പ്രണയ പർവങ്ങൾ – ഭാഗം 78, എഴുത്ത്: അമ്മു സന്തോഷ്

ആദിത്യ ഹോസ്പിറ്റൽ…അതൊരു ഹോസ്പിറ്റലിന്റെ അന്തരീക്ഷം ആയിരുന്നില്ല. ഹോസ്പിറ്റലിന്റെ മണമോ ബഹളമോ തിടുക്കമോ അവിടെയില്ല. ശാന്തമായ ഒരാശുപത്രി. രണ്ടു വിഭാഗങ്ങൾ മാത്രമേയുള്ളു അവിടെ

ന്യൂറോളജി ഡിപ്പാർട്മെന്റ്, സൈക്കാട്രിക് ഡിപ്പാർട്മെന്റ്

ചാർലി ചുറ്റും നോക്കിയിരുന്നു. വല്ലാത്ത ഒരു അനാഥത്വം അവനെ പൊതിഞ്ഞിരുന്നു. ആരാണ് താൻ എന്ന് അറിയാത്ത ഒരു സംഘർഷം. തന്റെ മുന്നിൽ വന്ന് ഒരാൾ പറയുന്നു. ഞാൻ നിന്റെ അപ്പയാണ്. വേറെ ഒരു സ്ത്രീ പറയുന്നു. ഞാൻ നിന്റെ അമ്മയാണ് മോനെ. അവർ അമ്മ തന്നെ ആയിരിക്കാം. ആ കണ്ണിൽ കണ്ണീർ ഉണ്ടായിരുന്നു. വേദന ഉണ്ടായിരുന്നു. എല്ലാം നഷ്ടം ആയ ഒരാളുടെ സങ്കടം ഉണ്ടായിരുന്നു

അതു കൊണ്ട് തന്നെ അവരോട് അവൻ ദേഷ്യപ്പെട്ടില്ല. അവരുള്ളപ്പോ പിരിമുറുക്കങ്ങളെ അടക്കി പിടിച്ചു. അവർ തന്നെ തൊടുമ്പോൾ തലോടുമ്പോൾ കണ്ണടച്ചു പിടിച്ചു സഹിച്ചു. തന്നെ ആരും തൊടുന്നത് തനിക്കിപ്പോ ഇഷ്ടം ആകുന്നില്ല. ആരും ദേഹത്ത് തൊടരുത്. പൊള്ളുന്ന പോലെ. ആരെയും തനിക്ക് അറിഞ്ഞൂട

ഞാൻ നിന്റെ ചേട്ടനാ മോനെ…ഷെല്ലി എന്ന് പറഞ്ഞു കരഞ്ഞ ആളെയും അവൻ വിശ്വസിച്ചു. അതു ചേട്ടൻ ആണ്. കാരണം ആദ്യത്തെ ദിവസം മുതൽ അയാൾ ഒപ്പം ഉണ്ട്. കണ്ണുനീരോടെ തന്നെ

പിന്നെ ചേച്ചിമാര് രണ്ടു പേര്. അവരുടെ കരച്ചിൽ ഒന്നും ഉള്ളിൽ തട്ടിയില്ല

അവർ കരഞ്ഞു കുറച്ചു കഴിഞ്ഞു പരസ്പരം സംസാരിക്കാൻ തുടങ്ങിയപ്പോൾ മുറിയിൽ നിന്ന് പുറത്ത് പോകാൻ പറഞ്ഞു. അവരുടെ ഭർത്താക്കന്മാർ രണ്ടു പേര്. അവരെയും ഒരു വിശ്വാസം തോന്നിയില്ല. ഉള്ള് കൊണ്ട് അത്ര അടുപ്പം തോന്നിയില്ല. പരിചയപ്പെട്ടു. എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങിയപ്പോൾ അസ്വസ്ഥത തോന്നി. പറഞ്ഞു വിട്ടു

കുറേ ബന്ധുക്കൾ വന്നു. മിണ്ടാതെ കിടന്നു

പിന്നെ ആ പെണ്ണ് സാറ…

അവൾ വന്നു സംസാരിക്കാൻ ശ്രമിച്ചിരുന്നു. താൻ മിണ്ടാതെ ഇരുന്നത് കൊണ്ട് പിന്നെ അകന്ന് മാറി ഇരുന്നു തുടങ്ങി. താൻ വിവാഹം ചെയ്യാൻ ഇരുന്നതാണ്. മനസമ്മതത്തിന്റെ ഫോട്ടോ ഡോക്ടർ കാണിച്ചു തന്നു. ഓരോരുത്തരും താനുമായുള്ള ബന്ധം തെളിയിക്കാൻ ഫോട്ടോസ് വീഡിയോസ് ഐഡി കാർഡ്സ് ബർത്ത് സർട്ടിഫിക്കറ്റ് വരെ…സ്കൂൾ കാലം മുതൽ ഉള്ള ഫോട്ടോ വേറെ..എന്നിട്ടാണ് വിശ്വസിച്ചത്

അതു വരെ ചതിക്കാൻ ശ്രമിക്കുന്ന പോലെ തോന്നി

സാറ…

ആദ്യ സമയങ്ങളിൽ മിക്കവാറും കരച്ചിൽ ആയിരുന്നു. താൻ മിണ്ടിയില്ല. സ്നേഹം തോന്നുന്നില്ല. സത്യത്തിൽ ആരോടും സ്നേഹം തോന്നി തുടങ്ങി ഇല്ല. അപ്പനും അമ്മയും ചേട്ടനുമൊക്കെ ആണെന്ന് ഒരു സുപ്രഭാതത്തിൽ ചില ആൾക്കാർ വന്നു പറഞ്ഞാൽ സ്നേഹിക്കുന്നതെങ്ങനെ?

അതു കുഞ്ഞിലേ മുതൽ അവർ തരുന്ന സ്നേഹവും കരുതലും അനുഭവിച്ച് ഹൃദയത്തിൽ നിന്ന് ഉണ്ടാകുന്നതാണ്. ഇവരോട് തോന്നുന്നത് എന്താ എന്ന് അവൻ അപഗ്രദ്ധിച്ചു നോക്കി

അറിയില്ല, മനസ്സ് ശൂന്യമാണ്. നിർവികാരം

സാറയെ സ്നേഹിക്കാൻ പറ്റുന്നില്ല. അവൾ തന്റെ രക്തബന്ധം അല്ല. ഏതോ ഒരു പെൺകുട്ടി. തന്നെ സ്നേഹിച്ചിരുന്നു. താനും സ്നേഹിച്ചിരുന്നു…തനിക്ക് ഇനി എന്തൊക്ക സംഭവിക്കും എന്ന് തനിക്ക് പോലും അറിഞ്ഞൂടാ…അതിഭയങ്കരമായ വേലിയേറ്റം പോലെയാണ് ദേഷ്യം വരിക. വന്നാൽ എല്ലാം അടിച്ചു തകർക്കാൻ തോന്നും. ചിലപ്പോൾ കരയാൻ തോന്നും. പൊട്ടിക്കരയാൻ..ഉറക്കെ ഉറക്കെ കരയാൻ

ഞാൻ ആരാണ്? എനിക്കു എന്റെ ഇന്നലകളെ തരു…എന്ന് നിലവിളിക്കാൻ

സാറയെ കാണുമ്പോൾ ഉള്ളിൽ ഭയങ്കര സംഘർഷം തോന്നും. അവൾ നോക്കുമ്പോ എന്നെ നോക്കാതെ ദൂരെ എവിടെ എങ്കിലും പോ എന്ന് അലറാൻ തോന്നും. ഞാൻ നീ സ്നേഹിച്ചവനല്ല. എനിക്ക് അവൻ നിന്നോട് എങ്ങനെ ആയിരുന്നു എന്ന് അറിഞ്ഞൂടാ…വിവാഹത്തെ കുറിച്ച് ഡോക്ടർ സൂചിപ്പിച്ചു. തനിക്ക് സമ്മതമില്ല എന്ന് തീർത്തു പറഞ്ഞു

അവൾ പ്രതീക്ഷിക്കുന്ന പോലെ ആ പഴയ ചാർലി സ്നേഹിച്ചത് ഒന്നും എനിക്ക് കഴിയില്ല. അതു കൊണ്ടാണ് വിവാഹത്തിന് സമ്മതമില്ല എന്ന് പറഞ്ഞത്. വിവാഹം കഴിഞ്ഞ താൻ പണ്ട് പെരുമാറിയത് പോലെ ഇപ്പൊ കഴിഞ്ഞില്ലെങ്കിൽ അതു അവൾക്ക് നിരാശ ഉണ്ടാക്കും അതൃപ്തി ഉണ്ടാക്കും. വഴക്കുകൾ ഉണ്ടാകും. കണ്ടിട്ട് ചെറിയ ഒരു പെണ്ണാണ്. എന്ത് ചെയ്യുകയാണ് എന്ന് ചോദിച്ചിട്ടില്ല
ചിലപ്പോൾ പഠിക്കുകയാവും. താൻ അവളെ പ്രണയിച്ചിരിക്കാം അവൾ തന്നെയും..പക്ഷെ ഇന്നിന്റെ എനിക്ക് അപരിചിതയാണ് അവൾ.

സാറ അവനെ നോക്കിയപ്പോ അവൻ നോട്ടം മാറ്റി. സാറയ്ക്ക് ഇപ്പൊ സങ്കടം ഒന്നും തോന്നാറില്ല. തന്റെ ഇച്ചാ ആയിരുന്നു എങ്കിൽ ഇങ്ങനെ ആവില്ല. ഇത് വേറെ ഒരാൾ. ആ രൂപത്തിൽ വേറെ ഒരാൾ…ഇന്നലെകൾ നഷ്ടം ആയ ഒരാൾ. ഓർമ്മകൾ നഷ്ടം ആയ ഒരാൾ. പക്ഷെ ആ രൂപം തന്റെ ഇച്ചായന്റെയാണ്. അതു കണ്ടാൽ മാത്രം മതി തനിക്ക്. ജീവനോടെ ആള് ഉണ്ടായ മതി. തന്നെ മറന്ന് പോയിക്കോട്ടെ. തന്നെ മാത്രം അല്ലല്ലോ മറന്നത്. എല്ലാം മറന്നു…

ഇതൊരു രോഗമല്ല അവസ്ഥ ആണെന്ന് ഡോക്ടർ പറഞ്ഞു. ചിലപ്പോൾ ഉടനെ ഓർമ്മകൾ തിരിച്ചു വന്നേക്കാം. ചിലപ്പോൾ വർഷങ്ങൾ എടുക്കും. ചിലപ്പോൾ വന്നില്ല എന്നും വരും

പക്ഷെ നാളെ ഓർമ്മകൾ തിരിച്ചു വരുമ്പോൾ എന്റെ പൊന്നെന്താ ഇച്ചാനെ വിട്ട് പോയെ എന്ന് ചോദിച്ചാൽ…

ഇച്ചാന് വയ്യാഞ്ഞിട്ടല്ലേ മോളോട് അങ്ങനെ പെരുമാറിയത് എന്റെ മോളെന്തിനാ അതൊക്ക കേട്ട് പോയിക്കളഞ്ഞത്…ഇത്രേ ഉള്ളാരുന്നോടി ഞാൻ തന്ന സ്നേഹം…നിന്നെ ഞാൻ ജീവനെ പോലെ സ്നേഹിച്ചതല്ലേ…കല്യാണം കഴിക്കാൻ കുറച്ചു ദിവസം മാത്രം ബാക്കിയുള്ളയിരുന്നല്ലോ…എനിക്ക് ഒരു അസുഖം വന്നപ്പോ വിട്ട് പോയല്ലേ…ഇതിനായിരുന്നോ ഞാൻ സ്നേഹിച്ചത്

എന്നുള്ള ചോദ്യങ്ങൾ ഉണ്ടാവും

ആ ഓർമ്മകൾ തിരിച്ചു വരുന്ന നിമിഷം ആദ്യം തന്നെ ആകും തിരക്കുക. അപ്പോ എപ്പോഴും കൂടെയുണ്ടാവണ്ടേ. അതാണ് സാറ എപ്പോഴും അവരുടെ കൂടെയുണ്ടവുന്നത്. അതു അപ്പക്കും ഷെല്ലി ചേട്ടനും ഒരു സമാധാനം ആണ്

അവൾ കൂടെയുണ്ടാവുമ്പോൾ ചിലപ്പോൾ അവന് ഓർമ്മകൾ തിരിച്ചു വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടർ പറഞ്ഞിരുന്നു. മറ്റേത് ബന്ധവും പോലെ അല്ല പ്രണയം. ആഴത്തിൽ അതു മനുഷ്യനിലേക്ക് വേരാഴ്ത്തും. അതു കൊണ്ടാണ് അതു നഷ്ടം ആകുമ്പോൾ മനുഷ്യൻ സ്വയം മരിച്ചു കളയുന്നത്. അല്ലെങ്കിൽ പരസ്പരം കൊ- ല്ലുന്നത്

അച്ഛനോ അമ്മയോ കൂടപ്പിറപ്പുകളോ കൊടുക്കുന്ന സ്നേഹത്തിന്റെ പതിനായിരം മടങ്ങ് ശക്തിയിലാണ് പ്രണയം നമ്മെ കീഴ്പ്പെടുത്തുക. അതു കൊണ്ട് തന്നെ വേദനയും കൂടുതലാണ്. തകർച്ചയും കൂടുതലാണ്

ആ പ്രണയം തന്നെ മനുഷ്യനെ മുന്നോട്ട് നടത്താനും കഴിവുള്ളതാണ്. സാറ ആ ശക്തി കൊണ്ടാണ് ജീവിക്കുന്നത്

അവൻ തന്നെ നോക്കുന്നില്ല. സ്നേഹമുള്ള ഒരു വാക്കില്ല. ഒരു അപരിചിതനെ പോലെ അവൻ അകന്ന് മാറിയിരിക്കുന്നു. അവന് സുഖം ഇല്ലാത്തത് കൊണ്ടാണ്. തനിക്ക് ഒരു കുഴപ്പവുമില്ല. നോർമൽ ആണ്. താൻ ചാർളിയുടെ കാമുകിയാണ്. ഭാര്യ ആയേനെ കുറച്ചു ദിവസം കൂടി കഴിഞ്ഞ മാത്രം മതിയായിരുന്നു. ഇനി ജീവിതത്തിൽ തനിക് മറ്റൊരാൾ ഇല്ല. പക്ഷെ ഇന്നിന്റെ ചാർലിക്ക് അത് അങ്ങനെ ആവുമോ.? അവന് തന്നെ അറിഞ്ഞൂടാല്ലോ. വേറെ ഒരാളോട് സ്നേഹം തോന്നിക്കൂടായ്ക ഇല്ല. സാരമില്ല. അവൻ സന്തോഷം ആയിട്ടിരുന്നാ മാത്രം മതി. എന്നെങ്കിലും തന്നെ ഓർമ്മ വന്നേയ്ക്കും. അന്നോടി വരും. ഒരായിരം ഉമ്മകൾ തരും. നെഞ്ചിൽ ചേർത്ത് പിടിക്കും. എന്റെ പൊന്ന് എന്നേ വിട്ടു പോയില്ലല്ലോ അത് മാത്രംമതി എന്ന് പറയും

ആ ദിവസം വരും. അതിന് വേണ്ടിയായിരുന്നു സാറ കാത്തിരുന്നത്

തുടരും….