പതുക്കെ കഥയും പറഞ്ഞ് സ്കൂളിൽ എത്തിയപ്പോളെക്കും അസംബ്ലിയുടെ സമയമായി….

Story written by Shainy Varghese

=================

തേയ്ക്കാത്ത യൂണിഫോമും ഇട്ട് അന്നത്തെ ടൈം ടേബിൾ നോക്കാതെ തന്നെ കിട്ടിയ പുസ്തകങ്ങളും വാരി കൊണ്ട് സ്കൂളിലേക്ക് ഒരോട്ടമാണ്.

എടാ മഴ പെയ്യുമെന്നാ തോന്നുന്നേ നീ കുടയെടുത്തോ

അതിന് എനിക്ക് കുടയുണ്ടോ? നീ കുടയെടുത്തില്ലേ

ആകെ വീട്ടിൽ ഒരു കുടയെ ഉള്ളു അത് ഇന്ന് ചേച്ചി കൊണ്ട് പോയി.

എടാ എന്നാൽ നമുക്ക് ഓടാം മഴക്ക് മുൻപ് സ്കൂളിലെത്താം

ഓടാനൊന്നും വയ്യടാ നല്ല ക്ഷീണം എനിക്ക്

എന്ത് പറ്റി നിനക്ക്

ഓ ഒന്നും ഇല്ലടാ ഇന്നലെ അപ്പച്ചൻ കുടിച്ച് വന്ന് വഴക്ക് ഉണ്ടാക്കി അവസാനം ചോറെല്ലാം എടുത്ത് എറിഞ്ഞു അമ്മയെ തല്ലി. അതുകൊണ്ട് ഇന്നലെയും ഒന്നും കഴിച്ചില്ല ഇന്നും ഒന്നും കഴിച്ചില്ല

അപ്പോ ഇനി എന്ത് ചെയ്യുമെടാ നിനക്ക് വിശക്കുന്നില്ലേ?

നല്ല വിശപ്പ് നല്ല ക്ഷീണവും അത് സാരമില്ലാ ഉച്ചക്ക് സ്കൂളിൽ നിന്ന് കഞ്ഞി കുടിയ്ക്കാലോ വാ നമുക്ക് പതുക്കെ നടക്കാം

പതുക്കെ കഥയും പറഞ്ഞ് സ്കൂളിൽ എത്തിയപ്പോളെക്കും അസംബ്ലിയുടെ സമയമായി.

വാടാ നമുക്ക് അസംബ്ലിയിൽ കേറി നിൽക്കാം

ഇല്ലടാ എനിക്കെന്തോ ക്ഷീണം വരുന്നു ഞാൻ ക്ലാസ്സിൽ പോയി ഇരിക്കാം

എടാ സാർ കണ്ടാൽ പ്രശ്നം ആകൂട്ടോ

പ്രശ്നം ആകുന്നെങ്കിൽ ആകട്ടേടാ എനിക്ക് വയ്യാഞ്ഞിട്ടാ

എന്നാ നീ ആരും കാണാതെ ക്ലാസ്സ് റൂമിൽ കയറി ഇരുന്നോട്ടോ.

അസംബ്ലി സമയത്ത് എല്ലാവരേയും നേരെ നിർത്തുന്ന സമയത്ത് ക്ലാസ്സ് ടീച്ചർ ആഷിക്കി നേയും കൊണ്ട് ദാ സാർ വരുന്നു. അവനെ കൊണ്ട് അസംബ്ലിയിൽ നിർത്തി.

ഈശ്വര പ്രാർത്ഥന കഴിഞ്ഞതും ആഷിക്ക് അവിടെ തല ചുറ്റി വീണു ഞങ്ങൾ രണ്ട് മൂന്ന് കുട്ടികൾ കൂടി അവനെ പൊക്കിയെടുത്ത് സ്കൂളിൻ്റെ വരാന്തയിൽ കിടത്തി.അവനെ വീശി കൊടുത്ത് കുടിക്കാൻ വെള്ളവും കൊടുത്തു ആ സമയം എനിക്ക് എല്ലാവരോടും വിളിച്ച് പറയണം എന്നുണ്ട് അവന് വിശന്നിട്ടാണന്ന്. ഭക്ഷണം കഴിക്കാത്ത ക്ഷീണം കൊണ്ടാ തല ചുറ്റി വീണത് എന്ന്. പേടി കൊണ്ട് ആരോടും പറഞ്ഞില്ല

ങാ ഇനി എല്ലാവരും ക്ലാസ്സിലേക്ക് പോ ആഷിക് ക്ഷീണമൊക്കെ മാറിയില്ലേ ഇളം വെയിൽ കൊണ്ടതിൻ്റെയാ വേഗം ക്ലാസ്സിലേക്ക് പോ

ഞങ്ങൾ എല്ലാവരും ക്ലാസ്സിലേക്ക് പോയി ഞാൻ ആഷിക്കിൻ്റെ തോളിലൂടെ കൈയ്യിട്ട് അവനേയും ചേർത്ത് പിടിച്ച് കൊണ്ട്.

ആദ്യത്തെ പീരിയഡ് കണക്കാണ് കണക്ക് മാഷിൻ്റെ കൈയ്യിലിരിക്കുന്ന ചൂരൽ കണ്ടാ മതി നിക്കറേൽ മുള്ളും

Good Morning സാർ

Good Morning. എല്ലാവരും ഇന്നലത്തെ ഹോം വർക്ക് ചെയ്തോ ചെയ്തവരെല്ലാവരും ബുക്ക് മേശപ്പുറത്ത് തുറന്ന് വെയ്ക്ക് അല്ലാത്തവർ അവിടെ എഴുന്നേറ്റ് നിൽക്ക്

ഞാൻ ആഷിക്കിനെ നോക്കി ആഷിക്ക് ഹോം വർക്ക് ചെയ്തിട്ടില്ല എന്നു മാത്രമല്ല ബുക്കും കൊണ്ടു വന്നിട്ടില്ല .മാഷിൻ്റെ ചൂരലും ചൂരലുകൊണ്ടുള്ള അടിയുടെ കാര്യം ഓർത്തപ്പോൾ ഞാൻ എൻ്റെ ബുക്ക് ആഷിക്കിൻ്റെ മുന്നിലേക്ക് നീക്കിവെച്ചു എന്നിട്ട് ഞാൻ എഴുന്നേറ്റ് നിന്നു

സാർ മുന്നിൽ നിന്ന് ഓരോരുത്തരെ അടിച്ച് അടിച്ച് വരികയാണ് ആഷിക് എന്നെ തോണ്ടി എന്നോട് ഇരിക്കാൻ കണ്ണുകൊണ്ട് പറഞ്ഞു.

ഞാനും കണ്ണുരുട്ടി കാണിച്ച് കൊണ്ട് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു.

സാർ എൻ്റെ അടുത്ത് എത്തി. എനിക്കും കിട്ടി അടി അടി കിട്ടിയ കൈ തുടയിൽ തൂത്തു കൊണ്ട് നിൽക്കുമ്പോൾ സാർ എന്നോടൊരു ചോദ്യം

നീ എന്നും ഹോം വർക്ക് ചെയ്യുന്നതാണല്ലോ ഇന്ന് എന്താ നിനക്ക് പറ്റിയത്. ഒരിക്കലും ഹോം വർക്ക് ചെയ്യാത്തവൻ ഇന്ന് ഹോം വർക്ക് ചെയ്തിട്ടും ഉണ്ട്.

എല്ലാവരുടേയും ഹോംവർക്കും നോക്കി അടിയും കഴിഞ്ഞ് സാർ ക്ലാസ്സ് തുടങ്ങുന്നതിന് മുൻപ് പറഞ്ഞു. ഇന്ന് ഹോം വർക്ക് ചെയ്യാത്തവർ നാളെ വരുമ്പോൾ 10 പ്രാവശ്യം എഴുതി കൊണ്ട് വരിക.

പെട്ടന്ന് ആഷിക് എഴുന്നേറ്റ് നിന്നിട്ട് അവൻ്റെ കൈകൾ സാറിൻ്റെ നീട്ടികൊണ്ട് പറഞ്ഞു.

സാർ ഞാൻ ഹോം വർക്ക് ചെയ്തിട്ടില്ല ഈ ബുക്ക് അരുണിൻ്റേതാണ്.

അരുൺ സ്റ്റാൻഡ് അപ്പ്

അരുൺ നിങ്ങൾ രണ്ടു പേരും കൂടി എന്നെ മണ്ടനാക്കുകയാണല്ലേ. രണ്ട് പേരും ക്ലാസ്സിന് വെളിയിൽ പോ ക്ലാസ്സ് കഴിഞ്ഞ് ഹെഡ്മാസ്റ്ററെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാ മതി.

ഞങ്ങൾ രണ്ട് പേരും ക്ലാസ്സിന് പുറത്തിറങ്ങി.

എന്തിനാ ആഷിക്കേ നീ സാറിനോട് പറയാൻ പോയത്.

എടാ എനിക്കെന്തോ കള്ളം പറയാൻ തോന്നിയില്ല. നീ എനിക്ക് വേണ്ടി തല്ല് കൊണ്ടപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ല.

എടാ നിനക്ക് നല്ല ക്ഷീണമല്ലേ ആ കൂടെ സാറിൻ്റെ അടി താങ്ങാൻ നിനക്ക് പറ്റില്ല അതാ ഞാൻ അങ്ങനെ ചെയ്തത്.

ഇനി ഹെഡ്മാസ്റ്ററോട് എന്ത് പറയും സാർ അപ്പനെ വിളിച്ചോണ്ട് വരണം എന്നെങ്ങാനും പറയുമോ ആവോ

നമുക്ക് സത്യം പറയാം അപ്പനെ കൊണ്ടുവരാൻ പറഞ്ഞാൽ കൊണ്ട് വരണം എൻ്റെ അപ്പച്ചൻ വരും

എൻ്റെ അപ്പനോട് പറഞ്ഞാൽ എന്നെ കൊല്ലും.

നീ പേടിക്കണ്ടന്നേ നമുക്ക് സാറിനോട് എല്ലാം പറയാം.

ആദ്യം പീരിയഡ് അവസാനിച്ചതിൻ്റെ ബെൽ മുഴങ്ങി. സാർ പുറത്തേക്ക് ഇറങ്ങി വന്നു.

സാർ ഞങ്ങൾ ക്ലാസ്സിൽ കയറിക്കോട്ടെ

ഹെഡ്മാസ്റ്ററെ കാണ് എന്നിട്ട് തീരുമാനിക്കാം ക്ലാസ്സിൽ കയറണമോ എന്ന്. വാ എൻ്റെ കൂടെ

ഞങ്ങൾ രണ്ട് പേരും കൂടെ സാറിൻ്റെ പിറകെ പോയി ആഷിക്ക് ഇപ്പോ വീഴും എന്ന അവസ്ഥയിലാണ്.ഞാൻ അവനേയും ചേർത്ത് പിടിച്ച് കൊണ്ട് ഓഫീസിൽ മുറിയിലേക്ക് കയറി.

കണക്ക് മാഷ് എല്ലാം ഹെഡ്മാസ്റ്ററുടെ മുന്നിൽ ബോധിപ്പിച്ചു.

കുര്യൻ സാർ പറഞ്ഞതൊക്കെ സത്യമാണോ

സത്യമാണ് സാർ

എന്തിനാ നിങ്ങൾ കള്ളത്തരം കാണിച്ചത്.

അത് സാർ

വീണ്ടും കള്ളം പറയാനാണോ ഉദേശം

അല്ല സാർ ഞങ്ങൾ സത്യം പറയാം

പറ കേൾക്കട്ടെ പറയുന്നത് കള്ളമാണന്ന് തോന്നിയാൽ അടിച്ച് ഞാൻ പുറം പൊളിക്കും ‘ ഉം പറ

സാർ ആഷിക്കിൻ്റെ അപ്പൻ എന്നും കുടിച്ച് വന്ന് വഴക്ക് ഉണ്ടാക്കും ഇന്നലേയും കുടിച്ച് വന്ന് വഴക്ക് ഉണ്ടാക്കി ചോറും കറിയുമെല്ലാം എടുത്തെറിഞ്ഞു. അതുകൊണ്ട് ആഷിക്ക് ഭക്ഷണം ഒന്നും കഴിച്ചില്ല ഇന്നലെ ഉച്ചക്ക് സ്കൂളിൽ നിന്ന് കഞ്ഞി കുടിച്ചതാ പിന്നെ ഇതു വരെ ഒന്നു കഴിച്ചിട്ടില്ല രാവിലെ അസംബ്ലിയിൽ തല ചുറ്റി വീഴുകയും ചെയ്തു ആഷിക്കിന് തീരെ വയ്യ. ആ അവസ്ഥയിൽ സാറിൻ്റെ അടി കൂടി താങ്ങാനുള്ള ശക്തി ആഷിക്കിനില്ല. അതാണ് ഞാൻ അങ്ങനെ ചെയ്തത്.

ഞാൻ പറഞ്ഞത് കേട്ടതും കണക്ക് മാഷ് ഞങ്ങളെ ഇരുവശത്തും ചേർത്ത് നിർത്തി കെട്ടി പിടിച്ചു. എന്നിട്ട് സാർ വേഗം പോയി സാറിൻ്റെ ബാഗ് തുറന്ന് സാറിൻ്റെ പൊതിച്ചോറെടുത്ത് പൊതിയഴിച്ച് അവിടെ കിടന്ന ബെഞ്ചിൽ വെച്ചിട്ട് ആഷിക്കിനോട് പറഞ്ഞു

ആഷിക്ക് കൈ കഴുകി വരു

സാർ ഞാൻ ഇത് കഴിച്ചാൽ സാർ ഉച്ചക്ക് എന്ത് കഴിക്കും.

ഞാൻ പുറത്ത് കടയിൽ പോയി എന്തേലും കഴിച്ചോളാം

ആഷിക്ക് കൈ കഴുകി വന്ന് ആർത്തിയോടെ ഭക്ഷണം വാരി കഴിക്കുന്നത് ഞങ്ങൾ മൂന്നു പേരും നോക്കി നിന്നു. കണക്ക് മാഷിൻ്റെ കണ്ണ് നിറയുന്നത് ഞാനപ്പോ കണ്ടു.

പിറ്റേന്ന് കണക്ക് മാഷ് ആഷിക്കിന് ആവശ്യമുള്ള ബുക്കും പുസ്തകവും വാങ്ങി നൽകി ആഷിക്കിനായി ഒരു പൊതിച്ചോറും എന്നും മാഷ് കരുതും.

ഇന്ന് ആഷിക്ക് പഠിച്ച് മിടുക്കനായി കണക്ക് മാഷായി

ചില ചേർത്ത് പിടിക്കലുകൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും –

~ഷൈനി വർഗീസ്