വിവാഹ മാർക്കറ്റിൽ സർക്കാർ ജോലി ഉള്ളവർക്കേ പരിഗണന ഉള്ളൂവത്രെ, അല്ലെങ്കിൽ പ്രേമിക്കണം…

എഴുത്ത്: വൈദേഹി വൈഗ

==================

കുട്ടിക്കാലത്ത് നോട്ട്ബുക്കിൽ നിന്ന് പേപ്പർ വലിച്ചു കീറി ക്യാമറ ഉണ്ടാക്കി എടുത്ത ഫോട്ടോയാണ് അവന്റെ ഓർമയിൽ ആദ്യമായി എടുത്ത ഫോട്ടോ. അന്നത് കളി ആയിരുന്നെങ്കിലും പിന്നെ പാഷനായും ഇന്ന് ചോറായും കിരണിനെ വിട്ട് പോയില്ല

ക്യാമറായും തൂക്കി നടക്കാതെ വല്ല പിഎസ്സിയും എഴുതി സർക്കാർ ജോലി വാങ്ങ് എന്ന് വീട്ടുകാരും നാട്ടുകാരും പല ആവർത്തി പറഞ്ഞു , ഇല്ലെങ്കിൽ പെണ്ണ് കിട്ടൂലത്രെ…

വിവാഹ മാർക്കറ്റിൽ സർക്കാർ ജോലി ഉള്ളവർക്കേ പരിഗണന ഉള്ളൂവത്രെ, അല്ലെങ്കിൽ പ്രേമിക്കണം…

പ്രേമം ഒന്നും നമുക്ക് സെറ്റ് ആവില്ല എന്ന ചിന്താഗതിക്കാരനായിരുന്നു അവൻ, ഒന്ന് അവൻ പ്രേമിച്ചാലും ഒരു പെണ്ണും അവനെ പ്രേമിക്കില്ലെന്ന ഇൻഫീരിയാരിറ്റി കോംപ്ലക്സ്, രണ്ട് ഏതേലും പെണ്ണ് ദയവ് തോന്നി പ്രേമിച്ചാലും കൈയിൽ കാശില്ല…

പക്ഷെ മരുഭൂമിയിൽ മഴ പെയ്ത പോലെ അവന്റെ ജീവിതത്തിലും ഒരു പ്രണയകുളിർകാറ്റ് വീശി, ധന്യ….

കിരണിന്റെ സ്റ്റുഡിയോക്ക് മുന്നിലുള്ള അക്ഷയസെന്ററിൽ ആണ് അവൾ ജോലി ചെയ്യുന്നത്. എന്നും കാണുമ്പോൾ ചിരിക്കും , അത്ര പരിചയമെ അവർ തമ്മിൽ ഉണ്ടായിരുന്നുള്ളൂ …

പക്ഷെ അവന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചതും അവളായിരുന്നു. വെറും ഫോട്ടോഗ്രാഫർ ആയിരുന്ന അവനെ വെഡിങ് ഫോട്ടോഗ്രാഫർ ആക്കിയതും അവൾ തന്നെ..

തന്റെ സുഹൃത്തിന്റെ കല്യാണആൽബം ചെയ്തു തരുമോ എന്ന് അവൾ ചോദിച്ചു , പിന്നെന്താ എന്ന് അവനും…അവർ തമ്മിൽ ഒരു സൗഹൃദം വളർന്നത് ആ സംഭവത്തിന്‌ ശേഷമാണ് .

ആ കല്യാണം നടന്നില്ല , കല്യാണചെക്കൻ കാമുകിയോടൊപ്പം ഒളിച്ചോടിയതാണ് കാരണം. അന്ന് മാനസികമായി ഏറെ തളർന്ന തന്റെ കൂട്ടുകാരിയെ ഓർത്ത് സങ്കടപ്പെടുന്ന അവളെ ആശ്വസിപ്പിച്ചത് അവനാണ്

കൂട്ടുകാരിയുടെ ഫോട്ടോഷൂട്ട് ആൽബം കണ്ട് ഒന്ന് രണ്ട് വർക്കുകൾ തേടി വന്നതോടെ കിരൺ പതിയെ ഫേമസ് ആവാൻ തുടങ്ങി. എന്തുകൊണ്ട് ഷോപ്പിന്റെ പേരിൽ ഒരു സോഷ്യൽ മീഡിയ അകൗണ്ട് തുടങ്ങിക്കൂടാ, അതിൽ ഇതുവരെ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്താൽ പബ്ലിസിറ്റി കിട്ടുമല്ലോ എന്ന് അവനെ ഉപദേശിച്ചത് ധന്യയാണ്

സോഷ്യൽമീഡിയയെ കുറിച്ച് അത്ര വശമില്ലാതിരുന്ന അവനെ അകൗണ്ട് എങ്ങനെ ഉപയോഗിക്കണമെന്നും ഫോട്ടോ എങ്ങനെ അപ്‌ലോഡ് ചെയ്യണമെന്നും ഒക്കെ പഠിപ്പിച്ചത് ധന്യയാണ്

പകരം അവളുടെ അകൗണ്ടിൽ ഇടാൻ ഫോട്ടോകൾ എടുത്തു കൊടുത്തു അവൻ. പതിയെ അവരുടെ സൗഹൃദം വളർന്നു

തന്നോടുള്ള അവളുടെ സമീപനം മാറുന്നത് പതിയെയാണെങ്കിലും അവൻ മനസിലാക്കാൻ തുടങ്ങിയിരുന്നു. ഒരിക്കൽ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞ അവളെ നിരുത്സാഹപ്പെടുത്തി തിരികെ അയക്കുകയാണുണ്ടായത്

ഇഷ്ടമല്ലാത്തത് കൊണ്ടായിരുന്നില്ല , തന്റെ പട്ടിണിയിലും പ്രാരാബ്ദത്തിലും അവളെക്കൂടി കഷ്ടപ്പെടുത്താൻ അവൻ ആഗ്രഹിച്ചിരുന്നില്ല. ചേച്ചിയുടെ കല്യാണത്തിന് എടുത്ത ലോണും പ്രസവത്തിനു വാങ്ങിയ കടങ്ങളും ഒക്കെയാണ് തന്റെ സമ്പാദ്യം.ആ അവസ്ഥയിൽ ഒരു കല്യാണത്തെ കുറിച്ചൊ ലൈഫ് പാർട്ട്ണറേ കുറിച്ചോ ഒന്നും ചിന്തിക്കാൻ പോലും അവന് ആകുമായിരുന്നില്ല

ഒരുപാട് പിന്നാലെ നടന്നെങ്കിലും വളരെ പക്വമായി കിരൺ കാരണങ്ങൾ പറഞ്ഞപ്പോൾ അവൾക്ക് മനസിലായി. ഒരുപാട് കരയിച്ചെങ്കിലും അവൾക്ക് നല്ലൊരു ജീവിതം കിട്ടുമല്ലോ എന്നോർത്ത് കിരൺ ആശ്വസിച്ചു, നമുക്ക് ഇഷ്ടപ്പെട്ടൊരാൾ എവിടെയായിരുന്നാലും സന്തോഷമായി ജീവിക്കുന്നു എന്നറിയുമ്പോഴാണല്ലോ നമുക്ക് സന്തോഷം ….

ഇന്ന് ധന്യയുടെ കല്യാണമാണ്, ഫോട്ടോഗ്രാഫർ നമ്മുടെ കിരണും .

അവളുടെ ചിരിക്കുന്ന മുഖം ഓരോ ഫ്രെയിമിലും ഒപ്പിയെടുക്കുമ്പോഴും അവന്റെ ഉള്ളിൽ ഒരായിരം മല്ലികപ്പൂക്കൾ വിടർന്ന കുളിർമയായിരുന്നു.. 🥀