മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ചോദ്യത്തിനെല്ലാം ആ..മ്ം..ന്നു മാത്രം ഉത്തരം തന്നു.പിന്നെ എപ്പോ ചിറ്റ ഫോൺ തന്നാലും ഇത് പോലെ തന്നെയായിരുന്നു.എന്തായാലും സംസാരിക്കാനുള്ള പേടി ഇത്തിരി കുറഞ്ഞു.ചിറ്റ എന്ത് പറഞ്ഞാലും ആള് അനുസരിക്കും.
അങ്ങനെ കല്യാണത്തിരക്കിലായി വീട്
കുട്ടി മാറി നിന്നോ….അല്ലേ കാലിനോ മറ്റോ വീണാ…കല്യാണത്തിനു കാലിൽ കെട്ടും കൊണ്ട് മണ്ഠപത്തിൽ ഇരിക്കേണ്ടി വരും…
വീട് പെയ്റ്റ് ചെയ്യാൻ ആൾക്കാർ വന്നപ്പോൾ സാധനങ്ങൾ എടുത്തു വെക്കാൻ സഹായിക്കാൻ പോയതാ…വാസുമാമ ഓടിച്ചു വിട്ടു.
അടുക്കളയിലും പ്രവേശനമില്ല…
ഇത്തിരി തടി വെക്കണം..സാരി ഉടുക്കണ്ടതാ…
അതും പറഞ്ഞ് ചിറ്റേം സാവിത്രിയമ്മേം കൂടി എന്തൊക്കെയോ തീറ്റിക്കാൻ തുടങ്ങി.ചെലതൊക്കെ കഴിക്കുമ്പോ ശർദിക്കാൻ വരും
ശർദിക്കല്ലേ…മരുന്നാ അത്
ഇത്തിരി വ്യത്യാസം ഇണ്ട്…
കുടിച്ച് രണ്ടാഴ്ച ആവുമ്പോഴേക്കും ചിറ്റേം സാവിത്രിയമ്മേം കൂടി എനിക്ക് മാർക്കിടാൻ തൊടങ്ങി.
അതോടെ എങ്ങനൊയൊക്കെയോ ഇറക്കും.പിന്നെ ഇഞ്ച..താളി..തുടങ്ങി കേട്ടറിവുള്ളതൊക്കെ ഉണ്ടാക്കിച്ചും വാങ്ങിച്ചും എന്റെ മേലെ പരീക്ഷിച്ചു.
ബ്യൂട്ടി പാർലറിൽ പോവണ്ടന്നു ചിറ്റേം അച്ഛനും തറപ്പിച്ചു പറഞ്ഞു.
കല്യാണത്തിനു ലീവ് എടുക്കണ്ടോണ്ട് ഓഫിസിൽ ബിസിയാണെന്നു പറഞ്ഞ് ചിറ്റേ പോലും അധികം വിളിക്കാതായി.എന്നെങ്കിലും വിളിക്കുമ്പോൾ ശബ്ദം കേൾക്കാൻ കൊതിയോടെ ചിറ്റേടെ അടുത്തിരിക്കും.
ഫോൺ വേണോന്നു ചിറ്റ ചോദിക്കുമ്പോൾ വേണ്ടന്നു പറഞ്ഞു.കല്യാണം അടുക്കും തോറും വല്ലാത്ത വെപ്രാളം…
അർജുവേട്ടൻ എന്നെ സ്നേഹിക്കില്ലേ ചിറ്റേ….
എന്റെ കുട്ടിയെ സ്നേഹിക്കാതിരിക്കാൻ അവനാവില്ല.ഒന്നൂലേലും ഞാൻ പ്രസവിച്ചതല്ലേ…
ചിറ്റേടെ മടിയിൽ കിടന്നു കൊണ്ട് ചോദിച്ചപ്പോൾ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു.
അർജുവേട്ടന്റെ റൂമിൽ പോയിരുന്നു.ഒരുപാട് ബുക്ക്സ് ഇണ്ട്.അതിലൊക്കെ തലോടി.റൂം വൃത്തിയാക്കുന്നതും പൊടി തട്ടി വെക്കുന്നതൊക്കെ ഞാനാ.അത് അർജുവേട്ടന് അറിയില്ല.അർജുവേട്ടൻ പോയ പാടെ ഇവിടേക്ക് വരും.ഇവിടെയൊക്കെ അർജുവേട്ടന്റെ മണമായിരിക്കും.പോവുമ്പോ അഴിച്ചിട്ട ഷേർട് ഉണ്ടാവും കട്ടിലിൽ.അത് നെഞ്ചോട് ചേർത്ത് വച്ച് നിക്കും.അത് അലക്കി ഇസ്തിരി ഇട്ട് വെക്കുന്നതും ഞാനാ.
പഴയ ആൽബങ്ങൾ പൊടി തട്ടി എടുത്തു.എല്ലാം അമ്മേടെ റൂമിലാ വെച്ചിരിക്കുന്നത്.
അച്ഛനും അമ്മേം ഞാനും ഉള്ള ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ.അമ്മ എന്നെ എടുത്തിട്ട്.ഒരു കൈ എന്റെ തലയിൽ വെച്ചിരിക്കുന്നു.അത്രേം ചെറിയ കുട്ടി ആയപ്പോ എട്ത്തത്.ശരിക്കും എന്നെ പോലെ തന്നെ ഇണ്ട് അമ്മ.പിന്നെ എന്റെ ചോറൂണിന്റെ ഫോട്ടോ..അങ്ങനെ ഒരുപാട് ഫോട്ടോസ്.
അതിൽ ചിറ്റേം ചിറ്റപ്പനും അർജുവേട്ടനും നിക്കുന്ന ഫോട്ടോ.രണ്ട് പേരുടെയും നടുക്ക് നിൽക്കുവാ.രണ്ടാളെയും കുഞ്ഞിക്കെകൾ കൊണ്ട് ചേർത്ത് ഇറുക്കി പിടിച്ചിട്ടുണ്ട്.പല്ലുകൾ മുഴ്വൻ കാണിച്ച് ചിരിക്കുന്നു.മുന്നിലെ ഒരു പല്ലില്ല.
ഇത് വരെ ഇങ്ങനെ ചിരിക്കണത് കണ്ടിട്ടില്ല..ഒന്നുകിൽ ദേഷ്യം…അല്ലേ…നിർവികാരതയോ..അതും അല്ലേ എന്തൊക്കെയോ ചിന്തിച്ച്.
മറ്റൊരു ചിരിക്കണ ഫോട്ടോ കൂടി ഉണ്ടായിരുന്നു.വള്ളി നിക്കർ ഇട്ട് ഓടാൻ പോവേ ചിറ്റപ്പൻ എടുത്തുയർത്തിയത്.പിന്നെ ഒന്ന് ചിറ്റേടെ കവിളിൽ കടിക്കണത്.രണ്ടുപേരുടെ മുഖത്തെ സന്തോഷം കണ്ടാലറിയാം അത് അവരുടെ നല്ല നാളുകളായിരുന്നെന്ന്.
അവസാനം ഒരു ഫോട്ടോ കൂടി കണ്ടു.ചിറ്റ എന്നെയും അർജുവേട്ടനെയും ചേർത്ത് പിടിച്ചിരിക്കുന്നു.അതിൽ അർജുവേട്ടൻ എന്നെ ദേഷ്യത്തിൽ നോക്കുന്നു.എന്റെ അഞ്ചാം പിറന്നാളിനു എടുത്തതാ..ഇപ്പോഴും ഓർമ ഇണ്ട്..അന്ന് എത്ര വിളിച്ചിട്ടും വന്നില്ല ആ ഫോട്ടോ എട്ക്കാൻ.അച്ഛൻ പിടിച്ച് വലിച്ച് നിർത്തിച്ചതാ.
ചിറ്റ പറഞ്ഞോണ്ട് കല്യാണ ഡ്രെസ് എട്ക്കാൻ അർജുവേട്ടൻ വന്നു.ആകെ മെലിഞ്ഞ്…കുറ്റിരോമം വളർന്നിരിക്കുന്നു…
ചിറ്റ കണ്ടപാടെ അതിന്റെ പരിഭവം തീർക്കണ തെരക്കിലാണ്.ഒരു ചെറിയ ബാഗ് ചിറ്റേടെ നേരെ നീട്ടിയതും
അമ്മാളൂന്റെ കൈയിൽ കൊട്ക്ക്ന്നു ചിറ്റ പറഞ്ഞു . എന്റെ കൈയിൽ തന്ന് റൂമിലേക്ക് പോയി.ബാഗ് തൊറന്നപ്പോ കൊറേ ഡ്രസ് കുത്തികേറ്റിയിരിക്കുന്നു അതിൽ.നല്ലതും മുഷിഞ്ഞതും എല്ലാം ഒരുമിച്ച് ചുറ്റികൂട്ടിയിരിക്കുന്നു.
സാധാരണ മുഷിഞ്ഞത് വേറെ കവറിലാക്കി ബാഗിൽ വെക്കും.ഇതെന്ത് പറ്റി.ജോലി തെരക്ക് കാരണമായിരിക്കും.
ദിവസങ്ങൾ പോയികൊണ്ടിരുന്നു
പന്തൽ ഉയർന്നു.വീടിന്റെ ഒരു വശത്ത് സദ്യയുടെ മണവും പുകയും ഉയർന്നു.
ആകെ ബഹളമയം.കുട്ടികൾ ഓടി കളിക്കുന്നു.മുതിർന്നവർ കൂട്ടംകൂട്ടമായി എന്തൊക്കെയോ പറഞ്ഞിരിക്കുന്നു.
നല്ല ചെക്കനെ കിട്ടിയ ചട്ടുകാലിപെണ്ണിന്റെ ഭാഗ്യത്തിനെ കണ്ണു വെയ്ക്കുന്നവരും ഉണ്ട്.അർജുവേട്ടന്റെ അച്ഛന്റെ കുടുംബക്കാരാണ് അതിന് മുന്നിൽ.അത് പ്രതീക്ഷിച്ചതാണ്…അത് കൊണ്ട് അത്ര പോറൽ ഉണ്ടാക്കീല…
മൈലാഞ്ചി നന്നായി ചൊമന്നല്ലോ…നല്ല സ്നേഹംള്ള ഭർത്താവായിരിക്കും….
കുപ്പിവള കിലുക്കമുള്ള കൈയിൽ നോക്കി
അതേ …..നന്നായി ചൊമന്നിരിക്കുന്നു….ഇനി ആ സ്നേഹത്തിനായി ഞാൻ എത്ര നാൾ കാത്തിരിക്കണം അർജുവേട്ടാ….
അവർ പറഞ്ഞത് കേട്ടിട്ടാണോ എന്നറിയില്ല ആരോടോ സംസാരിച്ചിരിക്കുന്ന അർജുവേട്ടൻ എന്നെ നോക്കി.ഞാൻ നോക്കുന്നത് കണ്ടതും കണ്ണുകൾ മാറ്റി…
ഇനിയുള്ള ഏഴു ജന്മങ്ങളിൽ ഒന്നു ചേരാൻ പ്രാർത്ഥനയോടെ…ഈ ജന്മത്തിൽ സുഖ-ദുഖങ്ങളിൽ ഒരുമിച്ചുണ്ടാവുമെന്ന പ്രതിജ്ഞ എടുത്ത് അമ്മാളു അർജുവേട്ടന്റെ ആയി.അഗ്നിയിൽ നെയ് ഉരുകുന്ന മാസ്മരിക ഗന്ധത്തിനു ചുറ്റും അർജുവേട്ടനു പിറകെ കൈ പിടിച്ച് പരസ്പരം ബന്ധിച്ച ഉടയാടകളോടെ ചുറ്റും ഉയർന്ന കുരവയിടലിന്റെ അകമ്പടിയിൽ വലംവെക്കുമ്പോൾ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ എന്നെങ്ങിലും…..എന്നെങ്ങിലും ഒരിറ്റു സ്നേഹം….കടക്കണ്ണാലെയെങ്കിലും ഒരു നോട്ടം…ഒരു പ്രാവിശ്യം എങ്കിലും അമ്മാളൂന്നുള്ള വിളി.ഇത്രയും വർഷം കാത്തിരുന്നു ഇനിയും കാത്തിരിന്നോളാം…ഒന്നൂലേലും ഇനി അമ്മാളൂന്റെ അല്ലേ അർജുവേട്ടൻ…അർജുവേട്ടന്റെ താലിടെം സിന്ദൂരത്തിന്റെയും അവകാശി.
പക്ഷേ നിർവികാരമായുള്ള കണ്ണുകളും താലികെട്ടുമ്പോഴും മിഞ്ചി അണിയിക്കുമ്പോഴും ആറിഞ്ഞ പ്രണയത്തരിപ്പില്ലാത്ത സ്പർശനങ്ങളും പറയുന്നുണ്ടായിരുന്നു ഇനിയും ഒരുപാട് നാൾ കാത്തിരിക്കണമെന്ന്… ചടങ്ങുകൾക്കിടയിൽ അഗ്നിയുടെ ചൂടിൽ വിയർത്തൊലിച്ച ആ മുഖത്തും നെഞ്ചിലുമെല്ലാം എന്റെ കണ്ണുകൾ ഇടയ്ക്കിടക്ക് ഓടി കളിച്ചപ്പോൾ ആ കണ്ണിൽ ഞാൻ പതിയുന്നുണ്ടായിരുന്നില്ല
കണ്ണാടിയിൽ നോക്കി സിന്ദൂരം പടർന്നു കിടക്കുന്നു.മറ്റൊരു അമ്മാളൂ…ഇത് ഞാൻ തന്നെ ആണോ..കണ്ണാടിയ്ക്കു മേലെ സിന്ദൂരരേഖയിലെ ചുവപ്പിൽ തടവി. താലിയിലേക്ക് കണ്ണുകൾ പോയി.കൈയിലെടുത്ത് രണ്ടു കണ്ണിലും വെച്ചു.
കണ്ണാ..മരിക്കുവോളം ഇതെന്റെ കൂടെ ഇണ്ടാവണേ…
കാലിൽ മിഞ്ചി.ആദ്യമായോണ്ട് നടക്കാൻ ഒരു ബുദ്ധിമുണ്ട്.ആ കാലിൽ ബലം കൊടുത്ത് നടക്കുന്നത് കൊണ്ട് പ്രത്യേകിച്ച്
അമ്മാളൂ….അർജുവിന്റെ കൂടെ ജോലി ചെയ്യണ ആരോ വന്നിട്ടുണ്ട്
ദാ…വരണൂ…
ഒരു പെൺകുട്ടി…എന്റെ സിന്ദൂരത്തിലേക്കും താലിയിലേക്കും അവൾ കണ്ണു പായിച്ചു കൊണ്ടിരിക്കുന്നു.
ഞാൻ സാന്ദ്ര….അർജുൻ്റെ കൂടെ വർക്ക ചെയ്യുന്നതാ…
കൈ നീട്ടിക്കൊണ്ട് പറഞ്ഞു.ഞാൻ അർജുവേട്ടനെ നോക്കിയ ശേഷം കൈ കൊടുത്തു. അർജുവേട്ടൻ എങ്ങോ നോക്കി നിൽക്കുന്നു.
എന്താ ലേറ്റായത് വരാൻ…
കുറച്ച് പേർസണൽ കാര്യങ്ങൾ കൊണ്ട് ബിസിയായി പോയതാ…ഈ ഗിഫ്റ്റ് തരാനായ് വന്നതാ…
എന്നോടാണെങ്കിലും ഇടക്കിടക്ക് അവളുടെ കണ്ണുകൾ അർജുവേട്ടനെ തേടി പോവുന്നുണ്ട്.അർജുവേട്ടൻ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ നെഞ്ചിൽ എന്തോ കുത്തുന്നത് പോലെ…..
അവടെ എനിക്ക് പ്രസക്തി ഇല്ലാത്ത പോലെ…അവർക്കിടയിൽ ഞാൻ വലിഞ്ഞ് കയറിയത് പോലെ.അറിയാതെ തന്നെ വലത്കൈ താലിചരടിലേക്ക് പോയി.ആർക്കും കൊടുക്കില്ലെന്നപോലെ മുറുകെ പിടിച്ചു.
തുടരും….