സൈക്കിൾ…
Story written by Neeraja S
===============
“അപ്പേ..എവിടെ പോയി…ഞാൻ പറഞ്ഞ കാര്യം എന്താ അപ്പ കേൾക്കാത്തത്…എനിക്ക് ഒരു സൈക്കിൾ വേണമായിരുന്നു…”
കുറച്ചു നേരത്തെ നിശബ്ദത..വീണ്ടും ഒരിക്കൽ കൂടി കുഞ്ഞു ശബ്ദം രാവിന്റെ നിശബ്ദതയിൽ ചിതറിവീണു..പതിയെ ജനലിന്റെ വിരി ഒതുക്കി എത്തിനോക്കി. അഞ്ചാറു വയസ്സുള്ള ഒരു ആൺകുട്ടി…
വീടിന്റെ തിണ്ണയിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങുന്ന ചെറിയ പടിയിൽ കാലുനീട്ടി ഇരിക്കുന്നു.
മുഖം ആകാശത്തേക്ക് ഉയർന്നിരിക്കുന്നു. ആകാംക്ഷയോടെ എന്തോ പ്രതീക്ഷിച്ചു നോക്കിയിരിക്കുകയാണ്. വീടിനുള്ളിൽ നിന്നും ആരുടെയോ ശബ്ദം ചെറുതായി കേൾക്കുന്നുണ്ട്. അല്പനേരം കഴിഞ്ഞപ്പോൾ പ്രായമായ ഒരു സ്ത്രീ അവന്റെ മുത്തശ്ശി ആണെന്ന് തോന്നുന്നു അടുത്തുവന്ന് സംസാരിക്കുന്നത് കണ്ടു.
“അവൾ എഴുന്നേറ്റു വന്ന് അടി തരുന്നതിനു മുൻപ് അമ്മൂമ്മേടെ കണ്ണൻകുട്ടി വന്ന് കിടക്കൂ..”
അടി എന്നുകേട്ടപ്പോൾ പതിയെ എഴുന്നേറ്റ് അമ്മൂമ്മയുടെ കൈ പിടിച്ച് അകത്തേക്ക് നടക്കുന്നത് കണ്ടു.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു മടുത്തു..ആറ്റു നോറ്റിരുന്നു കിട്ടിയ ജോലി..അതാണെങ്കിൽ വീട്ടിൽ നിന്നും ഏറെദൂരെയും. എന്നും വന്നുപോയി ജോലി ചെയ്യാനാവില്ല. വീട്ടിൽ അമ്മ തനിച്ചാണ്…പാവം..അതോർത്ത് ഉറക്കം വരുന്നില്ല…ചെറുപ്പത്തിൽ അച്ഛൻ മരിച്ചതിൽപ്പിന്നെ ഒരിക്കലും അമ്മയെ വിട്ട് എങ്ങും പോയിട്ടില്ല.
അമ്മയും ഉറങ്ങാതെ ഇരിക്കുന്നുണ്ടാവും…അടുത്ത വീട്ടിലെ മണിക്കുട്ടിയെ വിളിച്ച് കൂട്ടുകിടക്കാൻ പറഞ്ഞിരുന്നു..എന്തായാലും ഇന്നത്തെ ദിവസം അമ്മയ്ക്കും തനിക്കും ഉറക്കം വരില്ല.
ഓഫീസിൽ നിന്നും ഏറെ ദൂരത്തിലല്ലാതെ അല്പം ഉള്ളിലേക്ക് കയറിയുള്ള വീടാണ്..ചെറിയൊരു വാർക്കവീടിന്റെ മുകളിലായി താൽക്കാലികമായി കെട്ടിയുണ്ടാക്കിയ രണ്ടുമുറിയും ചെറിയൊരു ബാൽക്കണിയും. അടുത്ത് വേറെയും വീടുകളുണ്ട്..എല്ലാം ചെറിയ വീടുകൾ..ഓടിട്ടതും ഷീറ്റ് മേഞ്ഞതുമായ വീടുകൾ..
ലൈറ്റിടാതെ…ശബ്ദമുണ്ടാക്കാതെ ബാൽക്കണിയിലെ കസേരയിൽ പോയിരുന്നു. നിശബ്ദമായി ഉറങ്ങുന്ന വീടുകൾ…ചില വീടുകളുടെ മുൻപിൽ മാത്രം ബൾബ് പ്രകാശിക്കുന്നുണ്ട്..ചിലത് പൂർണമായും ഇരുട്ടിൽ ഒളിച്ചു കിടക്കുന്നു…സുഖമുള്ള കാറ്റ്…ചെറിയ തണുപ്പ്..ആകാശം മൂടിക്കിടക്കുന്നു..മഴ പെയ്യുമെന്ന് തോന്നുന്നു. ഏറെ നേരം അങ്ങനെതന്നെയിരുന്നു.
പകൽ പുതിയ ഓഫീസിലെ ജോലിയുമായി തിരക്കിലായിരുന്നു. വൈകുന്നേരം റൂമിൽ വന്ന് ആഹാരം പാകംചെയ്ത് കഴിച്ചിട്ട് ഉറക്കംവരാതെ ഓരോന്നാലോചിച്ചു കിടക്കുമ്പോഴാണ് വീണ്ടും തലേദിവസത്തെ ശബ്ദം കാതിൽ..എണീറ്റ് പതുക്കെ ജനൽ വിരി മാറ്റി നോക്കി…അവനാണ്…പടിയിൽ ഇരുന്ന് മുറ്റത്തേക്ക് കാലുകൾ നീട്ടിവെച്ച് ആകാശത്തേക്ക് നോക്കി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
അല്പംകൂടി വ്യക്തത കിട്ടുവാൻവേണ്ടി പെട്ടെന്ന് തന്നെ ലൈറ്റ് ഓഫാക്കി ബാൽക്കണിയിൽ പോയിരുന്നു. ഇപ്പോൾ അവൻ പറയുന്നത് വ്യക്തമായി കേൾക്കാം. ഇന്ന് ആകാശം തെളിഞ്ഞതാണ്…ചന്ദ്രനും മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളും…
“എത്രനാളായി..സൈക്കിള് വേണംന്ന് പറയുന്നു..? അപ്പ ആ കാര്യം മറന്നോ..?അപ്പേ..ഒന്നു സ്വപ്നത്തിൽ വന്ന് അമ്മയോട് പറ എനിക്കൊരു സൈക്കിൾ വാങ്ങി തരാൻ..അപ്പ പറഞ്ഞാൽ അമ്മ കേൾക്കും..”
വീടിനുള്ളിൽ നിന്നും ആരുടെയോ ഉച്ചത്തിലുള്ള വഴക്കു പറച്ചിൽ കേൾക്കാമായിരുന്നു. പതിവുപോലെ അവന്റെ മുത്തശ്ശി പ്രാഞ്ചി പ്രാഞ്ചി നടന്നു വന്ന് അടുത്തുള്ള തൂണിൽ പിടിച്ചുനിന്ന് അവനോട് കെഞ്ചാൻ തുടങ്ങി..
“അമ്മൂമ്മയുടെ കണ്ണൻ കുട്ടിയല്ലേ ഒന്ന് കേറി വാ അമ്മയ്ക്ക് രാവിലെ ജോലിക്ക് പോകാനുള്ളതല്ലേ കുട്ടി വന്നു.കിടക്കാതെ അമ്മ എന്തായാലും ഉറങ്ങില്ല എന്നറിയില്ലേ…?
“അമ്മൂമ്മ നോക്കട്ടെ ഒന്ന് രണ്ട് പ്രാവശ്യത്തെ പെൻഷൻ തുകയിൽ നിന്ന് അല്പം മിച്ചം വെച്ച് കണ്ണൻകുട്ടിക്ക് അമ്മൂമ്മ ഒരു സൈക്കിൾ വാങ്ങിത്തരുന്നുണ്ട്…”
“ഇപ്പോൾ അമ്മൂമ്മയുടെ പൊന്നു കണ്ണൻകുട്ടി വന്നു കിടക്ക്..”
അവൻ മനസ്സില്ലാമനസ്സോടെ അവരുടെ കൈയ്യിൽ പിടിച്ചു അകത്തേക്ക് നടന്നു. രണ്ടുപേരും അകത്തുകടന്നു വാതിലടച്ചപ്പോൾ പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല.
നാളെ ആ മുത്തശ്ശിയോട് ചോദിക്കണം..എന്താണ് ദിവസവും രാത്രി നടക്കുന്ന കരച്ചിലിന്റെയും പറച്ചിലിന്റെയും പിന്നിലെന്ന്..ഒരു സൈക്കിൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ബഹളങ്ങൾ അരങ്ങേറുന്നത് എന്നു മാത്രം മനസ്സിലായി.
പിറ്റേദിവസം കണ്ണൻ സ്കൂളിലും അവന്റെ അമ്മ ജോലിക്കും പോയിക്കഴിഞ്ഞപ്പോൾ..ഓഫീസിലേക്ക് പോകുന്ന വഴിക്ക് അവന്റെ അമ്മൂമ്മയെ കാണാൻ പോയി..
“ഒന്നും പറയണ്ട മോനെ…അവൻ വയറ്റിലായിരുന്നപ്പോൾതന്നെ അവന്റെ അച്ഛൻ പോയി.. “
“അവൾ പാവം..കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് ഈ വീട്..അതിന്റെ കടം ഇനിയും വീട്ടാനുണ്ട്… “
“അച്ഛൻ മരിച്ചു പോയെന്നവനറിയാം…ആകാശത്തിലെ നക്ഷത്രങ്ങളിൽ ഒന്ന് അവന്റെ അച്ഛനാണെന്നു അവൻ കരുതുന്നു..ഞാനും..”
അവർ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടയ്ക്കാതെ പറഞ്ഞുകൊണ്ടിരുന്നു..
“അതാണ് ആകാശത്തേക്ക് നോക്കി പരിഭവങ്ങൾ മുഴുവൻ പറയുന്നത്..പാവം എന്റെ കുട്ടി..”
“അവൻ കുഞ്ഞല്ലേ..എന്നും ഓരോ ആവശ്യങ്ങൾ പറഞ്ഞുകൊണ്ട് വരും..”
“എല്ലാം വാങ്ങിച്ചു കൊടുക്കാൻ അവളെക്കൊണ്ടാകുമോ..? അച്ഛനോട് ചോദിക്ക്..അച്ഛൻ സ്വപ്നത്തിൽ വന്ന് പറഞ്ഞാൽ വാങ്ങിത്തരാം എന്ന് അവൾ കട്ടായം പറഞ്ഞിട്ടുണ്ട്..”
“അവളെക്കൊണ്ട് പറ്റുന്നതെല്ലാം അച്ഛൻ സ്വപ്നത്തിൽ വന്നു പറഞ്ഞെന്നും പറഞ്ഞ് വാങ്ങി കൊടുക്കാറുണ്ട്..പക്ഷെ സൈക്കിൾ വാങ്ങിക്കൊടുക്കാനുള്ള കാശ്…?”
“ഈ പ്രായത്തിലെ ആഗ്രഹങ്ങൾ ഈ പ്രായത്തിൽ തന്നെ നടക്കണം മോനെ…നോക്കട്ടെ എങ്ങനെയെങ്കിലും വാങ്ങിച്ചു കൊടുക്കണം “
ചെറുപ്പത്തിൽ താനും ഇതുപോലെ അമ്മയോട് എന്തുമാത്രം വഴക്കുണ്ടാക്കിയിട്ടുണ്ട് ഒരു സൈക്കിൾ മേടിച്ചു കിട്ടാൻ വേണ്ടി…
അമ്മ അപ്പോഴെല്ലാം പറയും.. “സ്വയം അധ്വാനിച്ചു മേടിച്ചാൽ മതി…എങ്കിലേ അതിന് വില കാണൂ..”
ഏതുനേരവും ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ..തനിക്കൊരു സൈക്കിൾ വാങ്ങാനുള്ള കാശ് എവിടെനിന്നെങ്കിലും കിട്ടണം.
ഒരിക്കൽ പള്ളിയിലെ അച്ചനും തന്നോട് പറയുകയുണ്ടായി.. “നിനക്ക് സൈക്കിൾ വേണമെങ്കിൽ..നീ സ്വയം അധ്വാനിച്ച് വാങ്ങണം…അല്ലാതെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുന്ന നിന്റെ അമ്മയെ ശല്യപ്പെടുത്തുകയല്ല വേണ്ടത്..”
അങ്ങനെ പത്തു വയസ്സു മുതൽ പത്രം ഇടാനും, അയൽവക്കത്തെ വീടുകളിലൊക്കെ സാധനങ്ങൾ വാങ്ങിച്ചു കൊടുക്കാനും, ആര് എന്ത് സഹായത്തിനു വിളിച്ചാലും പോകാനും തുടങ്ങി..വെറുതെയല്ല എല്ലാത്തിനും കമ്മീഷൻ വേണം.
അങ്ങനെ ഏറെനാളത്തെ ശ്രമഫലമായി ഒരു സൈക്കിൾ വാങ്ങാനുള്ള തുക കൈയ്യിലെത്തി.
അമ്മ എത്ര അഭിമാനത്തോടുകൂടിയാണ് എല്ലാവരോടും പറഞ്ഞത്…
“എന്റെ കൊച്ച് സ്വന്തമായി അധ്വാനിച്ച് ഒരു സൈക്കിൾ വാങ്ങിയിരിക്കുന്നു..ഇനി എനിക്ക് ഒന്നും പേടിക്കാനില്ല..മരിക്കാനും പേടിയില്ല..ഞാൻ ഇല്ലാതായാലും എന്റെ കുഞ്ഞു ജീവിക്കും.”
സൈക്കിൾ വാങ്ങിച്ചു കഴിഞ്ഞ് പിന്നെയും കുറച്ചു രൂപ മിച്ചം ഉണ്ടായിരുന്നു..അമ്മയ്ക്ക് സാരി, തനിക്കൊരു ഷർട്ട്, വയറു നിറയെ ഇഷ്ടഭക്ഷണം..സിനിമയ്ക്കും പോയിട്ടാണ് തിരികെ വീട്ടിലെത്തിയത്..അന്ന് മുഴുവൻ സന്തോഷം കൊണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞു നിന്നു എന്റെയും.
സൈക്കിൾ ഇപ്പോഴും വീട്ടിൽ ഭദ്രമായി ഒരു നിധിപോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്..ആ സൈക്കിൾ കാണുമ്പോഴുള്ള സന്തോഷം തന്റെ ജീവിതത്തിൽ മറ്റെന്തിനേക്കാളും വലുതാണ്..
അമ്മ പറഞ്ഞതുപോലെ…അവനോടും അധ്വാനിച്ച് വാങ്ങാൻ പറയണം…വേണമെങ്കിൽ തനിക്ക് ഒരു സൈക്കിൾ വാങ്ങി കൊടുക്കാവുന്നതാണ്..പക്ഷേ അങ്ങനെ ചെയ്താൽ…അധ്വാനിച്ചു നേടുന്നതിന്റെ സുഖം…സന്തോഷം അവന് മനസ്സിലാക്കാനാവില്ല.
ഒരാഴ്ചയ്ക്കുള്ളിൽ ചുറ്റുപാടും ഉള്ളവരൊക്കെ പരിചയക്കാരായി.
റോഡിന്റെ എതിർവശത്ത് ഒരു ഗൾഫ് മലയാളിയുടെ വീടാണ്..പ്രായമായ അപ്പച്ചനും അമ്മച്ചിയും ആയിരുന്നു അവിടെ താമസം. അപ്പച്ചൻ എന്നും രാവിലെ ഒരു കിലോമീറ്റർ അകലെയുള്ള കവലയിലേക്ക് നടന്നു പോകുകയും എന്തെങ്കിലും സാധനം വാങ്ങി തിരികെ വരുന്നതും കാണാമായിരുന്നു
പതുക്കെ ഞാനും അദ്ദേഹത്തിന്റെ കൂടെ രാവിലെ കവലവരെ നടക്കുകയും എന്തെങ്കിലും അത്യാവശ്യ സാധനങ്ങൾ വാങ്ങി തിരിച്ചു വരികയും ചെയ്തു പോന്നു.
സംസാരത്തിനിടയിൽ കണ്ണന്റെ സൈക്കിളിന്റെ കാര്യം അദ്ദേഹവുമായി സംസാരിക്കുകയുണ്ടായി. എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടെത്താൻ സഹായിക്കാമെന്ന് അദ്ദേഹവും പറഞ്ഞു.
മുൻകൂട്ടി തീരുമാനിച്ച പ്രകാരം പിറ്റേദിവസം രാവിലെ അദ്ദേഹം ആ ചെറിയ വീടിന്റെ വാതിൽക്കൽ വന്ന് അകത്തേക്ക് നോക്കി കണ്ണനെ വിളിക്കുന്നത് കണ്ടു..
കണ്ണനും അമ്മൂമ്മയും അമ്മയും വെളിയിലേക്ക് ഇറങ്ങിവന്ന് അദ്ദേഹത്തിനു മുമ്പിൽ ബഹുമാനത്തോടെ ഒതുങ്ങി നിന്നു.
“ഞാൻ വന്ന കാര്യം പറയാം പതിവായി നടക്കാനാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. പക്ഷേ കുറച്ചു ദിവസമായി എനിക്ക് ഒറ്റയ്ക്ക് നടക്കുമ്പോൾ കാലുകൾക്ക് ഒരു ബലക്കുറവ് തോന്നുന്നു..”
“നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഇവനെക്കൂടി രാവിലെ എന്റെ കൂടെ വിടാമോ…? എനിക്ക് ഒരു കൈ സഹായം.”
“ബുക്കോ പെൻസിലോ വാങ്ങാനുള്ള ചെറിയൊരു പോക്കറ്റ് മണിയും കൊടുക്കാം.. “
കണ്ണന്റെ കണ്ണുകൾ തിളങ്ങി. അമ്മയുടെ മുഖത്ത് പക്ഷെ വിഷാദഭാവം നിഴലിച്ചു.
“കാശൊന്നും വേണ്ട സാറേ..അവൻ വരും..”
പിറ്റേ ദിവസം രാവിലെ മുതൽ കണ്ണൻ അദ്ദേഹത്തിന്റെ സഹായിയായി പോയിത്തുടങ്ങി. എന്നും പാലും മറ്റു സാധനങ്ങളും വാങ്ങുന്നതിന്റെ ബാക്കി അവന്റെ പോക്കറ്റിലേക്കു വീണു.
ഏകദേശം ഒരു സൈക്കിൾ വാങ്ങാനുള്ള തുക പോക്കറ്റ് മണിയായി എന്ന് ഉറപ്പായപ്പോൾ അവനെയും കൂട്ടി ഷോപ്പിൽ പോയി ഒരു സൈക്കിൾ വാങ്ങിച്ചു കൊടുത്തു.
അന്ന് രാത്രിയിൽ അവന്റെ സംസാരം കേൾക്കാനായി നേരത്തെ തന്നെ ആഹാരം കഴിച്ച് ഇരുണ്ട ബാൽക്കണിയിൽ കാതോർത്തിരുന്നു.
നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് നോക്കി അവൻ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
“അപ്പേ നോക്കിയേ..എനിക്ക് സൈക്കിൾ കിട്ടി..ഇത് എങ്ങനെയാ വാങ്ങിയതെന്നു അപ്പയ്ക്ക് അറിയാമോ..ഞാൻ തന്നെ ജോലി ചെയ്തു വാങ്ങിയതാണ്..അപ്പ കാണുന്നുണ്ടോ..”
നിലാവെളിച്ചത്തിലൂടെ ഇത്തിരിപ്പോന്ന മുറ്റത്ത് വട്ടവും നീളവും സൈക്കിൾ ഓടിച്ചു പഠിക്കുന്നു. കുറച്ചു ബാലൻസ് ആയിട്ടുണ്ട്..കിട്ടിയപ്പോൾ മുതൽ ശ്രമിക്കുന്നതല്ലേ…
അവന്റെ അമ്മയും അമ്മൂമ്മയും ഇളം തിണ്ണയിലിരുന്ന് പ്രോത്സാഹിപ്പിക്കുന്നുണ്ട്. പൂത്തുനിൽക്കുന്ന സന്തോഷത്തിന്റെ പൂമരങ്ങൾ.
അമ്മയോട് കുറച്ചു നേരം സംസാരിച്ചു..കണ്ണന്റെ കാര്യം പറഞ്ഞപ്പോൾ അമ്മയ്ക്ക് ഒത്തിരി സന്തോഷമായി..ബാൽക്കണിയിൽ ആകാശത്തേക്ക് നോക്കിയിരിക്കുമ്പോൾ അങ്ങ് ദൂരയായി ഒരു നക്ഷത്രം തന്നെ നോക്കി കണ്ണ് ചിമ്മിയതുപോലെ. കണ്ണന്റെ അച്ഛനോ അതോ തന്റെ അച്ഛനോ…?
✍️നീരജ