ധ്രുവം, അധ്യായം 03 – എഴുത്ത്: അമ്മു സന്തോഷ്

“കൃഷ്ണ…ഇപ്പൊ മോളുടെ ചേട്ടൻ സ്റ്റേബിൾ ആണ്. എന്നാലും ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞു ഡോക്ടർ അങ്കിൾ മോളെ വിളിപ്പിക്കും. അപ്പൊ അച്ഛനെയും അമ്മയെയും കൂട്ടി വരണം “

അവൾ തൊഴുതു പിന്നെ കുനിഞ്ഞു ആ കാൽ തൊട്ടു വീണ്ടും തൊഴുതു. കണ്ണീർ ഒഴുകുന്ന ആ പിഞ്ചു മുഖം നോക്കി നിൽക്കെ അദേഹത്തിന്റെ ഉള്ളിൽ പിതൃതുല്യമായ വാത്സല്യം നിറഞ്ഞു. അദ്ദേഹം യാത്ര പറഞ്ഞു മുറിയിലേക്ക് പോയി

അമ്മയുടെയും ഗൗരിയുടെയും അരികിൽ അവൾ ചെന്നിരുന്നു

“എന്ത് പറഞ്ഞു മോളെ ഡോക്ടർ?’

അവൾ ആ മുഖത്തേക്ക് നോക്കി. ജീവിതം അതിന്റെ ഏറ്റവും ദയനീയ മുഖം കാണിച്ചു കൊടുത്തിട്ടുള്ള ഒരാളാണ് മുന്നിൽ

തന്റെ അമ്മ…പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ജീവിതം ജീവിച്ചു തീർക്കുന്നതിനിടയിൽ പാവം സ്വന്തം ജീവിതം മറന്നു പോയി. അവൾ അവരെ ചേർത്ത് പിടിച്ചു

“ഏട്ടൻ രക്ഷപെട്ടു അമ്മേ ” അവൾ ചിരിയോടെ ഗൗരിയേ നോക്കി

ഗൗരി മുഖം പൊത്തി കുനിഞ്ഞിരുന്നു. രമേശനെ ഡിസ്ചാർജ് ചെയ്തു കൊണ്ട് വന്നത് പിറ്റേന്ന് കാലത്താണ്. മനുവിന് ആപത്തു ഘട്ടം കഴിഞ്ഞു എന്ന് കേട്ടപ്പോൾ തന്നെ ആ പാവം ദൈവത്തെ വിളിച്ചു പോയി

“ഇവൻ എന്നെ കൂടെ പേടിപ്പിച്ചു “

സഹദേവൻ രമേശനെ ഒന്ന് നോക്കി

“ഞാൻ അപ്പോഴേ പറഞ്ഞു കുഴപ്പമില്ല…ഇല്ലന്ന് കേൾക്കണ്ടേ. ഇത്രയും ബോധം കെടാൻ ഇതിന് മാത്രം നിനക്ക് ബോധം ഉണ്ടായിരുന്നോ രമേശാ “

“പോട പോടാ ” അയാൾ ചിരിച്ചു

ഡോക്ടറുടെ മുറിയിലേക്ക് പോകുമ്പോൾ അമ്മയും അച്ഛനും ഗൗരിക്ക് ഒപ്പം ഉണ്ടായിരുന്നു

“സർജറി ഒക്കെ കഴിഞ്ഞു. മനു പൂർണമായി സുഖം പ്രാപിക്കും. കുറച്ചു റസ്റ്റ്‌ കൂടെ വേണം. സാധാരണ CABG  കഴിഞ്ഞാൽ ഒരു അഞ്ചു ദിവസം ഹോസ്പിറ്റലിൽ മതി. പിന്നെ 12 വീക്സ് റസ്റ്റ്‌. പിന്നെ നോർമൽ ലൈഫ് നയിക്കാൻ സാധിക്കും. ആറു മാസത്തിൽ ഒരിക്കൽ വന്നു ടെസ്റ്റുകൾ ചെയ്തു നോക്കണം. ഹോസ്പിറ്റലിൽ ഇനി കുറച്ചു ദിവസം മാത്രം മതി..”

“ഡോക്ടറെ ഞങ്ങൾക്ക് വിദ്യാഭ്യാസം ഒന്നുമില്ല. ഡോക്ടർ പറയുന്ന വാക്കുകൾ അറിയില്ല. എന്റെ മോൻ സുഖമായി അല്ലെ ഡോക്ടറെ “

രമേശൻ കൈകൂപ്പി

“ഒത്തിരി കാശ് ആകുമെന്ന് മോള് പറഞ്ഞു. എത്രയാകും?”

ഡോക്ടർ കൃഷ്ണയുടെ മുഖത്ത് നോക്കി

“ഞങ്ങൾക്ക് ഇപ്പൊ കാശില്ല. പക്ഷെ ഉണ്ടാകും അന്ന് ഞാൻ തരും ” ആ വാക്കുകൾ

“അഞ്ചു ലക്ഷം രൂപയാണ് സാധാരണ ഓപ്പറേഷൻ ചാർജ് മാത്രം. ഇത് പ്രൈവറ്റ് ഹോസ്പിറ്റൽ ആയത് കൊണ്ട് തന്നെ കുറച്ചു കൂടെ ആകും. റൂം റെന്റ് മെഡിസിൻ അതിന് ഒക്കെ വേറെ ആകും. ടോട്ടൽ ഒരു 10ലക്ഷം..”

അയാളുടെ കണ്ണ് മിഴിഞ്ഞു പോയി. തന്റെ വീടും സ്ഥലവും വിറ്റാൽ പോലും കിട്ടില്ല അത്

“അത്രയും തുക..”

“തരേണ്ട…നിങ്ങൾ ബിൽ ഒന്നും അടയ്ക്കണ്ട പൊയ്ക്കോളൂ..ഞാൻ ഓഫീസിൽ പറഞ്ഞിട്ടുണ്ട് “

ആ സാധുക്കൾ കണ്ണീരോട് കൂടെ മുറി വിട്ടു പോയി

“കൃഷ്ണ?”

കൃഷ്ണ നിന്നു

“മോളിരിക്ക് ചോദിക്കട്ടെ “

അവൾ ഇരുന്നു

“മോൾക്ക് എത്രമത്തെ റാങ്ക് ആണ് “

“76”

“ആഹാ മിടുക്കിയാണല്ലോ. എവിടെയാ കോച്ചിങ് ന് പോയത് “

അവൾ ഒന്ന് നോക്കി

“അതിനുള്ള കാശ് ഒന്നുമില്ലായിരുന്നു. എന്റെ ഒരു ടീച്ചർ ഉണ്ട്. ബീന ടീച്ചർ. ടീച്ചറിന്റെ മോൻ പഠിച്ച പുസ്തകങ്ങൾ ഒക്കെ തന്നു. അത് നോക്കിയാ പഠിച്ചത്. കിട്ടണമെന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. എനിക്കും കാർഡിയോളജിസ്റ്റ് ആകണമെന്നാ ആഗ്രഹം.ഏട്ടനെ നോക്കാമല്ലോ..”

ഡോക്ടർക്ക് അവളെയൊരുപാട് ഇഷ്ടമായി. ആ വർത്തമാനം കെട്ടിരിക്കാൻ തന്നെ എത്ര രസമാണ്. അനുപമക്ക് വലിയ ഇഷ്ടമായിരുന്നു. ഒരു മോള്

ആഗ്രഹം പോലെ ആ വയറ്റിൽ ജനിച്ചതും മകളായിരുന്നുപക്ഷെ…ഇപ്പോഴും ഓർക്കുന്നു പോസ്റ്റുമാർട്ടം കഴിഞ്ഞു ഡോക്ടർ വിനോദ് പറഞ്ഞത്

“ജയറാം സർ അത് ഒരു പെൺകുട്ടി ആയിരുന്നു “

അദ്ദേഹം ഒരു നിമിഷം ചിന്തകളിൽ മുഴുകി

“ഡോക്ടർ ഇവിടെ ക്ലാസ്സ് ഒക്കെ ഉണ്ടോ?”

“എന്താ?”

“അല്ല ഹോസ്പിറ്റൽ മാത്രം ആണോ. മെഡിക്കൽ കോളേജ് പോലെ പഠിപ്പിക്കുന്നുണ്ടോ?”

“ഉണ്ടല്ലോ..മോള് വരുന്നോ?”

അവൾ ഇല്ല എന്ന് തലയാട്ടി

“ഒത്തിരി കാശ് വേണം ” താഴ്ന്ന സ്വരത്തിൽ പറഞ്ഞു

അദേഹത്തിന്റെ മനസ്സിൽ വീണ്ടും ഒരു നോവിന്റെ ഉറവ പൊട്ടി ഏതോ ജന്മബന്ധത്തിൽ ഇവൾ തന്റെ മകളായിരുന്നുവോ?

അറിയില്ല. പക്ഷെ ഏതോ ഒന്ന് തന്നെ അവളിലേക്ക് അടുപ്പിക്കുന്നുണ്ട്

“ഡോക്ടർ അർജുൻ സർ കാണാൻ വന്നിട്ടുണ്ട്. “

അദ്ദേഹം അവളെ നോക്കി

“ഞാൻ അങ്ങോട്ട് പോകട്ടെ “

അവൾ എഴുന്നേറ്റു

“മോളിടയ്ക്ക് വരണം കേട്ടോ ” അവൾ തലയാട്ടി പിന്നെ വാതിൽ തുറന്നു

മുന്നിലേക്ക് ഇറങ്ങുമ്പോൾ ഒരു ചെറുപ്പക്കാരൻ. അവൾ വഴിയൊഴിഞ്ഞു നിന്നപ്പോൾ അവൻ അകത്തേക്ക് പോയി

“അർജുൻ ഇരിക്ക്. ബാംഗ്ലൂർ നിന്ന് എപ്പോ വന്നു?”

“നേരെയിങ്ങോട്ടാണ് “അവൻ അച്ഛനെ നോക്കി

“കുറച്ചു ദിവസം കാണുമോ?”

“തൃശൂർ നമ്മുടെ ഹോസ്പിറ്റലിന്റെ കൺസ്ട്രക്ഷൻ വർക്ക്‌ ഫിനിഷിങ് സ്റ്റേജിലാണ്. അവിടെ ഇടയ്ക്ക് പോകുന്നുണ്ട്. ഈ ആഴ്ച ഇവിടെ കാണും “

അയാൾ മകനെ നോക്കിയിരുന്നു. ക്ഷീണം ഉണ്ട്. പക്ഷെ പ്രകടമല്ല

അനുപമയേ പോലെയാണ് അർജുൻ. നന്നേ വെളുത്തിട്ട് വലിയ കണ്ണുകളുള്ള ഒരു സുന്ദരൻ കുട്ടി

“അച്ഛന്….ഇവിടെ വേറെ വിശേഷം ഒന്നുമില്ലല്ലോ. ഞാൻ  മനോജിനെ വിളിച്ചിരുന്നു. എല്ലാം സ്മൂത്ത്‌ ആയി പോകുന്നു എന്ന് പറഞ്ഞു. അച്ഛന്റെ ചാരിറ്റി ഒഴിച്ച് “

ജയറാം ഒരു ചിരി കടിച്ചു പിടിച്ചു

“കഴിഞ്ഞ മാസം എത്ര എന്നറിയോ പോയത്? ആറു ലക്ഷം?”

“ഈ മാസം ഒരു പത്ത് കൂടെ ഉണ്ടാകും “

“what?”

അവൻ മുന്നോട്ടാഞ്ഞു

“ഒരു CABG…പാവങ്ങളാ അർജുൻ..ഒരു നല്ല മോളുണ്ട് കേട്ടോ കൂട്ടത്തിൽ. കൃഷ്ണ.അതിന്റെ ഏട്ടനാണ്…ഇന്നലെ അത് ചെയ്തില്ലായിരുന്നെങ്കിൽ കൺഫേം ഡെത് ആയിരുന്നു..ആ കുട്ടിയുടെ കരച്ചിൽ കാണാൻ വയ്യ”

അർജുന്‌ ദേഷ്യം വന്നിട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ ആയി

“അച്ഛാ അങ്ങനെ ഉള്ളവർക്കാ ഗവണ്മെന്റ് ഹോസ്പിറ്റൽ.. ഇത് കാശ് ഉള്ളവനുള്ളതാ. എനിക്ക് ഇത് കാരുണ്യപ്രവർത്തനമല്ല. ബിസിനസ് ആണ്..എനിക്ക് ഈ മെഡിക്കൽ കോളേജ് ബിസിനസ് മാത്രമാണ്. അച്ഛന്റെ ഈ സ്വഭാവം കാരണം ഒരു വർഷം എനിക്ക് കോടികൾ ആണ് നഷ്ടം. അത് അറിയോ?”

ജയറാം പുഞ്ചിരിച്ചു

“അച്ഛൻ ഉള്ള കാലം വരെ ഉള്ളു മോനെ ഇത്”

അവൻ പെട്ടെന്ന് നിശബ്ദനായി

“പാവങ്ങളുടെ കണ്ണീർ കാണുമ്പോൾ മനസ്സിൽ അനുവിന്റെ മുഖം വരും. അവൾ ഉണ്ടായിരുന്നെങ്കിൽ ഇതിലും നഷ്ടം വന്നേനെ നിനക്ക്..”

“അച്ഛാ ഇതിപ്പോ സെന്റിമെന്റൽ ആയിട്ട് ഇടപെടാനുള്ള ഫീൽഡ് അല്ല. ഞാൻ തൃശൂർ തുടങ്ങുന്ന പ്രൊജക്റ്റ്‌ ഇതിന്റെ ഇരട്ടി വലിപ്പമുള്ള ഒന്നാണ്. ക്യാപിറ്റൽ മണി എനിക്ക് ഇടാൻ പറ്റുന്നത് മറ്റ് രണ്ടു ഹോസ്പിറ്റലിൽ നിന്നു കിട്ടുന്ന പ്രോഫിറ്റ് കൊണ്ടാണ്. അച്ഛൻ ദയവ് ചെയ്തു താഴ്ത്തി കൊട്ടേഷൻ പിടിക്കണം. പ്ലീസ് ഒരു അഞ്ചു ലക്ഷം ഒരു വർഷം ചാരിറ്റി അത് മതി.”

ജയറാം ചിരിച്ചു കൊണ്ട് തലയാട്ടി. അവൻ എഴുന്നേറ്റു

ഈ ചിരി ഒക്കെ വെറുതെ ആണ്. അച്ഛൻ മാറാനൊന്നും പോണില്ല

“നീ വീട്ടിലേക്ക് വരുന്നുണ്ടോ ഒന്നിച്ചു പോകാം “

“ഇല്ല ഞാൻ ദീപുവിന്റെ ഫ്ലാറ്റിൽ ചെല്ലാമെന്ന് പറഞ്ഞിട്ടുണ്ട്. ഒരു ബിസിനസ് ഡീൽ ആണ്. പറ്റുവാണെങ്കിൽ വൈകുന്നേരം വരാം “

ജയറാം മറുപടി പറഞ്ഞില്ല. ഒറ്റയ്ക്കാണെന്ന് അവനെ ഓർമ്മിപ്പിക്കേണ്ടതില്ല. അവനും ഒറ്റയ്ക്കാണല്ലോ

അപ്പോൾ അറിയാം എന്താണ് ഒറ്റയ്ക്കാകുന്നതിന്റെ സുഖമെന്ന്…

മാത്യു അവന്റെ മുന്നിൽ നിന്നു വിറച്ചു

“എന്റെ കർത്താവെ ഇന്ന് ഇങ്ങേര് എന്നെയായിരിക്കും തിന്നാൻ പോകുന്നത് “

“എന്തോന്നാടോ ഇത്?. ഞാൻ തന്നോട് ആയിരം വട്ടം പറഞ്ഞിട്ടുണ്ട് അച്ഛന്റെ മുന്നില് ഇത്തരം ദാരിദ്രവാസികള് എത്തരുത് എന്ന്. കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിലോട്ട് കെട്ടിയെടുത്തോളും. എടോ ഇങ്ങോട്ട് നോക്ക് ഇങ്ങോട്ട്…അച്ചൻ ഒപിയിൽ ഇരിക്കണ്ട. അത് പാടില്ലന്ന് ഞാൻ പറഞ്ഞിട്ടുള്ളതാണ്..മറ്റൊരാൾ റെഫർ ചെയ്യുന്ന കേസ്‌ മാത്രേ അച്ഛന്റെ മുന്നിൽ എത്താവുള്ളു. അതും ബിൽ അടച്ച receipt കിട്ടിയിട്ട് മാത്രം. കാര്യം ശരിയാണ് എന്റെ അച്ഛനാണ് ഇന്ന് കേരളത്തിൽ തന്നെ ഉള്ള ഏറ്റവും നല്ല കാർഡിയാക് സർജൻ. അച്ഛന്റെ സ്ഥാനത്തു വേറെ ഏത് ഡോക്ടർ ആണെങ്കിലും ഞാൻ ഒരു ഹോസ്പിറ്റൽ ഉണ്ടാക്കി പോയേനെ അയാളെ വെച്ച്. ഇതിപ്പോ സ്വന്തം അച്ഛനായി പോയി. ഒന്നും പറയാനും വയ്യ. അത് കൊണ്ടാണ് തന്നോടൊക്കെ പറയുന്നത് ഇത്തരം നാറികളെയൊന്നും ആ മുന്നിലോട്ട് എഴുന്നള്ളിക്കരുത് എന്ന്. തന്റെ സാലറിയിൽ ഈ മാസം കട്ട്‌ ഉണ്ടാവും മനോജ്‌”

“സർ ഞാൻ….ഞാൻ ശ്രദ്ധിക്കുന്നുണ്ട് സർ. ഇത് ആക്‌സിഡന്റ് കേസ്‌ ആയിരുന്നു. സർ ലഞ്ച് ടൈമിൽ പുറത്തേക്ക് പോകാൻ മറ്റൊ അങ്ങോട്ടേക്ക് വന്നതാണ്. അപ്പോഴാണ് സംഭവം. കാർഡിയാക് പ്രോബ്ലം ഉണ്ടെന്ന് ആ രോഗിയുടെ അനിയത്തി ആണ് സാറിനോട് പറഞ്ഞത്. പിന്നെ ആ കൊച്ച് കരഞ്ഞു കാലിൽ വീണപ്പോൾ ഡോക്ടർ അലിഞ്ഞു പോയതാ. “

അവൻ തല കയ്യിൽതാങ്ങി

“അവർ വേണമെന്ന് വെച്ച് വന്നതല്ല സർ. ഹോസ്പിറ്റലിനടുത്തു വെച്ചാണ് ആക്‌സിഡന്റ് ഉണ്ടായത്. അപ്പൊ ഇങ്ങോട്ട് കൊണ്ട് വന്നതാണ് “

“അവരുടെ മറ്റ് ചിലവുകൾക്ക് ബിൽ കൊടുക്കണം. സർജറി ബിൽ അച്ഛന്റെ അക്കൗണ്ട്ൽ ചേർക്ക് “

“അവർക്ക് ഒരു ബില്ലും കൊടുക്കരുത് എന്ന സർ പറഞ്ഞത്..എന്റെ സംശയം സർ ആ കൊച്ചിനെ പഠിപ്പിക്കുമോ എന്നാണ്. അത് മെഡിക്കൽ അഡ്മിഷൻ കിട്ടിയ കുട്ടിയാണ്. ഇവിടെ പഠിക്കാൻ വരുന്നൊന്ന് ചോദിക്കുന്നത് കേട്ടെന്ന് നേഴ്സ് വിദ്യ പറഞ്ഞു “

“എന്റെ ദൈവമേ…എടോ ഒരു കോടി ക്ലീൻ ആയി പോയി കിട്ടും..”

“ആ കൊച്ചു വരില്ലായിരിക്കും.. നല്ല റാങ്ക് ഉള്ള കുട്ടിയാ “

“തുടക്കത്തിൽ തന്നെ ബ്ലോക്ക് ചെയ്തേക്കണം കേട്ടല്ലോ..എങ്ങനെ എങ്കിലും അത് ബ്ലോക്ക് ചെയ്തേക്കണം. ഇല്ലെങ്കിൽ താൻ വേറെ ജോലി അന്വേഷിച്ചോ “

“സർ “

“ആ പൊയ്ക്കോ ” മനോജ്‌ ഇറങ്ങാൻ ഭാവിച്ചു

“എടോ ആ patient നെയിം എന്താ? ഏത് ഫ്ലോർ ആണ്?

“മനു…4th ആണ്.401”

“ഓക്കേ..”

അർജുന്റെ ഉള്ളിൽ ദേഷ്യത്തിന്റെ കടൽ ഇരമ്പിക്കൊണ്ടിരുന്നു

ചാരിറ്റി പോലും…എന്ത് കാര്യത്തിന്? ബുൾ ഷിറ്റ്

ഇതാണ് അർജുൻ. നമ്മുടെ നായകൻ. അല്ല വില്ലൻ…

ഈ കഥയിൽ നായകനും വില്ലനും ഒരാളാണ്. ഈ മുകളിൽ പറഞ്ഞ ആള്

സ്നേഹത്തിന്റെ, മനുഷ്യത്വത്തിന്റെ ഒരു തരി പോലും ഇല്ല ആ ഹൃദയത്തിൽ.

അച്ഛനോടൊഴിച്ച് ലോകത്താരോടും commitment ഇല്ല അർജുന്‌.

അച്ഛനോടും ദേഷ്യം വന്നാൽ അവൻ മുഖം നോക്കാതെ പറഞ്ഞു കളയും

അതിനവന് മടിയൊന്നുമില്ല. ഇരുപത്തിയഞ്ച് വയസ്സിൽ വലിയൊരു സാമ്രാജ്യം തന്നെ ഉണ്ടാക്കിയെടുത്തതിന് പിന്നിൽ അവന്റെ ആ മനസ്സാണ്

ഒന്നിനോടും വിട്ടു വീഴ്ചയില്ലാത്ത, ഒന്നിലും അലിയാത്ത, ആർദ്രത എന്തെന്നു പോലുമറിയാത്ത ആ മനസ്

ഡോക്ടർ അനുപമയുടെ കുടുംബത്തിന്റെതായിരുന്നു മാധവം മെഡിക്കൽ കോളേജ്. ഡോക്ടർ ജയറാം അവരെ വിവാഹം കഴിച്ചതിനു ശേഷം അതിന്റെ പേരും പ്രശസ്തിയും പെട്ടെന്ന് വർദ്ധിച്ചു. ഡോക്ടർ ജയറാം സമ്പന്നനാണ്. അച്ഛൻ ബിസിനസ്കാരനായ വൈശാഖൻ, അമ്മ ഡോക്ടർ. രണ്ടു പേരും ചെന്നൈയിൽ ആണ്

അച്ഛന് പ്രായമായപ്പോൾ അച്ഛൻ ബിസിനസ് നോക്കി നടത്താൻ ഏൽപ്പിച്ചത് ജയറാമിനെയല്ല മറിച്ചു അർജുനെയാണ്. അവന്റെ കയ്യിൽ അത് ഭദ്രമായിരിക്കും എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. ജയറാമിന് കൊടുത്താൽ അത് തട്ടി തൂവി പോകുമെന്നും

അർജുൻ ബിസിനസ് പഠിച്ചിട്ടില്ല. സത്യത്തിൽ അവന്റെ അക്കാഡമിക് വിദ്യാഭ്യാസം വെറും പത്താം ക്ലാസ്സ്‌ മാത്രം ആണ്. അക്കാദമിക്ക് വിദ്യാഭ്യാസം നേടിയ ഒരാളുടെ അറിവിനെക്കാളും വലുതാണ് അവൻ ആർജ്ജിച്ചെടുത്ത അറിവുകൾ. പക്ഷെ വിദ്യാഭ്യാസത്തിന്റെ ആ കുറവ് ചിലപ്പോൾ എങ്കിലും അവന്റെ സംഭാഷണങ്ങളിൽ കയറി വരും. ലോകത്തിലെ പാവങ്ങളെ മുഴുവൻ പുച്ഛത്തോടെ നോക്കി കാണുന്ന ഒരുവന് എന്ത് കഴിവ് ഉണ്ടായിട്ട് എന്ത് കാര്യം?

അത് കൊണ്ട് തന്നെ സമ്പന്നനാണെങ്കിലും അർജുൻ ഒരു വട്ട പൂജ്യമാണ്. ഏത് ബന്ധത്തെയും ബിസിനസ് മാത്രം ആയി കാണുന്ന ഒരുവൻ

തനിക് നേരേ ഉയരുന്ന എന്തിനെയും വേരോടെ പിഴുതു കളയാൻ മടിയില്ലാത്ത ഒരുവൻ

അടുത്ത സുഹൃത്തായ ദീപകിനോട് പോലും ആത്മാർത്ഥതയില്ലാത്ത ഒരുവൻ. സ്ത്രീകളോട് ശാരീരിക ബന്ധത്തിനപ്പുറം ഒരു തരത്തിലുള്ള ബന്ധം സ്ഥാപിക്കാത്ത ഒരുവൻ

പെണ്ണിന് മൂല്യമില്ലന്ന് കരുതുന്ന ഒരുവൻ

അതാണ് അർജുൻ. നെഗറ്റീവ് ആയ ഒരാൾ. പൂർണമായും നെഗറ്റീവ് ആയ ഒരാൾ.

അവനാണ് ഈ കഥയുടെ നായകൻ

അവനാണ് വില്ലൻ…

തുടരും…

NB: A coronary artery bypass graft (CABG) is a surgical procedure used to treat coronary heart disease. It diverts blood around narrowed or clogged parts of the major arteries to improve blood flow and oxygen supply to the heart.