കഴിഞ്ഞ ഒരാഴ്ചയായി തുടങ്ങിയ ക്ഷീണവും വയ്യാഴികയുമാണ് അടുത്തുള്ള ഹെൽത്ത്‌ സെന്റർ വരെ പോകാൻ….

puthran movie - moviegalleri.in

Story written by Anu George Anchani

==============

“എൽസാ…നീ ഒന്ന് കൂടി ആലോചിച്ചു നോക്കു നമ്മുക്ക് വേണോ ഇതു. വല്ലോരും അറിഞ്ഞാൽ എന്തു വിചാരിക്കും. വല്ലാത്തൊരു നാണക്കേട്‌ ആവും. മോളികുട്ടി ചേച്ചിയും അമ്മച്ചിയുമൊക്കെ ഇതു അറിഞ്ഞപ്പോളേ, കലി തുള്ളി നില്ക്കുവാ”

മുറ്റത്തെ അരകല്ലേൽ കപ്പയ്ക്ക് അരപ്പ് ചതച്ചോണ്ട് നിന്ന എൻ്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചപോലെയാണ് ബേബിച്ചായന്റെ വാക്കുകൾ വന്നു പതിച്ചത്. അന്ധാളിപ്പ് മാറാത്ത എൻ്റെ മുഖത്ത് നോക്കി വീണ്ടും അച്ചായൻ അനുനയത്തിൽ പറഞ്ഞു തുടങ്ങി.

“ഇതിപ്പോ ആണായിട്ടും പെണ്ണായിട്ടും കർത്താവു നമ്മുക്ക് രണ്ടെണ്ണത്തിനെ തന്നിട്ടില്ലായോ…മോനുട്ടനാണേൽ രണ്ട് വയസു പോലും തികഞ്ഞിട്ടില്ല. ഇനിയിപ്പോ ഒന്നും ആലോചിക്കാനില്ല നമ്മുക്കിത് വേണ്ട, നീ നാളെ തന്നെ ആ കുര്യൻ ഡോക്ടറുടെ ആശുപത്രിയിൽ പോകാൻ ഒരുങ്ങിക്കോ”

ശരിയാണ്, മോനുട്ടന് രണ്ട് വയസു തികഞ്ഞിട്ടില്ല, മൂത്തവൾക്ക് പത്തു വയസും കർത്താവിനോടുള്ള എൻ്റെ മുട്ടിപ്പായ പ്രാർത്ഥനയുടെ ഫലമാണ് ഞങ്ങളുടെ മോനുട്ടൻ.

കാരണം, മകനൊരു ആൺതരിയെ കൊടുക്കാൻ പറ്റാത്ത ഞാൻ എന്നും ബേബിച്ചായന്റെ അമ്മച്ചിയുടെ കണ്ണിൽ രണ്ടാംതരക്കാരിയായിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം മൂന്നു ആൺമക്കളെ പെറ്റു പെറ്റു കൂട്ടിയ സ്വന്തം മകളെയും എന്നെയും താരതമ്യം ചെയ്തെ അമ്മച്ചി സംസാരിച്ചിട്ടുള്ളു.

കഴിഞ്ഞ ഒരാഴ്ചയായി തുടങ്ങിയ ക്ഷീണവും വയ്യാഴികയുമാണ് അടുത്തുള്ള ഹെൽത്ത്‌ സെന്റർ വരെ പോകാൻ പ്രേരിപ്പിച്ചത്. പിള്ളേരുടെ പുറകെയുള്ള ഓട്ടവും പള്ളി പെരുന്നാളിന് വീട് പാർക്കാൻ വന്നവരുടെ തിരക്കും എല്ലാമായപ്പോൾ വല്ലാത്തൊരു അലച്ചിലായി.

പക്ഷെ, ഡോക്ടർ പറഞ്ഞത് കേട്ടു ഞെട്ടിയത് ഞാനും ബേബിച്ചായനും ഒന്നിച്ചാണ്. വയറ്റിലൊരു ജീവന്റെ തുടിപ്പ് തുടങ്ങിയിട്ട് മാസം മൂന്നായത്രേ. അമ്മേടേം കൂടപ്പിറപ്പിന്റെയും മുഖത്ത് എങ്ങിനെ നോക്കും എന്നതായിരുന്നു ബേബിയാച്ചന്റെ ചിന്ത എങ്കിൽ ഞാൻ ആലോചിച്ചു കൂട്ടിയത് വേറെയൊന്നായിരുന്നു മോനുട്ടന്റെ മു ല കു ടി മാറിയിട്ടില്ല, നല്ല പോലെ അവന് പാല് കിട്ടുന്നുമുണ്ട് അതുകൊണ്ടൊക്കെത്തന്നെയാണ് അച്ചായന്റെ പരാക്രമത്തിനു മനസ്സില്ലാ മനസ്സോടെ നിന്നു കൊടുത്തത്.

വിശേഷം അറിഞ്ഞ പാടേ മൂന്ന് മക്കളെയും കൂട്ടി വീട്ടിൽ വന്നിട്ടുണ്ട് മോളിച്ചേച്ചി. ഞാൻ കാണാതെ കുശുകുശുപ്പും അടക്കി പിടിച്ച സംസാരവും എല്ലാം ഊണു മുറിയിലും തിണ്ണയിലുമൊക്കെയായി നടക്കുന്നത്, കാര്യം എന്താണെന്നു അറിയില്ല എങ്കിലും അന്നമോൾ കൃത്യമായി എന്നെ അറിയിക്കുന്നുണ്ട്.

ചർച്ചകൾ ഏതാണ്ട്  അവസാനിച്ച മട്ടാണ്. അതിന്റെ അന്തിമ ഫലമാണ്. ബേബിച്ചായന്റെ ഈ അനുനയ ശ്രമം..

പിറ്റേന്ന്, എൻ്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും കാണാത്ത കൊണ്ടാവാം ആരും പിന്നെ എന്നോട് ഒന്നും പറയാൻ വന്നില്ല. പക്ഷെ മോളിച്ചേച്ചി മാത്രം ഒരാഴ്ച ആയിട്ടും  കാര്യത്തിന് തീരുമാനം ആക്കാതെ പോകില്ല എന്നു ഉറച്ചു തന്നെയാണ്. അടുക്കളയിൽ മത്തി വ റു ക്കുന്നതിന്റെയും പോ ത്തു ഉ ല ർ ത്തുന്നതിന്റെയുമൊക്കെ മണം മൂക്കിലോട്ട് അടിച്ചു കയറുമ്പോൾ അടിവയറ്റിലൊരു പിടച്ചിലാണ്.

പിന്നെ വാളം പുളിപിഴിഞ്ഞൊഴിച്ചതുപോലെ വായിലൊരു പുളിപ്പ് രസവും. ഗര്ഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ വീട്ടിൽ എല്ലാവരും ഒരു അകലം സൂക്ഷിക്കുന്നുണ്ട് എന്നു എനിക്കറിയാം,  ബേബിച്ചായൻ പോലും  നേരെ ചൊവ്വേ മുഖം തരാറില്ല. രാവിലെ തുടങ്ങിയ നിൽപ്പാണ് ഇളക്കിയും മറിച്ചും,  പാത്രം കഴുകിയും ഊറുവേദനയെടുത്തപ്പോളാണ് ഒന്ന് കട്ടിൽ വന്നോന്നു ചാഞ്ഞത്, മയങ്ങിപോയോ എന്നു പോലും ഓർമ്മയില്ല,

മോനുകുട്ടന്റെ അലറി കരച്ചിൽ കേട്ടിട്ടാണ് ഞെട്ടിയുണർന്നത്. ഓടിച്ചെന്നപ്പോൾ കണ്ടത് മ ല ത്തിലും മൂ ത്ര ത്തിലും കുളിച്ചു തറയിലിരുന്നു തല തിരുമ്മിക്കൊണ്ട്, സോഫയിലിരുന്നു ടിവി കാണുന്ന മോളിച്ചേച്ചിയെ നോക്കികൊണ്ട്‌ വിങ്ങിപൊട്ടുന്ന മോനുട്ടനെയാണ്,

ഓടിച്ചെന്നു എടുത്തപ്പോൾ, എന്നെ കണ്ട മോളിച്ചേച്ചിയുടെ മുഖത്ത് നിന്നും ചോ ര തൊട്ടെടുക്കാമായിരുന്നു. കുഞ്ഞിനെ പാലു കൊടുത്തുറക്കുന്നതിന്റെ ഇടയിലാണ്, അന്നമോൾ വന്നു  പറഞ്ഞത് അഴുക്കു പറ്റിയ കയ്യുമായി മോളിച്ചേച്ചിയെ പിടിച്ച കുഞ്ഞിനെ ചേച്ചി തള്ളി മാറ്റിയപ്പോൾ സോഫയുടെ കാലിനിട്ടു കുഞ്ഞിന്റെ തല ഇടിച്ചതാണത്രേ… !

രാത്രി ഒരുപോള കണ്ണു അടയ്ക്കാതെ, ഇടവിടാതെ കരയുന്ന മോനുട്ടനെ ചേർത്തു പിടിച്ചു തലോടിയും ഓമനിച്ചും ഉറക്കാൻ ശ്രമിക്കവെ, മനസ്സിലൊരു ദൃഢമായ തീരുമാനം ഞാനും എടുക്കുകയായിരുന്നു…

രാവിലെ കടയിലേക്ക് പോകും മുന്നേ, കുര്യൻ ഡോക്ടറെ ഒന്ന് പോയി കണ്ടാലോ.. ? എന്നു ചോദിച്ചപ്പോൾ ബേബിച്ചായന്റെ മുഖത്തെ ആശ്വാസം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. കുളിച്ചു അടുക്കളയിൽ എത്തിയപ്പോൾ അമ്മച്ചിയും നാത്തൂനും പണികൾ പാതിയും ഒതുക്കിയിരുന്നു. എന്നിട്ട് നിറഞ്ഞ ചിരിയോടെ ഒരു ഉപദേശവും “നീപോയി പോകാൻ ഒരുങ്ങിക്കോളൂ ഇവിടെയിപ്പോൾ ഞങ്ങൾക്ക് തീർക്കാവുന്ന പണിയല്ലയോ ഉള്ളു. “

കേട്ടപ്പോൾ മനസ്സിൽ തോന്നിയ വികാരം എന്താണെന്നറിയില്ല. ഒന്ന് മനസ്സിലായി ഒരു ജീവൻ കുരുതി കൊടുക്കുന്നതിന്റെ ഔദാര്യമാണ്..സ്കാനിംഗ് റിപ്പോർട്ടും വാങ്ങി ഊഴം കാത്തു ഡോക്ടറുടെ മുറിയ്ക്കു മുൻപിൽ ഇരിയ്ക്കുമ്പോൾ കണ്ണിലും മനസ്സിലും മോനുട്ടനും അന്നമോളുമായിരുന്നു. സ്വന്തം കൂടെപ്പിറപ്പിനെ ഇല്ലാണ്ടാക്കാൻ വേണ്ടിയാണ് വന്നിരിയ്ക്കുന്നത് എന്നറിയാതെ ചുവരിൽ പതിപ്പിച്ചിരിയ്ക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രം കാണിച്ചു മോനുട്ടനോട് എന്തൊക്കെയോ പറഞ്ഞു ചിരിയ്ക്കുന്ന അന്നമോളെ കണ്ടപ്പോൾ മനസ്സ് നൊന്തു.

ബേബിച്ചായനെ നോക്കുമ്പോൾ ആ  നോട്ടത്തിൽ കുറ്റപ്പെടുത്തൽ ഉണ്ടാവാതെയിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എൻ്റെ നിസ്സഹായാവസ്ഥ മനസിലാക്കാൻ അച്ചായന്  കഴിയുന്നില്ലല്ലോ..എന്നോർത്തൊരു കരച്ചിൽ നേർത്ത ഉപ്പുരസത്തിന്റെ അകമ്പടിയോടെ തൊണ്ടക്കുഴിയിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു.

ഡോക്ടറുടെ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ എൻ്റെ അവസ്ഥ വീണ്ടും പരിതാപകരം ആവുകയായിരുന്നു.  ഉള്ളിലെ ജീവന് മാസത്തിൽ കൂടുതൽ വളർച്ച ഉണ്ടത്രേ..അതുകൊണ്ടൊരു അബോർഷൻ സാധ്യമല്ല. ഇനി അഥവാ ശ്രമിച്ചാൽ തന്നെ അതു രണ്ട് ജീവനും ഒരുപോലെ അപകടം ആണെന്ന്…

ബേബിച്ചായന്റെ മുഖത്തെ ഭാവം  എന്താണെന്നു എനിക്ക് മനസ്സിലായതേയില്ല. ആ വലിയ ലോകത്ത് ഞാൻ തീർത്തും ഒറ്റപെട്ടതു പോലെയായി, ഒരു അമ്മത്തോളിൽ തലചായ്ക്കാൻ അന്നേരം എത്രത്തോളം കൊതിച്ചുവെന്നു  പറഞ്ഞറിയിക്കാൻ വയ്യ.

തിരിച്ചു പോരാൻ ടാക്സി വിളിയ്ക്കണ്ട ബസിൽ പോകാം എന്നു പറഞ്ഞപ്പോൾ മറുത്തൊരു വാക്ക് പറയാതെ മക്കളെയും എടുത്തു ബസ്റ്റാൻഡിലേയ്ക്ക് നടന്ന ബേബിച്ചായൻ എനിക്ക് തീർത്തും അപരിചിതൻ ആവുകയായിരുന്നു.

മുൻനിരയിൽ സീറ്റ്‌ ഒരുപാട് ഉണ്ടായിരുന്നിട്ടും, ആരോടോ ഉള്ള വാശിപോലെ കെ. എസ്. ആർ. ടി. സി. ബസിന്റെ പിൻ സീറ്റിൽ ഇരിക്കുമ്പോളും എൻ്റെ മനസ്സ് നിർവികാരം ആരുന്നു. ആടിയും ഉലഞ്ഞും ഗട്ടറുകളിൽ ചാടിയുമുള്ള ആ യാത്ര മക്കൾ രണ്ടു പേരും നന്നായി ആസ്വദിക്കുമ്പോളും എൻ്റെ ഉള്ളിൽ ശ്വാസം കിട്ടാതെ പിടയുന്നൊരു ജീവൻ ഉണ്ടെന്ന് ഞാൻ ഓർത്തതേയില്ല…

വീണ്ടും വീട്ടിലെ സ്ഥിതി പഴയതു പോലെയായി, ഇടയ്ക്കിടെ മോളിച്ചേച്ചിയുടെ വിരുന്നു പാർക്കൽ എന്നെ ബുദ്ധിമുട്ടിയ്ക്കാൻ വേണ്ടി മാത്രമായി..ചാച്ചനും അമ്മയും മരിച്ച ശേഷം ബാധ്യത തീർത്തത് പോലെ കെട്ടിച്ചു വിട്ട ആങ്ങളമാരുടെയും നാത്തൂൻ മാരുടെയും മുഖം ഓർക്കുമ്പോൾ കഷ്ടപാടൊരുപാട് ഉണ്ടെങ്കിലും ബേബിച്ചായന്റെ വീട് എനിക്ക് സ്വർഗം ആരുന്നു. മോനുട്ടനെ പ്രസവിച്ചു ആശുപത്രിയിൽ  കിടന്നപ്പോൾ തന്നെ മൂത്ത നാത്തൂൻ വന്നു പറഞ്ഞത് തറവാട്ടിലെ ജലക്ഷാമത്തെ കുറിച്ചു ആരുന്നു. വീട്ടിലേയ്ക്ക് വരണ്ട എന്നു പറയാതെ പറഞ്ഞ പോലെ,  അല്ലെങ്കിൽ ഏതു കൊടിയ വേനലിലും രണ്ടു റിംഗ് നിറഞ്ഞു വെള്ളം കിടക്കുന്ന ഞങ്ങളുടെ വീട്ടിലെ കിണറിനെ കുറിച്ച് എന്നോട് തന്നെ വന്നു പറയേണ്ട ആവിശ്യം ഉണ്ടോ.. ? ഓരോ അവഗണകൾ ഏറ്റുവാങ്ങുമ്പോളും ഹൃദയത്തിന്റെ ഒരു കോണിൽ ഒരു കുഞ്ഞ് ജീവനോടുള്ള കയ്പ് ഏറുകയായിരുന്നു.

മാസം അഞ്ചു കഴിഞ്ഞു ആദ്യ വെള്ളിയാഴ്ചയിലെ നൊവേനയും കുർബാനയും കഴിഞ്ഞു ഗീവർഗീസ് പുണ്യാളന്റെ കുരിശും തൊട്ടിയിൽ മെഴുകുതിരി കത്തിച്ചോണ്ട് നിന്നപ്പോഴാണ്  ഞാനാകാഴ്ച്ച കണ്ടത്. ഒരു മൂന്നു വയസുകാരി കുഞ്ഞിനേയും കൊണ്ടു പൊരിവെയിലത്തിരുന്നു ഭിക്ഷ യാചിക്കുന്നൊരു സ്ത്രീയെ. നട്ടുച്ചയിലെ വെയിൽ അതിന്റെ സകല ശക്തിയോടും വീറോടും കൂടെയാകുഞ്ഞിന്റെ ദേഹത്ത് പതിയ്ക്കുന്നുണ്ട്.

വരണ്ടുണങ്ങിയ ആ കുഞ്ഞിളം ചുണ്ടുകൾ ഒരിത്തിരി വെള്ളത്തിനായി കൊതിയ്ക്കുണ്ട്  എന്നു എനിയ്ക്കു തോന്നി.

ആ കാഴ്ച്ച എന്നെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്  നല്ല തണ്ടും തടിയുമുള്ള ആ സ്ത്രീയ്ക്ക് വല്ല പണിക്കും പോയി ആ കുഞ്ഞിനെ നേരാവണ്ണം നോക്കിക്കൂടെ എന്ന ചിന്ത മനസ്സിൽ തികട്ടി  വന്നപ്പോളാണ്, ചാട്ടുളി പോലെ ആ പഴയ ബസ് യാത്ര എൻ്റെ ഓർമയിൽ ഓടിയെത്തിയത്..ഭിക്ഷ യാചിച്ചെങ്കിലും തന്റെ മകളെ പോറ്റുന്ന ആ അമ്മയുടെ മുന്നിൽ മുൻപിൽ ഞാൻ ഒരു പുഴുവിനേക്കാൾ ചെറുതായത് പോലെ. ദൈവസന്നിധിയിൽ ഒരുപാട് കണക്കുകൾ എനിയ്ക്ക് ബോധിപ്പിക്കാൻ ഉണ്ടകുമെന്നു ആ കുരിശടിയിൽ ഉരുകി തീരുന്ന മെഴുകുതിരികളത്രയും എന്നോട് വിളിച്ചു പറയുന്നത് പോലെ…

അന്ന് മുതൽ പിന്നെയങ്ങോട്ട് രണ്ടു ജീവനുകളുടെ അതിജീവനത്തിന്റെ കഥ തുടങ്ങുകയായിരുന്നു. മൂത്തവരുടെ എച്ചില് കൊടുത്തെങ്കിലും ഞാൻ എൻ്റെ പിറക്കാൻ പോകുന്ന കുഞ്ഞിനെ നോക്കുമെന്നു മനസ്സിൽ ഉറപ്പിച്ചപ്പോൾ സന്തോഷം കൊണ്ടാവണം എൻ്റെ ഉള്ളിലെ ജീവൻ അടിവയറ്റിലൊന്നു അള്ളി പിടിച്ചത്.

വീട്ടിലെ കഷ്ടപ്പാടുകൾക്ക് എൻ്റെ തീരുമാനത്തിന് ഒരു കുലുക്കവും വരുത്തിയില്ല. ഓരോ അവഗണയിലും ഞാൻ എൻ്റെ കുഞ്ഞിനോട് അടുക്കുകയായിരുന്നു. വർത്തമാനം പറഞ്ഞും വയറിൽ തലോടിയും  അവളെ കൊഞ്ചിച്ചും പിന്നീടുള്ള നാലുമാസക്കാലത്തെ ജീവിതം ഞാൻ  ആഘോഷമാക്കി. എന്റെ ഒറ്റപ്പെടലും വിഷമങ്ങളും എല്ലാം അടിവയറ്റിൽ കൈ വച്ചു പറയുമ്പോൾ ആ കുഞ്ഞു ജീവൻ കയ്യ് കാലുകൾ ഇളക്കി ആശ്വസിപ്പിക്കുമായിരുന്നു…

ഒരു കുഴപ്പവും കൂടാതെ കൃത്യ സമയത്തു തന്നെ ഭൂമിയിലെത്തിയ എൻ്റെ കുഞ്ഞ് മാലാഖയ്ക്ക് മു ല പ്പാലിനേക്കാൾ പ്രിയം അവളുടെ അപ്പന്റെ നെഞ്ചിലെ ചൂടിനോടായിരുന്നു. അമ്മയെന്ന് വിളിയ്ക്കുന്നതിനു മുന്നേ അപ്പാ എന്നവൾ ഉച്ചരിച്ചപ്പോൾ ജയിച്ചത് ഞാൻ ആയിരുന്നു.

ഇരുപത്തിയൊന്ന് വർഷങ്ങൾക്കിപ്പുറം…ഞാൻ ഒരു കുഞ്ഞ് സ്വരത്തിനു കാതോർക്കുകയാണ്.

തന്റെ ജീവിത വിജയങ്ങൾക്ക് ഒക്കേത്തിനും കാരണം തന്റെ അപ്പയുടെ കരുതലും കഷ്ടപ്പാടും മാത്രമാണെന്നു ലോകത്തോട് വിളിച്ചു പറയുന്ന, ഈ വർഷം അണ്ണാ യൂണിവേഴ്സിറ്റി യിൽ നിന്നും ബിയോകെമിസ്ട്രിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ “തെരേസ മേരി ബേബിയുടെ” ഉറച്ച വാക്കുൾക്ക്…

അതേ….എൻ്റെ കുഞ്ഞ് മാലാഖയുടെ… അഭിമാനം നിറഞ്ഞ ശബ്ദത്തിനായ്…

ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന നിമിഷത്തെ വികാരം എന്തെന്ന് എനിക്ക് അറിയില്ല..പക്ഷെ ഒന്നറിയാം ഞാൻ ഇപ്പോൾ ലോകത്തിന്റെ നെറുകയിലാണ്‌. ഒരു കുഞ്ഞ് ജീവൻ കാരണം ഞാൻ ഒറ്റപ്പെട്ടുപോയ അതേ ലോകത്തിന്റെ നെറുകയിൽ…..

~അനു ജോർജ് അഞ്ചാനീ..

NB: കഥ അല്ലാ ജീവിതം ആണ്.  ഒത്തിരി വേദനിച്ച ഒരമ്മയ്ക്കും മകൾക്കും വേണ്ടി സ്നേഹസമർപ്പണം