Story written by Jishnu Ramesan
===================
കാഴ്ചയില്ലായ്മയെ തന്റെ കഴിവാക്കി മാറ്റിയവളായിരുന്നു ശിവാനി..
ഫറോക്ക് കോളേജിൽ രണ്ടാം വർഷം ആയിരുന്നു ഞാൻ.. അന്നത്തെ ദിവസം കോളേജിലെ ജൂനിയർ പിള്ളേരെ റാ ഗ് ചെയ്യാൻ വേണ്ടി കാത്തിരുന്നു എന്ന് തന്നെ പറയാം…ആ കോളേജിലെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്ന തരത്തിൽ തന്റെ കാഴ്ച ഇല്ലായ്മയും ആയിട്ടാണ് “ശിവാനി” അന്ന് ക്യാമ്പസിലേക്ക് വന്നത്…
പക്ഷേ എന്നിട്ടും അവളെ ഒന്ന് ശ്രദ്ധിക്കാനും കാണാനും ആദ്യ സെമസ്റ്റർ പരീക്ഷ ആവേണ്ടി വന്നു..കണ്ണു കാണാത്ത അവൾക്ക് എക്സാം എഴുതി കൊടുക്കാൻ കോളേജിൽ നല്ല നിലയിൽ തന്നെ ഉഴപ്പി നടന്ന എന്നെ തന്നെ ഗീത ടീച്ചർ ഏൽപ്പിച്ചത് എന്തിനാണെന്ന് എനിക്ക് മനസ്സിലായിട്ടില്ലായിരുന്നൂ…
ഗീത ടീച്ചർ ഈ കാര്യം എന്നോട് പറയുമ്പോഴാണ് ശിവാനിയെ പറ്റി ഞാൻ അറിയുന്നത്..ഞാൻ എക്സാം ഹാളിലേക്ക് കുറച്ച് വൈകിയാണ് കയറി ചെന്നത്..ഞാൻ മിണ്ടാതെ പതിയെ അവളുടെ അടുത്ത് ചെന്നിരുന്നു… ‘ എക്സാം എഴുതി തരാനുള്ള ആള് വരുമോ എന്തോ ‘ എന്ന അവളുടെ മുഖഭാവം എന്നെ നന്നേ രസിപ്പിച്ചു..
ഒന്ന് ചേവിയോർത്തിട്ട് അവള് ചോദിച്ചു,
“അല്ലാ ഇങ്ങള് വന്നാ ജിഷ്ണു ചേട്ടാ…!”
‘ ഏയ് എന്റെ പേര് എങ്ങനെ അറിയാം നിനക്ക്..? ഹൊ ഞാൻ മിണ്ടാതെ വന്നു ഇരുന്നിട്ടും അറിഞ്ഞല്ലോ നീയ്..; സമ്മതിച്ചു മോളെ..’
” ഗീത ടീച്ചർ പറഞ്ഞതാ പേരൊക്കെ… “
‘ ആണോ, ഞാൻ നന്നായി പഠിക്കുന്നത് കൊണ്ടാ ടീച്ചർ എന്നെ തന്നെ വിട്ടത് ശിവാനിയെ സഹായിക്കാൻ..’
“ഉവ്വ ഉവ്വ, മറ്റുള്ളവരെ എക്സാം എഴുതാൻ വിട്ടാൽ ചിലപ്പോ എന്നെ ഉത്തരം പറഞ്ഞു സഹയിച്ചാലോ എന്ന് കരുതിയിട്ടാ.. ജിഷ്ണു ചേട്ടൻ ആവുമ്പോ ഒന്നും അറിയില്ല എന്ന് പറഞ്ഞു ടീച്ചർ..”
ഹൊ അത് കേട്ടതും ഇരുന്ന ഇരുപ്പിൽ തീർന്നു പോയെങ്കിൽ എന്നോർത്തു ഞാൻ..എന്റെ കാര്യത്തിലെ ഉഴപ്പ് എന്തായാലും ഞാൻ ആ കുട്ടിയുടെ കാര്യത്തിൽ കാണിച്ചില്ല..എന്തിനാ വെറുതെ ആ പാവത്തിന്റെ ഭാവി ഞാൻ ആയിട്ട്…
എക്സാം നടന്ന ആ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ശിവാനി എനിക്ക് നല്ലൊരു കൂട്ടായി മാറിയിരുന്നു..വെറും രണ്ടു മിനിറ്റ് ഉണ്ടായിരുന്നുള്ളൂ അവളുടെ ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക്..അത് കൊണ്ട് തന്നെ അവിടെ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചിരുന്നത്…
ഒന്നാം വർഷം കഴിഞ്ഞ് കോളേജ് അടക്കുന്ന സമയം അവള് തപ്പി തടഞ്ഞ് എന്നെ കാണാൻ വന്നു..
“ജിഷ്ണു ചേട്ടാ, രണ്ടു മൂന്നു ദിവസമായിട്ട് എന്താ എന്നെ കാണാൻ വന്നില്ലല്ലോ..! ദേ ഈ ബുക്ക് ചേട്ടന് വേണ്ടി വാങ്ങിയതാ ഞാൻ.. എനിക്ക് വായിക്കാൻ പറ്റില്ലല്ലോ..; “
ഞാനാ ബുക്ക് വാങ്ങി..
‘അയ്യോ ശിവാനി ഞങ്ങള് കൂട്ടുകാര് കൂടി കറങ്ങാൻ പോകുന്ന കാര്യമൊക്കെ പ്ലാൻ ചെയ്ത് അങ്ങനെ ഇരുന്നു, അതാട്ടോ..; ‘
വെക്കേഷൻ സമയത്ത് കൂട്ടുകാരുടെ കൂടെ ചുറ്റാൻ പോയെങ്കിലും ശിവാനിയെ ശരിക്കും മിസ്സ് ചെയ്തു.. കോളേജിൽ ആണെങ്കിൽ ഇന്റർവെൽ സമയത്ത് ആ പാവം തപ്പി പിടിച്ച് എന്റെ അടുത്ത് വരും..പിന്നെ അവളെ പറ്റിയും നാടിനെ പറ്റിയും പിന്നെ നമ്മളെ മത്ത് പിടിപ്പിക്കുന്ന തരത്തിലുള്ള ആ കാന്താരിയുടെ സംസാരം ശരിക്കും അവളിലേക്ക് അടുപ്പിക്കും നമ്മളെ…
വീട്ടിൽ നിന്ന് അമ്മ വിളിച്ചപ്പോ ഒരിക്കൽ ഞാൻ അവൾക്ക് സംസാരിക്കാൻ കൊടുത്തിരുന്നു.. അവളെ പറ്റി എപ്പോഴും പറഞ്ഞ് പറഞ്ഞ് എന്റെ ചങ്ക് കൂട്ടുകാരിയുടെ മുഖം അമ്മയ്ക്ക് മനപ്പാഠമായിരുന്നു…കാഴ്ചയില്ലാത്ത അവളുടെ ഈ ലോകത്ത് സംസാരത്തിന് കുറേയധികം പ്രാധാന്യം കൊടുത്തിരുന്നു അവള്.. അമ്മയോടും വാ തോരാതെ ശിവാനി സംസാരിച്ചു…
വെക്കേഷൻ ദിവസങ്ങൾ തള്ളി നീക്കുകയായിരുന്നു..അവധി കഴിഞ്ഞ് കോളേജിൽ ചെന്ന ഞാൻ അവളുടെ കൂട്ടുകാരികളുടെ കൂടെ ശിവാനിയെ കൂട്ടാൻ റെയ്ൽവേ സ്റ്റേഷനിൽ പോയതും അവളെ കൊണ്ടാക്കാൻ വന്ന അവളുടെ അമ്മയോട് സംസാരിച്ചതും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ്..
നമുക്കൊക്കെ വലിയ ബുദ്ധിമുട്ടായി തോന്നിയിരുന്നു കാഴ്ച ഇല്ലായ്മയെ ശിവാനി നിഷ്പ്രയാസം കീഴടക്കി…മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നു അവൾ.. നമ്മളെ പോലെ തന്നെ മെസ്സേജ് ടൈപ്പ് ചെയ്യാനുള്ള കഴിവ് അവൾക്കും ഉണ്ട്..അതിനായി ടോൾക് ബാക്ക് എന്ന ആപ്ലിക്കേഷൻ അവള് ഉപയോഗിച്ചു… കുറച്ച് സമയം എടുത്താണെങ്കിലും അവളുടെ മെസ്സേജ് കാണുമ്പോ വല്ലാത്തൊരു സന്തോഷമാണ്..
അവളുടെ സീനിയർ ആയിരുന്നിട്ടും ഒഴിവ് സമയങ്ങളിൽ സംസാരിക്കാൻ അവള് എന്റെയടുത്ത് വരും..അവൾക്ക് അറിയേണ്ടത് എപ്പോഴും ഈ പ്രകൃതിയിലെ നിറങ്ങളെ പറ്റിയായിരുന്നു..എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളായിരുന്നു അവളുടെ ചോദ്യങ്ങളും മറ്റും..സത്യം പറഞ്ഞാ ശിവാനിയോട് സംസാരിച്ചാൽ വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ്…
കോളേജ് കാലഘട്ടം കഴിഞ്ഞ് ബാഗും സാധങ്ങളും ഒക്കെ പാക്ക് ചെയ്ത് ശിവാനി വീട്ടിലേക്ക് പോകാൻ ഇറങ്ങി..അവളുടെ അമ്മ കൂട്ടിക്കൊണ്ട് പോകാൻ വന്നിരുന്നു..
“ജിഷ്ണു ചേട്ടാ ഇങ്ങള് കൂട്ടുകാരുടെ കൂടെ അടിച്ചു പൊളിച്ച് നടക്കുന്നതിന്റെ ഇടയിൽ എന്നെ ഇടക്കൊക്കെ ഒന്ന് വിളിച്ചോളോ..” അത് പറഞ്ഞപ്പോ എന്റെ കയ്യിലോന്ന് പിടിക്കാൻ അവള് പരതുന്നുണ്ടായിരുന്നൂ..
അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു, ‘ എന്റെ ശിവാനി നിന്നെ ഞാൻ എന്നും വിളിക്കാം എന്താടോ പോരെ..! ‘
ഒരിക്കൽ അവളുടെ ഒരു മെസ്സേജ് എന്റെ ഫോണിലേക്ക് വന്നു… “ഓണത്തിന് ജിഷ്ണു ചേട്ടൻ എന്റെ വീട്ടിൽക്ക് വരണം, വരാതിരിക്കോ…”
അവിടെയും ഇവിടെയും തൊടാതെയുള്ള മെസ്സേജ് എന്നെ രസിപ്പിച്ചു.. അവളുടെ ആ മെസ്സേജ് കണ്ടപ്പോ തന്നെ പോകാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.. എന്നിട്ടും അവളെ പറ്റിക്കാൻ വേണ്ടി ‘ ഞാൻ നോക്കട്ടെ ‘ എന്ന് മറുപടി പറഞ്ഞു..
തിരുവോണ നാളിൽ അവളുടെ വീട്ടിൽ ചെന്ന് കയറിയപ്പോ അവളുടെ കൂട്ടുകാരികൾ നേരത്തെ തന്നെ അവിടെ എത്തിയിരുന്നു.. വരുന്ന വഴിക്ക് ശിവാനി കുറെ തവണ വിളിച്ചിരുന്നു എന്നെ..പക്ഷേ ഞാൻ മനപൂർവ്വം സർപ്രൈസ് കൊടുക്കാൻ വേണ്ടി ഫോൺ എടുത്തില്ല…
കൂട്ടുകാരികളും വീട്ടുകാരും മറ്റും ഉണ്ടായിട്ടും അവളുടെ മുഖത്ത് ഒരു തെളിച്ചം ഇല്ലായിരുന്നു..ഞാൻ അവളുടെ കൂടെ ഉള്ളവരോട് ‘ മിണ്ടരുത് ‘ എന്ന ആംഗ്യം കാണിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു..പതിയെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു വന്നു.. എടുത്ത വഴിക്ക് അവള് ചോദിച്ചു,
“ജിഷ്ണു ചേട്ടോ, ചേട്ടന്റെ അമ്മ ഇപ്പോഴും കൊച്ചു കുട്ടിയെ പോലെ കാച്ചിയ എണ്ണ തന്നെയാലെ തേച്ചു തരുന്നത്.. എനിക്കറിയാം ഇങ്ങള് വരുമെന്ന്..എന്നാലും ഒരു സങ്കടം തോന്നി ഇത്രയും നേരം കാണാത്തത് കൊണ്ട്..”
ഒന്ന് ചിരിച്ചിട്ട് ഞാൻ പറഞ്ഞു, ‘ ഹൊ സമ്മതിച്ചു മോളെ നിന്നെ…;”
അവളുടെ അമ്മ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു,
ശിവാനിക്ക് എപ്പോ നോക്കിയാലും മോന്റെ കാര്യം പറയാനേ നേരമുള്ളു…ഇന്ന് രാവിലെ രഹസ്യമായി എന്നോട് വന്നിട്ട് ചോദിച്ചു അവള്, ‘ ജിഷ്ണു ചേട്ടൻ വരോ അമ്മേ ‘ എന്ന്..
കാഴ്ച ഇല്ലാതിരുന്നിട്ടും അവള് പറഞ്ഞു തന്ന അവളുടെ വീടും പരിസരവും ആ നാട്ടിൻപുറവും എല്ലാം തന്നെ ശിവാനിയുടെ വാക്കുകളെ പോലെ വളരെയേറെ മനോഹരമുള്ളതായിരുന്നൂ…
നേരിട്ട് കണ്ടിട്ടുള്ളതിനേക്കാൾ ആകാംഷയോടെ ശിവാനി എനിക്ക് പറഞ്ഞു തന്ന വീട്ടു വളപ്പിലെ ആമ്പൽ കുളം കാണിച്ചു തരാം എന്നും പറഞ്ഞു എന്നെയും കൊണ്ടവൾ നടന്നു…അവളുടെ കൈ എപ്പഴും എന്റെയൊരു വിരലിൽ മുറുകെ പിടിച്ചിട്ടുണ്ട്…
കളിച്ചു വളർന്ന സ്വന്തം വീടും പരിസരവും അറിയാൻ കണ്ണ് കാണണമെന്നില്ല എന്നെനിക്ക് മനസ്സിലായി.. തട്ടി തടഞ്ഞു വീഴാതിരിക്കാൻ എന്റെ വിരലിൽ പിടിച്ചിട്ടുണ്ട് അവള് എന്നേ ഉള്ളൂ..കുളത്തിലേക്ക് പോകുന്ന വഴി ശിവാനി ചെവിയോർത്ത് ഓരോ സ്ഥലങ്ങളും മറ്റും എനിക്ക് പറഞ്ഞു തന്നു..
അവളുടെ മനസ്സെന്ന കണ്ണുകൾ കൊണ്ട് കാണുന്നത് എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല…ഇരുട്ട് മാത്രം കണ്ടിട്ടുള്ള ശിവാനി മനസ്സിൽ കൊത്തിയെടുത്ത നിറങ്ങൾ മറ്റുള്ളവർക്ക് കാണാൻ പറ്റിയിരുന്നില്ല…
കുളക്കരയിലെ ഒരു മൺ തിട്ടയിൽ ഇരുന്നതിന് ശേഷം അവളെന്നോട് പറഞ്ഞു,
“ജിഷ്ണു ചേട്ടാ ഞാൻ ഇത്രയും പറഞ്ഞത് എനിക്ക് ഇതൊന്നും ആരും പറഞ്ഞു തന്നിട്ടല്ല.. എന്റെ മനസ്സിൽ ഞാൻ തന്നെ മെനഞ്ഞെടുത്ത രൂപങ്ങളും ഭാവങ്ങളും ആണ്.. പിന്നെ ചെറുപ്പത്തിൽ അമ്മ എനിക്ക് ഓരോന്നും ശ്രദ്ധാപൂർവ്വം പറഞ്ഞു തന്നിട്ടുണ്ട്…”
‘ ശിവാനി നിനക്കറിയോ, കോളേജിൽ ഉഴപ്പി നടന്ന എന്നെ മോശമല്ലാത്ത രീതിയിൽ നടക്കാൻ പഠിപ്പിച്ചത് നീയാ..ഇന്നിപ്പോ നല്ലൊരു ജോലിയുണ്ട് എനിക്ക്… കോളേജ് ഹോസ്റ്റലിൽ താമസിക്കുമ്പോ എല്ലാം എനിക്ക് തോന്നിവാസമായിരുന്നു.. പക്ഷേ നീയുമായി എന്ന് ഞാൻ കൂട്ട് ആയോ, അവിടുന്ന് തുടങ്ങി എന്റെ ജീവിതത്തിലെ മാറ്റങ്ങൾ…നിന്നോട് പലർക്കും സഹതാപം ആയിരിക്കും, കാഴ്ചയില്ലാത്ത കാര്യം പറഞ്ഞ്… പക്ഷേ എനിക്ക് ഈ ശിവാനിയോട് അസൂയ ആണുട്ടോ..; കണ്മുന്നിലെ ഇരുട്ടിൽ നിന്നല്ലേ താൻ ഓരോന്നും ആസ്വദിക്കുന്നത്..! ‘
അത് കേട്ട് ഒന്ന് പുഞ്ചിരിച്ചിട്ട് അവള് പറഞ്ഞു,
” ചേട്ടൻ പറഞ്ഞത് പോലെ എല്ലാരും എന്നെ സഹതാപത്തോടെയെ നോക്കിയിട്ടുള്ളു, എന്റെ വീട്ടുകാര് പോലും..പക്ഷേ ജിഷ്ണു ചേട്ടൻ വന്നതിൽ പിന്നെ എന്താ പറയാ എനിക്കറിയില്ല….ഞാനും അമ്മയും അനിയനും മാത്രമല്ലേ ഉള്ളൂ വീട്ടിൽ…അമ്മാവൻ എനിക്ക് കല്യാണ ആലോചന തുടങ്ങിയിട്ടുണ്ട്…”
‘ ആണോ, ഈ കാന്താരി കുട്ടിക്ക് നല്ലൊരു ചെക്കനെ കിട്ടും.. തന്നെ മനസ്സിലാക്കുന്ന ഒരാളെ..’
“അത് കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല ചേട്ടാ..ഈ കുളത്തിന്റെ അപ്പുറത്തുള്ള പാടം കണ്ടോ..; ആ സ്ഥലമാണ് എനിക്കുള്ള വിവാഹ ഓഫർ… എന്നെ മനസ്സിലാക്കാൻ ഇനി ആർക്കും കഴിയില്ല. വേറൊരു വീട്ടിൽ ചെന്ന് അവരെക്കൂടി ബുദ്ധിമുട്ടിക്കേണ്ടി വരും എനിക്ക്…”
‘ അങ്ങനെയൊന്നും ഇല്ല ശിവാനി..; താൻ നോക്കിക്കോ നല്ലൊരു ജീവിതം കിട്ടും ശിവാനിക്ക്..ഒരു പാവാ നീയ്…! ‘
അന്ന് വൈകീട്ടോടെ അവിടുന്ന് ഞാൻ ഇറങ്ങി..വീട്ടിൽ എത്തും വരെ അവള് മെസ്സേജ് അയച്ചു കൊണ്ടിരുന്നു..
ഒരിക്കൽ അവളുടെ നാടായ കണ്ണൂരിലെ പറശ്ശിനിക്കടവ് മുത്തപ്പന്റെ അമ്പലത്തിൽ ഞാനും അമ്മയും വരുന്നുണ്ടെന്ന് അവളോട് പറഞ്ഞു..എങ്കിൽ ഉറപ്പായിട്ടും എന്നെ കാണാൻ വന്നിട്ട് പോയാ മതിയെന്നും പറഞ്ഞു തുടങ്ങി ബഹളം..
അങ്ങനെ പറഞ്ഞ ദിവസം ക്ഷത്രദർശനവും കഴിഞ്ഞ് ഉച്ചയോടെ ഞാനും അമ്മയും അവളുടെ വീട്ടിലേക്ക് തിരിച്ചു…പാവം അവളുടെ അമ്മ ഞങ്ങള് വരുന്നുണ്ടെന്നും പറഞ്ഞ് എന്തൊക്കെയോ ഉണ്ടാക്കി..ഞങൾ ചെന്ന് കയറിയ പാടെ ശിവാനി എന്റെ അമ്മയോട് പരാതി തുടങ്ങി..
“അമ്മേ, അമ്മേടെ ഈ മോന് ഞാൻ എന്ത് മാത്രം മെസ്സേജ് അയക്കും എന്നറിയോ, ചിലപ്പോ കണ്ട ഭാവം നടിക്കില്ല.. സങ്കടം വരും എനിക്ക്…;”
അത് കേട്ട് ഞാൻ ചിരിച്ചു..പിന്നെ അവളുടെ അമ്മ പറഞ്ഞതനുസരിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നു..കൂടെ അവളും…; അപ്പോഴാണ് അവളുടെ അമ്മാവൻ കയറി വന്നത്..
‘ എടീ നമ്മടെ ശിവാനിയെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ടെന്ന് പറഞ്ഞിട്ട് വന്നില്ലേ..! എനിക്ക് കൃഷിയാഫീസിൽ തിരക്ക് ആയിപ്പോയി അതാ വൈകിയത്..’ എന്നും പറഞ്ഞു കൊണ്ടാണ് അമ്മാവൻ കയറി വന്നത്…
അത് കേട്ടതും അവളുടെ മുഖത്തെ ചിരി മായുന്നത് ഞാൻ കണ്ടു..അമ്മാവന് മറുപടിയായി അവളുടെ അമ്മ പറഞ്ഞു,
‘അവരു ദേ ഉച്ചക്ക് എത്തിയതാ, പറശ്ശിനിക്കടവ് തൊഴുതിട്ട് വരുള്ളൂ എന്ന് വിളിച്ചു പറഞ്ഞിരുന്നു..കഴിക്കാൻ ഇരുന്നു അവര്..’
അത് കേട്ടതും ചിരി മാഞ്ഞ അവളുടെ മുഖത്ത് അത്ഭുത ഭാവം തെളിഞ്ഞു വന്നു..പെട്ടന്ന് ഞങ്ങളുടെ കൂടെ കഴിച്ചു കൊണ്ടിരുന്ന ശിവാനി എണീറ്റ് തപ്പി തടഞ്ഞു പോയി കൈയ്യും കഴുകി ഉമ്മറത്തേക്ക് നടന്നു…
ഇതൊക്കെ കണ്ട് അവളുടെ അമ്മ പറഞ്ഞു,
‘ നിങ്ങള് ഇവളെ പെണ്ണ് കാണാൻ വന്നതാണെന്ന് അറിയില്ലായിരുന്നു.. മോൻ വിളിച്ച് പറഞ്ഞിരുന്നു രാവിലെ അവളോട് പറയണ്ട എന്ന്..’ അതൊക്കെ കേട്ട് അവളുടെ അമ്മാവൻ ചിരിച്ചു..
ഞാൻ പതിയെ എണീറ്റ് ഉമ്മറത്തേക്ക് ചെന്നു.. ഞാൻ അടുത്ത് വന്നെന്ന് മനസ്സിലാക്കിയ അവള് പറഞ്ഞു,
“ജിഷ്ണു ചേട്ടാ, എനിക്ക് എന്താ പറയേണ്ടെന്ന് അറിയില്ലാ.. എനിക്ക് അത്രക്ക് ഇഷ്ടാ ചേട്ടനെ..പലപ്പോഴും തുറന്നു പറയണം എന്ന് വിചാരിച്ചതാ, പിന്നെ ഞാനൊരു ബുദ്ധിമുട്ടായാലോ എന്ന് ഓർത്തിട്ടാ ഞാൻ…!”
‘ എന്റെ ശിവാനീ, എനിക്ക് നിന്നെ അന്നും ഇഷ്ടായിരുന്നൂ..പിന്നെ ഞാൻ അന്ന് ഇഷ്ടം പറഞ്ഞാല് നീ വിചാരിക്കും, സഹതാപം കൊണ്ടാണെന്ന്…ഈ കാര്യം ഞാൻ എന്റെ അമ്മയെ കൊണ്ട് നിന്റെ അമ്മാവനോടും അമ്മയോടും ചോദിച്ചിരുന്നു…നിന്റെ ഇഷ്ടമാണ് അവർക്കും എന്ന് പറഞ്ഞപ്പോ പിന്നെ ഒന്നും ആലോചിച്ചില്ല…! ‘
” ഈ ജിഷ്ണു ചേട്ടനോട് അന്ന് ഓണത്തിന് വന്നപ്പോ എന്റെ ഇഷ്ടം പറയാതെ പറഞ്ഞതാ.. ഈ പൊട്ടന് മനസ്സിലായില്ലല്ലോ..! “
‘ എനിക്ക് മനസ്സിലായി എന്റെ ശിവാനീ… ഇത്രയും കാലം എന്റെ കൂടെ എന്നൊക്കെ നടക്കുമ്പോഴും ദേ ഈ വിരലിൽ മുറുകെ പിടിച്ചിട്ടുണ്ടാവും നീ.. ഇനി ജീവിതകാലം മുഴുവനും ദാ എന്റെ ഈ കണ്ണിലൂടെ നീ ഈ ലോകം നോക്കിക്കാണും… അന്ന് ശിവാനി പറഞ്ഞത് പോലെ എന്നെക്കാൾ കൂടുതൽ നിന്നെ ഇനി ആരും മനസിലാക്കില്ല…’
അപ്പോഴേക്കും അകത്ത് എല്ലാരും കൂടി കാര്യങ്ങളെല്ലാം ഉറപ്പിച്ചിരുന്നു…ദേ ഇപ്പോഴും ശിവാനി എന്റെ വിരലിൽ മുറുകെ പിടിച്ചിട്ടുണ്ട്…
~ജിഷ്ണു രമേശൻ
( കാണാൻ കണ്ണുകൾ കൊണ്ട് മാത്രമല്ല, മനസ്സുകൊണ്ടും പറ്റുമെന്ന് തെളിയിച്ച ഒരു പാവം കാന്താരി പെണ്ണിന്റെ കഥ)