ഇങ്ങനെയും ചിലർ…
എഴുത്ത്: ഉണ്ണി ആറ്റിങ്ങൽ
================
പതിവ് പോലെ ഉച്ചക്കുള്ള ബ്രേക്ക് ടൈം ബസ് പാർക്കിങ്ങിലിട്ടു ബ്രേക്ക് റൂമിലേക്ക് നടന്നു. പൊതിഞ്ഞു കെട്ടിക്കൊണ്ടു വന്ന ചോറ് ബ്രേക്ക് റൂമിലാണുള്ളത്. ദൈവത്തിന്റെ ഒരു വികൃതി നോക്കണേ , പണ്ട് പഠിക്കുന്ന സമയത്ത് അമ്മ ചോറും പൊതിഞ്ഞ് വച്ച് തലയിൽ കൈയ്യും വച്ചു പറഞ്ഞാലും കൊണ്ടു പോകാത്ത ഞാനാണ്. ഹാ പറഞ്ഞിട്ട് കാര്യമില്ല അല്ലെങ്കിലും വിശപ്പിന്റെ മുന്നിലാണല്ലോ എന്നും പാവപ്പെട്ടവനും പണക്കാരാനുമൊക്കെ അഹങ്കാരം വിട്ട് ഒരേപോലെ ചിന്തിച്ചു തുടങ്ങുന്നത്.
ബ്രേക്ക് റൂം എത്തും മുൻപ് തന്നെ നല്ല പൊറോട്ടയുടെയും ചിക്കന്റേയും മണം മൂക്കിലേക്ക് അടിച്ചു കയറി. എനിക്ക് പരിചയമുള്ള മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്ന കുറച്ചുപേരുണ്ട്. അവർ ഷെയർ ചെയത് മിക്കവാറുമൊക്കെ പുറത്തു നിന്ന് ഭക്ഷണം വാങ്ങിക്കൊണ്ട് വരുന്നത് പതിവാണ്. പാവം ഞാൻ അവർക്കിടയിൽ ഇരുന്ന് നല്ല പൊരിച്ച ചിക്കന്റെ മണവും ആസ്വദിച്ചു തലേന്നത്തെ ചോറ് ചൂടാക്കി കഴിക്കാറാണ് പതിവ്. ചെന്ന പാടെ ടീമിന്റെ ലീഡർ വിനീഷിന്റെ വക പതിവ് ഡയലോഗ്.
” ടാ കൂടുന്നോ…”
” നല്ല ചൂട് പൊറോട്ടയും ചിക്കനുമുണ്ട് “
ഞാൻ ചെല്ലില്ലന്നുള്ള ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് സ്ഥിരമായുള്ള ഈ ഡയലോഗെന്നു എന്നെപ്പോലെ തന്നെ അവർക്കുമറിയാം.
“ഏയ് എനിക്ക് വേണ്ടടാ ഒന്നാമത് ഇരുന്നുള്ള ജോലിയാണ് , ഉള്ള കൊഴുപ്പെല്ലാം കൂടി കഴിച്ചിട്ട് വയറും ചാടി നടക്കാൻ ഞാനില്ല. നിങ്ങള് കഴിച്ചോ.”
അവൻ കേൾക്കാൻ കൊതിച്ച പതിവ് ഉത്തരം നൽകികൊണ്ട് ഞാൻ ആഹാരം ചൂടാക്കാൻ ഓവനടുത്തേക്ക് നടന്നു.
“പണ്ടേ ദുർബല അപ്പോഴോ ഗർഭിണി” എന്നു പറഞ്ഞത് പോലെയാണ് എന്റെ കാര്യം. പണ്ടേ എനിക്ക് വണ്ണം തീരെയില്ല. ഉയരമാണെങ്കിൽ ആവശ്യത്തിലധികവും. അതിന്റെ കൂടെ പൊറോട്ടയും ചിക്കനുമൊക്കെ കഴിച്ചു വയറും കൂടി ചാടിയാൽ ഏതാണ്ട് ഉലക്കക്ക് ഗർഭം വന്നത് പോലെയാകും എന്റെ അവസ്ഥ.
അങ്ങനെ കൊണ്ടുവന്ന ചോറ് ഓവനിൽ കേറ്റി ചൂടാക്കി നല്ല പൊറോട്ടയുടെയും ചിക്കന്റേയും മണവും ആസ്വദിച്ചു കഴിച്ചു തുടങ്ങിയപ്പോഴാണ് ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത്. സ്ഥിരമായി കഴിക്കുന്നവരുടെ കൂട്ടത്തിൽ ഒരാളെ മാത്രം കാണുന്നില്ല.
” ടാ നമ്മുടെ മുരുകൻ എവിടെപ്പോയി “
” ഓഹ് അവനെയിന്ന് വിളിച്ചില്ലടാ അവനിന്ന് നല്ല തിരക്കാണെന്ന് തോന്നുന്നു”
അതത്ര സുഖമുള്ള മറുപടിയായി എനിക്ക് തോന്നിയില്ല. കാരണം ശമ്പളം കിട്ടുന്ന ദിവസങ്ങളിലൊക്കെ മിക്കവാറും മുരുകൻ തന്നെയാണ് എല്ലാവർക്കുമുള്ള ഭക്ഷണം വാങ്ങാറുള്ളത്. അന്നൊക്കെ മുരുകന്റെ തിരക്കൊഴിയുന്നത് വരെ കാത്തു നിന്ന് ഇവരൊക്കെ ഒരുമിച്ച് ആഹാരം കഴിക്കുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുള്ളതാണ്.
ഇനി ചിലപ്പോ പറയുന്നത് ശരിയായിരിക്കും. നല്ല തിരക്കുള്ള ലൊക്കേഷനിലാണ് ഡ്യൂട്ടിയെങ്കിൽ സമയത്തിന് ആഹാരം പോയിട്ട് ഒന്നു നടു നിവർത്താനുള്ള സമയം പോലും ചിലപ്പോ കിട്ടാറില്ല. എന്തായാലും നമുക്കെന്താ എന്ന ചിന്തയിൽ വേഗം ഭക്ഷണം കഴിച്ച് ഞാനെന്റെ ഡ്യൂട്ടി ലൊക്കേഷനിലേക്ക് മടങ്ങി.
ലൊക്കേഷൻ എത്തുന്നതിന് അരക്കിലോമീറ്റർ മുൻപേ സമീപത്തെ പള്ളിക്ക് മുന്നിലായുള്ള ഗ്രൗണ്ടിൽ മുരുകന്റെ ബസ് പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു. ഞാൻ ബസിന്റെ നമ്പർ ഒന്നുകൂടി നോക്കി. ഇരുപത്തിയാറാം നമ്പർ ബസ്. എല്ലാ ബസിനും ഒരേ സ്റ്റിക്കർ ആയത് കൊണ്ട് മനസ്സിലാക്കാൻ വേണ്ടി ഓരോ ബസിനും നമ്പർ നൽകിയിട്ടുണ്ട്. അത് നോക്കിയാണ് മിക്കപ്പോഴും ആളെ മനസ്സിലാക്കുന്നത്.
തമിഴ്‌നാട് സ്വദേശിയാണ് മുരുകൻ. കന്യാകുമാരിക്കടുത്തുള്ള ഏതോ ചെറിയ ഗ്രാമത്തിന്റെ പേര് മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. വേറെയും തമിഴ്‌നാട് സ്വദേശികൾ ഒരുപാടുണ്ടെങ്കിലും മലയാളികളായിരുന്നു മുരുകന്റെ സുഹൃത്തുക്കളിലധികവും. പുറമെ ചിരിച്ചു കാട്ടുന്നത് കൊണ്ട് മലയാളികളെല്ലാം നല്ലവരാണെന്നുള്ള തെറ്റിധാരണ മുരുകനും ഉണ്ടായിരുന്നു എന്ന് വേണമെങ്കിൽ പറയാം.
എന്നെക്കണ്ടതും ചിരിച്ചുകൊണ്ട് മുരുകൻ ബസിൽ നിന്നിറങ്ങി എന്റെടുത്തേക്ക് വന്നു. സങ്കടം വന്നാലും സന്തോഷം വന്നാലും ചെറു പുഞ്ചിരിയോട് കൂടി മാത്രമേ സംസാരിക്കാറുള്ളൂ എന്നത് അയാളുടെ മാത്രമൊരു പ്രത്യേകതയായിട്ടാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്.
“എന്നണ്ണാ ശാപ്പാട് കയിച്ചാ?”
തമിഴും മലയാളവും ഇടകലർന്ന ഭാഷയിൽ മുരുകൻ എന്നോട് ചോദിച്ചു.
“ഹാ ഞാനിപ്പൊ കഴിച്ചിട്ട് വരുന്ന വഴിയാ മുരുകാ … നീ കഴിച്ചില്ലേ?”
“ഇന്നേക്ക് ശാപ്പാട് ഇല്ലണ്ണാ”
” ഇന്നെന്തേ അവരോടൊപ്പം പോയില്ലേ നീ ?”
“ഇല്ലണ്ണാ കൊഞ്ചം ബിസി, അതിനാലെ ശാപ്പിടലെ.”
പുഞ്ചിരിച്ചു കൊണ്ടാണ് മുരുകനത് പറഞ്ഞതെങ്കിലും അവനെന്തോ മറയ്ക്കുന്നത് പോലെ എനിക്ക് തോന്നി.
“എന്നാ മുരുകാ , എതാവത് പ്രോബ്ലമിറുക്കാ?”
അടുത്തടുത്തുള്ള ഫ്‌ളാറ്റുകളിലാണ് താമസിക്കുന്നതെങ്കിലും നമ്മൾ തമ്മിൽ അത്രയുമടുത്ത സൗഹൃദമൊന്നും ഉണ്ടായിരുന്നില്ല. ചിലപ്പോൾ അതുകൊണ്ടാവും —
“ഇല്ലണ്ണാ പ്രോബ്ലം ഒന്നുമില്ല” എന്നാണ് ആദ്യം മുരുകൻ മറുപടി പറഞ്ഞത്.
ദിവസവും ഭക്ഷണത്തിന് ശേഷം രണ്ട് കുക്കുമ്പർ കഴിക്കുന്ന ശീലം പഞ്ചാബികളിൽ നിന്ന് പഠിച്ചതാണ്. ശരീരത്തിലെ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ അത് നല്ലതാണെന്നുള്ള അറിവ് കൊണ്ട് എന്നും രണ്ട് മൂന്ന് കുക്കുമ്പർ കൂടി വാങ്ങിക്കൊണ്ടു വരാറുണ്ട്. അത് ഞാൻ മുരുകന് കൊടുത്തു. കുടിക്കാൻ വണ്ടിയിലുണ്ടായിരുന്ന മിനറൽ വാട്ടറും നൽകി. ആദ്യം മടിച്ചെങ്കിലും നിർബന്ധിച്ചപ്പോൾ മുരുകനത് വാങ്ങി കഴിച്ചു.
“തങ്കച്ചിക്ക് ഒരു സർജറി അണ്ണാ, സാലറി മൊത്തമായും നാട്ട്ക്ക് അനപ്പിയാച്ച്. ശാപ്പിടതറ്ക്ക് ഞാൻ ഷെയർ കൊടുക്കലെ. ആനാ അവങ്ക എന്ന മട്ടും കൂപ്പിടലെ.”
പതിവ് പുഞ്ചിരിയോടെയാണ് അവനത് പറഞ്ഞതെങ്കിലും അവരുടെ പെരുമാറ്റം അവനെ എത്രമാത്രം വിഷമിപ്പിച്ചിരുന്നുവെന്നു മുരുകന്റെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാൻ കഴിയുമായിരുന്നു. കുറച്ചു ദിവസം മുൻപ് അതിലൊരാളിന്റെ ടൈംലൈനിൽ കണ്ട ഭക്ഷണത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചുള്ള ഫേസ്ബുക് പോസ്റ്റിനെക്കുറിച്ചു ഒരു നിമിഷം ഞാൻ ഓർത്തു പോയി. എത്ര മനോഹരമായാണ് പാവപ്പെട്ടവരെപ്പറ്റിയും അന്നദാനത്തിന്റെ മഹത്വത്തിനെപ്പറ്റിയുമൊക്കെ അവൻ വർണ്ണിച്ചിരിക്കുന്നത്.
അവർ മനപ്പൂർവം മുരുകനെ ഒഴിവാക്കിയതാണെന്ന് മനസ്സിലായെങ്കിലും “ഏയ് അതൊക്കെ നിന്റെ വെറും തോന്നലാകും മുരുകാ…” എന്ന് പറഞ്ഞു ഞാനവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ സത്യമെല്ലാം മുരുകൻ നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നു.
“ഒന്നും പ്രച്‌നയില്ലണ്ണാ , അവങ്കള്ക്ക് ദുട്ട് താൻ മുഖ്യം. അവങ്ക സാപ്പിടട്ടും. നീങ്ക കവലപ്പെട വേണ്ടാ, ലൊക്കേഷന്ക്ക് പോങ്കണ്ണാ…”
മുരുകനത് പറയുമ്പോൾ അവന്റെ കണ്ണുകൾ നനയുന്നത് ഞാൻ കണ്ടിരുന്നു..മൈക്കിൽ ഉച്ചക്കുള്ള ഷിഫ്റ്റ് അനൗൺസ് ചെയ്യുന്നത് കേട്ട് ലൊക്കേഷനിലേക്ക് മടങ്ങുമ്പോഴും അവൻ പറഞ്ഞ വാക്കുകൾ വലിയൊരു നീറ്റലായി മനസ്സിലുണ്ടായിരുന്നു.
കൈയ്യിൽ കാശുള്ളപ്പോൾ ചേർത്ത് പിടിക്കുകയും ഒരു ദിവസം അതില്ലാതായിപ്പോയാൽ ഒരു നേരത്തെ അന്നത്തിൽ നിന്ന് പോലും അകറ്റി നിർത്തുകയും ചെയ്യുന്ന ഒരുകൂട്ടം ആളുകൾ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നുള്ളതാണ് സത്യം. സോഷ്യൽ മീഡിയകളിൽ സദ്ഗുണസമ്പന്നരായ ഇത്തരം പകൽമാന്യന്മാരുടെ യഥാർഥ മുഖം തിരിച്ചറിയുന്നത് ചിലപ്പോൾ ഇതുപോലുള്ള സന്ദർഭങ്ങളിൽ മാത്രമായിരിക്കും.
ഡ്യൂട്ടി കഴിഞ്ഞ് തിരികെ റൂമിലേക്കുള്ള യാത്രയിൽ മുരുകനിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ. പതിവ് തമാശകളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി നിർവികാരമായ മുഖത്തോടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു മുരുകനപ്പോൾ. ഒരുപക്ഷേ ഇന്നലെവരെ അടുത്ത സുഹൃത്തുക്കളായി കണ്ടിരുന്ന അവരുടെ പെരുമാറ്റം മുരുകന്റെ മനസ്സിനെ അത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകാം.
ബസിൽ നിന്നിറങ്ങും നേരം ഒന്നുകൂടി മുരുകൻ എന്നെ നോക്കി ചിരിച്ചു. ദിവസവും തമ്മിൽക്കാണാറുള്ളതാണെങ്കിലും ഇന്നലെവരെയില്ലാത്ത ഒരു പ്രത്യേക സ്നേഹം അവന്റെ കണ്ണുകളിലുള്ളത് പോലെ എനിക്ക് തോന്നി. അപ്പോഴും തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും ഒന്നും സംഭവിക്കാത്ത മട്ടിൽ മുരുകന്റെ മുന്നിലൂടെ അവരോരോരുത്തരും സ്വന്തം ഫ്‌ളാറ്റുകളിലേക്ക് പോകുന്നുണ്ടായിരുന്നു.
~ഉണ്ണി ആറ്റിങ്ങൽ