Story written by Sumayya Beegum T A
====================
മാസ്ക് ഇടയ്ക്ക് മുഖത്ത് നിന്നും എടുത്തുമാറ്റി ഷാൾ കൊണ്ട് മുഖം തുടച്ചു മാസ്ക് പഴയത് പോലെയാക്കി ഒച്ചിനേക്കാൾ പതിയെ നീങ്ങുന്ന ടോക്കൺ നമ്പറിലേക്ക് നോക്കി അവൾ നെടുവീർപ്പെട്ടു.
ഇനിയും രണ്ട് മണിക്കൂർ എങ്കിലും വേണം ഡോക്ടറെ കാണാനുള്ള ഊഴമെത്താൻ.
കുറെ നേരം ചുവരിലേക്ക് തല ചായ്ച്ചു കണ്ണടച്ചിരുന്നു.
പിടലി വേദന എടുക്കുന്നു എന്നല്ലാതെ സമയം പോകുന്നില്ല.
ഇരിക്കുന്നത് ഫാനിന്റെ ചുവട്ടിൽ അല്ലാത്തത് കൊണ്ട് നന്നായി വിയർക്കുന്നുമുണ്ട്.
തൊട്ടു മുമ്പിലെ കസേരയിൽ ഒരു ഭാര്യയും ഭർത്താവും ഇരിപ്പുണ്ട്. അവരുടെ സൈഡിൽ ആയി ഒരു കസേര ആളില്ലാതെ കിടപ്പുണ്ട് അവിടെ ഇരുന്നാൽ ഫാൻ നേരെ മുകളിൽ ഉള്ളതുകൊണ്ട് ഇത്രേം ബുദ്ധിമുട്ട് വരില്ല.
ചെറുപ്പക്കാരായ ആ ജോഡികൾ ഇപ്പോഴൊന്നും ഡോക്ടർ വിളിക്കരുതേ എന്നൊരു മൂഡിൽ ആണെന്ന് തോന്നുന്നു.
ഭാര്യയെ പൊതിഞ്ഞു അയാളുടെ കൈകൾ. അയാളിലേക്ക് ചേർന്ന് അവളും. ഒരിക്കലും തീരാത്ത വിശേഷങ്ങൾ പങ്കു വെയ്ക്കുന്നു. അതിനിടയ്ക്ക് പോയിരുന്നു അവരുടെ സ്വർഗത്തിൽ ഒരു കട്ടുറുമ്പ് ആവാൻ നാണക്കേട് തോന്നി. അതിലും ഭേദം ഈ ചൂട് സഹിക്കുന്നത് തന്നെ.
അപ്പുറത്തെ സൈഡിലെ കസേരകളിൽ അതുപോലെ പല ദമ്പതിമാർ. ചിലർ ഒരുമിച്ചിരുന്നു മൊബൈൽ കാണുന്നു. ചിലർ സംസാരിക്കുന്നു. മറ്റു ചിലർ പങ്കാളിയുടെ തോളിൽ തല ചായ്ച്ചു മയങ്ങുന്നു.
മിക്കവരും തങ്ങളുടെ ജീവിതത്തിലേക്ക് പുതുതായി വരാൻ പോകുന്ന അഥിതിക്കായി ഉള്ള കാത്തിരിപ്പിലാണ് അതുകൊണ്ടൊക്കെ ആ മുഖങ്ങളിൽ അനിർവചനീയമായ ഒരു ആനന്ദം കാത്തിരിപ്പിന്റെ മുഷിച്ചിലിലും മുഖത്ത് തെളിയുന്നുണ്ട്.
ചില പെൺകുട്ടികൾ മാതാപിതാക്കൾക്കൊപ്പമാണ് ഭർത്താക്കന്മാർ അടുത്തില്ലാത്തവരോ ഇന്ന് കൂടെ വരാൻ അസൗകര്യം ഉള്ളവരോ ആകും.
ചിന്തകൾ ഇങ്ങനെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പാറവേ ഫോൺ ശബ്ദിച്ചു. ഭർത്താവാണ്.
ഡോക്ടർ കാബിനിൽ ഇല്ല. ഓപ്പറേഷൻ തീയേറ്ററിൽ ആണ്. വരാൻ താമസിക്കും. നിനക്ക് എന്തേലും വേണോ?
വേണ്ട. അവൾ പതിയെ മറുപടി നൽകി.
ഉച്ച സമയം കഴിഞ്ഞില്ലേ ക്യാന്റീനിൽ പോയി ഫുഡ് കഴിക്കാം.
വേണ്ട. അവൾ വീണ്ടും അത്രേം പറഞ്ഞു.
എന്നാൽ ഒരു കുപ്പി വെള്ളം കൊണ്ടുത്തരാം.
വേണ്ട.
എന്നാ ശെരി ഞാൻ ഈ കോറിഡോറിൽ ഉണ്ട്. പേര് വിളിക്കുമ്പോൾ വരാം.
ഉം അവൾ വെറുതെ മൂളി.
വീണ്ടും ചുമരിലേക്ക് തല ചായ്ച്ചു കണ്ണുകളടക്കവേ അവളോർത്തു.
ഈ ലോകത്തിലുള്ള സർവ്വതിലും അത്യാവശ്യം ഒരു ഭാര്യക്ക് ഭർത്താവിന്റെ സാമിപ്യം ആണെന്ന് എന്നെങ്കിലും അദ്ദേഹം മനസിലാക്കുമോ?
ഇവിടെ അടുത്ത് വന്നിരുന്നെങ്കിൽ, കുറച്ചു നേരം സംസാരിച്ചിരുന്നെങ്കിൽ, കൈവിരൽ കോർത്തു തോളിൽ മയങ്ങാൻ സാധിച്ചിരുന്നെങ്കിൽ അപ്പൊ കിട്ടുന്ന ആശ്വാസത്തേക്കാൾ വലുതായി എന്തുണ്ട്.
പരാതികളൊക്കെ തന്നോട് മാത്രം തനിക്കു കേൾക്കാവുന്ന ശബ്ദത്തിൽ മന്ത്രിച്ചവൾ മനസ്സിൽ കുഴിച്ചുമൂടി.
തന്റെ വിലപ്പെട്ടഇന്നത്തെ സമയം ഭാര്യക്കായി നീക്കിവെച്ച അവളുടെ ആവശ്യങ്ങൾ ഓരോന്നും അന്വേഷിക്കുന്ന ഭർത്താവിനെ പറ്റി ഇങ്ങനെ ഒക്കെ പറഞ്ഞാൽ സമൂഹം അവളെ അഹങ്കാരി എന്നുവിളിക്കും.അവരുടെ ഒക്കെ നോട്ടത്തിൽ ഇതൊക്കെ തന്നെ അധികപറ്റാണ്.
ഭാര്യക്കൊപ്പം ഹോസ്പിറ്റലിൽ പോകാനും വെയിറ്റ് ചെയ്യാനും മനസുള്ള ഒരാളെ ഭർത്താവായി കിട്ടിയത് തന്നെ അവളുടെ പുണ്യം..എന്നിട്ട് അതും പോരെന്നു പറഞ്ഞാൽ മഹാപാപം.
ഇനി അദ്ദേഹത്തോട് തന്റെ പരിഭവം പങ്കുവെച്ചാൽ നീ ഈ കാണുന്ന മുമ്പിൽ ഇരിക്കുന്ന ദമ്പതികളുടെയൊക്കെ പ്രകടനം ആണോ സ്നേഹം എന്ന് പറയുന്നതെന്ന് തിരിച്ചു ചോദിക്കും. ചുമ്മാ മനുഷ്യരെ കാണിക്കാനുള്ള ഷോ ആണ് അതൊക്കെ.
ഇവനൊക്കെ അവനവന്റെ റൂമിൽ പ്രകടിപ്പിക്കാനുള്ളതാണ് നാട്ടുകാരുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നതെന്നു പറഞ്ഞു അദ്ദേഹം പുച്ഛിച്ചു ചിരിക്കും.
തന്നിൽ ഉയരുന്ന ചോദ്യങ്ങളെക്കാൾ അതിനൊക്കെ കിട്ടാവുന്ന മറുപടികൾ മനപാഠം ആയതുകൊണ്ട് കൂടുതൽ ചോദ്യങ്ങൾ തേടി അലയുന്ന മനസ്സിനു അവളൊരു കടിഞ്ഞാണിട്ടു.
ഡോക്ടറെ കണ്ടു കാറിൽ ഭർത്താവിനോപ്പം യാത്ര ചെയ്യുമ്പോൾ അപ്പോഴും അദ്ദേഹത്തിന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. ഡോക്ടർ എന്ത് പറഞ്ഞു തുടങ്ങി ചുരുക്കം ചില കാര്യങ്ങൾ ചോദിച്ചു മ്യൂസിക് പ്ലയറിൽ വിരൽ അമർത്തി എന്നും കേട്ടുമടുത്ത പാട്ടുകളിലേക്ക് അവരുടെ യാത്ര തുടർന്നു.
ആ നിമിഷം പിടിച്ചുവെച്ച ചിന്തകൾ കെട്ടുപൊട്ടിച്ചു അവളോട് വീണ്ടുമൊരു ചോദ്യം ചോദിച്ചു ഈ യാത്ര അദ്ദേഹവും അദ്ദേഹത്തിന്റെ രണ്ടു കൂട്ടുകാരും തമ്മിൽ ആയിരുന്നെങ്കിലോ?ഭക്ഷണവും വെള്ളവും മറന്നാലും സംസാരത്തിനും ചിരിക്കും കുറവുണ്ടാകുമായിരുന്നോ?
ഇത്രയും മൂകമാകുമായിരുന്നോ കഴിഞ്ഞ മണിക്കൂറുകളും ഈ യാത്രയും…
ആ ചോദ്യത്തിന്റെ ഉത്തരം മാത്രം അവൾക്കറിയില്ലായിരുന്നു. കാരണം അപ്പോൾ അവൾ മനസിനോട് പറഞ്ഞു അവൾക്ക് ചില സമയങ്ങളിൽ മറവി രോഗം വരാറുണ്ടെന്നും ആ രോഗം ആണ് പിന്നെയും പിന്നെയും ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതം തുടരാൻ അവളെ പ്രാപ്തയാക്കുന്നതെന്നും. അത് കേട്ട് അവളുടെ മനസ്സപ്പോൾ പൊട്ടിച്ചിരിച്ചു. പെരുംകള്ളി എന്നുവിളിച്ചു പരിഹസിച്ചു.
കണ്ണ് വലിച്ചുതുറന്നു മനസ്സിനെ ഓടിച്ചു വിട്ടവൾ സിസ്റ്റത്തിലെ സൗണ്ട് കൂട്ടിവെച്ചു.
പൂമുഖ വാതിൽക്കൽ സ്നേഹം വിളമ്പുന്ന പൂതിങ്കൾ ആകുന്നു ഭാര്യ…
പാട്ടിനൊപ്പം അവളും ഏറ്റുപാടി….