ഓർമ വെച്ച നാൾ മുതൽ ഞങ്ങൾക്ക് എല്ലാം ഒന്നായിരുന്നു. അത് കളിക്കുന്നത് ആയാലും..

ഇനിയുമൊരുകാലം…

Story written by Unni K Parthan

==============

“താൻ ആരോടെങ്കിലും മനസ് തുറന്നു സംസാരിച്ചിട്ടുണ്ടോ..” ദത്തന്റെ ചോദ്യം കേട്ട് മായ ഒന്ന് ചിരിച്ചു..

“അതിനു എനിക്ക് ഒരു മനസുണ്ടെന്ന് ആർക്കും അറിയില്ല ലോ…” നിർവികരമായിരുന്നു മായയുടെ ശബ്ദം….

“അതിനു താൻ ആരോടും ഒന്നും പറയാറില്ല ലോ…പിന്നെ എങ്ങനാ അവർക്ക് അറിയുക..”

“എന്റെ ചേച്ചിക്ക്…എന്റെ അച്ഛന്…എന്റെ അമ്മക്ക്..ആർക്കും അറിയില്ല ലോ എനിക്ക് ഒരു മനസുണ്ടെന്ന്..”

ആലയിൽ പഴുത്ത ലോഹത്തിന്റെ തീവൃതയുണ്ടായിരുന്നു ആ വാക്കുകൾക്ക്…നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ വാക്കുകൾ ദത്തന്റെ ഉള്ളം പൊള്ളിച്ചു….

“ഇനിയുള്ള കാലം എന്നോട് തുറന്നു പറഞ്ഞൂടെ തനിക്ക്..”

“അതിനു..ദത്തൻ എനിക്ക് അന്യനല്ലേ..”

“മ്മ്…ആണ്..പക്ഷേ..”

“എന്തേ ഒരു പക്ഷേ..” മായ മുഖമുയർത്തി ദത്തനെ നോക്കി..

“എനിക്ക് തന്നേ ഇഷ്ടമാണ്..” എടുത്തടിച്ചത് പോലേയായിരുന്നു ദത്തന്റെ മറുപടി…

“എന്നിട്ട്..” ഒരു കൂസലുമില്ലാതെ കൌതുകത്തോടെ മായ ദത്തനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു…

“കൂടെ കൂട്ടാം ഞാൻ..”

“ഞാൻ ഒരു ഭ്രാന്തിയാണ്..അത് ഓർമ വേണം..”

“എല്ലാർക്കും ഭ്രാന്ത് ണ്ട്..അത് ഒരു തെറ്റല്ലലോ..” പുഞ്ചിരിയോടെ ദത്തൻ മായയേ നോക്കി…

“എന്നാലും..എന്റെ വട്ട് അൽപ്പം കുഴപ്പം പിടിച്ചതാണ്…”

“മ്മ്..ആയിക്കോട്ടെ..ആ ഭ്രാന്ത് ഉള്ളത് കൊണ്ടാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്..”

“മ്മ്…ആയിക്കോട്ടെ..

അതല്ല..എന്തേ എന്നോട് അങ്ങനെ ചോദിച്ചത്…”

“എങ്ങനെ…”

“ആരോടെങ്കിലും മനസ് തുറന്നു സംസാരിച്ചിട്ടുണ്ടോ ന്നു…”

“അങ്ങനെ ഉണ്ടെന്നു തോന്നിയില്ല..”

“അതെന്താ അങ്ങനെ തോന്നാൻ കാരണമെന്നാ ചോദിച്ചത്…”

“തോന്നി ചോദിച്ചു…”

“മ്മ്…” മായ മെല്ലെ മൂളി..പിന്നെ അൽപ്പനേരം മുഖം താഴ്ത്തിയിരുന്നു…

മൗനം…അത് ചിലപ്പോൾ ജീവിതത്തെ തിരിഞ്ഞു നോക്കുന്നുവെന്ന് തോന്നി പോയ നിമിഷങ്ങൾ..

“ശരിയാണ്..ഞാൻ ആരോടും ഒന്നും തുറന്നു സംസാരിക്കാറില്ല..” നേർത്തിരുന്നു മായയുടെ ശബ്ദം..

“എന്നേക്കാൾ മിടുക്കിയായിരുന്നു ചേച്ചി..പഠിക്കാൻ..

എന്നും ചേച്ചിയേക്കാൾ കൂടുതൽ മാർക്ക് വാങ്ങാൻ ഞാൻ ശ്രമിക്കുമായിരുന്നു..അതിനു ഒരുപാട് ഒരുപാട് നേരം പഠിക്കുമായിരുന്നു..പക്ഷേ..എങ്ങനെയൊക്കെ പഠിച്ചാലും..പരീക്ഷയുടെ ക്വസ്റ്റിൻ പേപ്പർ കൈയ്യിൽ കിട്ടുമ്പോൾ ഉള്ളിൽ ഒരു വിറയലാണ്..ഇത്തവണ ഞാൻ ചേച്ചിയേക്കാൾ കൂടുതൽ മാർക്ക് വാങ്ങുമെന്ന് കരുതും..

അറിയില്ല..പിന്നീട് ഒരു തളർച്ചയാണ്..അതിനുള്ള കാരണം എനിക്കറിയില്ല..ഉത്തരങ്ങൾ അറിയാമെങ്കിലും എനിക്ക് എഴുതാൻ കഴിയാറില്ല..എന്തോ…എന്നും ഞാൻ ചേച്ചിയ്ക്ക് പിറകിലായിരുന്നു…

പക്ഷേ ഒരിക്കലും അമ്മയോ അച്ഛനോ..ചേച്ചിയോ എന്നെ കുറ്റപെടുത്തിയിട്ടില്ല..

ചേച്ചി അധികം വായിക്കുകയൊന്നും ഇല്ല…സ്കൂളിൽ നിന്നു വന്നാൽ വീട്ടിലേ കാര്യങ്ങൾ എല്ലാം ചേച്ചിയാണ് ചെയ്യുക..

ഞാൻ എന്തേലും ചെയ്യാൻ ചെന്നാൽ..

“വാവേ…നീ ഇതൊന്നും ചെയ്യേണ്ടാ..ചേച്ചിടെ മോള് പോയി കളിച്ചോട്ടോ എന്ന് പറയും..”

അത്രേം സ്നേഹമായിരുന്നു ചേച്ചിക്ക് എന്നോട്..പക്ഷേ…എനിക്ക് ചേച്ചിയോട് ഉള്ളിൽ അസൂയയായിരുന്നു..ചിലപ്പോൾ അത് ദേഷ്യമായി മാറാറുണ്ട്..

ഒരു ദിവസം ഞാൻ ചേച്ചിയോട് ചോദിച്ചു… “

“ചേച്ചി വീട്ടിൽ വന്നാൽ അധിക നേരം
പഠിക്കുന്നത് കാണുന്നില്ല ലോ..പക്ഷേ ചേച്ചി എല്ലാത്തിലും ഫസ്റ്റ് ആണ് ലോ…”

ചേച്ചി എന്നെ നോക്കി ചിരിച്ചു..

“പിന്നെ പറഞ്ഞു..”

“നമ്മൾ ഒന്നും കാണാതെ പഠിക്കേണ്ട വാവേ…നമ്മുടെ പ്രകൃതിയിൽ ഉള്ളതിനോട് നമ്മൾ പഠിച്ചതിനെ ഒന്ന് ലിങ്ക് ചെയ്യിച്ചാൽ മതി..ഒന്നും നമ്മൾ മറക്കില്ല..” ചേച്ചി എനിക്ക് കുറച്ചു കാര്യങ്ങൾ പറഞ്ഞു തരികയും ചെയ്തു..പക്ഷേ എനിക്ക് അത് ഒട്ടും പറ്റുന്നില്ലായിരുന്നു..

അടുത്ത വർഷം ഞാൻ പത്തിലേക്ക് എത്തി..

“വാവേ..ഇത്തവണ എന്റെ മോള് ചേച്ചിയുടെ നോട്ട് പഠിക്കേണ്ട ട്ടോ..എന്തേലും സംശയമുണ്ടേൽ മാത്രം എന്റെ നോട്ട് നോക്കിയാൽ മതി..”

കാരണം…ഞങ്ങൾ തമ്മിൽ ഒരു വയസ്‌ മാത്രം ആയിരുന്നു വ്യത്യാസം…ചേച്ചിയുടെ പുസ്തകങ്ങൾ ആയിരുന്നു ഞാൻ ഉപയോഗിച്ചത്..പുതിയത് വാങ്ങാൻ ഞാൻ സമ്മതിക്കില്ലായിരുന്നു…

ഓർമ വെച്ച നാൾ മുതൽ ഞങ്ങൾക്ക് എല്ലാം ഒന്നായിരുന്നു..അത് കളിക്കുന്നത് ആയാലും..വസ്ത്രങ്ങൾ ആയാലും…ചേച്ചിയുടെ എന്റെ എന്നുള്ള ഒരു വേർതിരിവ് ഉണ്ടാവാറില്ലായിരുന്നു…

അങ്ങനെയാണ് ചേച്ചിയുടെ പുസ്തകങ്ങളും…എനിക്ക് കൂട്ടയത്..സ്കൂളിൽ നിന്ന് നോട്ട് എഴുതിയാലും..ഞാൻ ചേച്ചിയുടെ നോട്ട് നോക്കി ആണ് പഠിക്കുക..എല്ലാ കൂട്ടികളും എഴുതുന്ന ഉത്തരങ്ങളിൽ എന്റെ ഉത്തരം ടീച്ചർ ഏഴുതി തന്നതാവില്ല..പക്ഷേ ഉത്തരം എല്ലാം സെയിം ആയിരിക്കും..

ഒരു ദിവസം ക്ലാസ്സ്‌ ടീച്ചർ എന്നെ വിളിച്ചു ചോദിച്ചു…

“എന്തേ മായ കുട്ടീടെ ഉത്തരം ശരിയാണെങ്കിലും വ്യത്യാസമുണ്ടല്ലോ..ടീച്ചറുടെ നോട്ടിൽ നിന്നുമെന്ന്..”

ഞാൻ ചേച്ചിയുടെ നോട്ട് ആണ് ടീച്ചറേ പഠിക്കുന്നത്..എനിക്ക് ചേച്ചിയേ പോലേ ഒന്നാമതാവാൻ..എന്തോ അന്ന് ടീച്ചർ അത് തിരുത്തിയില്ല..പുഞ്ചിരിയോടെ ബുക്ക്‌ തിരികേ തന്നു..

പിന്നീട് ഒമ്പതാം ക്ലാസ്സ്‌ വരേ അങ്ങനെ തുടർന്നു..

അങ്ങനെ പത്താം ക്ലാസിൽ ഞാൻ ചേച്ചിയുടെ ബുക്ക്‌ ഉപേക്ഷിച്ചു…

“ചേച്ചി…എനിക്ക് പഠിക്കാൻ പറ്റണില്ല..ചേച്ചിയുടെ ബുക്ക്‌ ഇല്ലതെ..” ഒരു ദിവസം രാത്രി ചേച്ചിയേ കെട്ടിപിടിച്ചു കിടന്നു ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു..

“വാവേ..”

“മ്മ്..”

“വാവയോട് ചേച്ചി ഒരു തെറ്റ് ചെയ്യുകയായിരുന്നു ഇത്രയും നാള്..”

“എന്ത് തെറ്റ്..”

“മോള്..എന്നേയല്ലേ പഠിച്ചത്..ഇനി അങ്ങനെ വേണ്ടാ ട്ടോ..ഇനി എന്റെ മായക്കുട്ടി ഒറ്റയ്ക്ക് ഒന്ന് നോക്കിക്കേ…

ഈ ചേച്ചിയോട് ഇഷ്ടമുണ്ടെങ്കിൽ..ചേച്ചിയേ ഒത്തിരി സ്നേഹമുണ്ടെങ്കിൽ..വാവയുടെ ക്ലാസിലേ ഏറ്റവും കൂടുതൽ മാർക്ക് എന്റെ വാവ വാങ്ങണം..ചേച്ചിയുടെ സങ്കടം മാറണം…”

ആ വാക്കുകൾ എനിക്ക് ഒരുപാട് ആവേശം തന്നു..എന്റെ ചേച്ചിയോട് എനിക്കുള്ള സ്നേഹം കാണിക്കണം..എനിക്ക് പോലും അറിയില്ല..പിന്നീട് ക്ലാസിൽ എടുക്കുന്നതെല്ലാം ഒരു ചിത്രം പോലേ എന്റെ മനസ്സിൽ തെളിയാൻ തുടങ്ങി പിന്നേ..ടീച്ചേഴ്‌സ് പറയുന്ന വാക്കുകൾ ഒന്ന് പോലും മറന്നു പോകാതെ ചെവിയിൽ അലയടിച്ചു കൊണ്ടിരുന്നു…

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള വെക്കേഷൻ..അന്ന് ഞാനും ചേച്ചിയും കൂടി അമ്മയുടെ തറവാട്ടിൽ ആയിരുന്നു..ഒരു ദിവസം രാത്രി മുത്തശ്ശന്റെ കൂടെ ഞങ്ങൾ കുട്ടികൾ എല്ലാരും കൂടി സിനിമക്ക് പോയി..

തിരികേ വരുമ്പോൾ ഞങ്ങളുടെ കാർ അപകടത്തിൽപെട്ടു..ഒരു ലോറി പാഞ്ഞു വന്നു ഞങ്ങളുടെ കാറിൽ ഇടിക്കുകയായിരുന്നു..

ഞാനും ചേച്ചിയും പുറത്തേക്ക് തെറിച്ചു വീണു..ആളുകൾ ഓടി കൂടി..കാർ വെട്ടിപൊളിച്ചു എല്ലാരേം പുറത്തെടുത്തു..ആശുപത്രിയിലേക്ക് കൊണ്ട് പോയി..

ദൂരേക്ക് തെറിച്ചു വീണ ഞങ്ങളെ ആരും കണ്ടില്ല..നിലവിളിക്കാൻ ശബ്ദം പുറത്തേക്ക് വന്നില്ല..ചേച്ചി എന്റെ അടുത്തേക്ക് ഇഴഞ്ഞു ഇഴഞ്ഞു വരുന്നുണ്ടായിരുന്നു…

പെട്ടന്ന് ആരോ ഞങ്ങളേ കണ്ടു..രണ്ടാളെയും ഒരു വണ്ടിയിൽ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി..

ചേച്ചി മെല്ലെ കണ്ണുകൾ തുറന്നു എന്നേ നോക്കി…

“വാവേ..ചേച്ചിക്ക് ശ്വാസം മുട്ടുന്നു മോളേ…”

“ചേച്ചി..” കൈ എത്തിച്ചു ഞാൻ ചേച്ചിയുടെ കൈയ്യിൽ പിടിച്ചു..

“വാവ..ഒന്നാമതാവണം ട്ടോ..എന്റെ മോള്..ഇനി എന്നും…” മുഴുമിപ്പിക്കാതൊരു യാത്ര…ചേച്ചി പോയി…കൈകൾക്ക് തണുപ്പ് അരിച്ചു കയറുന്നത് ഞാൻ അറിയുകയായിരുന്നു..

പിന്നീട് എപ്പോളോ ഞാൻ കണ്ണ് തുറക്കുമ്പോൾ..മാസങ്ങൾ കഴിഞ്ഞിരുന്നു…ഒരുപാട് ചികിത്സ..ഒരുപാട് വഴിപാട്…ഒടുവിൽ ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു..

പക്ഷേ..പതിയേ പതിയേ എന്റെ മനസിന്റെ താളം തെറ്റാൻ തുടങ്ങി..ചേച്ചിയുടെ കൈകളുടെ തണുപ്പ് എന്റെ കൈകളിൽ എപ്പോളും അനുഭവപെട്ടു..

ചികിത്സകൾ വീണ്ടും…ചേച്ചിയോടുള്ള സ്നേഹം..പഠിപ്പിൽ ഞാൻ എന്നും ഒന്നാമതായി…ആരോടും ഒന്നും മിണ്ടാറില്ല..

കോളേജിൽ പോകുക..പഠിക്കുക തിരിച്ചു വരിക…ഇടക്ക് മനസിന്റെ താളം ചേച്ചിയുടെ കൂടെ യാത്രയാകും..

എല്ലാരും അപ്പൊ പറയുന്നത് കേൾക്കാം…

പിരി അഴഞ്ഞു തുടങ്ങി..

അതൊരു ലഹരിയാണ്..ഭ്രാ ന്ത് പൂക്കുന്ന ദിവസങ്ങൾ..ഞാനും ചേച്ചിയും മാത്രം..ഞങ്ങൾ കളിക്കും..വഴക്കിടും…അമ്പലത്തിൽ പോകും..കുളത്തിൽ പോയി മുങ്ങാം കുഴിയിടും..ഭ്രാന്ത് വരാൻ ഞാനും കാത്തിരിക്കുന്ന പോലേയായിരുന്നു പിന്നീട്..എനിക്ക് എന്റെ ചേച്ചിയോടൊപ്പം..ഞങ്ങൾ മാത്രം..

കരഞ്ഞു തളരുന്ന അമ്മയുടേയും അച്ഛന്റെയും മുഖം…ഞാനും ചേച്ചിയും അത് നോക്കി പൊട്ടിചിരിക്കും..ഭ്രാ ന്തിന്റെ ഉന്മാദ അവസ്ഥ…ഹാ..അത് അനുഭവിച്ചു തന്നേ അറിയണം..

പഠിച്ചു…നല്ല ജോലി നേടി…

അപ്പോളാ ആരുടെയോ ഉപദേശം…കല്യാണം കഴിഞ്ഞു ഒരു കുട്ടിയായാൽ ഇതിനൊക്കെ മാറ്റം വരുമെന്ന്….

എനിക്ക് മാറ്റം വരും പോലും…എനിക്ക് മാറ്റം വരും പോലും.. ” മായ കിതപ്പോടെ പറഞ്ഞു നിർത്തി..

“എന്നിട്ട് പറഞ്ഞുലോ..അച്ഛനോടും..അമ്മയോടും..ചേച്ചിയോടും ദേഷ്യമാണെന്ന്..” ദത്തന്റെ ശബ്ദം വല്ലാതെ നേർത്തിരുന്നു..

“മ്മ്….ആണ്…” വിമ്മി പൊട്ടുമെന്ന് തോന്നി മായയുടെ ശബ്ദം..

“എന്തിനാ..ദേഷ്യം..”

“അച്ഛനും അമ്മക്കും ചേച്ചിയോടല്ലേ എന്നും കൂടുതൽ ഇഷ്ടം..അതല്ലേ..എന്നേ തനിച്ചാക്കി..രണ്ടാളും ചേച്ചിയുടെ അടുത്തേക്ക് വേഗം പോയത്..എന്നോട് ഒരു വാക്ക് പോലും മിണ്ടതേ..” പൊട്ടികരഞ്ഞിരുന്നു മായ..

“ഹേയ്..കരയല്ലേ…ദേ..എല്ലാരും കാണും ട്ടോ..” ദത്തൻ പതിയേ പറഞ്ഞു..

കുറച്ചു നേരത്തെ മൗനം..വിതുമ്പൽ കടിച്ചമർത്തി മായ മുഖമുയർത്തി..

“ചേച്ചി പോയിട്ട് നാല് വർഷം തികയുന്ന അന്ന്..ഞങ്ങൾ മൂകാംബിക പോയി തിരിച്ചു വരികയായിരുന്നു..ഞങ്ങൾ സഞ്ചരിച്ച ബസ് നിയന്ത്രണം തെറ്റി പുഴയിലേക്ക് മറിഞ്ഞു…ആ ബസിൽ നിന്നും രക്ഷപെട്ട ഒരേ ഒരാൾ ഞാൻ ആയിരുന്നു..” വിതുമ്പൽ കടിച്ചമർത്താൻ മായ നന്നേ പണിപെട്ടു…

“ഒന്നോർത്തു നോക്കിയേ..എന്നേ മാത്രം ഇങ്ങനെ തനിച്ചാക്കി പോകുന്ന വിധിയോട് ഞാൻ എന്താണ് പറയേണ്ടത്..ആരോടും പരാതി പറയാതെ..ഞാൻ ജീവിക്കുന്നു..ഇടക്ക്..മുഴു ഭ്രാന്തിയായി…പിന്നീടുള്ള ദിവസങ്ങളിൽ ഇവിടുള്ള അമ്മമാർക്കും…കുട്ടികളോടുമൊപ്പം..അവരുടെ ചേച്ചിയായി..മോളായി..അങ്ങനെ അങ്ങനെ..ഇവിടെ… ഈ ആശ്രമത്തിൽ…” പാതിയിൽ മുറിഞ്ഞ വാക്കുകൾക്കൊപ്പം..പൊട്ടികരഞ്ഞ് പോയി മായ..

“ഇനിയും ഇങ്ങനെ മുന്നോട്ട് പോകേണ്ടാ താൻ..ഞാൻ ഉണ്ടാവും കൂടെ..” ദത്തന്റെ ശബ്ദം ഉറച്ചതായിരുന്നു..

“എന്നിട്ട്..”

“എന്റെ അമ്മയാണ്..ഈ ആശ്രമത്തിൽ മായയേ ചികിൽസിച്ചു കൊണ്ടിരുന്നത്..കൊറേ കാലങ്ങളായി..ആ അമ്മയോടൊപ്പം ഞാൻ പലപ്പോഴും മായയേ ഇവിടെ കണ്ടിട്ടുമുണ്ട്..”

“സഹതാപം..അല്ലേ…”

“ഒരിക്കലുമല്ല…

തനിക്കു ഒരു തുണ വേണം..അത് മറ്റാരേക്കാളും എനിക്കും അമ്മക്കും അറിയാം..എനിക്കും ഒരു തുണ വേണം….അമ്മയോട് ഞാൻ കാര്യം പറഞ്ഞു..അമ്മയാണ് തന്നോട് സംസാരിക്കാൻ പറഞ്ഞത്…

സഹതാപം കൊണ്ട് സ്നേഹം പിടിച്ചു പറ്റാൻ വല്യ പാടാണ്..മനസ് കൊണ്ടറിഞ്ഞു…പ്രിയപ്പെട്ടതാവണം..സ്നേഹം…ആ സ്നേഹത്തിനേ ചേർത്ത് പിടിക്കാൻ ഒരാളുണ്ടേൽ..അയ്യാളെ കൂടെ കൂട്ടണം..കാരണം…പിന്നീടൊരിക്കലും..
കൈവിടില്ല..ചേർത്ത് പിടിക്കും..സന്തോഷമായാലും..വേദനയായാലും…വിശ്വാസമുണ്ടേൽ കൂടെ കൂടാം..ഇത്രേയേ എനിക്കും പറയാൻ കഴിയൂ….” ദത്തൻ പറഞ്ഞു നിർത്തി…

മൗനം..അതിങ്ങനെ നിമിഷങ്ങളെണ്ണി കടന്നു പോയി കൊണ്ടിരുന്നു…മായ കണ്ണടച്ചു തല കുമ്പിട്ടിരുന്നു..

“എന്റെ മോള് ഇനി ഒറ്റക്കവല്ലേ..ഞങ്ങൾക്ക് സഹിക്കാൻ പറ്റണില്ല..” അച്ഛനും അമ്മയും ഒരേ ശബ്ദത്തിൽ പറയുന്നത് പോലേ മായയുടെ കാതിൽ മുഴങ്ങി..

“വാവേ…ചേച്ചിടെ പൊന്നല്ലേ…എന്റെ മോള്…ആ കൈയ്യിൽ മോളുടെ കൈത്തലം ഒന്ന് പിടിച്ചേ…ചേച്ചി കാണട്ടെ വാവേ….”

മായ മെല്ലേ മുഖമുയർത്തി…ദത്തനെ നോക്കി..ദത്തൻ മെല്ലേ തന്റെ വലതു കൈ മായയുടെ നേർക്ക് നീട്ടി…മായ മെല്ലേ തന്റെ വലതു കരം ദത്തന്റെ ഉള്ളം കൈയിലേക്ക് വെച്ചു..

ദത്തൻ തന്റെ കൈത്തലം അമർത്തി…ശരീരത്തിലൂടെ ഒരു വിറയൽ പടർന്നു കയറുന്നത് മായ അറിയുകയായിരുന്നു..കണ്ണുകൾ നിറഞ്ഞു..നേർത്ത പുഞ്ചിരിയോടെ മായ ദത്തനെ നോക്കി..ഈ നിമിഷം..അവരേ തഴുകി ഒരു കുളിർ കാറ്റ് പെയ്തിറങ്ങി…

ശുഭം..