എഴുത്ത്: മഹാ ദേവൻ
================
“ദേ, ആ പോകുന്നത് കണ്ടോ…അതാണ് ആ പെണ്ണിന്റെ ഇപ്പോഴത്തെ ഭർത്താവും പഴയ കാമുകനും. ഇങ്ങനെ രണ്ടിനേം ഒരുമിച്ച് കൊണ്ടു നടക്കാനും വേണം ഒരു കഴിവ്. വലത് വശത്തു ഭർത്താവും ഇടത് വശത്തു കാമുകനും, ഒത്ത നടുക്ക് അവളും. ഹോ, സമ്മതിച്ചു അവളെ..പെണ്ണിന്റ ഒരു മിടുക്കെ..”
ഇത് നാട്ടുകാരുടെ സ്ഥിരം സംസാരമാണ്. ഒരു ചെറിയ തീപ്പൊരി കണ്ടാൽ അതിലേക്ക് എണ്ണ ഒഴിച്ച് ആളിക്കത്തിക്കാൻ ശ്രമിക്കുന്ന നാട്ടുകാരുടെ വാ മൂടിക്കെട്ടാൻ കഴിയില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ രാഖി ആര് എന്തൊക്കെ പറഞ്ഞാലും അത് കേൾക്കാത്ത ഭാവത്തിൽ പോകാനാണ് പതിവ്.
തന്റെ ഭർത്താവിന് തന്നെ മനസ്സിലാക്കാൻ കഴിയുന്നിടത്തോളം കാലം മറ്റുള്ള ആരുടേയും സ്വഭാവസർട്ടിഫിക്കറ്റ് വേണ്ട എന്നത് തന്നെ ആയിരുന്നു അവളുടെ തീരുമാനവും.
പാത്തും പതുങ്ങിയും കിട്ടിയ അവസരം മുതലാക്കുന്ന നാട്ടുകാരുടെ ലൈസെൻസില്ലാത്ത നാക്കിന്റെ വാക്കുകൾ കൊണ്ടുള്ള അഴിഞ്ഞാട്ടം കുത്തിനോവിക്കുന്ന ചില നിമിഷങ്ങളിൽ പലപ്പോഴും അവളുടെ മനസ്സിലൂടെ കടന്നുപോയത് ഇത്രത്തോളം എത്തിയ ജീവിതത്തിലെ ആ നല്ല നിമിഷങ്ങൾ ആയിരുന്നു.
ആ കോളേജ് കാലത്തായിരുന്നു ഒരു നല്ല സുഹൃത്തായി അവൻ രാഖിയുടെ ഹൃദയത്തിൽ ഇടം പിടിക്കുന്നത്. സന്തോഷത്തിലും സങ്കടത്തിലും കൂടെ നിൽക്കുന്ന, എന്തും തുറന്നു പറയാവുന്ന ഒരു നല്ല സൗഹൃദത്തിലേക്ക് അവർ മാറുമ്പോൾ മറ്റുള്ളവരുടെ കണ്ണിൽ അതിന് വേറെ ഒരു അർത്ഥം കൂടി ഉണ്ടായിരുന്നു, “പ്രണയം ! “
മനുവും രാഖിയും പ്രണയത്തിലാണെന്ന് പറഞ്ഞവർ കളിയാകുമ്പോഴും കട്ടക്ക് കൂടെ ഉണ്ടെന്ന് പറയുമ്പോഴുമെല്ലാം അതിനെ നിഷേധിച്ചുകൊണ്ടവർ പറയാറുണ്ടായിരുന്നു,
“നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ? ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്. നിങ്ങളൊക്കെ പറഞ്ഞു പറഞ്ഞ് ഇനി അതിനെ പ്രണയമാക്കി മാറ്റാതിരുന്നാൽ മതി ” എന്ന്.
പക്ഷേ, അവരുടെ സൗഹൃദത്തെ പ്രണയമായി കണ്ട് പൊലിപ്പിക്കുന്ന കൂട്ടുകാർക്കിടയിൽ നിലക്കുമ്പോൾ ഇടക്കെപ്പോഴോ അവനും ചോദിച്ചിരുന്നു “എല്ലാവരുടെയും കണ്ണിൽ നമ്മൾ പ്രണയിക്കുന്നവർ ആണ്..ന്നാ പിന്നെ നമുക്കൊന്ന് പ്രണയിച്ചുനോക്കിയാൽ എന്താ ” എന്ന്.
അതിനവൾ ആദ്യം നൽകിയ മറുപടി മനോഹരമായ ഒരു പുഞ്ചിരി ആയിരുന്നു. പിന്നെ ഒന്നുകൂടി അവനരികിലേക്ക് നീങ്ങിയിരുന്നുകൊണ്ടവൾ പറഞ്ഞു,
“മനു, നിനക്ക് തോന്നുന്നുണ്ടോ നമ്മൾ പ്രണയിച്ചാൽ ശരിയാകുമെന്ന്. ഈ സൗഹൃദം ആണ് നമ്മുടെ ജീവിതത്തെ അടയാളപ്പെടുത്തൂന്നത്. ചിലപ്പോൾ നാളെ നമ്മൾ പ്രണയിച്ചാൽ ഇത്രത്തോളം നമുക്ക് സ്നേഹിക്കാൻ കഴിഞ്ഞെന്ന് വരില്ല. ജീവിതത്തിന്റെ അർത്ഥം തന്നെ മാറുന്ന നിമിഷങ്ങളിൽ ചിലപ്പോൾ ഇതുപോലെ ഉളള നല്ല നിമിഷങ്ങൾ നമുക്ക് അന്യമാകും..ഇടയിൽ സംസാരത്തിനും തുറന്നുപറച്ചിലുകൾക്കുമിടയിൽ വല്ലാത്തൊരു ഗ്യാപ്പ് വരാം. രണ്ട് പേരും അവരുടേതായ ശരികളിലേക്ക് ഒതുങ്ങുന്ന നിമിഷങ്ങൾ ഒരു അപകർഷതാബോധം നമ്മളെ പിടികൂടും, പരസ്പരം തോന്നുന്ന അവകാശങ്ങൾ വാക്കുകൾക്ക് മൂർച്ചകൂട്ടാം. അതിനേക്കാൾ നല്ലത് എന്നും എന്തിനും കൂടെ നിൽക്കുന്ന സൗഹൃദം ആണ്. അതിനേക്കാൾ വലിയ ഒരു ബന്ധം ഈ ലോകത്തുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നിന്നെക്കാൾ നല്ല ഒരു സുഹൃത്തിനെ എനിക്ക് കിട്ടുമെന്നും…അതുകൊണ്ട് നമുക്കിടയിൽ പ്രണയത്തെ കൊണ്ട് വന്ന് ഈ നല്ല സൗഹൃദം നശിപ്പിക്കണോ?”
ആലോചിക്കുമ്പോൾ അതാണ് ശരിയെന്നു അവനും തോന്നി. എന്തിനാണ് ഇതിനിടയിലേക്ക് പ്രണയത്തെ വലിച്ചിഴച്ചുകൊണ്ട് നല്ല ഒരു സൗഹൃദം നശിപ്പിക്കുന്നത്. പ്രണയിക്കാൻ എളുപ്പമാണ്..പക്ഷേ, ഇതുപോലെ ഒരു സൗഹൃദം കിട്ടാൻ ആണ് പ്രയാസം..അവൾ പറഞ്ഞ വാക്കുകളെ സ്നേഹത്തോടെ അംഗീകരിക്കുമ്പോൾ ഒരിക്കലും പിരിക്കാൻ പറ്റാത്ത ഒരു സൗഹൃദം പിന്നെയും ദൃഢമാകുകയായിരുന്നു.
ആ കോളേജ് ജീവിതം അവസാനിച്ചു പിരിയുമ്പോഴും വേർപിരിയാതെ കണ്ണികൾ ചേർത്ത് വെച്ചത് ആ സൗഹൃദത്തെ മാത്രമായിരുന്നു. അതിനിടക്ക് മനു ഗൾഫിലേക്കു ജോലിക്കായി പോകുമ്പോൾ കണ്ണുകൾ നിറഞ്ഞത് അവളുടെ ആയിരുന്നു. ഇനി ഒന്ന് കാണാൻ രണ്ട് വർഷം എടുക്കുമെന്ന ചിന്ത രണ്ട് പേരുടെയും മനസ്സിനെ വല്ലാതെ നോവിച്ചുകൊണ്ടിരുന്നു. അവന്റെ അകൽച്ചഅവളുടെ മനസ്സിനെ ആയിരുന്നു ശരിക്കും ബാധിച്ചത്. തൊട്ടതിനും പിടിച്ചതിനും ദേഷ്യം..വീട്ടുകാരോടും കൂട്ടുകാരോടും ആവശ്യമില്ലാത്ത അമർഷം. അങ്ങനെ അങ്ങനെ മനുവിന്റെ ആ കുറവ് ദേഷ്യമായി മനസ്സിനെ പിടിച്ചുകെട്ടാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് വളർന്നത് തന്നെ ആയിരുന്നു അവളുടെ ജീവിതത്തിലേക്ക് വൈശാഖ് വരാൻ കാരണവും….
ഒരിക്കൽ ചെറിയ കാര്യത്തിന് ആദ്യമായി അവർ മുഖാമുഖം കാണുന്നത് ഒരു വഴക്കിലൂടെ ആയിരുന്നു. ആ വഴക്ക് പിന്നീട് ജീവിതത്തിന്റെ ഭാഗമാകുമെന്ന് രണ്ട് പേരും കരുതിയില്ല.
മുന്നിൽ കത്തുന്ന കണ്ണുകളോടെ വഴക്കിടുന്ന പെൺകുട്ടിയെ എന്തോ ആദ്യകാഴ്ചയിൽ തന്നെ അവന് ഇഷ്ട്ടമായി. പിന്നീട് കാണുമ്പോഴെല്ലാം വഴക്കിനെ ചൊല്ലി വാക്കുകൾ കൊണ്ട് ഏറ്റുമുട്ടുമ്പോൾ അവന്റ മനസ്സിൽ രാഖിയുടെ മുഖം വല്ലാത്തൊരു ഇഷ്ട്ടമായി ചേക്കേറിയിരുന്നു.
ഒരിക്കൽ ശാന്തമായ അന്തരീക്ഷത്തിൽ അവള്ക്ക് മുന്നിൽ ആ ഇഷ്ട്ടം തുറന്നു പറയുമ്പോൾ അങ്ങനെ ഒരു ഇഷ്ട്ടം അവളുടെ മനസ്സിലും തോന്നിയിട്ടുണ്ടെങ്കിലും അത് തുറന്ന് പറയാതെ അവൾ പറഞ്ഞത് “നിങ്ങൾ വീട്ടിൽ വന്ന് ചോദിക്കൂ ” എന്നായിരുന്നു.
അന്നൊക്കെ പലപ്പോഴും വൈശാഖ് ചോദിച്ചിട്ടുണ്ട് “ഇയാൾ എന്തിനാണ് ഇങ്ങനെ പെട്ടന്ന് ദേഷ്യപെടുന്നത് “എന്ന്.
അന്നേരം, മനുവുമായുള്ള സൗഹൃദവും അവൻ തന്റെ ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നും അവൾ വെക്തമാകുമ്പോൾ അന്ന് തന്നേ അവളുടെ കയ്യിൽ നിന്നും നമ്പർ വാങ്ങി വൈശാഖ് അവനുമായി രാഖിയുമായുള്ള ഇഷ്ട്ടത്തെ കുറിച്ചും വിവാഹം കഴിക്കാനുള്ള താല്പര്യത്തെ കുറിച്ചും സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തുമ്പോൾ അവൾക്കറിയാമായിരുന്നു “ഇനി വീട്ടുകാരുടെ സമ്മതം ആണ് വേണ്ടത്” എന്ന്. !
തന്റെ ഒരു ഇഷ്ട്ടങ്ങൾക്കും എതിര് നിൽക്കാത്ത അച്ഛനും അമ്മയും ഇതിനും സമ്മതിക്കുമെന്ന് വിശ്വസിച്ച അവളുടെ ധാരണകളെ തെറ്റിച്ചുകൊണ്ട് ആ വിവാഹത്തെ അവർ എതിർത്തപ്പോൾ വാശിയായിരുന്നു. ആ വാശി തന്നെ ആയിരുന്നു എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ഒളിച്ചോട്ടത്തിലേക്കും വിവാഹത്തിലും കലാശിച്ചതും…
അന്ന് ആ ആദ്യരാത്രിയിൽ അവളുടെ വാടിയ മുഖത്തേക്ക് നോക്കി ” എന്ത് പറ്റി ” എന്ന് ചോദിക്കുമ്പോൾ മനുവിന്റെ അസാന്നിധ്യം അവളെ എത്രത്തോളം വിഷമിപ്പിക്കുണ്ടെന്നും അത് പിന്നീട് ദേഷ്യമായി മാറുന്നതാണെന്നും വൈശാഖിന് അറിയാമായിരുന്നു
“രാഖി…ഞാൻ നിന്റെ വിവാഹം കഴിച്ചത് ഒരുപാട് ഇഷ്ട്ടത്തോടെ ആണ്. ആ ഇഷ്ട്ടത്തിന്റ പേരിൽ നിന്റെ ഇഷ്ട്ടങ്ങളെ അവഗണിക്കാനോ നിരുത്സാഹയപെടുത്താനോ ഞാൻ വരില്ല..എനിക്ക് മനസ്സിലാക്കാം നീയും മനുവുമായുള്ള സൗഹൃദത്തിന്റെ ആഴം..അത് അറിഞ്ഞുകൊണ്ട് തന്നെ ഞാൻ അതിനെ എതിർക്കുന്നത് ശരിയല്ലെന്നും എനിക്ക് അറിയാം. അതിന്റ പേരിൽ ഇനി ഒരിക്കലും നിന്റെ മുഖം വാടരുത്. നിനക്ക് അവനോട് സംസാരിക്കാൻ തോന്നുമ്പോൾ നമുക്ക് സംസാരിക്കാം..നിന്റെ സുഹൃത്ത് എന്റെയും സുഹൃത്തല്ലേ. “
അത് തന്നെ ആയിരുന്നു അവൾ കേൾക്കാൻ കൊതിച്ചതും. തന്റെ മനസ്സിനെ മനസ്സിലാക്കാൻ കഴിയുന്ന ഒരു ഭർത്താവിനെ കിട്ടിയതിൽ ആ നിമിഷം അവൾ ഒരുപാട് സന്തോഷിച്ചു.
പിന്നീട് ആ സൗഹൃദം മുന്നോട്ട് പോകുമ്പോൾ അതിൽ ആശ്ചര്യമായി വളർന്നത് വൈശാഖിന്റെയും മനുവിന്റെയും സൗഹൃദം ആയിരുന്നു. നാട്ടിൽ വരുമ്പോൾ എവിടെ പോകുമ്പോഴും രണ്ട് പേരും ഒരുമിച്ചായിരുന്നു. രണ്ട് പെ ഗ്ഗ് അടിക്കാൻ തോന്നിയാൽ ഒരുമിച്ച്..രാഖിയുടെ പിറന്നാൾ ദിനത്തിൽ ഗിഫ്റ്റ് വാങ്ങാൻ പോകുന്നതും ഒരുമിച്ച്…വാങ്ങി വരുന്ന ഗിഫ്റ്റും ഒരുപോലെ ഉള്ളത്…എന്തിനും മനുവിനെ കൂടെ കൂട്ടുന്ന ഭർത്താവ്…ആ വിശ്വാസവും കരുതലും പലപ്പോഴും അവളെ ആശ്ചര്യപ്പെടുത്തി !
ഹൃദയവും സൗഹൃദവും ഇടവും വലവും നിന്ന് സ്‌നേഹിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞുതൂവി. ഒരു പെണ്ണിനും ലഭിക്കാത്ത ഭാഗ്യം !
ആ സ്നേഹത്തെ കാമുകനാവാൻ കൊതിച്ചവനും കഴുത്തിൽ താലി കെട്ടിയവനും എന്ന് പറഞ്ഞ് നാട്ടിൽ പരത്തിയത് ആരാണെന്ന് മാത്രം അറിയില്ല..പക്ഷേ, അതായിരുന്നു പിന്നീട് നാട്ടിലുള്ള സംസാരം.
കാമുകനെയും ഭർത്താവിനെയും ഒരുമിച്ചു കൊണ്ട് നടക്കുന്നവൾ എന്ന പേര്. !
“ഹോ..ആ പെണ്ണിന്റ തൊലിക്കട്ടി സമ്മതിക്കണം..കണ്ടാമൃ ഗം തോറ്റു പോകും അവൾക്ക് മുന്നിൽ. അല്ലെങ്കിൽ ഏതെങ്കിലും പെണ്ണ് ഇങ്ങനെ നാട്ടുകാരെ കാണിച്ചുകൊണ്ട് രണ്ടിനേം ഒപ്പം കൊണ്ട് നടക്കുമോ…എന്തൊക്ക എന്ന് ആർക്കറിയാം..ആ ചെക്കൻ ഗൾഫിൽ അല്ലെ…അതിന്റ ഒക്കെ ഊറ്റുകയാവും ആ താ ട ക. അവൻ കൊണ്ട് വന്നതൊക്കെ കഴിയുമ്പോൾ ഒരു ചണ്ടി പോലെ എടുത്തു പുറത്തേക്ക് കളയും. അപ്പഴേ ആ ചെക്കൻ പഠിക്കൂ. ഇതുപോലെ ഉള്ളതുങ്ങളാണ് പെണ്ണുങ്ങളുടെ പേര് കളയുന്നത് .. “
നാട്ടുകാരുടെ കൃമികടിയും നാക്കിന് ഉളുപ്പില്ലാത്ത സംസാരവും അങ്ങനെ തുടർന്നുകൊണ്ടേ ഇരുന്നു. അതിനൊന്നും ചെവി കൊടുക്കാൻ നിൽക്കാതെ രാഖി അവളുടെ ലോകത്തേക്ക് ഒതുങ്ങി “അല്ലേലും കണ്ണിലെ കമ്പ് കളയാൻ നിൽക്കാത്തവർ ആണ് ആരാന്റെ കണ്ണിനെ പൊടി തട്ടാൻ നിൽക്കുന്നത് ” എന്ന ചിന്തയോടെ. !
സ്നേഹത്തിന്റെ വില അറിയാത്തവരെ പറഞ്ഞ് മനസിലാക്കുന്നതും പ ട്ടിയുടെ വാല് കുഴലിൽ ഇടുന്നതും ഒരുപോലെ ആണ്.
പല്ലിന്റെ ഇട കുത്തി സ്വയം നാറ്റിക്കുന്ന അതേ അവസ്ഥ ! എന്തിനാ വെറുതെ…
✍️ ദേവൻ