ഹൃദയത്തിൽ നിന്ന് ഒരു പുഴ
Story written by Ammu Santhosh
===================
“ഇനി അവളുടെ ദേഹത്ത് തൊട്ടാൽ മേനോൻ സാറെ നിങ്ങൾ അവളുടെ അപ്പനാണെന്നൊന്നും നോക്കുകേല എബി. നിങ്ങളെ പിടിച്ചു പോലീസിൽ ഏൽപ്പിക്കാൻ എനിക്ക് ഒരു മടിയുമില്ല “
തികച്ചും സാധാരണ ഒരു കാര്യം പോലെ അവനത് മുന്നിൽ നിന്നു പറഞ്ഞപ്പോൾ അവന്റെ മുഖം അടച്ചൊന്നു കൊടുക്കാനാണ് അനിൽ മേനോന് ആദ്യം തോന്നിയത്. അടിച്ചാൽ അവൻ തിരിച്ചടിക്കും എന്ന് അയാൾക്ക് തോന്നി.
“നിങ്ങളുടെ ആണ്മക്കളോടും പറഞ്ഞേക്ക്.ദേഷ്യം വന്നാൽ കൈത്തരിപ്പ് തീർക്കേണ്ടത് ഇവളുടെ ദേഹത്ത് അല്ല എന്ന്. എന്നെ പ്രേമിച്ചു പോയത് കൊണ്ടാണല്ലോ ഇവൾ ഈ വേദന ഒക്കെ അനുഭവിക്കുന്നത് “
“അതേടാ… ത ന്തേം ത ള്ളേം ഇല്ലാത്ത നിന്നെ പോലൊരു വെറും കച്ചവടക്കാരന് കൊടുക്കാനുള്ളതല്ല എന്റെ മോള്. അവൾ ഡോക്ടർ ആണ് ഡോക്ടർ. “
“ഡോക്ടർക്കെന്താ കൊമ്പുണ്ടോ? പിന്നെ ത ന്തേം ത ള്ളേം ഇല്ലാതെ ഒരു കൊച്ചുണ്ടാകുവോ? ഇതെന്താ ഇത്രയും വിവരമില്ലേ? എന്റെ തന്തേം തള്ളേം ആരാണെന്നു എനിക്ക് അറിയുകേല… ഒരു സായിപ്പ് സ്പോൺസർ ചെയ്തു വളർത്തിയതാ.ശരിയാ. അത് കൊണ്ട് എനിക്ക് ഇവളെ സ്നേഹിക്കാൻ മേലെ? എടി കല്യാണി ഇവിടെ വാ “അവൻ അവളുടെ കൈ പിടിച്ചു നീക്കി നിർത്തി
“പറ അച്ചായനെ നിനക്ക് എത്ര ഇഷ്ടം ഉണ്ട്? നിന്റെ അപ്പനോട് പറഞ്ഞോ? “
കല്യാണി വിങ്ങി കരഞ്ഞു കൊണ്ട് ആ നെഞ്ചിൽ ഇറുക്കി കെട്ടിപിടിച്ചു. അനുഭവിക്കുന്ന അന്തഃസംഘര്ഷങ്ങള്, വേദനകൾ, സങ്കടങ്ങൾ, നഷ്ടപ്പെടുമോ എന്ന പേടി… ഒക്കെ അവളുടെ ആ പിടിത്തത്തിലുണ്ടായിരുന്നു. ഒരു മയിൽപീലി പാറും പോലെ ആ ഉടൽ അയാളുടെ നെഞ്ചിൽ കിടന്നു വിറച്ചു
“കണ്ടല്ലോ… ഇതാണ് ഇവൾ. എനിക്ക് തന്നേരെ ഞാൻ പൊന്നു പോലെ നോക്കിക്കൊള്ളാം ” ഇക്കുറി അവന്റെ ശബ്ദം ഒന്ന് ഇടറി
“അകത്തു പോടീ “അയാൾ അലറി
“എന്റെ മോളെ നിനക്ക് ഈ ജന്മം കിട്ടുകേല അങ്ങനെ വന്നാൽ അവളെ ഞാൻ അങ്ങ് തീർക്കും “
എബി ഒന്ന് ചിരിച്ചു
“ശ്ശോ എന്താ ഡയലോഗ്.. എന്റെ മേനോൻ സാറെ എനിക്ക് ഈ നിമിഷം അവളെ കൊണ്ട് പോകാം. പക്ഷെ അവൾക്കു അത് പോരാ. നിങ്ങൾ നടത്തി കൊടുക്കണം. അതാണ്. അത് ഒന്ന് മനസിലാക്കുക. പിന്നെ കുറച്ചു നാൾ കൂടെ വെയിറ്റ് ചെയ്യും ഞാൻ. അവൾക്കു വേണ്ടിയാ… അവൾക്കു എന്തെങ്കിലും സംഭവിച്ചാൽ … എന്റെ പെണ്ണിനെന്തെങ്കിലും സംഭവിച്ചാലുണ്ടല്ലോ “അവന്റെ ചൂണ്ടപ്പെട്ട വിരൽ അയാളുടെ കണ്മുന്നിൽ വിറച്ചു.
അവൻ പോയി കഴിഞ്ഞിട്ടും അയാൾ ഒരെ നിൽപ്പ് നിന്നു. ഒറ്റ മകൾ. ഡോക്ടർ. ശ്രീമംഗലത് തറവാടിന്റെ അന്തസ്സ്
അയാൾ തല വിലങ്ങനെ ആട്ടി
“നടക്കില്ല… ഒരിക്കലും “
എബി മുറിയിലായിരുന്നു. ഫോൺ ശബ്ദിക്കുന്നത് കേട്ട് അയാൾ നോക്കി
“സൗരവ് കാളിങ് “സുഹൃത്ത് ആണ്. ഇവൻ ഇപ്പോൾ ഈ രാത്രിയിൽ…
“എന്താ ടാ? “
“അച്ചായാ ഒരു ആക്‌സിഡന്റ്.. കല്യാണി ഹോസ്പിറ്റലിൽ ആണ്. സീരിയസ് ആണ് അച്ചായാ “
എബി ഒരു നിമിഷം മരവിച്ചു നിന്നു… ഭൂമി നിശ്ചലമായത് പോലെ
“എബി.. ആ കുട്ടിയുടെ അവസ്ഥ ഗുരുതരമാണ്. എന്ന് പറയുമ്പോൾ അവൾക്കു ഒരു പക്ഷെ ജീവൻ നഷ്ടം ആവില്ലായിരിക്കും പക്ഷെ… പക്ഷെ അവൾക്കു ചലിക്കാൻ ആവില്ല എബി… അല്ലെങ്കിൽ ഒരു അത്ഭുതം സംഭവിക്കണം “ഡോക്ടർ മീരയുടെ മുഖത്തേക്ക് നോക്കിയിരുന്ന എബിയുടെ കണ്ണുകളിൽ കണ്ണീർ ആയിരുന്നില്ല രക്തം തന്നെ ആയിരുന്നു.
അനിൽ മേനോൻ കല്യാണിയുടെ നിറുകയിൽ കൈ വെച്ചു. അയാളുടെ കണ്ണീർ മഴ പോലെ അവളുടെ നിറുകയിലേക്കു പെയ്തു കൊണ്ടിരുന്നു ഒരു വാശിക്ക് പറഞ്ഞു പോയ പാഴ് വാക്കുകളൊക്ക അയാളുടെ ഉള്ളിലേക്ക് വന്നു
ഒരു മാസത്തിനു ശേഷം എബി അയാളെ അന്നും കാണാൻ ചെന്നു
“ഒരിക്കലും അവൾ അനങ്ങില്ലായിരിക്കും. പക്ഷെ അവൾക്ക് ജീവനുണ്ട് അതിലുപരി എന്റെ മോൾക്ക് ഞാൻ ഉണ്ട്. അവളെ കാണാൻ പോലും ഞാൻ അനുവദിക്കില്ല .”
എബി അയാളുടെ കാലിൽ വീണു
“ഞാൻ പറഞ്ഞു പോയ എല്ലാത്തിനും മാപ്പ്. ഞാൻ ഒന്ന് കണ്ടോട്ടെ പ്ലീസ് “
“എന്റെ കുഞ്ഞിനെ ഈ കാലമത്രയും ഞാൻ പൊന്ന് പോലെ തന്നെയാ നോക്കിക്കൊണ്ടിരുന്നത്.അടിച്ചിട്ടുണ്ടാകും ശാസിച്ചിട്ടുണ്ടാകും പക്ഷെ എന്റെ മോളാ അവള്.ഞാൻ സ്നേഹിക്കുന്നതിലും വലുതായി നിനക്ക് എന്നല്ല ഭൂമിയിൽ ആർക്കും സ്നേഹിക്കാൻ സാധിക്കില്ല. ആർക്കും. മുറിയിൽ നിന്നു ഇറങ്ങി പോ”അയാൾ അലറി
ഡോക്ടർ മീര അത് കേട്ട് നിൽക്കുകയായിരുന്നു
എബി കണ്ണീരോട് കൂടി ഇറങ്ങി പോയപ്പോൾ അവർ മുറിയിലേക്ക് വന്നു
“ഡിസ്ചാർജ് ആണ്. അല്ലെ?”
“അതേ ഡോക്ടർ “
“മേനോൻ സാറെ. കല്യാണിക്ക് എല്ലാം കേൾക്കാം കാണാം അറിയാം. അനങ്ങാൻ കഴിയില്ല എന്നേയുള്ളു. ഇപ്പോഴുള്ള ആ നേരിയ ജീവനും കൂടി നിങ്ങൾ ഇല്ലാതാക്കരുത്. എബി ഒന്ന് വന്നു കണ്ടോട്ടെ. ദിവസവും കുറച്ചു നേരം. നമുക്ക് അവളുടെ ജീവനല്ലേ വലുത്? “
“അവനെ എനിക്ക് ഇഷ്ടമല്ല ഡോക്ടറെ. ഭയങ്കര തന്റെടിയാ. തെമ്മാടിയാ. എന്റെ കുഞ്ഞിന് എങ്ങനെ ഈ അബദ്ധം പറ്റിയെന്നാ ആലോചിക്കുന്നേ?”
“കഴിഞ്ഞതിനെ കുറിച്ച് ആലോചിച്ചു സമയം കളയണ്ട. നമുക്ക് കല്യാണിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണം. ഒന്ന് ഇരിക്കാൻ എങ്കിലും അവൾക്ക് സാധിക്കണ്ടേ?”
അയാൾ മിണ്ടിയില്ല
“ഒരു വാശിക്ക് ചെയ്യുന്ന പലതും വലിയ നാശത്തിലെ കലാശിക്കുകയുള്ളു. ഒറ്റ മോളല്ലേ കല്യാണി? കല്യാണിയുടെ അമ്മ ജീവിച്ചിരിന്നുവെങ്കിൽ ഇതെ തീരുമാനം അവർ എടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ആലോചിച്ചു നോക്കു.”
അയാൾ ഒരു നിമിഷം അതോർത്തു
നമ്മുടെ മോളല്ലേ അനിലേട്ടാ… അവളുടെ ആഗ്രഹം അല്ലെ? അതേ പറയുകയുള്ളു
“ഞാൻ എബിയോട് പറയട്ടെ. സൗകര്യം ഉള്ളപ്പോൾ കുറച്ചു നേരം വീട്ടിൽ വന്നു കണ്ടോളാൻ “
അയാൾ പറഞ്ഞോളൂ എന്ന് പറഞ്ഞില്ല. പറയണ്ട എന്നും പറഞ്ഞില്ല. ആണ്മക്കളായ ജിതിനും വിപിനും ഭൂകമ്പം ഉണ്ടാക്കി
“അച്ഛനിതെന്ത് ഭാവിച്ച? ഒരു തീരുമാനം എടുക്കുമ്പോൾ ഞങ്ങളോടും കൂടി ചോദിക്കണ്ടേ? അവളെ നമ്മൾ നോക്കില്ലേ? അവനെന്തിനാ വന്നു കാണുന്നെ?” ജിതിനാണ് മൂത്തവൻ. അവന് മാത്രമേ അങ്ങനെ നേരേ നിന്ന് ചോദിക്കാൻ ഉള്ള ധൈര്യം ഉള്ളു
“നീ താമസിക്കുന്നതെവിടെയാ?”അയാൾ മകനോട് ചോദിച്ചു
“അതെന്ന ചോദ്യമാ. ഞാൻ എന്റെ വീട്ടിൽ അല്ലെ താമസിക്കുന്നത്?”
“അല്ലാതെ എന്റെ വീട്ടിലല്ലല്ലോ? ആണോ? നീ,നിന്റെ ഭാര്യ ,നിന്റെ കുട്ടികൾ. വേറെ വീട്ടിൽ അല്ലെ?ഇനി വിപിൻ താമസിക്കുന്നത് ബാംഗ്ലൂർ അല്ലെ? എന്റെ വീട്ടിൽ അല്ല. അപ്പൊ എന്റെ വീട്ടിൽ ഞാനും എന്റെ മോളും മാത്രേയുള്ളു. അവൻ വന്നു പത്തു മിനിറ്റ് കണ്ടാൽ ഇടിഞ്ഞു വീഴുന്ന ആകാശം അങ്ങ് വീഴട്ടെ ” പിന്നെ ആർക്കും മറുപടി ഇല്ല. അച്ഛനോട് എതിരിടാൻ ഈ ജന്മം ധൈര്യമില്ല രണ്ടാൾക്കും.
“പിന്നെ ഞാനും കുറച്ചു ദിവസം വീട്ടിൽ തന്നെയാ. ഓഫീസിലെ കാര്യങ്ങൾ ഒക്കെ നീ നോക്കിക്കൊള്ളണം. ഞാൻ കുറച്ചു ദിവസം മോൾക്കൊപ്പം..”
അയാളുടെ ശബ്ദം ഒന്ന് ഇടറി
സങ്കടങ്ങളുടെ പെരുമഴ പെയ്യുന്നത് എത്ര പെട്ടെന്നാണ്. എന്നാലും ചിരി കൊണ്ട് മനുഷ്യൻ അതിനെ നേരിടുക തന്നെ ചെയ്യും. അനിൽ പഴയ അനിലായി. കല്യാണിക്കുട്ടിയുടെ ആ പഴയ സ്നേഹം മാത്രം ഉള്ള അച്ഛൻ
“കല്യാണിക്കുട്ടിയെ അച്ഛൻ ചായ കുടിക്കാൻ പോവാട്ടോ.”
“മോളെ അച്ഛൻ മുറ്റത്തുണ്ട് “
“മോളെ അച്ഛൻ ഒരു കഥ പറഞ്ഞു തരട്ടെ “
“ഇന്നൊരു പാട്ട് ആയാലോ നിന്റെ അമ്മക്ക് വലിയ ഇഷ്ടം ആയിരുന്നു ഞാൻ പാടുന്നത്…”
കല്യാണിക്ക് എല്ലാം മനസിലാകുന്നുണ്ടായിരുന്നു. അച്ഛന്റെ ലോകം താൻ മാത്രം ആയി ഒതുങ്ങി പോകുന്നത് അവൾ അറിഞ്ഞു
എബി വന്നപ്പോൾ അയാൾ മുറിയിൽ നിന്ന് പോയി
അവൻ അവളുടെ കൈ പിടിച്ച് ഏറെ നേരം ആ മിഴികളിൽ നോക്കിയിരുന്നു
“വേഗം ശരിയാകും. നമ്മൾ ഒന്നിച്ചു ജീവിക്കും. “
അവൻ ആ ശിരസ്സിൽ തലോടി
അവളുടെ കണ്ണ് നിറഞ്ഞൊഴുകി
“ഡോക്ടർ പറഞ്ഞു നീ എണീറ്റ് നടക്കും. മിടുക്കിയായി പഠിക്കും എന്നൊക്കെ. പഠിക്കണ്ടേ?”
അവൾ മെല്ലെ തല ചലിപ്പിച്ചു
“നമുക്ക് കല്യാണം കഴിക്കണ്ടേ?”
അവൾ കണ്ണ് നിറച്ചു
“എന്റെ മോനെ എനിക്ക് എന്ന് തരും നീ?”
അവളുടെ ഉള്ളു പിടച്ചു
പ്രണയം തുടങ്ങിയ നാൾ മുതൽ എബി പറയുന്ന സ്വപ്നം ആയിരുന്നു അത്. എനിക്ക് ഒരു മോൻ വേണം കല്യാണി. ഒരു മോൻ മാത്രം മതി. എന്നെ പോലെ… എന്റെ കൂടെ കട്ടക്ക് നിൽക്കാൻ ഒരു മോൻ.
വാതിൽക്കൽ അത് കേട്ട് നിൽക്കുകയായിരുന്നു അനിൽ മേനോൻ. അവൻ പോയോ എന്നറിയാൻ വന്നതായിരുന്നു അയാൾ
അയാളുടെ ഓർമ കുറെ വർഷം മുന്നോട്ട് പോയി
“എനിക്കൊരു മോൻ വേണം തനുജ… പിന്നെ ഒരു മോൾ. ആദ്യം ഒരു മോൻ വേണം. എന്നെ പോലെ ഒരു മോൻ.. എന്റെ ഫ്രണ്ടിനെ പോലെ ആവാൻ ഒരു മോൻ “
തന്റെ ഭാര്യയോട് താൻ പറഞ്ഞ വാചകം.അയാൾ അവിടെ നിന്ന് മാറിപ്പോയി
എബി ഇറങ്ങാൻ തുടങ്ങുമ്പോൾ അയാൾ മുറ്റത്തു നിൽക്കുന്നുണ്ടായിരുന്നു
“ചെടികൾ ഒക്കെ പുഴു കുത്തി തുടങ്ങിയല്ലോ. ഞാൻ നാളെ വരുമ്പോൾ ഒരു മരുന്ന് കൊണ്ട് വരാം “എബി പറഞ്ഞു
അയാൾ മറുപടി ഒന്നും പറഞ്ഞില്ല. എബി അത് ആഗ്രഹിച്ചുമില്ല
പക്ഷെ പിറ്റേന്ന് അവൻ വന്നപ്പോൾ ചെടികൾക്ക് അടിക്കുന്ന മരുന്നും അതിനുള്ള വളവും ഉണ്ടായിരുന്നു
അവൻ തന്നെ ആ ജോലി ചെയ്യുകയും ചെയ്തു
മേനോൻ അവൻ വരുന്ന സമയം കാത്തിരിക്കാൻ തുടങ്ങിയത് അയാൾ പോലുമറിയാതെയായിരുന്നു.
അന്ന് നേഴ്സ് വരാൻ കുറച്ചു വൈകി
മോളുടെ ദേഹം തുടയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു അയാൾ ചെറിയ ഒരു തളർച്ച പോലെ തോന്നിയിട്ട് അയാൾ കസേരയിൽ ഇരുന്ന നേരത്താണവൻ വന്നത്
“എന്ത് പറ്റി? വിയർക്കുന്നുണ്ടല്ലോ?”
“ഷുഗർ കുറഞ്ഞതാണോ?
“ബിപി ഉണ്ടോ?”
ഒന്നിനും മറുപടി കിട്ടിയില്ല
“നിങ്ങൾ വാ തുറന്നു വല്ലോം പറ മനുഷ്യാ. എന്തെങ്കിലും ചെയ്യണ്ടേ? ഇല്ലെങ്കിൽ ചത്തു പോകുമെന്ന് “
പെട്ടെന്ന് ഒരു ശബ്ദം കേട്ടു
കല്യാണിയുടെ മേശയിൽ ഇരുന്ന ഒരു ഗ്ലാസ് നിലത്ത് വീണുടഞ്ഞിരിക്കുന്നു
അവളുടെ കൈകൾ മേശമേൽ…
“മോളെ…”
അയാൾ എഴുനേൽക്കാൻ ഭാവിച്ചെങ്കിലും ഇരുന്ന് പോയി
എബി കണ്ണീരോട് കൂടി അവളെ കെട്ടിപിടിച്ചു
“അച്ഛന്…അച്ഛന് ഷുഗർ ഉണ്ട് “
പൊട്ടി പൊട്ടി ഇടറി പുറത്തേക്ക് വന്ന വാക്കുകൾ
അവൻ അയാളെ ഒന്ന് നോക്കി
പിന്നെ അടുക്കളയിലേക്ക് ഓടി
പഞ്ചാര മധുരമിത്തിരി നാക്കിൽ ചെന്നപ്പോൾ അയാളുടെ ക്ഷീണം മാറി
“പറയാഞ്ഞത് നന്നായി. അത് കൊണ്ട് കല്യാണി മിണ്ടി ” എബി അയാളുടെ മുഖത്തെ വിയർപ്പ് തുടച്ചു പറഞ്ഞു
“കുറച്ചു റസ്റ്റ് എടുത്തോളൂ ഞാൻ നോക്കിക്കൊള്ളാം കല്യാണിയെ “
അവൻ അവളുടെ മുറിയിലേക്ക് പോയി
പിന്നെ അവളുടെ ദേഹം തുടച്ചു വസ്ത്രങ്ങൾ മാറ്റി കണ്ണെഴുതി പൊട്ട് തൊടീച്ച് അവളെ സുന്ദരിയാക്കി
“എന്റെ കൊച്ചിനെ കാണാൻ എന്നാ ഭംഗിയാ ” അവൻ കണ്ണാടി കാണിച്ചു കൊടുത്തു
അവൾ പുഞ്ചിരിച്ചു. പിന്നെ തിരിഞ്ഞവന്റെ കവിളിൽ ചുംബിച്ചു
എബിയുടെ കണ്ണ് നിറഞ്ഞു
“രാത്രി ആയി. ഞാൻ പോട്ടെ “
അവൻ എഴുന്നേറ്റു
“താൻ വീട്ടിൽ ഒറ്റയ്ക്കാണോ?”
കാറിലേക്ക് കയറാൻ പോകുകയായിരുന്നു അവൻ മേനോൻ ഉമ്മറത്ത് നിൽക്കുന്നു.
“ഉം “
“ഇന്ന് ഇവിടെ നിൽക്ക് “
അവൻ അമ്പരപ്പിൽ അയാളെ നോക്കി
“നാളെ രാവിലെ മോളെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകണം. താൻ കൊണ്ട് പോയ മതി “
എബി ഹൃദയം നിലച്ച പോലെ ഒന്ന് നോക്കി. അവൻ ഒന്ന് മൂളി
പിണക്കങ്ങൾ ഒക്കെ എത്ര വേഗത്തിൽ ആണ് ഇണക്കങ്ങളും ഇഴയെടുപ്പങ്ങളുമായ് മാറുന്നത്?
അനിലും എബിയും സുഹൃത്തുക്കളെ കണക്കായത് വളരെ പെട്ടെന്നായിരുന്നു
അവർ ഒന്നിച്ച് പൂന്തോട്ടം ഉണ്ടാക്കി.. നല്ല നല്ല ചെടികൾ കൊണ്ട് കൊടുക്കുമവൻ
ഞായറാഴ്ചകളിൽ കുക്കിംഗ് അവന്റെ വകയാണ്
ഉഗ്രൻ ബീ ഫും നല്ല പത്തിരിയും അവന്റെ മാസ്റ്റർ പീസാണ്
“ഇതൊക്കെ താൻ എങ്ങനെ പഠിച്ചു?’
കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ മേനോൻ ചോദിച്ചു
“ഒറ്റയ്ക്കല്ലേ സാറെ. സർവം പഠിക്കും. രുചി ഉള്ളത് വെച്ചു തരാൻ അമ്മയില്ലാത്തവന്റെയാ ഏറ്റവും ശാപം പിടിച്ച ഒരു ജന്മം “
അയാൾക്ക് ഒരു വേദന ഉള്ളിൽ നിറഞ്ഞു
“അടുത്ത ആഴ്ച മട്ടൻ ബിരിയാണി വെച്ചു തരാം “
“അതും അറിയോ?”
“പിന്നല്ല. അല്ല കോളെസ്ട്രോൾ വല്ലോമുണ്ടോ പിന്നെ പണി പാളരുത് “
“ഹേയ് ഇച്ചിരി ഷുഗർ മാത്രം…”
“എങ്കിൽ ഏറ്റു “
വീൽ ചെയർ ഉരുട്ടി കല്യാണി വരുമ്പോൾ ഉറക്കെയുള്ള ചിരി കേട്ടു അവൾ
“എന്നിട്ട് ബാക്കി പറ “
അച്ഛൻ പറയുന്നു
“എന്നിട്ട് അന്ന് ഞാൻ….”
കഥ നീളുകയാണ്…അവൾ അങ്ങോട്ട് ചെന്നു
“നല്ല ആളാ ഇപ്പൊ വരും ന്ന് കരുതി ഇത്രയും നേരം കാത്തു “
“അത് സർ ഓരോന്ന് പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ഇങ്ങനെ ഇരുന്ന് പോയി..”
“ഇപ്പൊ അച്ഛനെ മതി “
അവൾ പരിഭവിച്ചു അവൻ വിളറിപ്പോയി
അനിൽ ചിരിച്ചു
“എല്ലാ പെണ്ണിനുമുള്ള കുശുമ്പാ ഇത്. സാരമില്ല “
സത്യത്തിൽ അനിലിന്റെ അടുത്ത് ഇരിക്കാൻ അവന് വലിയ ഇഷ്ടമായി കഴിഞ്ഞിരുന്നു. അവൻ അയാളെ സ്നേഹിച്ചു തുടങ്ങി.
പിന്നെ ഒരു മഴക്കാലത്ത് കല്യാണി വീണ്ടും കോളേജിൽ പോയി തുടങ്ങി
എബിയും മേനോനും അവന്റെ വീട്ടിൽ ഒത്തു കൂടും
“ഈ ചിങ്ങത്തിൽ കല്യാണം നടത്തിയാലോന്നാ. പരീക്ഷ ഒക്കെ തീർന്നല്ലോ “
എബിയുടെ നെഞ്ചിടിപ്പ് കൂടി
“നിനക്ക് നീല നല്ല ഭംഗിയാ.. നീല ഷർട്ട് മതി. നീല കരയുള്ള മുണ്ടും.”
അവന്റെ കണ്ണ് നിറഞ്ഞു
“രജിസ്റ്റർ ഓഫീസിൽ വെച്ചു മതി. കല്യാണത്തിന് ചിലവാക്കുന്ന കാശ് കൊണ്ട് ഞാൻ മൂന്നാല് പെൺപിള്ളേരുടെ കല്യാണം നടത്താൻ പോവാ.. നീ വേണം എല്ലാം ചെയ്യാൻ. എന്റെ മക്കൾ പിണങ്ങി നിൽക്കുവാ. അവന്മാരുടെ ഒരു പിണക്കം… സാരമില്ല മാറിക്കൊള്ളും. പാവങ്ങള.”
അവൻ തല കുലുക്കി
“എബി?”
“എന്താ സാറെ?”
“നീ എന്നെ അച്ഛാ എന്നൊന്ന് വിളിക്കാമോ?”
എബിയുടെ കണ്ണ് നിറഞ്ഞൊഴുകി അവൻ മുന്നോട്ട് ആഞ്ഞു
അയാളെ കെട്ടിപ്പിടിച്ച് വിതുമ്പി കരഞ്ഞു
അനിലിന്റെ കണ്ണുകളും നിറഞ്ഞു.
“നിന്നേ ഇപ്പൊ എനിക്ക് വലിയ ഇഷ്ടമാ മോനെ “
അയാൾ മെല്ലെ പറഞ്ഞു
ഇഷ്ടം എന്നത് അങ്ങനെയാണ്
ഹൃദയത്തിൽ നിന്ന് ഒരു പുഴ ഒഴുകുന്ന പോലെ
അങ്ങനെ അങ്ങനെ അങ്ങനെ…
~Ammu Santhosh