ഇമ
എഴുത്ത്: ദേവാംശി ദേവ
==================
”ഇമ…നീ പോകാൻ തന്നെ തീരുമാനിച്ചോ..”
“അതിലിനി തീരുമാനിക്കാൻ ഒന്നും ഇല്ല അമ്മ…ഇത്രയും കാലം ഞാൻ ജീവിച്ചതുതന്നെ ഇങ്ങനെയൊരു ദിവസത്തിന് വേണ്ടിയായിരുന്നു..”
അവളുടേത് ഉറച്ച തീരുമാനമാണെന്ന് മനസിലായപ്പോൾ ദേവയാനി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു..
ഇമ ചുവരിലെ ഫോട്ടോകളിലേക്ക് നോക്കി..
അച്ഛന്റെയും അമ്മയുടെയും നടുവിൽ കുസൃതി ചിരിയുമായി നിൽക്കുന്ന സുന്ദരിയായ ഇമ…അതായിരുന്നു ആദ്യ ചിത്രം. രണ്ടാമത്തേത് ആസിഡ് വീണ് പൊള്ളലേറ്റ് വികൃതമായ ഇമയുടെ ചിത്രമായിരുന്നു. മൂന്നാമത്തേത് മാലയിട്ട അവളുടെ അച്ഛന്റെ ചിത്രം.
അടുത്തതൊരു പത്ര കട്ടിങ് ആയിരുന്നു.. “യുവതിക്ക് നേരെ അജ്ഞാതന്റെ ആസിഡ് ആക്രമണം..പ്രണയപകയകാനാണ് സാധ്യതയെന്ന് പോലീസ്..”
കുറച്ചു സമയം ഇമ അതിൽ തന്നെ നോക്കി നിന്നു..പിന്നെ പതിയെ അടുത്ത ചിത്രത്തിലേക്ക് നോക്കി..സുന്ദരനായൊരു യുവാവിന്റെ ചിത്രമായിരുന്നു അത്..
കഴിഞ്ഞ അഞ്ചുവർഷങ്ങളായി അവളെ ജീവിക്കാൻ പ്രേരിച്ച അഞ്ച് ചിത്രങ്ങൾ…
നവീൻ…
“ആദ്യമായി എന്നാണ് അവനെ കണ്ടത്..” ഇമ ആ ദിവസം ഓർത്തെടുക്കാൻ ശ്രമിച്ചു…
ഇല്ല..ഓർക്കാൻ കഴിയുന്നില്ല..എന്നോ ഒരു ദിവസം…പ്രേത്യകതകളൊന്നുമില്ലാത്തൊരു ദിവസം…
പക്ഷെ അവസാനമായി അവനെ കണ്ട ദിവസം അവൾക്ക് മറക്കാൻ കഴിയില്ലായിരുന്നു…അവളുടെ ജീവിതത്തെ തന്നെ ഇരുൾ മൂടിയ ദിവസം…കഷ്ടപ്പെട്ട് നേടിയെടുത്ത നേട്ടങ്ങൾക്കു മേൽ നഷ്ടങ്ങൾ താണ്ടവമാടിയ ദിവസം..
പത്താം ക്ളാസിൽ പഠിക്കുമ്പോളോ മറ്റോ ആണ് ഇമ, നവീനിനെ ആദ്യമായി കാണുന്നത്..കാണാൻ സുന്ദരിയായിരുന്നു ഇമ..അവളുടെ പുറകെ പ്രണയം പറഞ്ഞു നടന്നിരുന്നവരിൽ ഒരാൾ മാത്രമായിരുന്നു അവൾക്കന്ന് നവീൻ..
പുറകേ നടന്നവരൊക്കെ ഒരു നോട്ടം പോലും തിരികെ കിട്ടാതെ മടുത്ത് തിരിഞ്ഞു നടന്നപ്പോഴും നവീൻ പിൻമാറിയില്ല…പതിയെ പതിയെ അവൻ അവളുടെ ഹൃദയത്തിലേക്ക് തന്നെ നടന്നു കയറി..അവളുടെ പ്രാണനായി മാറി..
മനോഹരമായ പ്രണയകാലം..പക്ഷെ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല…
നിസാര കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടുന്ന, പിണങ്ങുന്ന സ്വഭാവമായിരുന്നു അവന്..അവനോടുള്ള സ്നേഹം കൊണ്ട് അവൾ എല്ലാം ക്ഷമിച്ചു..
ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയത് മിക്സിഡ് കോളേജിലായപ്പോൾ അവളോട് പഠനം അവസാനിപ്പിക്കാൻ അവൻ പറഞ്ഞു…അവളത് അനുസരിക്കാത്തതുകൊണ്ട് തന്നേ ഒരുമാസത്തോളം അവൻ പിണങ്ങിയിരുന്നു…പതിവ് പോലെ അവൾ തന്നെ മുൻകൈ എടുത്ത് പിണക്കം മാറ്റി..
പിജിക്ക് മറ്റൊരു ജില്ലയിലെ കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ പിണക്കം ആറുമാസത്തോളം നീണ്ടു..അവിടെയും അവൾ തന്നെ തോറ്റു കൊടുത്തു..
നല്ല മാർക്കോടെ പാസായ അവൾക്ക് പ്ലെയ്സ്മെന്റിലൂടെ പേരുകേട്ടൊരു കമ്പനിയിൽ ജോലികിട്ടിയപ്പോൾ അവളുമായുള്ള ബന്ധം തന്ന നവീൻ ഉപേക്ഷിച്ചു..അവന്റെ ദേഷ്യമൊന്ന് കുറഞ്ഞ ശേഷം സംസാരിക്കാനായി അവളും കാത്തിരുന്നു..
ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോൾ ഇടവഴിയിൽ കാത്തു നിന്നിരുന്ന നവീനിനെ കണ്ടതും സന്തോഷത്തോടെ അവൾ അവന്റെ അടുത്തേക്ക് ഓടി പോയി..
“നവി…ഇനി എനിക്ക് വയ്യ കേട്ടോ ഇങ്ങനെ പിണങ്ങിയിരിക്കാൻ..എത്രയും പെട്ടെന്ന് നമ്മുടെ വിവാഹം…”
പറഞ്ഞു മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല അവൾക്ക്..അതിനു മുൻപേ അവളുടെ മുഖത്തെക്ക് എന്തോ അവൻ വലിച്ചെറിഞ്ഞു..സഹിക്കാൻ കഴിയാത്ത വേദന..ജീവൻ പറിഞ്ഞു പോകും പോലെ…
ഓർമ്മവരുമ്പോൾ അവൾ ഹോസ്പിറ്റലിൽ ആണ്…..പോലീസിനോടും അമ്മയോടും അവന്റെ പേര് പറഞ്ഞു..
“ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു സർ…അവളുടെ സ്വഭാവം ശരിയല്ല..എന്നെ പോലെ ഒരുപാട് കാമുകന്മാർ ഉണ്ട് അവൾക്ക്..ഞാനത് അറിയാൻ വൈകിപ്പോയി. അതിൽ ആരെങ്കിലും ആകും…” നവീനിന്റെ മറുപടിയായിരുന്നു അവളുടെ വീട്ടുകാരൊഴികെ എല്ലാവരും വിശ്വസിച്ചത്…
കുറ്റങ്ങളും കുറ്റപ്പെടുത്തലുകളും ഏറ്റെടുത്ത് ഒന്നും മിണ്ടാതെ ആശുപത്രി വാസം കഴിഞ്ഞ് വികൃതമായ മുഖവുമായി വീട്ടിലേക്ക് വന്നുകയറുമ്പോളാണ്, തന്റെ മകൾക്ക് സംഭവിച്ച ദുരന്തം താങ്ങാൻ കഴിയാതെ അച്ഛൻ എന്നെന്നേക്കുമായി നഷടമായെന്ന് അവൾ അറിഞ്ഞത്..
പിന്നീടങ്ങോട്ട് വാശിയോടെ, മറ്റുള്ളവരുടെ കളിയാക്കലുകളൊക്കെ സഹിച്ചുകൊണ്ട് ജീവിക്കുകയായിരൂന്നു..ഒരു പോരാട്ടം പോലെ. ഇന്നത്തെ ദിവസത്തിനായി…
അന്നത്തെ സംഭവത്തിന് ശേഷം നവീൻ വിദേശത്ത് ജോലി നേടി പോയി..പിന്നീട് അവന്റെ വളർച്ച പെട്ടെന്നായിരുന്നു…സമ്പത്ത് കുന്നുകൂടിയപ്പോൾ നാട്ടിലും വീട്ടിലും അവനെ ആരാധിക്കാനും ബഹുമാനിക്കാനും ആളുകളുണ്ടായി..കോടീശ്വരന്മാർ പലരും തങ്ങളുടെ പെണ്മക്കൾക്ക് ഭർത്താവായി അവനെ കിട്ടാൻ കൊതിച്ചു..അതിൽ ഏറ്റവും അനുയോജ്യമായത് തന്നെ അവൻ തിരഞ്ഞെടുത്തു..
നാളെ അവന്റെ വിവാഹമാണ്..ഇമ കാത്തിരുന്ന ദിവസം..
വൈകുന്നേരം പുതിയ പട്ടു സാരിയിൽ അവൾ അണിഞ്ഞൊരുങ്ങി..ആഭരണങ്ങൾ അണിഞ്ഞു…വർഷങ്ങൾക്ക് ശേഷം പൗഡറും പൊട്ടും കണ്മഷിയുമൊക്കെ അവളുടെ മുഖത്ത് സ്ഥാനം പിടിച്ചു..കോർത്തെടുത്ത മുല്ലപൂമാല മുടിയിൽ ചൂടി…അവസാനമാരു ഹെൽമറ്റ് കൂടി വെച്ചുകൊണ്ട് അവൾ പുറത്തേക്കിറങ്ങി..
“എന്തിനാ മോളെ നീ അവനെ കാണാൻ പോകുന്നെ….ഇനി അവനെ കണ്ടിട്ട് എന്തിനാ..”
“കാര്യമുണ്ട് അമ്മേ..അവസാനമായി എനിക്കവനെ ഒന്നുകൂടി കാണണം.
ഞാൻ പോയിട്ട് വരാം..” ബാഗുമെടുത്ത് അവൾ പുറത്തേക്ക് നടന്നു.
*******************
വിവാഹത്തലേന്നത്തെ ആഘോഷത്തിലായിരുന്നു നവീന്റെ വീട്..അവിടേക്ക് ഹെൽമെറ്റും വെച്ച് കയറി വന്ന പെണ്ണിനെ എല്ലാവരും കൗതുകത്തോടെ നോക്കി..
“നവീൻ ഇല്ലേ…”
“അവൻ റൂമിലുണ്ട്…കുട്ടി അവന്റെ ഫ്രണ്ട് ആണോ..വരു..അകത്തേക്ക് ഇരിക്കാം.” അവന്റെ ബന്ധുക്കളിൽ ഏതോ ഒരു സ്ത്രീ പറഞ്ഞു..
“വേണ്ട…അവനെ വിളിച്ചാൽ മതി..ഒരു ഗിഫ്റ്റ് കൊടുക്കാൻ ആണ്.” ബാഗിൽ നിന്നും മനോഹരമായ ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞൊരു ഗിഫ്റ്റ് അവൾ പുറത്തേക്ക് എടുത്തു.
അവർ നവീനെ വിളിക്കാനായി അകത്തേക്ക് പോയി..
“ഈ കൊച്ചെന്താ ഹെൽമെറ്റ് മാറ്റാത്തത്..” ആരൊക്കെയോ പിറുപിറുത്തു..
“ആരാ..” പുറത്തേക്ക് വന്ന് നവീൻ ചോദിച്ചു..
ഇമ പതിയെ അവന്റെ അടുത്തേക്ക് നീങ്ങി..എല്ലാവരുടെയും കണ്ണുകൾ അവരുടെ നേരെയായിരുന്നു.
ഇമ പതിയെ ഹെൽമറ്റ് ഊരി മാറ്റി..അവളുടെ മുഖം കണ്ട് കൂടിനിന്നവരൊക്കെ അറപ്പൊടെയും ഭയത്തോടെയും മുഖം തിരിച്ചു..അവിടെയുണ്ടായിരുന്നൊരു കുഞ്ഞ് പേടിച്ച് കരയാൻ തുടങ്ങി..
നവീൻ മാത്രം തറഞ്ഞു നിന്നു..അവളുടെ ഇങ്ങനെയൊരു വരവ് അവൻ പ്രതീക്ഷിച്ചിരുന്നില്ല.
“എന്ത് പറ്റി നവീൻ..എന്നെ കണ്ട് നീ ഭയന്നോ..”
“നി..നിനക്ക്..നിനക്ക് എന്താ വേണ്ടത്..എന്തിനാ ഇപ്പോ ഇങ്ങോട്ടേക്ക് വന്നത്.”
“നിന്നെ കാണാൻ….എന്റെ സ്വപ്നങ്ങളൊക്കെ തകർത്തെറിഞ്ഞിട്ട് നീ ഉയരങ്ങളിലേക്ക് പറന്നില്ലേ..അപ്പോ നിന്നെ ഒന്ന് കണ്ട് അഭിനന്ദിക്കാൻ…ഒരു ചെറിയ സമ്മാനം തരാൻ..” ഇമ അവളുടെ കൈയ്യികിരുന്ന ഗിഫ്റ്റ് പതിയെ പൊട്ടിച്ചു..അതിനകത്ത് മനോഹാരമായൊരു പെർഫ്യൂം ആയിരുന്നു..
“ഇത് നിനക്കാണ്… കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ കാത്തുവെച്ചത്.” പറഞ്ഞു തീർന്നതും അവളത് അവന്റെ മുഖത്തേക്ക് സ്പ്രേ ചെയ്തു..
ഒരു നിലവിളിയോടെ ഇരു കൈയ്യാലും മുഖം പൊത്തി നവീൻ ഇമയുടെ കാൽ ചുവട്ടിൽ വീണു പിടഞ്ഞു..ചുറ്റും കൂടി നിന്നവർ പേടിയോടെ ഓടി അടുത്തു..
“എന്താടി നീ എന്റെ മോനെ ചെയ്തത്.” അവന്റെ അച്ഛൻ ചോദിച്ചു..
“തന്നത് തിരികെ കൊടുത്തതാ..ഞാൻ അനുഭവിച്ചതൊക്കെ ഇനി ഇവൻ അനുഭവിക്കണം….” ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നപ്പോൾ നവീൻ അബോധാവസ്ഥയിലേക്ക് പോയിരുന്നു..
ഇമ പോലീസ് സ്റ്റേഷനിലേക്ക് നടന്നു….എല്ലാം തുന്നു പറഞ്ഞ് കീഴടങ്ങുമ്പോൾ ജയിലിലേക്ക് പോകുന്നതിലുള്ള ദുഃഖം ആയിരുന്നില്ല, ഇനിയുള്ള നവീന്റെ ജീവിതമോർത്തുള്ള സന്തോഷമായിരുന്നു അവളുടെ മനസ്സ് മുഴുവൻ….