പൊട്ടിത്തെറികൾ ❤
Story written by Bindhya Balan
=====================
“നിനക്കെന്നോട് സംസാരിക്കാൻ സമയമില്ലെങ്കിൽ പിന്നെന്നാ കോ പ്പി നാ ടി ഫ്രണ്ട് ആണെന്നും പറഞ്ഞ് നടക്കണേ.. എന്നോട് സംസാരിക്കാൻ മാത്രം അവൾക്ക് സമയമില്ല….. വേണ്ടെങ്കിൽ കളഞ്ഞിട്ട് പോടീ “
ഫോൺ എടുക്കാൻ ഇത്തിരി വൈകിയതിന്റെ പേരിൽ നാളെ തന്നെ എനിക്ക് നിന്നെ കാണണമെന്ന് പറഞ്ഞു വന്ന ഇച്ചായൻ , മറൈൻഡ്രൈവിലെ ആ മരത്തണലിലിരുന്നു വായിൽ തോന്നിയതൊക്കെ പറഞ്ഞ് ദേഷ്യം കൊണ്ട് വിറയ്ക്കുന്നത് കണ്ട് എന്ത് പറയണമെന്നറിയാതെ മിഴിച്ചിരിക്കുകയായിരുന്നു ഞാൻ.
പരസ്പരം നല്ല കൂട്ടുകാരായിട്ട് രണ്ട് വർഷത്തോളമായെങ്കിലും ആ രണ്ട് വര്ഷത്തിനിടയ്ക്ക് ഒരിക്കൽപ്പോലും ഞങ്ങൾ ദേഷ്യപ്പെടുകയോ വഴക്കുണ്ടാക്കുകയോ ചെയ്തിട്ടില്ല..
“ഇച്ചായനെന്തിനാ ഇങ്ങനെ ദേഷ്യപ്പെടണേ.. ഞാൻ എന്താ ചെയ്തത് അതിന്..ഫോൺ എടുക്കാൻ ലേറ്റ് ആയതോ?”
കണ്ണീരിന്റെ പാട കെട്ടിയ സ്വരത്തോടെ ഞാൻ അത് ചോദിക്കുമ്പോൾ ഇച്ചായൻ മറ്റൊരു ചോദ്യമെന്നോട് തിരിച്ചു ചോദിച്ചു
“പറയാനെനിക്ക് സൗകര്യമില്ല.. പക്ഷെ എനിക്ക് വേറൊരു കാര്യം ചോദിക്കാനുണ്ട് നിന്നോട്.. അതിന് മുൻപ്, ഇന്ന് തന്നെ എനിക്ക് കാണണമെന്ന് പറഞ്ഞപ്പോ നീയെന്നാത്തിനാ ഓടി വന്നത്.. അതൊന്നു പറഞ്ഞേ നീയാദ്യം “
സത്യത്തിൽ ഇച്ചായന്റെ ആ ചോദ്യത്തിൽ എനിക്കുണ്ടായ പതർച്ചയും വിറയലും, നെഞ്ചിടിപ്പും അവിടെയുള്ള ആർക്കും കാണാനും കേൾക്കാനും പറ്റുന്ന വിധത്തിലായിരുന്നു.കഴിഞ്ഞ രണ്ട് വർഷമായി ആരുമറിയാതെ ഞാൻ ഉള്ളിൽ കൊണ്ട് നടക്കുന്ന ഇച്ചായനോടുള്ള എന്റെ പ്രണയം കയ്യോടെ പിടിക്കപ്പെടാൻ പോവുകയാണ് എന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെട്ട് വിക്കി വിറച്ച് ഞാൻ ഇച്ചായനോട് പറഞ്ഞു
“അത്.. അത്.. ഇച്ചായാ.. എനിക്കൊരു കാര്യം ഇച്ചായനോട് പറയാനുണ്ട്… അത് കൂടി പറയാനാ ഇച്ചായൻ ഇന്ന് വരാൻ പറഞ്ഞപ്പോത്തന്നെ ഞാനോടി വന്നത് “
“എന്നാടി കാര്യം.. പറയ് “
സ്വരം അല്പ്പം മയപ്പെടുത്തി ഇച്ചായൻ എന്റെയടുത്ത് വന്നിരുന്ന് ചോദിക്കുമ്പോ, ആ മുഖത്തേക്ക് പോലും നോക്കാനുള്ള ധൈര്യം എനിക്ക് ഉണ്ടായില്ല.. പ്രണയം മനുഷ്യനെ ദുർബലനാക്കുമെന്നു പറയുന്നത് എത്ര ശരിയാണെന്ന് എനിക്കപ്പോൾ മനസിലായി.
“നിന്റെ വയ്ക്കകത്തെന്നാ പഴമാണോടി… നീ എന്നാ പറയാനാ വന്നത്.. പറഞ്ഞു തുലയ്ക്ക്.. ഈ മിണ്ടാതെ തലേം താഴ്ത്തിയുള്ള ഇരിപ്പ് കണ്ടിട്ടെനിക്ക് കലി വരുന്നുണ്ട് പൊന്നുവേ “
ഒന്നും മിണ്ടാതെയുള്ള എന്റെ ഇരിപ്പും മൗനവും ഉണ്ടാക്കിയ ദേഷ്യത്തിലും സങ്കടത്തിലും ഇച്ചായൻ പൊട്ടിത്തെറിച്ചതും വലിയ വായിൽ നിലവിളിച്ച് കൊണ്ട് ഞാൻ പറഞ്ഞു
“ഇച്ചായാ എനിക്ക് ഇച്ചായനെ ഇഷ്ട്ടാണ്… രണ്ട് കൊല്ലമായി ഞാൻ ഇച്ചായനോടുള്ള ഇഷ്ടം ഉള്ളില് കൊണ്ട് നടക്കണേ..ഇനീം വയ്യ എനിക്ക്.. എനിക്ക് ഇച്ചായനെ വേണം.. ഇച്ചായനില്ലാതെ എനിക്ക് ജീവിക്കണ്ട… “
ഒറ്റശ്വാസത്തിൽ പറയാനുള്ളത് പറഞ്ഞിട്ട് എത്ര നേരം ഇച്ചായന്റെ അരികിലിരുന്ന് കരഞ്ഞു എന്ന് എനിക്ക് തന്നെ അറിയില്ല. മനസ്സിൽ അടക്കി പിടിച്ച പ്രണയം ഒരഗ്നിപർവതം കണക്കെ പൊട്ടിത്തെറിക്കുമ്പോൾ, അതിലും വലിയൊരു പൊട്ടിത്തെറി പ്രതീക്ഷിച്ച് ഒരു ഞെട്ടലോടെയാണ് ഞാൻ സ്ഥലകാല ബോധം വീണ്ടെടുത്തത്. പക്ഷെ ഇച്ചായന്റെ മുഖത്ത് നോക്കാൻ ധൈര്യമില്ലാത്തത് കൊണ്ട്, ഉപ്പ് കാറ്റിൽ ഓളം വെട്ടിക്കിടക്കുന്ന ആ കായലിലേക്ക് നോക്കി വെറുതെയിരുന്നു ഞാൻ . എങ്കിലും ഉള്ളിലുള്ളത് തുറന്നു പറഞ്ഞപ്പോൾ കിട്ടിയ ആശ്വാസത്തിൽ മനസ് നിറയുന്നുണ്ടായിരുന്നു
“ഡീ…. നീയെന്റെ മുഖത്തേക്കൊന്നു നോക്കിയെ “
പ്രേത്യേകിച്ചൊരു വികാരവുമില്ലാത്ത സ്വരത്തിലാണ് ഇച്ചായനെന്നെ വിളിച്ചത്
” നേരാണ് ഇച്ചായാ ഞാൻ പറഞ്ഞത്.. ഇച്ചായനെ പരിചയപ്പെട്ട കാലം മുതൽക്കേ എനിക്ക് ഇഷ്ട്ടാണ് നിങ്ങളെ.. ഇത്രയും കാലം പേടിച്ചിട്ടാ പറയാതിരുന്നത്.. പറഞ്ഞാല് ഇച്ചായൻ ഞാനുമായുള്ള ഫ്രണ്ട്ഷിപ്പ് പോലും വേണ്ടന്ന് വെച്ചാലോന്നോർത്ത് “
അടക്കിപ്പിടിച്ച തേങ്ങലോടെ ഇച്ചായന്റെ മുഖത്ത് നോക്കാതെ തന്നെ ഞാൻ പറഞ്ഞു നിർത്തി..
“എന്നിട്ട് ഇപ്പൊ പറയാൻ നിനക്ക് പേടിയുണ്ടായില്ലേ…. “
“മ്മ്… ” ഞാൻ വെറുതെ മൂളി
“എന്തെങ്കിലും ചോദിച്ചാൽ നത്തു മൂളണ പോലെ മൂളരുതെന്നു ഞാൻ പറഞ്ഞിട്ടുണ്ട്..നീയാള് കൊള്ളാല്ലോ.. ആ എന്തായാലും നിന്റെ ഇഷ്ടം നീ അറിയിച്ചു.. എന്റെ മറുപടി വേണ്ടേ നിനക്ക്? “
ഇച്ചായന്റെ കനത്ത സ്വരം കാതിനെ പൊളിക്കുന്നത് പോലെ തോന്നിയെനിക്ക്.എങ്കിലും വേണം എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി..
“ന്നാ കേട്ടോ എനിക്ക് നിന്നെ ഇഷ്ട്ടമല്ല…എനിക്ക് വേറൊരു പെങ്കൊച്ചിനെയാ ഇഷ്ടം… അവള് മതി എനിക്ക്… നീ ശരിയാവില്ല.. “
ഇച്ചായൻ പറഞ്ഞത് കേട്ട് തിരിച്ചൊന്നും പറയാനില്ലാതെ മുഖം പൊത്തി കരയുമ്പോൾ ആ നിമിഷമങ്ങു മരിച്ചാൽ മതിയെന്ന് തോന്നിപ്പോയി .. അത്രമേൽ അത്രമേലിഷ്ടം തോന്നിയ,പ്രാണനായ ഒരുവൻ എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണ് എന്ന തിരിച്ചറിവോടെ, കണ്ണുകൾ തുടച്ച് പോകാനായി എഴുന്നേൽക്കുമ്പോഴാണ് കൈത്തണ്ടയിൽ ഇച്ചായന്റെ പിടുത്തം വീണത്.
“ഒറ്റയ്ക്ക് പോകുവാണോ.. അപ്പൊ ഇച്ചായൻ വരണ്ടേടി? “
“ആ പോകുവാ… ഇനി ഞാൻ എന്തിനാ… എന്റെ ആവശ്യം ഇല്ലല്ലോ… “
മുഖം വീർപ്പിച്ചു വീർപ്പിച്ചു അങ്ങനെ പറഞ്ഞ് ഇച്ചായന്റെ കൈ വിടുവിച്ചു വിങ്ങിപ്പൊട്ടുമ്പോഴാണ് എടുത്തടിച്ചത് പോലെ ഇച്ചായൻ ചോദിച്ചത്
“അപ്പൊ നീയില്ലാതെങ്ങനാടി ഇച്ചായൻ ജീവിക്കണേ.. നീ അതൊന്നു പറഞ്ഞേ “
എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ മിഴിച്ചു നിൽക്കുന്ന എന്നെ വീണ്ടും ആ ബഞ്ചിൽ പിടിച്ചിരുത്തിയിട്ട് കുറച്ചു നേരം എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നിട്ട് ഇച്ചായൻ പറയാൻ തുടങ്ങി
“നീയെന്നെ കാണാൻ തുടങ്ങീട്ട് എത്ര കാലമായെടി? ഇന്നലെ നീയൊന്നു ഫോൺ എടുക്കാൻ ലേറ്റ് ആയതിനു നിന്നെ ഞാൻ എന്തോരം ചീത്ത പറഞ്ഞ് .. ഇന്നിപ്പോ ഈ നിമിഷം വരെയും ഞാൻ എന്തും പറഞ്ഞാണ് നിന്റെയടുത്തു ഒച്ച വച്ചത്.?എന്നിട്ടും നിനക്ക് ഒന്നും മനസിലായില്ലേ? ഒരു പത്ത് മിനിറ്റ് നിന്നെ വിളിക്കാതിരുന്നാ പ്രാന്ത് പിടിക്കും പൊന്നുവേ എന്ന് എത്ര തവണ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടെടി.. നീയില്ലാത്തൊരു നിമിഷം പോലും ഈ മൂന്ന് കൊല്ലത്തിനിടയ്ക്ക് എനിക്ക് ഉണ്ടായിട്ടുണ്ടോ…കാലം കുറെയായില്ലേ നീയെന്റെ കൂടെ കൂടീട്ട്… ഇനി നീയെന്നെ എന്ന് മനസ്സിലാക്കാനാണ് പൊന്നൂ?
ചോദ്യങ്ങൾ കൊണ്ട് വീർപ്പുമുട്ടി ഒന്നിനും മറുപടി പറയാൻ പറ്റാതെ തരിച്ചിരിക്കുകയായിരുന്നു ഞാൻ. എന്നിൽ നിന്ന് പ്രതികരണമൊന്നും കാണാഞ്ഞ് ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് എനിക്ക് നേരെ വിരൽ ചൂണ്ടി ഇച്ചായൻ പറഞ്ഞു
“ഇനീം നിന്റെ മുഖത്ത് നോക്കി ഐ ലവ് യൂന്നു പറഞ്ഞാലേ നിനക്ക് എന്റെ സ്നേഹം മനസിലാവത്തൊള്ളോടി …. അങ്ങനെ പറയാൻ എനിക്ക് മനസില്ല… രഘുനാഥിന് ഇങ്ങനെ പ്രണയിക്കാനേ അറിയൂ..” അത്രയും പറഞ്ഞു നിർത്തിയിട്ട് , ഒക്കെ കേട്ട് അന്ധാളിച്ചു നിൽക്കുന്ന എന്റെ മുഖത്തേക്ക് നോക്കി വിരൽ ചൂണ്ടി “നീ എന്നെ പറ്റുമെങ്കിൽ പ്രണയിച്ചയാ മതിയെന്നൊന്നും ഞാൻ പറയുകേല.. .മര്യാദയ്ക്ക് എന്നെ സ്നേഹിച്ചോണം… എന്നിട്ട് എന്റെ കെട്ട്യോൾ ആയിട്ട് എന്റെ പിള്ളേരേം പെറ്റു കൂടെ കഴിഞ്ഞോണം കേട്ടല്ലോ? ” എന്നൊരു താക്കീത് എന്ന പോലെ പറയുമ്പോൾ ആ മുഖത്തെ കള്ള ഗൗരവം എന്നിൽ ചിരി പടർത്തി.
സത്യം പറഞ്ഞാൽ, ജീവിതത്തിൽ ആ നിമിഷം സന്തോഷിച്ചത് പോലെ ഞാൻ മുൻപൊരിക്കലും സന്തോഷിച്ചിട്ടില്ല… കണ്ണിൽ നിന്ന് കുടുകുടാ കണ്ണുനീരൊഴുകുമ്പോഴും ഞാൻ ചിരിച്ചു…
“എന്നാടി ചിരിക്കണേ… ഇപ്പൊ നിന്റെ പേടിയൊക്കെ പോയോ…. നിന്നെ സ്നേഹിച്ചില്ലേൽ പിന്നെ വേറേ ഏതവളെ സ്നേഹിക്കനാടി ഞാൻ…. നീയില്ലെ ഇച്ചായനൊണ്ടോ…. അത് പോലും മനസിലാവത്തൊരു പോ* ത്തിനെയാണല്ലോ ഈ എനിക്ക് കിട്ടിയത് ” എന്ന് ചോദിച്ച് അരികെ വന്നിരുന്ന് മെല്ലെയെന്റെ കവിളിലൊന്ന് തല്ലി ചിരിക്കുന്ന ഇച്ചായന്റെ ആത്മഗദം…
~ബിന്ധ്യ ബാലൻ