എഴുത്ത് : മഹാ ദേവൻ
=======================
നാല് പെണ്ണുങ്ങൾ ഉളള വീട്ടിലെ മൂത്ത പെണ്ണിനെ ആണ് പെണ്ണ് കാണാൻ പോകുന്നത് എന്ന് ബ്രോക്കർ പറഞ്ഞപ്പോൾ തന്നെ സരസ്വതിക്ക് എതിർപ്പായിരുന്നു.
പക്ഷേ അത് ശ്രദ്ധിക്കാതെ ” എപ്പഴാ ശങ്കരേട്ടാ അവിടെ പോകേണ്ടത് ” എന്ന് ചോദിക്കുന്ന ജീവനെ ഒന്ന് ഇരുത്തിനോക്കികൊണ്ട് സരസ്വതി അവരുടെ സംസാരത്തിനിടയിൽ കേറി കൊണ്ട് പറയുന്നുണ്ടായിരുന്നു ” ഇവിടുന്ന് ഇപ്പോൾ അങ്ങനെ ഒരു വീട്ടിലേക്ക് ആരും പെണ്ണ് കാണാൻ പോകുന്നില്ല ” എന്ന്.
മകനെ പെണ്ണ് കെട്ടിക്കാൻ അമ്പലം നിറയെ വഴിപാടും അരക്കെട്ട് നിറയെ ഏലസ്സും കെട്ടിത്തരുന്ന അമ്മയിൽ നിന്ന് അങ്ങനെ ഒരു സംസാരം പ്രതീക്ഷിക്കാത്തത്കൊണ്ട് തന്നെ “അതെന്താണ് ” എന്ന ഒരു ഭാവം ജീവന്റെ മുഖത്തുണ്ടായിരുന്നു. ശങ്കരനാകട്ടെ പെട്ടന്നുള്ള സരസ്വതിയുടെ ആലോചന നിരസിക്കുന്ന വാക്ക് കേട്ട് അന്തംവിട്ടിരിക്കുകയായിരുന്നു.
” അതെന്താ അമ്മേ വേണ്ടെന്ന് പറഞ്ഞെ. ശങ്കരേട്ടൻ കൊണ്ട് വന്നത് നല്ല ഒരു ആലോചന അല്ലെ.. കുട്ടിക്ക് അത്യാവശ്യം പഠിപ്പും ഉണ്ട്.. പിന്നെ കുറവുള്ളത് കുറച്ച് കാശിന്റെ അല്ലേ.. അതാണെങ്കിൽ നമുക്ക് ആവശ്യത്തിന് ഉണ്ട്താനും..ഇനിപ്പോ അവർക്ക് പണമില്ലാത്തതിന്റെ പേരിൽ ആണ് ഈ കടുംപിടുത്തം എങ്കിൽ എനിക്കും ഒന്നുമില്ലല്ലോ. ഉള്ളതൊക്കെ കുടുംബസ്വത്തല്ലേ? പിന്നെ പഠിപ്പില്ലാതെ, റബർവെട്ടും കൃഷിപ്പണിയുമായി നടക്കുന്ന എനിക്ക് ആര് പെണ്ണ് തരാൻ ആണ്. പഴയ കാലത്തെ പോലെ ഇപ്പോൾ വീട്ടുകാർ അല്ല ചെക്കനെ തീരുമാനിക്കുന്നത്. പെണ്ണുങ്ങൾ ആണ്..പഴയ കാലം പോലെ പത്തും പതിനഞ്ചും വയസ്സ് കൂടുതൽ ഉളള ചെക്കന്മാരെ ഇന്നത്തെ പെണ്ണുങ്ങൾ കെട്ടത്തുമില്ല. അവർക്ക് ഏറിയാൽ ഒന്നോ രണ്ടോ വയസ്സ് കൂടുതൽ ഉള്ളവർ മതി.. ഒരേ വയസ്സ് ആണെങ്കിൽ അത്രയും സന്തോഷം..
അങ്ങനെ ഉളള ഈ കാലത്ത് ഈ മുപ്പത്തിരണ്ടാംവയസ്സിൽ എനിക്ക് ആര് പെണ്ണ് തരാൻ ആണ്.ഇപ്പോൾ ശങ്കരേട്ടൻ കൊണ്ട് വന്നത് വലിയ കുഴപ്പം ഇല്ല. വീട്ടിലെ സാഹചര്യം മോശമായത് കൊണ്ട് അവരുടെ കണ്ണിൽ അവർക്ക് കിട്ടാവുന്ന നല്ല ആലോചന ആണ് ഇതെന്ന് ശങ്കരേട്ടൻ പറഞ്ഞ് ഒരു വിധം ശരിയാക്കിയിട്ടുണ്ട്.. അപ്പോഴാണോ അമ്മയുടെ ഈ ഉടക്ക് വർത്താനം.. ഞാൻ ഇവിടെ ഇങ്ങനെ നിൽക്കണം എന്നാണോ അമ്മക്ക് “
ജീവന്റെ വാക്കുകളിലെ ദേഷ്യവും സങ്കടവും മനസ്സിലാക്കിക്കൊണ്ട് തന്നെ ആയിരുന്നു സരസ്വതി താൻ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിന്നതും,
” നീ ഒന്ന് കെട്ടിക്കാണാൻ ആണ് ഞാൻ ഇക്കണ്ട വഴിപാട് ഒക്കെ നേരുന്നതും അമ്പലങ്ങളായ അമ്പലങ്ങളിൽ കേറി ഇറങ്ങുന്നതും.പക്ഷേ, ഇത് നിനക്ക് ശരിയാവില്ല മോനെ. ഒന്നാമതെ വീട്ടിലെ നാല് പെണ്ണുങ്ങളിൽ മൂത്തവൾ. നിന്റെ തലയിൽ അവളെ വെച്ചുകെട്ടിയാൽ പിന്നെ ആ വീടിന്റ എല്ലാ ചുമതലയും പ്രാരാബ്ധങ്ങളും നിന്റെ തലയിൽ ആകും. മൂത്ത മരുമകൻ അല്ലെ..താഴെ ഉള്ളത് വളർച്ചയെത്തിയ മൂന്ന് പെൺകുട്ടികൾ ആണ്. അവരുടെ ഇനിയുള്ള പഠിപ്പ്, കല്യാണം, പേറ് അങ്ങനെ കിട്ടുന്നത് മുഴുവൻ ആ വീട്ടിലേക്ക് ചിലവാക്കാനെ ഉണ്ടാകൂ. അങ്ങനെ ചെയ്തില്ലെങ്കിൽ മറ്റുള്ളവർക്ക് കുറ്റം പറയാൻ ഒരു കാരണവും ആവും..എന്തിനാ വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ തോളിൽ എടുത്തുവച്ച് കടി വാങ്ങിക്കുന്നത്. എനിക്ക് പറയാനുള്ളത് പറഞ്ഞു. പിന്നെ അമ്മ പറഞ്ഞില്ല, അറിഞ്ഞില്ല എന്ന് പറയരുത്. “
അമ്മയുടെ കടുപ്പിച്ചുള്ള വാക്കുകൾക്ക് മുന്നിൽ ജീവൻ ഒന്ന് പുഞ്ചിരിച്ചു. പിന്നെ ശങ്കരേട്ടനെ ഒന്ന് കണ്ണിറുക്കി കാണിച്ചുകൊണ്ട് എഴുനേറ്റ് അമ്മക്കരികിലെത്തി തോളിൽ ചേർത്ത് പിടിച്ചു.
” എന്റെ അമ്മേ. ഇങ്ങനെ ഒക്കെ കണക്ക് കൂട്ടി ജീവിക്കാൻ പറ്റുമോ.. അമ്മ തന്നെ പറയാറില്ലേ.. എല്ലാത്തിനും ഒരു സമയം ഉണ്ടെന്ന്. ആ സമയം ഇതാണെങ്കിലോ..അതിനെ നമ്മൾ വെറുതെ പുറംകാലു കൊണ്ട് തട്ടിത്തെറുപ്പിക്കണോ?
പിന്നെ ഒരു കുടുംബത്തെ തോളിലെറ്റുന്ന കാര്യം.. അത് വലിയ ഒരു കാര്യം അല്ലെ..വീഴാൻ പോകുന്ന ഒരു കുടുംബത്തെ നോക്കി ചിരിച്ചുകൊണ്ട് മാറിനിൽക്കുന്നതിനേക്കാൾ നല്ലതല്ലേ ഒരു കൈകൊണ്ട് താങ്ങാൻ കഴിഞ്ഞാൽ..? ഇതും അങ്ങനെ ആണെന്ന് കരുതിയാൽ മതി. ഇല്ലാത്ത വീട് ആയത് കൊണ്ട് ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിച്ചവരല്ലേ അവർ.. അവർക്ക് അത്രക്കൊക്കെ ആഗ്രഹം കാണൂ.. അതിലേക്ക് നമ്മളെ കൊണ്ട് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ അതില്പരം എന്ത് സന്തോഷം ആണ്. അപ്പഴും ആളുകൾ പറയുന്നത് ഇങ്ങനെ ഒരു മകനെ പെറ്റ സരസ്വതി പുണ്യം ചെയ്തവൾ ആണെന്ന് ആയിരിക്കും..ആ ക്രിഡിറ്റ് അമ്മക്ക് ഇരിക്കട്ടെ… ” എന്ന് പറഞ്ഞുകൊണ്ടവൻ ചിരിയോടെ അമ്മയുടെ കവിളിൽ ഒരു ഉമ്മ നൽകി അവൻ .
” പിന്നെ, പണത്തേക്കാൾ വലുതല്ലേ അമ്മേ വന്ന് കേറുന്ന പെണ്ണിന്റെ സ്വഭാവം. ആ വീട്ടിലെ താഴെ ഉളള പെണ്ണുങ്ങളെ നോക്കാനും മറ്റും അച്ഛന് കൈതാങ് ആവുന്ന ഒരു പെണ്ണിന് ഈ വീടിനെയും അമ്മയെയും പൊന്ന് പോലെ നോക്കാൻ കഴിയും. അതിനിടക്ക് എന്നെയും..അതൊക്ക അല്ലെ ജീവിതത്തെ അര്ഥമുള്ളതാകുന്നത്. അല്ലാതെ വരാൻ പോകുന്ന ചിലവിന്റെ പേരിൽ വന്ന് കേറിയ ആലോചന വന്ന വഴിക്ക് വിട്ട് വേറെ ആലോചന വരും എന്ന് കരുതി വഴിയിലേക്ക് നോക്കി ഇരിക്കണോ?
അമ്മ തീരുമാനിക്ക്. അമ്മക്ക് നല്ല ഒരു മരുമോൾ വേണോ അതോ ഇനീം അമ്പലം കേറി കാല് കടച്ചിൽ കൂട്ടണോ എന്ന്. “
എന്നും പറഞ്ഞ് സോഫയിലേക്ക് ഇരുന്ന ജീവനോട് എന്ത് പറയണമെന്ന് അറിയെതെ നിൽക്കുകയായിരുന്നു സരസ്വതി.
അത് കണ്ട് കൊണ്ട് തന്നെ ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് ” ശങ്കരേട്ടൻ പോയി വാ ” എന്നും പറഞ്ഞ് കണ്ണിറുക്കി കാണിക്കുമ്പോൾ അവനറിയാമായിരുന്നു….
“അമ്മയല്ലേ… സമ്മതിക്കുമെന്ന്. ഇച്ചിരി കടുംപിടുത്തം പിടിച്ചാലും ആരുടേയും കണ്ണ് നിറയുന്നത് അമ്മയ്ക്ക് സഹിക്കില്ലെന്ന്. ചില കടുംപിടുത്തങ്ങൾ മകനെ ഓർത്തുള്ള വേവലാതി മാത്രമാണെന്ന്! “
✍️ ദേവൻ