ബ ലി മൃ ഗ ങ്ങ ൾ
Story written by Sebin Boss J
====================
” ഹരികുമാർ …ആരാണ് താങ്കൾക്ക് വേണ്ടി വാദിക്കുവാൻ ഹാജരായിട്ടുള്ളത് ?”’
ജഡ്ജിയുടെ ചോദ്യത്തിന് മുന്നിൽ ഹരി തല താഴ്ത്തി
” താങ്കൾക്ക് എന്തെങ്കിലും കോടതിയെ ബോധിപ്പിക്കാനുണ്ടോ ?”
അതിനും ഹരിക്ക് മറുപടിയുണ്ടായില്ല
” നിങ്ങൾ ചെയ്ത തെറ്റിന്റെ കാഠിന്യത്തെ കുറിച്ച് നിങ്ങൾക്ക് ബോദ്ധ്യമുണ്ടോ ? മോഷണം അക്ഷന്തവ്യമായ കുറ്റമാണ് .നിങ്ങളുടെ ബലപ്രയോഗത്തിൽ അവർ മരിച്ചു പോയിരുന്നേൽ ? … അത് നിങ്ങളുടെ സ്വന്തം സഹോദരി തന്നെയല്ലേ ഹരികുമാർ? ”’
”’ പറ്റിപ്പോയി സാർ .. പറ്റിപ്പോയി .എന്നെ ശിക്ഷിച്ചോ ..എന്നെ ശിക്ഷിച്ചോ “”
അഡ്വക്കേറ്റ് റോബിൻ സക്കറിയാസ് ചോദിച്ചപ്പോൾ ഹരികുമാർ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതിക്കൂട്ടിൽ തളർന്നിരുന്നുപോയി
“‘എണീക്കടോ ..അധികം സെന്റി ഒന്നും വേണ്ട . ഇവിടുന്നിറങ്ങിയാൽ നിന്റെ അവസാനമായിരിക്കും …എണീക്കട “‘
പ്രതിയെയും കൊണ്ട് വന്ന സി പി ഓ രാജൻ കുമാർ ഹരിയുടെ അടുത്തെത്തി പിറുപിറുത്തപ്പോൾ അയാൾ പ്രതിക്കൂട്ടിൽ മുറുകെ പിടിച്ചെഴുന്നേറ്റു നിന്നു
“‘യുവർ ഓണർ … ഒരമ്മ നൊന്തുപെറ്റ രണ്ട് മക്കൾ . ഒന്നിച്ചുണ്ടും ഉറങ്ങിയും കിട്ടിയത് പങ്കുവെച്ചും വളർന്ന രണ്ട് സഹോദരങ്ങൾ . അവരെന്താണ് ഇങ്ങനെ ആയത് ? സ്വത്തിനും പണത്തിനും വേണ്ടി എന്തിനാണ് ഇങ്ങനെ അടിപിടി കൂടിയത്? ബാല്യത്തിൽ പരസ്പരം താങ്ങായും തണലായും വളർന്ന രണ്ടുപേർ .അവർക്കെങ്ങനെപരസ്പരം വഴക്കടിക്കുവാൻ പറ്റും ? മൂത്തത് ഒരു പെൺകുട്ടി ആണെങ്കിൽ അവർ കൂടപ്പിറപ്പുകൾക്ക് അമ്മയാകും എന്നാണ് പറയുക . നിങ്ങളുടെ അമ്മയെപ്പോലെയുള്ള ആ സഹോദരിയെ ആണ് ഹരികുമാർ നിങ്ങൾ ഭിത്തിയിൽ ഇടിച്ചു കൊല്ലാൻ നോക്കിയത് .. ”
“‘എനിക്ക് …എനിക്കെന്റെ ചേച്ചിയെ കാണണം “‘ ഹരി തലയിൽ കൈവെച്ചു വിമ്മിക്കരഞ്ഞു .
“‘പശ്ചാത്താപം നല്ലതാണ് ഹരികുമാർ . പക്ഷെ നിങ്ങൾ ചെയ്തത് കൊ ലപാതകശ്രമം കൂടിയാണ് . യുവർ ഓണർ പ്രതിക്ക് അർഹമായ പരമാവധി ശിക്ഷ വിധിക്കുമാറാകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു ”
”എക്സ്ക്യൂസ് മീ യുവറോണർ ”’
പ്രോസിക്യൂഷൻ വക്കീൽ നിർത്തുന്നതിന് മുൻപേ കോടതിയിൽ നിന്നൊരു ശബ്ദം ഉയർന്നു
അഡ്വക്കേറ്റ് റിയാ റോബിൻ !!
“‘എനിക്ക് മിസ്റ്റർ ഹരികുമാറിന് വേണ്ടി വാദിക്കണമെന്ന് ആഗ്രഹമുണ്ട് യുവർ ഓണർ..പ്ലീസ് ”’
”’ യെസ് പ്രൊസീഡ് ”’
കോടതി അനുവാദം നൽകിയതും അവിടെയുണ്ടായിരുന്ന മറ്റു വക്കീലുമാർ ആകാംഷയോടെ അഡ്വക്കേറ്റ് റിയയെ നോക്കി , ശേഷം പ്രോസിക്യൂഷൻ വക്കീൽ റോബിനെയും . ഭാര്യയും ഭർത്താവും തമ്മിലുള്ള വാഗ്‌വാദത്തിനായി ആളുകൾ ചെവി കൂർപ്പിച്ചു .
“‘ മിസ്റ്റർ ഹരികുമാർ … താങ്കളുടെ വീട്ടിൽ ആരൊക്കെയുണ്ട് ?”
“‘ ഞാനും ഭാര്യയും രണ്ട് കുട്ടികളും പിന്നെ എന്റെ അമ്മയുമുണ്ട് ”
”’താങ്കൾക്ക് എന്താണ് ജോലി ? ഭാര്യക്ക് വല്ല വരുമാനവുമുണ്ടോ ?”
“‘ എനിക്ക് വീടിനടുത്തൊരു പലചരക്കുകടയുണ്ട് സാറെ . ഭാര്യ ഒരു തുണിക്കടയിൽ ജോലിക്ക് പോയിരുന്നു .അമ്മക്ക് തീരെ വയ്യാതായപ്പോൾ നിർത്തി . അമ്മയുടെ കൂടെ എപ്പഴും ആളുവേണം ”’
“‘ എങ്ങനെയുണ്ട് കടയിൽ നിന്നുള്ള വരുമാനം ? താങ്കൾ താമസിക്കുന്ന വീട് സ്വന്തമല്ലേ ? ബാധ്യതയുണ്ടോ നിങ്ങൾക്ക് ? ഉണ്ടെങ്കിൽ എത്ര ?”’
“” വീട് സ്വന്തമാണ് സാർ . ഇപ്പൊ ജപ്തിനോട്ടീസ് വന്നു . അതിനാണ് ഞാൻ .. ”’
“” അതിലേക്ക് നമുക്ക് പിന്നെ പോകാം . ചോദിക്കുന്നതിന് മാത്രം ഉത്തരം പറയുക . താങ്കൾക്ക് ബാധ്യതയുണ്ടോ ?”’
”’ ഉണ്ട് സാറെ .എനിക്ക് ബസിൽ പോർട്ടർ ആയിട്ടായിരുന്നു ആദ്യം ജോലി . പിന്നെയാണ് കട തുടങ്ങിയത് . അതിനു വേണ്ടി ലോൺ എടുത്തു. അത്കുടിശ്ശികയായി ,മൊത്തം പലിശ അടക്കം മൂന്നര ലക്ഷമായി . കച്ചവടം ഒന്നുമില്ല സാറെ .അടക്കാൻ നിവൃത്തിയില്ല …”‘
“‘ ഒബ്ജെക്ഷൻ യുവർ ഓണർ . ലോൺ എടുത്താൽ അത് തിരിച്ചടക്കുക തന്നെ വേണം . ഹരികുമാർ ..താങ്കൾ മ ദ്യപിക്കില്ലേ ? മ ദ്യപിച്ചല്ലേ നിങ്ങൾ ഇത്രമാത്രം കടങ്ങൾ വരുത്തിവച്ചത് ?”” അഡ്വക്കേറ്റ് റോബിൻ ചാടിയെണീറ്റു .
” താങ്കൾ മ ദ്യപിക്കുമോ ? മറ്റ് ദുശീലങ്ങൾ വല്ലതും ?” അഡ്വക്കേറ്റ് റിയ അയാളോട് സൗമ്യമായി ചോദിച്ചു .
“” മ ദ്യപിക്കാറുണ്ട് സാർ . സ്ഥിരമായി കഴിക്കാറില്ല . വല്ല കല്യാണത്തിനോ മറ്റോ മാത്രം . വീടും പിള്ളേരുടെ പഠിപ്പുമൊക്കെ കഷ്ടിച്ചാണ് കൊണ്ട് പോകുന്നെ .അമ്മയുടെ മരുന്നിന് തന്നെ നല്ലതുക വേണം ”’ ഹരിക്ക് സങ്കടമായി .
“‘കട തുടങ്ങുവാൻ വീട് ഈടുവെച്ചാണോ താങ്കൾ ലോൺ എടുത്തത് ?”’
“‘ അല്ല സാറെ .. വീടിന്റെ ആധാരം പെങ്ങടെ കല്യാണത്തിന് ലോൺ വെച്ചതാണ് . കടതുടങ്ങാൻ ലോണിന് മൂന്ന് കടക്കാരുടെ പരസ്പരജാമ്യം മതിയായിരുന്നു . ആദ്യമൊക്കെ ലോൺ മുടങ്ങാതെ അടച്ചിരുന്നു . കൊറോണയും മറ്റും ആയപ്പോൾ കച്ചവടം കുറഞ്ഞു .. പിന്നെ അടക്കാൻ പറ്റിയില്ല ”
“എല്ലാ മേഖലയിലും ബിസിനസ് കുറവാണ് ഹരീ ..ആട്ടെ , നിങ്ങൾ എത്ര മക്കളാണ് ?അതായത് നിങ്ങൾ കൊ ല്ലുവാൻ ശ്രമിച്ചെന്ന് പറയപ്പെടുന്ന ഹരിത ..അവർ ഒറ്റ പെങ്ങളാണോ ? അവർക്ക് ജോലിയുണ്ടോ ? അവരുടെ ഹസ്ബന്റ് എന്ത് ചെയ്യുന്നു? ”’
“‘ഒരു സഹോദരിയെ ഉള്ളൂ എനിക്ക് . ചേച്ചി നേഴ്‌സാണ് . അളിയനും ചേച്ചിയും ഗൾഫിൽ ആയിരുന്നു . അവരുടെ സ്വത്ത് വീതം വെച്ചപ്പോൾ അളിയന് ആയി അവരുടെ അച്ഛനേം അമ്മയെയും നോക്കേണ്ട ചുമതല .അതോടെ ചേച്ചിയും പിള്ളേരും ജോലി നിർത്തിപോന്നു . അളിയൻ ഗൾഫിൽ തന്നെയാണ് ””
“”അതായത് സ്വന്തം മാതാപിതാക്കളെ നോക്കുവാൻ സ്വത്ത് പ്രതിഫലം വാങ്ങുക എന്ന് പറയാം അല്ലെ ? . നിങ്ങളുടെ പെങ്ങൾക്ക് എത്ര സ്ത്രീധനം കൊടുത്താണ് കല്യാണം കഴിപ്പിച്ചു വിട്ടത് ? നിങ്ങളുടെ പുരയിടത്തിന്റെ വീതമോ മറ്റോ അല്ലാതെ കൊടുത്തിട്ടുണ്ടോ ?”’
“‘ ഒബ്ജക്ഷൻ യുവറോണർ . അത് എന്റെ കക്ഷിയുടെ പ്രൈവസിയുടെ മേലുള്ള കടന്ന് കയറ്റമാണ്. സ്ത്രീധനം അല്ല. ഇവരാൽ പറ്റുന്ന സമ്മാനം കൊടുത്തിട്ടുണ്ട്.”” അഡ്വക്കേറ്റ് റോബിൻ തന്റെ കക്ഷിയുടെ പക്ഷം ചേർന്നു.
“”യെസ്… സമ്മാനം. ആ സമ്മാന തുക എത്രയാണ് എന്നാണ് ഞാൻ ചോദിച്ചത്. പറയൂ ഹരികുമാർ താങ്കൾ എത്ര രൂപയാണ് നിങ്ങളുടെ സഹോദരിക്ക് “സമ്മാനം” ആയി നൽകിയത്? സ്വർണമായും പണമായും എത്രത്തോളം മതിപ്പ് വരും അതിന്? “”
“” അഞ്ചു ലക്ഷം രൂപയും 25 പവനും ആണ് സർ””
“”അപ്പോൾ ഏതാണ്ട് പതിനഞ്ചു ലക്ഷത്തോളം രൂപ…അല്ലെ””
“യുവർ ഓണർ. അത് ഏവരും പെൺകുട്ടികൾക്ക് കൊടുക്കുന്നത് ആണല്ലോ. അത് കുടുംബസ്വത്തിന്റെ ഒരു ഭാഗമാണ്…”” അഡ്വക്കേറ്റ് റോബിൻ വീണ്ടും വാദി ഭാഗം ന്യായീകരിച്ചു.
“” യെസ് …കുടുംബ സ്വത്ത്. ഹരികുമാർ… താങ്കളുടെ പുരയിടം എത്രയുണ്ടന്നാണ് പറഞ്ഞത് ?. അത് ഭാഗം വെച്ചതാണോ.. ആണെങ്കിൽ നിങ്ങളുടെ സഹോദരിക്ക് കൊടുത്തത് ആണോ?””
“” മൊത്തം ഇരുപത്തിയഞ്ചു സെന്റ് പുരയിടം ആണുള്ളത് സാർ. പത്തു സെന്റും വീടും എനിക്കും പതിനഞ്ചു സെന്റ് ചേച്ചിക്കും ഭാഗത്തിൽ ഉണ്ട്.””
“” യുവർ ഓണർ . പിന്തുടർച്ചാവകാശത്തിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശം ആണെന്ന് കോടതി തന്നെ പറഞ്ഞിട്ടുള്ളത് ആണ്. “”
“” വാദം തുടരട്ടെ റോബിൻ.”” ജഡ്ജി ഇടപെട്ടു .
“” താങ്ക്സ് യുവർ . ഓണർ..ഹരികുമാർ… അതായത് നിങ്ങളുടെ സ്വത്തിന്റെ പാതി അല്ലെ .? “”
“” പ്രതിയുടെ സ്വത്തിന്റെ പകുതി അല്ല.അവരുടെ കുടുംബസ്വത്തിന്റെ പകുതി..””
അഡ്വക്കേറ്റ് റോബിൻ പ്രതിഭാഗം വക്കീലിനെ തിരുത്തി
“” ഓകെ …ഓകെ മിസ്റ്റർ റോബിൻ. ഞാൻ അതിലേക്ക് ആണ് വരുന്നത് “” റിയ റോബിനെ നോക്കി പുഞ്ചിരിച്ചു.
“” ഹരികുമാർ.. താങ്കളുടെ അച്ഛൻ ജീവിച്ചിരിപ്പില്ല അല്ലെ? ..എന്തായിരുന്നു അദ്ദേഹത്തിന്റെ ജോലി? അമ്മക്ക് ജോലി ഉണ്ടായിരുന്നോ?””
“” അച്ഛന് പെയിന്റിങ് ആയിരുന്നു സർ. അമ്മക്ക് ജോലി ഇല്ല.അതിനുള്ള വിദ്യാഭ്യാസം ഇല്ല””
“” ഒക്കെ.. അപ്പോൾ നിങ്ങൾ ഈ കടങ്ങൾ ഒക്കെ വീട്ടിയതും മറ്റും നിങ്ങൾക്ക് കിട്ടിയ സ്ത്രീധന പൈസ കൊണ്ടാവും അല്ലെ? “
“ഇല്ല സാറെ.. അവൾ ഒരു പാവപ്പെട്ട വീട്ടിലെയാണ്. സ്ത്രീധനമൊന്നും വാങ്ങിയിട്ടില്ല.””
” ക്ഷമിക്കണം യുവർ ഓണർ.. അത് എന്റെ കക്ഷിയുടെ കുറ്റമല്ല “”
“”അതേ റോബിൻ .നിങ്ങളുടെ കക്ഷിയുടെ കുറ്റമല്ല സ്ത്രീധനം സോറി സമ്മാനം വാങ്ങാത്തത്. ഹരികുമാറിന്റെ കഴിവ് കേടാണ് അത് അല്ലെ… അതായത് സ്ത്രീധനം കിട്ടാത്തത് ഹരികുമാർ പഠിച്ചിട്ടില്ലാത്തതുകൊണ്ടും നല്ലൊരു വീട് ഇല്ലാത്തത് കൊണ്ടും മെച്ചപ്പെട്ട സാമ്പത്തികാടിത്തറ ഇല്ലാത്തത് കൊണ്ടുമാണ് എന്നു പറയാം അല്ലെ ? ആരാണ് അതിനുത്തരവാദി ? ആരാണ് അയാൾക്ക് വിദ്യാഭ്യാസം നിഷേധിച്ചത്?””
അഡ്വക്കേറ്റ് റോബിൻ ഒന്നും മിണ്ടിയില്ല .
ഓകെ.. ഞാൻ ചോദിച്ചു കൊണ്ടിരുന്ന കാര്യത്തിൽ നിന്ന് മാറിപ്പോയി. ഹരികുമാർ… നിങ്ങൾ ഏത് വരെ പഠിച്ചു.?””
“”പ്രീഡിഗ്രി ഒരുവർഷം പോയുള്ളൂ സാറേ.അന്നേരമാണ് അച്ഛൻ മരിച്ചത്. അമ്മക്ക് സുഖമില്ലായിരുന്നു . പിന്നെ ചേച്ചിയുടെ പഠിപ്പ്… കല്യാണം ഒക്കെ . എന്തെങ്കിലും ജോലി ചെയ്യണമായിരുന്നു ആ അവസ്ഥയിൽ.””
“” അതായത്.. നിങ്ങൾ അച്ഛൻ മരിച്ചപ്പോൾ സ്വയമേ കുടുംബത്തിന്റെ ഭാരം ഏറ്റെടുത്തു അല്ലെ?. നിങ്ങളുടെ അമ്മയുടെ ചികിത്സ.. സഹോദരിയുടെ അതായത് വാദിയുടെ പഠന ചിലവ് , പിന്നെ കല്യാണ ചിലവ് ഒക്കെ നിങ്ങളാണ് ചെയ്തത് അല്ലെ?””
“” ഒബ്ജക്ഷൻ യുവർ ഓണർ.അത് കുടുംബത്തിലെ ആണിന്റെ ചുമതല ആണ്.അയാളുടെ ഉത്തരവാദിത്വമാണ്.”” അഡ്വക്കേറ്റ് റോബിൻ വീണ്ടും എണീറ്റു.
“” പുരുഷന് മാത്രമാണോ ഉത്തരവാദിത്വം?. അതൊരു കുടുംബത്തിലെ എല്ലാവർക്കും ഉള്ളതല്ലേ മിസ്റ്റർ റോബിൻ?. ഹരികുമാറിന് സ്വന്തം കാര്യം നോക്കി ജീവിക്കാമായിരുന്നു . അയാൾക്ക് വേണമെങ്കിൽ തുടർന്ന് പഠിച്ചു , ഒരു ജോലി കിട്ടി ധാരാളം സ്ത്രീധനം വാങ്ങി വിവാഹം കഴിക്കാമായിരുന്നു .പക്ഷെ അയാൾ കുടുംബത്തിന് വേണ്ടി അത് വേണ്ടന്ന് വെച്ചു . അത് അയാളുടെ കഴിവ് കേട് ആയിട്ടാണോ കണക്കാക്കേണ്ടത് ? അങ്ങനെ വേണമെന്നായിരുന്നെന്നാണോ വാദിഭാഗം പറഞ്ഞു വരുന്നത് ? ഇവിടെ ആരാണ് പ്രതി.? എന്റെ കക്ഷി ഹരികുമാറോ? അയാൾ തന്നെ അധ്വാനിച്ചു ഉണ്ടാക്കിയത് അല്ലെ അയാൾ പിടിച്ചു പറിച്ചെന്നു പറഞ്ഞ ആ പത്തുപവന്റെ മാല , അതെങ്ങനെ മോഷണം ആകും?.””
” അതാര് ഉണ്ടാക്കിയത് ആണെങ്കിലും മറ്റൊരാൾ ഉപയോഗിച്ചു വരുന്നത് പിടിച്ചു പറിക്കുന്നത് മോഷണം തന്നെയാണ്”” റോബിൻ നിയമം ചൂണ്ടിക്കാട്ടി
“”യുവർ ഓണർ… ഇവിടെ എന്റെ കക്ഷിക്കാണ് നീതി കിട്ടാത്തത്. അയാളുടെ പഠിപ്പ് മുടങ്ങി.അതേ സമയം സഹോദരിക്ക് വേണ്ട പഠിപ്പും ജോലിയും കിട്ടി. അവർക്ക് സ്ത്രീധനം കൊടുത്തു. പോരാഞ്ഞിട്ട് കുടുംബസ്വത്തിന്റെ ഒരു ഭാഗം വേറെയും. ഇവിടെ ഹരികുമാറിന് എന്താണുള്ളത് ? അയാൾക്കുള്ള കിടപ്പാടം പോലും പണയത്തിലാണ് . തന്റെ രോഗിയായ അമ്മയെയും കൊണ്ട് തെരുവിലേക്ക് ഇറങ്ങേണ്ടിവരുമെന്ന സാഹചര്യത്തിലാണയാൾ ഗത്യന്തരമില്ലാതെ തന്റെ സഹോദരിയോട് സഹായം ചോദിക്കുവാനായി പോയത് . സഹായിക്കാനുള്ള മനസ്കത കാണിക്കാത്തപ്പോൾ മറ്റൊരു വഴിയും ഇല്ലാഞ്ഞിട്ടാണ് അവരുടെ കഴുത്തിൽ കിടന്ന പത്തുപവൻ മാലയിൽ പിടുത്തമിട്ടതും അവർ എതിർത്തപ്പോൾ ഭിത്തിയിൽ തല ഇടിച്ചതും.”’
“” ഇവിടെ എന്തൊക്കെയാണ് സംഭവിക്കുന്നത് . ഹരികുമാർ അവരുടെ സഹോദരിയുടെ മാല മോഷ്ടിക്കുവാൻ ശ്രമിക്കുന്നു.. അത് ഹരികുമാർ തന്നെ അവർക്ക് കൊടുത്തത്. “”
വാദം തീരുന്നതിന് മുൻപേ ജഡ്ജിയുടെ ശബ്ദം ചേംബറിൽ നിന്നുയർന്നപ്പോൾ എല്ലാവരും ആകാംഷയോടെ ചേംബറിലേക്ക് അങ്ങോട്ട് നോക്കി .
” ഇവിടെ ആരെയാണ് കുറ്റപ്പെടുത്തുക? തന്റെപഠിപ്പും ഭാവിയും കളഞ്ഞ് കുടുംബം പുലർത്താൻ ഇറങ്ങിയ ഹരികുമാർ..അത് മൂലം നല്ലൊരു കുടുംബജീവിതവും സാമ്പത്തിക ഭദ്രതയും കിട്ടാതെ പോയ അയാളെ കുറ്റപ്പെടുത്താൻ ആർക്കാണ് കഴിയുക? വാങ്ങുന്ന സ്ത്രീധനത്തിന്റെയും സ്വർണത്തിന്റെയും പഠിപ്പിന്റെയും അടിസ്ഥാനത്തിലാണ് പെണ്ണിന് കെട്ടിക്കയറുന്ന വീട്ടിലെ സ്ഥാനം. അതുകൊണ്ട് സ്ത്രീകളാകട്ടെ കിട്ടുന്നത് പോരട്ടെയെന്നും ചിന്തിക്കുന്നു . എന്നാണ് നമ്മുടെ സമൂഹം നേരയാകുന്നത്.? കോടതി തന്നെ ഉത്തരവിട്ടിട്ടുള്ളതാണ് പിന്തുടർച്ചാവകാശത്തിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശം ആണെന്ന്. .ആ നിയമം ഇതുപോലെ അന്നന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്നരേ ഉദ്ദേശിച്ചല്ല. പാവപ്പെട്ടവന്റെ ഉള്ള കഞ്ഞിയിൽ നിന്ന് ഊറ്റിയല്ല നിയമം പ്രാബല്യത്തിലാക്കേണ്ടത് ”’
”’ഹരികുമാറിന്റെ അമ്മയെ നോക്കാനുള്ള ബാധ്യത അയാൾക്ക് മാത്രമാണോ ?താൻ ജനിച്ചു വളർന്ന കുടുംബം അത് ജപ്തിയിൽ ആയാൽ ഒരു ശതമാനം പോലും ആ കുടുംബം വീണ്ടെടുക്കാൻ ഉള്ള ബാധ്യത വാദിയായ ആ സ്ത്രീക്കും ഉള്ളതല്ലേ ? ഇവിടെ കോടതിയും നിസ്സഹായരാണ് , കാരണം നിയമം മൂലം ഒരുത്തരവ് പാസാക്കിയാൽ അതുകൊണ്ട് സാധാരണക്കാരെ അതിനെ ചൂഷണം ചെയ്യുവാനായിരിക്കും എല്ലാവരും ശ്രമിക്കുക . നാളെ ഈ നിൽക്കുന്ന ഹരികുമാറിന്റെ സ്ഥാനത്ത് ഒരു സ്ത്രീയും വാദി ഭാഗത്ത് അവരുടെ സഹോദരനുമാകാം പരാതിയുമായി വരുന്നത് .”
ജഡ്ജി തുടർന്നു.
”’ദൈവഹിതം പോലെയാണ് അഡ്വക്കേറ്റ് റിയ ഹരികുമാറിന്റെ വക്കാലത്ത് ഏറ്റെടുത്തതെന്ന് ഞാൻ കരുതുന്നു . അതുവഴി അയാൾ അനുഭവിച്ച മാനസിക വ്യഥകളും ജീവിത ക്ലേശങ്ങളും അറിയുവാൻ സാധിച്ചു . അതുപക്ഷേ , പ്രതി ചെയ്ത കുറ്റത്തെ ലഘൂകരിക്കുന്നില്ലായെങ്കിലും സമൂഹത്തിന് മുന്നിൽ ഒരു ചോദ്യചിഹ്നം തന്നെയല്ലേ ഉയർത്തുന്നത് ? എല്ലാ നിയമങ്ങളും ദുരുപയോഗം ചെയ്യാനും ചിലർക്ക് മാത്രമായി ഉപകാരപ്പെടുവാനും സാധിക്കുമെന്ന് തെളിയിക്കുകയാണ് ഈ സംഭവവും. എന്നാണ് നമ്മുടെ സമൂഹം മാറുന്നത് ?.ബന്ദ് നിരോധിച്ചപ്പോൾ ഹർത്താൽ എന്ന പേരിൽ നടത്തിയും സ്ത്രീധനം പേഴ്സണൽ ഗിഫ്റ്റ് എന്ന പേരിൽ കൊടുത്തും മനുഷ്യർ തങ്ങളുടെ കുഴി തന്നെ തോണ്ടുകയാണ് . കൊടുക്കുന്ന തുകയുടെ നാലിൽ ഒന്ന് പോലും വിറ്റാൽ കിട്ടാത്ത , മാസങ്ങൾക്കുള്ളിൽ മാറ്റിയെടുത്താൽ പോലും വീണ്ടും തുക അങ്ങോട്ട് കൊടുക്കേണ്ടി വരുന്ന സ്വർണം പോലും ആർഭാടം കാണിക്കുവാൻ വീണ്ടും വീണ്ടും വാങ്ങിക്കൂട്ടുന്നു . ഇതൊക്കെ നിയമം കൊണ്ട് നിർത്തുവാൻ സാധിക്കുമോ? മനോധർമം പോലെ ആളുകൾ സ്വയമേ മാറുകയാണ് വേണ്ടത്. കോവിഡ് കാലത്ത് പത്തിൽ താഴെ ആളുകളുമായി നമ്മൾ വിവാഹങ്ങൾ നടത്തിയതാണ് എന്നിരിക്കെ എന്തിനാണ് ആയിരങ്ങളെ പങ്കെടുപ്പിച്ച് വിവാഹങ്ങൾ ആഘോഷങ്ങൾ ആക്കി മാറ്റുന്നത് ? മാതാപിതാക്കളെയും വേണമെങ്കിൽ അടുത്ത ബന്ധുക്കളെയും പങ്കെടുപ്പിച്ചു നടത്തിയാൽ എത്രമാത്രം പ്രാരാബ്‌ധമാണ് കുറക്കാനാകുക ? എന്നിരുന്നാലും ആളുകൾ അന്തസ്സിനും അഭിമാനത്തിനും വേണ്ടി കടങ്ങൾ തലക്ക് മീതെ കൂട്ടിവെക്കുകയാണ് .ഇതിന്റെ പേരിൽ ഇനിയൊരു നിയമവും ചൂഷണം ചെയ്യുവാൻ പാടില്ല . ആയതിനാൽ ഈ കേസിന്റെ അന്തിമ വിധി ഈ മാസം പതിനഞ്ചാം തീയതിയിലേക്ക് മാറ്റി വെച്ചിരിക്കുന്നു . കൂടാതെ ഇതിലൊരു വിധി ഉണ്ടാകുന്നതുവരെ ഹരികുമാറിനെ സ്വന്തം ജാമ്യത്തിൽ വിടാനും അയാളുടെ അയാളുടെ വീടിന്മേൽ ഉള്ള ജപ്തിനടപടികൾ നിർത്തിവെക്കാനും കോടതി ഉത്തരവിടുന്നു . ””
കോടതി മുറിയിൽ നിന്ന് ഇടനാഴിയിലേക്ക് ഇറങ്ങിയ റിയയുടെ ചുറ്റിനും സഹപ്രവർത്തകർ കൂടി
“‘ റോബിൻ വരുന്നേന് മുന്നേ മുങ്ങിക്കൊ കേട്ടോ റിയേ ”’
“‘ ഹഹ … ഈ കേസ് കയ്യിൽ വന്നപ്പോൾ തന്നെ ഇച്ചായൻ ആകെ അപ്സെറ്റ് ആയിരുന്നു . കാരണം ഒരു കാലത്ത് ഹരികുമാറിന്റെ സ്ഥാനത്ത് റോബിച്ചായനും ഞാനുമായിരുന്നു . ഹരികുമാറിനെ പോലെ സഹോദരങ്ങളുടെ എല്ലാ ബാധ്യതകളും തീർത്ത്, നല്ല കുടുംബജീവിതം സ്വപ്നം കാണുന്ന സമയത്താണ് സമയത്താണ് ഞങ്ങൾ കണ്ടു മുട്ടുന്നതും വിവാഹം കഴിക്കുന്നതും . കയ്യിൽ ഒന്നുമില്ലാതെ തുടങ്ങിയ ദാമ്പത്യ ജീവിതം . രണ്ടാൾക്കും വലിയ കുഴപ്പമില്ലാത്ത വരുമാനം ഉണ്ടായിട്ട് പോലും കഷ്ടപ്പെട്ട നാളുകൾ .ആ കഷ്ടപ്പാടുകൾ ഒക്കെയും ഈ കേസ് കയ്യിൽ വന്നപ്പോൾ ഞങ്ങൾ ഓർത്തിരുന്നു. ഇന്ന് കോടതിയിലേക്ക് പോരുന്ന വഴിയാണ് റോബിച്ചായൻ നിനക്ക് ഹരിക്ക് വേണ്ടി വാദിക്കാമോയെന്ന് ചോദിച്ചത് ”
“‘പോകാം റിയാ ?”’ അഡ്വക്കേറ്റ് റോബിൻ അങ്ങോട്ടേക്ക് വന്നപ്പോൾ എല്ലാവരും പുഞ്ചിരിയോടെ വഴിമാറി
“” നീ കലക്കീട്ടോ ..റിയാ …”‘
“” താങ്ക്സ് ഇച്ചായാ .. ഓരോന്നും ചോദിക്കേണ്ട സമയത്ത് തന്നെ ഇച്ചായൻ ഒബ്ജെക്ഷൻ പറഞ്ഞത് കൊണ്ട് ചോദ്യങ്ങൾ എളുപ്പമായി .. വിധി എന്താകുമോ എന്തോ ?”
“‘ശിക്ഷയിൽ കുറവുണ്ടാകും. അത്ര തന്നെ .. നിയമം നിയമത്തിന്റെ വഴിക്കല്ലേ പോകൂ..”‘
“‘ഹ്മ്മ്മ് ..എന്തായാലും നമുക്ക് പറയാൻ ഉള്ളത് പറഞ്ഞു. വിധിയെല്ലാം ദൈവഹിതം ”
-സെബിൻ ബോസ്