കണ്ണന്റെ അനിയത്തി എന്റെയും അനിയത്തി അല്ലേ..ഇപ്പോ എന്താ ഇങ്ങനോക്കെ പറയാൻ…ഞങ്ങളെ എല്ലാരേയും മാറി മാറി നോക്കിക്കോണ്ട് വിച്ചേട്ടൻ ചോദിച്ചു

ഏട്ടൻ

Story written by AKSHARA MOHAN

“ശ്രീക്കുട്ടി..ഡീ..”

വിളി കേട്ടാണ് ഫോണിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഞാൻ ചുറ്റും നോക്കിയത്.

“ആഹാ വിച്ചേട്ടനോ..എങ്ങോട്ടാ പോക്ക്” ബസ് സ്റ്റോപ്പിൽ നിന്ന് വിച്ചേട്ടന്റെ ബൈക്ക് നിന്നടുത്തേക്ക് ഞാൻ നടന്നു.

“നീ വീട്ടിലേക്കല്ലേ..എന്തായാലും ബസ് ഇല്ലാട്ടോ..ബ്രേക്ക്‌ ഡൌൺ ആയി കിടക്കുവാ ഫോണും കുത്തി അടുത്ത ബസ് വരെ വെയിറ്റ് ചെയ്തോ”

“യ്യോ ഇനി എന്താ ചെയ്യാ അടുത്ത ബസ് ഒരു മണിക്കൂർ കഴിഞ്ഞല്ലേ ഉള്ളു..”ഞാൻ ദീർഘശ്വാസമെടുത്തു

“അല്ല വിച്ചേട്ടൻ എങ്ങോട്ടാ പറഞ്ഞില്ലല്ലോ”

“ഞാൻ വീട്ടിലോട്ടാ..കുറച്ചു സാധനം വാങ്ങാൻ ഉണ്ടായിരുന്നു. വാങ്ങിട്ടു വരുന്ന വഴിയാ..”

“ആഹാ വീട്ടിലോട്ടാണോ..എന്നാൽ എന്നെ എന്റെ വീട്ടിൽ ആക്കിയേക്ക്”

“ഒന്ന് പോടീ..ഞാൻ എത്ര ഓടണം വീണ്ടും..നീ ബസിന് പോയാൽ മതി”

“വിച്ചേട്ടാ പ്ലീസ്..ഞാൻ ഒരുപാട് സമയം നില്കണ്ടേ ഇവിടെ..പ്ലീസ്..”ഞാൻ പരമാവധി നിഷ്കളങ്കത മുഖത്തു വരുത്തി.

“ഓ നിന്നെ വിളിക്കണ്ടായിരുന്നു..ഇനി കേറ്..അല്ലേൽ അത് മതിലോ മുഖം വീർപ്പിക്കാൻ..”

താങ്ക്സ്..ഓടിചാടി ഞാൻ വിച്ചേട്ടന്റെ പുറകിൽ കേറി.

“നീ എവിടെ പോയതാ..”

“ഫ്രണ്ടിന്റെ കല്യാണാ അടുത്ത ആഴ്ച..അപ്പോ ഞങ്ങൾ ഫ്രണ്ട്സ് എല്ലാരും കൂടെ ഡ്രസ്സ്‌ എടുക്കാൻ പോയതാ..ഇന്നലെ കണ്ണേട്ടൻ പറഞ്ഞതാ കൂട്ടാൻ വരാം തിരിച്ചു വരുമ്പോന്ന്..പക്ഷെ രാവിലെ ഓരോന്ന് പറഞ്ഞു ഉടക്കി..നടുമ്പുറത്ത് ഒരടിയും കൊടുത്താ വീട്ടിൽന്ന് ഞാൻ ഇറങ്ങി ഓടിയത്..അതോണ്ട് കൂട്ടാൻ പോയിട്ട് ഈ ഏരിയയിൽ എന്നെ തിരക്കി വരൂല..”ഞാൻ ചിരിചോണ്ട് പറഞ്ഞു.

വിച്ചേട്ടന്റെ വീട്ടിൽ നിർത്താതെ മുന്നോട്ടു എടുത്തപ്പോ നിർത്തുന്നില്ലേ എന്ന് ചോദിച്ചപ്പോ എന്നെ ഒന്ന് തിരിഞ്ഞു രൂക്ഷമായി നോക്കി

“എന്റെ ശ്രീക്കുട്ടി ആ വായ കുറച്ച് സമയം പൂട്ടി വെക്ക്..ഏത് സമയവും കൊണ കൊണ ആക്കിക്കൊണ്ട് നില്കാതെ”

പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല വീടിന് മുന്നിൽ നിർത്തി ഇറങ്ങിയപ്പോൾ വിച്ചേട്ടന്റെ മുതുകിൽ ഒരിടിയും കൊടുത്ത് ഞാൻ വീട്ടിലെക്കോടി.ഡീ എന്ന വിളി കേട്ടെങ്കിലും പോടാ വിച്ചേട്ടാ എന്ന് വിളിച്ചു പറഞ്ഞു അകത്തു കയറി..

“അമ്മേ..അച്ഛോയ്..ഞാൻ എത്തി..കൂയ്…”

ആരെയും കാണാത്തോണ്ട് ഞാൻ കൂകി വിളിച്ചു.മുറിയിൽ നിന്ന് പുറത്തേക്ക് വന്ന അച്ഛന്റെ കൈ ആയിരുന്നു പ്രതികരിച്ചത്.എന്റെ കവിളിൽ അച്ഛൻ ആഞ്ഞടിച്ചു.ഒരു ചുള്ളികമ്പ് കൊണ്ട്പോലും എന്നെ വേദനിപ്പിക്കാത്ത അച്ഛന്റെ ആ പ്രതികരണത്തിൽ ഞാൻ തരിച്ചു നിന്നു.

“ഇവന്റെ കൂടെ ബൈക്കിൽ കയറി ഒരുമിച്ച് വരാൻ ഇവൻ നിന്റെ ആരാടി..”

മുറ്റത്ത്‌ നിന്നും അകത്തേക്ക് കയറിയ വിച്ചേട്ടനെ ചൂണ്ടി അച്ഛൻ ചോദിച്ചു.

“ന്റെ ഏട്ടൻ….”കണ്ണുനീർ ധാരയായി ഒഴുകിയപ്പോഴും ഒട്ടും പതറാതെ ഞാൻ പറഞ്ഞു.

“ഏട്ടൻ..കൂടപ്പിറപ്പല്ലേ ഏട്ടൻ ആണെന്ന് പറഞ്ഞു നടക്കാൻ..”അച്ഛന്റെ ശബ്ദം ഉയർന്നു.

“രാഘവേട്ടാ ഞാൻ..ബസ് ഇല്ലാത്തതോണ്ടാ ഞാൻ അവളെ കൊണ്ടുവിട്ടത്..അവൾ എന്റെ അനിയത്തി അല്ലേ..കണ്ണന്റെ അനിയത്തി എന്റെയും അനിയത്തി അല്ലേ..ഇപ്പോ എന്താ ഇങ്ങനോക്കെ പറയാൻ..” ഞങ്ങളെ എല്ലാരേയും മാറി മാറി നോക്കിക്കോണ്ട് വിച്ചേട്ടൻ ചോദിച്ചു.

“ഇറങ്ങി പൊയ്ക്കോണം ഈ വീട്ടീന്ന്..ഇനി നീ ഇവിടെ കയറരുത്..”അച്ഛൻ വിച്ചേട്ടന് നേരെ അലറി.

ഒന്നും മിണ്ടാതെ തല താഴ്ത്തി പോകുന്ന വിച്ചേട്ടനെ നിറകണ്ണോടെ ഞാൻ നോക്കി നിന്നു.

“കൂടപിറപ്പായാൽ മാത്രേ ഒരാളെ ഏട്ടനോ അനിയനോ ആയി കാണാൻ പറ്റൂന്ന് ആരും പറഞ്ഞിട്ടില്ല അച്ഛാ..”

“അച്ഛനോട് തർക്കുത്തരം പറയുന്നോ അധികപ്രസംഗി..”പറഞ്ഞുമുഴുവിക്കുന്നതിന് മുന്നേ അമ്മ ഇടയിൽ കയറി. “മതി നിന്റെ പഠിപ്പ്..എങ്ങനെയാ.. പെൺപിള്ളേരായാൽ ശാസിച്ചു വളർത്തണം..അച്ഛനും ഏട്ടനും കൂടെ ഓമനിച്ചു വഷളാക്കിയതല്ലേ..കണ്ണൻ വരട്ടെ..അവനാ ഇങ്ങനൊക്കെ ആവാൻ കാരണം..”

മുറിയിലെക്ക് നടക്കുമ്പോൾ അമ്മ ഓരോന്നായി പറഞ്ഞുകൊണ്ടിരുന്നു.അമ്മയും കരച്ചിലിന്റെ വക്കിലോളം എത്തിയിരുന്നോ?

മുറിയിൽ ചെന്ന് കതകടച്ച് തലയിണയിൽ മുഖം പൂഴ്ത്തി കരഞ്ഞു..ഒന്നാം ക്ലാസ്സ്‌ തൊട്ടറിയാം വിച്ചേട്ടനെ..കണ്ണേട്ടന്റെ ചങ്ക്..എന്താവശ്യം വന്നാലും ഒന്നാം ക്ലാസ്സിൽ നിന്ന് അഞ്ചാം ക്ലാസ്സിലെക്കായിരുന്നു ഓട്ടം..കണ്ണേട്ടൻ ഇല്ലെങ്കിൽ വിച്ചേട്ടൻ ഉണ്ടാകും എല്ലാ സഹായത്തിനും..സ്കൂൾ കാലം മുഴുവൻ അവരുടെ തണലിൽ ആയിരുന്നു.. കോളേജിൽ എത്തിയപ്പോഴാണ് സത്യം പറഞ്ഞാൽ അവരില്ലാതെ ജീവിച്ചു തുടങ്ങിയത്..എങ്കിലും എന്റെ നേരെ ആരുടെയെങ്കിലും കണ്ണ് മറ്റൊരു രീതിയിൽ നീണ്ടാൽ..അടുത്ത ദിവസം അവൻ സോറി പെങ്ങളെ എന്നും പറഞ്ഞെ എന്റെ നേരെ വരു..അങ്ങനെ പണി കിട്ടിയ എല്ലാരും മറ്റുള്ളവരോട് പറയുന്നത് കേൾകാം..രണ്ട് ഏട്ടൻമാരാ അവൾക്ക്..അവളെ നോക്കാൻ നിൽക്കണ്ട..അതോണ്ട് തന്നെ പ്രേമിക്കാൻ ഉള്ള അവസരവും എനിക്ക് ഉണ്ടായിട്ടില്ല..അല്ല..അവർ ഉണ്ടാക്കിയില്ല.

കണ്ണേട്ടന്റെ കൂടെ വീട്ടിൽ വന്നാലും വിച്ചേട്ടനെ ആരും വേർതിരിച്ചു കണ്ടിട്ടില്ല..ഞങ്ങളിൽ ഒരാൾ തന്നെ ആയിരുന്നു വിച്ചേട്ടൻ..ആ വിച്ചേട്ടനെ ഇന്ന് ഇങ്ങനൊക്കെ പറയാൻ അച്ഛനും അമ്മക്കും എങ്ങനെ തോന്നി എന്നാ..ആലോചിക്കുന്തോറും സങ്കടം കൂടി വന്നു..ഒരു തേങ്ങലായി അത് പുറത്തേക്ക് വന്നു കൊണ്ടിരുന്നു…

“എവിടെ ആയിരുന്നു ഇത്രയും നേരം നീ..പൊന്നനിയത്തിയെയും കൂട്ടുകാരനെയും കുറിച്ച് അറിഞ്ഞില്ലേ..നേരവും കാലവും നോക്കാതെ ഏതോ ഒരുത്തനെ വീട്ടിൽ കേറ്റുമ്പോ ഓർക്കണം..” അമ്മയാണ്….വന്ന ഉടനെ കണ്ണേട്ടനോട്‌ തട്ടികേറുകയാണ്.

“അവൾ എവിടെ??”

“മുറിക്കകത്തുണ്ട്..അതിൽ കേറിയതിന് ശേഷം പുറത്ത് ഇറങ്ങിട്ടില്ല”

ഏട്ടൻ വരുന്ന കാലടി ശബ്ദം കേട്ടപ്പോൾ തേങ്ങൽ ഉയർന്നു വന്നു..മറ്റൊന്നും കൊണ്ടല്ല..ഏട്ടനും സംശയമായിരിക്കുമോ എന്ന പേടി മാത്രമായിരുന്നു..കതക് തുറന്നു ഏട്ടൻ കട്ടിലിൽ എന്റെ അടുത്ത് വന്നിരുന്നു.

“ശ്രീ…ശ്രീക്കുട്ടി..ഏട്ടന്റെ മോള് മുഖത്തോട്ട് നോക്യേ..എനിക്കറിയാം എന്റെ ശ്രീക്കുട്ടിം വിച്ചും തമ്മിൽ ഒന്നുല്ലാന്ന്..എനിക്ക് അവനെ നന്നായി അറിയാം…എന്റെ മോളേം..
ഇനി ഏട്ടനെ നോക്യേ..”

ഞാൻ ഏട്ടനെ തലഉയർത്തി നോക്കി.

“അയ്യേ ശ്രീകുട്ടി കരയുവാ..ഇത്ര ചെറിയ കാര്യത്തിന് ഇങ്ങനെ കരയണോ..ഇത്രേ ഉള്ളു എന്റെ വായാടി..”

ഏട്ടന്റെ മടിയിൽ തലവച്ചു ഞാൻ കിടന്നു..തേങ്ങലിന്റെ ശബ്ദം ഉയർന്നുയർന്നു വന്നു.

“ഇവിടുന്ന് ഇറങ്ങിയപ്പോ തന്നെ അവൻ എന്നെ വിളിച്ചിരുന്നു..നിന്നെക്കാൾ സങ്കടം ആയിരുന്നു അപ്പോ അവന്..ഇപ്പോ അവനു പ്രശ്നം ഒന്നും ഇല്ല..ഞാൻ പറഞ്ഞിട്ടുണ്ട് എല്ലാം..”

“എന്നാലും ഏട്ടാ അച്ഛനും അമ്മയും..സംശയിച്ചില്ലേ ഞങ്ങളെ..മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യാ പറഞ്ഞെ..”പറയുമ്പോ ശബ്ദം ഇടറികൊണ്ടിരുന്നു..

“അവർ പഴയ ആൾക്കാരല്ലേ..ആരോ വിളിച്ചുപറഞ്ഞു പണി പറ്റിച്ചതാ..അങ്ങനെ നാട്ടുകാരൊക്കെ സ്വന്തം മോളെ ഓരോന്ന് പറഞ്ഞു കേൾക്കുമ്പോ ആർക്കായാലും വിഷമം ആവില്ലേ..അത് അവർ ദേഷ്യമായി പുറത്ത് കാണിച്ചു..അത്രേ ഉള്ളു..മ്മ്മ്…ഇനി ശ്രീക്കുട്ടി പോയി കുളിച്ചു ചുന്ദരികുട്ടിയായി വന്നേ..ഞാൻ പോവ്വാ..വേഗം വരണംട്ടോ..ഇനി സങ്കടം ഒന്നും വേണ്ടാ..കേട്ടല്ലോ..”

ഏട്ടനെ കെട്ടിപിടിച്ചു ഞാൻ കരഞ്ഞു..അതുവരെ ഉണ്ടായ എല്ലാ സങ്കടങ്ങളും പോയി.

“വേഗം വാട്ടോ..”എന്റെ കവിളിൽ തട്ടി ഏട്ടൻ പുറത്തേക്ക് നടന്നു.

“ആരാ പറഞ്ഞെ വിച്ചും ശ്രീകുട്ടിം തമ്മിൽ ഇഷ്ടത്തിലാന്ന്?”ഏട്ടന്റെ ശബ്ദം അല്പം ഉയർന്നിരുന്നു.

“അപ്പുറത്തെ ബാലനാ വിളിച്ചത്..ഇവൾ അവന്റെ കൂടെ കയറിവരുമ്പോ അവൻ ഉണ്ടായിരുന്നു അവിടെ..ആൾക്കാരൊക്കെ അതും ഇതും പറയുന്നുണ്ടെന്ന് പറഞ്ഞു..കുറച്ചു നാളായിത്രെ ഓരോന്ന് പറഞ്ഞു തുടങ്ങിട്ട്..നമ്മൾ അറിയാൻ വൈകി..”

“എന്ത് വൈകാൻ..അവർ തമ്മിൽ മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അല്ലേ നമ്മൾ അറിയാൻ വൈകി എന്ന് പറയേണ്ടതുള്ളു..പിന്നെ അച്ഛാ അവൾ ആദ്യായിട്ടല്ലല്ലോ വിച്ചൂന്റെ കൂടെ ബൈക്കിൽ കയറി വരണേ..ഒരുപാട് തവണ മുന്നേയും വന്നിട്ടുണ്ടല്ലോ..ഇന്ന് അങ്ങനെ ആരെങ്കിലും പറഞ്ഞെങ്കിൽ തന്നെ ആദ്യം ഇവരോട് സമാധാനത്തോടെ ചോദിക്കായിരുന്നില്ലേ..അവനും സ്വന്തം മോൻ തന്നെയാ എന്നല്ലേ അമ്മയും അച്ഛനും പറയാറുള്ളത്.ആ അവൻ അവളെ അങ്ങനെ കാണുംന്നു തോന്നുന്നുണ്ടോ..ഒറ്റമോൻ ആയ അവനു ശ്രീക്കുട്ടി എന്ന് പറഞ്ഞാൽ ജീവനാ..എന്നേക്കാളെറെ ഒരു ഏട്ടൻ എന്ന നിലയിൽ അവളെ ശ്രദ്ധിച്ചതും അവനാ..ആ അവനെയാ നിങ്ങൾ ഇന്ന് ഇറക്കി വിട്ടത്..എനിക്ക് മനസിലാകും നിങ്ങളുടെ മനസികാവസ്ഥ..എന്നാലും വേണ്ടായിരുന്നു അച്ഛാ..”

“മോനെ..ശ്രീകുട്ടിയെ കുറിച് ഓരോന്ന് പറയുന്നുന്ന് കേട്ടപ്പോ സഹിക്കാൻ പറ്റീല..അതാ പെട്ടെന്ന് ഞങ്ങൾ അങ്ങനൊക്കെ കേട്ടാൽ എങ്ങനാ മോനെ സഹിക്കാ..നാളെ തന്നെ വിച്ചുനോട്‌ വരാൻ പറയണം..അപ്പോഴത്തേ ദേഷ്യത്തിന് പറഞ്ഞുപോയതാണെന്ന് പറയണം..”

“അത് അവനറിയാം അച്ഛാ..ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല..20 വർഷത്തോളമായി അവനും ഞാനും തമ്മിലുള്ള കൂട്ട്..അഞ്ചാം വയസ്സ് മുതൽ ശ്രീക്കുട്ടിയും ഏട്ടാന്ന് വിളിച്ചതാ അവനെ..അവരുടെ ബന്ധം ഒരിക്കലും മറ്റൊന്നാവില്ല..”

ഏട്ടൻ പറയുന്നത് കേട്ടപ്പോൾ എന്റെ ഏട്ടനെ ഓർത്ത് എനിക്ക് അഭിമാനം ആയിരുന്നു..ആർക്ക് മനസിലായില്ലെങ്കിലും എന്റെ ഏട്ടന് എന്നെ മനസിലായതോർത്ത്‌…

****************

ഒരിക്കൽ ഞാനും വിച്ചേട്ടനും തമ്മിൽ പ്രണയമാണെന്ന് പറഞ്ഞ ഇതേ നാട്ടുകാർ തന്നെ രണ്ട് വർഷങ്ങൾക്കിപ്പുറം എന്റെ കല്യാണനാളിൽ ഒരുക്കങ്ങൾക്കായി ഓടിനടക്കുന്ന എന്റെ രണ്ട് ഏട്ടന്മാരെയും കാണിച്ചു കൊണ്ട് അത് പെണ്ണിന്റെ ആങ്ങളമാരാ എന്ന് മറ്റുള്ളവരോട് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പുകയായിരുന്നു…എന്റെ ഏട്ടൻമാരെ ഓർത്ത്..അവരുടെ സ്നേഹത്തെ ഓർത്ത്…

“ജന്മം കൊണ്ട് മാത്രമല്ല കർമം കൊണ്ടും സഹോദരങ്ങളാകാം…”