മാളവിക
എഴുത്ത്: സ്നേഹ സ്നേഹ
================
മോനേ വിഷ്ണു അവിടെ ഒന്നു നിന്നേ…
എന്താമ്മേ
അല്ല അമ്മ ഒരു കാര്യം പറഞ്ഞാൽ മോൻ വിഷമിക്കരുത്
അമ്മ പറഞ്ഞോ എന്താമ്മേ- കാര്യം
മോനെ എൻ്റെ മോൻ മാളൂനെ മറന്നിട്ട് ഉടനെ ഒരു വിവാഹം കഴിക്കണം
എന്താമ്മേ പറഞ്ഞത് ഞാൻ മാളൂനെ മറക്കണമെന്നോ എന്നിട്ട് മറ്റൊരു വിവാഹം കഴിക്കണമെന്നോ
മോനെ അത് എത്ര നാളാന്നും വെച്ചാ മോൻ മാളൂന് വേണ്ടി കാത്തിരിക്കുന്നത്.
അമ്മക്കും അച്ഛനും ഞാനിവിടെ വരുന്നതിൽ എന്തേലും ബുദ്ധിമുട്ടുണ്ടോ ഉണ്ടേൽ പറഞ്ഞോ ഞാനിവിടെ വരില്ല.
അയ്യോ മോൻ ഇവിടെ വരുന്നതിൽ ഞങ്ങൾക്ക് അശ്വാസം അല്ലേ .മോനെ കാണുമ്പോൾ മാളുവിൻ്റെ കണ്ണുകളിൽ കാണുന്ന സന്തോഷം എത്രയാന്ന് മോനും അറിയാവുന്നതല്ലേ
എന്നാൽ അമ്മ മറ്റൊന്നിനെ കുറിച്ചും ഇപ്പോ ചിന്തിക്കണ്ട. എൻ്റെ മാളു എഴുന്നേറ്റ് നടക്കും ഞങ്ങൾ ഒരുമിച്ച് ജീവിക്കും മറ്റൊരു പെണ്ണിനെ കുറിച്ച് ചിന്തിക്കാൻ കൂടി പറ്റില്ലമ്മേ
നിറഞ്ഞ് വന്ന് കണ്ണുകൾ അമ്മ കാണാതെ അമ്മയോട് പറഞ്ഞു
ഞാൻ രാവിലെ വരാമ്മേ
ശരി മോനെ
*****************
രാത്രി കിടന്നിട്ട് ഉറങ്ങാൻ പറ്റുന്നില്ല എത്ര പെട്ടന്നാ സന്തോഷകരമായ ജീവിതത്തിൽ ദുഃഖത്തിൻ്റെ കരിനിഴൽ വീണത്
മാളവിക തൊട്ടയൽപക്കത്തെ വീട്ടിലെ വയാടി പെണ്ണ് അമ്മ പറയും പോലെ ഒരു കഥയില്ലാത്ത പെണ്ണ് അലമ്പൻ്റെ ആശാനായ എന്നോട് പറയുവാ എന്നെ ഇഷ്ടമാണന്ന് ഞാൻ ഞെട്ടി പോയി. ഇതെങ്ങനെ അവളോട് പറയും എന്ന് ആലോചിരിക്കുകയായിരുന്നു. എന്തായാലും അതോടെ ഞാൻ അലമ്പൊക്കെ നിർത്തി. നിർത്തിച്ചു എന്നു പറയുന്നതായിരിക്കും നല്ലത്. രാവിലെ വരും എൻ്റെ ഒരു ദിവസം ടൈം ടേബിളും ചോദിച്ചോട്ട്.
വിഷണുവേട്ടാ ഇന്ന് എന്താ പരിപാടി
മാളു ഞാൻ മറ്റ് അലമ്പ് പരിപാടിക്ക് ഒന്നും പോകില്ല. രാവിലെ പണിക്ക് പോയി പണി കഴിഞ്ഞാലുടൻ വീട്ടിലെത്തിക്കോളാം അത് കഴിഞ്ഞ് ഭക്ഷണം കഴിച്ച് ഉറങ്ങിക്കോളാം
അപ്പോ ഇതിനിടയിൽ എപ്പോ എന്നെ കാണും
വരുമ്പോൾ വീട്ടിൽ വന്ന് കണ്ടോളാം
എന്നിട്ട് വേണം അച്ഛനും അമ്മയും അറിയാൻ
എന്നാ പിന്നെ കാണണ്ട
അതു പറ്റില്ല എനിക്ക് എപ്പോഴും കാണണം ദാ ഇങ്ങനെ കണ്ണിൽ നോക്കിയിരിക്കണം
നിനക്ക് വട്ടാ
അതെ എനിക്ക് വട്ടാ വിഷണുവേട്ടൻ എന്ന വട്ട് വിഷണുവേട്ടൻ ഇങ്ങോട് നോക്കിയെ
എങ്ങോട്
എൻ്റെ കണ്ണിലേക്ക് എന്താ അവിടെ വിഷണുവേട്ടന് കാണാൻ കഴിയുന്നത്.
എന്നെയാ കാണുന്നത്
അതുപോലെ വിഷ്ണുവേട്ടൻ്റെ കണ്ണിൽ ആരെയാ കാണുന്നേ എന്നറിയോ
അത് പിന്നെ എൻ്റെ അമ്മയെ ആയിരിക്കും
ഓ അപ്പോ ഞാൻ ആരും അല്ലാലേ വേണ്ട എന്നോട് മിണ്ടണ്ട
വഴക്കിട്ട് പോണത് കാണാൻ തന്നെ നല്ല ചന്തമാണ് അവളോട് എപ്പോഴും വഴക്കിടുന്നത് എൻ്റെ ഹോബിയായി മാറി
വിഷ്ണുവേട്ടാ
എന്താ മാളു
ഇങ്ങനെ പോയാൽ ശരിയാകില്ല
എങ്ങനെ പോയാൽ
ഈ നാട്ടിൽ ആശാരി പണിയും ചെയ്തു നടന്നാൽ എൻ്റെ അച്ഛൻ എന്നെ തരില്ലാട്ടോ
പിന്നെ ഞാനെന്തു ചെയ്യണം
വിദേശത്ത് എന്തേലും പണി നോക്ക് കുറെ കൂട്ടുകാരില്ലേ വിദേശത്ത്.
പിന്നെ അതൊന്നും ശരിയാകില്ല എനിക്ക് നാടും വീടും പിന്നെ നിന്നേയും വിട്ട് എനിക്കൊരിടത്തും പോകണ്ട
എന്നാൽ പിന്നെ വേറെ പെണ്ണ് നോക്കുന്നതായിരിക്കും നല്ലത്.
അങ്ങനെ എന്നെ അവൾ നാടുകടത്തി ദിവസവും വിളിയും ചാറ്റുമായി ദിവസങ്ങൾ കടന്നു പോയി. അവള് ഡിഗ്രി പഠനം പൂർത്തിയാക്കി.
വിഷ്ണുവേട്ടാ എനിക്ക് കാണാൻ കൊതിയാകുന്നു.
അതിന് കാണുന്നുണ്ടല്ലോ
അങ്ങനെയല്ല നേരിട്ട് കാണണം അവരോട് ലീവ് തരാൻ പറ
മാളു ഇവിടെ വന്നിട്ട് ഇപ്പോ ഒരു വർഷമല്ലേ ആയുള്ളു ഇനി ഒരു വർഷം കൂടി കഴിയണം ലീവ് കിട്ടണമെങ്കിൽ
എനിക്ക് പറ്റില്ല കാണാതെ ഇങ്ങനെ .ജോലി കളഞ്ഞിട്ട് ഇങ്ങു പോരെ
എന്നെ അവിടുന്ന് ഓടിക്കാൻ എന്ത് ഉത്സാഹമായിരുന്നു. അനുഭവിച്ചോ
ഞാനിങ്ങനെ ഒന്നും ഓർത്തില്ല വിഷ്ണുവേട്ടന് മാളൂനെ കാണാൻ കൊതിയില്ലാല്ലേ
ഞാൻ പറഞ്ഞതല്ലേ പോണില്ലാന്ന്
വിഷ്ണുവേട്ടാ ഞങ്ങൾ മറ്റെന്നാൾ ടൂർ പോകുവാണല്ലോ
എവിടെ
വേളാങ്കണ്ണി പിന്നെ പളനിയിലും പോകുന്നുണ്ട്. ഞാൻ പ്രാർത്ഥിക്കും എൻ്റെ വിഷണുവേട്ടനെ വേഗം വരുത്തണേന്ന്.
എന്തായാലും മാളൂൻ്റെ പ്രാർത്ഥന കേട്ടു ടൂർ പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു ആ കൂട്ടത്തിൽ എൻ്റെ മാളൂന് തലക്ക് ഗുരുതരമായ പരിക്ക് പറ്റി വെൻ്റിലേറ്ററിൽ ആണന്നറിഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല അവിടുന്ന് പോന്നു. ആദ്യമൊക്കെ ഡോക്ടർ പറഞ്ഞത് രക്ഷപ്പെടാൻ സാധ്യതയില്ലന്നായിരുന്നു.
എനിക്കറിയാം ഞാൻ വിളിച്ചാൽ എൻ്റെ മാളു ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന്…അങ്ങനെ എൻ്റെ മാളു ജീവിതത്തിലേക്ക് തിരിച്ച് വന്നു. പക്ഷേ ജീവൻ ഉണ്ടന്നേയുള്ളു….ആരേയും അറിയില്ല മിണ്ടില്ല കിടന്ന കിടപ്പ് ഇപ്പോ വർഷം ഒന്ന് കഴിഞ്ഞു
മാളൂൻ്റെ അച്ഛൻ ഉള്ളതെല്ലാം വിറ്റുപെറുക്കി മാളൂനെ ചികിത്സിച്ചു. ഞാനും സഹായിച്ചു. വീണ്ടും മാളൂന് വേണ്ടി ആശാരി പണിക്ക് പോയി തുടങ്ങി. രാവിലെ പോകും മുൻപ് മാളുവിൻ്റെ വീട്ടിലെത്തും മാളുവിൻ്റെ എല്ലാ കാര്യങ്ങളും നോക്കിയിട്ട് പണിക്ക് പോകും വരുന്ന വഴി മാളുനെ കണ്ട് മാളൂനോട് കുറെ നേരം ആ കണ്ണിൽ നോക്കി സംസാരിക്കും .അപ്പോ ആ കണ്ണിൽ കാണുന്ന തിളക്കം മതി ഈ വിഷ്ണുവിന് ജീവിക്കാൻ .
ഫോൺ നിർത്തിലില്ലാത അടിക്കുന്നത് കേട്ടിട്ടാകണം അമ്മ അങ്ങോട് വന്നത്
വിഷ്ണു എടാ നീ ഇത് ഏതു ലോകത്താ ഫോൺ ബെല്ലടിക്കുന്നത് കേൾക്കുന്നില്ലേ
ആ അമ്മേ ഞാനൊന്നു മയങ്ങി പോയി
ഫോൺ വാങ്ങി നോക്കിയപ്പോൾ എൻ്റെ കൂടെ ദുബ്ബായിൽ ഉണ്ടായിരുന്ന കൂട്ടുകാരനാ കഴിഞ്ഞ ആഴ്ച നാട്ടിലെത്തി എന്നും പറഞ്ഞ് വിളിച്ചിരുന്നു. അവനെ തിരിച്ച് വിളിച്ചു
ഹലോ റോയി
നീ എവിടായിരുന്നെടാ ഞാനെത്ര നേരമായി വിളിക്കുന്നു.
ഞാനൊന്ന് മയങ്ങി പോയടാ
എടാ ഞാനിപ്പോ വിളിച്ചത് ഒരു പ്രധാന കാര്യം പറയാനാ
എന്തടാ കാര്യം
എടാ കോട്ടയത്ത് ഒരു ഡോക്ടർ ഉണ്ട് നിൻ്റെ മാളൂനെ ആ ഡോക്ടറുടെ അടുത്ത് നാളെ കൊണ്ടുവരണം. ഡോക്ടറോട് എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്.
അത് ശരിയാകുമോടാ എത്ര സ്ഥലത്ത് പോയി. ഓരോരുത്തർ പറയുന്നിടത്ത് എല്ലാം കൊണ്ട് പോയി കാശു പോയത് മാത്രം മിച്ചം
ഇതങ്ങനെയല്ലടാ അനുഭവം ഉണ്ട്..ഞാൻ നാളെ വണ്ടിയുമായി വരാം 3 മണിക്കാ അപ്പോയ്മെൻ്റ്.
ശരിയടാ ഇനി നീ പറഞ്ഞത് കേട്ടില്ലാന്ന് വേണ്ട.
നമുക്ക് ഒന്നുകൂടി ശ്രമിച്ച് നോക്കാന്നേ
എന്നാൽ ശരി നാളെ കാണാം.
എത്ര സ്ഥലത്ത് പോയി ആയൂർവേദം അലോപ്പതി മാറി മാറി പരീക്ഷിച്ചു. എൻ്റെ മാളൂന് വേണ്ടി എത്ര കഷ്ടപെടാനും ഞാൻ തയ്യാറാ പണിയുന്ന ഒരു പൈസ പോലും ഒരു കട്ടൻ കുടിക്കാൻ എടുക്കാറില്ല. മാളൂൻ്റെ അച്ഛൻ രാപകലില്ലാതെ കഷ്ടപ്പെടുന്നുണ്ട്. അച്ഛനും തീരെ വയ്യാതെ ആയി. ഇനി റോയി പറഞ്ഞതുകൂടി നോക്കാം.
രാവിലെ ചെന്ന് അമ്മയോടും അച്ഛനോടും വിവരം പറഞ്ഞു. അവരിലും വലിയ പ്രതീക്ഷയൊന്നും കണ്ടില്ല
എന്തായാലും ഒന്നു പോയി നോക്കാച്ഛാ
ശരിമോനെ മോനേ അച്ഛൻ്റെ കൈയിൽ പൈസ ഒന്നുമില്ലടാ മോനെ
അതൊക്കെ നമുക്കുണ്ടാക്കമെന്നും പറഞ്ഞ് ഞാൻ മാളൂൻ്റെ റൂമിലേക്ക് പോയി. ഓരോ ദിവസത്തേയും വിശേഷം പറഞ്ഞ് കേൾപ്പിക്കും അതു കേൾക്കുമ്പോൾ മാളൂൻ്റെ മുഖമൊന്നും കാണണം
മാളുനോട് റോയി വിളിച്ച കാര്യം പറഞ്ഞ് കേൾപ്പിച്ചു. മാളൂൻ്റെ കണ്ണുകളിൽ മാത്രം പ്രതീക്ഷയുടെ വെളിച്ചം കണ്ടു. എത്രകാശ് മുടക്കിയാലും മാളുനെ കൊണ്ടു പോകണം എനിക്കും തോന്നി.
റോയി വണ്ടിയുമായി വന്നു ഞാനും മാളുവും മാത്രം പോകുന്നുള്ളു. അവിടെ ചെന്ന് മൂന്നു മണിക്ക് തന്നെ ഡോക്ടറെ കണ്ടു. മാളൂനെ പരിശോധിച്ചപ്പോൾ എൻ്റെ കണ്ണുകൾ ഡോക്ടറുടെ മുഖത്തായിരുന്നു. മാളുവിൽ കണ്ട പ്രതീക്ഷയുടെ വെളിച്ചം ഡോക്ടറുടെ മുഖത്തും ഞാൻ കണ്ടു.എനിക്കും പ്രതീക്ഷയായി.ആ പ്രതീക്ഷയോടെ ഞാൻ ഡോക്ടറുടെ മുന്നിലിരുന്നു.
മിസ്റ്റർ വിഷ്ണു എനിക്കൊരു ആറ് മാസം തരണം മാളവികയെ ഞാൻ പഴയ മാളവികയാക്കി തരാം
ആറ് മാസമല്ല ഒരു വർഷം എടുത്തോളു എനിക്ക് എൻ്റെ മാളു ഒന്ന് നടന്ന് കാണണം എന്നേയുള്ളു.
അത്രയൊന്നു വേണ്ടടോ മൂന്നുമാസം കൊണ്ട് തൻ്റെ മാളു നടക്കും.
അങ്ങനെ മാളുവിനെ അവിടെ അഡ്മിറ്റ് ചെയ്തു ദിവസങ്ങൾ കഴിയുംതോറും മാളുവിൽ മാറ്റങ്ങൾ കണ്ട് തുടങ്ങി. മൂന്നു മാസം എന്ന് ഡോക്ടർ പറഞ്ഞു അതിന് മുന്നേ മാളു നടന്നു. മൂന്ന്മാസത്തെ ചികിത്സ കഴിഞ്ഞ എൻ്റെ മാളു വീട്ടിലേക്ക് നടന്ന് കയറി. സംസാരിക്കാൻ കുറച്ച് ദിവസങ്ങളും കൂടി താമസമുണ്ടന്ന് ഡോക്ടർ പറഞ്ഞു.
ദിവസങ്ങളും മാസങ്ങളും കടന്ന് പോയി. മാളു എൻ്റെ പഴയ വായാടിയായി ഇന്നെൻ്റെ വലതു വശത്ത് നെഞ്ചത്ത് തലയും വെച്ച് കിടക്കുന്നുണ്ട്.
അന്ന് അമ്മ പറഞ്ഞതും കേട്ട് ഉപേക്ഷിച്ച് പോയിരുന്നെങ്കിലോ വീഴ്ചയിൽ താങ്ങാകണം അതാണ് പ്രണയം…