എഴുത്ത്: അയ്യപ്പൻ അയ്യപ്പൻ
===============
എല്ലാരേം ഇട്ടെറിഞ്ഞു പ്രേമിച്ചു കല്യാണം കഴിച്ചതാണ് ത്രേസ്യയും വർക്കിയും…ഉറ്റവരും ഉടയവരും ഇല്ലാത്ത ത്രേസ്യപെണ്ണിന്റെ കയ്യിൽ പിടിച്ചു കുരിശുംമൂട്ടിലെ വർക്കി നടന്നു പോയപ്പോ നാട്ടാര് മൂക്കത്തു വിരല് വെച്ചു.
അന്ന് വർക്കിയുടെ അപ്പൻ “തനിക്ക് ഇങ്ങനെ ഒരു മോൻ ഇല്ലെന്നു” പള്ളിക്കാരുടെ മുന്നിൽ വെച്ച് എഴുതി തള്ളി…
മാർക്കം കൂടിയ പെണ്ണിനെ കെട്ടിയതോണ്ട് “ഇങ്ങനെ ഒരു ബന്ധം ഞങ്ങൾക്ക് ഇല്ലന്ന്” വർക്കിയുടെ കുടുംബക്കാർ ഒന്നടങ്കം പറഞ്ഞു…
ത്രേസ്യടെ അമ്മ പണ്ട് ഒരു തമിഴൻ ചെക്കന്റെ കൂടെ നാട് വിട്ടതും…അവളുടെ അപ്പൻ അതറിഞ്ഞു ഉയരമുള്ള ഒരു പ്ലാവിന്റെ തൊങ്ങലിൽ തൂങ്ങിയാടിയ കഥ ഒന്നുടെ വർക്കിയുടെ ചെവിയിൽ പറഞ്ഞുകൊണ്ട് പള്ളിലെ കപ്പിയാര് നീരസം കാണിച്ചു..
വർക്കിയുടെ അമ്മ അന്ന് തലേൽ തല്ലി ഒരുപാട് കരഞ്ഞു..മൂക്ക് പിഴിഞ്ഞു…പതം പറഞ്ഞു…ഏങ്ങി തേങ്ങി കരഞ്ഞു..അതുകണ്ടപ്പോ…അതുകണ്ടപ്പോ മാത്രം വർക്കിയുടെ ഇടനെഞ്ചു വിങ്ങി വിറച്ചു…
തൊടിന്റെ അപ്പുറമുള്ള ചോളത്തിന്റെ തോട്ടത്തിന്റെ തൊട്ടിപ്പുറത്തായി വർക്കിയും ത്രേസ്യയും ഒരു കൂര വെച്ചു…അവർ പ്രേമിച്ചു…സ്നേഹിച്ചു..പിന്നെയും ഒരുപാട് സ്നേഹിച്ചു…
“ഞാൻ കാരണം എല്ലാരേം എല്ലാം ഇങ്ങൾക്ക് ഇല്ലാണ്ടായി” എന്ന് ത്രേസ്യ ഇടയ്ക്ക് കണ്ണ് നനച്ചു പരിഭവം പറഞ്ഞിരുന്നു….
“വല്ല്യ മൊതലുള്ള വീട്ടിലെ ചെക്കനാ ച ന്തിയും മു ല യും കാണിച്ചു പെണ്ണുങ്ങള് ചെന്നാൽ ഇങ്ങനെ മുണ്ട് മുറുക്കിയുടുത്തു നടക്കാം” എന്ന് വർക്കിയേ നോക്കി നാട്ടാര് അടക്കം പറഞ്ഞു…
“ഈ ചെക്കന് ഈ പെണ്ണിനെ മാത്രേ കിട്ടിയൊള്ളു??” എന്ന് അരയത്തി പെണ്ണുങ്ങൾ കുശുമ്പ് പറഞ്ഞു….
വർക്കിയും ത്രേസ്യയും ആരേം ശ്രെദ്ധിച്ചില്ല പിന്നേം പിന്നേം അവരങ്ങനെ പ്രേമിച്ചു പ്രേമിച്ചു…
ഇടയ്ക്ക് എപ്പോഴെല്ലാമോ വർക്കി പെറ്റ തള്ളയെ ഓർക്കും കണ്ണ് അപ്പോൾ വർക്കിയെ അനുസരിക്കാതെ നിറഞ്ഞു തൂവും….
അന്നൊരു രാത്രി ശരിക്കും പറഞ്ഞാൽ തണുപ്പ് ഏറി വന്നൊരു ധനു മാസത്തിൽ….അന്നാണ് ത്രേസ്യപെണ്ണിന്റെ വയറിന്റെ താഴെ വശത്തു പേറ്റു നോവ് തുടങ്ങിയത്….ഇടവകയിൽ ബാൻഡിന്റെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ട്…കരോൾ സംഘങ്ങൾ കലാശകൊട്ട് നടത്തുന്നുണ്ട്….
ത്രേസ്യടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു…തൊണ്ടേലെ വെള്ളം വറ്റി വരണ്ട്….കണ്ണ് തുറിച്ചു….കൈകൾ നിലത്തടിച്ചു…കാൽവിരലുകൾ ചുരുട്ടിപിടിച്ചു…വായിൽകൂടെ ശ്വാസം ഇരച്ചു കയറ്റി…നെഞ്ഞിൽ ശ്വാസം ഉയർന്നുപോങ്ങി…കിടക്കാൻ പറ്റാതെ….ഇരിക്കാൻ പറ്റാതെ….വേദന കൊണ്ടു പുളഞ്ഞത്…
ചൂട്ടു കത്തിച്ചു വയറ്റാട്ടിയെ വിളിച്ചോണ്ട് വരുമ്പോൾ വർക്കി നിന്നനിൽപ്പിൽ വിളറി വെളുത്തു വിറച്ചു വിയർത്തിരുന്നു….
കൂടെ ഒന്ന് ചേർത്ത് പിടിക്കാൻ ആരുമില്ലാതെ വർക്കിടെ മനസ്സ് നൊന്തു വീങ്ങി….
ഒറ്റമുറിയിലെ കുടിലിനുള്ളിലെ തളർച്ചയും ഞരക്കവും അലർച്ചെയും ഉച്ചത്തിലായി..വർക്കി ചെവി പൊത്തി കണ്ണടച്ച് പള്ളില് ഒരു വിളക്ക് വെക്കാന്നു നേർച്ച പറഞ്ഞു…കൂരയിലെ ഞരക്കത്തിനു അയവു വന്നു…
വർക്കിയുടെ ചോരയുടെ ചൂടുള്ള ഒരു കുഞ്ഞികരച്ചിൽ വയലിൽ അലയടിച്ചു…വർക്കി അകത്തേക്കൊടി…
“വയറ്റാട്ടി തോർത്തുമുണ്ട് കൊണ്ടു കുഞ്ഞിനെ പൊതിഞ്ഞു കൊണ്ടു പറഞ്ഞു “ചെക്കൻ ആണ് “……
വർക്കിയുടെ മനസ്സ് നിറഞ്ഞു…ഹൃദയം നിറഞ്ഞു തൂവി എന്താണ് എന്നറിയാതെ കണ്ണും നിറഞ്ഞു…ത്രേസ്യ തളർച്ചയോടെ പാതി മയക്കത്തോടെ വർക്കിയുടെ കയ്യിൽ മുറുക്കെ പിടിച്ചു….
വയറ്റാട്ടി തല ചൊറിഞ്ഞു നിക്കുന്ന കണ്ടാണ് കീശയിലെ അവസാനത്തെ തുട്ടും വർക്കി എടുത്തുകൊടുത്തത്…
“വയറൊഴിഞ്ഞ പെണ്ണാണ് നല്ലപോലെ നോക്കിക്കോണം” എന്ന് അവർ പോവാൻ നേരം പറഞ്ഞപ്പോ വർക്കിയുടെ മനസ്സ് കൊത്തി വലിച്ചു..കയ്യിൽ തുട്ടില്ലാത്തവന്റെയും ചേർത്ത് നിർത്താൻ ആരുമില്ലാത്തവന്റെയും നിസ്സഹായത…
“നമുക്ക് നമ്മള് മതിയെന്ന്” ത്രേസ്യയെ ചേർത്ത് പിടിച്ചു വർക്കി പറയുമ്പോൾ ത്രേസ്യയും ദുർബലമായി മൂളിയിരുന്നു…
കൂരയുടെ പിന്നാമ്പുറത്തു എന്തോ അനങ്ങുന്ന ശബ്ദം കേട്ടാണ് വർക്കി കുഞ്ഞിനെ ത്രേസ്യക്കരികിൽ വെച്ചു പിന്നാമ്പുറത്തേക്ക് ഇറങ്ങി നോക്കിയത്…ചോളചെടിയുടെ ചോട്ടിൽ ഒരു വലിയ പൊതി…വർക്കി തുറന്നു നോക്കി….
ക ള്ള് പതച്ചു പൊങ്ങിയത് ഒഴിച്ച ക ള്ള പ്പവും…തേങ്ങ കൊത്തു മൂപ്പിച്ച കുരുമുളക് കൂടുതൽ ഇട്ട പോത്തിറച്ചി വഴറ്റിയതും. കൂടെ സ്റ്റീൽ പത്രത്തിന്റെ നിറഞ്ഞ തുട്ടിന്റെ കനമുള്ള ഒരു പൈസ കുടുക്കയും..
അയളുടെ കണ്ണ് നിറഞ്ഞുവന്നു..അപ്പൻ പോലും തൊടാൻ സമ്മതിക്കാത്ത “കുരിശുമുട്ടിലെ പെമ്പിറന്നോത്തി ചിന്നമ്മയുടെ സമ്പാദ്യം!.. പെറ്റ വയറിന്റെ ഓർമ്മകൾ കയ്യിൽ ഇരുന്ന് പൂക്കുല പോലെ വിറച്ചു….
അയാൾ ഒന്നും മിണ്ടാതെ വയറൊഴിഞ്ഞ ത്രേസ്യയുടെ അടുത്തേക്ക് ചെന്നു…ഒഴിഞ്ഞ വയറിന്റെ മുകളിൽ മുഖം ചേർത്ത് വെച്ചു…
കുഞ്ഞ് ചിണുങ്ങി കരഞ്ഞു…വർക്കിയും….