💞 ഒരു കൊച്ചു കഥ – ഞാനും അവനും പിന്നെ വെള്ള കോട്ടിട്ട മാലാഖയും” 💕
എഴുത്ത്: ഷെറിൻ
=================
“അതേയ്..തനിയേ എഴുന്നേൽക്കാൻ സമ്മതിക്കരുത്. തല കറക്കം ഉണ്ടാവും വീണ് മുറിവ് പറ്റിയാൽ ബ്ല ഡ് നിൽക്കില്ല. വാഷ് റൂമിൽ കയറുമ്പോൾ കുറ്റി ഇടീക്കരുത്, ശ്രദ്ധിക്കണേ”…
ബൈ സ്റ്റാന്റേഴ്സിനോടാണ് നേഴ്സ് ചേച്ചിയുടെ ഉപദേശം…പാതി മയക്കത്തിലായ എന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടുണ്ടാവും…
“ഉറങ്ങിക്കോളൂട്ടോ”.. നെറുകയിൽ മെല്ലെ ഒന്ന് തലോടി വെള്ള കോട്ടിട്ട മാലാഖ അടുത്ത പേഷ്യന്റിനരികിലേക്ക് നടന്നു….
…പ്ലേറ്റ്ലെറ്റ് കൗണ്ട് തീരേ താഴ്ന്നു പോയതിനാൽ ടെസ്റ്റിനുള്ള ബ്ലഡ് ഇടക്കിടെ വന്ന് എടുത്ത് കൊണ്ട് പോകുന്നുണ്ട്…
കൈപ്പത്തിയിൽ വല്ലാത്ത വേദന തോന്നുന്നു…ഞരമ്പു കിട്ടും വരെ മൽസരിച്ച് കുത്തിയതാണ്, മുഴുവനും കരിനീലിച്ച് കിടപ്പുണ്ട്, ക്ഷീണം കൊണ്ട് കൂമ്പിപ്പോകുന്ന കണ്ണുകൾ വലിച്ച് തുറന്നുനോക്കി…
…എന്റെ മുഖത്തേക്ക് ഉറ്റുനോക്കി അവനുണ്ട് അരികിൽ….അവനെ ഒരു നോക്ക് കണ്ടപ്പോൾ തന്നെ തെല്ലൊരാശ്വാസം തോന്നി…
….വേദനിക്കുന്ന കൈപ്പുറത്തു കൂടെ…അവന്റെ തലോടലിന്റെ തണുത്ത സ്പർശം…എന്നിലേക്ക് ഇറ്റുവീഴുന്ന ആ…സ്നേഹത്തിൽ അലിഞ്ഞ് മിഴികൾ മെല്ലെയടഞ്ഞു പോകുന്നു…..
….”നന്നായി ഉറങ്ങിയല്ലേ..” തോളിൽ തട്ടി ആരോ വിളിക്കുന്നുണ്ട്. വീണ്ടും മാലാഖയാണ്, ഒന്നു ചിരിക്കാൻ ശ്രമിച്ചു….എന്നും പുഞ്ചിരിക്കാൻ ഇഷ്ട്ടമുള്ള ചുണ്ടുകൾ പക്ഷെ വല്ലാതെ മടി കാണിക്കുന്നു….
“ഇത് തീർന്നു…മാറ്റിയിടുവാട്ടോ” ഡ്രിപ് സ്റ്റാൻഡിൽ മറ്റൊരുവനെ തൂക്കി ഇട്ടു ഒന്നുകൂടി ചെക്കുചെയ്തു കൈയ്യിൽ ഒന്ന് തൊട്ടു നോക്കി അവർ പോകുവാൻ തുടങ്ങുന്നു..
…അവന് പകരം വന്നവന്റെ സ്നേഹധാര ഞരമ്പിലേക്കു പ്രവഹിച്ചു തുടങ്ങിയിരുന്നു…
വീണ്ടും ഒരു നിദ്രയുടെ ആലസ്യത്തിലേക്ക് ആണ്ടു പോകും മുൻമ്പേ ഞാൻ അവനെ തിരഞ്ഞു…
….ആകെ ക്ഷീണിതയായിരുന്ന എന്റെ ധമനികളിലേക്ക് ഒഴുകി ഇറങ്ങിയപ്പോൾ കാലിയായിപ്പോയ അവനേയും കൈയ്യിൽ തൂക്കി പിടിച്ച് നടന്നു പോകുന്ന വെള്ള കോട്ടിട്ട മാലാഖ…
വാതിൽക്കടന്നുപോകുന്നതുവരേയ്ക്കും എന്റെ തളർന്ന മിഴികൾ പിൻതുടർന്നിരുന്നു അവനെ…
എന്നിൽ ഓജസ്സും ഉൻമേഷവും നിറച്ചു തന്ന അവനെ….എന്റെ പാവം ഗ്ലൂക്കോസ് കുപ്പിയേ….
~ഷെറിൻ🙏 💕