മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അടുത്ത നിമിഷം,ക്ലാസ്സ് മുറിയിൽ നിന്നും ഉച്ചത്തിലുള്ള കരച്ചിൽ കേട്ടുകൊണ്ട് ഞെട്ടിത്തിരിഞ്ഞവൾ അകത്തേക്ക് പാഞ്ഞു കയറി…
നെറ്റി പൊട്ടി രക്തംവാർന്നു നിലത്ത് ഭിത്തിയിൽ ചാരി ഇരിയ്ക്കുന്നൊരു പെൺകുട്ടിയും അവൾക്കു ചുറ്റും പരിഭ്രാന്തിയോടെ കൂടിനിൽക്കുന്ന അവളുടെ കൂട്ടുകാരികളാണെന്നു തോന്നിക്കുന്ന ചിലരും…
എല്ലാം കണ്ട് നിശ്ചലയായി പകച്ചു നിൽക്കുകയായിരുന്നു പല്ലവി…എന്താണ് സംഭവിച്ചതെന്നും പുറത്തേക്കിറങ്ങിപോയ സൂരജിന് ഇതിൽ എന്താണ് പങ്കെന്നും മനസ്സിലാകാതെ അവൾ പകച്ചു നിന്നു…
അവിടെ നടന്ന സംഭവങ്ങളുടെ പൂർണ്ണരൂപം പല്ലവി കണ്ടിരുന്നില്ല എന്നതായിരുന്നു സത്യം…
ക്ലാസ്സിലേക്ക് കയറിവന്നതും, കോപം ജ്വലിക്കുന്ന മുഖത്തോടെ ശക്തിയായി ഒരു പെൺകുട്ടിയെ തള്ളി മാറ്റുന്ന സൂരജിനെ മാത്രമേ അവൾ കണ്ടിരുന്നുള്ളൂ…
കൂട്ടുകാരികൾ എല്ലാവരും കൂടി ഗംഗയെ പിടിച്ചെഴുനേൽപ്പിച്ചു പതിയെ ക്ലാസിനു പുറത്തേക്ക് ഇറങ്ങാനൊരുങ്ങി…
“അവൻ…അവനെ വെറുതെ വിടരുത്…”
നെറ്റിപൊട്ടിയ അവസ്ഥയിലും ആ പെൺകുട്ടിയുടെ നാവിൽ നിന്നും ദേഷ്യത്തോടെ പുറത്തുവന്ന വാക്കുകൾ കേട്ട് സൂരജിന് ഈ പ്രശ്നത്തിൽ പങ്കുണ്ടെന്ന കാര്യം പല്ലവിയ്ക്ക് വ്യക്തമായി…
“”എന്താടീ നിന്റെ പേര്…””
ഭയന്നു നിൽക്കുന്ന പല്ലവിയോട് ഗംഗയുടെ കൂട്ടുകാരികളിലൊരുവൾ തിരക്കി..
“”പല്ലവി..”” എന്ന് പറഞ്ഞതും അവൾ അമർത്തി മൂളി…
അവൻ എന്തിന് ഇങ്ങനെ ചെയ്യണം…ഒരു പെൺകുട്ടിയെ വേദനിപ്പിക്കാൻ മാത്രം സൂരജ് കുഴപ്പക്കാരൻ ആയിരുന്നോ എന്നോർക്കേ അവളിൽ ആദ്യമായി അവനോട് വെറുപ്പുളവായി…
നടന്ന സത്യങ്ങളുടെ പൂർണ്ണതയെ അറിയാതെ അവനെ തെറ്റിദ്ധരിച്ചതിന് അടുത്ത ദിവസം വരാനിരിക്കുന്ന പരിണിത ഫലങ്ങൾ പല്ലവി അറിഞ്ഞതുമില്ല…
ആ പ്രശ്നത്തിന് ശേഷം പല്ലവിയുടെ മനസ്സ് അശാന്തമായിരുന്നു… ക്ലാസ്സിൽ മറ്റാരോടും കണ്ടതൊന്നും പറയാതെ അവൾ മൗനം പാലിച്ചു…ഉച്ചക്ക് ബ്രേക്ക് ടൈമിലോ മറ്റോ ഇതിനെച്ചൊല്ലിയുള്ള പ്രശ്നങ്ങൾ ഒന്നും അവിടെ അരങ്ങേറിയതുമില്ല…
എന്നാൽ സൂരജിനെ അന്നേ ദിവസം പിന്നീട് ക്ലാസ്സിൽ കാണാഞ്ഞത് രാവിലെ നടന്ന കാര്യങ്ങളിൽ അവന് പങ്കുണ്ടാകും എന്ന സംശയം അവളിൽ ശക്തമാക്കി…
അവൻ നിരപരാധി ആയിരുന്നെങ്കിൽ എന്തിന് ഈ ഒളിച്ചോട്ടം…ചിലപ്പോൾ കൈക്കുണ്ടായ മുറിവ് കാരണമായിരിക്കുമോ….എന്തോ അതോർത്തപ്പോൾ അവന്റെ മുറിവേറ്റ് രക്തം വാർന്ന കൈത്തണ്ടയും നെഞ്ചിൽ തറയ്ക്കുന്ന ആ നോട്ടവും ഒക്കെ പല്ലവിയുടെ മനസ്സിലേക്ക് പാഞ്ഞുവന്നു…. എന്തെതെന്നില്ലാത്തൊരു നീറ്റൽ…
അല്ല അവന് വേണ്ടി ഞാൻ എന്തിന് ഭാരപ്പെടണം…ഒരു തവണ പോലും തന്നോട് സംസാരിക്കാത്ത…ഒരു നോട്ടംകൊണ്ട് പോലും തന്നെ പരിഗണിക്കാത്ത അവൻ തനിക്ക് ആരാ…
തനിക്ക് നേരെ വിരൽചൂണ്ടുന്ന ചോദ്യങ്ങൾക്കുത്തരം തേടി തന്റെ മനസ്സ് ചെന്നെത്തിയത് പ്രണയം എന്ന മൂന്നക്ഷരത്തിൽ ആണോ ആകർഷണം അന്ന അഞ്ചക്ഷരത്തിൽ ആണോ എന്നവൾക്ക് ആ നിമിഷം വേർതിരിച്ചറിയാൻ കഴിഞ്ഞില്ല…
°°°°°°°°°°°°°°°°°°°°°°°°°°°°
കൈത്തണ്ടയിൽ നിന്നും ഇറ്റുവീഴുന്ന ചോരത്തുള്ളികളും, ഷർട്ടിൽ പടർന്ന രക്തവും കണ്ട് യമുന ആധിയോടെ ലിവിംഗ് റൂമിന്റെ സോഫയിൽ കിടക്കുന്ന സൂരജിനടുത്തേക്ക് ഓടിവന്നു…
“സൂരജ്..സൂരജ്…”
അവളുടെ പേടി നിറഞ്ഞ ശബ്ദം കേട്ട് അവൻ മുഖത്തിന് കുറുകെ വച്ച ഇടത്കൈ എടുത്ത് മാറ്റി…
മുറിവിലേക്കും മുഖത്തേക്കും മാറി മാറി നോക്കിയ അവൾക്ക്, അവന്റെ കലങ്ങിയ കണ്ണുകളും ഭാവവും കണ്ടപ്പോൾ അവന് നല്ല വേദനയുണ്ടവനെന്ന് മനസ്സിലാക്കി…
അനുവാദം കാക്കാതെയും എന്ത് സംഭവിച്ചു എന്നുപോലും ചോദിക്കാതെയും യമുന ഫസ്റ്റ് എയ്ഡ് ബോക്സുമായി വന്നു അവനടുത്തായി നിലത്തേക്കിരുന്ന് മുറിവ് വൃത്തിയാക്കി സൂക്ഷ്മതയോടെ ഡ്രസ്സ് ചെയ്തു…
പാതി ഡോക്ടർ ആയ യമുനയ്ക്ക് അതൊക്ക നിസ്സാരമായിരുന്നു…
എതിർക്കാതെ തനിക്കു മുന്നിൽ നിശബ്ദനായി കണ്ണടച്ച് കിടക്കുന്ന സൂരജിനെ ഇടക്കിടക്ക് അവൾ അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു…കൈമുട്ടിനു താഴെ സാരമായ മുറിവല്ല എങ്കിലും രക്തം കൂടുതൽ വന്നിരുന്നു…
എഴുനേറ്റ് പോയി ഒരു പെയിൻ കില്ലറും വെള്ളവുമായി വന്നു അവൾ സൂരജിന് നേരെ നീട്ടിയപ്പോൾ അവൻ മടിക്കാതെ വാങ്ങി കുടിച്ചു…
ഗ്ലാസ് തിരികെ വാങ്ങി മിണ്ടാതെ അവനെ ഒന്ന് നോക്കിയിട്ട് പോകാനൊരുങ്ങിയ യമുന, പിന്നിൽ നിന്നും “താങ്ക്സ്” എന്ന സൂരജിന്റെ സ്വരം കേട്ട് അന്തിച്ചു നിന്നു…
ചെറുപ്പത്തിലേ തന്നെ മുതിർന്നവർ പറഞ്ഞുവച്ചതായിരുന്നു സൂരജിന്റെയും യമുനയും വിവാഹം… അറിവ് വളർന്നു വന്നപ്പോൾ ഇരുവരുടെയും മനസ്സിന്റെ ദിശാബോധവും തീർത്തും വ്യത്യസ്തമായിരുന്നു…ആ തിരിച്ചറിവ് ഉണ്ടായതുകൊണ്ടാകാം അവർ പരസ്പരം സഹോദരങ്ങളെ പോലെ കുട്ടിക്കാലവും കൗമാരവും ചിലവഴിച്ചു…
എന്നാൽ സൂരജിലേക്ക് മാത്രം കൈവശം വരുന്ന കോടികളുടെ സ്വത്തിൽ കണ്ണുവച്ച യമുനയുടെ അച്ഛൻ രാജഗോപാൽ അവളിൽ പ്രണയമെന്ന വിഷം കുത്തിവച്ചു സൂരജിനോടുള്ള അവളുടെ ഇഷ്ടത്തെ വളർത്തിയെടുത്തു…
ആ ഇഷ്ടം അവന് തന്നോട് തിരികെ ഇല്ല എന്നറിഞ്ഞ യമുനയ്ക്ക് വാശിയാകുകയും അവനോടുള്ള ആസക്തിയായും ഭ്രാന്തായും അത് മാറിമറിയുകയും ചെയ്തു…
ഇഷ്ടപ്പെട്ട കളിപ്പാട്ടം സ്വന്തമാക്കാൻ ശ്രമിക്കുന്ന കൊച്ചു കുട്ടിയെ പോലെ സൂരജിനെ വേണമെന്ന് വാശി നാൾക്കുനാൾ അവളിൽ വളർന്നു…അവളെ ഇത്തരത്തിൽ ആക്കിയെടുത്തത്തിലെ പ്രധാന പങ്ക് അതിമോഹിയായ അവളുടെ അച്ഛന് തന്നെയായിരുന്നു…അത് സൂരജിനും അറിയാം..
പോകെ പോകെ ഇരുവരും പരസ്പരം പോര് കോഴികളെ പോലെ ആയി…സൂരജിൽ അവളോടുള്ള വെറുപ്പ് കുമിഞ്ഞുകൂടുമ്പോൾ അവനെ സ്വന്തമാക്കാൻ ഭ്രാന്തമായി പരിശ്രമിക്കുകയായിരുന്നു യമുന…
°°°°°°°°°°°°°°°°°°°°°°
അന്ന് നടന്ന കാര്യങ്ങളൊക്കെ തന്റെ അമ്മയുമായി പല്ലവി പങ്കുവച്ചു…അവരുടെ മനസ്സിൽ പേടിതട്ടി എങ്കിലും നിനക്ക് അതുമായി ബന്ധമൊന്നും ഇല്ലെങ്കിൽ അത് മറന്നു കളഞ്ഞേക്ക് എന്നവർ ആ വിഷയത്തെ മനഃപൂർവം നിസ്സാരവൽക്കരിച്ചു…. പല്ലവിയുടെ മനസ്സ് അപ്പോളും സൂരജ് എന്ന പേരിനൊപ്പം ചുറ്റിക്കറങ്ങുകയായിരുന്നു…
അടുത്ത ദിവസം ക്ലാസ്സിലെത്തി ആദ്യ പിരീഡ് തുടങ്ങിയിട്ടും എത്തിച്ചേരാത്ത സൂരജിനെപ്പറ്റിയായിരുന്നു പല്ലവിയുടെ ആലോചന മുഴുവൻ…
ക്ലാസ്സിലേക്ക് പ്യൂൺ കയറി വന്ന് “പല്ലവി പ്രിൻസിപ്പലിന്റെ റൂമിലേക്ക് വരണം” എന്നറിയിച്ചു…
ഇനിയിതെന്തു പൊല്ലാപ്പ് എന്ന് സംശയിച്ചുകൊണ്ടവൾ ക്ലാസ്സിൽനിന്നിറങ്ങി ഓഫീസ് ലക്ഷ്യമാക്കി നടന്നു…
ഡോർ തുറന്നു അകത്തേക്കു കയറിയതും അക്ഷരാർത്ഥത്തിൽ പല്ലവിയുടെ മുഖം മങ്ങി…
പ്രിൻസിപ്പലിന്റെ മേശക്കു മുന്നിലുള്ള കസേരയിൽ തലയിൽ വെള്ളത്തുണിയാലുള്ള വട്ടക്കെട്ടുമായി ഇരിക്കുന്ന ഗംഗയും സമീപത്തായി അനുരാധ ടീച്ചറും…
കുറച്ചപ്പുറത്തായി കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടി യാതൊരു കൂസലുമില്ലാതെ തലയുയർത്തി ഗൗരവത്തോടെ നിൽക്കുന്ന സൂരജിലേക്ക് പല്ലവിയുടെ നോട്ടം പാറി വീണു..
ഇന്നലെ നടന്ന പ്രശ്നങ്ങളെ വളച്ചൊടിച്ചു പ്രതികാരവാജ്ഞയോടെ സൂരജിനെതിരെ കരുക്കൾ നീക്കുകയായിരുന്നു ഗംഗ….
ഗംഗയുടെ അച്ഛന്റെ രാഷ്ട്രീയ സ്വാധീനത്തിന്റെ ഭിക്ഷയുടെ അച്ചുദണ്ടിൽ കറങ്ങുന്ന കസേരയിൽ ഇരുന്ന് പ്രിൻസിപ്പൽ “പ്രൊഫസർ മനോഹരൻ” സാറും ഉണ്ടായിരുന്നു അവൾക്കു ഒത്താശ്ശചെയ്യാൻ…
ഇതിലൊന്നിലും പങ്കില്ല എങ്കിലും ക്ലാസ്സ് അറ്റൻഡർ എന്ന നിലയിൽ മധ്യസ്ഥം വഹിക്കാൻ വന്നതാണ് അനുരാധ മാം…
എല്ലാം മനസ്സിലായിട്ടും ഇതിലും വലിയ കളികൾ കണ്ടും കളിച്ചും വന്ന സൂരജിനെ ഇതൊന്നും ഏശുന്ന കൂടി ഇല്ലായിരുന്നു…
കാര്യങ്ങളുടെ ഏകദേശ കിടപ്പുവശം മനസ്സിലായിരുന്നു പല്ലവിയ്ക്ക്…എന്നാൽ ഇതിൽ തനിക്കുള്ള പങ്കെന്തെന്ന് മാത്രം അവൾക്ക് മനസ്സിലായില്ല…
സൂരജിലേക്ക് ഒരുവേള നോട്ടറിഞ്ഞു എങ്കിലും ജനാലയ്ക്കു വെളിയിലൂടെ പുറത്തുള്ള ബാസ്കറ്റ് ബോൾ കോർട്ടിൽ പരിശീലനം നടത്തുന്ന കുട്ടികളെ നോക്കി ഒന്നും അറിയാത്ത പോലെ നിൽക്കുകയാണവൻ…
“”പല്ലവിയോട് ഒരു പ്രധാനപ്പെട്ട കാര്യം ചോദിക്കാനാണ് വിളിപ്പിച്ചത്…കണ്ട കാര്യം സത്യം സത്യം പോലെ പറയണം…”
മനോഹരൻ സാറിന്റെ പരുക്കൻ ശബ്ദത്തിൽ ഗൗരവം കലർന്നൊരു പോലീസ് ഭീഷണിയുടെ സ്വരം നിഴലിച്ചിരുന്നു…
സൂരജ് ഒഴികെ മറ്റെല്ലാവരുടെ കണ്ണുകൾ എന്താണെന്ന ഭാവേന നിൽക്കുന്ന പല്ലവിയിലേക്ക് കേന്ദ്രീകരിച്ചു…
“”ഗംഗയെ സൂരജ് തള്ളിയിടുന്ന് താൻ കണ്ടിരുന്നോ? “”
കൃത്യമായ മെനഞ്ഞ കുടിലബുദ്ധിയോടെ ആ ചോദ്യം പല്ലവിക്ക് നേരെ ഉയർന്നു…
ആ നിമിഷം സൂരജിന്റെ കണ്ണുകൾ പല്ലവി എന്ന ലക്ഷ്യസ്ഥാനത്തേക്ക് വന്നു നിന്നു….
അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത വികാരങ്ങൾ മാറിമറിഞ്ഞു…
“അത്…ഞാൻ…”
അവൾ എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു…
“കണ്ട കാര്യം പാറഞ്ഞോളൂ പല്ലവി…”
ശാന്തതയോടെ അനുരാധ മിസ്സും പ്രിൻസിപ്പലിന്റെ ചോദ്യത്തെ ആവർത്തിച്ചു….
കണ്ടോ കേട്ടോ യാതൊരു പരിചയവുമില്ലാത്ത ഗംഗ എന്ന പെൺകുട്ടിയും.. ദിവസങ്ങളോളം ഒരു ക്ലാസ്സിൽ ഒരേ ബഞ്ചിൽ ഇരിക്കുന്ന തന്നോട് ഒരു വാക്കുപോലും മിണ്ടി പരിചയമില്ലാത്ത സൂരജ് എന്ന വ്യക്തിയും പല്ലവിയുടെ മനസ്സിൽ ഒരു ത്രാസ്സിന്റെ രണ്ട് തട്ടുകളിലായി തൂങ്ങിയാടി….
“”ഞാൻ കണ്ടിരുന്നു സാർ….””
താൻ നേരിട്ട ചോദ്യത്തിന് കണ്ട സത്യമാണ് ഉത്തരമെന്ന് ആ ദുർബല നിമിഷത്തിൽ പല്ലവിക്ക് തോന്നിപ്പോയി…
ഗംഗ വിജയചിരിയോടെ സൂരജിനെ നോക്കി…
എന്നാൽ പല്ലവിയുടെ വാക്കുകൾക്കു മുന്നിൽ സൂരജിന്റെ മുഖം മങ്ങുന്നതും പതർച്ചയോടെ തന്റെ മുഖത്തേക്കും നോക്കുന്നതും കാൺകെ അവളുടെ ഉള്ളം പിടഞ്ഞു….
ചെയ്തത് തെറ്റോ ശരിയോ എന്നുപോലും മനസ്സിലാകാതെ അവൾ ഉഴറി…
“”പല്ലവിക്ക് പോകാം…””
പ്രിൻസിപ്പൽ പറഞ്ഞത് കേട്ട് പല്ലവി ഒരിക്കൽ കൂടി സൂരജിനെ നോക്കിക്കൊണ്ടു പുറത്തേക്കിറങ്ങി…
ഒരു സീനിയർ ജൂനിയർ എന്ന രീതിയിൽ എന്തോ ചോദിച്ചത് ഇഷ്ടമാകാതെ വന്നപ്പോൾ പ്രകോപനങ്ങൾ ഏതുമില്ലാതെ ഗംഗയെ പൂർവ്വ വൈരാഗ്യത്തിന്റെ പേരിൽ സൂരജ് ഉപദ്രവിക്കാൻ ശ്രമിച്ചു എന്നതാണ് ഗംഗ അവനിൽ ആരോപിക്കപ്പെട്ട കുറ്റം…
എല്ലാം ചെയ്തിട്ട് ഒരു ഉളിപ്പുമില്ലാതെ ചതിയിലൂടെ കുറ്റം മുഴുവൻ അവന്റെ തലയിൽ ചാർത്തിക്കൊടുത്ത് പകപോക്കുന്ന ഗംഗയുടെ നിലവാരമില്ലാഴ്മയെ പുച്ഛത്തോടെ സൂരജ് നോക്കിനിന്നു…
“താൻ ഒരാഴ്ച വീട്ടിലിരുന്ന് വിശ്രമിച്ചിട്ടൊക്കെ വന്നാൽ മതി…അല്ല, മാന്യമായി ഇവിടെ തുടരാമെങ്കിൽ ഒരു മാപ്പപേക്ഷ എഴുതി വച്ചിട്ട് തനിക്ക് പോകാം…ആളും തരവും കണ്ട് വേണം ഒരാൾക്ക് ഇനി കയ്യുയർത്താൻ…”
താക്കീതിന്റെ ഭാവത്തിൽ പ്രിൻസിപ്പൽ സസ്പെൻഷൻ ലെറ്റർ അവന് നേരെ നീട്ടി…
ഗംഗ സംത്രിപ്തിയോടെ ചിരിച്ചു തന്റെ തലയിലെ മുറിവിലേക്ക് തഴുകി….
പേരുകേട്ട ശ്രീലകത്ത് ഗ്രൂപ്പിന്റെ ഓണർ മാധവന്റെ മകനാണ് സൂരജെന്ന് പ്രിൻസിപ്പൽ സാറിനോ മറ്റാർക്കോ അറിയില്ലല്ലോ…
“തനിക്ക് ഇനി ഒന്നും ന്യായീകരിക്കാൻ ഇല്ലല്ലോ അല്ലേ…”
ലെറ്റർ വാങ്ങാതെ നിൽക്കുന്ന സൂരജിനെ നോക്കി അയാൾ വീണ്ടും ചോദിച്ചു…
സൂരജിന്റെ ഇതുവരെയുള്ള ഭാവംമാറി ചുണ്ടിൽ പരിഹാസം നിറഞ്ഞ ചിരിവിടർന്നു…
“എനിക്കൊന്നും പറയാനില്ല സാ….റേ…ചെയ്യാനുള്ളതെല്ലാം ദേ ഇവള് ചെയ്തു…ബാക്കി ഉള്ളത്, ഇവളുടെ തന്തേടെ രാഷ്ട്രീയ വിഴുപ്പലക്കലിന്റെ കൂലിയായി സാറും ചെയ്തു കൊടുത്തു്….ഇനി എന്റെ വക വേറെ പ്രഹസനം എന്തിനാ പ്രിൻസിപ്പൽ സാറേ….
ഇനിയെന്റെ നിരപരാധിത്വം തെളിയിക്കാനോ, മാപ്പുസാക്ഷി ആവാനോ മനസ്സില്ല ഈ സൂരജിന്…
ഈയിരിക്കുന്ന തീരെ ഉളിപ്പില്ലാത്ത പീറപെണ്ണിനോട് മാപ്പുപറയേണ്ട ഗതികേട് വന്നാൽ, ദാണ്ടെ ഈ മൂക്കിന് താഴെയങ്ങ് ഞാൻ ചൊരച്ചിറക്കും…””
പടക്കം പൊട്ടുന്ന സൂരജിന്റെ ഡയലോഗിന് മുന്നിൽ പ്രിൻസിപ്പൽ സാർ വിളറി വെളുത്തു…
തലയ്ക്കു കിട്ടിയതിനേക്കാൾ വലിയ പൊട്ടൽ കാരണത്ത് കിട്ടിയ പോലെയുള്ള ആഘാതത്തിൽ ഗംഗയും തറഞ്ഞിരുന്നു…
“അപ്പോ ഒരാഴ്ച കഴിഞ്ഞു കാണാം….”
സസ്പെന്ഷൻ ലെറ്റർ ഒരു പ്രത്യേക സ്റ്റൈലിൽ തട്ടിപ്പറിച്ചെടുത്ത് സൂരജ് ഒരു ഹീറോയുടെ പരിവേഷത്തോടെ പുറത്തേക്ക് പോയതും അപമാനത്തിന്റെ വേവിൽ ഗംഗ ഒന്നുലഞ്ഞു…
ഓഫീസ് റൂമിന്റെ വാതിൽക്കൽ അകത്തു നടന്നതെല്ലാം കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ വെപ്രാളത്തോടെ നിൽക്കുന്ന പല്ലവിയ്ക്കരികിലേക്കവൻ ദേഷ്യത്തോടെ നടന്നടുത്തു…..
“”ആഹാ, നീതിദേവത ഇവിടെ നിൽപ്പുണ്ടായിരുന്നോ…””
അവന്റെ ജ്വലിക്കുന്ന നോട്ടത്തിനു മുന്നിൽ അവൾ നീറിപ്പുകഞ്ഞു…
“”നീയൊരു പാവമാണെന്ന എന്റെ ധാരണ തെറ്റിയല്ലോടീ…അല്ല,എനിയ്ക്കെതിരെ സാക്ഷി പറഞ്ഞതിന് എത്ര തന്നു നിനക്കവള്…
വല്ല ആയിരമോ രണ്ടായിരമോ തന്നുകാണും…അതോ വല്ല ചുരിദാറോ സാരിയോ വാങ്ങി തരാമെന്ന് പറഞ്ഞോ…അല്ലേലും നിന്നപ്പോലെ ഉടുതുണിക്ക് മറുതുണി ഇല്ലാത്ത ദാരിദ്ര്യവാസികളൊക്കെ നക്കാപ്പിച്ച കിട്ടിയാൽ എന്തിനും തയ്യാറാണല്ലോ..ആട്ടക്കാരി””
കടപ്പല്ലു ഞെരിച്ചു അവൻ പറഞ്ഞ വാക്കുകൾ കേൾക്കെ ആയിരം കൂടങ്ങൾ നെഞ്ചിലേക്ക് ആർത്തടിക്കുന്ന നോവിൽ അവളുടെ ഹൃദയം പൊട്ടിയടർന്നു…
കാത്തിരിക്കണേ…..