പ്രണയ പർവങ്ങൾ – ഭാഗം 25, എഴുത്ത്: അമ്മു സന്തോഷ്

ചാർലി ഒരുങ്ങി താഴേക്ക് വരുന്നത് കണ്ട് സകലരും അതിശയിച്ചു പോയി. ശരിക്കും അപ്പൊ അവനെ കണ്ടാൽ ഒരു ഉഗ്രൻ അച്ചായനെ പോലെ തന്നെ ഉണ്ടായിരുന്നു. വെള്ള ജുബ്ബയും മുണ്ടും പിരിച്ചു വെച്ച മീശയും കട്ടി താടിയും ഷാർപ് ആയ കണ്ണുകളും…ജുബ്ബ അവന് നന്നായി ചേരുന്നുണ്ടായിരുന്നു

മുകളിലെ ബട്ടൻ തുറന്നു കിടന്നത് കൊണ്ട് കഴുത്തിൽ കിടക്കുന്ന സ്വർണമാല കാണാം. അതിന്റെ താഴെ ഉള്ള വലിയ കുരിശും. നെഞ്ചിലെ രോമങ്ങൾക്കിടയിൽ ആ മാല ഒഴുകിയെന്നവണ്ണം കിടന്നു

“കൊച്ചിനെ ആരും കണ്ണ് വെയ്ക്കല്ലേ “

ബെല്ല അവന്റെ തലയിൽ കൈ വെച്ച് ഞൊട്ട കേൾപ്പിച്ചു

“ഒന്ന് വെറുതെ ഇരിക്ക് ചേച്ചി. പോകാം “

അവൻ അപ്പായെ നോക്കി

അയാൾ കണ്ണിമ വെട്ടാതെ അവനെ  നോക്കുകയായിരുന്നു. പൗരഷത്തിന്റെ ആൾരൂപം

“ഡാ ഇതൊക്ക എവിടെ വെച്ചിരുന്നു ഉഗ്രൻ ആയിട്ടുണ്ട് “

വിജയ് അവനെ ഒന്ന് തട്ടി. ചാർലി ഒന്ന് ചിരിച്ചു

“ആരൊക്കെയുണ്ട് കുർബാനയ്ക്ക്?” അവൻ ചോദിച്ചു

ഷേർലിയുടെ കണ്ണ് തള്ളി

“നീ പാതിരാ കുർബാനയ്ക്ക് പോവണോ?”

“പിന്നല്ലാതെ പാതിരാത്രി ഞാൻ ഒരുങ്ങി സർക്കസിനു പോവാണോ.?ആരെങ്കിലും ധൈര്യം ഉള്ളവർ ഉണ്ടെങ്കിൽ ബുള്ളറ്റിൽ വരാം “

“അത്രേം ധൈര്യം ചാൾസ് ശോഭരാജിന് മാത്രേ ഉള്ളു. നീ ഒറ്റയ്ക്ക് പോയാമതി. ഞങ്ങളു കാറിൽ വന്നോളാം ” ഷെല്ലി പറഞ്ഞു

“അപ്പയ്ക്ക് ധൈര്യം ഇല്ലെ?” അവനടുത്തു ചെന്ന് ചെറുതായി ഒന്ന് കളിയാക്കി

“പോടാ പൊ പൊ ” അയാൾ പറഞ്ഞു

ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി അവൻ ഓടിച്ചു പോയി

“ചെറുക്കനെ കെട്ടിക്കാറായി കേട്ടോ. ഞാൻ പറഞ്ഞില്ലേ അമ്മച്ചി. കൊച്ചിയിലുള്ള ഒരു ആലോചന നമുക്ക് ഈ അവധിക്ക് അവിടെ വരെ പോകാം ” ബെല്ല പറഞ്ഞു

“ആ നോക്കാം ” ഷേർലി വലിയ താല്പര്യമില്ലാതെ ഒഴിഞ്ഞു

പള്ളിയിൽ സാറ കൊയർ ഗ്രൂപ്പിൽ ആയിരുന്നു. ഇടയ്ക്ക് ചാർലി വരുന്നത് അവൾ കണ്ടു

അവന്റെ നോട്ടം കൃത്യമായി അവളുട കണ്ണിൽ എത്തി.  ഒരു നിമിഷം തങ്ങി നിന്നു. സാറ പുഞ്ചിരിയോടെ നോട്ടം മാറ്റി

പാട്ട് കഴിഞ്ഞു പ്രാർത്ഥന തുടങ്ങി

“എടി ചാർളിച്ചായനെ നോക്ക് ” നിമ്മിയോട് അനിയത്തി നിധി പറഞ്ഞു

നിമ്മി ഒന്ന് തിരിഞ്ഞു നോക്കി

“എന്നാ ഒരു ഭംഗിയാ അല്ലെ? ഇങ്ങേർ ഇതെന്നാ ഭാവിച്ച?” നിധി പിറുപിറുത്തു

അവർ മാത്രം അല്ല. അന്ന് അവിടെയുണ്ടായിരുന്ന മിക്കവാറും പെൺകുട്ടികളുടെയും കണ്ണ് അവനിൽ പതിഞ്ഞു. അവനെ അത്രയ്ക്ക് അറിയാൻ വയ്യാത്തവർ അവരുടെ അടുത്ത് നിന്നവരോട് ചോദിച്ചു മനസിലാക്കി. ആണും പെണ്ണും അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു

കുർബാന കഴിഞ്ഞു, ഇറങ്ങുമ്പോ സാറ ഒന്ന് സ്ലോ ചെയ്തു. ചാർലി അടുത്ത് കൂടെ അതെ വേഗതയിൽ നടന്നു. ആരും കാണാതെ അവളുടെ കയ്യിലേക്ക് ഒരു കുഞ്ഞ് കടലാസ് പൊതി വെച്ചു കൊടുത്തിട്ട് അവൻ പടികൾ ഇറങ്ങി പോയി

സാറ വിയർത്തു പോയി. അവൾ അത് ചുരുട്ടി പിടിച്ചു

പപ്പയും മമ്മിയും ആരോടോ സംസാരിച്ചു നിൽക്കുന്നത് കണ്ട് അവൾ വേഗം പടികൾ ഇറങ്ങി താഴെ ചെന്നു

ബുള്ളറ്റിൽ ചാരി അവൻ. സാറ ഒന്ന് ചുറ്റും നോക്കി

മടിച്ചില്ല, അടുത്ത് പോയി

“നീ പാലായിലെ ലൊക്കേഷൻ അയക്കണം ഞാൻ വരും “

അവൻ മെല്ലെ ഒന്ന് പറഞ്ഞിട്ട് ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി

“അയ്യോ, അത് വേണ്ട ” അവൾ വെപ്രാളത്തിൽ പറഞ്ഞു

“അയയ്‌ക്കെടി. എനിക്ക് വരണം. മറക്കണ്ട. അയച്ചില്ലെങ്കിൽ നോക്കിക്കോ “

ഭീഷണി

അവന്റെ ബുള്ളറ്റ് പോയപ്പോ അവൾ തിരിഞ്ഞു നടന്നു. ഇരുട്ടിൽ വെച്ച് അവൾ ആ കടലാസ് തുറന്നു. ഒരു കുഞ്ഞ് കഷ്ണം കേക്ക്

“Merry x mas My dear Angel “

സാറയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി ഇറ്റ് വീണു. കേക്കിന്റെ മധുരം വായിൽ നിറയുമ്പോൾ അവന്റെ സ്നേഹം അവളുടെ ആത്മാവിലും നിറഞ്ഞു

Angel…

അവൻ മുന്നിൽ നിന്നു വിളിക്കുന്നത് പോലെ

“പോകാം ” പപ്പയും മമ്മിയും വന്നപ്പോ അവൾ അവർക്കൊപ്പം നടന്നു

ഷെല്ലി ആ കാഴ്ച കണ്ടു. ഒരു പെൺകുട്ടി അവന്റെയരികിൽ നിൽക്കുന്നത്. സ്കാർഫ് ധരിച്ചു തിരിഞ്ഞു നിന്നത് കൊണ്ട് അത് ആരാണെന്നു അയാൾക്ക് മനസിലായില്ല. പക്ഷെ ചാർലി വളരെ സീരിയസ് ആയിട്ടാണ് അവളോട് എന്തോ ഒന്ന് പറഞ്ഞത്. ഒരു അധികാരം ഉള്ളത് പോലെ

ഷെല്ലിയുടെ മനസ്സിൽ ഒരു കരട് വീണു

അത് ആരാണ്? ആ അവൾ.?കുരിശുങ്കലെ ചെറുക്കന്റെ അരികിൽ ഇത്രയും അടുപ്പത്തോടെ സംസാരിക്കാൻ ധൈര്യം ഉള്ള പെണ്ണ്?

അയാൾ വീട്ടിലോട്ട് പോരുന്നു

ചാർലി മുറിയിൽ എത്തി വേഷം മാറി കിടക്കയിൽ വീണു. കണ്ണുകൾ അടച്ചു. കണ്മുന്നിൽ വിരിയുന്ന നക്ഷത്രം. മനസ്സ് എങ്ങോട്ടോ പോകുകയാണ്. നിയന്ത്രിക്കാൻ പറ്റുന്നില്ല. അവൾ കൊച്ചാണ്. പാടില്ല…മനസ്സ് പറയുന്നുണ്ട്

വലിയ ഭൂകമ്പം നടക്കും. കുടുംബം മൊത്തം എതിരാകും. അവളുടെ ജീവന് പോലും ഭീഷണി ആണ്

ഷെല്ലി ചേട്ടനും വിജു ചേട്ടനും പിന്നെ ഇപ്പൊ കാനഡയിൽ നിന്ന് വന്ന ക്രിസ്റ്റിയും ആരും മോശക്കാരൻമാരല്ല. തന്റെ അത്രേ ഇല്ലെങ്കിലും ഒന്നിനും മടിയില്ലാത്തവരാണ്

അപ്പൻ? അപ്പൻ എതിർക്കില്ല, ഉറപ്പാണ്

അപ്പന് തന്നെ ഇവിടെ നിർത്താൻ പ്ലാൻ ഉണ്ട്. പക്ഷെ ബാക്കി ആരും സമ്മതിച്ചു തരില്ല. അതിലുപരി അവളുടെ മനസ്സൊന്നും അറിഞ്ഞൂടാ

ചേച്ചിയുടെ പ്രശ്നം കിടക്കുന്ന കൊണ്ട് വീട്ടുകാരെ വിഷമിപ്പിച്ച് ഒന്നും ചെയ്യില്ല. തത്കാലം പ്രേമം വേണ്ട

അവൻ ഒന്ന് ദീർഘ ശ്വാസം വിട്ടു. ഇങ്ങനെ പോട്ടെ ഇത് മനോഹരമായിട്ട്. കുറച്ചു കഴിയട്ടെ. കൊച്ചോന്ന് വളർന്നോട്ടെ

അവനു ചിരി വന്നു. എപ്പോഴോ ഉറങ്ങിപ്പോയി

ക്രിസ്മസ്

ലോകത്തിന്റെ നാഥൻ പിറന്ന ദിവസം. ലോകമെമ്പാടും ആനന്ദം നിറയുന്ന ദിവസം, ആഘോഷം ആഹ്ലാദം

രാവിലെ അപ്പവും മട്ടനും കഴിച്ചിട്ട് അവൻ മുറ്റത്തേക്ക് ഇറങ്ങി. ഷെറിയുടെ രണ്ടു പെണ്മക്കൾ നാലിലും മൂന്നിലും ആണ്. അവർക്കൊപ്പം ടെസ്സ മോളും. മൂന്നാളും മുറ്റത്തുണ്ട്

“ചാർലിപ്പാപ്പാ ഇതേതാ ചെടി?”

“ഇത് ഏത് bird ആണ്?”

“ഈ മരത്തിൽ എന്താ പൂവില്ലത്തെ?

“ഈ പഴത്തിന്റെ പേരെന്താ?”

ചോദ്യങ്ങൾ ചോദ്യങ്ങൾ

അവനോരോന്നിനും ക്ഷമയോടെ മറുപടി പറഞ്ഞു കൊണ്ട് ഇരുന്നു

“എന്താഡാ ഉവ്വേ പിള്ളേർ കുഴപ്പത്തിലാക്കുമോ.?”

“അതുങ്ങൾക്ക് അറിഞ്ഞൂടാഞ്ഞിട്ടല്ലേ?”

“സത്യത്തിൽ ഒരു വസ്തു അറിഞ്ഞൂടാ
അവിടെ നമ്മുടെ എഡ്യൂക്കേഷൻ സിസ്റ്റം അല്ലല്ലോ..കുറച്ചു ലിബറൽ ആണ്..കാര്യം പീസ്ഫുൾ ആണ്. ഇഷ്ടം പോലെ കാശ് കിട്ടും. പക്ഷെ പഠിത്തം ഇവിടെയാടാ എനിക്ക് ഇഷ്ടം..കുറച്ചു അടിസ്ഥാനമെങ്കിലും കിട്ടിയ മതി ആരുന്നു. മാത്‍സ് ടേബിളു പോലും മുഴുവൻ അറിയില്ല..നമുക്ക് ദേഷ്യപ്പെടാൻ പറ്റുമോ. അടിക്കാൻ പറ്റുമോ ഒന്നും വയ്യ. നിയമം ആണ്. പിള്ളേരെ തല്ലരുത്. ഒച്ച ഇട്ട് മിണ്ടരുത്…ഹൊ പണ്ട് എന്റെ പപ്പാ ഈ ടേബിളു പഠിപ്പിക്കാൻ എന്നെ അടിച്ച അടി “

ക്രിസ്റ്റി ചിരിച്ചു

“ഒന്ന് രണ്ട് മാസം ഉണ്ട്. പിള്ളേരെ കുറച്ചു നേരം പഠിപ്പിക്കാൻ ആരെയെങ്കിലും കിട്ടുമോ. നിന്റെ സ്കൂളിൽ ഉള്ള ടീച്ചർമാർ ആരെങ്കിലും വൈകിട്ട് ഒരു ഒരുമണിക്കൂർ മതി..”

ചാർളിയുടെ ഉള്ളിൽ ഒരു ബൾബ് കത്തി

“അമ്മച്ചിയോട് ഒന്ന് പറഞ്ഞു നോക്കാൻ മേലാരുന്നോ, അമ്മച്ചിക്ക് പരിചയം ഉള്ള ആരെങ്കിലും കാണും “

“ആണല്ലേ ” ചാർലി ഗൂഢ സ്മിതത്തോടെ തലയാട്ടി

എന്റെ കൊച്ച് വരും, അല്ലെങ്കിൽ ഞാൻ വരുത്തും. നോക്കിക്കോ…

തുടരും….