ഏട്ടന് സ്വന്തമെന്ന് ചൊല്ലാൻ അവിടെ ഒന്നുമില്ലെങ്കിൽ ഞാൻ പോയി താമസിച്ചോളാം അവിടെ…

അവകാശം

Story written by Jolly Shaji

=================

“ഏട്ടാ പ്രായമായ അച്ഛനെയും അമ്മയെയും ഒറ്റക്കാക്കി ഏട്ടൻ ഏട്ടത്തിക്കൊപ്പം അവരുടെ വീട്ടിലേക്ക് താമസം മാറിയത് മോശമായി പോയി…”

“സ്വന്തമെന്ന് അവകാശപെടാൻ ഒന്നുമില്ലാത്ത ആ വീട്ടിൽ താമസിച്ച് വാടക കൊടുത്തു മുടിയാൻ എനിക്കാവില്ല…”

“ഏട്ടന് സ്വന്തമെന്ന് ചൊല്ലാൻ അവിടെ ഒന്നുമില്ലെങ്കിൽ ഞാൻ പോയി താമസിച്ചോളാം അവിടെ…”

“ചെല്ല് ചെല്ല് ശ്വസിക്കുന്ന വായുവിന് പോലും വിലയിടുന്നവരാണ്‌ ആ വീടിന്റെ ഉടമസ്ഥർ…”

“എല്ലാം അറിഞ്ഞിട്ടും ഏട്ടൻ അവരെ ഒറ്റക്കാക്കി പോയി… “

“പോകേണ്ടി വന്നു…എന്റെ സ്വന്തം മക്കളുടെ ഭാവി എനിക്ക് നോക്കേണ്ടേ…”

“നോക്കണം ഏട്ടാ.. എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം അതാണ് സ്വന്തം മക്കളെ നോക്കണമെന്നും അവർക്കൊപ്പം മരിക്കുവോളം കഴിയണമെന്നും…”

“അതുകൊണ്ടാണ് ഞാൻ അവിടുന്ന് ഇറങ്ങിയത്…”

“എങ്കിൽ ആ വീട്ടിലേക്ക് ഞാൻ കയറുകയാണ്…എന്റെ സ്വന്തമെന്ന് അവകാശപ്പെടാൻ അർഹതയുള്ള രണ്ടു മനുഷ്യജീവനുകൾ അവിടെ ജീവിച്ചിരിപ്പുണ്ട്..”

“നിനക്കുമില്ലേ ഒരു കുടുംബം…അവരെ സംരക്ഷിക്കേണ്ടേ നിനക്ക്…നിന്റെ കുഞ്ഞുങ്ങളുടെ ഭാവി നോക്കേണ്ടേ നീ പ്രായമായ അച്ഛനെയും നോക്കി അവരെ മറക്കരുത്….”

“കഷ്ടം ആ അച്ഛനും അമ്മയ്ക്കും നമ്മളെ പോലെ ഒരു കാലം ഉണ്ടായിരുന്നു…അന്നവർ നമ്മളെ മറന്നോ….അവരുടെ മാതാപിതാക്കളെ തള്ളിക്കളഞ്ഞോ….”

“നിനക്കെന്നും ന്യായങ്ങൾ ഒരുപാട് ഉണ്ടാവും എന്തിനും…എനിക്ക് എന്റെ കുട്ടികളും കുടുംബവുമാണ് വലുത്…അതുകൊണ്ട് ഞാൻ പോകുന്നു…”

“പൊയ്ക്കോളൂ…ഒന്നുകൂടി ഏട്ടൻ ഓർക്കണം…ഏട്ടനെ പഠിപ്പിച്ച് ഇന്നത്തെ ഈ പൊസിഷനിൽ എത്തിക്കാൻ കൂടിയാണ് ഉണ്ടായിരുന്ന കിടപ്പാടം അച്ഛന് വിൽക്കേണ്ടി വന്നത്…”

“അതിൽ ഒരു വീതം തന്നല്ലേ നിന്റെ വിവാഹം നടത്തിയത്…”

“അത് മറന്നിട്ടും ഇല്ല മറക്കുകയും ഇല്ല…അതുകൊണ്ടാണ് ഇന്ന് അവരെ ചേർത്തു പിടിക്കാൻ എന്റെ കരങ്ങൾക്ക് ശക്തിയുണ്ടായത് എന്ന നല്ല ബോധ്യവും എനിക്കുണ്ട്….ഇനി ഒരു ബന്ധം പറഞ്ഞ് ഏട്ടനെ ബുദ്ധിമുട്ടിക്കാൻ എന്റെ അച്ഛനും അമ്മയും വരില്ല്യ….ആ തണൽ നഷ്ടപ്പെടും വരെ അതിന്റെ കീഴിൽ ഞാൻ കഴിഞ്ഞോളാം…”

അവൾ തന്റെ സ്വന്തങ്ങൾ പന്തലിച്ചു നിൽക്കുന്ന ആ പൂവാടി ലക്ഷ്യമാക്കി ധൈര്യപൂർവ്വം ആ വാടക വീടിനുള്ളിലേക്ക് നടന്നു..

~ജോളി ഷാജി…