വിശപ്പ്
എഴുത്ത്: ലച്ചൂട്ടി ലച്ചു
==================
“അമ്മേ ….!!
ഇന്ന് വൈകിട്ട് വരുമ്പോൾ എനിക്കൊരു പൊതി ബിരിയാണി കൊണ്ട് വരുമോ …??”
മുളക് പൊടിച്ചിട്ട തലേദിവസത്തെ ചോറുപാത്രത്തിൽ ദൈന്യതയോടെ നോക്കി സുലുമോൾ …പ്രതീക്ഷയോടെ പിന്നീട് ദേവിയെയും ….
“ഇതെന്താ പെട്ടന്നൊരു ബിരിയാണിക്കൊതി …??”
“അതു……ഐഷയുടെ ഇത്തയുടെ നിക്കാഹായിരുന്നു രണ്ടീസം മുന്നേ….
അതിന്റെ ബിരിയാണി അവൾ ക്ലാസ്സില് കൊണ്ടുവന്നു …
എന്ത് രസാ അമ്മെ …!!
നമ്മുടെ ചോറ് പോലെയല്ല ….
കൂടെ എന്തൊക്കെയോ ഇടും പച്ചയും മഞ്ഞയും നിറത്തിൽ …
അതല്ല ഏറ്റം രസം ….
നമ്മൾ വിരല് കൊണ്ട് കുഴിച്ചു നോക്കണം അമ്മെ …ഇറച്ചിക്കറിയാണ് …!!”
അതുപറയുമ്പോൾ അവളുടെ നാവിൽ വെള്ളമൂറുന്നുണ്ടായിരുന്നത് ദേവി ശ്രദ്ധിച്ചു ….
“അവളുടെ ബെഞ്ചിന് മാത്രായിട്ട കൊണ്ട് വന്നേ ….
ഞാൻ ഒത്തിരി നേരം നോക്കി നിന്നു ….”
“എന്നിട്ട് …??”
“എന്നിട്ടൊന്നുല്ല……!!”
അവളുടെ മുഖം വാടിയിരുന്നു ….
“ഒരുപാട് കെഞ്ചിയപ്പോൾ അവള് ഇത്തിരി വച്ചുനീട്ടി…….നല്ലതായിരുന്നു …!!”
നിഷ്കളങ്കതയോടെ അവളതു പറഞ്ഞപ്പോൾ ദേവിയുടെ നെഞ്ച് കത്തി…..
“ഇന്ന് അമ്മയുടെ ഓഫീസിൽ ഒരു പാർട്ടി ഉണ്ട്…
അവിടെ നിന്ന് കൊണ്ടുവരാൻ പറ്റുമോ എന്ന് നോക്കട്ടെ…
തല്ക്കാലം എന്റെ മോളിത് കഴിച്ചു സ്കൂളിലേക്ക് ഇറങ്ങാൻ നോക്കൂ …”
മന്നസ്സില്ലാമനസ്സോടെ അവൾ തലയാട്ടി പടിയിറങ്ങിപ്പോയി …
വിമ്മിഷ്ടപ്പെട്ടും അവൾ വിശപ്പുകൊണ്ട് വാരിക്കഴിച്ച പാത്രത്തിലെ ബാക്കിയിരുന്ന വറ്റ് അവർ അകത്തേക്ക് കൊണ്ടുപോയി അടച്ചുവച്ചു …
ഇന്ന് ശമ്പളം കിട്ടിയില്ലെങ്കിൽ വൈകിട്ടുവിശന്നുവന്നാലുംസുലുമോൾക്ക് ഇതേയുള്ളു കഴിക്കാൻ …
നിറഞ്ഞ കണ്ണുകൾ അമർത്തിതുടച്ചുകൊണ്ട് അവർ ജോലിസ്ഥലത്തേക്ക് പോകാനൊരുങ്ങി …
ആ വലിയ വീടിനു മുൻപിലുള്ള ഇരുമ്പുപാളികൾ മെല്ലെ തുറന്നുകൊണ്ട് ദേവി അകത്തേക്ക് കയറി …
ഇതാണ് സുലുമോളുടെ അമ്മയുടെ ഓഫീസ് …
പഠിപ്പും വിവരവുമില്ലാത്ത അവളുടെ അമ്മയ്ക്ക് ഒരു ഓഫീസിൽ ജോലി ചെയ്യാൻ തക്ക യോഗ്യതയില്ലെന്ന് ആ പത്തുവയസ്സുകാരി മനസ്സിലാക്കണ്ടെന്നു കരുതി …
“ഇന്ന് താമസിച്ചല്ലോ ദേവീ …
നിന്റെ കൊച്ചമ്മ അവിടെ ഉറഞ്ഞുതുള്ളുന്നുണ്ട് …”
ഉമ്മറത്തിരുന്നു പത്രം വായിക്കുമ്പോഴും അയാളുടെ ആർത്തിപൂണ്ട കണ്ണുകൾ തന്റെ ശരീരത്തിൽ ഇഴയുന്നത് ദേവി അസഹ്യതയോടെ തിരിച്ചറിഞ്ഞു ….
മറുപടി അറപ്പിലൊളിപ്പിച്ച ഒരു ചിരിയായി നൽകി അവൾ അകത്തേക്ക് കയറി …
“വന്നോ തമ്പുരാട്ടി …
നേരവും കാലവും നോക്കാതെ കയറിവരാൻ ഇത് നിന്റെ വീടല്ല ….ഞാൻ അന്നേ പറഞ്ഞതാണ് …
അടക്കവും ഒതുക്കവുംകൃത്യനിഷ്ഠതയും കുറച്ചു പ്രായവുമുള്ള ഒന്നിനെ നോക്കിയാൽ മതിയെന്ന്…”
ഭർത്താവിലുള്ള ഭയവും ദേവിയോടുള്ള അമർഷവും കലർന്ന മുഖഭാവം അവരിൽ മിന്നിമറഞ്ഞിട്ടുണ്ടായിരുന്നു …
അവൾ ഒന്നും മിണ്ടാതെ എച്ചിൽപാത്രങ്ങൾ കൂട്ടിയിട്ട സിങ്കിന് നേരെ നടന്നു …
“വൈകിട്ട് മോളും മരുമോനും കുഞ്ഞുങ്ങളും വരുന്നുണ്ട് ….
നീ കാര്യമായിട്ട് വല്ലതും വച്ചുണ്ടാക്കിയേക്കണം …ഞാനൊന്നു നടുനിവർത്തട്ടെ …”
മരപ്പാവ കണക്കെയിരിക്കുന്ന വാഷിങ് മെഷിന്റെ കണ്ണാടി മൂടാവിക്ക് മുകളിലിട്ടിരിക്കുന്ന തുണികൾ ഓരോന്നായി എടുത്തുകൊണ്ടവൾ അലക്കുകല്ലിലേക്കിട്ടു …
ഇന്നാണ് ശമ്പളം തരാമെന്നു മുതലാളി പറഞ്ഞത് …
മെയ് മറന്നവൾ ഓരോന്നായി ചെയ്യുമ്പോഴും കിട്ടിയേക്കാവുന്ന കാശിനെ പകുത്തു പകുത്തു ഓരോ ചിലവുകളുടെ പട്ടികകളിലായി തരം തിരിക്കുന്നുണ്ടായിരുന്നു …
സുലുമോളുടെ ഫീസാണ് മുഖ്യം …സയൻസ് ബുക്ക് തീർന്നിട്ട് രണ്ടുദിവസമായെന്ന് അവൾ പറയുന്നുണ്ടായിരുന്നു …
തന്നെ വിഷമിപ്പിക്കണ്ടെന്നു കരുതിയാകണം പിന്നീടതേ പറ്റി സൂചിപ്പിച്ചതേയില്ല …മറ്റേതോ പുസ്തകത്തിന്റെ പിറകുവശത്തവൾ കുത്തിക്കുറിക്കുന്നത് കണ്ടപ്പോഴാണ് വീണ്ടും അതേപ്പറ്റി താനോർത്തത് ….
ബില്ലടക്കാത്തതുകൊണ്ട് ഇലക്‌ട്രിസിറ്റിക്കാർ അവരായിട്ടു തന്നതിനെ തിരിച്ചെടുത്തുകൊണ്ടുപോയി ….
പോകുമ്പോൾ ഒരുകൂട് മെഴുതുകുതിരി കൂടി വാങ്ങണം ….
സുലുമോളുടെ ഫീസ് കഴിയുമ്പോൾ തന്നെ ഇവിടുന്നു കിട്ടുന്നതിന്റെ പകുതിയും തീർന്നിരിക്കും …ബാലേട്ടനുള്ളപ്പോൾ നിർബന്ധിച്ചുകൊണ്ട് പോയി ചേർത്തതാണ് ….
സർക്കാർ സ്കൂൾ മതിയെന്നു താനൊരുപാട് പറഞ്ഞിട്ടും കേട്ടില്ല ….
ഇപ്പോഴും ഒരേയൊരു ന്യായമുണ്ടായിരുന്നല്ലോ …
തനിക്കു കിട്ടാത്തത് മകൾക്കെങ്കിലും കിട്ടണമെന്ന് …
ബാലേട്ടൻ …!!
“നിന്റെഭാഗ്യദോഷം കൊണ്ടാണെടീ മൂധേവി എന്റെ മോന്റെ ജീവിതം ഇങ്ങനായത് …!!”
മകന്റെ മരണത്തിനു വന്നുപോകുമ്പോൾ അമ്മ തൊടുത്തുവിട്ട ശാപവാക്കുകൾ …
ദേവി ഒരുനിമിഷം കണ്ണുകളടച്ചു..
പാടില്ല …
താൻ തളർന്നുപോയാൽ ….!!
സുലുമോൾക്കു വേണ്ടി എങ്കിലും പിടിച്ചുനിൽക്കണം നിന്നെ പറ്റുള്ളൂ …
കുത്തിപ്പിഴിഞ്ഞ തുണികളോരോന്നായി വെള്ളത്തിൽ മുക്കിയെടുക്കുമ്പോഴായിരുന്നു നനഞ്ഞൊട്ടിയ വയറിലൂടെ രണ്ടു കറുത്ത കരങ്ങൾ ചുറ്റിവരിഞ്ഞത് നിലവിളിക്കുന്നതിനു മുന്നോട് അയാൾ വായ് പൊത്തിപ്പിടിച്ചിരുന്നു …
“പേടിക്കണ്ട …അവൾ നല്ല ഉറക്കമാ …
ആരും ഒന്നുമറിയില്ല …”
അയാളുടെ കഴുകൻ കണ്ണുകൾ ശരീരത്തിന്റെ ഓരോ ഭാഗങ്ങളുടെയും അളവെടുപ്പ് നടത്തുന്നത് കണ്ട ദേവി അയാളിൽ നിന്ന് കുതറിയോടി ..
ഓടിയണച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടിയെത്തിയപ്പോഴും പത്രങ്ങൾ മനഃപൂർവ്വം താഴേക്ക് തട്ടിയിട്ടുകൊണ്ട് അവരെ ഉണർത്താൻ ദേവി മറന്നില്ല …
ഉറക്കം മുടക്കിയതിൽ ശകാരങ്ങളുടെ പെരുമഴ പെയ്തെങ്കിലും ആ ഒരവസ്ഥയിൽ അതവൾക്ക് ആശ്വാസമായിരുന്നു …
അന്നത്തെ ദിവസം മുഴുവൻ അയാളുടെ കണ്ണിൽ പെടാതെ അവൾ ഒഴിഞ്ഞു നടന്നു …
വൈകിട്ട് പറഞ്ഞതുപോലെതന്നെ മക്കളും കൊച്ചുമക്കളുമായി ആ വലിയ വീടാകെ ബഹളമയമായിരുന്നു …
ഇന്ന് പതിവിലുംഇറങ്ങാൻ താമസിച്ചു ..
സുലുമോളിപ്പോൾ വീട്ടിലെത്തിയിട്ടുണ്ടാകും …
“കൊച്ചമ്മേ …
ഞാനിറങ്ങുവാണ് …കൊച്ച് ഉസ്കൂളിന്നു എത്തിക്കാണും …”
“എന്നാൽ നീ പൊയ്ക്കോടി …”
പേരക്കുട്ടിയെ കളിപ്പിക്കുന്നതിനിടയിൽ അവർ പറഞ്ഞു …
“അത് …”
പോകാൻ മടിച്ചു വീണ്ടും നിൽക്കുന്നതിനിടയിൽ അവർ അവളെ ഒന്ന് നോക്കി ശേഷം അകത്തേക്ക് പോയി കുറച്ചു മുഴിഞ്ഞ നോട്ടുകൾ അവളുടെ കയ്യിൽ പിടിപ്പിച്ചു …
“നാളെ മുതൽ നേരത്തെ വന്നേക്കണം കേട്ടല്ലോ ….”
ഗൗരവത്തോടെയുള്ള അവരുടെ ആജ്ഞാപനത്തിന് നോട്ടുകളുടെ എണ്ണം വിരൽ കൊണ്ട് പരതി സമ്മതമറിയിച്ചു …
വീടിനു വെളിയിലേക്ക് നടക്കുന്നതിനിടയിലായിരുന്നു പിറകെ നിന്ന് മകളുടെ നിലവിളി കേട്ടത് …
“അമ്മച്ചീ ….കുഞ്ഞുമോളുടെ കൊലുസ്സ് കാണുന്നില്ല ….”
“എടീ ….പോകാൻ വരട്ടെ …”
ഉമ്മറംവരെയെത്തിയ ദേവിയെ അവർ വാക്കുകളുടെ കൊളുത്തിട്ട് പിടിച്ചു നിർത്തി …
“എവിടെ വച്ചതാണ് …??നല്ലപോലെ നോക്ക് മോളെ….”
അവർ മകളോട് പറയുന്നുണ്ട് ….
“എല്ലായിടത്തും നോക്കി അമ്മച്ചി …”
“കുഞ്ഞുമോൾ ആരുടെ കയ്യിലായിരുന്നെടീ …??”
മുതലാളിയും ബഹളം കേട്ട് വെളിയിലേക്കിറങ്ങി ..
“വന്നയുടനെ കുളിപ്പിക്കാനായി ഞാൻ ദേ അവളുടെ കയ്യിലേക്ക് കൊടുത്തതാ …” കൊച്ചമ്മ കുഞ്ഞിന്റെ ദേഹം മുഴുവൻ അരിച്ചു പെറുക്കുന്നുണ്ട് …
“ദേവി ….
എവിടെയാടി വച്ചിരിക്കുന്നെ …??”
അവരുടെ കൂർത്തനോട്ടത്തിൽ ദഹിച്ചുപോയതുപോലെ തോന്നി അവൾക്കു…
” എന്ത്…??”
അവളുടെ സ്വരം വിറച്ചിരുന്നു …
“നീ കൂടുതൽ അഭിനയിക്കണ്ട ….
അല്ലെങ്കിൽ എല്ലാ മാസവും കാശ് എടുത്തു ചോദിക്കുന്നവളാണ്…
ഇന്ന് മിണ്ടാതെ നിന്നപ്പോഴേ എനിക്ക് തോന്നിയിരുന്നു തക്ക വല്ല സാധനവും കയ്യിൽ പറ്റിയിട്ടുണ്ടെന്ന് …”
പറ്റിയ മുറിവിൽ വീണ്ടും വീണ്ടും സൂചികൊണ്ട് കുത്തിയിറക്കുന്നതു പോലെ തോന്നി ദേവിക്ക് ….
“എടുത്തങ്ങു കൊടുത്തേക്കെടീ …
നാളെ തന്നെ വേറൊന്നിനെ ഏർപ്പാടാക്കാൻ ആ കറിയാച്ചനോട് പറയണം അല്ലെ ശോശാമ്മേ ….”
കിട്ടിയ അവസരം മുതലാക്കുന്നുണ്ട് അയാളും …
“ഞാൻ …ഞാനൊന്നും എടുത്തിട്ടില്ല കൊച്ചമ്മേ ….”
അവളുടെ ശബ്ദം വിറച്ചിരുന്നു ….
വിങ്ങിനിറഞ്ഞ ഹൃദയ ഭാരം അവളുടെ ചുണ്ടുകളെ പൂട്ടി …
നീണ്ട വിസ്താരങ്ങൾക്കൊടുവിൽ തെളിവുകളില്ലാതെ അവൾ തന്നെ കുറ്റക്കാരിയായി ….
“കെട്ടിയോനെ കൊ ല്ലിച്ചിട്ടും പിന്നെപ്പോലുള്ളതിനെയൊക്കെ വീടിനകത്തേക്ക് കയറ്റിയ എന്നെ പറഞ്ഞാൽ മതിയല്ലോ “
പൂർണ്ണമായിരിക്കുന്നു അഭിമാനം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ ..
ക ള്ളിയെന്ന പേര് കൂടിയേ വീഴാനുണ്ടായിരുന്നുള്ളു ….
വിവാഹത്തിന് മുൻപ് അനാഥയെന്ന പേര് വിധവയായപ്പോൾ പി ഴച്ചവളെന്നായി ഇപ്പോൾ …
നെഞ്ചിലൊരു കല്ലെടുത്തുവച്ച ഭാരത്തോടെ ഇടറുന്ന കാലടികളാൽ നടന്നകലുമ്പോൾ കേൾക്കുന്നുണ്ടായിരുന്നു …
“നാളെ മുതൽ ഇങ്ങോട്ടേക്ക് വരണ്ട…. പോലീസ് അന്വേഷിച്ചു അങ്ങോട്ടേയ്ക്ക് വന്നോളും …ദാരിദ്ര്യവാസത്തിനും ഒരു പരിധിയുണ്ട് …”
കാത്തുകൊട്ടിയടക്കേപ്പട്ടവളേ പോലെ അവൾ നടന്നു ഉള്ളിലൊരു പിടപ്പായി മോളുടെ മുഖം മനസ്സിലേക്കോടിയെത്തി…
നേരമിരുട്ടി ….
തന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും പെയ്തുകൊണ്ടേയിരുന്ന മഴ അവളുടെ കണ്ണുനീരിനെ ഒളിപ്പിച്ചുകൊണ്ടേയിരുന്നു …
“ഒരു ബിരിയാണി ….”
അടുത്തുകണ്ട ഏതോ ഒരു ഹോട്ടലിൽ കയറി പാർസൽ വാങ്ങിച്ചുകൊണ്ടവൾ തിരികെയിറങ്ങി …
കടക്കാരൻ ബാക്കി പൈസ മേശമേൽ എടുത്തുവയ്ക്കുന്നതിനുമുന്നോട് അവൾ നിന്നയിടം ശൂന്യമായിരുന്നു …
നാളെ പോലീസ് വന്നാൽ ചെയ്യാത്ത കുറ്റത്തിന് തന്നെ ….!!
മോൾക്ക് പിന്നെയാരുണ്ട് ….ചുറ്റിനും ഉറ്റുനോക്കിയിരിക്കുന്ന പി ശാ ചുക്കളിൽ നിന്ന് ഞാൻ അവൾക്കും അവൾ എനിക്കും സുരക്ഷയായിരുന്നു …
ജീവിക്കാനുണ്ടായിരുന്ന അവസാനത്തെ മാർഗ്ഗവും അടഞ്ഞു …
കറന്റ് കേട്ടതിനാൽ മുറ്റത്തെ പടികളിൽ തെരുവുവിളക്കിന്റെ വെട്ടത്തിലേക്ക് ബുക്ക് ചരിച്ചുപിടിക്കുന്ന സുലുമോളെ കണ്ട് ഹൃദയം വെന്തു …
“അമ്മ വന്നോ …??
മെഴുകുതിരി വാങ്ങിയോ അമ്മേ …”
അവൾ ഓടിയടുത്തേക്ക് വന്നു ..
” മെഴുകുതിരി …..അമ്മ മറന്നുപോയി മോളെ …”
“ശ്യോ ഈ അമ്മയുടെ കാര്യം …
നാളെ എനിക്ക് പരീക്ഷയുള്ളതാ …അമ്മ കൊണ്ട് വരുന്ന തിരി കത്തിച്ചു പഠിക്കാന് കരുതിയിരിക്കയാരുന്നു ഞാൻ …”
“അത് ……
അമ്മ നാളെ കൊണ്ട് വരാം… മോള് കൈ കഴുകി വാ ….”
“എന്തിനാ അമ്മെ ….??”
അവളുടെ കണ്ണുകൾ വിടർന്നു …
കയ്യിലുണ്ടായിരുന്ന പൊതി കൊടുക്കുമ്പോൾ അവളതു മൂക്കിനോട് ചേർത്ത് വച്ചു വിശ്വസിക്കാനാകാതെ അവൾ ദേവിയെ ഉറ്റു നോക്കി..
“രാവിലെ പറഞ്ഞില്ലേ മോള് ബിരിയാണി വേണമെന്ന് …വേഗം വാ ..
അല്ലെങ്കിൽ വേണ്ട മോൾക്കിന്നു അമ്മ വാരിത്തരാം …നമുക്കൊരുമിച്ചു കഴിക്കാം ….”
ആർത്തിയോടെ പൊതിയിലേക്ക് നോക്കിനിന്ന അവളുടെ വായിലേക്കായി ഓരോ ഉരുളകൾ വച്ചുകൊടുക്കുമ്പോഴും അതോടൊപ്പം തന്നെ അവളെ കൊണ്ട് തിരിച്ചു തരുവാനും ദേവി മറന്നില്ല ..
“നല്ല രുചിയുണ്ട് ..അല്ലെ അമ്മെ ….ഇത് ഐഷ കൊണ്ടുവന്നതിനേക്കാളും കൊള്ളാം…
അടുത്തമാസവും അവിടെനിന്നു വാങ്ങിക്കണേ അമ്മ …..”
തിളങ്ങി നിന്ന അവളുടെ കുഞ്ഞിക്കണ്ണുകളിൽ ദേവി പതിയെ വിരൽ കൊണ്ട് ഇമകളടച്ചു ഉമ്മവെച്ചു ..
കവിളിലൂടെ ഒലിച്ചിറങ്ങുന്ന കറിയിലൂടെ ഒഴുകിയ രക്തം ദേവി ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു …!!
പാത്രത്തിലൂടെചലിച്ചുകൊണ്ടിരുന്ന സുലുമോളുടെ വിരലുകൾ പതിയെ നിലച്ചുതുടങ്ങി ….!!
പിറകിൽ മുറുക്കിപ്പിടിച്ചിരുന്ന വി ഷക്കുപ്പി താഴെവീണു പൊട്ടുമ്പോഴും ദേവി സുലുമോളെ മാറോടടക്കിപ്പിടിച്ചിരുന്നു …..