നീ ഇങ്ങനെ ഇതിനകത്ത് നിന്ന് കുളിച്ചോ. ആൾക്കാര് എക്സോസ്റ്റിലൂടെ ഒക്കെയാണ് ഒളിഞ്ഞു നോക്കാൻ…

ഒരു കുളി സീനായ കഥ

എഴുത്ത്: അനുശ്രീ

=================

കെട്ടിയോന്റെ കുളി, ഒരു കാക്ക കുളിയാണ്.‌ കുളിമുറിയിലേക്ക് കയറുന്നതും ഇറങ്ങുന്നതും ഒരു മിനിറ്റിനുള്ളിൽ നടക്കുന്ന വിസ്മയമാണ്. ഇനി ഇങ്ങേര് കുളിക്കുന്നുണ്ടോ എന്നുപോലും എനിക്ക് സംശയം തോന്നാറുണ്ട്.

കുളിച്ചിറങ്ങിയാലോ, അടുക്കള തൊട്ട് അങ്ങ് കിടപ്പുമുറി വരെ നടന്നുപോയ വഴികളിലൂടെ ഭാരതപ്പുഴ ഒഴുകും. എൻറെ കയ്യിൽ നിന്ന് എത്ര ചീത്ത കിട്ടിയാലും, ദിവസവും ഇതുതന്നെയാണ് പരിപാടി, ഈ ഒരു മിനിറ്റ് കൊണ്ട് ഇതിനുമാത്രം വെള്ളം ഇങ്ങേര് എങ്ങനെയാണ് ഈ ശരീരത്തിൽ കൊള്ളിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

അങ്ങേരുടെ ഈ കാക്ക കുളി എങ്ങനെയാണെന്ന് കാണാൻ മനസ്സിൽ ഒരു ക്യൂരിയോസിറ്റി തോന്നി. അറിയണമല്ലോ, ഒരു മിനിറ്റ് കൊണ്ട് എങ്ങനെ സോപ്പ് തേച്ച് കുളിച്ചു പുറത്തിറങ്ങുന്നത് എന്ന്.

പിറ്റേന്ന് കുളിക്കാൻ കയറുന്നതിനു മുമ്പ് തന്നെ, കുളിമുറിയുടെ പിറകുവശം എക്സോസ്റ്റിലൂടെ നോക്കാൻ പാകത്തിന് കല്ലൊക്കെ വച്ച് തയ്യാറെടുപ്പ് നടത്തി.

മൂപ്പര് കുളിക്കാൻ കയറിയതും, ഓടിച്ചെന്ന് കല്ലിനു മുകളിൽ കയറി എക്സോസ്റ്റിൽ പിടിച്ചതെ ഓർമ്മയുള്ളൂ..

പട പ്ടോ..ലീഫിൽ കൈകുരുഞ്ഞി ആകെ പൊടി മഴയായിരുന്നു. മുഖത്തും തലയിലും മൊത്തം പൊടിയായി. കൈവിരലിൽ ആണെങ്കിൽ സഹിക്കാൻ കഴിയാത്ത വേദനയും. ബാത്റൂമിനകത്തുനിന്നും മൂപ്പരുടെ വലിയ നിലവിളിയും.

ആരഡ…

അത് കേട്ടതും ഞാൻ ജീവനും കൊണ്ട് ഓട്ടം തുടങ്ങി.

മൂപ്പര് ബാത്റൂമിന് അകത്തുനിന്നും എന്തൊക്കെയോ വലിയ ശബ്ദത്തിൽ പിറുപിറുക്കുന്നുണ്ടായിരുന്നു. ഇറങ്ങുന്നതിനു മുമ്പ് അടുക്കളയിൽ ചെന്ന് മുഖത്തും തലയിലും പറ്റിയ പൊടികളൊക്കെ കഴുകി വൃത്തിയാക്കി.

വലിയ ശബ്ദത്തിൽ ബാത്റൂമിന്റെ വാതിൽ തുറന്നുകൊണ്ട് മൂപ്പര് പുറത്തിറങ്ങി പറഞ്ഞു.

ഒന്നിലും നിനക്ക് ശ്രദ്ധ വേണ്ട. നീ ഇങ്ങനെ ഇതിനകത്ത് നിന്ന് കുളിച്ചോ. ആൾക്കാര് എക്സോസ്റ്റിലൂടെ ഒക്കെയാണ് ഒളിഞ്ഞു നോക്കാൻ വരുന്നത്. അതും ഈ പട്ടാപ്പകൽ.

തോർത്തുമുണ്ട് മാത്രം ഉടുത്തിരുന്ന മൂപ്പര് നേരെ പുറത്തിറങ്ങി. ബാത്റൂമിന് പിറകിൽ വച്ച കല്ല് കൂടി കണ്ടപ്പോൾ അങ്ങേരുടെ ദേഷ്യം മൂത്തൂ…

പോലീസിൽ അറിയിക്കണം എന്നായി തീരുമാനം. എൻറെ നെഞ്ചാണെങ്കിൽ ആപ്പെ ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്തതുപോലെ പടപടാ പിടക്കാൻ തുടങ്ങി. കയ്യാണെങ്കിൽ ഒടുക്കത്തെ വേദനയും. പോലീസ് വന്ന് ഫിംഗർ പ്രിൻറ് കണ്ടെത്തി എന്നെ പിടിച്ചു കൊണ്ടു പോയി പത്രത്തിലും ന്യൂസിലും ഒക്കെ വാർത്ത വരുന്നത് പോലും ഒരു നിമിഷം കൊണ്ട് ഞാൻ ഭയത്തോടെ ആലോചിച്ചു പോയി.

ഒടുവിൽ എങ്ങനെയൊക്കെ പറഞ്ഞ് ഞാൻ ആളെ തണുപ്പിച്ചു.

പിന്നെ ഞാൻ കുളിക്കാൻ പോകുമ്പോഴൊക്കെ വീട്ടിന് ചുറ്റും മൂപ്പര് കാവൽ നിൽക്കാൻ ആരംഭിച്ചു. വഴിയെ നടന്നു പോകുന്ന പിള്ളേരെയൊക്കെ ചുമ്മാ അതും ഇതും പറയാൻ തുടങ്ങി..

രാത്രി കിടക്കാൻ നേരം ചെറിയ ശബ്ദം കേട്ടാൽ മതി, വടക്ക് നോക്കി യന്ത്രത്തിലെ ശ്രീനിവാസനെ പോലെ വീടിന് ചുറ്റും ടോർച്ച് ലൈറ്റും ആയി മൂപ്പര് തെക്ക് വടക്ക് നടക്കാൻ തുടങ്ങും.

തുറന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ..പക്ഷേ ഞാൻ പറയില്ല. കാരണം ഇപ്പോൾ മൂപ്പർക്ക് ഒടുക്കത്തെ കെയറിങാണ്.

~അനുശ്രി…