും അവൾക്ക് കഴിയുന്നുണ്ട്. ജിതന് മനസിലാകുന്നുണ്ടോ?”
ശ്വാസം വിടാനാകാതെ ജിതൻ അത് കേട്ടിരുന്നു.
“എന്നാൽ, തന്നെ ഒരുപാട് സ്നേഹിക്കുന്ന തന്റെ ഭാര്യയായ വാസുകിയ്ക്ക് അത്തരമൊരു ബന്ധം ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നില്ല. അയാളെ സ്വപ്നം കാണുമോ എന്ന ഭയത്താൽ ഉറക്കം ഉപേക്ഷിക്കാൻ പോലും അവൾ തയ്യാറാകുന്നു. എന്നാൽ, അതവളെ കൂടുതൽ തളർത്തുന്നു. അതോടെ രോഗം മൂർഛിക്കുന്നു. പിന്നെ പിന്നെ, ശരീരം ക്ഷീണിച്ചിരിക്കുമ്പോഴേല്ലാം ഉറക്കത്തിന്റെ അകമ്പടിയില്ലാതെ അതേ കാഴ്ച അവൾ വീണ്ടും വീണ്ടും കാണാൻ ഇടയാകുന്നു. സ്വപ്നവും യഥാർഥ്യവും തമ്മിലുള്ള ബന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെട്ട വാസുകി താൻ ഭർത്താവിനെ വഞ്ചിക്കുകയാണ് എന്ന ചിന്തയിൽ തുടർന്ന് തന്നോടൊപ്പം ജീവിക്കാൻ അവൾക്ക് യോഗ്യതയില്ലെന്ന് സ്വയം അനുമാനിക്കുന്നു. ഒടുവിൽ ഒരു പരിഹാരമെന്ന നിലയിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നു. അതിപ്പോ ഇവിടെ വരെ എത്തി.”
“എനിക്കൊരു ഗ്ലാസ് വെള്ളം വേണം വരുണ്.” ജിതൻ കിതച്ചുകൊണ്ടു പറഞ്ഞു. വരുണ് മിനിറൽ വാട്ടർ ബോട്ടിൽ എടുത്ത് ജിതന് നേരെ നീട്ടി.
“അവൾക്കിതെല്ലാം എന്നോട് പറയമായിരുന്നല്ലോ വരുണ്…? ഇവിടെ വരെ എത്തിക്കാതെ ഇത് പരിഹരിക്കാമായിരുന്നല്ലോ..”
“എന്നും രാവിലെ…താൻ മറ്റൊരു പുരുഷന്റെ വിയർപ്പ് പറ്റി…അവന്റെ കൈത്തണ്ടയിൽ തല വെച്ചു കിടന്ന്…ആ നെഞ്ചോട് ചേർന്നാണ് എഴുന്നേൽക്കുന്നതെന്നും രാത്രി സംഭോഗത്തിന് ശേഷം വരുന്ന സ്രവങ്ങൾ രാവിലെ ബാത്റൂമിലെ വെള്ളത്തിൽ കഴുകി കളയുന്നുവെന്നും എങ്ങിനെയാണ് ഒരു ഭാര്യ തന്റെ ഭർത്താവിനോട് പറയുക ജിതൻ…?” ജിതൻ വല്ലായ്മയോടെ മുഖം പൊത്തി.
“കണ്ടോ…കേൾക്കുന്ന തനിക്ക് സാധിക്കുന്നില്ല കേട്ടിരിക്കാൻ. അനുഭവിച്ച അവളുടെ മാനസീകവസ്ഥ ഒന്നാലോചിച്ചു നോക്കു….”
“പ്രതിവിധിയില്ലേ വരുണ് എന്റെ വാസുകിയെ രക്ഷിക്കാൻ..?”
“തീർച്ചയായും ഉണ്ട്. കൗണ്സിലിംഗ്, മെഡിറ്റേഷൻ, ഹിപ്നോട്ടിസം പിന്നെ മെഡിസിൻ എന്നിവകൊണ്ട് വാസുകി സഹകരിച്ചാൽ എനിക്ക് മാസങ്ങൾ മതി ഈ സ്വപ്നത്തോടെ വേരോടെ പറിച്ചു മാറ്റാൻ. ഈയിടെ ഇതേ അസുഖമായി ഞാൻ കാണുന്ന രണ്ടാമത്തെ പെഷ്യന്റ് ആണ് വാസുകി.”
“ഇതേ അസുഖമുള്ള വേറെയും ആളുകൾ ഉണ്ടായിരുന്നോ…? ആരാണ് ആദ്യത്തെ ആൾ..?”
“ഒരു പൂജ. തൃശ്ശൂർക്കാരിയാണ്. ഇവിടെ ഒരു സോഫ്റ്വിയർ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.”
ആ പേര് കേട്ടതും ജിതനും ആനന്ദ്ഉം മുഖത്തോട് മുഖം നോക്കി. “ആ കുട്ടി ആദ്യത്തെ രണ്ടുമൂന്ന് സെക്ഷൻസ് മുടങ്ങാതെ എന്റടുത്ത് ട്രീറ്റ്‌മെന്റ് എടുത്തിരുന്നു. പിന്നീട്, ഈ ഡ്രീം അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടുവെന്നും അത് മാറ്റാൻ ആഗ്രഹമില്ലെന്നും പറഞ്ഞു അവൾ ഇവിടുന്ന് പോയി. പിന്നെ എന്തായി അറിയില്ല. ചിലർ അങ്ങിനെയാണ് അതുകൊണ്ട് ആണ് വാസുകി സഹകരിക്കണം എന്നു ഞാൻ പറഞ്ഞത്.”
“സർ…ഇതാണോ ആ പൂജയെന്ന് ഒന്ന് നോക്കാമോ..?” ആനന്ദ് വേഗം ഫോണിൽ നിന്നും അവളുടെ ഫോട്ടോ എടുത്ത് വരുണിനെ കാണിച്ചു.
“യെസ്.. ഇതെങ്ങിനെ നിങ്ങളുടെ അടുത്ത്..?എന്തെങ്കിലും പ്രോബ്ലം ഉണ്ടോ..? നിങ്ങൾ പൊലീസുകാർ ആയത് കൊണ്ട് ചോദിക്കുകയാണ്.”
“പ്രോബ്ലം ഉണ്ടായിരുന്നു വരുണ്. ഇപ്പൊ അത് തീർന്നു…ഇന്ഫാക്റ്റ് ഇതേക്കുറിച്ച് തന്നോട് ചോദിക്കാൻ കൂടിയാണ് ഞാൻ ആനന്ദ്നെ കൂടെ കൂട്ടിയത്. തന്റെ പെഷ്യന്റ് പൂജ ഇപ്പോൾ ജീവനോടെ ഇല്ല. ഒരു രോഗമാണ് എന്നറിഞ്ഞുകൊണ്ടു കൂടി സ്വപ്നത്തെയും സ്വപ്നത്തിലെ ആളെയും ഒരുപാട് സ്നേഹിച്ചവൾ അതിൽ തന്നെ ജീവിതം അവസാനിപ്പിച്ചു.”
“വാട്ട് യൂ മീൻ.”
“പൂജ ആത്മഹത്യ ചെയ്തു കഴിഞ്ഞ ദിവസം. സ്വപ്നത്തിൽ കണ്ട ആളെ സ്വന്തമായി ഉണ്ടാക്കി അയാളോട് സംസാരിച്ചു. സങ്കല്പത്തിൽ ജീവിച്ചു. സ്വപ്നത്തിൽ ആ ജീവിതം അനുഭവിച്ചു…ഒടുവിൽ എല്ലാം അവസാനിപ്പിച്ചു അവൾ മരണത്തിലേക്ക് നടന്നു പോയി.”
“എനിക്കൊന്നും മനസിലാകുന്നില്ല. ഡീറ്റൈൽ ആയി ഒന്ന് പറയൂ ജിതൻ. ഒന്ന് ദീർഘനിശ്വാസമെടുത്ത ശേഷം ജിതനും ആനന്ദ്ഉം കൂടിയെല്ലാം വരുണിനോട് പറഞ്ഞു.
“ഓഹ് മൈ ഗോഡ്. സ്വപ്നത്തിൽ പ്രണയിക്കുക, അയാളോടൊപ്പം ജീവിക്കുക, ഗർഭം ധരിക്കുക, അബോർഷൻ വരെ ഫെയ്‌സ് ചെയ്യുക. എന്തൊരവസ്ഥ…!! വാസുകിയ്ക്ക് ഉണ്ടായത് പോലെ ഈ രോഗം മൂർഛിക്കുന്ന അവസരത്തിൽ അവരുടെ മനസ്സിൽ സ്വപ്നവും യഥാർഥ്യവും തമ്മിലുള്ള കണ്ണി അറ്റു പോകും. അപ്പോഴാകും തന്റെ സങ്കൽപത്തിന് ജീവൻ കൊടുക്കുംപോലെ അവൾ യഥാർത്ഥ ജീവിതത്തിൽ നിരഞ്ജനെ ഉണ്ടാക്കിയെടുത്തത്. അബോർഷൻ അവൾ തീരെ പ്രതീക്ഷിച്ച ഒന്നല്ലായിരിക്കാം. ഒരുപക്ഷേ അതുകൊണ്ട് ഉണ്ടായ ഡിസപ്പോയ്മെന്റ് ആകും അവളെ ആത്‍മഹത്യയിൽ കൊണ്ടെത്തിച്ചത്. എന്റെ സെഷൻസ് കണ്ടിന്യൂ ചെയ്‌തിരുന്നു എങ്കിൽ അവളിപ്പോഴും ഇവിടെ ജീവനോടെ ഉണ്ടായേനെ ജിതൻ.”
“ശരിയാണ്….ചികിത്സ കിട്ടിയിരുന്നെങ്കിൽ പൂജയും ഇപ്പോൾ ജീവനോടെ ഇരുന്നേനെ. അതിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനോ ജീവിതത്തിലേക്ക് കൊണ്ടുവരാനോ ആരുമുണ്ടായിരുന്നില്ല. വരുണ് ആ അവസ്‌ഥ വാസുകിയ്ക്ക് ഉണ്ടാവരുത്. എനിക്കവളെ ജീവനോടെ വേണം.”
“ഉറപ്പായും ജിതൻ അക്കാര്യം ഞാനെറ്റു.”
വരുണ് മുന്നിലിരിക്കുന്ന ആനന്ദ് നെ നോക്കിയൊന്ന് പുഞ്ചിരിച്ചു.
“ആനന്ദ്നു ഇനി പൂജയുടെ കേസ് ക്ളോസ് ചെയ്യാമല്ലോ അല്ലെ..?”
“യെസ് സർ….താങ്ക്സ് ഫോർ യുവർ ഹെല്പ്.”
അവസാനിച്ചു.
Nb: മനുഷ്യന്റെ മനസ്സ് എന്നുപറയുന്നത് ദേ ഇത്രേ ഉള്ളു. കൂടെയുള്ളവരെ കാണേണ്ടതും കരുതേണ്ടതും വളരെ പ്രധാനമാണ്. നാളെ അവരില്ലാതെയായിട്ട് ഞാൻ അറിഞ്ഞില്ലല്ലോ എന്നു പരിതപിക്കാൻ ഇടവരാതിരിക്കട്ടെ നമ്മളിലാർക്കും….