നന്ദി
Story written by Praveen Chandran
==================
“നിതിൻ അവിടെന്താ ഒരു ആൾക്കൂട്ടം?”
രേഷ്മയുടെ ആ ചോദ്യം കേട്ട് ഡ്രൈവ് ചെയ്യുകയായിരുന്ന നിതിൻ വണ്ടി സ്ലോ ആക്കി സൈഡ് മിററിലൂടെ നോക്കി…
“ആക്സിഡന്റ് ആണെന്നാ തോന്നുന്നത്..” നിതിൻ പറഞ്ഞു..
“നിതിൻ വണ്ടി തിരിക്ക്..നമുക്കൊന്നു നോക്കാം..”
“സമയം ഇപ്പോഴേ വൈകി രേഷ്മ..ഷോ തുടങ്ങും”
“ഷോയാണോ ഇപ്പൊ പ്രധാനം അവിടെ ആരെങ്കിലും ജീവനോട് മല്ലിടുന്നുണ്ടെങ്കിലോ?നമുക്കാരെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞാൽ? അതല്ലേ നിതിൻ ഏറ്റവും വലിയ സന്തോഷം?”…
“പറയുമ്പോൾ ഈസിയാണ് രേഷ്മ..പക്ഷെ നമ്മളാരെയെങ്കിലും രക്ഷിച്ചെന്നിരിക്കട്ടെ..പിന്നെ ഹോസ്പിറ്റലിൽ ചെന്നുകഴിയുമ്പോൾ പോലീസുകാർ കുറ്റം നമ്മുടെ തലേലിടും..അവസാനം വാദി പ്രതിയാവും..എന്തിനാ വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെയെടുത്തു തോളത്ത് വയ്ക്കുന്നത്”.. നിതിൻ വണ്ടി മുന്നോട്ടെടുത്തു..
സീറ്റിൽ ചാരി കിടന്നുകൊണ്ട് രേഷ്മ ചോദിച്ചു..
“നിതിൻ വർഷങ്ങൾക്ക് മുമ്പ് റോഡിൽ ചോ രയിൽ കുളിച്ചു നീ കിടന്നതോർമ്മയുണ്ടോ?
അവൻ പെട്ടന്ന് വണ്ടി സ്റ്റോപ്പ് ചെയ്തുകൊണ്ട് ചോദിച്ചു..
“നിനക്കതെങ്ങിനെയറിയാം?”
“ഹും..അന്ന് നിന്നെ ഹോസ്പിറ്റലിലെത്തിച്ചത് എന്റെ ഡാഡിയാ..ഞങ്ങൾ ഗൾഫിലേക്കു തിരിച്ചു പോകുന്നവഴിയായിരുന്നു അത്..അന്ന് നിന്നെ ഹോസ്പിറ്റലിലാക്കിയതിനു ശേഷമാണ് ഞങ്ങൾ തിരിച്ചു പോയത്..എന്റെ മടിയിൽ തല വച്ചു കിടന്ന നിന്റെ മുഖം ഡാഡി മറന്നെങ്കിലും എനിക്കു മറക്കാനാവുമാരിരുന്നില്ല…”
അവന്റെ മുഖം കുറ്റബോധം കൊണ്ട് കുനിഞ്ഞു..
“അന്ന് ഞങ്ങളെയാരും പ്രതികളാക്കിയിരുന്നില്ല. ഈ മനോഭാവമാണ് ആദ്യം മാറ്റേണ്ടത് നിതിൻ”
അവൻ കാർ തിരിച്ച് ആക്സിഡന്റ് നടന്ന സ്ഥലത്തേക്കു വിട്ടു..
ആൾക്കൂട്ടത്തിനിടയിൽ ഒരു സ്ത്രി ചോ രയൊലിപ്പിച്ചു കിടക്കുന്നു…അവിടെ കൂടിയിരുന്ന എല്ലാവരും ഫോണിൽ അത് പകർത്തുന്നതിന്റെ തിരക്കിലായിരുന്നു..
നിതിനും രേഷ്മയും കൂടെ ആ സ്ത്രീയെ എടുത്ത് കാറിൽ കയറ്റി ഹോസ്പിറ്റലിലെത്തിച്ചു..
രണ്ടു മണിക്കൂറിന് ശേഷം…
തീവ്രപരിചരണ വിഭാഗത്തിന്റെ വാതിൽ തുറന്ന് ഡോക്ടർ പുറത്തുവന്നു..
“പേടിക്കാനൊന്നുമില്ല..സമയത്ത് കൊണ്ടുവന്നത് കൊണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞു”
“താങ്ക്സ് ഡോക്ടർ” ആ സ്ത്രീയുടെ മകനാണ് അത് പറഞ്ഞത്..
“എന്നോടല്ല നന്ദി പറയേണ്ടത്..ദാ അവരോടാണ്” നിതിനേയും രേഷ്മയേയും ചൂണ്ടിക്കാട്ടി ഡോക്ടർ പറഞ്ഞു…
“നിങ്ങളോട് എങ്ങനെ നന്ദി പറയണമന്നെനി ക്കറിയില്ല! നിങ്ങളന്റെ അമ്മയുടെ ജീവൻ രക്ഷിച്ചു..ഒരിക്കലും മറക്കില്ല.”
അവരോട് യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം രേഷ്മ നിതിനോടായി പറഞ്ഞു..
“അടുത്ത ഷോ തുടങ്ങാൻ ഇനിയും സമയുമണ്ട് കേട്ടോ..”
രേഷ്മയുടെ മുഖത്തു നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു..”നന്ദി”…
****അപകടത്തിൽ പെട്ടുകിടക്കുന്നവരെ കണ്ടില്ലെന്നു നടിക്കരുത്..നിങ്ങളെക്കൊണ്ട് ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞാൽ അതിനേക്കാൾ വലുതായൊന്നുമില്ല..ഓർക്കുക നാളെ നിങ്ങൾക്കും ഈ ഗതി വരാം*****
~പ്രവീൺ ചന്ദ്രൻ