എന്ത് സന്തോഷത്തോടെ വിവാഹ ജീവിതം തുടങ്ങിയവനാ ഈ ഞാൻ, കല്യാണം കഴിഞ്ഞ് വെറും അഞ്ചു ദിവസം കഴിഞ്ഞപ്പോ….

Story written by Jishnu Ramesan

===============

“നിനക്ക് രണ്ടാം കെട്ട് ആണെങ്കിലും ഒരു കൊച്ചുള്ള പെണ്ണിനെ തന്നെ കെട്ടണോ അരുണേ നിനക്ക്…!”

വീട്ടുകാരുടെ വിവാഹം വിവാഹം എന്നുള്ള നിർബന്ധത്തിന് വഴങ്ങി ബ്രോക്കർ ഒരു ആലോചന കൊണ്ടു വന്നപ്പോ അതിങ്ങനെയും ആയി എന്ന അസ്വസ്ഥത അവനെ അലട്ടി..

ഈ ബന്ധം നടത്തിയേ അടങ്ങൂ എന്ന തീരുമാനത്തോടെ ബ്രോക്കർ അമ്മയോട് പറഞ്ഞു,

‘ അതിന് ഈ പെൺകുട്ടിയുടെ ഭർത്താവ് ഇട്ടിട്ട് പോയതൊന്നും അല്ല, കല്യാണം കഴിഞ്ഞ് എട്ട് മാസം ആയപ്പോഴാണ് ജോലി സ്ഥലത്ത് ഒരു ആക്സിഡന്റ് പറ്റി മരിച്ചത്..പക്ഷേ ആ സമയം അവൾക്ക് അഞ്ചാം മാസമായിരുന്നു… ഇന്ന് ആറു വർഷം കഴിഞ്ഞു.. മാത്രമല്ല അതിനു താഴെ രണ്ടു പെൺകുട്ടികൾ വേറെയുമുണ്ട്, ഈ പെണ്ണിന്റെ കാര്യം പറഞ്ഞും മറ്റും അതുങ്ങൾക്കും ആലോചന ഒന്നും വരുന്നില്ല..പിന്നെ ഒറ്റക്ക് എത്ര നാള് കഴിയും..! അതും ഒരു പെങ്കൊച്ചാ വളർന്നു വരുന്നത്.. പെൺകുട്ടിയുടെ അച്ഛന്റെ നിർബന്ധം കൊണ്ടാ ഇപ്പൊ ഇങ്ങനെ ഒരാലോചന..; ദേവി എന്നാ പേര്, ദാ ഇതാ കുട്ടിയുടെ ഫോട്ടോ…! ഇനി നിങ്ങള് തീരുമാനിക്ക്..’

“കാര്യം എന്റെ മോനും ഒരു രണ്ടാംകെട്ട് കാരനാണ്.. പക്ഷേ, പിന്നീട് ആ പെണ്ണിന്റെ കുട്ടി നിനക്കൊരു ബാധ്യത ആവരുത്…; “

ഇത് കേട്ട് അരുൺ അമ്മയോടായി പറഞ്ഞു,

‘ അമ്മയ്ക്ക് അറിയാലോ, എന്ത് സന്തോഷത്തോടെ വിവാഹ ജീവിതം തുടങ്ങിയവനാ ഈ ഞാൻ, കല്യാണം കഴിഞ്ഞ് വെറും അഞ്ചു ദിവസം കഴിഞ്ഞപ്പോ അവള് അവന്റെ ഇഷ്ടക്കാരന്റെ ഒപ്പം പോയില്ലേ..! വിവാഹത്തിന് മുൻപ് എടുക്കേണ്ട തീരുമാനം അവള് വിവാഹം കഴിയുന്നത് വരെ മാറ്റി വെച്ചു..എന്നിട്ട് എന്തായി എന്നെയും അമ്മയെയും ഉൾപ്പെടെ നമ്മുടെ കുടുംബത്തെ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തിയില്ലെ അവൾ..വിവാഹത്തിന് മുമ്പ് ഇഷ്ടക്കേട് കാണിച്ചപ്പോ മനസ്സിലാക്കണമായിരുന്നു..എന്തിനേറെ പറയുന്നു, വിവാഹം കഴിഞ്ഞുള്ള ആ അഞ്ചു ദിവസവും എന്നോട് കാണിച്ച വെറുപ്പ്….! അതൊന്നും പറഞ്ഞിട്ട് കാര്യമില്ല, കാരണം പലതാണെങ്കിലും ഞാനും ഈ കുട്ടിയും രണ്ടാം കെട്ടുകാരാണ്.. ജീവിക്കാനും സ്നേഹിക്കാനും അറിയുന്ന ഒരു കുട്ടിയാവും ഇത്..’

ബ്രോക്കർ പറഞ്ഞത് പ്രകാരം പെണ്ണിനെ കാണാൻ പോയപ്പോ അമ്മ അവരുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു, ” ഈ കുട്ടിയെ ഇവിടെ നിർത്തണം എന്ന്”

അമ്മയുടെ മനസ്സ് ഇത്രയ്ക്ക് ദുഷിച്ചോ എന്ന് ചിന്തിച്ചു ഞാൻ..ദേവിയോട് ഞാൻ ഒന്നേ പറഞ്ഞുള്ളൂ,

‘ ഭർത്താവ് മരിച്ചിട്ട് ആറ് വർഷമെ ആയിട്ടുള്ളൂ, സാഹചര്യം കൊണ്ട് എന്നെ വിവാഹം കഴിക്കാനും ഒപ്പം ജീവിക്കാനും മനസ്സ് അനുവദിക്കില്ല എന്നറിയാം.. എന്റെ കാര്യങ്ങളും ബ്രോക്കർ പറഞ്ഞിട്ടുണ്ടാവുമല്ലോ..! പിന്നെ അമ്മ പറഞ്ഞത് മോളെ കൂടെ കൂട്ടണ്ട എന്നാണ്..’

അതൊക്കെ കേട്ട് കരയുമായിരുന്ന ഭാവം അടക്കി പിടിച്ചു നിന്നു ദേവി..അവളോട് സംസാരിച്ചു കൊണ്ട് നിന്നപ്പോ ദേവിയുടെ അനിയത്തിമാരുടെ അടുത്ത് നിന്നും അമ്മേ എന്ന് വിളിച്ചു കൊണ്ട് ദേവിയുടെ മോള് ഓടി വന്നു.. ഞാൻ മനഃപൂർവം തന്നെ ആ കുഞ്ഞിനോട് ഒന്നും തന്നെ മിണ്ടിയില്ല…ദേവിയുടെ അച്ഛൻ ‘ കുട്ടിയെ ഞങൾ ഇവിടെ നിർത്താം, ദേവിയുടെ അനിയത്തിമാർ ഇപ്പൊ ഇവിടെ ഉണ്ടല്ലോ പിന്നീട് എന്തെങ്കിലും ചെയ്യാമെന്ന് ‘ പറഞ്ഞപ്പോ ആ മനുഷ്യന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

ഒരു മാസത്തിനുള്ളിൽ തന്നെ വിവാഹം ഉണ്ടായിരുന്നു..സന്തോഷത്തോടെ കതിർ മണ്ഡപത്തിലേക്ക് വരേണ്ട കല്യാണപെണ്ണ് കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് വന്നത്.. അപ്പോഴും ഞാൻ മനസ്സിൽ ഉള്ളുരുകി പ്രാർത്ഥിച്ചത് ദേവിയുടെ കണ്ണീർ എനിക്ക് ശാപമായി മാറല്ലെ എന്നായിരുന്നു..

അവളുടെ അച്ഛൻ ദേവിയെ എനിക്ക് കൈപിടിച്ച് തന്നപ്പോ വിങ്ങിപ്പൊട്ടി.. അവളെയും കൊണ്ട് അവിടുന്ന് യാത്ര പറഞ്ഞിറങ്ങാൻ നേരം ദേവി അവളുടെ മകളെ കെട്ടിപിടിച്ച് കരഞ്ഞു.. കാര്യമറിയാതെ ആ കുഞ്ഞു മനസ്സ് അവളുടെ അമ്മയുടെ കൂടെ പോകാൻ വാശി പിടിച്ചു.. അവളുടെ അനിയത്തിമാർ ആ മോളെ അകത്തേക്ക് കൊണ്ട് പോയി…

എന്റെ വീട്ടിലേക്ക് കാറിൽ തിരിച്ചപ്പോ ദേവിയുടെ മുഖത്ത് മകളെ പിരിഞ്ഞ വിഷമം ഇല്ലായിരുന്നു..കാരണം, കാറിൽ ഞങ്ങളുടെ നടുക്ക് എന്റെ ദേവിയുടെ കുഞ്ഞ് മോള് ഉണ്ടായിരുന്നു.. ദേവിയുടെ അല്ല, ഞങ്ങളുടെ മോള്…

വിവാഹ പന്തലിൽ വെച്ച് ദേവിയുടെ മുന്നിൽ കൂടെ ആ മോളെ അകത്തേക്ക് കൊണ്ട് പോയപ്പോ ഞാൻ ദേവിയോട് ഒന്നേ പറഞ്ഞുള്ളൂ,

“ഇന്ന് മുതൽ നീ എന്റെ ഭാര്യയാണെങ്കിൽ നീ ജന്മം നൽകിയ ഈ മോള് എന്റെയും കൂടിയാണ്…നമ്മൾ ഒന്നിച്ച് എന്റെ വീട്ടിൽ ഒരു പുതിയ ജീവിതം തുടങ്ങും.. എന്നെ അംഗീകരിക്കാൻ കഴിയില്ല എന്നറിയാം…ഞാൻ കാത്തിരിക്കാൻ തയ്യാറാണ് എത്ര നാള് വേണമെങ്കിലും..”

ഇന്നിപ്പോ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായി..ഞാനാണ് ഞങ്ങളുടെ മോളെ സ്കൂളിൽ കൊണ്ടാക്കുന്നത്.. അവൾ ജനിക്കും മുൻപേ അവൾക്ക് ജന്മം കൊടുത്ത അവളുടെ അച്ഛനെ എന്നിലൂടെ കണ്ടിരിക്കണം… കളിയും ചിരിയുമായി എന്റെ അമ്മയുടെ മനസ്സിലും സ്നേഹം കൊണ്ടൊരു കൂടുണ്ടാക്കി ആ കാന്താരി മോള്..ആദ്യമൊക്കെ അകലം പാലിച്ചിരുന്ന ദേവി പതിയെ പതിയെ അവളോടുള്ള എന്റെ സ്നേഹത്തെയും പരിഗണിച്ച് തുടങ്ങിയിരുന്നു….

~ജിഷ്ണു രമേശൻ