കടന്നൽക്കൂട്
എഴുത്ത്: സജി കുമാർ വി എസ്
Chapter – 1
അന്നും പതിവ് പോലെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു ,
മാർച്ച് മാസമാണ് , ഇലകൾ കൊഴിയുന്ന കാലം , പച്ചപ്പ് മാറി ചുറ്റും നരച്ചു തുടങ്ങി. ഈ പഴയഇരുനില കെട്ടിടത്തിന്റെ മുകൾഭാഗം ഞാൻ വാടകയ്ക്കു വാങ്ങിയിട്ട് മൂന്നുവര്ഷത്തിലേറെയായി .
അപ്രതീഷിതമായി മുറ്റത്തേക്ക് ഒരു പഴയ അംബാസിഡർ കാർ കടന്നു വരുന്നതായി കണ്ടു.
കാറിന്റെ മുൻസീറ്റിൽ വിരിഞ്ഞിരിക്കുന്ന രാമന്കുട്ടിയെ കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി.രാമൻകുട്ടി ഈ നാട്ടിൽ അറിയപ്പെടുന്ന ഒരു തരകനാണ് , ഇന്ന് പുതിയ വാടകക്കാരെ കിട്ടിക്കാണും, വീടിന്റെ താഴത്തെ നില അവരെ ,കാണിക്കാൻ കൊണ്ട് വന്നതാകാം. രാമൻകുട്ടി വീട്ടുടമസ്ഥന്റെ വിശ്വസ്തനാണ്, എനിക്ക് ഈ വീടിന്റെ മുകൾഭാഗം തരപ്പെടുത്തിയതും രാമന്കുട്ടിയാണ്.
ആ കാറിൽ, ഒരു മിനി ലോറിയിൽ കൊള്ളുന്ന വീട്ടുസാധനങ്ങൾ കുത്തി നിറച്ചിട്ടുണ്ട്..കാറിന്റെ പുറക് വശത്തുനിന്നും ഒരു യുവതി പുറത്തിറങ്ങി
ഏതൊരു സന്തോഷവും ആ മുഖത്തില്ല …
ഒരു മരവിപ്പ് മാത്രം, നിറം മങ്ങിയ വസ്ത്രങ്ങൾ ആണ് അവൾ ഉടുത്തിരുന്നത്
കയ്യിൽ വസ്ത്രങ്ങൾ നിറച്ച ഒരു പ്ലാസ്റ്റിക് കവർ ഉണ്ട്
ചുമലിൽ തുണി സഞ്ചിയും……
ഇപ്പോൾ ഡ്രൈവർ പുറത്തിറങ്ങി , ഒരു ഇരുപത്തിയഞ്ച് തോന്നിക്കും
രാമന്കുട്ടിയും ഡ്രൈവറും വീടിന്റെ താഴ്ഭാഗത്തേക്ക് നടന്നു വന്നു
വാതിൽ തുറക്കുന്ന ശബ്ദം ഉച്ചത്തിൽ മുഴങ്ങി…
താക്കോൽ കൈമാറിക്കാണും …
യുവതി ഇപ്പോഴും പുറത്തു തന്നെ ഉണ്ട് …കാറിൽ ചാരി ആലോചനയിൽ മുഴുകി നിൽപ്പുണ്ട്.
ഡ്രൈവർ പുറത്തു വന്നു കാറിന്റെ ഡിക്കി തുറന്നു സാധനങ്ങൾ വീടിന്റെ അകത്തേക്ക് കൊണ്ടുപോയി .എന്നാൽ യുവതിയും ഡ്രൈവറും പരസ്പരം സംസാരിക്കാത്തത് ഒരു രസക്കേട് ആയി എനിക്ക് അനുഭവപ്പെട്ടു . മാത്രമല്ല യുവതി , ഡ്രൈവറിനെ സഹായിക്കാനായി കൂടെ പോയില്ല . അലക്ഷ്യമായി അവിടെ നിന്നു . ഡ്രൈവർ പോയപ്പോൾ യുവതി വീട്ടിനകത്തേക്ക് കയറി , അന്നേദിവസം രണ്ട് പ്രാവശ്യം കൂടി അയാൾ വീട്ടുസാധനങ്ങൾ കാറിൽ കൊണ്ടുവന്നു,സ്വന്തമായി തന്നെ അതെല്ലാം ചുമന്നു വീട്ടിലേക്ക് കൊണ്ട് പോയി .
യുവതിയെ അപ്പോഴും പുറത്ത് കണ്ടില്ല ,
എനിക്ക് അപരിചിതരുമായി പെട്ടന്ന് അടുക്കാൻ കഴിയില്ല ഇപ്പോൾ മാത്രമല്ല ബാല്യകാലം മുതൽക്കേ ഞാൻ അങ്ങനെ തന്നെയാണ് , അതിനാൽ തന്നെ സുഹൃത്തുക്കൾ വളരെ കുറവാണ് . പക്ഷെ ലത അങ്ങനെയല്ല ആരെ കണ്ടാലും സന്തോഷപൂർവ്വം സംസാരിക്കും
കാലതാമസമില്ലാതെ അവരുമായി സൗഹൃദത്തിലാകും .
ഇപ്പോൾ ഇവിടെയുണ്ട്. മോളെയും എടുത്തുകൊണ്ട് നടക്കുകയാണ്. ഞാൻ മോളെ വിളിച്ചു.
പല പ്രാവശ്യം, അവൾ തിരിഞ്ഞു നോക്കുന്നില്ല ഇപ്പോൾ ഇത് മോളുടെ സ്വഭാവമായി മാറിയിരിക്കുകയാണ്.
ഇവൾക്ക് എന്താണ് സംഭവിച്ചത്? ലത സാരമില്ലെന്ന് ആംഗ്യം കാണിച്ചു …
എന്റെ മനസ്സ് അസുഖകരമായ ചിന്തകളിലേക്ക് വഴുതിവീണു.
***********
Chapter – 2
ദിവസങ്ങൾ കടന്നു പോയി . പുതിയ താമസക്കാരും ഞങ്ങളും പരസ്പരം അപരിചിതരായി തന്നെ തുടർന്നു .താഴത്തെ നിലയിലെ വാടകക്കാർ മുകളിലേക്ക് വരുമെന്ന് ഞങ്ങൾ കരുതിയിരുന്നു
പക്ഷെ അവർ വന്നില്ല. അന്ന് മാത്രമല്ല ആ മാസത്തിൽ ഒരു ദിവസം പോലും അവർ മുകളിലേക്ക് വന്നതേയില്ല.
രാവിലെ ഡ്രൈവർ പുറത്തിറങ്ങും, അതും ആറര-ഏഴ് ആകുമ്പോൾ, പിന്നെ വരുന്നത് രാത്രി വൈകിയാണ്, പതിനൊന്ന്-പന്ത്രണ്ട് ഒക്കെ ആകാറുണ്ട് എന്നാൽ യുവതി ഒൻപതിന് ഇറങ്ങിയാൽ ഏഴ് മണിക്ക് മുന്നേ വീട്ടിലെത്താറുണ്ട്. എന്നാൽ ഞാനിവിടെ സൂചിപ്പിക്കാൻ കാരണം അവർ ഒരുമിച്ചു പോകുന്നത് ഞങ്ങൾ കണ്ടിട്ടില്ല
എന്തിനേറെ പറയുന്നു അവർ പരസ്പ്പരം സംസാരിക്കുന്നത് പോലും അപൂർവ്വമായിരുന്നു. രാത്രി വൈകി ഡ്രൈവർ വരും, അയാളുടെ ഭാര്യ കതക് തുറക്കുന്നതും ഞങ്ങൾ കേൾക്കാറുണ്ട് .
പക്ഷെ ഈയടുത്തകാലത്തായി ചില ദിവസങ്ങളിൽ,
അല്ല… മിക്കവാറും എല്ലാദിവസങ്ങളിലും യുവതിയുടെ തേങ്ങലുകൾ ഞങ്ങളെ അലോസരപ്പെടുത്താറുണ്ട് .
ചിലപ്പോഴൊക്കെ പാത്രങ്ങൾ വലിച്ചെറിയുന്ന ശബ്ദം കേൾക്കാം….
പക്ഷെ ഇന്ന് അല്പം കൂടി പോയി..രാത്രി മുതൽ പുലർച്ചെ നാലു മണിവരെ ..ആ കുട്ടിയുടെ തേങ്ങൽ ഞങ്ങൾ കേട്ടിരുന്നു .. ക്രമേണ അവരുടെടെ ജീവിതത്തിന്റെ അസ്വസ്ഥകൾ ഞങ്ങളെയും ബാധിച്ചു തുടങ്ങി . . ലത അർത്ഥസൂചകമായി എന്നെ നോക്കി, ഞാൻ ഇവിടെ എന്ത് ചെയ്യാനാണ്?
അയൽക്കാരന്റെ കുടുംബത്തിൽ ഇടപെടുന്നത് എനിക്കിഷ്ടമല്ല,
തീക്കൊള്ളി കൊണ്ട് തലചൊറിയുന്നത് പോലെയാണ്,
പക്ഷെ ഇതൊക്കെ കണ്ടു ഇനിയും നമ്മൾ നിശബ്ധനായി നിന്നാൽ ,
ഒരു ദുരന്തം – ഏതു സമയത്തും പ്രതീക്ഷിക്കാം …
അപ്പോൾ ഇത് തടയണം .മനഃസമാദാനത്തോടെ കഴിയാനായി ,ഇത്തരം സാഡിസം തടഞ്ഞേ മതിയാകു . ഞാൻ ഉറച്ച തീരുമാനത്തിലേക്കു എത്തിച്ചേർന്നു .
ചുട്ടു പഴുക്കുന്ന മാർച്ച് മാസത്തി ലെ രാത്രിയിൽ പോലും മകൾ ഓടി കളിക്കുകയാണ്…അവൾ ലതയുടെ തനി പകർപ്പാണ്.
ഇപ്പോൾ അവൾക്ക് അമ്മയെ മാത്രം മതി. പണ്ട് അവൾ എന്റെ കൈയിൽ നിന്നും താഴെ ഇറങ്ങില്ലായിരുന്നു.
മോൾ ഓടി ചാടി അമ്മയുടെ മടിയിൽ ഇരുന്നു. “മോളെ ” ഞാൻ വീണ്ടും വിളിച്ചു , ഇല്ല ..അവൾ വന്നില്ല .
കള്ളി… അവൾ എന്നെ നോക്കുന്നത് പോലുമില്ല.
***********
Chapter-3
നേരം പുലർന്നു. ഞാൻ വീണ്ടും ജനലിന്റെ അടുത്ത് വന്നു. ഡ്രൈവർ കാർ കഴുകുകയാണ്.
രാവിലെ എവിടെയെങ്കിലും “ഓട്ടം” കിട്ടിക്കാണും. യുവതി ഒന്നും മിണ്ടാതെ ജോലിക്ക് പോകുന്നു.ഇന്നും അവർ പരസ്പരം സംസാരിച്ചില്ല. ഡ്രൈവർ ഇക്കഴിഞ്ഞ ദിവസങ്ങളിൽ യുവതിക്ക് ലിഫ്റ്റ് കൊടുക്കുന്നത് ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല.
ഇന്ന് ഇയാളെ പരിചയപ്പെടണം, ഒരു സമാധാനപൂർണ്ണമായ ജീവിതമാണ് അയാൾ ആഗ്രഹിക്കുന്നത് എങ്കിൽ, ആ കുടുംബത്തെ സഹായിക്കാൻ ഞാൻ തയ്യാറാണ്.
ഞാൻ മനസ്സിലാക്കിയത് എന്തെന്നാൽ ഇവിടെ കാര്യമായ പ്രശ്നമാണ് ഇല്ലെന്നാണ്…
അല്ലെങ്കിൽ.. പ്രശ്നങ്ങൾ ഇല്ലാത്ത കുടുംബങ്ങൾ എവിടെ കാണാൻ സാധിക്കും.
ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ കോടതി കയറിയിറങ്ങി മുങ്ങിതാഴുന്നത്.
ഞാൻ ലതയുടെ അടുത്ത് ഇക്കാര്യങ്ങൾ സംസാരിച്ചു, ആദ്യം അവളെതിർത്തു
അവൾക്ക് അശേഷം താല്പര്യമില്ലായിരുന്നു, പക്ഷെ അവസാനം അവൾ ആ കുടുംബത്തെ രക്ഷിക്കാൻ തയ്യാറായി.
ഡ്രൈവറുടെ ദൈനംദിനപ്രവർത്തികളെ കുറിച്ച് എനിക്ക് ഏകദേശം ഒരു ധാരണയുണ്ടായിരുന്നു.ഏഴ് മണിക്ക് പുറത്തിറങ്ങുന്ന ആൾ, രാത്രി പതിനൊന്ന് മണിക്ക് ശേഷം വീട്ടിലേക്ക് വരും ചിലപ്പോൾ പന്ത്രണ്ട് മണിവരെയാകും അതായത് ഇയാൾ ജംഗ്ഷനിൽ ഒരു പത്തേ മുക്കാൽ പതിനൊന്ന് മണിയോടെ എത്തും അപ്പോൾ എങ്ങനെ എങ്കിലും കാറിൽ കയറണം വീട്ടിലേക്ക് വരുന്ന പതിനഞ്ചു മിനുട്ട് കൊണ്ട് കാര്യങ്ങൾ സമാധാനപരമായി അവതരിപ്പിക്കുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യാം .
ഇതേ സമയം ലത, ആ പെൺകുട്ടിയെ കണ്ടു സംസാരിക്കട്ടെ .
ഒരു നല്ല ജീവിതം, അതും സമാധാനപൂർണമായ ജീവിതം ആരാണ് ആഗ്രഹിക്കാത്തത്….
മോളും ലതയും ഒരുമിച്ചു കളിക്കുകയാണ് ലത ഇപ്പോൾ മോളെക്കാളും കുഞ്ഞുകുട്ടിയാണ്. അവളുടെ നീണ്ട മുടിയിഴകൾ പറന്ന് നടക്കുന്നതു കാണാൻ രസമാണ് , ഒരു കടൽ തിര പോലെ …. എന്നാലും മോൾ എന്നെ അവഗണിക്കുന്നത് എനിക്ക് വല്ലാത്ത വേദന ഉളവാക്കുന്നു.ലത എന്നെനോക്കി പുഞ്ചിരിച്ചു. വിഷമിക്കരുതെന്ന് കണ്ണ് കാണിച്ചു.എന്റെ ചിന്തയും വേദനകളും അവൾ ആഴത്തിൽ മനസ്സിലാക്കുന്നുണ്ട്.
************
Chapter-4
കാത്തിരിക്കുക ….
ചിലപ്പോൾ വല്ലാത്ത മടുപ് ഉളവാക്കുന്നു …ഇ പ്പോൾ സമയം രാത്രി പന്ത്രണ്ട് ആയിക്കാണും ,ഏകദേശം ഒന്നര മണിക്കൂറായി, ഈ വിജനമായ റോഡിൽ നിൽക്കാൻ തുടങ്ങിയിട്ട് ..ഇന്ന് ഞാൻ ലതയോടു പറഞ്ഞു , ” ലതേ ,നീ പെൺകുട്ടിയോട് സംസാരിക്കണം” . ലത ചിരിച്ചു .
മോൾ ലതയുടെ ചുമലിലാണ് , നല്ല ഉറക്കം .
അച്ഛനെ ഒഴിവാകുന്നതിനായുള്ള കള്ളയുറക്കം . കുഞ്ഞിനേയും ലതയെയും ഞാൻ മാറി,മാറി നോക്കി .
” ശരി ചേട്ടാ “…അവൾ ചിരിച്ചുകൊണ്ട് തലയാട്ടി , നീണ്ട മുടിയിഴകൾ പറന്നു നടക്കുന്നു …. എന്റെ കവിളിൽ മെല്ലെ തലോടി.
എന്നെ അവൾ തിരിച്ചറിയുന്നു …
രാത്രി പത്തര കഴിഞ്ഞപ്പോൾ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി ….
ജംഗ്ഷനിൽ വന്നു, ഡ്രൈവറിനെ കാത്തിരുന്നു . കടകൾ അടച്ചു , തെരുവ് വിജനമായി ,തൊട്ടടുത്ത കുറ്റികാട്ടിൽ പട്ടികൾ, കടി പിടി കൂടുന്നുണ്ട് . ചിലത് ഉച്ചത്തിൽ മോങ്ങുന്നു.
ഇടയ്ക്കു ഉച്ചത്തിൽ ഭൂമി കുലിക്കിക്കൊണ്ടു എക്സ്പ്രസ്സ് ട്രെയിൻ കടന്നു പോയി ..
,ഈ ജംഗ്ഷനിൽ മൂന്ന് റോഡുകൾ കൂടിച്ചേരുന്നു . എതിർ വശത്തായി ഒരു റെയിൽവേ ലൈൻ കടന്നു പോകുന്നുണ്ട് .
എന്തെന്ന് അറിയില്ല , എല്ലാം ശാന്തമായി . ഇപ്പോൾ ഇവിടെ ഞാനും , നിലാവും ,പിന്നെ ആകാശത് പൂർണചന്ദ്രനും മാത്രം .
ഇപ്പോൾ ലത പെൺകുട്ടിയെ കണ്ടു കാണുമോ? ഓരോ ചിന്തകൾ ഒന്നിന് പുറകിൽ ,ഒന്നായി വന്നു തുടങ്ങി.
അതാ , അംബാസിഡർ കാർ വരുന്നുണ്ട് ,ഇത് അയാൾ തന്നെയാകും .
ഞാൻ റോഡിൻറെ മധ്യഭാഗത്തേക് ഇറങ്ങി നിന്നു ,കൈ കാണിച്ചു.
നിർത്തിയല്ലോ!!!!
ഞാൻ ഡ്രൈവറിനോട് പറഞ്ഞു, “മാഷേ…ഇടത്തെ കാലിൽ അല്പം നീര് ഉണ്ട് , ഈ കുണ്ടും കുഴിയും ചാടി നടക്കാൻ ബുദ്ധിമുട്ടാണ് ,പ്രശാന്ത്നഗർ വഴി പോകുകയാണെങ്കിൽ, D-line വരെ ഒരു ലിഫ്റ്റ് തരുമോ ? ടാക്സി ഫെയർ തരാം , അതൊരു പ്രശനമല്ല .”
ഡ്രൈവർ തലകുലുക്കി, ഓ കാശൊന്നും വേണ്ട സർ , ഞാനും “D” ലയിനിലേക്കാണ് പോകുന്നത്, സർ വരൂ….
പിൻവശത്തെ ഡോർ തുറന്നു, ഞാൻ അകത്തേക്ക് പ്രവേശിച്ചു .
അപ്പോൾ മനുഷ്യപ്പറ്റുള്ള ആളാണ് .
ഞാൻ ചോദിച്ചു.”മാഷേ !! അതെയോ , അവിടെ എവിടെയാണ് ? ഞാൻ അവിടെത്തെ പഴയ താമസക്കാരനാണ് .താങ്കളെ കണ്ടു പരിചയമില്ല. പേര് പറയാമോ? .
അയാൾ പറഞ്ഞു… ” ഞാൻ ജെയിംസ് . .D-8 ൽ ആണ് ഇപ്പോൾ ഞാൻ താമസിക്കുന്നത്,
ഞാൻ ഇവിടെ പുതിയ ആളാണ് ഏതാണ്ട് ഒരു മാസം ആയിക്കാണും”
“D-8 ??? അപ്പോൾ നമ്മൾ അയൽക്കാരാണ് ,, ഫാമിലിയൊക്കെ കൂടെയുണ്ടോ?…”ഒരു സ്ഥിരം മലയാളി ചോദ്യം ഞാൻ ചോദിച്ചു…
മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെകുറിച്ച് അറിയാതെ നമ്മൾ മലയാളികൾക്ക് ഉറക്കം വരില്ലല്ലോ !!!.
“ഓ… ഒന്നുകെട്ടി… അല്ല കെട്ടേണ്ടിവന്നു” അയാൾ ശബ്ദം താഴ്ത്തി സംസാരിച്ചു തുടങ്ങി.
“ഒന്നും വേണ്ടായിരുന്നു” “അയാൾ പുച്ഛത്തിൽ പിറുപിറുത്തു!!!
“ഓഹ്… എന്താ സംഭവിച്ചത്?” ഞാൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി
ചോദിച്ചു .
ഇല്ല .. അങ്ങനെ ഒന്നുമില്ല , . കോട്ടയം യോഹന്നാൻ ആലീസ് ദമ്പതിമാരുടെ മൂന്നാമത്തെ പുത്രൻ. , കെട്ടിയതു ഒരു ഹിന്ദു പെൺകുട്ടിയെ,,, ലവ് മാര്യേജ് ആയിരിന്നു , അതോടുകൂടി കുടുംബത്തിൽ നിന്നും പുറത്തായി . ഇപ്പോൾ ലവ് ഇല്ല . രണ്ടുപേർക്കും . “ഞങ്ങൾ ചേരില്ല സർ” അയാൾ ആരോടെങ്കിലും ഒന്ന് സംസാരിക്കാനായി കാത്തിരിക്കുന്നത് പോലെ എനിക്ക് അപ്പോൾ തോന്നിയിരുന്നു.
ഇയാൾ ഒരു മുരടനല്ല , ഒരു പക്ഷെ കാര്യങ്ങൾ നല്ല രീതിയിൽ അവസാനിപ്പിക്കാൻ കഴിയും . നോക്കട്ടെ .
ഞാൻ ഒന്ന് പുഞ്ചിരിച്ചു ” മാഷ് ചെറുപ്പം ആണല്ലോ?, വിചാരിച്ചാൽ കൊറേയെറെ കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യാം. ഈ ലോകത്ത് ഒരു ബന്ധവും പൂർണമായും പരസ്പരം ചേരില്ല.പക്ഷെ പരസ്പരം അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായാൽ ബന്ധങ്ങൾ തകരാതെ നിലനിർത്താൻ…ഒരു പരിധിവരെ…. അല്ല, പൂർണ്ണമായും സാധിക്കും”.
ഞാൻ വീണ്ടും അയാളുടെ തളർന്ന മുഖത്തേക്ക് നോക്കി.
മുഖത്തു നിരാശ മാത്രം.
ഒരു മരപ്പാവയെ പോലെ അയാൾ കാറോടിച്ചു .
തെരുവ് വിളക്കുകൾ അണഞ്ഞു…ഇതിലെവിടെ പതിവാണല്ലോ.
എങ്കിലും വിജനമായ വഴിയോരങ്ങൾ പൗർണമി നിലാവിൽ കുളിച്ചു നിന്നു …
മനം മയക്കുന്ന കാഴ്ച്ച ..
ഇടക്കു ഉയരുന്ന കൂമന്റെ കരച്ചിൽ , ആ നിശബ്ദതയെ ഭേദിച്ചു .
ഒട്ടും താല്പര്യമില്ലാതെ അയാൾ സംസാരിച്ചു
“സാറിന് അത് പറയാം”, എന്റെ ജീവിതത്തെപ്പറ്റി ഒന്നും അറിയില്ലല്ലോ”
“സോറി “
“എനിക്ക് ഒന്നും അറിയില്ലായിരുന്നു” നിറഞ്ഞ ചിരിയോടെ ഞാൻ പറഞ്ഞു,
“പക്ഷെ ഞങ്ങളുടെ അയൽക്കാരൻ ചെറുപ്പക്കാരനാണ്, ഡ്രൈവറാണ് എന്നും ഭാര്യയെ മർദിക്കുന്നത്താണ് ഹോബി…. ആ കുട്ടിയുടെ തേങ്ങലുകൾ ഞങ്ങൾ ഭയത്തോടെയാണ് കേൾക്കുന്നത്”
അയാൾ നിശബ്തനായി ഡ്രൈവ് ചെയിതു. ഏതോ ആലോചനയിൽ വീണ്ടും ലയിച്ചു … തിരിഞ്ഞു നോക്കി . സാവദാനം പറഞ്ഞു . ” ഇതാണ് വിഷയമെങ്കിൽ ,എനിക്ക് സംസാരിക്കാൻ ഒട്ടും താല്പര്യമില്ല “
എനെറെ നിയത്രണം വിട്ടുപോയി ….തിരിച്ചു തല്ലില്ല എന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ താൻ അവരെ കൊല്ലാകൊല ചെയ്യുന്നത്…”
എനിക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല ..
ഒരു നിമിഷം , ഇവന്റെ കഴുത്തു ഞെരിച്ചുടക്കാനായി , കൈകൾ തരിച്ചു .
വേണ്ട ..ഒന്നും വേണ്ട….
*************
Chapter- 5
ഇനി ജീവിച്ചിരുന്നിട്ട് അർത്ഥമില്ല
ആർക്കുവേണ്ടിയാണോ വീട്ടുകാരെ ഉപേക്ഷിച്ചു കൂടെ ഇറങ്ങിയത്, ഇന്ന്
അയാൾക്കും എന്നെ വേണ്ടാതെയായി. ആറുമാസം മുൻപു വീട്ടിലേക്കു പോകാൻ പറഞ്ഞു , എല്ലാം മതിയായത്രേ ? സ്സ്നേഹപൂർവമൊരു വാക്ക് സംസാരിച്ചിട്ട് മാസങ്ങളായി ഇന്നൊരു സമ്മാനം കൊടുക്കണം, ഒരിക്കലും മറക്കാനാവാത്ത സമ്മാനം…
അർത്ഥമില്ലാതെ കടന്നു പോയ മാസങ്ങൾ . ഇനി വയ്യ . ഈ കുരുക്കിൽ നിന്നുമുള്ള മോചനം മാത്രമാണ് വേണ്ടത്. ഒരു നിമിഷം അച്ഛനും, അമ്മയെയും അനിയത്തിയേയും ഓർമ്മിച്ചു … അവരൊക്കെ എന്നെ ഓർക്കുന്നുണ്ടാവുമോ? ഒരിക്കൽകൂടി അവരെയൊക്കെ കാണാൻ കഴിഞ്ഞിരുന്ന്നെങ്കിൽ… കണ്ണുകൾ നിറഞ്ഞൊഴുകി.
ഞാൻ നടുമുറിയിലേക്ക് സ്റ്റൂൾ കൊണ്ടിട്ടു ചുരിദാറിന്റെ ഷോൾ എടുത്തു, അതും എനിക്കേറ്റവും ഇഷ്ടപെട്ട ചുവന്ന ചൂരിധാറിന്റെ…
സ്റ്റൂളിൽ കയറിനിന്ന് ഫാനിലേക്ക് ഷോൾ വലിച്ചിട്ടു…
കോളിംഗ് ബെല്ലിന്റെ ശബ്ദം… കൂടാതെ ഒരു കൊച്ചു പെൺകുട്ടിയുടെ പൊട്ടിച്ചിരിയും.
ഇതാരാ…? ഈ പാതിരക്ക് ?
ഞാൻ താഴെയിറങ്ങി … പെട്ടെന്ന് ഷാളും , സ്റ്റൂളും മാറ്റിവച്ചു ,,ഫാൻ ഓൺ ചെയ്തു .
മുഖം തുടച്ചു, തലമുടി കൈകൊണ്ടു കോതിയൊതുക്കി പുറകിലേക്കിട്ടു .
മുൻവശത്തെ വാതിൽ തുറന്നു.
അത്ഭുതമായി…
ഒരു സുന്ദരമായി ചിരിച്ചുകൊണ്ട് ഒരു ചേച്ചിയും കയ്യിൽ ഒരു പെൺകുട്ടിയും.
“വരൂ” ഞാൻ അവരെ അകത്തേക്ക് ക്ഷണിച്ചു.
“ആരാ?” ഞാൻ ചോദിച്ചു ,
തിളക്കമുള്ള കണ്ണുകൾ , സന്തോഷം നിറഞ്ഞ മുഖം.
മുട്ടോളം എത്തുന്ന മുടി ആഴക് … തികച്ചും കരിനാഗങ്ങളെ പോലെ ….
“ഞങ്ങൾ അടുത്ത വീട്ടിലെയാണ് കുറച്ചുനാളുകളായി പുതിയ താമസക്കാരെ കാണുന്നുണ്ട്
ഇപ്പോഴാണ് പരിചയപ്പെടാൻ സമയം കിട്ടിയത്”
ആ ചേച്ചി പുഞ്ചിരിയോടെ പറഞ്ഞു, “ഞങ്ങൾ വന്നത് അസമയത്തായോ?.”
“ഒരിക്കലുമില്ല ചേച്ചി …എന്താ പേര്?”
ഓമനത്തമുള്ള കുട്ടി ,ഞാൻ ആ മോളുടെ കവിളിൽ തലോടാൻ ശ്രമിച്ചു, പക്ഷെ അവൾ ഒഴിഞ്ഞുമാറി.
ചേച്ചി വീണ്ടും ചിരിച്ചു “ഇവൾ ഇങ്ങനയാ, ആരുടെ അടുത്തും പോകാറില്ല
എന്റെ പേര് ലത, ചേട്ടന്റെ പേര് ഹരി … മോളെ ഇപ്പോൾ വിളിക്കുന്നത് അമ്മു എന്നാണ് സ്കൂളിൽ ആകുമ്പോൾ വേറെ പേര് ഇടണം”
ചേച്ചി വീണ്ടും ചിരിച്ചു. ഈ… ചേച്ചി ഒരുപാട് ചിരിക്കുന്നുണ്ട്.
കണ്ണുകൾക്ക് ആസാദാരണ തിളക്കം .
എവിടെയോ കണ്ടു മറന്ന മുഖം. ഇവർ ആരാണ് ?
“വരൂ ചായകുടിക്കാം , രാത്രി ചായ പതിവുണ്ടോ? മോൾക്ക് സ്വീറ്റ്സ് എടുക്കാം” … എനിക്ക് അതിഥികളെ സത്കരിക്കാനായി തിടുക്കമായി .
വേണ്ട കുട്ടി , ഞങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ടരുത് …. ആ ചേച്ചി പറഞ്ഞു … കുപ്പിച്ചില്ലുകൾ ചിതറുന്നതുപോലെയുള്ള ശബ്ദം .
“അങ്ങനെ പറയല്ലേ,,,, “ചേച്ചിയും മോളുമാണ് എന്റെ ഇവിടെത്തെ പരിചയക്കാർ …വേറെ ആരെയും എനിക്ക് അറിയില്ല ” എനിക്ക് വിഷമമായി.
” ശരി മോളെ ..അങ്ങനെയാകട്ടെ ..എന്താ മോളുടെ പേര്? എവിടെ വർക്ക് ചെയ്യുന്നു?” വാത്സല്യത്തോടെ ചേച്ചി മറുപടി നല്ല്കി .
“പറയാം ചേച്ചി.” ഞാൻ ആ ചേച്ചിയുടെ കയ്യും പിടിച്ചു അടുക്കളയിലേക്ക് നടന്നു.
വിരലുകൾ തണുത്തിരുന്നു , പുതിയ സൗഹൃതത്തിന്റെ ആഹ്ളാദത്തിൽ
അതൊക്കെ ഞാൻ മറന്നു.
അടുക്കളയിലെത്തി സ്റ്റവ് കത്തിച്ചു, വെള്ളം തിളപ്പിച്ചു.
“ചേച്ചി എന്റെ പേര് ഇന്ദു, ഞാനൊരു ട്രാവൽ ഏജൻസിയിൽ അക്കൗണ്ടന്റ് ആണ്. ചേച്ചി കണ്ടുകാണ്ണും എന്റെ ഭർത്താവിനെ … ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നു “
പേര് ജെയിംസ് …
“ആയിക്കോട്ടെ , കല്യാണം കഴിഞ്ഞിട്ട് എത്ര നാളുകളായി ?” ചേച്ചിയുടെ കൈയിൽനിന്നും മോൾ വഴുതിയിറങ്ങി …
“കഴിഞ്ഞ ജനുവരിയിൽ , ഇപ്പോൾ ഒരു വർഷവും മൂന്ന് മാസവും കഴിഞ്ഞു…കോളേജിൽ എന്റെ സീനിയർ ആയിരിന്നു . ഒരേ നാട്ടുകാർ ആയതിനാൽ , കണ്ടു പരിചയമുണ്ട് , അതിനാൽ തന്നെ വളരെ വേഗതയിൽ ഞങ്ങൾ സുഹൃത്തുക്കളായി , മനസ്സറിയാതെ പ്രേമത്തിലും വീണു ,കുറേനാൾ പ്രേമിച്ചു നടന്നു …രണ്ടുപേരുടെയും വീട്ടുകാർ അറിഞ്ഞു , അവർ സഹകരിച്ചില്ല മാത്രമല്ല ,എതിർപ്പും ഉണ്ടായിരിന്നു .അങ്ങനെ രജിസ്റ്റർ ഓഫീസിൽ കാര്യങ്ങൾ അവസാനിച്ചു “…ഞാൻ അല്പം ലജ്ജയോടെ ഭൂതകാലം വിവരിച്ചു .
“ഒന്നും അവസാനിച്ചിട്ടില്ല കുട്ടി , ഏതൊക്കെ തുടക്കം മാത്രമല്ലെ ? “ചിരിച്ചുകൊണ്ട് വീണ്ടും ചേച്ചി പറഞ്ഞു . മോൾ ചേച്ചിയുടെ സാരിയിൽ പിടിച്ചു തൂങ്ങി …
“ഒരു മിശ്രവിവാഹം ആയതിനാൽ….
ഞങ്ങൾക്കിപ്പോൾ വീട്ടുകാരില്ല ,ബന്ധുക്കളുമില്ല, സുഹൃത്തുക്കളില്ല ….. സുഖം!!.” എന്റെ മനസ്സ് വിങ്ങി , വാക്കുകൾ ഗദ്ഗദത്താൽ ഇടറി വീണു .
“സുഖം?” ചേച്ചി എന്റെ കണ്ണുകളിലേക്കു നോക്കി പുഞ്ചിരിച്ചു .
“സുഖം….. ചേച്ചി” എനിക്ക് മറ്റൊരു മറുപടിയിലായിരിന്നു.
“ചെറിയതോതിൽ ഒന്നോ, രണ്ടോ കള്ളമൊക്കെ , ദാമ്പത്യത്തിന്റെ നിലനില്പിനായി പറയാം, കുട്ടി ? ” അനുകമ്പയോടെ ചേച്ചി എന്നെ നോക്കി നിന്നു. ” എന്തിനാ മോളെ എന്നും കരയുന്നത്?”.
“ഞാനോ ? ഇല്ല ചേച്ചി … എന്തിനാ ഞാൻ കരയുന്നത്? ” ഞാൻ ഉരുണ്ടു കളിച്ചു … manassu വല്ലാതെ വേദനിച്ചു .
” ചിലപ്പോൾ ഈ ഭാഗത്തു നിന്നും കരച്ചിൽ കേൾക്കാറുണ്ട് , അത് മോളാന്നെന്നു ഞാൻ കരുതി ..മോൾ ഹാപ്പി ആണെന്നല്ലോ ?അത് മതി ” ചേച്ചി പറഞ്ഞു .
ഞാൻ ചിരിച്ചു …” ഇവിടെ ഒരു പ്രശ്നവുമില്ല”
*************
Chapter-6
ഞാൻ ഇന്ദുവിനെ തല്ലിയെന്നു പറയുമ്പോൾ…. ഒരിക്കലും ഇല്ല ..
പാത്രങ്ങൾ തട്ടി കളയുന്നതും ,ഉച്ചത്തിൽ കരയുന്നതും ഇന്ദുവാണ്. ചില ദിവസങ്ങളിൽ പുലരുംവരെ ഈ അഭ്യാസം നീളാറുണ്ട് . അഭിപ്രായവ്യതാസം ഉണ്ട് .. ഇപ്പോൾ വളരെ കൂടുതലാണ്.. ഞാൻ ഒന്നും ശ്രദ്ധിക്കാറില്ല, സംസാരിക്കാറില്ല, എന്തിന് ഏറെ പറയുന്നു , ഒരു ഗ്ലാസ് വെള്ളം പോലും വാങ്ങി കുടിക്കാറില്ല ..രാത്രി വരുന്നു , രാവിലെ പോകുന്നു .
ഞാൻ അവഗണിക്കുമ്പോൾ , അവൾക്കു ഭ്രാന്ത് പിടിക്കും , ആ ഭ്രാന്താണ് എന്റെ വിജയം .
…ചിലപ്പോൾ .. ഈ കളിയുടെ അവസാനം ഡിവോഴ്സ് വരെ എത്തപ്പെടാം,,
അതെ… അതിനും സാധ്യതയുണ്ട്.
പൊട്ടിചിരിക്കാനാണ് തോന്നിയത്..
അല്ലെങ്കിലും എനിക്ക് ഇതു വേണം .
എന്റെ തെറ്റാണു ..എന്റെ മാത്രം
ഞാൻ എന്തിനു അർദ്ധരാത്രിയിൽ ഈ ഭ്രാന്തനോട് ദയ കാണിച്ചു…
ഞാൻ കാലുകൊണ്ട് തട്ടി, ജാക്കിലിവർ ഉണ്ടോന്ന് ഉറപ്പ് വരുത്തി.
ആവശ്യമായി വന്നേക്കാം.
” ഞാൻ എന്റെ ഭാര്യയെ അടിക്കും… ചിലപ്പോൾ കൊല്ലും അതിന് നിങ്ങൾക്ക് എന്താ..??..ഇറങ്ങിക്കോണം … …ഞാൻ ഉച്ചത്തിൽ അലറി …
ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അയാൾ, ഒരു പുകമഞ്ഞ് പോലെ
മാഞ്ഞു തുടങ്ങി….ആ കണ്ണുകൾ തീക്കനലുകൾ പോലെ ജ്വലിച്ചിരുന്നു.
നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി…. ഇപ്പോൾ അയാൾ പിറകിലെ സീറ്റിൽ ഇല്ല… എന്റെ തൊട്ടടുത്തു ഉണ്ട്. എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി അയാൾ എന്തോ പറയുന്നു…,ഒരു വന്യമൃഗത്തിന്റെ മുരൾച്ച പോലെ …എനിക്ക് ഒന്നും തിരിച്ചറിയാൻ കഴിയുന്നില്ല … ഒരു മാംസഭോജിയുടെ മുന്നിൽ അകപ്പെട്ട നിസ്സഹായനായ ഇര മാത്രമാണ് ഞാൻ…. അസഹ്യമായ ഭയവും വേദനയും എന്നിൽ പടർന്നു., കൈകളുടെ നിയന്ത്രണം നഷ്ടമായി. വിരലുകൾ തണുത്തു മരവിച്ചു .
കാർ ഇരമ്പികൊണ്ട് ഫുട്പാത്തിലേക് ഇടിച്ചുകയറി.
എന്റെ ശ്വാസം നിലച്ചോ? കണ്ണുകളിലേക്കു നിറയുന്ന അന്ധകാരം .
അന്ധകാരം… ചുറ്റും കനത്ത അന്ധകാരം മാത്രം.
************
Chapter- 7
ഇരിക്ക് ചേച്ചി ” ഞാൻ സ്റ്റൂൾ മുന്നോട്ടു നീക്കിയിട്ടു .
ഞാൻ ഷെൽഫിൽ നിന്നും പലഹാരപ്പൊതി എടുത്തു ,പൊതി തുറന്നു …
ഒരു പാത്രത്തിലേക്ക് പലഹാരം പകർന്നു, പലഹാരം പൊതിഞ്ഞു കൊണ്ടുവന്ന പത്രത്തിലെ ഒരു വാർത്തയിലേക്ക് എന്റെ കണ്ണുകൾ ഉടക്കി നിന്നു.
സമ്പത്തിക ബാധ്യത,കുടുംബം കൂട്ട ആത്മഹത്യ ചെയ്തു.
ആ ഫോട്ടോയിലേക്ക് ഞാൻ വീണ്ടും വീണ്ടും നോക്കി …
ഇപ്പോൾ വന്ന ചേച്ചിയും മകളും കൂടെ ഭർത്താവും.
മോളും ചേച്ചിയും എന്നെ നോക്കി ചിരിക്കുക ആയിരിന്നു…. ആ കണ്ണുകൾ തിളങ്ങി, തികച്ചും ശാന്തമായി… നീണ്ട മുടിയിഴകൾ അടിയുലയുന്നതു പോലെ, പാറിപറന്നു.
പുറത്തു ഹുങ്കാരത്തോടെ കാറ്റുവീശുന്നതും, വാതിലുകൾ തുറന്നു അടയുന്നതും , ജന്നൽ ചില്ലുകൾ തകരുന്നതും ഞാൻ കണ്ടു… പക്ഷെ ഒരടി മുന്നോട്ടു വയ്ക്കാൻ എനിക്ക് കഴിഞ്ഞില്ല….
************
Chapter- 8
കൂമന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് കണ്ണുകൾ തുറന്നപ്പോൾ, സ്റ്റീറിങ്ങിൽ തല ചായ്ച്ചു കിടക്കുകയായിരിന്നു . നടന്നൊതൊക്കെ സ്വപനമാണോ ? ഞാൻ വിയർത്തു അവശനായി.. കൈവിരലുകൾ ഇപ്പോഴും വിറയ്കുന്നുണ്ട്. പുറത്തിറങ്ങി… റോഡിൽ ആരുമില്ല , എങ്ങോട്ട് പോകണം …തിരിച്ചു ടാക്സി സ്റ്റാൻഡിൽ പോയാൽ അവിടെ കൂട്ടുകാരിൽ ചിലരെങ്കിലും കാണും , കുറച്ചു സമയമെങ്കിലും മനസമാധാനത്തോടെ കഴിയാം . നേരം പുലരുമ്പോൾ നാട്ടിലേക്കു യാത്ര തിരിക്കാം. ഇവിടെ ജീവിച്ചു മതിയായി.
അപ്പോൾ ഇന്ദുവോ ? വീട്ടിൽ ഒറ്റക്കാണെന്നല്ലോ ? എന്തെങ്കിലും സംഭവിച്ചു കാണുമോ?
ഒന്ന് വിളിച്ചാലോ ? പോക്കറ്റിൽ കൈയിട്ടു നോക്കിയപ്പോൾ ..
മൊബൈൽ ഫോൺ കാണ്മാനില്ല.
ഡ്രൈവിംഗ് സീറ്റിലേക്ക് ചാടിക്കേറി , കാർ വീട്ടിലേക്ക് വേഗത്തിൽ ഓടിച്ചു . അല്ല പറപ്പിച്ചു …
ഗേറ്റ് തുറന്നു കിടക്കുന്നതു കണ്ടപ്പോൾ തന്ന്നെ, നെഞ്ചിൽ തീയാളി തുടങ്ങി ..
കനത്ത നെഞ്ചിടിപ്പോടെ ഞാൻ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
വീടിന്റെ വാതിലും ജന്നലുമെല്ലാം തുറന്ന് കിടക്കുകയാണ് , ജന്നൽ ചില്ലുകൾ പൊട്ടിത്തകർന്ന്നിട്ടുണ്ട് . കീറിയ ജന്നൽ ശീലകൾ പറന്നു നടക്കുന്നു …വീട്ടിനുള്ളിൽ കൊടുങ്കാറ്റ് വീശിയത് പോലെ …എല്ലാം വാരി വിതറിയിരിക്കുന്നു
ഇന്ദു എവിടെ ?
ഇന്ദൂ, ഇന്ദൂ, ഞാൻ ഉച്ചത്തിൽ വിളിച്ചു …
ഇന്ദൂ മോളെ ,,, എന്റെ ശബ്ദം ഇടറി …വിറയ്ക്കുന്ന കാലടികളോടെ ഞാൻ വീട്ടിലേക്ക് നടന്നു.
*****************
Chapter- 9
എന്നെ ഹരിയേട്ടൻ സംശയത്തോടെ നോക്കി …
ഹേയ് .. ഒന്നും ഇല്ല , ആ കുട്ടി എന്നെ പെട്ടെന്ന് തിരിച്ചറിഞ്ഞു ..എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല .
പാവം കുട്ടിയാ … . ഞാൻ അലിവോടെ പറഞ്ഞു .
അപ്പോഴേക്കും , കാർ വീട്ടിലേക്കു ഇരച്ചു കയറി …
ഒരു അമറലോടെ ടയറുകൾ ഉരഞ്ഞു നിന്നു.
ഞങ്ങൾ നോക്കുമ്പോൾ ആ കുട്ടി പരിഭ്രാന്തയായി ഓടി വരികയായിരുന്നു . അവൾ പൊട്ടി കരഞ്ഞു കൊണ്ട് ഡ്രൈവറിനെ കെട്ടി പിടിച്ചു . നെഞ്ചിലേക്ക് മുഖം താഴ്ത്തി തേങ്ങി കരഞ്ഞു .
അയാൾ ആകെ പരവശനായിരിന്നു , എങ്കിലും യുവതിയെ താങ്ങിപിടിച്ചു , സ്വാന്തനിപ്പിച്ചു .
അവൾ ഒരു വിതുമ്പലോടെ , കുരുവി കുഞ്ഞിനെ പോലെ , അയാളുടെ നെഞ്ചിൽ ചേർന്നു നിന്നു .
വിദ്വേഷത്തിന്റെ കരിങ്കൽഭിത്തികൾ തകർന്നു തുടങ്ങി .
എന്റെ കണ്ണുകൾ ഇറനായി … “ഇനി അവർ ഒരിക്കലും പിരിയാതെ ജീവിക്കും”
ഞാൻ ഏട്ടനോട് പറഞ്ഞു .
ഹരിയേട്ടൻ പുഞ്ചിരിച്ചു.
*************
Chapter- 10
ലത നിഷ്കളങ്കയായിരിന്നു ,എന്നെ നിഴലുപോലെ പിന്തുടരുന്നു . ലത എന്നോട് ക്ഷമിച്ചു , പക്ഷെ മോൾക്ക് അതിന്റെ ആവിശ്യമില്ലായിരുന്നു , അവൾ എന്നോട് ക്ഷമിച്ചില്ല ,ഓടികളിക്കേണ്ട പ്രായത്തിൽ ചരമകോളത്തിലെ ചിത്രമായി മാറിയത്തിന്റെ വേദന അവൾക്കു ഉണ്ട് . വിഷത്തിന്റെ ചവർപ്പ് മോൾക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല .
പെട്ടെന്നുണ്ടായ സാമ്പത്തിക ബാധ്യതകളും , അച്ചടക്കമില്ലാത്ത ജീവിത രീതികളും എന്ന തളർത്തി… നഷ്ടങ്ങൾ നികത്തി , ബിസിനെസ്സ് തിരിച്ചുപിടിക്കാനുള്ള എന്റെ ശ്രമങ്ങൾ ,എന്നെ വീണ്ടും വൻബാധ്യതകളിലേക് നയിച്ചു . അതിൽ നിന്നും രക്ഷപെടാനുള്ള ഒരേ ഒരു വഴിയായി ഞാൻ കണ്ടത് കൂട്ട ആത്മഹത്യ ആയിരിന്നു . എന്റെ പരാജയങ്ങൾക്ക് പരിഹാരമായി ഞാൻ എന്റെ ജീവൻ ഹോമിച്ചു.
അതുമാത്രമല്ല …,ഒന്നുമറിയാത്ത , എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത രണ്ടു ജീവനുകൾ കൂടി ഞാൻ നശിപ്പിച്ചു .
ഇന്ന് ,
സ്വർഗ്ഗവും നരകവുമില്ലാതെ , സൂര്യനും ചന്ദ്രനിമില്ലാതെ , ഭൂമിയും ആകാശവുമില്ലാതെ , വെളിച്ചവും ഇരുട്ടുമില്ലാതെ , വിശപ്പും ദാഹവും തിരിച്ചറിയാതെ , ജനനവും മരണവുമില്ലാതെ , അലഞ്ഞു തിരിയുന്നു …
വീണ്ടും ഒരു ജന്മത്തിനായി ……
—-END—-