ഒരു ഗർഭസ്ഥശിശുവിന്റെ ഡയറിക്കുറിപ്പുകൾ
Story written by Adv Ranjitha Liju
ഇന്ന് ഞാൻ വളരെ നേരത്തേ തന്നെ ഉണർന്നു.മനസ്സിനെ പാകപ്പെടുത്തി യാത്രയ്ക്ക് തയ്യാറായി ഇരിക്കുകയാണ്. ഇന്നാണ് ഒരു ഗർഭസ്ഥശിശുവിൽ നിന്ന് നവജാതശിശുവിലേയ്ക്കുള്ള എന്റെ സ്ഥാനക്കയറ്റം.ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച എന്റെ അമ്മയുടെ മുഖം ആദ്യമായി കാണുന്ന ദിവസം.
അമ്മയിലൂടെ മാത്രം അറിഞ്ഞ എന്റെ അച്ഛൻ വാരിയെടുത്തു തുരുതുരെ ചുംബിക്കുന്ന ദിവസം.
ഇതൊക്കെ ആണെങ്കിലും എന്റെ മനസ്സിന്റെ ഒരു കോണിൽ വല്ലാത്ത ഭയം.ഈ ഭയം എന്നെ വേട്ടയാടാൻ തുടങ്ങിയിട്ടു കഴിഞ്ഞ ഏഴു മാസത്തിലേറെയായി.
ശരിക്കും എന്റെ കഥ തുടങ്ങുന്നത്, ഒരു പോരാളിയെപ്പോലെ അമ്മയുടെ അണ്ഡത്തിൽ ലയിച്ചു ആത്മവിശ്വാസത്തോടെ ഗർഭപാത്രത്തിൽ സ്ഥാനമുറപ്പിച്ചപ്പോഴാണ്.അന്ന് മുതൽ പിന്നീടുള്ള ഓരോ നിമിഷവും,ഞാൻ എന്ന തുടിപ്പ് ഉദരത്തിൽ വളരുന്നു എന്നു അമ്മയറിയുന്ന നിമിഷത്തിന് വേണ്ടിയായിരുന്നു.അതു അറിയുമ്പോൾ എന്റെ അച്ഛനിലുണ്ടാകുന്ന ആഹ്ലാദം ഓർത്തു ഞാൻ കോരിത്തരിച്ചു.
അവരിലൂടെ ആ സന്തോഷം വീട്ടുകാരിലേക്കും നാട്ടുകാരിലേക്കും ഒക്കെ എത്തുമ്പോൾ എന്റെ അമ്മയ്ക്ക് കിട്ടുന്ന സ്നേഹവും പരിലാളനയും ഓർത്ത് ഞാൻ അഭിമാനം കൊണ്ടു.അത് മുഴുവനായല്ലെങ്കിലും അതിന്റെ ഒരു ഭാഗം എനിക്കും പകർന്നു കിട്ടുമല്ലോ എന്നോർത്തു സന്തോഷം കൊണ്ടു എന്റെ മനസ്സ് നിറഞ്ഞു.
പക്ഷെ യാഥാർത്ഥ്യം മറ്റൊന്നായിരുന്നു.ആ സത്യം അറിഞ്ഞ നിമിഷം ‘അമ്മ ഒരു ഭ്രാന്തിയെപ്പോലെ അലറി,പൊട്ടിക്കരഞ്ഞു, അച്ഛനുമായി കലഹിച്ചു.അതിനു അമ്മയ്ക്ക് അമ്മയുടേതായ കാരണങ്ങളും ഉണ്ടായിരുന്നു.എന്റെ ചേച്ചി ജനിച്ചിട്ട് ഒരു വർഷം പോലും ആയിട്ടില്ല.മാത്രവുമല്ല, അമ്മ മറ്റൊരു കുഞ്ഞിനു വേണ്ടി മാനസികവും ശാരീരികവുമായി തയ്യാറായിട്ടും ഉണ്ടായിരുന്നില്ല.പിന്നെ നാട്ടുകാരുടെ പരിഹാസവും.ഇതൊക്കെ താങ്ങാൻ അമ്മക്ക് കഴിയുമായിരുന്നില്ല.
അമ്മമാരുടെ മനോവികരങ്ങൾ ഗർഭസ്ഥശിശുക്കളിൽ എത്രയധികം സ്വാധീനം ചെലുത്തും എന്ന് എനിക്കന്നാണ് മനസിലായത്.ഒരു ദിവസം കൊണ്ട് പെട്ടെന്ന് ഞാൻ വല്ലാതെ ഒറ്റപ്പെട്ടു പോയതുപോലെ തോന്നി.ക്ഷണിക്കാതെ വന്ന അതിഥിയെപ്പോലെയായി എന്റെ അവസ്ഥ.
രണ്ടു മൂന്നു ദിവസത്തെ അമ്പരപ്പിനും അങ്കലാപ്പിനും ഒടുവിൽ എന്റെ അച്ഛനും അമ്മയും കൂട്ടായി ഒരു തീരുമാനം എടുത്തു.വീട്ടുകാരും നാട്ടുകാരുമൊക്കെ അറിയുന്നതിന് മുൻപേ എന്നെ നശിപ്പിക്കുക .അതറിഞ്ഞ നിമിഷം ഞാൻ പൊട്ടിക്കരഞ്ഞു ,ഉറക്കെ വിളിച്ചു .പക്ഷെ അതൊക്കെ ആര് കേൾക്കാൻ?ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്നെ എങ്ങനെ അവർക്ക് വേണ്ടെന്നു വയ്ക്കാൻ കഴിയുമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.ഒരിക്കലെങ്കിലും അവരെന്നെ ഒന്നു കണ്ടെങ്കിൽ ,അവരുടെ ഈ തീരുമാനം അവർ തിരുത്തിയേനെ എന്നു ഞാൻ വിശ്വസിച്ചു.അങ്ങനെ ഒരു തെറ്റും ചെയ്യാതെ ഞാൻ ശിക്ഷ വിധിക്കപ്പെട്ട് കിടന്നു.
ഇതിനിടയിൽ പലപ്പോഴും അമ്മയോടൊപ്പം ഞാനും പട്ടിണി കിടന്നു.പക്ഷെ അപ്പോഴൊക്കെ എന്റെ ചിന്ത എന്റെ അമ്മയെക്കുറിച്ചായിരുന്നു.പാവം എന്റെ അമ്മയെ വേദനിപ്പിക്കേണ്ടി വന്നതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.
ഒടുവിൽ എന്റെ ശിക്ഷക്കുള്ള സമയം വന്നെത്തി.അമ്മയെ ഒരു നഴ്സ് ടേബിളിലേക്കു കിടത്തി.ഡോക്ടർ ഗ്ലൗസിട്ടു, ഉപകരണങ്ങൾ ഓരോന്നായി എടുത്തു.എന്റെ നെഞ്ചിടിപ്പ് കൂടി.ദൈവം തന്ന ഈ ജീവിതം കുറേ മനുഷ്യർ കാരണം ഇല്ലാതാകാൻ പോകുന്നു.എന്റെ ജീവിക്കാനുള്ള അവകാശമാണ് അവർ ഹനിക്കുന്നതെന്ന് ഞാൻ ഓർത്തു.
ഒരിക്കലെങ്കിലും എന്റെ അച്ഛനമ്മമാരുടെ മുഖമൊന്നു കാണാൻ ഞാൻ കൊതിച്ചു.ആ നിമിഷം ഞാൻ അമ്മയെ വിളിച്ചു അലറിക്കരഞ്ഞു. പക്ഷെ എന്റെ ശബ്ദം പുറത്തേക്കു വന്നില്ല.എന്റെ ദേഹമാസകലം വേദന അനുഭവപ്പെട്ടു.ഡോക്ടർ എന്തൊക്കെയോ വച്ചു ഗർഭപാത്രത്തിൽ ഉന്തുകയും വലിക്കുകയും ഒക്കെ ചെയ്യുന്നു.ആ ആഘാതമാണ് എനിക്കനുഭവപ്പെടുന്നത്.എന്റെ അമ്മയും വേദന കൊണ്ട് പുളയുന്നുണ്ട്. അമ്മയുടെ കരച്ചിൽ എനിക്ക് കേട്ടിരിക്കാൻ കഴിയുന്നില്ല.എത്രയും വേഗം ഡോക്ടർക്കു തന്റെ ദൗത്യം പൂർത്തിയാക്കാൻ കഴിയണേ എന്നു ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.പക്ഷെ കുറേ നേരത്തെ വിഫല ശ്രമത്തിനൊടുവിൽ ഡോക്ടർ പുറത്തേക്കു പോയി.
ഞാൻ ആകാംക്ഷയോടും തെല്ലാശങ്കയോടും കാത്തിരുന്നു.ഇനി മറ്റെന്തെങ്കിലും എടുക്കാനായിട്ടാണോ അദ്ദേഹം പുറത്തേക്കു പോയത് എന്ന സംശയം എനിക്ക് തോന്നി.ഒടുവിൽ അൽപ നേരത്തിന് ശേഷം നഴ്സ് അമ്മയെ അച്ഛനിരിക്കുന്ന കസേരയുടെ അടുത്തു കൊണ്ടു ചെന്നിരുത്തി.അമ്മ ക്ഷീണം കൊണ്ടു അച്ഛന്റെ ദേഹത്തേക്ക് ചാരിയിരുന്നു.എന്താണ് സംഭവിക്കുന്നതെന്നറിയാൻ എനിക്ക് ആകാംക്ഷയായി.”തന്റെ യൂട്രസ് എത്ര ശ്രമിച്ചിട്ടും തുറക്കാൻ കഴിയുന്നില്ല എന്നാണ് ഡോക്ടർ പറയുന്നത്.അതുകൊണ്ടിനി അബോർഷൻ നടക്കില്ല”.അമ്മയോട്
അച്ഛൻ പറയുന്നത് ഞാൻ കേട്ടു.ഞാൻ ഒരു ദീർഘനിശ്വാസത്തോടെ അടുത്ത സംഭാഷണത്തിനായി കാതോർത്തു.
”ഇത്രയും നേരം അബോർഷനു വേണ്ടി ശ്രമിച്ചത് കൊണ്ടു കുട്ടിക്ക് എന്തെങ്കിലും ക്ഷതം സംഭവിച്ചിട്ടുണ്ടോ എന്നു ഡോക്ടർക്കു ഒരു സംശയം..അതുകൊണ്ടു ഒരു സ്കാനിംഗ് ഉടനെ നടത്തണമെന്ന്”.
അച്ഛൻ പറഞ്ഞു നിർത്തി.ശരിയാണ് എന്റെ ശരീരമാസകലം വേദനയുണ്ട്.ഇനി ഡോക്ടർ പറഞ്ഞതു പോലെ എന്തെങ്കിലും സംഭവിക്കുമോ.എനിക്ക് ഓർക്കാൻ കൂടി കഴിഞ്ഞില്ല.എന്നാൽ എന്റെ ആശങ്കകൾക്ക് വിരാമമിട്ട് കൊണ്ട്, സ്കാനിംഗ് റിപ്പോർട്ടിൽ കുഴപ്പമൊന്നുമില്ല എന്നു ഡോക്ടർ തന്നെ പറഞ്ഞു.ആ നിമിഷം എന്റെ അച്ഛന്റെ കരസ്പർശം ഞാൻ ആദ്യമായി അനുഭവിക്കുകയായിരുന്നു.
കൈവിട്ടു പോകുമെന്ന് കരുതിയ ജീവൻ തിരികെ കിട്ടിയതിൽ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു.എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.എന്നാലും തെല്ലൊരാശങ്കയും ഭയവും എന്നിൽ കടന്നു കൂടിയിരുന്നു.അതുകൂട്ടാൻ നാട്ടുകാർക്കും ചില വീട്ടുകാർക്കും സാധിച്ചു.”ഇപ്പോഴേ അടുത്ത കുഞ്ഞു വേണ്ടായിരുന്നു” “നിങ്ങൾ കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നു” ജീവിതം ഒന്നു കരു പിടിപ്പിച്ചിട്ടു പോരായിരുന്നോ അടുത്തത്” ഇങ്ങനെ തുടങ്ങി പല ചോദ്യങ്ങളും എന്നേക്കാൾ കൂടുതൽ എന്റെ അമ്മയെ ഏറെ ദുഃഖിപ്പിച്ചു.
പിന്നീടും ഞാൻ കാരണം എന്റെ അമ്മ ഏറെ പ്രയാസപ്പെട്ടു.അമ്മക്ക് ഇഷ്ടമുള്ള ആഹാരം കഴിക്കാൻ കഴിയാതെയും, ക്ഷീണവും തലകറക്കവുമായും പിന്നെ ഇപ്പോഴിതാ ഈ ലേബർ റൂമിൽ എത്തുന്നതിനു തൊട്ടു മുൻപ് വരെ ചർദ്ദിയായുമൊക്കെ അമ്മയെ അറിഞ്ഞു കൊണ്ടല്ലെങ്കിലും ഞാൻ ദ്രോഹിച്ചു.
എന്തായാലും ഇതിനൊക്കെ എനിക്ക് എന്റെ അമ്മയോട് സ്നേഹം കൊണ്ട് പ്രായശ്ചിത്തം ചെയ്യണം.
പക്ഷെ എന്നെ കാണുമ്പോൾ എന്തായിരിക്കും എന്റെ അച്ഛന്റെയും അമ്മയുടേയും പ്രതികരണം.ഇനിയും അവർ പഴയതു പോലെ എന്നോട് പെരുമാറുമോ.അങ്ങനെ പല ചിന്തകളും എന്റെ മനസിലൂടെ കടന്നു പോയി. അറിയില്ല. എന്തായാലും പുറത്തേക്കു പോയല്ലേ പറ്റു.
അതെ എനിക്ക് പുറത്തേക്കു പോകാനുള്ള സമയമായി.എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.ഞാൻ കണ്ണടച്ചു തന്നെ കിടന്നു. ആരുടെയോ കയ്യിലേക്ക് ഞാൻ വഴുതി വീണു.ഡോക്ടർ ആയിരിക്കാം. ”ആണ്കുട്ടിയാണ്” ഡോക്ടർ വിളിച്ചു പറഞ്ഞു.അമ്മയോടാവാം. ഞാൻ കണ്ണുകൾ തുറന്നതേയില്ല.
”കുട്ടി കരയുന്നില്ലല്ലോ”ഇതു പറഞ്ഞ ഡോക്ടർ എന്റെ കാലിൽ കൂട്ടിപിടിച്ചു ഒന്നു കുടഞ്ഞു.ഇനി എന്തു സംഭവിക്കും എന്ന പേടി എന്നിൽ ഉണ്ടാക്കിയ ഒരു മരവിപ്പായിരുന്നു അതു എന്നു ഡോക്ടർക്കറിയില്ലല്ലോ.
പിന്നെയും എന്തെങ്കിലും സംഭവിക്കാൻ പോകുകയാണോ എന്ന തോന്നൽ ഒരു നിലവിളിയായി എന്നിൽ നിന്ന് പുറത്തേക്ക് വന്നു.അതവരന്റെ ആദ്യ കരച്ചിലായി കരുതിയിരിക്കണം.ഡോക്ടർ മറ്റാരുടെയോ കയ്യിലേക്ക് എന്നെ കൈമാറി.അവർ എന്നെ മാറോടു ചേർത്തു വച്ചു.ആ മാറിലെ ചൂട് എനിക്ക് പരിചിതമായി തോന്നി.ഞാൻ മെല്ലെ കണ്ണുകൾ തുറന്നു നോക്കി.ആ കണ്ണുകളിലെ വാത്സല്യം ഞാൻ തിരിച്ചറിഞ്ഞു.”അതേ അതെന്റെ അമ്മയാണ്”അമ്മയെന്റെ നെറുകയിൽ ചുംബിച്ചു.കാർമേഘം ഒഴിഞ്ഞ മാനം പോലെ എന്റെ മനസും തെളിഞ്ഞു.എന്റെ സ്നേഹം ഒരു പുഞ്ചിരിയായി ഞാൻ അമ്മക്ക് സമ്മാനിച്ചു…