എഴുത്ത്: മനു തൃശ്ശൂർ
====================
അമ്മയുടെ ബന്ധത്തിൽ ഉള്ള ഒരു കല്ല്യാണത്തിന് പോയപ്പോൾ ആയിരുന്നു..
നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷം ഞാൻ അമ്മുവിനെ കാണുന്നത്…
ആദ്യ നോട്ടത്തിൽ കണ്ണുകളിൽ അവളെനിക് അപരിചിതയായിരുന്നു..
എവിടെയൊ കണ്ടു മറന്ന മുഖം നെഞ്ചിലൊരു നീറ്റൽ മെല്ലെ ഓടി വന്നു…
ഇടയ്ക്കിടെ ഒളിക്കണ്ണിട്ട് നോക്കുമ്പോഴും മനസ്സ് അവളാരാണെന്ന് അറിയാൻ ശ്രമിക്കുമ്പോൾ ആയിരുന്നു..
ചെറിയച്ഛൻ്റെ മകളായ ആതു അവളെ കൈയ്യിൽ പിടിച്ച് എൻ്റെ അടുത്തേക്ക് വന്നു ചോദിച്ചു..
അനിച്ചേട്ടന് ആളെ മനസ്സിൽ ആയില്ലെ ഇത് അമ്മുവാണ് പറഞ്ഞപ്പോൾ….
ചെറു ചമ്മലോടെ അവൾക്ക് ഒരു ചിരി നൽകുമ്പോഴ ആതു വീണ്ടും പറഞ്ഞത്..
പെണ്ണാകെ മാറിയത് കൊണ്ട് അനിച്ചേട്ടന് മനസ്സിൽ ആയില്ലല്ലെ ..??
അവളുടെ വാക്കുകൾക്ക് ഞാൻ ചിരിച്ചത് അല്ലാതെ ഒന്നും പറയാൻ പോയില്ല..
അപ്പോൾ അവൾ വീണ്ടും നിങ്ങൾ സംസാരിക്ക് എന്ന് പറഞ്ഞു ആളുകൾക്ക് ഇടയിൽ മറഞ്ഞപ്പോൾ
അമ്മുവിൻ്റെ നോട്ടത്തിൽ ചെറിയ ചമ്മലും നാണവും ഒക്കെ ഉണ്ടെന്ന് ഞാനും അറിഞ്ഞു…
എങ്കിലും പതുക്കെ പതുക്കെ ഞങ്ങൾ അടുത്ത് കൂടി ഒരുപാട്. സംസാരിച്ചു പഴയത് ഒക്കെ പറഞ്ഞു ഓർത്തു ചിരിച്ചു..
ആ നിമിഷം ഇടയ്ക്കിടെ അവളൻ്റെ മുഖത്തേക്ക് നിശബ്ദമാവുകയും വെറുതെ കണ്ണിലേക്ക് നോക്കി ചിരിക്കുകയും ചെയ്യുമ്പോൾ അവളെന്തൊ പറയാതെ ഉള്ളിൽ അടക്കിപ്പിടിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നി..
അവളുടെ വിടർന്ന കണ്ണുകളും വാക്കുകൾ തപ്പി പിടിച്ച ചോദ്യങ്ങളും എനിക്ക് നെഞ്ചിലൊരു വിങ്ങലായ് തോന്നി..
അതു മറക്കാൻ ഞാനും അവളും മറ്റെന്തെങ്കിലും കാര്യങ്ങളിലേക്ക് കടക്കും..അല്ലെങ്കിൽ പരിചയക്കാരെ നോക്കി വെറുതെ ചിരിക്കും..
കല്ല്യാണ പെണ്ണിനും ചെക്കനും ഒപ്പം നിന്ന് ഫോട്ടോ എടുക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അവളെ വിട്ട് ഞാനും എന്നെ വിട്ടു അവളും മാറി നിന്നില്ല..
ഒടുവിൽ പുതുപ്പെണ്ണിനോട് യാത്ര പറഞ്ഞു തിരികെ വീട്ടിലേക്ക് പോവാൻ നേരത്ത്..
അവളെൻ്റെ മുന്നിൽ നിന്ന് സ്നേഹത്തോടെ ചിരിച്ചുതല്ലാതെ ഒന്നും പറഞ്ഞില്ല ..
മെല്ലെ തിരിഞ്ഞു ബൈക്കിന് അടുത്തേക്ക് നടക്കുമ്പോൾ അമ്മുവിനെ ഒന്ന് തിരിഞ്ഞു നോക്കാൻ മനസ്സ് കൊതിച്ചു നോക്കുമ്പോൾ
അവൾ എന്നെ തന്നെ നോക്കി അവിടെ നിൽക്കുന്നുണ്ടായിരുന്നു ..
മനസ്സ് എന്തുകൊണ്ടൊ അവളോട് മാത്രമായ് യാത്ര പറയാൻ കൊതിച്ചു മെല്ലെ ഞാൻ കൈ ഉയർത്തി കാണിച്ചു..
തിരികെ വീട്ടിലേക്ക് ഉള്ള യാത്രയിൽ മനസ്സിൽ മുഴുവൻ അവളായിരുന്നു
അവളുടെ നിറഞ്ഞ കണ്ണുകൾ എന്തൊ പറയാൻ വിതുമ്പുന്ന ചുണ്ടുകൾ..
വീട്ടിൽ എത്തിയപ്പോൾ എന്തൊ വല്ലാത്ത ക്ഷീണം പെട്ടെന്ന് മുറിയിൽ കയറി വാതിലടച്ചു കിടന്നു..
ഉറങ്ങാൻ ശ്രമിച്ചു കണ്ണുകൾ അടച്ചപ്പോൾ ഉറക്കം വരുന്നില്ല കണ്ണുകൾ തുറന്ന് അങ്ങനെ കിടന്നു..
നാവിൽ അമ്മുവെന്ന നാമം ഉതിർന്നു വിഴുന്നതായ് തോന്നി…
ആദ്യമായി അവളെ കണ്ടത് അമ്മാവൻ വീട്ടിൽ വെക്കേഷന് പോകുമ്പോൾ ആയിരുന്നു..
കീർത്തനയ്ക്കും സുരഭിക്കും അച്ചുവിനും ആതുവിനും കൂടെ അമ്മുവും ഉണ്ടാവും വെക്കേഷന് അവിടെ..
അന്നവൾ തനിച്ച് അടുത്ത് വരുമ്പോൾ ഒക്കെ എന്നോട്
അനുചേട്ടനെ എനിക്ക് ഇഷ്ടമാന്ന് പറഞ്ഞിട്ടുണ്ട്. .!!
ആ കാര്യം പലവട്ടം അവളെന്നോട് പറഞ്ഞിട്ടുണ്ട്..
ഒരിക്കൽ പോലും ഇഷ്ടമാണെന്നോ അല്ലെന്നൊ ഞാൻ പറഞ്ഞില്ല..
പോടീന്ന് പറഞ്ഞു ഞാൻ ചിരിച്ചു കൊണ്ട് അവളിൽ നിന്നും ഒഴിഞ്ഞു മാറും..
ആ നേരം അവൾ മുഖം വീർപ്പിച്ചു നിക്കും എന്നിട്ടു പറയും..
സുരഭിയെ ആവും അനുവേട്ടന് ഇഷ്ടം ലെ..അതല്ലെ എന്നോട് മിണ്ടാതെ എപ്പോഴും അവളോട് മിണ്ടുന്ന് ..
അതും പറഞ്ഞു അവൾ പിണങ്ങി പോവുമ്പോഴും എനിക്ക് അവളോട് സഹതാപം ഒന്നും തോന്നീല..
പക്ഷെ രാത്രി നേരങ്ങളിൽ എല്ലാവരും കൂടി ഇരുന്നു കഥകൾ പറയുമ്പോൾ എല്ലാം മറന്നു അവളെൻ്റെ അടുത്ത് വന്നിരിക്കും..
ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അവളാണ് എനിക്ക് ആഹാരം വിളമ്പി തരും എന്നിട്ട് എനിക്ക് ഒപ്പം വന്നിരുന്നു വാ തോരാതെ സംസാരിക്കും..
രാവിലെ ഉറക്കം മുറിഞ്ഞു ഉണർന്നു കിടക്കുമ്പോൾ വന്നു വിളിച്ചു ചോദിക്കും..
എണിറ്റില്ലെ എന്ന്…
പാടത്തിന് നടുക്കെ പടവുള്ള കുളത്തിൽ കുളിക്കാൻ പോവുമ്പോഴും നാണത്തോടെ അവൾ നോക്കി ചിരിക്കാറുണ്ട്..
നീന്തി തുടിച്ചു ശ്വാസം മുട്ടി ഞാൻ പടവുകളിൽ നിൽക്കും നേരം അവളെൻ്റെ അടുത്ത് വന്നു ചോദിക്കൂം..
അനുവേട്ടൻ എൻ്റെ ഒപ്പം അടിത്തട്ടിലേക്ക് വരുന്നോന്ന് .
ആ നേരം ഞാനും അവൾക്ക് ഒപ്പം ഓളപ്പരപ്പിൽ നിന്നും കുളത്തിൻ്റെ അടിത്തട്ടിലേക്ക് മുങ്ങാം കുഴിയിട്ടു താഴുമ്പോൾ അവളെൻ്റെ ഇരു കരങ്ങളിൽ മുറുകെ പിടിച്ചു മുഖത്തേക്ക് നോക്കും..
ഒരുദിവസം അപ്രതീക്ഷിതമായി അവളെൻ്റെ കവിളിൽ ഉമ്മ വച്ച് ഓടി അകന്നത് എനിക്ക് ദേഷ്യം വന്നെങ്കിലും ഞാനൊന്നും പറഞ്ഞില്ല..
ഉത്സവം ആവുമ്പോൾ അമ്മയൊക്കെ വരും… പക്ഷേ അവളുടെ അമ്മയെ മാത്രം ഞാൻ കണ്ടിട്ടല്ല..
ഓർമ്മ വച്ച നാളുത്തൊട്ട് എനിക്കുള്ള സംശയം ആയിരുന്നു അവളുടെ അമ്മയെ ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോന്ന്..
പക്ഷെ ഒരിക്കൽ പോലു ഞാൻ അത് അവളോട് ചോദിച്ചില്ലായിരുന്നു ഒടുവിൽ ഉള്ളിലെ സംശയം തിങ്ങി നിറഞ്ഞപ്പോൾ
എൻ്റെ അമ്മയിൽ നിന്നും ആയിരുന്നു അക്കാര്യം ഞാനറിഞ്ഞത് അവളുടെ അമ്മ ചെറുപ്പത്തിലെ ആരുടെയൊ കൂടെ ഓടി പോയെന്ന്..
ഒരുപക്ഷെ അതുകൊണ്ട് ആയിരിക്കും അവളുടെ മുഖം എപ്പോഴും വിഷാദം നിറഞ്ഞത് …
ഒരിക്കൽ പോലും ഒരമ്മയുടെ സ്നേഹം അനുഭവിക്കാൻ കഴിയാത്തവൾ അവൾക്ക് എന്നും അമ്മയായി ചെറിയമ്മ ആയിരുന്നു..
അമ്മാവൻ ആയിരുന്നു വീട്ടിൽ കൊണ്ട് വരുന്നതും തിരികെ കൊണ്ട് പോവുന്നതും എല്ലാം..
അവൾക്ക് വേണ്ടി മാത്രം കഷ്ടപ്പെടുന്ന അച്ഛൻ ..
പഴയത് എല്ലാം ഓർത്തപ്പോൾ നെഞ്ചിലൊരു ഭാരം..
വീട്ടിൽ എത്തിയിട്ടും മനസ്സിൽ നിറയെ അമ്മുവിൻ്റെ മുഖം ആയിരുന്നു..
ഇന്നും ഉള്ളിലൊരു ഇഷ്ടം കാത്തു സൂക്ഷിക്കുന്നത് പോലെ ആ ഇഷ്ടം അവൾ പറയാൻ കൊതിച്ചിരുന്നില്ലെ എന്നൊരു പിടച്ചിൽ നെഞ്ചിനുള്ളിൽ ഉണ്ടായി..
അവളുടെ കലങ്ങി തുളുമ്പിയ കണ്ണുകളും നിറമങ്ങിയ പുഞ്ചിരിയും മനസ്സിൽ തെളിഞ്ഞു വന്നപ്പോൾ..
അറിയാതെ അവളെ ഞാൻ ഇഷ്ടപ്പെട്ടു പോവുന്നത് എനിക്ക് തോന്നിയപ്പോൾ വീണ്ടും കാണാനും ഒരുപാട് മിണ്ടാനും തോന്നി..
മാസങ്ങൾക്ക് ശേഷം വീട്ടിൽ എനിക്ക് ഒരു കല്ല്യാണ ആലോചന പറഞ്ഞപ്പോൾ ആയിരുന്നു ഞാൻ അമ്മയോട് പറഞ്ഞത്..
അമ്മുവിനെ എനിക്ക് ഇഷ്ടം ആണെന്ന് അവളെ കല്ല്യാണം നോക്കിയാലൊ എന്ന്..
ആദ്യം അമ്മ ചെറിയ എതിർപ്പ് പറഞ്ഞു എങ്കിലും അമ്മ സമ്മതം പറഞ്ഞു ഞാൻ അവളെ പെണ്ണു കാണാൻ ചെന്നപ്പോൾ ആ കാര്യം അവൾക്ക് അറിയില്ലായിരുന്നു..
അന്ന് അവളെ കാത്തു പ്രതീക്ഷയോടെ നോക്കി ഇരിക്കുമ്പോൾ താല താഴ്ത്തി പിടിച്ചു അവളൻ്റെ മുന്നിൽ വന്നത്..
അപ്രതീക്ഷിതമായി എന്നെ കണ്ടതും അപ്പോൾ അവളുടെ മുഖത്ത് ഉണ്ടായ ഭാവം സന്തോഷമാണൊ അത്ഭുതമാണൊ കണ്ണുനീർ ആണൊ എനിക്ക് അറിയില്ല …
അമ്മുവിന് ആളെ ഇഷ്ടമായൊ.. എന്ന് അടുത്തിരുന്ന ചെറിയച്ഛൻ ചോദിച്ചപ്പോൾ..
അവളൊന്നു മൂളി.. തിടുക്കപ്പെട്ട് നടന്നു മറയുമ്പോൾ അവളുടെ കാലടികളിലെ മൃദുവായ സ്പാർശം എൻ്റെ മനസ്സിൽ തുടിപ്പുകളിൽ തൊടുന്നുണ്ടായിരുന്നു..◾
~മനു തൃശ്ശൂർ