ബാഡ് ടച്ച്…
എഴുത്ത്: നിഷ പിള്ള
=================
നാട്ടിൽ പോയി മടങ്ങിയെത്തിയ വിനോദ് നാരായണൻ കണ്ടത് പുതിയൊരു പാവക്കുട്ടിയുമായി കളിക്കുന്ന മീനുക്കുട്ടിയെ ആണ്.
അച്ഛനെ കണ്ടപ്പോൾ തന്നെ അവൾ ഓടി വന്നു മടിയിലിരുന്നു. മീനുവിന് അമ്മയേക്കാൾ അടുപ്പം അച്ഛനോടാണ്, അതിന്റെ ചെറിയ അസൂയയും കുശുമ്പും രഞ്ജിനിയ്ക്കുണ്ട്.
രണ്ടു ദിവസമായി അയാൾ നാട്ടിലുള്ള അമ്മയെ കാണാൻ പോയിട്ട്. ഒറ്റയ്ക്ക് പോയി വന്നതിന്റെ പരിഭവമാണ് കുഞ്ഞിന്റെ മുഖത്ത്. അയാളവളെ ഉമ്മകൾ കൊണ്ട് മൂടി. ചോക്ലേറ്റും സമ്മാനങ്ങളും അവളെ സന്തോഷവതിയാക്കി. അയാൾക്ക് പലപ്പോഴും തോന്നും ഈ കുരുന്നാണ് തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഏക ഘടകമെന്ന്.
രണ്ടു പേരും സോഫ്റ്റ്‌വെയർ ഫീൽഡിൽ ജോലി ചെയ്യുകയാണ്. രഞ്ജിനിയോരു കേരളം ബേസ് ചെയ്തിട്ടുള്ള കമ്പനിയിലാണ്. അവൾക്കു ഡെയിലി നേരിട്ട് ഹാജരാകണം. എന്നാൽ വിനോദ് ബാംഗ്ലൂർ ബേസ്ഡ് ആയിട്ടുള്ള കമ്പനിയാണ്..അതിനാൽ മിക്കവാറും അയാൾ വർക്ക് ഫ്രം ഹോം ആണ്. അയാളുടെ ഓഫീസ് ബാംഗ്ലൂരിൽ ആണ്. അവളുടെ എളുപ്പത്തിന് വേണ്ടി അവർ ടെക്നോപാർക്കിന്റെ അടുത്തൊരു ഫ്ലാറ്റ് വാങ്ങി താമസമാക്കി. അവിടുന്ന് കുറച്ചകലെ ശ്രീകാര്യത്തിനടുത്തു അവളുടെ അച്ഛനും അമ്മയും താമസിക്കുന്നുണ്ട്.
“എവിടുന്നാ മീനുക്കുട്ടിക്ക് പുതിയ പാവക്കുട്ടി ?”
“രണ്ടു ദിവസമായി സുമതി വീട്ടുജോലിക്ക് വരുന്നില്ല, വിനുവേട്ടനും ഇവിടില്ലല്ലോ, ഒറ്റയ്ക്ക് ഫ്ലാറ്റിൽ നിർത്താൻ പറ്റില്ലല്ലോ. ഞാൻ ഇവളെ ഓഫീസിൽ കൊണ്ട് പോയി. ഇന്ന് ഞങ്ങളുടെ ബോസില്ലേ, എബിൻ, അയാൾ വാങ്ങി കൊടുത്തതാ ഈ പാവക്കുട്ടി.”
“എന്തിനാ അവളെ ഓഫീസിൽ കൊണ്ട് പോയത്, നിന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് നിർത്തിക്കൂടായിരുന്നോ. അതല്ലേ സേഫ്…”
രഞ്ജിനി മുഖം വീർപ്പിച്ചു എഴുന്നേറ്റു പോയി. ഒറ്റമോളായതിന്റെ അഹമ്മതിയും ദേഷ്യവും സ്വാർത്ഥതയും എല്ലാമുണ്ടവൾക്ക്. അയാൾ കുളിച്ചു വന്നപ്പോൾ അവൾ മീനുവിനെ മടിയിൽ വച്ച് കളിപ്പിക്കുകയാണ്. ഇടയ്ക്കു പാവയുടെ ശരീര ഭാഗങ്ങൾ തൊട്ടു കാണിച്ചു എന്തൊക്കെയോ പറയുന്നു.
“എന്താണ് അമ്മയും മോളും കളിക്കുന്നത്? “
“അച്ഛാ…അമ്മ എന്നെ ഗുഡ് ടച്ചും ബാഡ് ടച്ചും പഠിപ്പിക്കുകയാ.”
“എന്താടോ ഇത്, അവൾക്കു അകെ ആറു വയസ്സല്ലേ ആയുള്ളൂ. ആ കുഞ്ഞിന്റെ ബ്രെയിനിൽ ഇപ്പോഴേ സംശയങ്ങളൊക്കെ കടത്തി വിടുന്നതെന്തിനാ. അവളിപ്പോൾ പുറത്തൊന്നും പോകുന്നില്ലല്ലോ…നമ്മൾ ഇപ്പോഴും കൂടെയില്ലേ. എല്ലാം ആവശ്യത്തിന് മതി. അധികമായാൽ എല്ലാം കുഴപ്പമാ.”
“ഞാനൊരമ്മയാ….എനിയ്ക്കറിയാം അവൾക്ക് എന്ത്, ഏതു പ്രായത്തിൽ പറഞ്ഞു കൊടുക്കണമെന്ന്. നിങ്ങൾ ആണുങ്ങൾ അല്ലേലും അങ്ങനല്ലേ പറയൂ.”
“അവൾക്കിപ്പോൾ ഒരു കൂട്ടാണ് വേണ്ടത്. ഒരു അനിയനോ അനിയത്തിയോ. ഒറ്റമോളായതു കൊണ്ട് അവൾക്കു സ്വാർത്ഥത കൂടി വരുന്നു. അവളും തന്നെ പോലെയാകുമോ.”
അവൾ കുട്ടിയേയും എടുത്തു ഉറങ്ങാൻ പോയി. ഈയിടെയായി അവൾ ഇങ്ങനെയാണ്. ഇപ്പോഴും വഴക്കും വക്കാണവും. അകെ സ്വഭാവത്തിനൊരു മാറ്റം. തന്നോടൊരു അടുപ്പ കുറവ്. തനിക്കു കൂടെ കൂടെ അമ്മയെ കാണാൻ പോകാതിരിക്കാൻ പറ്റുമോ. അമ്മ നാട്ടിൽ ഒറ്റയ്ക്കാണ്.
രാവിലെ അയാളുണർന്നപ്പോൾ വളരെ വൈകി. സുമതി വന്നത് കൊണ്ട് ചൂട് ചായയും ദോശയും ലഭിച്ചു. രഞ്ജിനി ഓഫീസിൽ പോകാൻ തയാറായി. അയാളും ഫ്രഷ് ആയി ലാപ്ടോപിന്റെ മുന്നിലിരുപ്പായി. മീനുക്കുട്ടി പാവക്കുട്ടികളെയും കൊണ്ട് അവളുടെ മുറിയിൽ കളിയ്ക്കാൻ വട്ടം കൂട്ടി.
ദിനരാത്രങ്ങളുടെ ആവർത്തനം മാത്രം….വൈകി ജോലി ചെയ്യുന്നത് കൊണ്ട് അയാളുടെ ഓഫീസ് മുറി തന്നെയായി അയാളുടെ കിടപ്പുമുറി.
മൂന്നാഴ്ചക്കു ശേഷമുള്ള ഒരു സായാഹ്നത്തിൽ അയാൾ തന്റെ സുഹൃത്തുക്കളുമായി വീഡിയോ കാൾ ചെയ്തുകൊണ്ടിരുന്നപ്പോൾ രഞ്ജിനി രാ ക്ഷസിയെ പോലെ അടുത്തേക്ക് വന്നു. അയാളുടെ കയ്യിലിരുന്ന സെൽ ഫോൺ അവൾ എറിഞ്ഞു പൊട്ടിച്ചു. അയാളെ തള്ളി താഴെയിട്ടു. തിരിച്ചെന്തെകിലും ചെയ്യാനാകും മുൻപേ അവൾ കുട്ടിയെയുമെടുത്തു അവളുടെ റൂമിൽ കയറി കുറ്റിയിട്ടു. എത്ര വിളിച്ചിട്ടും പുറത്ത് വന്നില്ല. അയാളാകെ പകച്ചു പോയി. കുറച്ചു കഴിഞ്ഞു അവളുടെ അച്ഛനും അമ്മയുമെത്തി. അവൾ വാതിൽ തുറന്നു പുറത്തു വന്നു.
“അച്ഛാ എനിക്കിയാളെ പേടിയാണ്. ഇയാൾ ചീത്തയാണ്. നമുക്ക് വീട്ടിൽ പോകാം. എനിക്കിവിടെ ഇനി വയ്യ. ഇയാളെ പേടിച്ച് ഞാനെങ്ങനെ എന്റെ കുട്ടിയെ നിർത്തും.”
“എന്താ രഞ്ജിനി എന്താ കാര്യം നിന്നോട് ഞാൻ എന്ത് ചെയ്തു. കുഞ്ഞിന് എന്ത് പറ്റിയെന്നു. അച്ഛനെങ്കിലും ഒന്ന് പറഞ്ഞു താ. ഞാൻ എന്ത് ചെയ്തെന്നു.?”
“അന്ന് ഞാൻ മീനുക്കുട്ടിക്ക് ബാഡ് ടച്ച് ഒക്കെ പറഞ്ഞു കൊടുത്തപ്പോഴേ ഇയാൾ എതിർത്തിരുന്നു. എന്നിട്ടു ഇയാൾ ആരുമില്ലാത്തപ്പോൾ കുഞ്ഞിനെ ബാഡ് ടച്ച് ചെയ്തു. ഞാനൊരമ്മയല്ലേ ഇതൊക്കെ എങ്ങനെ സഹിക്കും. പോ ക് സോ കേസ് കൊടുക്കണം ഇയാൾക്കെതിരെ. നാണമില്ലാത്തവൻ…സ്വന്തം കുഞ്ഞ്….അതും ആറു വയസ്സ് മാത്രം.”
അയാൾക്ക് അവളെ അടിക്കാൻ കൈ തരിച്ചു. അയാളുടെ ഭാവമാറ്റം കണ്ട അച്ഛൻ ഇടയ്ക്കു കയറി നിന്നു.
“ഞാൻ എന്റെ കുഞ്ഞിനോട് ഒന്നും ചെയ്തിട്ടില്ല. നിന്റെ സംസ്കാരമല്ല എന്റേത്. എന്താ തെളിവ്.”
“തെളിവൊക്കെ അങ്ങ് കോടതിയിൽ…ഇനി കോടതിയിൽ കാണാം. ഇനി ഇവളെയും കൊച്ചിനെയും കാണാൻ വരരുത്. വന്നാൽ നിന്നെ പോ ക് സോ കേസിൽ അകത്താക്കും. നിന്റെ വൃദ്ധയായ അമ്മയെ ഓർത്തു ഞാൻ അത് ചെയ്യുന്നില്ല.”
അച്ഛനും അമ്മയും രഞ്ജിനിയെയും മീനുക്കുട്ടിയെയും വിളിച്ചു കൊണ്ട് പോകുന്നത് കണ്ടിട്ട് അയാൾക്ക് സങ്കടം വന്നു. ഒരു നിമിഷം മുൻപ് വരെ തന്റെ എല്ലാമെല്ലാമായിരുന്നവൾ ഒരു നിമിഷം കൊണ്ട് തനിക്കു അന്യ ആയി മാറിയിരിക്കുന്നു. പോ ക് സോ കേസ്, അതും സ്വന്തം കുഞ്ഞിനെ പീ ഡിപ്പിച്ചതിന്…ഈ നിയമങ്ങളൊക്കെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയാണു…അതെപ്പോഴും അവർക്കു വേണ്ടിയെ നിലകൊള്ളൂ.
കുറേനാളായി നിർത്തി വച്ചിരുന്നത് മ ദ്യപാന ശീലം. അയാൾ ഓഫീസിൽ റൂമിന്റെ കബോർഡിനുള്ളിൽ ഒളിപ്പിച്ച ഒരു ജിന്നിന്റെ കുപ്പി കണ്ടെത്തി. രണ്ടെണ്ണം അടിച്ചപ്പോൾ അമ്മയെ കാണണമെന്നും സംസാരിക്കണമെന്നും തോന്നി. പക്ഷെ ഈ രാത്രിയിൽ അമ്മയെ വിഷമിപ്പിക്കാൻ പറ്റില്ല. ആരോടും ഷെയർ ചെയ്യാൻ പറ്റാത്ത കാര്യം. അയാൾ സങ്കടം കൊണ്ട് തളർന്നു പോയി.
കണ്ണടച്ച് എത്രനേരമിരുന്നു എന്നോർമയില്ല. സമയം പന്ത്രണ്ടു മണി കഴിഞ്ഞു കാണും. ഈ രാത്രി എങ്ങനെ വെളുപ്പിക്കുമെന്ന അങ്കലാപ്പിലായി അയാൾ. അപ്പോഴാണ് അവനു ശ്രീജയെ ഓർമ വന്നത്…
അവന്റെ ബാല്യകാലം മുതലേയുള്ള സുഹൃത്താണ്. വക്കീലാണ്, മിടുക്കിയാണ്, ഒരു കാലത്തവന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയായിരുന്നു. നഗരത്തിൽ തന്നെയാണ് അവൾ പ്രാക്ടീസ് ചെയ്യുന്നത്. അസമയത്ത് വിളിക്കുന്നത് ശരിയാണോ? കുടുംബവുമായി കഴിയുന്ന ഒരു സ്ത്രീയെ…ഭർത്താവു രാജീവേട്ടനും സുഹൃത്ത് തന്നെയാണ്. ആരോടെങ്കിലും തുറന്നു സംസാരിച്ചില്ലെങ്കിൽ താനെന്തെങ്കിലും ചെയ്യുമോ എന്നൊരു ഉൾഭയം തോന്നി തുടങ്ങി.
എല്ലാവരാലും അറിയപ്പെടുന്ന അച്ഛന്റെ മകനായ താൻ ഒരു ബാലപീ ഡന കേസിൽ, അതും സ്വന്തം മകളെ. ഓർക്കാൻ കൂടി കഴിയുന്നില്ല….
മീഡിയായിൽ വരും, അകെ നാണക്കേടാകും…സഹോദരിമാരെയും കുടുംബത്തെയുമൊക്കെ ബാധിക്കും. അവൻ രാജീവേട്ടന്റെ ഫോണിലേക്കു വിളിച്ചു. രണ്ടു മൂന്നു പ്രാവശ്യം റിങ് ചെയ്തിട്ടാണ് ആള് ഫോണെടുത്തത്.
രാജീവ് ഫോൺ സ്‌പീക്കറിൽ ഇട്ടിരുന്നത് കൊണ്ട് അവനു ശ്രീജയുമായും കാര്യം സംവദിക്കാൻ സാധിച്ചു. എല്ലാത്തിനും വഴിയുണ്ടെന്നു പറഞ്ഞു അവരവനെ ആശ്വസിപ്പിച്ചു.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. പുലർകാലേ തന്നെ കുളിച്ചു ശ്രീജയെ കാണാൻ പുറപ്പെട്ടു. സിറ്റി സ്റ്റേഷനിലെ ഇൻസ്പെക്ടറായ ബൈജു, രഞ്ജിനിയുടെ ക്ലാസ് മേറ്റായിരുന്നു. അയാൾ വിനോദിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ശ്രീജയെയും കൂട്ടി സ്റ്റേഷനിൽ എത്തി. അവിടെ രഞ്ജിനിയും അച്ഛനും കുട്ടിയും ഉണ്ടായിരുന്നു.
“നിങ്ങളാ സ്ത്രീ വിരുദ്ധ വക്കീലല്ലേ?”
ഇൻസ്പെക്ടറുടെ പരിഹാസ ചോദ്യം.
“എനിക്കങ്ങനൊരു പേരുണ്ട് സാറെ. ഇവിടെ സ്ത്രീ സുരക്ഷാ നിയമങ്ങളധികവും ദുരുപയോഗം ചെയ്യുകയാണ്. സ്വാർത്ഥതയ്ക്കും പണത്തിനും വേണ്ടി. ഇവിടെ സ്ത്രീകൾ മാത്രം ജീവിച്ചാൽ മതിയോ. പുരുഷൻമാർക്കു കുടുംബവും അഭിമാനമൊന്നുമില്ലേ? സ്ത്രീയാണെന്ന് കരുതി മറ്റൊരാളുടെ ജീവിതം തകർക്കുന്നത് ശരിയാണോ? “
ശ്രീജയുടെ നിർബന്ധപ്രകാരം ഇൻസ്‌പെക്ടർ ബൈജു കുട്ടിയുടെ മൊഴി എടുത്തു.
“സർ, പരാതി സൂക്ഷ്മമായി പരിശോധിച്ച് തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടു പോവുക. നീതി നടപ്പിലാക്കാൻ ശ്രമിയ്ക്കുക. ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുതെന്നല്ലേ. ഈ കാലത്ത് വ്യാജ പരാതികൾ കൂടുതലാണ്.”
ശ്രീജ വിനോദിനെയും കൂട്ടി അയാളുടെ ഫ്ളാറ്റിൽ പോയി.
“ശ്രീജ, എന്താ മോൾ പറഞ്ഞത്. ഞാൻ അവളെ എന്ത് ചെയ്‌തെന്നാണ്.”
“ടോ,ഞാൻ കേട്ടിടത്തോളം ഇതൊരു ഫാബ്രിക്കേറ്റഡ് സ്റ്റോറിയാണ്. ഒരാഴ്ച സമയം എനിക്ക് താ..എനിക്കെന്തോ സംശയത്തെ തോന്നുന്നു. താൻ കുട്ടിയുടെ അ ടിവ സ്ത്രത്തിൽ കൈയിട്ടു ബാ ഡ് ടച്ച് നടത്തിയെന്നാ പറഞ്ഞത്. ഞാൻ കുത്തി കുത്തി ചോദിച്ചപ്പോൾ കുട്ടി ഉറുമ്പു കടിച്ചു, ഉടുപ്പ് ഊരി നോക്കി എന്ന് പറഞ്ഞു. അപ്പോഴേക്കും രഞ്ജിനി അവളെ ബലമായി കൂട്ടികൊണ്ടു പോയി. അങ്ങനെ എന്തെങ്കിലും ഓർമ്മയുണ്ടോ തനിക്ക്.”
“അതെ കുട്ടിയുടെ വസ്ത്രങ്ങൾ വെയിലേറ്റുണങ്ങാൻ ബാൽക്കണിയിൽ കൊണ്ട് വന്നു സുമതി ഇടാറുണ്ട്. കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറ്റിയവർ പോയപ്പോഴാണ്. ഡ്രസ്സിൽ ഉറുമ്പു കണ്ടത്. ഞാൻ അവളെ പുതിയ വസ്ത്രം ധരിപ്പിച്ചു. ബാൽക്കണിയിലെ ചെടിയിൽ ഒരു ഉറുമ്പിൻ കൂടുണ്ടായിരുന്നു. അതിൽ നിന്നാണ് ഉറുമ്പു കയറിയത്. സ്വന്തം കുഞ്ഞിന്റെ ശരീരത്തിൽ ഉറുമ്പു കയറിയത് കാണുമ്പോൾ ഒരച്ഛൻ ചെയ്യുന്നതേ ഞാനും ചെയ്തുള്ളു..അതിനാണോ പോക്‌സോ…അവളുടെ തലമണ്ട….”
“അങ്ങനെയല്ല എനിക്ക് തോന്നിയത്, ഇതിൽ വേറെയെന്തോയുണ്ട്. ഒന്നുകിൽ അവൾക്കു മാനസിക വളർച്ച കുറവാണ്. അല്ലെങ്കിൽ അതി ബുദ്ധിമതി തന്നെ ഒഴിവാക്കാൻ കളിച്ച നാടകം. യഥാർത്ഥ പോ ക് സോ കേസ് ആയിരുന്നെങ്കിൽ അവളൊട്ടും പുറകോട്ടു പോകില്ലായിരുന്നു. എനിക്ക് പലതരത്തിലുള്ള ക്രി.മിനലുകളെ കണ്ടുള്ള പരിചയമല്ലേ. ഒരാഴ്ച ഞാൻ സമയം ചോദിക്കുകയാണ്.”
“താനെന്തു ചെയ്യാൻ പോകുന്നു.”
“താനിത് പുറത്തു പറയണ്ട, ഞങ്ങൾക്കൊരു പ്രൈവറ്റ് ഡിറ്റക്റ്റീവ് ഏജൻസി ഉണ്ട്. ഞങ്ങളുടെ ആളുകൾ എല്ലാ ഓഫീസിലും ഉണ്ടാകും. അതിനാൽ വിവരം ഉടനെ കിട്ടും. താൻ വിഷമിക്കാതെ…രണ്ടു ദിവസം നാട്ടിലൊക്കെ ഒന്ന് പോയി വാ.”
നാട്ടിൽ ഒരാഴ്ച തങ്ങിയിട്ടാണ് അയാൾ മടങ്ങിയത്. അമ്മയോടെല്ലാം തുറന്നു പറഞ്ഞപ്പോൾ ഒരാശ്വാസം. മടങ്ങി വന്നപ്പോഴാണ് ശ്രീജയുടെ വിളി വന്നത്. അത്യാവശ്യമായി ഒന്ന് കാണണം.
യാത്ര ക്ഷീണമൊക്കെ മറന്നു അവളുടെ ഓഫീസിലേക്ക് കയറി ചെന്നു. അവളുടെ ഓഫീസിലെ കമ്പ്യൂട്ടറിന്റെ മോണിറ്റർ അവന്റെ നേരെ തിരിച്ചു വച്ചു. രഞ്ജിനി ഒരാളുമായി നിൽക്കുന്ന ഒരു ഫോട്ടോ.
“ആളെ അറിയുമോ?”
“അറിയാം, ഇത് എബിൻ മാത്യു, അവളുടെ ബോസ്. ഇതിന്റെ പ്രസക്തി എന്താണ്. അവര് സഹപ്രവർത്തകരാണ്.”
അവൾ അടുത്ത ഫോട്ടോ കാണിച്ചു. അതിൽ ഓഫീസിലെ ബോസ്സിന്റെ ക്യാബിനിൽ അയാളുടെ മടിയിലിരിക്കുന്ന രഞ്ജിനി. ആരോ രഹസ്യമായി ഏതോ ബട്ടൺ ക്യാമറവച്ചു എടുത്തത്. പിന്നെയും കുറെ ഫോട്ടോകൾ. കൂടുതൽ അടുപ്പം കാണിക്കുന്നത്. അവരു തമ്മിൽ സഹപ്രവർത്തകർ എന്നതിലുപരി അടുത്ത ബന്ധം സൂചിപ്പിക്കുന്നത്.
“കുറെ നാളുകളായി അവർ തമ്മിൽ ഒരു അഫയർ നടക്കുന്നു. ഓഫീസിൽ മിക്കവർക്കും അറിയാം. ബോസ് ആയതു കൊണ്ട് അവർ പരസ്പരം നടത്തുന്ന പരദൂഷണത്തിലൊതുക്കി. കുട്ടിയേയും കൊണ്ട് രണ്ടു പേരും പുറത്തു പോയി കളിപ്പാട്ടങ്ങൾ വാങ്ങുകയും പാർക്കിൽ പോകുകയും ഒക്കെ ചെയ്യാറുണ്ട്. അതിനാൽ കുട്ടിക്കും അങ്കിളിനെ വളരെ ഇഷ്ടമാണ്. അവർക്കു എളുപ്പത്തിൽ നിന്നിൽ നിന്നും ഒരു ഡിവോഴ്സ് വേണം. അതിനെല്ലാവരെയും എളുപ്പം വിശ്വസിപ്പിക്കാനായി നിന്നെ ഒരു ട്രാപ്പിലാക്കി.”
“കുഞ്ഞിനെ എനിക്ക് തന്നു കൂടെ. ഞാനവളെ പൊന്നുപോലെ വളർത്തും. അതിനുശേഷം അവർക്കു എന്ത് വേണമെങ്കിലും ചെയ്യാലോ. ഒരു മകളുടെ മുന്നിൽ അച്ഛനെ ഇത്ര നിഷ്ഠൂരമായി കൊ ന്ന ല്ലോ. അവൾ വളർന്നു വരുമ്പോൾ അവളുടെ മനസ്സിൽ അമ്മ പറഞ്ഞ അച്ഛന്റെ വൃത്തികെട്ട കഥകൾ മാത്രമാകും. ഞാൻ ഇനിയെന്തിനു ജീവിക്കണം?”
അവളുടെ മുന്നിലിരുന്നു അയാൾ വിങ്ങി പൊട്ടി.
“വിനോദേ തന്റെ കുട്ടിക്ക് താനേയുള്ളു. അന്യന്റെ ഭാര്യയെ ഇത്ര എളുപ്പത്തിൽ തൻപാട്ടിലാക്കിയ എബിന്റെ കൂടെയാണോ തന്റെ മകൾ വളരേണ്ടത്. എന്തുകൊണ്ടും അയാളേക്കാൾ സേഫ്റ്റി അവൾക്കു തന്നോടൊത്തു കഴിയുന്നതല്ലേ? ആദ്യത്തെ പുതുമകളൊക്കെ കഴിയുമ്പോൾ അവളെ അയാൾക്ക് മടുക്കും, അപ്പോൾ അയാളുടെ കണ്ണുകൾ കുട്ടിയിൽ പതിയും
“എനിക്കെന്റെ മകളെ വേണം ശ്രീജ…എന്താ വഴി.”
“ഒരു വഴിയുണ്ട്…താൻ അവളുടെ അച്ഛനെ വിളിക്കു…കാര്യം പറയു. അയാൾ എതിർക്കും, അയാളുടെ മകളെ സപ്പോർട്ട് ചെയ്യും..ഇതൊക്കെ കള്ള കഥകൾ ആണെന്ന് പറയും. സാമ്പിൾ ആയി ഒരു ഫോട്ടോ അയക്കുക. വിശ്വാസം വരാൻ ഒന്ന് രണ്ട് കൂടെ അയക്കുക. തനിക്കു തന്റെ മകളെ വേണമെന്ന് പറയുക തനിക്കിനി ഒന്നും നഷ്ടപെടാനില്ലെന്നും ഫോട്ടോസ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് പറയുക. അതുകൊണ്ട് എത്രയും പെട്ടെന്ന് വിവാഹമോചനം നേടി കുഞ്ഞിനെ തന്നെ ഏല്പിക്കാൻ പറയുക. അയാൾ വഴങ്ങും. ഉറപ്പ്….അയാളൊരു അഭിമാനമുള്ള അച്ഛനാണ്.”
ശ്രീജ പറഞ്ഞ പോലെ ഒക്കെ പറഞ്ഞെങ്കിലും അച്ഛൻ വഴങ്ങിയില്ല. നിവൃത്തിയില്ലാതെ അവൻ കൂടുതൽ ഫോട്ടോസ് അയച്ചു കൊടുത്തു. ഒരു മണിക്കൂറിനകം അയാൾ വിനോദിനെ കാണാൻ ഫ്ലാറ്റിൽ എത്തി.
“ഇതൊക്കെ നീ ഉണ്ടാക്കിയ കള്ളക്കഥകൾ അല്ലെ.”
“എന്റെ വായടച്ച പോലെ അവളുടെ ഓഫീസിലെ മുഴുവൻ സ്റ്റാഫിന്റേയും വായടപ്പിക്കാൻ നിങ്ങൾക്ക് കഴിയുമോ. അവൾ എവിടെയോ പോയി തുലയട്ടെ…നിങ്ങൾക്ക് നിങ്ങളുടെ മകൾ എത്ര പ്രിയപെട്ടതാണോ. അത് പോലെ തന്നെയാണ് എനിക്ക് എന്റെ മകളും….എന്റെ മകളെ എന്നിൽ നിന്നും അകറ്റാൻ അവൾ തെരെഞ്ഞെടുത്ത മാർഗം വളരെ മോശമായി പോയി. തുറന്നു പറഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ ഒഴിഞ്ഞിട്ട് പോയെനെയല്ലോ.”
“എനിയ്ക്ക് വിശ്വസിക്കാൻ കഴിയുന്നില്ല “
“എനിക്കിനി ഒന്നും നഷ്ടപെടാനില്ല. ഞാൻ ഈ ഫ്ലാറ്റ് വിട്ടു നാട്ടിലേക്കു പോകുകയാണ്. ഇനി ശിഷ്ടകാലം അമ്മയോടൊപ്പം കഴിയും. ഞാൻ പോകുമ്പോൾ എന്റെ മകളെന്റെ കൂടെ വേണം. അതെന്റെ അവകാശമാണ്.”
അയാളിറങ്ങി നടന്നു. രണ്ടു ദിവസത്തിന് ശേഷം രഞ്ജിനിയുടെ വക്കീലിന്റെ വിളി വന്നു. കേസ് സെറ്റിൽ ചെയ്യണം. കുട്ടിയെ വിട്ടു തരാം. പകരം വിവാഹമോചനം നൽകണം. അത് തന്നെയാണ് അവന്റെയും ആവശ്യമെന്നറിഞ്ഞപ്പോൾ സെറ്റിൽമെന്റ് എളുപ്പമായി.
കുട്ടിയേയും കൊണ്ട് നാട്ടിലേക്കു തിരികെ പോകാനായി തിരിച്ചു. മീനുക്കുട്ടി സന്തോഷവതിയായിരുന്നു. അവളുടെ മനസ്സ് മാറ്റിയെടുക്കാൻ ചെറിയൊരു കൗൺസിലിംഗ് കൊടുക്കേണ്ടി വന്നിരുന്നു…അത്രമാത്രം കുട്ടിയെ ബ്രെയിൻ വാഷ് ചെയ്തിരുന്നു. പോകും വഴി ശ്രീജയോടും രാജീവേട്ടനോടും രഞ്ജിനിയുടെ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞപ്പോൾ മനസിന്റെ പിരിമുറുക്കങ്ങൾ മാറി.
വാർദ്ധക്യത്തിലെ അവളുടെ മാതാപിതാക്കളുടെ ഒറ്റപ്പെടൽ അയാളെ വേദനിപ്പിച്ചു.
അയാൾ ആശ്വാസത്തിന്റെ തണൽ തേടി സ്വന്തം തട്ടകത്തിലേക്ക്, അമ്മയുടെ വാത്സല്യ തണലിലേയ്ക്ക് പോകുകയായിരുന്നു. ഭാര്യയിൽ നിന്നും അവിചാരിതമായി കിട്ടിയ ആഘാതത്തിൽ നിന്നും രക്ഷപ്പെടാൻ….
~നിശീഥിനി