എഴുത്ത്: ഫാരിസ് ബിൻ ഫൈസി
=================
“അവർ ച ത്തതിന് ഞാൻ എന്തിനാ പോണേ…?”
“നിന്റെ അമ്മയല്ലേ മോളേ”
“അമ്മ…എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. സ്ഥാനം കൊണ്ട് മാത്രം അമ്മയാണ്. ആ ത ള്ള എന്നെയൊന്ന് എടുത്ത് കൊഞ്ചിയിട്ട് പോലും ഇല്ല. അമ്മയുടെ വാത്സല്യം എന്താന്ന് ഞാൻ അറിഞ്ഞിട്ടില്ല. എന്തിനേറെ പറയുന്നു, ആ അമ്മയെന്ന് പറയുന്ന സ്ത്രീയുടെ മുലപ്പാൽ പോലും എനിക്ക് തന്നിട്ടില്ല. ആയ കാലത്ത് എന്നെ സ്നേഹിക്കാതെ തോന്ന്യപോലെ ജീവിച്ച ആ ത ള്ള ച ത്ത് മലച്ച് കിടക്കുന്നത് കാണാൻ ഞാൻ എന്തിനാ പോണേ. എനിക്ക് സൗകര്യം ഇല്ല”
അതെ ആ ക്രൂ ര ആയിരുന്നു…
അനാഥാലയത്തിൽ നിന്നും തന്നെ കണ്ട് ഇഷ്ടപ്പെട്ട ഒരുത്തന്റെ കൂടെ ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച ആ അമ്മക്ക് സ്നേഹിക്കാൻ മാത്രേ അറിയാമായിരുന്നൊള്ളൂ. തന്നെ മടുത്ത് തുടങ്ങിയ ഭർത്താവ് ഒരു ചോരക്കുഞ്ഞിനെ തന്റെ കയ്യിൽ തന്നിട്ട് മറ്റൊരുത്തിയുടെ കൂടെ പോയപ്പോൾ ദയനീയമായി കരയാനേ ആ അമ്മക്ക് സാധിച്ചൊള്ളൂ.
തന്നെപ്പോലെ തന്റെ മകളും ജീവിതത്തിൽ ഒന്നുമല്ലാതെയായി പോകരുത് എന്നാഗ്രഹിച്ച ആ അമ്മ ഉറക്കമില്ലാതെ ഭക്ഷണമില്ലാതെ ജോലി ചെയ്ത് തന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്തതും, ഇനിയുള്ള തന്റെ ജീവിതം തന്റെ മകൾക്ക് വേണ്ടി മാത്രമാണെന്നും നല്ല പ്രായമായിട്ട് കൂടി തനിക്ക് ഇനിയൊരു തുണ വേണ്ടാ എന്നും ആ അമ്മ തീരുമാനിച്ചതും ക്രൂ രമായിരുന്നു…
പല നാട്ടിലും ജോലി ചെയ്യേണ്ടി വന്നു ആ അമ്മക്ക്. ചോരക്കുഞ്ഞുമായി ജോലി ചെയ്യാൻ പ്രയാസമായ ആ അമ്മ തന്റെ മോളെ തന്റെ കൂട്ടുകാരികളുടെ വീട്ടിൽ മാറിമാറി നിർത്തി ജോലി ചെയ്തതും ക്രൂ രമാണ്…
ഇന്നത്തെ പോലെ വാട്സാപ്പും വീഡിയോ കോളും ഇല്ലാഞ്ഞിട്ടാണ് ആ പാവം അമ്മക്ക് തന്റെ മകളുടെ കുസൃതികളും വളർച്ചയും ഫീലിങ്‌സും ഒന്നും അറിയാൻ സാധിക്കാതിരുന്നത്. തിരിച്ച് മോൾക്കും അമ്മയെ അറിയാൻ സാധിക്കാതിരുന്നത്…
മോൾ വളർന്നപ്പോൾ അമ്മ വെറും കാശ് അയച്ചുതരുന്ന ഉപകരണം മാത്രമായി തോന്നി…എവിടെയോ അഴിഞ്ഞാടി ജീവിക്കുന്ന ഒരു അമ്മയെയാണ് അവൾ മനസ്സിൽ കണ്ടത്…
തന്റെ മകൾ പഠിച്ച് നല്ല ജോലിയൊക്കെ കിട്ടിയിട്ട് അവളുടെ കൂടെ മരിക്കുവോളം ജീവിക്കണം എന്നായിരുന്നു ആ ക്രൂ രയായ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ, അപ്പോഴേക്കും മകൾ ആ അമ്മയിൽ നിന്നും ഒരുപാട് അകന്നിരുന്നു…
ഒറ്റക്ക് ജനിച്ച് ഒറ്റക്ക് പോരാടി ജീവിച്ച ആ അമ്മ ഇന്ന് ഒറ്റക്ക് യാത്രയായിരിക്കുന്നു…ഇനി ആരുടേയും പരാതിയോ പരിഭവമോ കേൾക്കേണ്ടല്ലോ ആ ക്രൂ രയായ അമ്മക്ക്…
~ഞാൻ ഗന്ധർവ്വൻ