അവൾ ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ സിന്ധു ചേച്ചീടങ്ങോട്ട് ചെല്ലാൻ പറയണേ, അവിടെ എടുത്ത് വച്ചിട്ടുണ്ട്…

Story written by Saji Thaiparambu

================

“മോൻ കുട്ടാ …ഡാ ,മോൻ കുട്ടാ…”

പുറത്ത് നിന്ന് വിളി കേട്ടപ്പോൾ ലക്ഷ്മി, ഉത്തമന്റെ മടിയിൽനിന്ന് ചാടിയെഴുന്നേറ്റു.

“നീയവിടിരിക്ക് ,ആരെയും കാണാത്തപ്പോൾ വന്നവൻ തിരിച്ച് പൊയ്ക്കൊളും “

രസച്ചരട് മുറിയാതിരിക്കാൻ ഉത്തമൻ ലക്ഷ്മിയെ പിടിച്ച് വലിച്ചു.

“നിക്ക് ഉത്തമാ..ഞാനൊന്ന് നോക്കിയിട്ട് വരാം. ആ സരസ്സുന്റെ മോനാണെന്ന് തോന്നുന്നു. മോൻകുട്ടന്റെ കൂട്ടുകാരനാ ഞാൻ ചെന്നില്ലെങ്കിൽ അവനിങ്ങോട്ട് കേറി വരും”

ലക്ഷ്മി ഭീതിയോടെ പറഞ്ഞു.

“ആ ത ന്ത യാരെന്ന് അറിയാത്തവനുമായിട്ടാണോ നിന്റെ മോന്റെ കൂട്ട് “

ഉത്തമന് അരിശം വന്നിരുന്നു.

പെ ഴ ച്ച ചെക്കന് വരാൻ കണ്ട നേരം

അയാൾ അവനെ ശപിച്ചു.

“എന്താ കണ്ണാ ,മോൻ കുട്ടൻ, ഇവിടില്ല, റേഷൻ വാങ്ങാൻ പോയിരിക്കുവാ “

ലക്ഷ്മി അവനോട് പറഞ്ഞു.

“ങ് ഹേ, ഇന്നെന്താ അവൻ പോയത്, എപ്പോഴും അവന്റെ അച്ഛനല്ലേ പോകുന്നത്, “

ഓഹ് , ഈ ചെക്കന്റെ  കാര്യം.

ലക്ഷ്മി മനസ്സിലോർത്തു.

“അത് പിന്നെ, അച്ഛന് ആധാർ കാർഡ് വാങ്ങാൻ പോകണമായിരുന്നു “

ലക്ഷ്മി അനിഷ്ടത്തോടെ പറഞ്ഞു.

“ങ്ഹേ, അപ്പോൾ അച്ഛ്നില്ലെ ഇവിടെ, പിന്നെ അകത്താരാ ലക്ഷ്മി ഏച്ചിയെ?”

ലക്ഷ്മി ഒന്ന് ഞെട്ടി.

ഈ ചെക്കൻ ഉത്തമന്റെ ശബ്ദം കേട്ട് കാണും.

“അത് പിന്നെ, നമ്മുടെ ഉത്തമൻ മേസ്തിരിയാ മോനെ ,അടുക്കളയിൽ കുറച്ച്, ടൈലിന്റെ പണി,ബാക്കിയുണ്ട്. അത് നോക്കാനായിട്ട് വന്നതാ, ഹി ഹി ഹി “

അത് പറഞ്ഞവർ വിളറിച്ചിരിച്ചു.

“ഉം..ശരി ഞാൻ പോണു ,പിന്നെ മോനിഷയ്ക്ക് പത്താം ക്ളാസ്സിലെ പഴയ ടെക്സ്റ്റ് വേണമെന്ന് പറഞ്ഞില്ലേ? അവൾ ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ സിന്ധു ചേച്ചീടങ്ങോട്ട് ചെല്ലാൻ പറയണേ, അവിടെ എടുത്ത് വച്ചിട്ടുണ്ട്,.ശരി ഞാൻ പോണ്.”

അത്രയും പറഞ്ഞ് ,മുഖം കറുപ്പിച്ച് കണ്ണൻ നടന്ന് പോയി.

“അവന് എന്തോ സംശയമുണ്ടെന്ന് തോന്നുന്നു “

അതും പറഞ്ഞാണ് ലക്ഷ്മി ഉത്തമന്റെ അടുത്തേക്ക് വന്നത്.

“ഓഹ് ,അവൻ സംശയിച്ചാൽ നമുക്കെന്താ, ആ, സരസ്സൂന്, പെ ഴച്ചുണ്ടായോനല്ലേ…അവൻ പറഞ്ഞാൽ ആര് വിശ്വസിക്കാനാ. നീ ഇങ്ങോട്ട് വന്നിരിക്ക്”

അയാൾ തിടുക്കം കാട്ടി.

“അയ്യോ ഇന്നിത്രയും മതി ,മോള് ,ഇപ്പോൾ ട്യൂഷൻ കഴിഞ്ഞ് വരും പൊയ്ക്കോ, ഇനി അടുത്ത ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഇത് പോലെ ഞാൻ സാഹചര്യം നോക്കി വിളിക്കാം,അപ്പോൾ വന്നാൽ മതി.”

ലക്ഷ്മി പേടിയോടെ പറഞ്ഞു .

“ഓഹ് നാശം ,ഇന്ന് ഒന്നുമായില്ല, ദേ അടുത്താഴ്ച പലിശ സഹിതം ഇങ്ങ് തന്നേക്കണേ”

അതും പറഞ്ഞയാൾ ഒരു വഷളൻ ചിരി ചിരിച്ചു ,പുത്തേക്കിറങ്ങി പോയി.

ദിവസങ്ങൾ കടന്ന് പോയി.

രണ്ട്ആഴ്ച്ചയായി തിമിർത്ത് പെയ്തിരുന്ന, കാലവർഷവും തല്കാലം വിട പറഞ്ഞു.

മഴക്കാലത്ത് സ്തംഭിച്ചിരുന്ന തൊഴിൽ മേഖലകൾക്കെല്ലാം പുതിയ ഉണർവ്വ് വന്നു. ലക്ഷ്മി തൊഴിലുറപ്പിനും, ഭർത്താവ് ദിവാകരൻ കൂലിപണിക്കുപോയി.

പ്രളയം കാരണം മാറ്റിവച്ച ഓണപ്പരീക്ഷയ്ക്ക് വേണ്ടി വീട്ടിലിരുന്ന് പഠിക്കുന്ന മോനിഷയെ ശ്രദ്ധിച്ചോളണെ, എന്ന് മോൻ കുട്ടനോട് ചട്ടം കെട്ടിയിട്ടാണ് ,ലക്ഷ്മി പോയത്.

പക്ഷേ,ക്രിക്കറ്റ് ഭ്രാ ന്തനായ മോൻ കുട്ടന്, അന്ന് വൺഡേ മാച്ച് ടി വി യിലുണ്ടെന്നറിഞ്ഞ്, പോകാൻ കഴിയാതെ ഇരിപ്പുറയ്ക്കുന്നില്ലായിരുന്നു.

അവന്റെ ആ വെപ്രാളം കണ്ട് മോനിഷ പറഞ്ഞു.

“ഏട്ടൻ വേണോങ്കി പോയ്ക്കോ ,പക്ഷേ അമ്മ വരണേന് മുമ്പ് ഇങ്ങ് വന്നേക്കണേ? അല്ലേ അമ്മേടെ കയ്യീന്ന് നല്ലത് കിട്ടും അറിയാല്ലോ”

“നീയെന്റെ മുത്താടീ”

അതും പറഞ്ഞ് പെങ്ങൾക്ക്, കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തിട്ട്,അവൻ ക്രിക്കറ്റ് കളി കാണാനായി,ദൂരെയുള്ള ഫിലിപ്പ് സാറിന്റെ വീട്ടിലേക്കോടി.

അക്കാലത്ത്, ആ ഗ്രാമത്തിൽ ഫിലിപ്പ് സാറിന്റെ പോലുള്ള, മൂന്നോ നാലോ വീട്ടിലെ ടെലിവിഷൻ ഉള്ളു.

*******************

“കണ്ണാ…നീ ചെന്ന്, ലക്ഷ്മി ചേച്ചീടെ വീട്ടീന്ന്, ഒരു മുറി തേങ്ങാ വാങ്ങിച്ചോണ്ട് വാ ,അടുത്ത പ്രാവശ്യം സാധനം മേടിക്കുമ്പോൾ തിരിച്ച് കൊടുക്കാന്ന് പറ”

സരസ്സു മകനോട് വിളിച്ച് പറഞ്ഞു.

“ഓഹ് എന്ത് നാണക്കേടാണമ്മേ? എപ്പഴും എപ്പഴും അവിടെ പോയി, ഓരോരോ സാധനങ്ങൾ വാങ്ങാൻ എനിക്ക് വയ്യ “

അവൻ, മടിയോടെ പറഞ്ഞു.

“അരയ്ക്കാൻ തീരെയില്ലാഞ്ഞിട്ടല്ലേ മോനെ ,നീ വലുതായി നിനക്കൊരു ജോലിയായി കഴിഞ്ഞാൽ പിന്നെ നമ്മുടെ ഈ കഷ്ടപ്പാടുകളൊക്കെ മാറും”

അവർ ശുഭപ്രതീക്ഷയോടെ പറഞ്ഞു.

“ഉം, ഇപ്രാവശ്യം കൂടെയുള്ളു കെട്ടോ,ഇനി എന്നോട് ഒന്നും പറയല്ലേ?”

അവൻ മനസ്സില്ലാ മനസ്സോടെ ലക്ഷ്മിയുടെ വീട് ലക്ഷ്യമാക്കി നടന്നു.

നിറയെ ,വെള്ളക്കെട്ടുകൾ നിറഞ്ഞ ആ ഗ്രാമത്തിലെ ഒരു പാട് തുരുത്തുകൾ ഉള്ള , ഒരു ഒറ്റപ്പെട്ട് നില്ക്കുന്ന തുര്ത്തിലാണ് ലക്ഷ്മിയുടെ വീട്.

കണ്ണന്റ വീട്ടിൽ നിന്നാൽ അവ്യക്തമായി കാണാൻ കഴിയുമെങ്കിലും വലിയ ഒരു തോടിനെ വലം വച്ച് വേണം അവിടെ ചെല്ലാൻ…

കണ്ണൻ, ലക്ഷ്മിയുടെ വീടിന്റെ, വള്ളിച്ചെടികൾ പടർന്ന് നില്ക്കുന്ന, വേലിയുടെ തട്ടിക വാതിൽ തളളി തുറന്ന്, മുറ്റത്ത് ചെന്നപ്പോൾ, അകത്ത് നിന്നും ഒരു നിലവിളി, പാതിയിൽ മുറിഞ്ഞ പോലെ അവൻ കേട്ടു.

ജിജ്ഞാസയോടെ അവൻ ഇളം തിണ്ണയിലേക്ക് കയറി കാത് കൂർപ്പിച്ചു.

“അടങ്ങികിടക്കെടീ, ഇല്ലെങ്കിൽ കൊ ന്നുകളും ഞാൻ “

അകത്ത് നിന്നും ഒരു പുരുഷന്റെ ഭീഷണിയുടെ സ്വരം.

അത് മോൻകുട്ടനോ, ദിവാകരേട്ടനോ, അല്ല.

കണ്ണന് എന്തോ പന്തികേടുള്ളത് പോലെ തോന്നി.

അവൻ വേഗം അകത്തേയ്ക്ക് കയറി.

അപ്പോൾ കണ്ട കാഴ്ച്ച. അവന്റെ സിരകളിൽ അഗ്നി പടർത്തി.

തന്റെ ചങ്കിന്റെ പെങ്ങളെ, അല്ല തന്റെ പെങ്ങൾ മോനിഷയെ, ഒരു ക ശ് മല ൻ പി ച്ചി ച്ചീ ന്താൻ ശ്രമിക്കുന്നു.

മോനിഷ, അവളെ ചുംബിക്കാൻ ഒരുങ്ങിയ, അയാളുടെ മുഖം, രണ്ട് കൈകൾ കൊണ്ടും ശക്തിയായി പിടിച്ച്, ഒരു വശത്തേയ്ക്ക് തിരിച്ചപ്പോൾ ,ആ മുഖം കണ്ണൻ തിരിച്ചറിഞ്ഞു.

കലി കയറിയ കണ്ണൻ സർവ്വശക്തിയുമെടുത്ത്, വലത് കാൽ പൊക്കി ,ഉത്തമനെ, ആഞ്ഞ് തൊഴിച്ചു.

അപ്രതീക്ഷിതമായ പ്രഹരമേറ്റ് അയാൾ കട്ടിലിന്റെ മറുവശത്തേക്ക് തെറിച്ച് പോയി, തല ചുമരിലെ തൂണിൽ ശക്തിയായി അടിച്ചു.

തല മരവിച്ച് പോയ അയാൾ വേച്ച് വേച്ച് എഴുന്നേല്കുമ്പോഴേക്കും ,ലക്ഷ്മി അവിടേക്ക് കടന്ന് വന്നു.

“എന്താ.. എന്ത് പറ്റി “

ലക്ഷ്മി ഉത്ക്കണ്ഠയോടെ ചോദിച്ചു.

“അമ്മേ ഇയാളെന്നെ ഉപദ്രവിക്കാൻ നോക്കി, ഈ കണ്ണേട്ടൻ വന്നത് കൊണ്ടാമ്മേ ഞാൻ രക്ഷപെട്ടത് “

മോനിഷ, വിതുമ്പി കൊണ്ട് ലക്ഷ്മിയെ കെട്ടിപ്പിടിച്ചു.

“എടാ ദ്രോഹീ….”

സകല നിയന്ത്രണവും വിട്ട ലക്ഷ്മി,കയ്യിലിരുന്ന കൈക്കോട്ട് കൊണ്ട്, ഉത്തമനെ അടിക്കാനായി ആഞ്ഞ് വീശി.

“വേണ്ടാ “

കണ്ണൻ പെട്ടെന്ന് അവരെ തടഞ്ഞു.

“അയാൾക്കു് വേണ്ടത്, തത്ക്കാലം ഞാൻ കൊടുത്തിട്ടുണ്ട്. “

“പിന്നെ ,ഒരിക്കൽ നാ യ് ക്ക ളെ വീട്ടിനകത്ത് കയറ്റി ചോറ് കൊടുത്താൽ,പിന്നീട് അവറ്റകൾ രുചി കൂടിയ ഭക്ഷണത്തിനായി, യജമാനന്റെ അനുവാദത്തിനായി കാത്ത് നില്ക്കില്ല.

കണ്ണിൽ കണ്ടതൊക്കെയും തിന്ന് തീർക്കും , ഇനിയെങ്കിലും ഇത്തരം അക്രമകാരികളായ നാ യ് ക്ക ളെ തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ ചോറ് കൊടുക്കാൻ നില്ക്കാതെ വേലിക്ക് പുറത്ത് കാണുമ്പോഴെ കല്ലെറിഞ്ഞ് ഓടിക്കുക.

ഇനിയും ഞാൻ വ്യക്തമാക്കണ്ടല്ലോ, അല്ലേ?’

അവന്റെ ചോദ്യത്തിന് മുന്നിൽ ചൂളിപ്പോയ അവർ കണ്ണന്റെ മുഖത്ത് നോക്കാൻ കഴിയാതെ കുറ്റബോധത്തോടെ നിന്നു.

“ഇനിയെന്ത് കാണാനാ ഇറങ്ങിപ്പോടോ ഒന്ന് “

ഉത്തമനെ തള്ളിപ്പുറത്താക്കി കണ്ണനും പുറകെ ഇറങ്ങി.

~സജിമോൻ തൈപറമ്പ്