തീരുമാനങ്ങൾ എടുക്കുമ്പോ നമ്മൾ രണ്ടാളും കൂടി ആലോചിച്ചല്ലേ എടുക്കാറ്..അതാണ്… ശബ്ദം വല്ലാതെ…

അറിയുന്നു ഞാൻ…

Story written by Unni K Parthan

::::::::::::::::::::::

“അമ്മക്കൊരു കല്യാണം കഴിക്കണം മോളേ…” ഭാനുമതി പറഞ്ഞത് അനുപ്രിയ ഒന്ന് ഞെട്ടി…

“ന്തേ…മോള് ഞെട്ടിയോ…” ഭാനുമതി ചിരിച്ചു കൊണ്ട് അനുവിനെ നോക്കി ചോദിച്ചു…

“ഞെട്ടിയോ ന്ന് ചോദിച്ചാൽ ഞെട്ടി..” അനു ചിരിച്ചു കൊണ്ട് പറഞ്ഞു..

“അതെന്താ….നിനക്ക് മാത്രം കല്യാണം കഴിഞ്ഞു പോയാൽ മതിയോ…അമ്മയും ചെറുപ്പമല്ലേ..ഇപ്പോളും നമ്മൾ രണ്ടാളും കൂടി നടന്നു പോയാൽ..എല്ലാരും ചോദിക്കാറില്ലേ…അനിയത്തിയാണോ..ചേച്ചിയാണോ എന്നൊക്കെ..” ചിരിച്ചു കൊണ്ട് ഭാനുമതി പറഞ്ഞു..

“അമ്മ സീരിയസായി പറഞ്ഞതാണോ…” ഇത്തവണ അനുവിന്റെ ശബ്ദം ഇച്ചിരി കട്ടിയായിരുന്നു…

“മ്മ്..” ഭാനുമതി മൂളി..

“അമ്മേ…” ഇത്തവണ അനുവിന്റെ ശബ്ദം തെല്ലുയർന്നു..

“അമ്മ ഇത് ന്ത് ഭാവിച്ചാ.. രണ്ടാഴ്ച കഴിഞ്ഞാൽ ന്റെ കല്യാണമാണ് അത് മറന്നോ അമ്മ..”

“അത് കൂടി ഓർത്തത് കൊണ്ടാണ് മോളേ… ഇങ്ങനെയൊരു തീരുമാനം..”

“ന്ത് ഓർത്തു ന്ന്..”

“മോൾക്ക് ഞാൻ പറയാതെ തന്നേ അറിയാലോ നമുക്ക് നമ്മൾ രണ്ടാളും മാത്രമേയുള്ളൂ വെന്ന്..തീരുമാനങ്ങൾ എടുക്കുമ്പോ നമ്മൾ രണ്ടാളും കൂടി ആലോചിച്ചല്ലേ എടുക്കാറ്..അതാണ്…” ശബ്ദം വല്ലാതെ നേർത്തിരുന്നു ഭാനുമതിയുടെ…

“എന്നാലും അമ്മേ..അമ്മക്ക് ഇതെന്തു പറ്റി പെട്ടന്ന്..”

“പെട്ടന്നല്ല മോളേ..കുറച്ചു നാളായി ഞാൻ ഈ കാര്യം ആലോചിച്ചു തുടങ്ങിയിട്ട്..” ഭാനുമതിയുടെ മറുപടി കേട്ട് അനു വീണ്ടും ഞെട്ടി..

“പരസ്പരം മനസിലാക്കി ജീവിക്കാൻ കഴിയാത്തത് കൊണ്ടും..പിന്നെ ഞങ്ങളുടെ ഈഗോയും കൂടി ചേർന്നപ്പോൾ വിവാഹമോചനമായിരുന്നു ആദ്യം കണ്ട പോംവഴി…”

“ഇരു വീട്ടുകാരും അതിന് മൗനനുവാദം നൽകി..അത് കൊണ്ട് ഡിവോഴ്സ് കിട്ടുമ്പോ മോൾക്ക് പ്രായം ഏഴു വയസ്…പിന്നെ പതിമൂന്ന് വർഷം..അതിൽ പത്തു വർഷം എന്റെ അച്ഛന്റെയും അമ്മയുടെയും തണലിൽ മോൾടെ വളർച്ച..അവർ കൂടയുള്ള കാലം വരേ ഒറ്റപ്പെടൽ ഫീൽ ചെയ്തിരുന്നില്ല..പക്ഷേ.രണ്ടുപേരുടെയും പെട്ടന്നുള്ള മരണം..അത് തളർത്തിയത് എന്റെ ജീവിതമായിരുന്നു..ഇപ്പൊ മൂന്ന് വർഷം..മുത്തശ്ശനും മുത്തശ്ശിയും ഇല്ലാതായിട്ട്…ശരിക്കും ആ വിടവ്  അറിയുകയും ചെയ്തിട്ടുണ്ട്..പക്ഷേ…മോൾക്ക് കൂടെ മോൾടെ അച്ഛനുണ്ടായിരുന്നു എന്നും..എപ്പോ വേണേലും മോൾക്ക്  അദ്ദേഹത്തെ പോയി കാണാം..ആളുടെ കൂടെ താമസിക്കാം. പക്ഷേ..അപ്പോഴെല്ലാം ഞാൻ ഒറ്റപ്പെടലിന്റെ വേദനയറിയുകയായിരുന്നു…ഇനി മോള് വിവാഹം കഴിഞ്ഞു പോയാൽ..ഞാൻ…”

പാതിയിൽ നിർത്തി ഭാനുമതി..

“അമ്മക്ക് ദേഷ്യമുണ്ടായിരുന്നോ..ഞാൻ അച്ഛന്റെ കൂടെ പോയി നിൽക്കുന്നതിൽ.. “

“ദേഷ്യമൊന്നുമുണ്ടായിരുന്നില്ല..അറിവ് വെക്കും കാലം വരേ എന്റെ ചൂട് കൊണ്ടല്ലേ വളർന്നത്..പിന്നെ മോൾക്ക് സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്തിയായ്..അച്ഛനെ കാണണം..അച്ഛന്റെ കൂടെ താമസിക്കണം..ഇതൊക്കെ പറഞ്ഞപ്പോ ഒരിക്കലും ഞാൻ എതിർത്തില്ല..കാരണം..അത് മോൾടെ അവകാശമാണ് ല്ലോ ഏന്ന് ഞാൻ കരുതി..അദ്ദേഹത്തിന് മോളൊരു  ബാധ്യതയവരുത് എന്ന് മാത്രമായിരുന്നു പ്രാർത്ഥന..അതും ഈശ്വരൻ കേട്ടു..നൽകാൻ കഴിയാതെ പോയ സ്നേഹം മുഴുവനും മോൾക്ക്  നൽകി കൂടെ ചേർത്ത് പിടിച്ചു..ഇപ്പൊ അതോർക്കുമ്പോ ഒരു സുഖമാണ്..മോൾക്ക് അച്ഛനുമമ്മയുമുണ്ടല്ലോ..പക്ഷേ എനിക്കോ..എനിക്കാരാ.. ഉള്ളത്..” ഇത്തവണ ഭാനുമതിയുടെ ശബ്ദം വിങ്ങിയിരുന്നു..

“എന്നിട്ട്…അമ്മ ആരേലും കണ്ടു വെച്ചിട്ടുണ്ടോ…” അനുവിന്റെ ചോദ്യം ഭാനുമതിയുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി…

“കണ്ട് വെച്ചതല്ല മോളേ…തെറ്റേറ്റ് പറഞ്ഞു കൂടെ കൂട്ടുമോ ന്ന് ഞാൻ പോയി ചോദിച്ചതാ അദ്ദേഹത്തോട്…” വാതിൽക്കലേക്ക് നോക്കി ഭാനുമതി പറഞ്ഞത് കേട്ട് അനു തിരിഞ്ഞു നോക്കി…

“അച്ഛൻ….” അനു ഉള്ളിൽ പറഞ്ഞു.. അതോടൊപ്പം അവൾ ഓടിച്ചെന്നു സേതുവിനെ വാരി പുണർന്നു…

“അച്ഛാ…സത്യമാണോ അച്ഛാ..ഇതെല്ലാം സത്യമാണോ…”

“മ്മ്..മോളേ..ചില സത്യങ്ങൾ മനസിലാക്കാൻ ഒരുപാട് കാലം വേണ്ടി വരും..അതറിയും വരേ കാത്തിരിക്കാനുള്ള ക്ഷെമയുണ്ടേൽ..നമുക്കൊന്നും നക്ഷ്ടപ്പെടില്ല മോളേ…”

അനുവിനെ ചേർത്ത് പിടിച്ചു സേതു പറയുമ്പോൾ കൂപ്പുകൈയ്യുമായി ഭാനുമതി സേതുവിനെ നോക്കി നിന്നു..

“വാ…” സേതു ഭാനുമതിയേ വിളിച്ചു…

ഒറ്റടി വെച്ച്…വേച്ചു വേച്ചു ഭാനുമതി സേതുവിന്റെ അടുത്തേക്ക് നടന്നുവന്നു..ഒടുവിൽ ആ നെഞ്ചിലേക്ക് തളർന്നു വീണു..

“ഏട്ടാ…” ഭാനുമതി പതിയെ വിളിച്ചു…

ആ വിളിയിൽ സർവ്വം പുണർന്നു പുൽകി കൂടെ ചേരുന്ന പുതിയ ജീവിതത്തെ അവർ അറിഞ്ഞു തുടങ്ങിയിരുന്നു…

ശുഭം