ഭ്രമം ~ എഴുത്ത്: SAMPATH UNNIKRISHNAN
“എന്ത് വില കൊടുത്തും എനിക്കവളെ സ്വന്തമാക്കണം ….താൻ എനിക്ക് വേണ്ടി ഒന്ന് അവൾടെ വീട്ടിൽ ചെന്ന് ചോദിക്ക്…എനിക്ക് കല്യാണം കഴിക്കാൻ താല്പര്യമുണ്ടെന്നു പറഞ്ഞേക്ക് …”
വീട്ടിലേക്കു വരുത്തിയ ബ്രോക്കർ കുഞ്ഞപ്പന്റെ കീശയിൽ അഞ്ഞൂറിന്റെ ഒറ്റ നോട്ടും തിരുകി കയറ്റി ഞാൻ ഇത് പറയുമ്പോൾ കുഞ്ഞപ്പൻ തന്റെ ഉള്ളിൽ വിരിഞ്ഞ നൂറു സംശയങ്ങളത്രയും തല കുലുക്കി ഒരു കള്ള ചിരിയിലൊതുക്കി…
“ഞാൻ തന്നെ ഇതിന്റെ ഇടയിൽ നിക്കണോ കുഞ്ഞേ…… “
“തനിക്കു വേണ്ടുന്നതെന്തും ഈ വേണു തരും ……. തനിക്കറിയാല്ലോ പഴയ വേണു അല്ല ഞാനിപ്പോൾ ……പണവും അതോടൊപ്പം പ്രതാപവുമായി ……”
“അതിപ്പോ ഈ നാട്ടിൽ ആർക്കാണ് അറിയാൻ പാടില്ലാത്തത്….പഴയൊരു ചീത്തപ്പേര് പൈസക്കാരനായി തിരിച്ചു വന്നതോടുകൂടി മാറി കിട്ടിയല്ലേ…. ഇനിയിപ്പോ ഈ നാട്ടിലെ ഏതു വീട്ടിലും ധൈര്യയായി പെണ്ണാലോചിക്കാം ……..”
കാലങ്ങളേറെയായി ഞാൻ അവളെ ഉള്ളിൽ കൊണ്ട് നടക്കുന്നു…..
ചിരുത….!!!!
നീട്ടി എഴുതിയ കരിമിഴിയും അതിനിടയിൽ തിളങ്ങുന്ന നക്ഷത്ര കണ്ണുകളും, ശ്രീത്വം വിളങ്ങുന്ന മുഖവും, വടിവൊത്ത ഉടലും, ഈ നാട്ടിലേക്ക് തിരിച്ചു വന്നിട്ട് രണ്ടുമൂന്നു ദിവസമായുള്ളെങ്കിലും അവളറിയാതെ പലാവർത്തി ഞാൻ അവളെ കണ്ടുകഴിഞ്ഞു …
അവളോടെനിക്കു പ്രണയമാണോ…….!!! പ്രണയം ഒരാൾക്ക് മാത്രം തോന്നുന്ന ഒരു വികാരമാണോ ….അറിയില്ല….!!!!പക്ഷെ ഒന്ന് മാത്രമറിയാം അവളുടെ ഉടലിനോടുള്ളൊരു ഭ്രമം ചില സമയങ്ങളിൽ എന്നെ വല്ലാതെ മത്തു പിടിപ്പിക്കാറുണ്ട്…..
അത്രത്തോളം മത്ത് പിടിപ്പിക്കുന്ന വികാരത്തെ എന്ത് പേരിട്ടു വിളിക്കണമെന്നെനിക്കറിയില്ല പക്ഷെ ഒന്ന് മാത്രമറിയാം ഇതിനോടകം തന്നെ എന്റെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു അവൾ….അത്രത്തോളം എന്റെ ചിന്തകളെ അവൾ സ്വാധീനിച്ചു….
അവളെ സ്വന്തമാക്കണം ഇനിയും ഉറക്കമില്ലാത്ത രാത്രികളെ പേറാനാവില്ല ……
തീർത്തും ഒറ്റക്കായ രാത്രികളിൽ എന്റെ ശിരസ്സ് ചൂടുപിടിപ്പിക്കുന്ന ചിന്തകളെ എനിക്ക് അവളോട് ചേർത്തലിയിക്കണം…..
പല നാടും നഗരവും അലഞ്ഞും തിരിഞ്ഞും വെട്ടിപ്പിടിച്ചും പണമുണ്ടാക്കി കാലങ്ങൾക്കിപ്പുറം തിരിച്ചു വന്നതു പോലും അവൾക്കു വേണ്ടിയാണ്……
അന്ന് രാത്രി മുറ്റത്തെ പാരിജാതത്തിന്റെ കീഴെ പഴയ ഓർമകളും മനസിലിട്ട് താലോലിച്ചു ചണം പിരിച്ച കട്ടിലിൽ ഞാൻ കിടന്നു …. വന്ന ദിവസം ഈ വീട്ടിലേക്കു കേറിയപാടെ പൊടി പിടിച്ചു കിടന്നിരുന്ന ഈ കട്ടില് എടുത്തു മരച്ചുവട്ടിലിട്ടു ഓർമ്മകൾ ഉറങ്ങുന്ന കട്ടിലിൽ പാരിജാത പൂക്കൾ വീണൊരു മണിമഞ്ചൽ തീർത്തിടട്ടെ …..
അതിലങ്ങനെ കിടക്കുമ്പോഴും ഒറ്റക്കാണെന്നുള്ള ചിന്ത എന്നെ അലട്ടിയില്ല …. ചുറ്റിലും ചീവീടുകൾ മത്സരിച്ചു നിലവിളിക്കുന്നുണ്ട്…..ആകാശം നിറയെ നക്ഷത്രങ്ങളും പൂർണ്ണ ചന്ദ്രനും…. പൂർണചന്ദ്രനിൽ ഞാൻ ചിരുതയുടെ ചിരി കാണുന്നു…….ഒരുപക്ഷെ അതാവണം ആ ഒന്നര സെന്റ് സ്ഥലത്തിലും പുരയിടത്തിലും ഞാൻ ഒറ്റക്കാണെന്ന ചിന്ത എന്റെ മനസിലേക്ക് കടന്നു വരാതിരിന്നത്….. പെട്ടന്ന് ഒരു പാരിജാതം ഉതിർന്ന് എന്റെ മുഖത്തു വന്നു വീണു ……. രാത്രിയിൽ പാരിജാതത്തിനു സുഗന്ധം കൂടും എന്ന് കേട്ടിട്ടുണ്ട്…..
ഇരുപത്തി നാലാം വയസിൽ തുടങ്ങിയ അനാഥത്വം അത് കാലങ്ങൾക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോൾ….. മിക്ക രാത്രികളിലും എന്റെ സ്വപനത്തിൽ വരാറുള്ള നിഗുഢമായൊരു ഗുഹാ കവാടം പോലെ കാണപ്പെടുന്നു ഗുഹക്കു പുറത്തു കൂട്ടുകാരുണ്ട്,നാട്ടുകാരുണ്ട് കൈപിടിച്ചു കയറ്റിയവരുണ്ട് ചവുട്ടി താഴ്ത്തിയവരുണ്ട്……..അതിനുള്ളിലേക്ക് ഒറ്റയ്ക്ക് നടന്നു നീങ്ങുമ്പോൾ കൂറ്റാക്കൂറ്റിരുട്ട് കണ്ണിൽ തറഞ്ഞു കയറുന്നു….പക്ഷെ ഗുഹക്കകമുള്ള വളഞ്ഞു പുളഞ്ഞ വഴി ചെന്ന് അവസാനിക്കുന്നതോ ഒരു തരി വെളിച്ചത്തിലും…അവിടെ വച്ച് സ്വപനം അവസാനിക്കാറുണ്ട് എന്തെ എനിക്ക് മുഴുവൻ കാണാൻ കഴിയാത്തത്…..എനിക്കുത്തരമില്ല.
രാത്രി എപ്പോഴോ ഏതോ യാമത്തിൽ ഉറങ്ങി പോയിരുന്നു …..പിറ്റേന്ന് ഉറക്കമുണർന്നത് കുഞ്ഞപ്പൻ ബ്രോക്കറുടെ വിളി കേട്ടാണ് അവൾക്കും അവളുടെ വീട്ടുകാർക്കും സമ്മതമാണ് പോലും ….. ഇതിത്ര പെട്ടന്ന് നടക്കുമെന്ന് ഞാനും കരുതിയിരുന്നില്ല……
എന്നെ അവളും ശ്രദ്ധിച്ചിരുന്നുവോ … ഞാനാണെന്ന് അറിഞ്ഞും സമ്മതിച്ചുവോ എനിക്കു വിശ്വസിക്കാനായില്ല അതോ പണം അവളുടെ കണ്ണിലും പൊടി ഇട്ടുവോ …. പണം അങ്ങനാണല്ലോ….ചില നേരത്തേക്കെങ്കിലും മനുഷ്യരുടെ കാഴ്ച മറക്കാൻ കെല്പുള്ളവൻ…
പിന്നീടെല്ലാം പെട്ടന്നായിരുന്നു …..എല്ലാം പെട്ടന്ന് ലഘുവായ ചടങ്ങിൽ നടത്തണം എന്ന എന്റെ ആവശ്യത്തിൽ അവളും വീട്ടുകാരും സമ്മതിക്കുകയായിരുന്നു…. അതികം വൈകാതെ തന്നെ അടുത്ത അമ്പലത്തിൽ വച്ചു ചെറിയൊരു ചടങ്ങിൽ ഞങ്ങൾ വിവാഹിതരായി……. എന്റെ വീട്ടിലേക്കു അവളെ കൈ പിടിച്ചു കയറ്റി….. അവളുടെ ബന്ധുക്കളും നാട്ടുകാരും പിരിഞ്ഞു പോയതിനു ശേഷം ….
എന്റെ വീട്ടിൽ വീണ്ടും നിശബ്ദത നിറഞ്ഞു …..
സന്ധ്യ മയങ്ങി തുടങ്ങിയപ്പോഴാണ് ഞാൻ ഒരു കാര്യമോർത്തത്…..ഞങ്ങൾ തമ്മിൽ ഒന്ന് മനസ് തുറന്നു സംസാരിച്ചിട്ടുപോലുമില്ല …..
എന്നെ ബോധിച്ചു തന്നെയാണോ സമ്മതം മൂളിയത് എന്ന് പോലും ഞാൻ ആരാഞ്ഞിട്ടില്ല ……
അകത്തളത്തിലെന്തോ ധൃതിയിൽ ഒരുക്കി കൊണ്ടിരുന്ന അവളെ ഞാൻ അരികിലേക്ക് വിളിച്ചു ……
” നമ്മൾ തമ്മിൽ പഴയൊരു കണക്കുണ്ട് ഓർമ്മയുണ്ടോ …???”
എന്റെ ചോദ്യം കേട്ടതും തല താഴ്ത്തി നിന്നിരുന്ന അവൾ എന്റെ മുഖത്തേക്കൊന്നു തുറിച്ചു നോക്കി ….
“ഇല്ല ഞാൻ ആദ്യായിട്ട് കണ്ടത് ബ്രോക്കർ ഫോട്ടോ കാണിച്ചപ്പോഴാണ്…”
ഒരുപാടു കാലങ്ങൾക്കു മുൻപ് നടന്ന കാര്യം അവളുടെ മനസ്സിന്റെ കോണിൽ ഒരു ചെറിയ അവശിഷ്ടമായി പോലും അവശേഷിക്കുന്നില്ല എന്ന് ഞാൻ മനസിലാക്കി …..
“നമുക്കാ പാരിജാതത്തിന്റെ ചുവട്ടിൽ പോയിരിക്കാം …”
എന്റെ ചോദ്യത്തിന് അവൾ ഒന്ന് തലകുലുക്കുക മാത്രം ചെയ്തു ….
ഞാൻ മര ചുവട്ടിലെ കട്ടിൽ ലക്ഷ്യമാക്കി നടന്നു അവൾ പുറകെയും…..ഓർമ്മകൾ ഉറങ്ങുന്ന ചണം പിരിച്ച കട്ടിലിൽ ഞാൻ ഇരുന്നു അവളെ അരികിലിരിക്കാൻ ആവിശ്യപ്പെട്ടു….
“ഒരുപക്ഷെ എന്നെ ഓർമകാണില്ലായിരിക്കും…. വെണ്മല സ്കൂളിലെ കഞ്ഞിവെപ്പുകാരി ദേവകിയമ്മയെ ഓർമ്മ കാണും ….”
“അറിയാം ഓർമയുണ്ട് …. “
“എന്റെ അമ്മ …
പിഴച്ചു പെറ്റവനെന്നും തന്തയില്ലാത്തവനെന്നും നാട്ടുകാരും സഹപാഠികളും കൂട്ടുകാരും കളിയാക്കിയപ്പോഴും വെറുപ്പായിരുന്നു എത്രെ ചോദിച്ചിട്ടും അച്ഛന്റെ പേര് പറഞ്ഞു താരാതിരുന്ന അമ്മയോട്
തള്ളിപറഞ്ഞിട്ടുണ്ട്, ആക്ഷേപിച്ചിട്ടുണ്ട് വെറുപ്പിച്ചിട്ടുണ്ട് …..ആട്ടി അകറ്റിയിട്ടുണ്ട് എന്നിട്ടും തിരിച്ചു സ്നേഹം മാത്രം തന്നിട്ടുള്ളു…മരിക്കുവോളം എനിക്കതു മനസ്സിലായില്ലെന്ന് മാത്രം ….സ്കൂളിൽ സ്വന്തം മോളെ പോലെ സ്നേഹിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്ന ചീരു പെണ്ണിനെ കുറിച്ച് ദിവസവും വന്നു വീട്ടിൽ പുലമ്പുന്നത് കേൾക്കാം…..
മോളായി ജനിപ്പിചൂടായിരുന്നോ എന്ന് ദൈവത്തോട് പരാതി പറയുന്നത് കേൾക്കാം …..
അങ്ങനെ ചെറുപ്പം മുതൽ കൂടിയതാണ് പെണ്ണെ എന്റെ ഉള്ളിൽ നിന്റെ പേരും രൂപവും …..
മാസങ്ങളും വർഷങ്ങളും കടന്നു പോയിട്ടും എന്റെ അമ്മക്ക് നിന്നോടുള്ള സ്നേഹത്തിനു മാത്രമൊരു കുറവും വന്നില്ല എന്തെന്നറിയില്ല എന്നേക്കാൾ ഇഷ്ടം അമ്മക്ക് നിന്നോടായിരുന്നു…..അതുകൊണ്ടു തന്നെയാണ് എവിടെ കണ്ടാലും ഓടി വന്നു ചേർത്ത് പിടിക്കാറുള്ളത്…..കൂടെ നിർത്തി കൊഞ്ചിക്കാറുള്ളത് …..
ഒരിക്കലൊരു ദിവസം നിന്നെ എന്റെ മരുമോളായി കൂട്ടി കൊണ്ട് വരാമോ എന്നൊരു ആഗ്രഹം എന്നോട് ചോദിച്ചു …..ഞാനന്ന് നിങ്ങൾക്ക് വേറെ പണിയില്ലേ തള്ളേ എന്നു പറഞ്ഞു ആട്ടിയെങ്കിലും….എന്റെ ഉള്ളിലും വല്ലാത്തൊരു ആഗ്രഹം തന്നെ ആയിരുന്നു കെട്ടിക്കൊണ്ടു മോളായി തന്നെ കയ്യിൽ കൊടുക്കണമെന്നത്…..
അതുകൊണ്ടു തന്നെയാണ് ഷാജോൺ ചേട്ടന്റെ വർഷോപ്പിൽ കൂലിക്കു നിന്നിരുന്ന ഞാൻ അർഹതപെട്ടതല്ല എന്നറിഞ്ഞിട്ടും ഒരു പ്രണയാഭ്യർത്ഥനയുമായി നാട്ടിലെ പ്രമാണിടെ മോൾടെ അടുത്തേക്ക് വന്നത് …..അന്ന് കീറിയ കൈലിയും ലൂണാർ ചെരുപ്പും മുഷിഞ്ഞ ഷർട്ടും ഇട്ടു വന്ന എന്നെ നിന്റെ ആങ്ങളമാരെ കാണിച്ചു പേടിപ്പിച്ചു
ഇപ്പോൾ ഓർമവന്നോ…..?
“ഉം …”
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു …. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ നല്ലതു പോലെ ഭയന്നിട്ടുണ്ടെന്നെനിക്കു തോന്നി കാരണം ആവൾ മരം കോച്ചുന്ന മകര തണുപ്പിലും വിയർക്കുന്നത് ഞാൻ കണ്ടു….
ഞാൻ അതൊന്നും കണ്ടില്ലെന്നു നടിച്ചു തുടർന്നു…
“പിന്നീട് നീ പോയതിനു ശേഷം അവർ എന്നെ പട്ടിയെ തല്ലുന്ന പോലെ തല്ലി ചതച്ചു …അതും പോരാത്തതിന് കൂടി നിന്ന നാട്ടുകാരുടെ തന്തയില്ലാത്തവനെന്ന കളിയാക്കലും കൂകിവിളിയും….ഓരോരുത്തന്മാർക്കു പ്രണയത്തിന്റെ പേരിലും ഇത്തിരി നേരത്തെ കാമത്തിന്റെ പേരിലും ഓരോന്നു കൊരുത്തിട്ടാൽ മതിയല്ലോ അനുഭവിക്കുന്നത് കൊരുത്തിട്ട ജീവനും ജീവൻ ചുമക്കുന്നവരുമല്ലേ …..”
എങ്ങോ നോക്കി ഉള്ളിലുള്ളത് മുഴുവൻ അവൾക്കു മുൻപിൽ തുറന്നപ്പോൾ അവൾടെ കണ്ണുകൾ പേമാരി കുത്തിയൊലിക്കുന്ന പോലെ ഒലിക്കുന്നതു കണ്ടു……
“വിഷമിക്കണ്ട എനിക്ക് പഴയ ദേഷ്യമൊന്നുമില്ല …..
ഞാൻ ഈ മടിയിലൊന്നു കിടന്നോട്ടെ ….. “
എന്റെ ചോദ്യം കേട്ടവൾ അമ്പരന്നിരിക്കണം അതാണ് എന്ത് ചെയ്യണം എന്ത് പറയണമെന്നറിയാതെ മിഴിച്ചു നോക്കി ഇരുന്നത്….
“ഞാൻ ഈ മടിയിൽ ഒന്ന് തലവെച്ചു കിടന്നോട്ടെ എന്ന് ….”
ഞാൻ ഒന്നുകൂടി ചോദ്യം ആവർത്തിച്ചു…..അമ്പരന്നു മിഴിച്ചു നിന്നവൾ പെട്ടന്ന് തന്നെ സാരി തുമ്പാൽ കണ്ണുകൾ തുടച്ചു ….എനിക്ക് കിടക്കാൻ മടി ഒരുക്കി …..
“കിടന്നോളു …”
അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ….
ആ മടിയിൽ തലവച്ചു ഞാൻ കിടന്നു …….
എനിക്കീ ഉടലിനോടുള്ളതൊരു ഭ്രമം തന്നെയാണ് മടിയിൽ തല വെച്ച് കിടക്കാനും കൈ കൊണ്ട് മുടി തലോടി താരാനും ആഗ്രഹിക്കുന്ന ഒരു തരം ഭ്രമം കാമത്തിലേക്കു വഴുതാത്തൊരു ഭ്രമം അമ്മ തൻ വാൽസല്യത്തിൻ ഭ്രമം …
പാരിജാതത്തിന്റെ പരിമളം നാസിക തുളഞ്ഞു കേറുന്നു …എന്റെ അമ്മ ചങ്കു പൊട്ടി ഇല്ലാതായ കട്ടിലിൽ അമ്മയുടെ അവസാന ആഗ്രഹം സാധിച്ച നിർവൃതിയിൽ ഞാൻ അവളുടെ മടിയിൽ മയങ്ങവേ ആ സ്വപനം വീണ്ടും എന്റെ ഉള്ളിൽ പൂത്തു ……
ഗുഹക്കുള്ളിലെ വളഞ്ഞു പുളഞ്ഞ വഴികൾ ചെന്നവസാനിക്കുന്നത് ഒരു തരി വെളിച്ചത്തിൽ ആ വെളിച്ചത്തിൽ അമ്മയുടെ ചിരിക്കുന്ന മുഖം……
കാലം തൻ ഘോര ശബ്ദത്തിൽ വിളിച്ചോതി ‘കൂടെ ഉണ്ട് കൂടെ തന്നെ ഉണ്ട് ‘
അതെ കൂടെ തന്നെ ഉണ്ട് ഞാൻ ഒറ്റക്കായിരുന്നില്ല ഇത്രയും കാലം…