മകളല്ല മരുമകൾ…
Story written by Ummul Bishr
========
“നീ ഇതെങ്ങോട്ടാ പോകുന്നത്, ഇത്ര നേരത്തെ?”
രാവിലെ തന്നെ പുറത്ത് പോകാൻ ഒരുങ്ങി വരുന്ന മനുവിനെ കണ്ട് വിജയമ്മ ചോദിച്ചു.
“ഒരു സ്ഥലം വരെ അത്യാവശ്യമായി പോകാനുണ്ടമ്മേ”
“ഇന്ന്, അനുമോളെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന ദിവസമല്ലേ? നീ പോയാൽ പിന്നെ എങ്ങനെയാ ?”
“അതിനെന്തിനാ ഞാനമ്മേ, അളിയൻ ഹോസ്പിറ്റലിൽ ഉണ്ടല്ലോ!”
“എടാ, അവളെ ഇങ്ങോട്ടാണ് കൊണ്ടുവരേണ്ടത്. ഞാനവളോട് നിന്നെ കൂട്ടിവരാം എന്ന് പറഞ്ഞതാ”
“അമ്മ എന്തിനാ അങ്ങനെ പറഞ്ഞത്? അമ്മക്ക് വയ്യാത്തതല്ലേ, അവളെയും കൊച്ചുങ്ങളെയും നോക്കാൻ അമ്മക്ക് കഴിയോ?”
“അവളെ നോക്കാൻ വയ്യാത്തൊരു ദീനമൊന്നും ഇപ്പൊ എനിക്കില്ല! പിന്നെ ഇവിടുത്തെ ജോലിയൊക്കെ നീയാണോ ചെയ്യുന്നത്?”
“കുറച്ചുദിവസം മുമ്പ് അമ്മ ഇതൊന്നുമല്ലല്ലോ പറഞ്ഞത്” മനു ഒരു ചെറിയ ചിരിയോടെ വിജയമ്മയോട് ചോദിച്ചു.
മനുവിന്റെ ആ ചോദ്യം വിജയമ്മ ഒട്ടും പ്രതീക്ഷിച്ചില്ല. ചിരിച്ചു കൊണ്ടാണെങ്കിലും അവന്റെ ചോദ്യത്തിലെ നീരസം വിജയമ്മക്ക് മനസ്സിലായി. തിരിച്ചൊന്നും പറയാനില്ലാത്തത് കൊണ്ട് മൗനംപാലിച്ചു.
അമ്മയുടെ വാടിയ മുഖം കണ്ടപ്പോൾ താൻ പറഞ്ഞതിന്റെ പൊരുൾ അമ്മക്ക്, മനസ്സിലായിട്ടുണ്ടന്ന് മനുവിനും മനസ്സിലായി.
ഞാൻ പോയി വരാം എന്ന് പറഞ്ഞു മനു പോകാനായി ഇറങ്ങി.
മനുവിന്റെ ഭാര്യ ലച്ചു, രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചെങ്കിലും അ ബോർഷൻ ആയിപ്പോയിരുന്നു. അപ്രതീക്ഷിതമായുള്ള കുഞ്ഞിന്റെ നഷ്ടം ലച്ചുവിനെ മാനസികമായി തളർത്തിയിരുന്നു.
ഇവിടെ അമ്മ തനിച്ചായ കാരണം തനിക്കവളുടെ വീട്ടിലേക്ക് എപ്പോഴും പോകാൻ കഴിയില്ല. ഇവിടെ ആകുമ്പോൾ തന്റെ സാമീപ്യം അവൾക്കൊരു ആശ്വാസമാവുമെന്ന് കരുതി ലച്ചുവിനെ ഹോസ്പിറ്റലിൽ നിന്നും ഇങ്ങോട്ട് കൊണ്ടുവരാമെന്ന് പറഞ്ഞപ്പോൾ ഒട്ടും താല്പര്യമില്ലാത്ത രീതിയിലാണ് അമ്മ അന്ന് സംസാരിച്ചത്. കാൽമുട്ട് വേദന കൂടുതലാണെന്നും അടങ്ങി ഒതുങ്ങിയിരിക്കാത്ത മൂത്ത കുഞ്ഞിനെ നോക്കാൻ ബുദ്ധിമുട്ടാണെന്നും അമ്മ പറഞ്ഞപ്പോൾ താനവളെ സ്വന്തം വീട്ടിൽ കൊണ്ടാക്കുകയായിരുന്നു. മരുമക്കളുടെ കാര്യങ്ങളൊക്കെ നോക്കേണ്ടത് അവളുടെ വീട്ടുകാരാണെന്ന ഒരു ധാരണ കൂടി അമ്മക്കുണ്ടായിരുന്നു..
ഇന്നിപ്പോ പെങ്ങളുടെ കാര്യം വന്നപ്പോൾ അമ്മയുടെ എല്ലാ അസുഖവും മാറി.
അമ്മക്ക് എന്തെങ്കിലും വയ്യായ്കയാണെന്നറിഞ്ഞാൽ സ്വന്തം വീട്ടിൽ നിൽപ്പുറക്കാത്ത പെണ്ണാണ് ലച്ചു. അതൊക്കെ എന്നേക്കാൾ നന്നായി അമ്മക്കറിയാം…
ഇന്നേ വരെ അമ്മയുടെ പ്രവർത്തികളോട് ഒരു ഇഷ്ടക്കേടും മുഖത്തുനോക്കി പറഞ്ഞിട്ടില്ല, ചിലതൊക്കെ ഇങ്ങനെയും പറഞ്ഞറിയിക്കാമെന്ന് ഓർത്തുകൊണ്ട്, നേരെ പെങ്ങളെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിലേക്ക് കാർ ഡ്രൈവ് ചെയ്യുമ്പോൾ, മകളോട് ഇനി എന്ത് പറയണമെന്ന് അറിയാതെ നിൽക്കുന്ന വിജയമ്മയെ കണ്ട് മനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…
*************
മരുമകളല്ല ഇവൾ എനിക്ക് മകളെപ്പോലെയാണ് എന്നൊക്കെ പറഞ്ഞാലും മകളെപ്പോലെ കാണുവാൻ പല അമ്മമാർക്കും പറ്റിക്കോളണമെന്നില്ല പലപ്പോഴും..എന്നാലോ സ്വന്തം വീട്ടുകാരെക്കാൾ വലുതാണ് പല പെൺകുട്ടികൾക്കും
ഭർത്താവിന്റെ വീട്ടുകാർ. അവർ ജനിച്ചു വളർന്നത് അവിടെയാണെങ്കിലും ജീവിച്ചു തീർക്കുന്നത് ഇവിടെയല്ലേ, നമ്മളോടൊപ്പമല്ലേ, നമ്മൾക്ക് വേണ്ടിയല്ലേ, എന്ന് ആരും തിരിച്ചറിയില്ല. അവർക്കെന്തെങ്കിലും വയ്യായ്ക വന്നാൽ അവരുടെ വീട്ടിൽ പറഞ്ഞു വിടുന്നതിനു പകരം ഭർത്താവിന്റെ വീട്ടിൽ തലചായ്ക്കാൻ ഒരിടത്തിനായി അവർക്കും ആഗ്രഹമുണ്ടാവില്ലേ…