ആദ്യഭാര്യ….
Story written by Sumayya Beegum T A
=======================
ആദ്യമായി ചുംബിച്ച ചുണ്ടുകൾ.
ആദ്യമായി പുണർന്ന കരങ്ങൾ.
ആദ്യമായി ചേർത്തണച്ച നെഞ്ചകം.
അതിലൊക്കെ ഉപരി ആദ്യമായി സ്വന്തമെന്നു തോന്നിയ ആൾ.
ഇതൊന്നും പങ്കുവെക്കാൻ വയ്യ. ഫാത്തിമയുടെ ഹൃദയമിടിപ്പിന് ശക്തിയേറി. കഴുത്തിലെ മഹർ മാല കൈകളിൽ ഞെരിക്കവേ അഗ്നി പാറുന്ന കണ്ണുകൾ ഉടലിനെ പൊള്ളിച്ചു.
ഫാത്തിമ, ഇതൊന്നും ലോകത്തു അദ്യ സംഭവം അല്ല. ആരോഗ്യമുള്ള, സമ്പത്തും കാര്യശേഷിയും ഉള്ള ഒരാണിന് എത്ര പെണ്ണിനെ വേണമെങ്കിലും കെട്ടാം. നമ്മുടെ മതത്തിൽ അത് അനുവദനീയവും ആണ്. പിന്നെ ആകെയുള്ള തടസ്സം ഭാര്യയുടെ സമ്മതം മാത്രമാണ്. നീ പൂർണ മനസോടെ സമ്മതിച്ചാൽ രസ്നയെ നാളെ ഈ വീട്ടിൽ നിക്കാഹ് കഴിച്ചു ഞാൻ കൊണ്ടുവരും. നിങ്ങൾ രണ്ടുപേരെയും ഒരുപോലെ ഞാൻ സംരക്ഷിക്കും. നിനക്കും നിന്റെ മക്കൾക്കും അവകാശപെട്ടതൊക്കെ നൽകും എന്നുമാത്രം അല്ല എന്റെ ബീവിയായി തന്നെ നിനക്കിവിടെ കഴിയാം. അല്ലെങ്കിലും പൊന്നെ നിന്റെ ശരീരം ഒരിക്കലും ഈ ഫിറോസ് മടുക്കില്ല.
എന്താണ് മോൾ ഒന്നും പറയാത്തത്?
വയറിന് മീതെ വട്ടം ചുറ്റിപിടിച്ചു കഴുത്തിൽ മുഖം ഉരുമി അവളുടെ ശരീരം അയാളിലേക്ക് പരമാവധി അടുപ്പിച്ചു ഫിറോസ് ചോദിച്ചു.
നിറഞ്ഞു തുളുമ്പുന്ന കണ്ണുകളെ മറച്ചു സ്വരം ഇടറാതെ ഫാത്തിമ ചോദിച്ചു.
ഞാൻ സമ്മതിച്ചില്ലെങ്കിലോ ?
അവളുടെ കഴുത്തിൽ വേദനിപ്പിക്കുന്ന തരത്തിൽ ഒരു ക ടി കൊടുത്തു ഫിറോസ്.
ആാാ അല്ലാഹ് ?ഫാത്തിമ പിടഞ്ഞുപോയി.
നീ സമ്മതിക്കും. സമ്മതിച്ചില്ലേൽ നീയും നിന്നിലുള്ള എന്റെ രണ്ടുമക്കളും പടിക്കു പുറത്തു. മുക്രി അഹമദ് കുട്ടിയുടെ ദരിദ്ര ചട്ടിയിൽ മൂത്തമോൾക്കും മക്കൾക്കും കൂടെ ഇനി വെച്ചു വിളമ്പാം. വയ്യാത്ത ഉമ്മയും കെട്ടുപ്രായം കഴിഞ്ഞ നിന്റെ അനിയത്തിയും പഠിച്ചോണ്ടിരിക്കുന്ന ആ നത്തോലി അനിയനും കൂടെ നിന്നെ പ്രാകി കൊല്ലും.
എന്നെ അനുസരിച്ചാൽ എല്ലാം പഴയപോലെ ഇല്ലേൽ നീ അനുഭവിക്കും.
ആലോചനക്കും സമ്മതത്തിനും ഒന്നും കാത്തിരിക്കാൻ ഫിറോസ് നിന്റെ അടിമ അല്ല. കോടികളുടെ ആസ്തി ഉള്ള ഞാൻ നിന്നോട് ചെയ്യുന്ന ചെറിയ ഒരു ഔദാര്യം. വൈകിട്ട് എനിക്ക് മറുപടി വേണം. സമ്മതം എങ്കിൽ കല്യാണ ഒരുക്കങ്ങൾ തുടങ്ങും ഇല്ലെങ്കിൽ എടുക്കാനുള്ളത് എന്താണെന്നു വെച്ചാൽ എടുത്തുകൊള്ളൂ ഇന്ന് തന്നെ നിന്നെ വീട്ടിൽ കൊണ്ടു വിടും.
ഫിറോസ് ദേഷ്യത്തോടെ മുറിയിൽ നിന്നും പോയി.
കത്തിയേക്കാൾ മുറിവേല്പിക്കാൻ നാവിനു കഴിയും, ഈ നിമിഷത്തിനു മുമ്പ് മരണം സംഭവിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചുപോകുന്നു.
നാഥാ ഇതെന്തൊരു പരീക്ഷണമാണ് ?എന്തിനു നീ പെണ്ണിനെ ഇത്രയും അബലയാക്കി?എന്തിനവളെ പെട്ടന്ന് സന്തോഷിക്കുന്നവളും പിന്നെ അതിലേറെ കരയേണ്ടവളും ആക്കി സൃഷ്ടിച്ചു?
മെത്തയിലേക്കു വീണു പൊട്ടിക്കരയവേ ഫിറോസിനെ ആദ്യം കണ്ടതോർമ വന്നു.
കയ്യിൽ മുന്തിരി ജ്യൂസ് നിറച്ച ഗ്ലാസ്സുമായി പിടയ്ക്കുന്ന ഹൃദയത്തോടെ മിഴികൾ ഉയർത്തി നോക്കിയപ്പോൾ കണ്ട സുന്ദര മുഖം.
ചെക്കന് പെണ്ണിനോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ വാതിൽ മറവിൽ നഖം കടിച്ചു നാണിച്ചു നിന്ന എന്റെ കാതിൽ ആദ്യമായി പതിഞ്ഞ ആ ശബ്ദം.
പെണ്ണ് സുന്ദരി ആയിരിക്കും എന്നോർത്തു പക്ഷേ ഇത്ര അങ്ങ് മോഹിപ്പിക്കും എന്ന് കരുതിയില്ല.നിന്നോട് എന്നെ ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുന്നില്ല. കാത്തിരുന്നോളിൻ ഒരു താലിയുമായി ഫിറോസ് വരും. വേറാർക്കും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല.
മുല്ലപ്പൂവും അത്തറും മണക്കുന്ന ആദ്യ സമാഗമം. ഒരു താമരവള്ളിപോലെ തളർന്നുമയങ്ങിയ എത്ര രാവുകൾ. പൂനിലാവ് പോലത്തെ രണ്ടു കുഞ്ഞുങ്ങൾ. എത്ര സന്തോഷകരമായിരുന്നു ജീവിതം. പിന്നെ എപ്പോഴാണ് എല്ലാം കീഴ്മേൽ മറിഞ്ഞത്.
ബിസിനസിലെ വളർച്ചക്കൊപ്പം ഫിറോസ് മാറുക ആരുന്നു. ബിസിനസ് ലോകത്തെ രാജാവിന് ആരാധകർ കൂടി. അങ്ങനെ ഒരു ക്യാമ്പസിലെ പ്രോഗ്രാം ഉൽഘാടനത്തിനു പോയപ്പോൾ ആണ് രസ്നയെ പരിചയപ്പെടുന്നത്. പിന്നെ ഒന്നുരണ്ടു വട്ടം രസ്നയും കൂട്ടുകാരും വീട്ടിൽ വന്നു. ബിസിനസ് സ്റ്റഡീസ് നടത്തുന്ന അവർക്കു ഇന്റർവ്യൂ ചെയ്യാനും സെമിനാറിൽ മുഖ്യ പ്രഭാഷണത്തിന് ക്ഷണിക്കാനും ഒക്കെ.
വളരെ പെട്ടന്ന് തന്നെ ഫിറോസും രസ്നയും അടുത്തു. ആരും നോക്കിപോകുന്ന വശ്യതയുള്ള ആ സുന്ദരിക്കൊച്ചിനു അവരുടെ ഭാഷയിലെ ഫ്രീക്കനായ ഫിറോസിനെ സ്വന്തമാക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ടാവില്ല.
പിന്നെ അവരുടെ പ്രണയത്തിന്റെ ദിവസങ്ങൾ അധികപ്പറ്റായി ഞാനും മക്കളും. ഫിറോസ് കൂടുതൽ ചെറുപ്പമായി. ജീവിതം കൂടുതൽ ആഘോഷമാക്കി. പക്ഷേ എല്ലാം ഒരുപാട് വൈകിയാണ് ഞാൻ അറിഞ്ഞത്. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെ വല്ലപ്പോഴും കടമ തീർക്കാൻ മാത്രം എന്നിൽ ആഴ്ന്നിറങ്ങുന്ന ഫിറോസിന് ഞാൻ കിടന്നു കൊടുത്തു. ഒന്നും സത്യം ആകില്ല എന്നോർത്ത് വ്യഥ സമാധാനിച്ചു. പക്ഷെ തെളിവുകൾ കൂടിക്കൂടി വന്നു. ഉപ്പച്ചിയുമായി കറങ്ങുന്ന പെണ്ണിനെ മക്കൾ വരെ കാണാനിടയായി.
ഇതിനുമുമ്പ് ബന്ധത്തിലുള്ള ചില പെൺകുട്ടികൾ പറഞ്ഞറിഞ്ഞു രസ്ന മിടുക്കിയാണ് നിക്കാഹ് കഴിക്കാതെ ഒരു ചുറ്റികളിക്കും നിന്ന് തരില്ല എന്ന് ഫിറോസിനോട് പറഞ്ഞിട്ടുണ്ടത്രെ. അവര് പേരുകേട്ട കുടുബക്കാരാണ്. ഒരു പരിധിക്കപ്പുറം ഒരുമിക്കാൻ സാഹചര്യങ്ങൾ അനുകൂലമല്ലാരുന്നു. അതൊക്കെ എനിക്ക് ഒരു പ്രതീക്ഷ ആയിരുന്നു. വൈകി എങ്കിലും ഫിറോസ് തെറ്റ് തിരുത്തും എന്നുറച്ചു വിശ്വസിച്ചു.
ഇന്നലെ മൂത്തമോനൊപ്പം താമസിക്കുന്ന ഫിറോസിന്റെ ഉമ്മ വന്നിരുന്നു. ഫാത്തിമ ഇനി ഒന്നും അറിഞ്ഞില്ല എന്ന് നീ നടിക്കണ്ട. നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാതെ അവളെ കൂടെ നിക്കാഹ് ചെയ്തു കൊണ്ടു വരാൻ ഞങ്ങൾ അവനോടു പറഞ്ഞു. നീ ആയിട്ട് അതിനു എതിരു നിൽക്കണ്ട. അറിയാല്ലോ അവന്റെ സ്വഭാവം.
രസ്നയുടെയും ഫിറോസിന്റെയും ബന്ധത്തെ വീട്ടുകാർ എതിർക്കും എന്നൊക്കെ കരുതി. പക്ഷേ ഒന്നും ഉണ്ടായില്ല എന്ന് മാത്രമല്ല രണ്ടു വീട്ടുകാർക്കും സമ്മതം ഇനി ഒറ്റ കടമ്പയെ ഉള്ളൂ അത് ഞാൻ മാത്രമാണ്.
അതാണ് ഇന്നലെയും ഉമ്മയും ഇന്ന് മകനും തന്നോട് ആവശ്യപ്പെടുന്നത്. ഇതുവരെ ഈ കാര്യം സമ്മതിക്കാതിരുന്ന ആൾ എത്ര പെട്ടന്ന് നിസാരമായാണ് ഇന്ന് തന്നോട് സമ്മതം ആവശ്യപ്പെട്ടത്.
കുറെ നേരത്തെ കരച്ചിലിനു ശേഷം ഫാത്തിമ ഉറച്ച ഒരു തീരുമാനം എടുത്തു. ഫിറോസിനെ ഫോൺ ചെയ്തു.
എനിക്ക് ഒരു സമ്മതക്കുറവും ഇല്ല പക്ഷെ നാളെ രസ്നയുടെ ആവുന്നതിനു മുമ്പ് ഈ ഒരു രാത്രി എനിക്കൊപ്പം ഇക്കാ ഉണ്ടാവണം. വർഷങ്ങൾക്കു മുമ്പത്തെ പോലെ ഒരു ആദ്യരാത്രി.
മറുത്തൊന്നും പറയാതെ ഫിറോസ് സമ്മതിച്ചു.
മെത്തയും റൂമും മുല്ലമാലകൾ കൊണ്ടു അലങ്കരിച്ചു, പുതുപെണ്ണിനെ പോലെ ഒരുങ്ങി കാത്തിരുന്നു. മക്കളെ രണ്ടുപേരെയും ഡ്രൈവറോട് പറഞ്ഞു സ്വന്തം വീട്ടിലാക്കി.
ഫിറോസിനെ വിളിച്ചപ്പോൾ എട്ടുമണി ആവുമ്പോൾ എത്തും എന്നാണ് പറഞ്ഞത് പക്ഷെ ഇപ്പോൾ സമയം ഒമ്പത്. വിളിച്ചിട്ട് കിട്ടുന്നുമില്ല.
അരമണിക്കൂർ കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു. വാതിൽ തുറന്നപ്പോൾ ഉപ്പയും ഉമ്മയും.
മോളെ വിഷമിക്കരുത്, മ്മടെ ഫിറോസിന് ഒരു ചെറിയ അപകടം പറ്റി. ഐ സി യുവിൽ ആണ്. വാ നമുക്ക് അവിടെ വരെ പോകാം.
തലകറങ്ങി താഴെ വീഴുന്ന മകളെ താങ്ങാനായി ഉപ്പ അടുത്തേക്ക് ചെന്നെങ്കിലും അതൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല സൗമ്യയായി ഫാത്തിമ പറഞ്ഞു ഉപ്പ ഇരിക്കിൻ ഞാൻ വരുന്നു.
റൂമിലെത്തി ബെഡിനരികിൽ ചെറിയ മേശമേൽ വെച്ചിരുന്ന ട്രേയിലെ രണ്ടു ഗ്ലാസ്സുകൾ കയ്യിലെടുത്തു. രണ്ടിലും പ്രണയം പോലെ ലഹരിപിടിപ്പിക്കുന്ന മുന്തിരി വീഞ്ഞ്. അതെടുത്തു വാഷ് ബേസിനിലേക്കു ഒഴിച്ചു. മുന്തിരിനീരിനൊപ്പം പതഞ്ഞു നുരപൊന്തിയ വിഷം ആരും കണ്ടില്ല.
ആശുപത്രിയിൽ ഓപ്പറേഷൻ റൂമിന് വെളിയിൽ വന്ന ഡോക്ടർമാർക്ക് ഒരു മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളു. ഫിറോസ് ഇനി എഴുന്നേൽക്കില്ല. ബാക്കിയുള്ള മനുഷ്യായുസ്സു ഒരു ജീവച്ഛവമായി ജീവിച്ചു തീർക്കാം.
അപകടം നടന്നതറിഞ്ഞു ഓടിയെത്തിയ രസ്നയുടെ ബന്ധുക്കൾ വിവരങ്ങൾ അറിഞ്ഞപ്പോൾ അധികം താമസിയാതെ രസ്നയേം കൊണ്ടു സ്ഥലം കാലിയാക്കി. വൈകാതെ തന്നെ നല്ലൊരുത്തനുമായി അവളുടെ നിക്കാഹും നടത്തി.
ഉണ്ടാക്കിയെടുത്ത സാമ്രാജ്യങ്ങൾക്കും കൂമ്പാരം കൂട്ടിയ സ്വത്തിനും നടുവിൽ ചലനമില്ലാതെ കിടക്കുന്ന ഫിറോസിനെ എല്ലാരും അവഗണിച്ചു സ്വന്തം ഉമ്മ പോലും മടുത്തു തുടങ്ങി. പക്ഷേ ഫാത്തിമ തന്റെ കടമകൾ തുടർന്നു. ഒരു കുറവും വരാതെ അവനെ പരിപാലിച്ചു. ഓഫീസിലെ കാര്യങ്ങളും പഠിച്ചെടുത്തു നടത്താൻ തുടങ്ങി.
കുളിപ്പിച്ചു വസ്ത്രം ധരിപ്പിക്കുമ്പോഴും വാരി കൊടുക്കുമ്പോഴും മാലിന്യങ്ങൾ നീക്കി വൃത്തി ആകുമ്പോഴും ഒരിക്കൽ പോലും അവൾ ആ മുഖത്തു നോക്കി ഇല്ല. സ്നേഹത്തോടെ തലോടിയില്ല. അവനെ ഓർത്തു കരഞ്ഞില്ല.
അത്രത്തോളം അകന്നുപോയ ഫാത്തിമയുടെ മനസ്സ് സദാ നാഥനെ സ്തുതിച്ചു. മുന്തിരി ചാറിൽ വിഷം ചേർത്തു താൻ കൊ ല പ്പെടുത്താൻ തീരുമാനിച്ച ഒരാളെ കാണാനും കൂടെ ജീവിക്കാനും ജീവിതകാലം മൊത്തം പരിചരിക്കാനും അനുവദിച്ചതിനു, സ്വയം താനും ജീവനൊടുക്കാൻ തീരുമാനിച്ചപ്പോൾ ഒറ്റപെട്ടു പോകുമായിരുന്ന തന്റെ മക്കളെ യത്തീം മക്കളാക്കാതെ കാത്തുസൂക്ഷിച്ചതിനു അവളെത്ര നന്ദി പറഞ്ഞാൽ ആണ് മതിയാവുക.
എന്നും സ്കൂൾ വിട്ടു വരുമ്പോൾ അരമണിക്കൂർ വാപ്പക്കൊപ്പം ചെലവഴിക്കണം എന്ന് മക്കൾക്ക് കർശന നിർദ്ദേശം കൊടുത്തിരുന്നു. അന്നത്തെ എല്ലാ വിശേഷങ്ങളും അവര് പറഞ്ഞുകേൾപ്പിക്കുമ്പോൾ ഫാത്തിമയും അവരോടൊപ്പം കഥകൾ കേട്ടിരിക്കും . നന്മയുള്ള കുഞ്ഞുങ്ങൾ ആയിരുന്നു അവര് അതുകൊണ്ട് തന്നെ വാപ്പക്കൊപ്പം ഇരിക്കാനും ശുശ്രുഷിക്കാനും അവരും മത്സരിച്ചു. പക്ഷേ അപ്പോഴൊക്കെ ഫിറോസ് ഫാത്തിമയെ തന്നെ നോക്കിയിരുന്നു അവൾ കണ്ണുകൾ വെട്ടിച്ചു കണ്ടില്ലെന്നു നടിച്ചു.
അവളുടെ മനസ് അപ്പോഴൊക്കെ ആവർത്തിച്ചു. ക്ഷമിക്കാൻ പറ്റില്ല ഫിറോസ്, ഈ അവസ്ഥ വന്നിരുന്നില്ലെങ്കിൽ എന്നെയും മക്കളെയും കറിവേപ്പില പോലെ വലിച്ചെറിയുമായിരുന്ന നിങ്ങളെ സ്നേഹിക്കാൻ വയ്യ. മാപ്പ്…
ഫിറോസ് കണ്ണുകളാൽ ഫാത്തിമയോട് എന്നും ക്ഷമ ചോദിച്ചു. അവളുടെ മനസുമാറുന്ന ദിനത്തിനായി കാത്തിരുന്നു….
(സുഹൃത്തുക്കളെ, ഒറ്റനോട്ടത്തിൽ ഇതൊരു പൈങ്കിളി കഥ. മതനിയമത്തിനെ വളച്ചൊടിച്ചു വീണ്ടും മണവാളനാകുന്ന ഭർത്താവിനോട് ഒരു ഭാര്യ ക്ഷമിക്കുമോ ?അങ്ങനെ ഒക്കെ പകുത്തു വെക്കാൻ പറ്റുന്ന ഒന്നാണോ ദാമ്പത്യം? ആണെങ്കിൽ അതിൽ എത്ര മാത്രം ആദ്യ ഭാര്യ നീറുന്നുണ്ടാവും ? എന്താണ് നിങ്ങളുടെ അഭിപ്രായം )