എഴുത്ത്: ലാലു വിനായകൻ
” മാനേജർ സാറിനെ കാണാൻ ദയവു ചെയ്ത് അനുവദിക്കണം…”
ബാങ്കിനുള്ളിലെ പെൺകുട്ടിയുടെ ശബ്ദം കേട്ടാണ് മാനേജർ ശ്യാം സ്റ്റാഫിനെ ക്യാബിനിലേക്ക് വിളിപ്പിക്കുന്നത്..
“എന്താണവിടെ പ്രശ്നം..! എന്നെ കാണാൻ വരുന്നവരെ ഇവിടേക്ക് കയറ്റി വിടണം..അല്ലാതെ അനാവശ്യമായി അവിടെ ബഹളം ഉണ്ടാക്കരുത്..”
‘ സാർ അത് ഞാനന്ന് പറഞ്ഞ പെൺകുട്ടിയാണ്..ലോണിന്റെ കാര്യത്തിന് വന്നതാണ്, ഇതിപ്പോ നാലാം തവണയാണ് വരുന്നത്..സ്വന്തമായി വീടുപോലും ഇല്ലാത്തത് കൊണ്ട് നമുക്ക് ലോൺ കൊടുക്കാൻ കഴിയില്ല..’
“ശരി, അവരോട് ഇങ്ങോട്ട് വരാൻ പറയൂ..ഞാൻ സംസാരിക്കാം..!”
മാനേജർ പറഞ്ഞതനുസരിച്ച് സ്റ്റാഫ് ആ പെൺകുട്ടിയോട് ക്യാബിനിലേക്ക് വരാനായി ആവശ്യപ്പെട്ടു..
നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി ഒരു പെൺകുട്ടി അകത്തേക്ക് കയറി വന്നു.. പിടി പൊട്ടിയ ഒരു കുടയും, അരികു കീറിയ ഒരു തോൾ ബാഗും, കരിയെഴുതാത്ത കണ്ണുകളും നോക്കി കൊണ്ട് ശ്യാം അവളോട് ഇരിക്കാനായി പറഞ്ഞു..
“എന്താണ് കുട്ടിയുടെ പേര്..?”
ഇടം കയ്യാൽ കണ്ണുകൾ തുടച്ചു കൊണ്ട് അവള് പറഞ്ഞു
‘ മീര ‘
” കഴിഞ്ഞ ആഴ്ച മീര വന്നപ്പോ പറഞ്ഞിരുന്നതല്ലെ ലോൺ നൽകാൻ കഴിയില്ല എന്ന്..”
‘ സാർ, ദയവു ചെയ്ത് എന്നോട് കനിവ് കാട്ടണം.. എനിക്ക് അമ്മ മാത്രേ ഉള്ളൂ, ഞങ്ങളൊരു വാടക വീട്ടിലാണ് താമസിക്കുന്നത്.. എന്റെ അമ്മയുടെ ആരോഗ്യം അറ്റമെത്തുന്നത് വരെ ആ പാവം എനിക്ക് വേണ്ടി പല ജോലികളും ചെയ്തു..
അമ്മയ്ക്ക് വയ്യതായത്തിൽ പിന്നെ കോളേജിലെ എന്റെ ക്ലാസ് സമയം കഴിഞ്ഞ് ഒരു തുണിക്കടയിൽ ജോലിക്ക് പോയിട്ടാണ് ഞാൻ കഴിഞ്ഞിരുന്നത്…ഇപ്പൊ പകുതിക്ക് വെച്ച് പഠനവും മുടങ്ങി..
അമ്മയ്ക്ക് തീരെ വയ്യ, വീടില്ലാത്ത, ഒരു പെൺകുട്ടി എന്നത് കൊണ്ടും ബന്ധുക്കൾക്ക് പോലും ഞങ്ങളിപ്പോ ബാധ്യതയാണ്.. പാവം എന്റെ അമ്മ ഇനി എത്ര നാളുകൂടി എന്നോടൊപ്പം ഉണ്ടാവുമെന്ന് എനിക്കറിയില്ല…
ഇപ്പൊ അകന്നൊരു ബന്ധു വഴി എനിക്കൊരു വിവാഹാലോചന വന്നിട്ടുണ്ട്…ഈയൊരു സാഹചര്യത്തിൽ എനിക്ക് ഈ വിവാഹത്തിന് വഴങ്ങാതെ പറ്റില്ല…കല്യാണം കഴിഞ്ഞ് എന്റെ അമ്മയെകൂടി എനിക്കൊപ്പം കൊണ്ടുവരാൻ അവര് സമ്മതിച്ചിട്ടുണ്ട്…
പക്ഷേ വിവാഹത്തിനും മറ്റുമുള്ള ചിലവിനും ഞങ്ങളുടെ കയ്യിൽ സാമ്പത്തികമില്ല.. വാടക കൊടുക്കാൻ കഴിയാതെ മൂന്ന് മാസം കഴിഞ്ഞാൽ അവിടുന്ന് ഇറങ്ങണം എന്നാണ് പറഞ്ഞിരിക്കുന്നത്.. ഇഷ്ടമില്ലാത്ത വിവാഹം ആണ്..എന്നിരുന്നാലും ഇപ്പോഴത്തെ അവസ്ഥയിൽ അമ്മയ്ക്കും എനിക്കും ഈയൊരു വിവാഹം ഒരു തണലാണ്..എങ്ങനെയെങ്കിലും ഈ ലോൺ ശരിയാക്കി തരണം..’
കുറച്ച് നേരം ആലോചിച്ചതിന് ശേഷം ശ്യാം ചോദിച്ചു,
” ഇയാളുടെ പേരിൽ സ്ഥലമോ, സ്വന്തമായി ഒരു വീടോ ഒന്നും തന്നെയില്ല..അങ്ങനെയുള്ളപ്പോ ഒരു ലോൺ ബുദ്ധിമുട്ടാണ്..!! എത്ര വരെ പഠിച്ചിട്ടുണ്ട് മീര…?”
‘ ഡിഗ്രീ പകുതിക്ക് വെച്ച് മുടങ്ങി..പിന്നീട് പോയിട്ടില്ല, തുണിക്കടയിൽ നിന്ന് കിട്ടുന്നത് വീട്ടു ചിലവിനും അമ്മയുടെ മരുന്നിനും കഷ്ടിച്ച് തികയുന്നുള്ളൂ..’
“ഒരു കാര്യം ചെയ്യൂ, ഇതുവരെ കിട്ടിയിട്ടുള്ള വിദ്യാഭ്യാസപരമായ എല്ലാ സർട്ടിഫിക്കറ്റുകളും നാളെ കഴിഞ്ഞ് കൊണ്ടു വരൂ..”
‘ വരാം സർ, ദയവു ചെയ്തു എങ്ങനെയെങ്കിലും..!’
” മീര ഡിഗ്രീ പകുതി നിർത്തി എന്നല്ലേ പറഞ്ഞത്..! തനിക്ക് ഇപ്പൊ എത്ര വയസ്സായി..?”
‘ ഇരുപത് കഴിഞ്ഞു..’
” ശേ, എന്ത് മണ്ടത്തരം ആണ് കാണിക്കുന്നത്.. നല്ലത് പോലെ പഠിക്കുമെങ്കിൽ അതിനുള്ള വഴിയല്ലെ നോക്കേണ്ടത്..അല്ലാതെ ഈ ചെറിയ പ്രായത്തിൽ വിവാഹമെന്നൊക്കെ പറഞ്ഞ് സ്വയം ഒതുങ്ങി കൂടി ജീവിതം നശിപ്പിക്കാനുള്ള ശ്രമമാണോ..? എന്തായാലും നാളെ കഴിഞ്ഞ് വരൂ..”
ഒന്ന് ചിരിച്ചിട്ട് മീര അവിടുന്നിറങ്ങി..മാനേജർ പറഞ്ഞ ദിവസം അവൾ സർട്ടിഫിക്കറ്റുകളുമായി ബാങ്കിലെത്തി..അവളുടെ സർട്ടിഫിക്കറ്റുകളെല്ലാം വാങ്ങി നോക്കിയ ശേഷം ശ്യാം പറഞ്ഞു,
” മീര തനിക്ക് ഇത്രയും അധികം മാർക്കുണ്ടല്ലോ..! എന്നിട്ടാണോ ജീവിതത്തിലെ ഒരു ഭാഗത്ത് തോൽവി ഏറ്റുവാങ്ങി എന്നും പറഞ്ഞ് സ്വയം താഴ്ന്ന് കൊടുക്കുന്നത്..”
‘ മറ്റുള്ളവരുടെ മോശം തരത്തിലുള്ള നോട്ടവും കുത്തുവാക്കുകളും കേട്ടു മടുത്തു… ‘
” എന്തായാലും വിവാഹത്തിനുള്ള ലോൺ തരാൻ കഴിയില്ല.. എന്റെ അടുത്ത സുഹൃത്ത് വഴി ഒരു വിദ്യാഭ്യാസ ലോൺ ശരിയാക്കിയിട്ടുണ്ട്.. അതും എന്റെ റിസ്കിൽ ഒരാളെ ജാമ്യം നിർത്തിയിട്ട്… നന്നായി പഠിക്കുന്ന കുട്ടിയല്ലേ മീര, ഇപ്പൊ വിവാഹം കഴിച്ച് ജീവിതത്തിൽ നിന്ന് ഒളിച്ചോടുകയല്ല വേണ്ടത്…പഠിക്കണം ഇനിയും പഠിക്കണം.. ഒരു ജോലി നേടണം..”
‘ സാർ, അതിനു ഞാൻ…! എങ്ങനെ..?’
” ഇപ്പൊ ശരിയാക്കിയ ലോൺ വെച്ച് മീര പഠിക്കണം.. ആ പണം മീരയുടെ വിദ്യാഭ്യാസത്തിന് ഉള്ളതാണ്..പിന്നെ ലോണിൽ നിന്നുള്ള കുറച്ച് കാശ് വീട്ടുടമയ്ക്ക് കൊടുക്കൂ.. ബാക്കി നമുക്ക് അപ്പൊ നോക്കാം.. “
നിറഞ്ഞ കണ്ണുകളോടെ ശ്യാമിന് നേരെ കൈകൂപ്പി ആ പെൺകുട്ടി അവിടുന്നിറങ്ങി..
അവള് പഠിക്കാനായി തയ്യാറെടുത്ത് നല്ലൊരു കോളേജിൽ തന്നെ ചേർന്നു.. ഇതിനിടയിൽ ശ്യാം ഒരിക്കൽ ആ വീട്ടിൽ പോയിരുന്നു..
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തനിക്ക് മുന്നിൽ നിന്നിരുന്ന മീര ഇന്ന് സന്തോഷവതിയാണ്…മീരയുടെ മനസ്സിൽ ശ്യാമിനുള്ള സ്ഥാനം വളരെ വലുതായിരുന്നു..
‘ മാനേജർ സർ, ഈ ലോൺ ഞാൻ ഒരു ജോലി ആയതിനു ശേഷം എങ്ങനെയും അടച്ചു തീർക്കും..’
ഒന്ന് ചിരിച്ചിട്ട് ശ്യാം പറഞ്ഞു, ” ഈയൊരു വാശി ഇനിയുള്ള ജീവിതത്തിലും മീരയിൽ കാണണം.. നമ്മളെ ചവിട്ടി താഴെയിടാൻ ഒരുപാട് പേരുണ്ട്..പക്ഷേ അവിടെ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് ജീവിക്കണം..”
അവൾ പഠിച്ചു… ഡിഗ്രീ ഉയർന്ന മാർക്കോടെ തന്നെ പാസ്സായി.. കിടപ്പിലായ മീരയുടെ അമ്മ മരിക്കുമ്പോ അവള് രണ്ടാം വർഷ എം ബി എ സ്റ്റുഡന്റാണ്.. പിന്നീട് മീര ഹോസ്റ്റലിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്..
നന്നായി പഠിക്കും എന്നുള്ളത് കൊണ്ട് തന്നെ ഒരു സ്പോൺസർ എന്നത് പോലെ ചെറിയ സഹായങ്ങൾ ശ്യാമിന്റെ ഭാഗത്തുനിന്നും മീരയ്ക്ക് ലഭിച്ചിരുന്നു…
എല്ലാമായിരുന്ന അവളുടെ അമ്മ കൂടെയില്ല എന്നതൊഴിച്ചാൽ സന്തോഷവതിയായിരുന്നു മീര..എന്നിട്ടും ജീവിതത്തിൽ തനിച്ചായ, മൂകമായ, ഭീതി നിറഞ്ഞ അവസ്ഥ പലപ്പോഴും അവളെ അലട്ടിയിരുന്നു…
അപ്പോഴും ഒരു കൈത്താങ്ങായി ശ്യാം ഉണ്ടായിരുന്നു..പഠനം കഴിഞ്ഞുള്ള കോച്ചിംഗ് ക്ലാസിനും പിന്നീടുള്ള ജോലിക്കും ശ്യാം അവളെ സഹായിച്ചു…
കുറച്ച് ദൂരെ ഒരു കമ്പനിയിൽ ജോലിക്കു കയറി ആദ്യ മാസ ശമ്പളവും കൊണ്ട് ശ്യാമിനെ കാണാനായി വന്നപ്പോ മീരയ്ക്കായി ശ്യാം ഒരു സമ്മാനം കരുതി വെച്ചിരുന്നു…
അവളുടെ അമ്മ സ്വപനം കണ്ടത് പോലെ ഒരു സുരക്ഷിതമായ കൈകളിൽ മകളെ ഏൽപ്പിക്കുക എന്നത് തന്നെ..!!
ഒന്നുമില്ലാത്ത സമയത്ത് തിരിഞ്ഞു നോക്കാത്ത ബന്ധുക്കളെ പിന്നീടുള്ള ജീവിതത്തിലും മീര വേണ്ടെന്നു വെച്ചു..!!
ഒരു ചിങ്ങത്തിൽ മീര താലി സ്വീകരിക്കാനായി ഒരുങ്ങി നിന്നു… മണ്ഡപത്തിൽ അണിഞ്ഞൊരുങ്ങി ഇരിക്കുന്ന മീരയ്ക്ക് മുന്നിലേക്ക് ശ്യാം വന്നു…കൂടെ ശ്യാമിന്റെ ഭാര്യയും കുഞ്ഞും..
മീര തല ചെരിച്ചു തന്റെ വരനെ നോക്കി..ശ്യാമിന്റെ അനുജനെ..!! ലോൺ എടുക്കാനായി ജാമ്യം നിന്ന് എന്ന് ശ്യാം പറഞ്ഞ സുഹൃത്ത് അവന്റെ അനുജൻ തന്നെയായിരുന്നു…
മീരയുടെ കാര്യങ്ങളൊക്കെ ശ്യാം അനുജനോട് പറഞ്ഞിരുന്നു..അവൾക്ക് പിന്നീട് വേണ്ടുന്ന എല്ലാ സഹായവും ചെയ്തിരുന്നത് ശ്യാമിന്റെ അനിയൻ ആയിരുന്നു…
പലപ്പോഴും കോളേജ് ഹോസ്റ്റലിൽ ശ്യാം അവളെ കാണാനായി പോകുമ്പോൾ പറഞ്ഞിരുന്നു, ” ഒരു സഹോദര സ്ഥാനത്ത് നിന്ന് ഞാൻ മീരയെ ഇത്രയൊക്കെ സഹായിച്ചിട്ടുണ്ടെങ്കിലും, അതെല്ലാം വന്നൊരു ഉറവിടം മറ്റൊരിടമാണ്..”
പക്ഷേ അപ്പോഴും അതാരാണെന്ന് ശ്യാം പറഞ്ഞിരുന്നില്ല..അവൾക്കായി അവളുടെ ജീവിത പങ്കാളിയായി തന്റെ അനിയനെ മീരയ്ക്ക് സമ്മാനിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…
പാഴായി പോകുമായിരുന്ന ഒരു പെണ്ണിന്റെ ജീവിതം സഹോദര സ്ഥാനത്ത് നിന്ന് ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തി കൊണ്ടുവന്ന ശ്യാം നിറ ചിരിയോടെ തന്റെ അനിയന് മീരയെ കൈപിടിച്ച് കൊടുത്തിരുന്നു…