സ്നേഹക്കൂട്…
Story written by Praveen Chandran
================
“അനിലേട്ടാ എനിക്ക് പേടിയാവുന്നു..അവൾ നമ്മെ വിട്ട് പോകുമോ?” അവർക്ക് ടെൻഷൻ കൂടി വന്നു…
“നീ പേടിക്കണ്ട..അവൾ നമ്മുടെ സ്വന്തം അച്ചുവല്ലേ..അവൾക്കങ്ങനെ നമ്മെ വിട്ട് പോകാനൊക്കുമോ?”.. അയാൾ അവരെ ആശ്വസിപ്പിച്ചു..
അവരുടെ ഏക മകളാണ് അച്ചു..അവർക്ക് അവളെ ജീവനാണ്..അവൾക്ക് തിരിച്ചും അങ്ങി നെത്തന്നെയായിരുന്നു..
പക്ഷെ ഈയിടെയാണ് അപ്രതീക്ഷിതമായി അവളുടെ ഫോണിലെ ഒരു മെസ്സേജ് അവർ കാണാനിടയായത്..
അവളെല്ലാ കാരൃങ്ങളും തങ്ങളോട് തുറന്ന് പറയായറുളളതാണ്..എന്നിട്ടും അവൾ ഒരാളുമായി പ്രണയത്തിലാണ് എന്നത് തങ്ങളറിയാതെ പോയി എന്നത് അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു….
ഈയിടെയാണ് അവളുടെ കല്ല്യാണം ഉറപ്പിച്ചത്..അപ്പോൾ പോലും ഒരു വാക്കവൾ പറയാത്തതോർത്ത് അവർ അത്ഭുതപ്പെട്ടു..
“ആനന്ദ്..നാളെ രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷം ഞാനിറങ്ങി വരാം..നമ്മൾ സ്വപ്നം കണ്ടിരുന്ന നമ്മളുടേത് മാത്രമായ ആ ലോകത്തേക്ക് എന്നെ കൊണ്ടുപോകാമോ ആനന്ദ്..”
അതായിരുന്നു അവരെ നടുക്കിയ ആ മെസ്സേജ്
അത് കണ്ടതും അവരുടെടെ മനസ്സ് പിടഞ്ഞു.. തന്റെ പൊന്നുമോൾ തങ്ങളുടെയെല്ലാം സ്വപ്നങ്ങൾ തകർത്തെറിഞ്ഞ് മറ്റാരുടേയോ കൂടെ പോകാൻ നിൽക്കുന്നു..എങ്ങിനെ പ്രതികരിക്കണമെന്നറിയാതെ അവർ കുഴങ്ങി…
ഇരുട്ടിന് ശക്തികൂടിക്കൊണ്ടിരുന്നു..
“ആനന്ദ് ഞാൻ ഉടൻ ഇറങ്ങും..” അവൾ ഫോൺ കട്ട് ചെയ്ത് ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി..
അതിനിടെ ടേബിളിൽ ഇരിക്കുന്ന അവരുടെ ഫാമിലി ഫോട്ടോയിൽ അവളുടെ കണ്ണുകൾ ഉടക്കിനിന്നു..ഒരു നിമിഷം അവൾ അതിലേക്കൊന്നു നോക്കി..
കയ്യിലുളള ലെറ്റർ ആ ഫോട്ടോയുടെ പുറകിൽ വയ്ക്കാൻ ശ്രമിക്കുമ്പോഴാണ് ആ ചെറിയ ബോക്സ് അവളുടെ ശ്രദ്ധയിൽപെട്ടത്..
അതിൽ ഒരു താക്കോൽ ആയിരുന്നു…കൂടെ ഒരു കുറിപ്പും..അതിൽ ഇങ്ങനെ എഴുതിയിരുന്നു..
“മോളേ ഇത് അച്ഛൻ നിനക്കായ് സൂക്ഷിച്ചിരുന്ന “സ്നേഹക്കൂടിന്റെ” താക്കോലാണ്..പോകുന്നതിന് മുമ്പ് മോളാ മുറി ഒന്നു തുറന്നു കാണണം..”
അവളുടെ കൈകൾ വിറച്ചു.. എല്ലാം അവരറിഞ്ഞിരിക്കുന്നു..
“സ്നേഹക്കൂട്” അതെ തനിത്രനാളും ആകാംക്ഷയോടെ കാത്തിരുന്ന ആ മുറിയുടെ താക്കോൽ ഇപ്പോഴിതാ തന്റെ കയ്യിൽ..തന്റെ കല്ല്യാണ ദിവസം തനിക്ക് തരാനുളള ഗിഫ്റ്റ് ആണ് ആ മുറിക്കുളളിൽ എന്നാണ് അച്ഛൻ തന്നോട് പറഞ്ഞിരുന്നത്…
അവൾക്ക് ഭയത്തോടൊപ്പം ആകാംക്ഷയും വർദ്ധിച്ചു..
അങ്ങനെ അവളാ മുറിതുറന്നു…അവളുടെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല…എത്ര മനോഹരമായാണ് ആ മുറി അലങ്കരിച്ചിരിക്കുന്നത്..
അവൾക്കിഷ്ടമുളള പിങ്ക് നിറത്തിലുളള ആ ചുമരിൽ അവളുടെ ജനനം മുതൽക്കുളള ഫോട്ടോസ് പടി പടിയായി വച്ചിരിക്കുന്നു..അവൾ പതുക്കെ ഉളളിലേക്ക് നടന്നു..
മണിയറപോലെ അലങ്കരിച്ചിരുന്നു അവിടം..ഒരു ഷെൽഫിനുളളിൽ അവൾ ചെറുപ്പം മുതൽ ധരിച്ചിരുന്ന ഡ്രസ്സുകൾ അടക്കി വച്ചിരിക്കുന്നു…
മറ്റൊരു ഷെൽഫിനുളളിൽ അവളുടെ ടോയ്സ് എല്ലാം അതേപടി സൂക്ഷിച്ചിരിക്കുന്നു..അവൾക്കിഷ്ടമുളള പെർഫ്യൂം മുതൽ ചെരിപ്പ് വരെ മറ്റൊരു ഷെൽഫിനുളളിൽ ഉണ്ടായിരുന്നു..
അവളുടെ കണ്ണുകൾ ഈറനണിയാൻ തുടങ്ങി..
ബെഡ്ഡിൽ കിടക്കുന്ന ലാപ്ടോപ്പിനു മുകളിലെ കവറിലേക്ക് അവളുടെ ശ്രദ്ധ തിരിഞ്ഞു…
കവർ തുറന്നതും അതിൽ ഒരു യു.എസ്.ബിയും ഒരു കുറിപ്പുമുണ്ടായിരുന്നു..
കുറിപ്പിൽ ” യു.എസ്.ബി പ്ലെ ചെയ്യുക” എന്നെഴുതിയത് കണ്ടാണ് അവൾ അത് പ്ലെ ചെയ്തത്..
അവളുടെ ഓരോ വളർച്ചയുടേയും വിവിധ ഘട്ടങ്ങളായിരുന്നു അതിൽ..
അവൾ ആശ്ചരൃത്തോടെ അതിലേറെ അത്ഭുതത്തോടെ അത് നോക്കിയിരുന്നു…
“അവൾ ജനിച്ച നിമിഷങ്ങളോടെയാണ് വീഡിയോയുടെ തുടക്കം…അവരുടെ മുഖത്ത് നിന്ന് തന്നെ അവൾക്ക് മനസ്സിലായി ആ സന്തോഷത്തിന്റെ ആഴം…
അമ്മയുടെ മു ലപ്പാൽ കുടിച്ച് മയങ്ങുന്ന അവളുടെ കുഞ്ഞിക്കയ്യിൽ ചുംബിച്ചു കൊണ്ട് തലോടുന്ന അച്ഛൻ..
ദേഹത്ത് മുഴുവൻ ചുവന്ന പാടുകൾ കൊണ്ട് തടിച്ചപ്പോൾ ആധിയോടെ പ്രാത്ഥിക്കുന്ന അമ്മ..
അവളാദൃമായി മുട്ടുകുത്തി നടക്കാൻ തുടങ്ങിയ പ്പോൾ അതുപോലെ മുട്ടുകുത്തി നടന്ന് അവളെ രസിപ്പിക്കുന്ന അച്ഛൻ..
അച്ഛന്റെ കൈ പിടിച്ച് അവൾ ആദൃമായി പിച്ച വച്ച് നടക്കാൻ തുടങ്ങിയത്..
അവളുടെ ആദൃ പിറന്നാൾ…എടുത്ത് കൊണ്ടു നടന്ന് കിളികളേയും മറ്റും കാണിച്ച് അമ്മ അവളുടെ കുഞ്ഞിവായിൽ ഭക്ഷണം വച്ചു കൊടുക്കുന്നത്..
കഥകൾ പറഞ്ഞ് അവളെ ഉറക്കുന്ന അച്ഛൻ..അവൾ ആദൃമായി സംസാരിക്കാൻ തുടങ്ങിയപ്പോൾ അവർക്കുണ്ടായ സന്തോഷ നിമിഷങ്ങൾ..
അവൾ ആദൃമായി സ്കൂളിൽ പോകുന്നത്.. അവരെ കാണാതെ സ്കൂളിൽ ഇരിക്കാൻ മടികാട്ടിയ അവളെ എടുത്ത് തോളത്ത് വച്ച് കൊണ്ട് വരുന്ന അച്ഛൻ..
സ്കൂളിലെ പ്രോഗ്രാമിന് ആദൃമായി അവൾ പാട്ട് പാടിയത്..ഡാൻസ് കളിച്ചത്…
അങ്ങനെ അവളുടെ ജീവിതത്തിലെ ഇന്നു വരെയുളള മധുരമായ നിമിഷങ്ങൾ കോർത്തിണക്കിയ മനോഹരമായ വീഡിയോസ്..
ഇത്രയും കാലം ഇതൊന്നും അവളെ കാണിക്കാതെ സർപ്രൈസാക്കി ഒളിപ്പിച്ച് വച്ചിരിക്കുകയായി രുന്നു അവർ..
അത് മുഴുവൻ കണ്ടുകഴിഞ്ഞതും അവൾ പൊട്ടിക്കരഞ്ഞു പോയി..
അവളോടുളള മാതാപിതാക്കളുടെ സ്നേഹത്തിന്റെ ആഴം അവൾ അനുഭവിച്ചറിയുകയായിരുന്നു ആ വീഡിയോസിലൂടെ..താൻ ചെയ്ത തെറ്റിനെക്കുറിച്ചോർത്ത് അവൾ പാശ്ചാതപിക്കാൻ തുടങ്ങിയിരുന്നു..
ആ സമയത്താണ് ആനന്ദിന്റെ കോൾ..കോൾ കട്ട് ചെയ്ത്കൊണ്ട് തിരിച്ച് അവന് മറുപടി അയച്ചു അവൾ..
“സോറി ആനന്ദ്..എനിക്ക് വരാൻ കഴിയില്ല..”
ഫോൺ വലിച്ചെറിഞ്ഞ് അവൾ നേരെ അവരുടെ മുറിയിലേക്കോടി…
ഉറക്കം നടിച്ചു കിടക്കുകയാണെന്ന് അവർ എന്ന് അവൾക്കു മനസ്സിലായി..
“എന്നോട് ക്ഷമിക്കണം അച്ഛാ..അമ്മേ” അവരുടെ കാലിൽ പിടിച്ചുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞു..
“പോട്ടെ മോളേ…നീ ഞങ്ങടെ അച്ചുവല്ലേ..ഞങ്ങൾ ക്കറിയാമായിരുന്നു നിനക്ക് ഞങ്ങളെ വിട്ടു പോകാൻ കഴിയില്ലാന്നു..സാരമില്ലാട്ടോ”
***മാതാപിതാക്കൾ നമ്മളെ സ്നേഹിക്കുന്നത് പോലെ മറ്റാർക്കും നമ്മെ സ്നേഹിക്കാനും കഴിയില്ല അവർ നമ്മോട് ക്ഷമിക്കുന്നത് പോലെ ലോകത്താർക്കും നമ്മളോട് ക്ഷമിക്കാനും കഴിയില്ല***
~പ്രവീൺ ചന്ദ്രൻ