പ്രണയ പർവങ്ങൾ – ഭാഗം 98, എഴുത്ത്: അമ്മു സന്തോഷ്

ബുള്ളറ്റ് അത്ര സ്പീഡിൽ ആയിരുന്നില്ല

“ഇച്ചാ ലൊക്കേഷൻ ഇടണ്ടേ?”

അവൻ വഴികൾ മറന്നു പോയി കാണില്ലേ എന്ന് അവൾക്ക് തോന്നി

“എന്തിനാ? എന്റെ തോട്ടം അല്ലേടി?”

അവൻ ഒന്ന് ചിരിച്ചു

“എനിക്ക് അറിയത്തില്ലെങ്കിലും ഇവന് അറിയാം വഴി. അല്ലിയോടാ?”

അവൻ ബുള്ളറ്റിൽ ഒന്ന് സ്നേഹത്തോടെ തട്ടി. അവൾ അവന്റെ ഉദരത്തിൽ കൂടി കയ്യിട്ട് ചേർന്ന് ഇരുന്നു
വാഹനം ഓടി കൊണ്ട് ഇരുന്നു.ഒരു വളവിൽ വണ്ടി നിന്നു

“എന്താ ഇച്ചാ നിർത്തിയെ?”

അവൻ ഇറങ്ങി. അവളും….

അവളുടെ ഉള്ളിലൂടെ ഒരു നടുക്കം പാഞ്ഞു പോയി

“ഇവിടെ ആയിരുന്നു ” അവൻ പരുക്കൻ സ്വരത്തിൽ പറഞ്ഞു

അവൻ ദൂരേക്ക് നോക്കി. പിന്നെ വാഹനം കടന്ന് വന്ന വളവിൽ…അവൻ തല ഒന്ന് കുടഞ്ഞു

“ഇച്ചാ വാ പോകാം “

“വെയിറ്റ്.. സാറ..എനിക്ക് എന്തോ സംഭവിക്കുന്നുണ്ട് സാറ..നിന്റെ കഴുത്തിൽ മിന്നു വെച്ചപ്പോ മുതൽ ഞാൻ അത് അറിയുന്നുണ്ട്..എനിക്ക് എന്തോ..ഞാൻ ചിലതൊക്കെ ഓർക്കുന്നുണ്ട് സാറ..”

അവൾ ചിരിച്ചു

“നല്ലതല്ലേ?”

“അതെ. നല്ലതാണ്. പക്ഷെ എല്ലാ ഓർമ്മകളും നല്ലതാകുമോ എന്ന് സംശയം ഉണ്ട് “

അവൻ ജീൻസിന്റെ പോക്കറ്റിൽ കൈയിട്ടു ഒന്ന് നിവർന്നു നിന്നു

“സാറ എന്റെ വണ്ടി ദോ അവിടെ നിന്ന് വരുന്നു…ഇവിടെ നിന്ന് ഒരു ജീപ്പ്. ആ ജീപ്പിന്റെ നിറം നേവി ബ്ലൂ. ഓർക്കുന്നുണ്ട്. അതിന്റെ നമ്പർ…. KL 05 2345യെസ്..”

അവൻ കണ്ണുകൾ അടച്ച് തുറന്നു

“ആ ജീപ്പിൽ രണ്ട് പേര്… ജീപ്പ് ദേ ഇവിടെ നിർത്തി..എന്നോട് വഴി ചോദിച്ചു..അപ്പൊ പുറകിൽ നിന്ന് ഒരടി..കാല് കൊണ്ട് ഒരു തട്ട്…ഞാൻ വീഴുമ്പോൾ എന്റെ വശത്തു കൂടി ഇവനും. ദയ തോന്നിട്ടാവും അവൻ എന്റെ ദേഹത്ത് വീണില്ല..അത് ആക്‌സിഡന്റ് ആയിരുന്നില്ല. It was an attempt to murder..”

സാറ ഞെട്ടിപ്പോയി

“ഞാൻ എന്താണ് ഇതിന്റെ പുറകെ വരാഞ്ഞത് എന്ന് അവർ ഇപ്പൊ ഓർക്കുന്നുണ്ടാവും. എട്ടു മാസങ്ങൾ കഴിഞ്ഞു. ഞാൻ പോലീസിനോട് പോലും സംശയം പറഞ്ഞില്ല. കാരണം എനിക്ക് ഒന്നും ഓർമ്മയില്ല. അത് ഒരു സാധാരണ ആക്‌സിഡന്റ്. അത്രേ ഉള്ളായിരുന്നു. അത് കൊണ്ട് തന്നെ അത് ചെയ്തവൻ ഇപ്പൊ നോർമൽ ആയിട്ട് സമൂഹത്തിൽ ഇറങ്ങി നടക്കുന്നുണ്ടാവും “

“ഇച്ചാ അതിന്റെ പുറകെ പോകാൻ പോകുവാണോ?”

അവൾ പേടിയോടെ ചോദിച്ചു

“പോകണ്ടേ? എന്നെയും നിന്നെയും നീറ്റിയവർ. എന്നെയും നിന്നെയും മാസങ്ങളോളം അകറ്റിയവർ. എനിക്ക് നിന്നോട് സ്നേഹം തോന്നിയില്ലായിരുന്നെങ്കിലോ? നിന്നെ ഉപേക്ഷിച്ചു കളഞ്ഞിരുന്നുവെങ്കിൽ? നി എന്തെങ്കിലും ചെയ്തു കളഞ്ഞിരുന്നുവെങ്കിൽ.? അതെല്ലാം പോട്ടെ. ഞാൻ അങ്ങനെ കോമയിൽ തന്നെ തുടർന്ന് ഒടുവിൽ..”

“ഇച്ചാ മതി. ഇനി പറയണ്ട “

“സാറ… നി ഇത് വരെ എങ്ങനെയാണെന്ന് എനിക്ക് അറിയണ്ട. ചിലപ്പോൾ തൊട്ടാവാടി ആണെന്ന് എനിക്കു തോന്നിട്ടുണ്ട്. ഇനി നി കുരിശുങ്കൽ ചാർളിയുടെ ഭാര്യയാ. അപ്പൊ ഇത് പോരാ..എന്തും നേരിടുന്ന ഒരു പെണ്ണ് ആവണം. കരളുറപ്പ് വേണം. ധൈര്യം വേണം. ജീവിതം ആണ്. മുന്നിൽ കിടക്കുന്ന വഴികൾ എവിടെ ചെന്നു അവസാനിക്കുമെന്ന് പോലും അറിയില്ല. അത് കൊണ്ട് ബോൾഡ് ആവണം.”

സാറ ഒന്നും പറയാതെ അവന്റെ തോളിൽ തല ചായ്ച്ചു വെച്ചു

“എന്റെ പൊന്ന് വിഷമിക്കണ്ട. നിന്റെ ഇച്ചാ ഇനി ഉടനെ ഒന്നും ചാവൂല “

“ഒന്ന് തരുവെ ” അവൾ കളിയിൽ പറഞ്ഞു

അവൻ കുറച്ചു നേരം കൂടി അവളെ ചേർത്ത് പിടിച്ചു നിന്നു

ഒരടി…പിന്നെ താഴേക്ക്…

പകരം ചെയ്യണ്ടേ….വേണമല്ലോ…

അവൻ ഓഫീസിലേക്ക് പോയി. അവിടെ മങ്ങിയ ഓർമ്മകൾ ആണ്. ഏതോ മൂടൽ മഞ്ഞിലെന്ന വണ്ണം ഓർമ്മകൾ. മുഖങ്ങൾ മഞ്ഞു കൊണ്ട് മൂടിയിരിക്കുന്നു. ഓഫീസിലെ ബിജുവിനെ കാശ് കൊടുത്തു പറഞ്ഞു വിട്ടു. എല്ലാവർക്കും ഉച്ച ഭക്ഷണം എന്റെ വക. അവൻ കല്യാണത്തിന് പിറ്റേന്ന് തന്നെ വരുമെന്ന് അവർ ഓർത്തില്ല. മിക്കവാറും എല്ലാവരെയും സാറയ്ക്ക് ഓർമ്മയുണ്ട്. സാറ അതൊക്ക പറഞ്ഞു കൊടുത്തു

ദേവസി ചേട്ടൻ വന്നു നിന്നു

“ജീവൻ പോയി കുഞ്ഞേ ഓരോന്ന് കേട്ടപ്പൊ. ഇങ്ങനെ കൊണ്ട് വന്നു മുന്നിൽ നിർത്തിയല്ലോ ദൈവം അത് മതി “

ആ കണ്ണുനീർ സത്യം ആയിരുന്നു. അത് അവന് മനസിലായി. അവന്റെ കൂട്ടുകാർ ആ അഞ്ചു പേര്..അവർ വന്നു

“കല്യാണത്തിന് വന്നില്ല. ക്ഷമിക്കണം “

സന്ദീപ് പറഞ്ഞു

“ഞങ്ങൾ ഒരു ദിവസം ആശുപത്രിയിൽ വന്നു. അപ്പൊ വിജയ് സർ ഉണ്ടായിരുന്നു. ഇനി വരരുത് എന്ന് പറഞ്ഞു. നാണക്കേട് ആണെന്ന്..കോമ സ്റ്റേജ് കഴിഞ്ഞു വേറെ ആശുപത്രിയിൽ കൊണ്ട് പോയി എന്നറിഞ്ഞു. വരാൻ ഒത്തിരി ആഗ്രഹം ഉണ്ടാരുന്നു. പക്ഷെ നി ഒരു തവണ പോലും വിളിച്ചില്ല. പഴയ നമ്പർ നിലവിലില്ല എന്ന് ഒരിക്കൽ വിളിച്ചപ്പോ പറഞ്ഞു. പിന്നെ ഞങ്ങൾ ഇവിടെ അങ്ങ് ഒതുങ്ങി. ഇവിടുന്നും കൂടി പറഞ്ഞു വിടുമോന്നായിരുന്നു പേടി “

ചാർളിയുടെ മുഖം മുറുകി.അവൻ സാറയെ ഒന്ന് നോക്കി

“ഞാൻ അറിഞ്ഞില്ല ഇച്ചാ ” അവൾ മെല്ലെ പറഞ്ഞു

“നിങ്ങളുടെ മുഴുവൻ പേരുടെയും   നമ്പർ എനിക്ക് വേണം. എന്റെ മൊബൈൽ പോയി. അന്നത്തെ ആക്‌സിഡന്റ്ൽ പോയതാവും. എന്റെ പുതിയ നമ്പർ ഇതാണ്. എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. അതിനു മുൻപ്…”

അവൻ ഒരു കടലാസ് കൊടുത്തു

“ഈ നമ്പർ ഒരു ജീപ്പിന്റെ ആണ്. നേവി ബ്ലൂ നിറം, മഹിന്ദ്ര..അതിന്റെ ഡീറ്റെയിൽസ് ഒന്ന് എടുക്കണം. നമ്മുടെ തോട്ടത്തിലെ മുഴുവൻ cctv യും നോക്കണം. അന്നത്തെ ദിവസം ഈ ജീപ്പ് ഇതിലെ കടന്ന് പോയതെപ്പോ..ഫുൾ ഡീറ്റെയിൽസ് കിട്ടണം “

“അത് വളരെ എളുപ്പമാണ് ചാർലി.. ഒരു രണ്ടു മണിക്കൂർ കാര്യമേയുള്ളു. നി വീട്ടിൽ പൊയ്ക്കോളൂ. ഞങ്ങൾ ഏറ്റു. കല്യാണത്തിന്റെ പിറ്റേന്ന് തന്നെ ഇതിനിറങ്ങി പുറപ്പെടേണ്ട “

ചാർളി ഒന്ന് ചിരിച്ചു

പിന്നെ അവളെ കൂട്ടി ഇറങ്ങി. തിരിച്ചു വരുമ്പോ അവന് ടെൻഷൻ ഒന്നുമില്ല എന്ന് തോന്നി. പക്ഷെ അവളുടെ മനസ്സിൽ അതൊരു ഭീതിയായിരുന്നു

ആരോ കൊ- ല്ലാൻ ശ്രമിച്ചു. ആരാണ് ദൈവമേ…ഒത്തിരി ശത്രുക്കൾ ഉണ്ട്. അവരിൽ ആര്….ആരാണെങ്കിലും ചാർലി അവരെ വെറുതെ വിടില്ല. അത് മാത്രം അവൾക്ക് അറിയാം

തിരിച്ചു വന്നപ്പോ ജെറി പോകാൻ ഇറങ്ങുന്നു

“എടാ ചെറുക്കാ ഹണിമൂൺ കാനഡയിൽ ആണെന്ന് ഷെറി പറഞ്ഞു. അടുത്ത ഞായറാഴ്ച വീട്ടിൽ വരണം. വിരുന്ന് അവിടെയാ “

ചാർലി സമ്മതിച്ചു

വ്യാഴാഴ്ച കൊച്ചിയിൽ വിരുന്ന്. അവിടെ നിന്ന് കോട്ടയം. അതായിരുന്നു തീരുമാനം. രണ്ടാഴ്ച കഴിഞ്ഞു കാനഡ

രണ്ടാഴ്ച….

തുടരും….