അതേ എന്ന് പറഞ്ഞാൽ നാളെ കെട്ടിയോനോട് എങ്ങാനും ഇയാള് ചോദിച്ചാൽ ആകെ പുലിവാലാകും…

വെളളം

എഴുത്ത്: അനുശ്രീ

===============

പെണ്ണ് മ ദ്യപിച്ചാൽ എന്താ കുഴപ്പം..കുട്ടിക്കാലം തൊട്ട് മനസ്സിൽ കിടന്ന് വെമ്പുന്ന കാര്യമായിരുന്നു അത്.

അടുത്ത വീട്ടിലെ വിലാസിനി ചേച്ചിയുടെ കെട്ടിയോൻ, മൂക്കറ്റം കുടിച്ച്, ആടി കുഴഞ്ഞു വരുന്നത് കാണുമ്പോൾ സാധാരണ പെൺകുട്ടികൾക്കൊക്കെ പേടിയാണല്ലോ തോന്നേണ്ടത്. പക്ഷേ എനിക്ക് നേരെ തിരിച്ചായിരുന്നു..മൂപ്പരോട് വല്ലാത്തൊരു ആരാധന ആയിരുന്നു..

“ഹോ..ഇങ്ങേരുടെയൊക്കെ ഒരു ഭാഗ്യം..കുടിച്ച് പരിസരം മറന്ന് അർമാദിക്കുകയാണ് അയാൾ..

ഈ ക ള്ള് കുടിച്ചാൽ എന്താണ് സംഭവിക്കുക..നമ്മൾ നമ്മളെ തന്നെ മറന്ന് ജീവിക്കുകയായിരിക്കും…ഹോ..ദൈവമേ..അത് അടിപൊളി സംഭവമാണല്ലോ…”

ഇങ്ങനെയൊക്കെയായിരുന്നു എൻറെ മനസ്സിലെ ധാരണ.

സ്കൂൾ പറമ്പിൽ സാമൂഹിക വിരുദ്ധർ കളഞ്ഞ മ ദ്യക്കുപ്പിയുടെ അടപ്പു തുറന്ന് രുചിച്ച് നോക്കിയാണ് ജീവിതത്തിൽ ആദ്യമായി മ ദ്യത്തിന്റെ രുചി എന്താണെന്ന് അറിഞ്ഞത്.

പക്ഷേ പറഞ്ഞിട്ടെന്താ കാര്യം…കൗമാരപ്രായം കഴിഞ്ഞിട്ടും വിവാഹ പ്രായം എത്തിയിട്ടും വിവാഹം കഴിഞ്ഞിട്ടും അത് കുടിച്ചു നോക്കാനുള്ള അവസരമോ ധൈര്യമൊ എനിക്ക് ഉണ്ടായിരുന്നില്ല. മ ദ്യപിക്കാനുള്ള അതിയായ ത്വര..മനസ്സിൽ കിടന്ന് പെരുകി പെരുകി പണ്ടാരമടങ്ങിയിരുന്നു.

അങ്ങനെയിരിക്കയാണ് കഴിഞ്ഞ ആഴ്ച കെട്ടിയോന്റെ വളരെ വേണ്ടപ്പെട്ട രണ്ട് സുഹൃത്തുക്കളും അവരുടെ ഭാര്യമാരും വീട്ടിൽ വിരുന്നു വന്നത്..ന്യൂ ഇയർ അല്ലേ അല്പം മ ദ്യപിച്ചോട്ടെ എന്ന് എന്നോട് പെർമിഷനും ചോദിച്ചു..

സത്യം പറഞ്ഞാൽ മോനേ മനസ്സിൽ ലഡ്ഡു പൊട്ടി..ഇവന്മാര് കുടിച്ചാൽ എന്തായാലും സ്വൽപ്പമെങ്കിലും ബാക്കിയുണ്ടാവും..ഇനി അഥവാ ബാക്കി വെക്കാൻ ഉദ്ദേശമില്ലെങ്കിൽ…മതി കുടിച്ചത് എന്നുപറഞ്ഞ് ബോട്ടിൽ വാങ്ങി വയ്ക്കാം എന്നൊക്കെ ആയിരുന്നു എൻറെ ദുരുദ്ദേശം. ആദ്യത്തെ ചോദ്യത്തിന് തന്നെ കുടിക്കാനുള്ള പെർമിഷൻ ഞാൻ കൊടുത്തു..

അങ്ങനെ ന്യൂയറിന്റെ തലേദിവസം ഞങ്ങൾ അടിച്ചുപൊളിച്ച് ആഘോഷിച്ചു.. 12 മണി കഴിഞ്ഞപ്പോൾ..ഹാപ്പി ന്യൂ ഇയറും പറഞ്ഞ് സുഹൃത്തുക്കളല്ലാം പിരിഞ്ഞു പോയി..

“അനൂ…ടേബിൾ ഒന്ന് വൃത്തിയാക്കണം ട്ടൊ”

എന്നും പറഞ്ഞ് കെട്ടിയോൻ മുറിയിൽ പോയി കിടന്നുറക്കം ആരംഭിച്ചു..

ഓടി ടേബിളിന് അടുത്തേക്ക് ചെന്നു…

എൻറെ പ്രതീക്ഷ തെറ്റിയില്ല..ടേബിളിൽ അതോ കിടക്കുന്നു കാൽകുപ്പിയോളം സാധനം..അതിന്റെ പേരൊന്നും വായിക്കാനുള്ള ക്ഷമയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല..നെഞ്ച് കിടന്നു പടപട അടിക്കുന്നുണ്ടെങ്കിലും ധൈര്യസമേതം സാധനം എടുത്തു കയ്യിൽ പിടിച്ചു..

ഇനി ഈ സംഭവം എങ്ങനെയാ കുടിക്കുന്നത് എന്ന് അറിയണമല്ലോ. വെള്ളം ചേർത്തിട്ടാണോ അതൊ സോഡ ചേർത്തിട്ടാണോ കഴിക്കേണ്ടത്..ഇനി വെള്ളം ചേർത്തു കഴിച്ചിട്ട് ചത്തു പോവുകയോ മറ്റോ ചെയ്താൽ ആകെ പ്രശ്നമാകുമല്ലോ..

ദൈവമെ..അങ്ങനെ വന്നാൽ നാളത്തെ പത്രത്തിലെ വാർത്ത ആലോചിക്കാൻ കൂടി വയ്യ..

“വെള്ളം ചേർത്ത് മ ദ്യം കഴിച്ച യുവതിക്ക് ദാരുണ അന്ത്യം”

ആ വാർത്തയുടെ അടിയിൽ കുറേയെണം കമന്റിടുന്നത് ആലോചിച്ചപ്പോൾ തളർന്നു പോയി..

:പൊട്ടി,മണ്ടി, ലോകത്ത് ആരെങ്കിലും മ ദ്യത്തിൽ വെള്ളം ചേർക്കുമോ, :

ഹോ അതൊന്നും ആലോചിക്കാൻ കൂടി വയ്യ…

അങ്ങനെ ആകെ കൺഫ്യൂഷനിൽ ഇരിക്കുമ്പോഴാണ്..എങ്ങനെയാ കുടിക്കേണ്ടതെന്ന്..യൂട്യൂബിൽ ഒന്ന് തപ്പി നോക്കാം എന്ന ആശയം ഉദിച്ചത്..

കുടിച്ചാൽ കരളും മാങ്ങയും വാടിപ്പോകും..ലിവർ സിറോസിസ് വന്ന് നരകിക്കും..എന്നുവേണ്ട കുടിക്കാൻ ഉദ്ദേശിക്കുന്നവന്റെ സകല മൂടും കളയുന്ന പത്തു മുപ്പതിനായിരം വീഡിയോ ഉണ്ട്..മരുന്നിന് ഒരൊറ്റ ഒരുത്തൻ എങ്ങനെയാ കുടിക്കേണ്ടത് എന്ന വീഡിയോ ചെയ്തിട്ടില്ല..

അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ടേബിളിൽ സോഡാ ബോട്ടിൽ കണ്ടത്..

അത് ശരി…അപ്പോ ഇത് സോഡാ ചേർത്തിട്ടാണ് കഴിക്കേണ്ടത്…പക്ഷേ സോഡാ ബോട്ടിൽ കാലിയാണ്..ഇനി ഈ നട്ടപ്പാതിരയ്ക്ക് എവിടുന്നു സോഡാ കിട്ടാനാണ്..

അങ്ങനെയാണ് രാത്രി ഒന്നരമണിക്ക് എൻറെ സ്കൂട്ടറും എടുത്ത് പുറത്തിറങ്ങിയത്..

ഭാഗ്യത്തിന് നാരായണേട്ടന്റെ കടയടച്ചിട്ടില്ല. അങ്ങേര് എന്തോ സാധനം എടുക്കാൻ വേണ്ടി കടയിൽ വന്നതാണെന്ന് തോന്നുന്നു..ന്യൂ ഇയർ സമയത്ത് സോഡാ പറഞ്ഞാൽ അയാൾ സംശയിച്ചാലോ എന്ന് കരുതി ആദ്യം തന്നെ അങ്ങോട്ട് പറഞ്ഞു..

ഒരു സോഡാ…ഗ്യാസാണ് അത്കൊണ്ടാ..

ആർക്കാ മോളെ ഗ്യാസ് നിന്റെ കെട്ടിയോനാ…

അതേ എന്ന് പറഞ്ഞാൽ നാളെ കെട്ടിയോനോട് എങ്ങാനും ഇയാള് ചോദിച്ചാൽ ആകെ പുലിവാലാകും..

അല്ല എനിക്കാ നാരായണേട്ടാ..

എന്നാ മോളെ വായുകുളിക എടുക്കാം അതാ ബെസ്റ്റ്…

എന്റെ ദൈവമെ വായുഗുളികയും ഇട്ട് എങ്ങനെ കുടിക്കാനാണ്.. ഇയാളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും..

അങ്ങനെ അയാളുടെ നിർബന്ധത്തിനു വഴങ്ങി വായുഗുളികയും വാങ്ങി വീട്ടിലെത്തി.

പണ്ടാരക്കാലൻ പറഞ്ഞ സാധനം തന്നാൽ പോരെ..അങ്ങേരുടെ വായ് ഗുളിക..വീട്ടിലെത്തിയ ഞാൻ അയാളുടെ അമ്മമ്മയ്ക്കും അപ്പൂപ്പനും എല്ലാം മംഗളാശംസകൾ നേർന്നു.

ഇനി എന്ത്…കൂടുതൽ ആലോചിച്ച് സമയം പാഴാക്കിയില്ല..എന്തെങ്കിലും ഒഴിച്ചാലല്ലേ കുഴപ്പമുള്ളൂ..അയാളോടുള്ള ദേഷ്യത്തിൽ ടേബിളിൽ ഉണ്ടായിരുന്ന കുപ്പിയെടുത്ത് വായിലേക്ക് കമിഴ്ത്തിയതെ എനിക്ക് ഓർമ്മയുള്ളൂ…

എന്റമ്മോ..മുള്ളൻ പ ന്നിയൊ മറ്റൊ തൊണ്ടയിലൂടെ തുരന്ന് ഇറങ്ങിയത് പോലെ തോന്നി.. വല്ലാത്ത കൈപ്പും..

എന്തോന്നിത്…

ച്ചേ…

ഒരു മണ്ണാങ്കട്ടയുമായില്ലല്ലോ..ഇതാണോ വലിയ മ ദ്യം..ഇനി എനിക്ക് നല്ല കപ്പാസിറ്റി ഉള്ളതുകൊണ്ടാണോ…ആവോ..

കുടിച്ചതിനുശേഷം ഒന്നും സംഭവിക്കാത്തത് കണ്ടപ്പോൾ സർവ്വധൈര്യവും ആവാഹിച്ച് രണ്ടാമതും വായിലേക്ക് അങ്ങ് കമഴ്ത്തി..പക്ഷെ ഇത്തവണ ഒരു ഭൂമികുലുക്കം ഉണ്ടായി..മുകളിൽ കറങ്ങിക്കിടന്ന ഫാനൊക്കെ തറയിൽ വന്ന് വീഴുന്നത് പോലെ..ആ വീഴ്ചയിൽ അടുത്തുള്ള സോഫയിൽ അങ്ങ് ഇരുന്നു..

പിന്നെ ചുമരും വാതിലും ഒക്കെ വട്ടത്തിൽ കറങ്ങുവാ..താഴെ നോക്കിയപ്പോൾ എൻറെ അമ്മോ..കൈയ്യോക്കെ ദേ തറയിൽ വീണു കിടക്കുന്നു..എല്ലാം വാരി പെറുക്കി എടുക്കണമെന്നുണ്ട് പക്ഷേ പറ്റണില്ല…

എന്തോന്നിത്..

പെട്ടെന്നാണ് ആരോ പാട്ടുപാടുന്നത് കേട്ടത്..

” ഊ അണ്ട മാവമ ഉ ഉ അണ്ട മാവാ.. മാ മ അ..”

ഒരാളിവിടെ കയ്യും കാലും ഒക്കെ നഷ്ടപ്പെട്ട് വിഷമിച്ചിരിക്കുമ്പോ ആരാടാ ഈ പാട്ട് പാടുന്നത്..എനിക്കാകെ ദേഷ്യം തിരിച്ചു കയറി..

ഞാൻ ഉറക്കെ ആരെടാ എന്ന് ചോദിച്ചപ്പോഴാ ആ പാട്ട് നിന്നത്..

അല്ല പിന്നെ..രണ്ടു തെറിയും അങ്ങ് കാച്ചി..

കുറച്ചു കഴിഞ്ഞപ്പോൾ പിന്നേയും ദേ..ണ്ടാ. പാട്ട് കേൾക്കുന്നു..

ഏതവനാടാ പാടണത്..

ചാടി എഴുന്നേറ്റു നിന്നപ്പോഴാണ് മനസ്സിലായത്..ഈ ഞാൻ തന്നെയാണ് പാടിയത്..ചേ..ഞാൻ ആകെ ചമ്മി പണ്ടാര മടങ്ങിപ്പോയി..

ആ എഴുന്നേറ്റ് നിന്നതെ എനിക്ക് ഓർമ്മയുള്ളൂ.

പിന്നെ കാലത്ത് ആറുമണിക്കാണ് ഉണർന്നത്..ഡൈനിങ് ഹാളിലൊക്കെ ശർദ്ധിച്ച് വെച്ചിട്ടുണ്ട്..കസേരയും സോഫയും ഒക്കെ വലിച്ചുവാരി ഇട്ടിട്ടുണ്ട്..ആരാ വീട്ടിൽ കയറി വൃത്തികേടൊക്കെ കാണിച്ചത്…എനിക്ക് ആകെ ദേഷ്യം വന്നു..

സത്യം പറഞ്ഞാൽ ഞാൻ ഇന്നലെ കുടിച്ച കാര്യം തന്നെ മറന്നു പോയി..പിന്നെയാണ് ഓർത്തത് ദൈവമേ ഇതൊക്കെ ഞാൻ തന്നെയാണ് ചെയ്തത്..കെട്ടിയോൻ ഉണരും മുന്നേ അതൊക്കെ വൃത്തിയാക്കാൻ പരക്കംപാച്ചിലായിരുന്നു.

എല്ലാം വൃത്തിയാക്കി കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്ത്..ദൈവമേ ആ ബോട്ടിൽ ഞാൻ കാലിയാക്കിയിട്ടുണ്ടല്ലൊ..കെട്ടിയോൻ ചോദിച്ചാൽ എന്ത് സമാധാനം പറയും..

വേഗം തന്നെ അടുക്കളയിലേക്ക് ഓടി..നല്ല കടുപ്പത്തിൽ കട്ടൻ ചായ ഉണ്ടാക്കി..രുചി മനസ്സിലാക്കാതിരിക്കാൻ ഇന്നലെ വാങ്ങിയ വായു ഗുളിക അതിൽ മിക്സ് ചെയ്തു. പക്ഷേ ഒരു ചായയുടെ ചുവ തന്നെയുണ്ട്..അമ്മമ്മ വാങ്ങി തന്ന കഷായവും കുറച്ച് ഒഴിച്ച് മിക്സ് ചെയ്തപ്പോൾ എന്തോ ഒരു ഊള ചുവകിട്ടി..

മിക്സിയിൽ അടിച്ച് അല്പം കൈപ്പക്ക നീരും കൂടി ചേർത്തപ്പോൾ സംഗതി ഒരുതരം വിചിത്ര പാനീയമായി..ഒടുവിൽ അത് കുപ്പിയിലാക്കി ഫ്രിഡ്ജിൽ വച്ചു…

അന്ന് രാത്രി എൻറെ കെട്ടിയോൻ ഞാനറിയാതെ അതെടുത്തു കുടിച്ചെന്ന് തോന്നുന്നു..

അടുത്തു വന്നു കിടന്നപ്പോൾ നേരം വെളുക്കുവോളം മൂപ്പര് വായിക്കൂടി ഗ്യാസ് വിടുന്നുണ്ടായിരുന്നു..പക്ഷേ ഞാൻ ഒന്നുമറിയാത്ത ഒരു പാവത്തെ പോലെ മിണ്ടാതെ കിടന്നുറങ്ങി…

മ ദ്യം ആരോഗ്യത്തിന് ഹാനികരം 🥴(ഒരു സൗജന്യ ഉപദേശം)

~അനുശ്രീ