പന്തലിൽ ഇരിക്കുമ്പോളും ഞാൻ ഇടം കണ്ണിട്ടു നോക്കി എന്നെ നോക്കുന്നൊന്നുമില്ല. ഇതെന്താ ഇങ്ങനെ….

ഇഷ്ടം…

Story written by Ammu Santhosh

==================

കല്യാണത്തലേന്നു മൈലാഞ്ചി ഇടുമ്പോളും ഒരുങ്ങി അതിഥികൾക്ക് മുന്നിൽ നിൽക്കുമ്പോളും എന്റെ ഉള്ളു പിടച്ചു കൊണ്ടിരുന്നു .ഇരുപതു വർഷങ്ങൾ ഞാൻ ജീവിച്ച വീട് ,എന്റെ അച്ഛൻ ,എന്റെ ‘അമ്മ, അനിയത്തി അവരുടെ സ്നേഹലാളനകൾക്ക് നടുവിൽ നിന്ന് അച്ഛനും മകനും മാത്രമുള്ള ഒരു വീട്ടിലേക്കു ഞാൻ പോകുകയാണ് .സ്ത്രീകളില്ലാത്ത വീട് .ഓർക്കുമ്പോൾ തന്നെ ഉള്ളിൽ നല്ല ഭയമുണ്ട് .വിവാഹം നിശ്ചയിച്ചിട്ടും പലരെയും പോലെ അദ്ദേഹം എന്നെ ഫോണിൽ വിളിച്ചിട്ടൊന്നുമില്ല .കാഴ്ചയിൽ നല്ല ഗൗരവക്കാരനായിരുന്നു താനും .ഒരു പോലീസ് ഓഫീസർ ആയതു കൊണ്ട് എപ്പോളും നല്ല തിരക്കുണ്ടാകും മോൾഎല്ലാം നോക്കിയും കണ്ടും ചെയ്യണം എന്ന് എന്റെ ‘അമ്മ എന്നോട് എപ്പോളും ഓർമിപ്പിച്ചു കൊണ്ടിരുന്നു

പന്തലിൽ ഇരിക്കുമ്പോളും ഞാൻ ഇടം കണ്ണിട്ടു നോക്കി എന്നെ നോക്കുന്നൊന്നുമില്ല. ഇതെന്താ ഇങ്ങനെ എന്നൊരു ചിന്ത എന്റെ ഉള്ളിലേക്ക് വന്നു .എന്നെ ഇഷ്ടമാണെന്നു തന്നെയാണ് പറഞ്ഞതെന്നാണ് അമ്മാവൻ പറഞ്ഞത് .പിന്നെ എന്താവും ഇങ്ങനെ ഒക്കെ?

വിവാഹം കഴിഞ്ഞു വീട്ടിലെത്തി വലിയ ആഘോഷമൊന്നുമില്ല .ബന്ധുക്കൾ ഒക്കെ പിരിഞ്ഞു പോയി .ഞാൻ തനിച്ചായി

” മോള് ഒറ്റയ്ക്കായി അല്ലെ ? ഒരു അത്യാവശ്യം ഉള്ളത് കൊണ്ടാണ് അവൻ പോയത് ഇപ്പോൾ വരും കേട്ടോ .” അച്ഛൻ

ഒരു പോലീസ് ഓഫീസറുടെ ജോലി ഇരുപത്തിനാലു മണിക്കൂർ ആണെന്നും അവർ കുടുംബത്തിനേക്കാൾ അതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും അച്ഛൻ എന്നോട് പറഞ്ഞു ..ഞാനും അച്ഛനും വളരെ വേഗം കൂട്ടായി .

അദ്ദേഹം വരുമ്പോൾ ഒരു പാട് രാത്രിയായിരുന്നു

” കഴിച്ചോ ?’ എന്റെ അരികിലിരുന്നു ചോദിക്കുമ്പോൾ ആ മുഖം ശാന്തമായിരുന്നു

” ഇല്ല ” ഞാൻ മെല്ലെ പറഞ്ഞു

” അങ്ങനെ കാത്തിരുന്ന് പട്ടിണി കിടക്കുകയൊന്നും വേണ്ട . വിശന്നാൽ കഴിക്കണം ” എനിക്കുള്ള പാത്രത്തിലേക്ക് അദ്ദേഹം തന്നെ ചോറ് വിളമ്പി .ഭക്ഷണം കഴിച്ചു കഴിഞ്ഞു പത്രങ്ങൾ കഴുകാനും എന്റെ ഒപ്പം നിന്നു .എനിക്ക് തല വേദനിക്കുന്നുണ്ടയിരുന്നു . പകലത്തെ ക്ഷീണം അലച്ചിൽ

” ഉറങ്ങിക്കോളൂ ” എന്ന്പറഞ്ഞപ്പോൾ വല്ലാത്ത ആശ്വാസം ആണ് തോന്നിയത്

വളരെ കുറച്ചു സംസാരിക്കുന്ന ആളാണ് അദ്ദേഹം .ഞാനോ സാദാ കിലുക്കാംപെട്ടി പോലെ .എന്റെ സംസാരവുംപൊട്ടത്തരവും ഒക്കെ ആസ്വദിച്ച് ചിരിക്കുന്നുണ്ടെങ്കിലും എന്തോ ഒരു അകൽച്ച എനിക്ക് തോന്നുന്നുണ്ടായിരുന്നു .ഇനി കക്ഷിക്ക്‌ മുൻപ് വല്ല പ്രണയവും ?

” ഏട്ടനാരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ ?’

ആള് പൊട്ടിച്ചിരിക്കുന്നത് ഞാൻ അന്നാണ് ആദ്യമായി കണ്ടത് .

” എന്തേ ?”

” ഒന്നല്ല ” പുള്ളി എണീറ്റ് പോയി

അദ്ദേഹത്തിനൊരു പ്രണയംഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നി അതാവും എന്നെ സ്നേഹത്തോടെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും തോന്നാത്തത് .ഞാൻ വെറുതെ ആലോചിച്ചു കൂട്ടി ഞാൻ വീണ്ടും വീണ്ടും പലതവണ ചോദിച്ചെങ്കിലും ചിരി മാത്രമായിരുന്നു മറുപടി

” എന്നെ ഇഷ്ടം അല്ല അല്ലെ?’ എന്ന് ചോദിച്ചു കരഞ്ഞപ്പോൾ മാത്രം പുള്ളി വല്ലാതായി

“അങ്ങനെ ഒന്നുമില്ല അനു” എന്ന് പറഞ്ഞു എന്നെ ചേർത്ത് പിടിക്കുകയും ഒരു ഫോൺ വന്നു ആ സംഭാഷണം അവിടെ മുറിയുകയും ചെയ്തു .എങ്കിലും എനിക്ക് സന്തോഷം ആയി .ആ കണ്ണിലെന്നോടു സ്നേഹം ഉളളത് ഞാൻ കണ്ടുപിടിച്ചു .

എന്റെയുള്ളിൽ ഞാൻ കണ്ട ചലച്ചിത്രങ്ങളിലെ ജീവിതവും കൂട്ടുകാരികൾ പറഞ്ഞു തന്ന അറിവുകളും മാത്രമേയുണ്ടായിരുന്നുള്ളൂ. സത്യത്തിൽ യാഥാർഥ്യം അതൊന്നുമല്ലായിരുന്നു എന്ന് ഞാൻ മനസിലാക്കി തുടങ്ങി ” ഞാൻ പഠിക്കാൻ പൊയ്ക്കോട്ടേ ” എന്ന് ചോദിച്ചപ്പോൾ ഒരു എതിരും പറയാഞ്ഞത് എന്നെ സന്തോഷിപ്പിച്ചു . കൂട്ടുകാരെ കാണാമല്ലോ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സന്തോഷം . പക്ഷെ അവരോടു പറയാൻ എന്റെ പക്കൽ തമാശകളോ പ്രണയം നിറഞ്ഞ സംഭാഷണങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. കോളേജ് വിട്ടു വന്നാൽ അച്ഛനോടാണ് എന്റെ വിശേഷങ്ങളൊക്കെ ഞാൻ പറയുക . അച്ഛൻ അതാസ്വദിച്ചു തലയാട്ടി കേൾക്കും .ചിലപ്പോൾ ഞാൻ ഉറങ്ങി കഴിഞ്ഞാവും ഏട്ടൻ വരിക .എന്നെ ഉണർത്താതെ തന്നെ ഭക്ഷണം കഴിച്ചു കിടക്കുകയാണ് പതിവ് ,

“ഏട്ടനെപ്പോഴും തിരക്കാണ് ” ഫോൺ ചെയ്യുമ്പോൾ ഞാൻ അമ്മയോട് പരാതി പറയും

” നിന്നെ പോലെ പൊട്ടകുട്ടി ഒന്നുമല്ല ആനന്ദ് ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ആണ് .അവൻ എന്ത് കണ്ടിട്ടാണ് നിന്നെ ഇഷ്ടപ്പെട്ടത് ആവൊ ?” അമ്മ തമാശ പറയും

” കുന്തം! ഇഷ്ടപ്പെടണ്ടായിരുന്നു”

അങ്ങനെ ഒക്കെ പറഞ്ഞാലും എനിക്കതു പുള്ളിയെ വലിയ ഇഷ്ടമാണ് .ഞാൻ ഇഷ്ടപ്പെടുന്നത്രയും എന്നെ ഇഷ്ടമാണൊന്നു എനിക്കറിയില്ലായിരുന്നെന്നു മാത്രം, അത് നടക്കും വരെ.

പതിവ് പോലെ കോളേജ് വിട്ടു പൂര്ണിമയുടെ ആക്ടിവയിൽ ലിഫ്റ്റ് അടിച്ചു വരികയായിരുന്നു ഞാൻ .ദിശ തെറ്റി വന്ന ഒരു ലോറി മാത്രമേ എനിക്ക് ഓര്മയുള്ളു .ഉണരുമ്പോൾ ഹോസ്പിറ്റലിലാണ് .കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ‘അമ്മ ,അച്ഛൻ, അനിയത്തി ,അദ്ദേഹത്തിന്റെ അച്ഛൻ , ഒക്കെ ചുറ്റും നിന്നിരുന്നു

” ഭാഗ്യം അനു ഇത്രയും അല്ലെ ഉള്ളു ” ഡോക്ടർ എന്നെ പരിശോധിക്കുന്നുണ്ടായിരുന്നു . ഞാൻ എന്റെ കാലിലെ പ്ലാസ്റ്ററിലേക്കും കൈയിലെ വെച്ച് കെട്ടിലേക്കും നോക്കി .

” പൂർണിമ?”

” ഒരു കുഴപ്പവുമില്ല അനു ” ‘അമ്മ പറഞ്ഞു എനിക്ക് സമാധാനം ആയി .

” ആനന്ദ് പാലക്കാട് നിന്ന് തിരിച്ചിട്ടുണ്ട് ..വിളിച്ചിരുന്നു ” ആരോ പറയുന്നത് കേട്ടു ഞാൻ വീണ്ടും മയക്കത്തിലേക്ക് വഴുതി വീണു

നിറുകയിൽ മഴപെയ്യും പോലെ ജലം വീഴുന്നതറിഞ്ഞു ഞാൻ കണ്ണ് തുറക്കുമ്പോൾ മുന്നിൽ ആ മുഖം .നനഞ്ഞ കണ്ണുകൾ .

” വേദനിക്കുന്നോടാ ?’ ഇടറിയ ശബ്ദം .ഞാൻ “ഇല്ല ” എന്ന് തലയാട്ടി , എന്റെ വേദന ഒക്കെ ആ മുഖം കണ്ടപ്പോൾ തന്നെ പോയിരുന്നു

” സോറി ..ഞാൻ വൈകി ..കഴിച്ചോ ?’

ഞാൻ ഇല്ല എന്ന് കണ്ണടച്ച് കാട്ടി . പുറത്തേക്കു പോയി വന്ന ആളുടെ കൈയിൽ ഭക്ഷണമുണ്ടായിരുന്നു .നെഞ്ചിലേക്ക് ചാരിയിരുത്തി ഭക്ഷണം വാരി തരുമ്പോൾ എന്ത് കൊണ്ടോ എനിക്കൊന്നു കരയാൻ തോന്നി

രണ്ടു ദിവസം കഴിഞ്ഞു എന്നെ ഡിസ്ചാർജ് ചെയ്തു

” ഞങ്ങൾ കൊണ്ട് പൊക്കോളാം ആനന്ദ് ..രണ്ടാഴ്ച അനങ്ങാൻ കൂടി പറ്റില്ല ” അച്ഛൻ പറയുന്നത് കേട്ട് ഞാൻ ആ മുഖത്തേക്ക് നോക്കി കിടന്നു

” ഒരു മാസത്തെ ലീവിനു അപ്ലിക്കേഷൻ കൊടുത്തിട്ടുണ്ട് ..പിന്നെ സഹായത്തിനു ലീന ചെറിയമ്മ വന്നു നിൽക്കും ” കൂടുതലൊന്നുമില്ല അളന്നു മുറിച്ച രണ്ടു വാചകങ്ങൾ ..വിട്ടുതരില്ല എന്ന് പറയുംപോലെ

തിരിച്ചു കാറിൽ വരുമ്പോൾ ഞാൻ ആ മുഖത്തേക്ക് നോക്കി

” അത്രയ്ക്ക് ഇഷ്ടമാണോ എന്നെ ?”

” കുട്ടികളെ ആർക്കാണ് ഇഷ്ടമല്ലാത്തത് ?’കുസൃതിചിരി .

” ഓ ഞാൻ കുട്ടിയൊന്നുമല്ല” മുഖം വീർപ്പിച്ചു ഞാൻ തിരിഞ്ഞു

” ഇഷ്ടം ആണ് എന്ന് പറഞ്ഞു കേട്ടാലേ തൃപ്തിയാകു ?”

” ഉം ” ഞാൻ ചിരിച്ചു

” ഇഷ്ടം ” ആ മുഖത്ത് ആദ്യമായി പ്രണയം നിറഞ്ഞു തുളുമ്പുന്നതു ഞാൻ കണ്ടു

” എത്ര ?’ ഞാൻ ചൂണ്ടു വിരൽ കൊണ്ട് ആ മൂക്കിൽ തൊട്ടു .

“അളവൊന്നും അറിയില്ല …ഇഷ്ടം ആണ് ,,,” ” നീ വേദനിക്കുമ്പോൾ എനിക്ക് വേദനിക്കുന്നുണ്ട് …അതെത്ര എന്നറിയില്ല “

ഞാൻ വിസ്മയത്തോടെ ആ മുഖത്തേക്ക് നോക്കി ഇഷ്ടം ഒരു കടലോളം ഒളിപ്പിച്ച ആ കണ്ണിലേക്ക്‌.

പിന്നെ ആ നോട്ടം നേരിടാൻ വയ്യാതെ പുറത്തേക്കു നോക്കിയിരുന്നു .

അല്ലെങ്കിലും ഇഷ്ടത്തിന്റെ അളവ് അറിഞ്ഞിട്ടെന്തിനാ ? ഇഷ്ടം ഉണ്ടായാൽ പോരെ ?

~Ammu Santhosh