ധ്രുവം, അധ്യായം 04 – എഴുത്ത്: അമ്മു സന്തോഷ്

സി സി ടി വി ദൃശ്യങ്ങൾ നോക്കിയിരിക്കുകയാണ് അർജുൻ. ഓരോ ഫ്ളോറും അവൻ ചെക്ക് ചെയ്യുന്നുണ്ട്. നാലാമത്തെ ഫ്ലോറിൽ വന്നപ്പോൾ അവൻ പോസ് ചെയ്തു

റൂം നമ്പർ 401

റൂമിന്റെ വെളിയിൽ ഒരു പെൺകുട്ടി നിൽക്കുന്നുണ്ട്. കൂടെ അച്ഛനും. കൊച്ച് പെൺകുട്ടിയാണ്. ജസ്റ്റ്‌ സ്കൂൾ കഴിഞ്ഞിട്ടേയുള്ളു എന്ന് അച്ഛൻ പറഞ്ഞത് അവൻ ഓർത്തു. അവന് ദേഷ്യം അരിച്ചു വരുന്നുണ്ടായിരുന്നു

അച്ഛൻ എന്തിനാണ് ഇത്തരം അലവലാതികളോട് സംസാരിക്കുന്നത്?

അച്ഛൻ അവളുടെ തോളിൽ സ്നേഹത്തോടെ പിടിക്കുന്നത് കണ്ടു അവൻ അത് ഓഫ്‌ ചെയ്തു

ആ പെണ്ണിന്റെ പേര് എന്തായിരുന്നു?

അവൻ ഓർക്കാൻ ശ്രമിച്ചു

കൃഷ്ണ

അവൾ എന്തിനാണ് അച്ഛനോട് ഇത്രയും അടുക്കുന്നത്?

അവന്റെ മുഖം ഇരുണ്ടു. അർജുന്‌ അത് ഇഷ്ടമല്ല. പണ്ടേ തന്നെ ഇഷ്ടമല്ല. അച്ഛന്റെ കാര്യത്തിൽ അവൻ സ്വാർത്ഥതയുള്ളവനാണ്

അച്ഛൻ അവന്റെ മാത്രമാണ് എന്ന് ചിന്തിക്കുന്നവൻ

അവൻ കാറിന്റെ കീ എടുത്തു പുറത്തേക്ക് പോയി. കാർ ഓടിക്കുമ്പോഴും ആ കാലുഷ്യമുണ്ടായിരുന്നു

സുഹൃത്ത് ദീപക്കിന്റെ ഫ്ലാറ്റ്

“ഹായ് അർജുൻ “

കാളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് നീരജയാണ് ദീപക്കിന്റെ ഭാര്യ. അവൻ ഒന്ന് ചിരിച്ചു എന്ന് വരുത്തി

ടീവി കാണുകയായിരുന്നു ദീപക്

“അർജുന്‌ കുടിക്കാൻ എന്താ?” നീരജ ചോദിച്ചു

“something hot ” അവൻ പറഞ്ഞു

“ടീവി നിർത്തെടാ കോപ്പേ ” റിമോട്ട് എടുത്തു ടീവി ഓഫ്‌ ആക്കി അർജുൻ

ദീപക് അവന്റെ മുഖത്തേക്ക് നോക്കി. പിന്നെ മുറി ഒന്ന് നോക്കി

“എന്താടാ?”

“അല്ല ഇത് എന്റെ വീടാണോ നിന്റെ വീടാണോ എന്ന് നോക്കിയതാ “

അർജുൻ എഴുന്നേറ്റു

“എന്റെ പോന്നോ സിംഹം ഇന്ന് ചൂടിലാണല്ലോ. അവിടെ ഇരിക്ക് എന്റെ.. മോനെ..എന്താ കാര്യം?”
ദീപക് അവനെ പിടിച്ചിരുത്തി

“ഒന്നുല്ല “

അവൻ നീരജ കൊണ്ട് വന്ന വോ- ഡ്ക ഒറ്റ വലിക്ക് കുടിച്ചു തീർത്തു. ഒന്ന് കൂടെ എന്ന് ആംഗ്യം കാണിച്ചു

ദീപക് അവനെ പഠിക്കുകയായിരുന്നു. ആള് ഡിസ്റ്റർബ്ഡ് ആണ്

“എന്താ അർജുൻ?”

“ഒരു പത്തു ലക്ഷം പോയിക്കിട്ടി “

അവൻ ഒരു സി- ഗരറ്റ് എടുത്തു ചുണ്ടിൽ വെച്ചു കത്തിച്ചു. പിന്നെ നീരജ കൊണ്ട് വെച്ച ഗ്ലാസ്‌ ചുണ്ടോട് ചേർത്ത് ഒരിറക്ക് കുടിച്ചു

“ഇതിന്റെ ബോട്ടിൽ ഇവിടെ കൊണ്ട് വെച്ചിട്ട് നീരജ മുറിയിൽ പൊയ്ക്കോ “

അവൻ പെട്ടെന്ന് പറഞ്ഞപ്പോൾ അവൾ തെല്ല് വിളറി. പൊതുവെ അർജുൻ അങ്ങനെ തന്നെയാണ്. ദീപകിനോട് പരാതി പറഞ്ഞിട്ട് കാര്യമൊന്നുമില്ല. അർജുൻ എന്ന് വെച്ചാ ഭ്രാന്ത് ആണവന്. അർജുന്‌ വേണ്ടി വേണേൽ തന്നെ ഉപേക്ഷിച്ചു കളയും അവൻ.

ഒരിക്കൽ ചോദിച്ചു പോയിട്ടുണ്ട്

“നിങ്ങൾ തമ്മിൽ വേറെ റിലേഷൻ വല്ലോമാണോന്ന്.

മുഖം അടച്ചു ഒരടിയായിരുന്നു ഉത്തരം. അന്ന് നടന്നേനെ ഡിവോഴ്സ്. പിന്നെ മാപ്പ് ചോദിച്ചു കാല് പിടിച്ചു

കുറേനാൾ സംസാരിച്ചിട്ടില്ല ദീപു. പിന്നെ എപ്പോഴോ മാറി. വിചാരിച്ചു പോയിട്ടുണ്ട് ഇത്ര മാത്രം എന്താണ് അർജുനിൽ

ഒന്നിച്ചു സ്കൂൾ കാലം മുതൽ ഉള്ളവരാണ്. അത്രേ അറിയൂ. ദീപു കാണിക്കുന്ന സ്നേഹം അർജുന്‌ തിരിച്ചു ഇങ്ങോട്ട് ഇല്ല. അത് അവൾക്ക് അറിയാം. പറഞ്ഞിട്ടുമുണ്ട്. അപ്പൊ ദീപു പറയും

അവൻ എന്നെ സ്നേഹിക്കണമെന്ന് എനിക്ക് ഒരു നിർബന്ധവുമില്ലന്ന്

ഭ്രാന്ത് അല്ലെ അത്?

എന്നെങ്കിലും ദീപുവിന് മനസിലാകുമവനെ. നേരിട്ട് മനസിലാകട്ടെ. അതാണ് നല്ലത്

“എടാ എന്റെ പത്തു ലക്ഷം പോയി “

“ആര് കൊണ്ട് പോയി?”

“എന്റെ അച്ഛൻ “

അവൻ സി- ഗരറ്റ് ഊതി പുക വിട്ടു

“നിന്റെ അച്ഛൻ അല്ലെ സാരമില്ല “

“എടാ എന്റെ അച്ഛൻ ഒരു പെങ്കൊച്ചിനെ സഹായിച്ചതാ “

“പത്തു ലക്ഷമോ..പെണ്ണിനോ നിന്റെ അച്ഛനോ.?”

ആ വാചകത്തിലെ ദ്വായാർത്ഥം മനസിലാക്കിയപ്പോൾ അവനിട്ടു ഒന്ന് കൊടുത്തു അർജുൻ

“പിന്നെ എങ്ങനെ പോയി?” അർജുൻ കാര്യങ്ങൾ ചുരുക്കി പറഞ്ഞു

“നിന്റെ അച്ഛൻ എന്തോന്ന് മദർ തെരേസയുടെ ആൺവേർഷൻ ആണോ.? നീ കമ്പനി പൂട്ടിക്കെട്ടേണ്ടി വരോ?”

“ഞാൻ കുറച്ചു സമാധാനത്തിന് ആണ് വന്നത്. അത് തരുവോ അതോ എണ്ണ ഒഴിക്കുന്ന സ്ഥിരം പരിപാടി തന്നെ നടത്താനാണോ ഉദ്ദേശം?”

“ആളി കത്തുന്ന തീയിൽ എണ്ണ ഒഴിക്കുന്ന. പ്രോഗ്രാം അല്ലെ? നിന്നോട് ഞാൻ അങ്ങനെ ചെയ്യുവോ? അത് പോയില്ലേ.. ഇനി ഇപ്പൊ എന്നാ ചെയ്യാനാ?”

“അച്ഛന് ആ കൊച്ചിനെ വലിയ കാര്യമാണെന്നാ തോന്നുന്നേ..പതിവില്ലാതെ വാത്സല്യം ഒക്കെ ഒഴുകുന്നുണ്ട് ആ പെണ്ണിന്റെ കാര്യം പറയുമ്പോൾ..”

“കുശുമ്പ് എന്ന് ഒറ്റ വാക്കിൽ പറഞ്ഞ കൊയപ്പം ഉണ്ടൊ?”

“ഡാ അതെന്റെ അച്ഛനാന്ന്. അവളാരാ? ഏതോ അലവലാതി ദാരിദ്രവാസി…”

“ശ്ശെടാ..അതിനിപ്പോ എന്തോ ചെയ്യാനാ. അതിരിക്കട്ടെ കൊച്ച് എങ്ങനെ?”

“ങ്ങേ?”

“നീ അവളെ കണ്ടോ കൊള്ളാമോ?”

ഒറ്റ ചവിട്ട് കൊടുത്തു അർജുൻ

“ഹോ എന്റെ ദൈവമേ..ഇവന്റെ കൈ കൊണ്ട് തീരാനായിരിക്കും എന്റെ വിധി. എടാ ഞാൻ ദുരർത്ഥത്തിൽ ചോദിച്ചതല്ല. ” അർജുൻ പൊട്ടിച്ചിരിച്ചു പോയി

എടാ അത് ഒരു ലോക്കൽ പെണ്ണാണ്. അച്ഛന് എന്നെ നന്നായി അറിയാം “

“എങ്ങനെ? എങ്ങനെ?എടാ നീ സിനിമയിൽ കണ്ടിട്ടില്ലേ പാവപ്പെട്ട നായിക പണക്കാരൻ നായകൻ അച്ഛനിനി അങ്ങനെ വല്ല ആലോചന?”

“ഞാൻ കല്യാണം കഴിക്കുന്നത് പോലും ബിസിനസ് നോക്കിയായിരിക്കും ദീപു. എന്റെ ബിസിനസ് ഡെവലപ്പ് ചെയ്യാൻ പറ്റുന്ന ഒരു ബന്ധം മാത്രേ ഞാൻ നോക്കു. അത് അച്ഛന് അറിയാം “

“അപ്പൊ സ്വപ്നം കാണുന്ന ചില അവളുമാർ ഒക്കെ?”

“പേയ്‌മെന്റ് സെറ്റിൽ ചെയ്യാതെ ഒരു പെണ്ണിനേം വീട്ടിട്ടില്ല അർജുൻ. സ്വപ്നം,പ്രേമം കോപ്പ്..ഒരിക്കൽ അതിലൂടെ പോയി കഴിഞ്ഞ മനസിലാകും പ്രേമം പോലെ വലിയ ഒരു നുണ ഇല്ലെന്ന് “

ദീപു അവന്റെ കയ്യിൽ ഒന്ന് കൈ വെച്ചു

അർജുൻ എന്തോ ചിന്തിച്ചിരുന്നു

“എടാ അത് കള..നീ ഇനി എന്നാ തായ്‌ലൻഡ് പോകുന്നത്?”

അർജുൻ നീരജയുടെ മുറിയുടെ ഭാഗത്തേക്ക്‌ നോക്കി

“പറ “

“ചിലപ്പോൾ നെക്സ്റ്റ് മന്ത് “

“ഞാനും വരും “

“ഇത്ര പെട്ടെന്ന് അവളെ മടുത്തോ? കല്യാണം കഴിഞ്ഞ് ഒരു ആറ് മാസം പോലുമായില്ലല്ലോ “

“ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ മടുത്തു. ഹോ മനുഷ്യൻ എങ്ങനെയാട ലൈഫിൽ ഒന്നിനെ മാത്രം വെച്ചോണ്ടിരിക്കുന്നെ “

“ആ. ആർക്കറിയാം. എന്നെ കൊണ്ട് പറ്റില്ല അത് കൊണ്ടാണ് ഞാൻ ഇപ്പൊ കെട്ടാത്തത്..”

ദീപു അവന്റെ ചുണ്ടിൽ നിന്ന് സി- ഗരറ്റ് എടുത്തവന്റെ ചുണ്ടിൽ വെച്ചു

“ഇത് തന്നെ വേണം അല്ലെ? പുതിയ ഒന്ന് എടുത്തു വലിച്ചൂടെ?”

“നിന്റെ ബാക്കിയല്ലേ കശ്മലാ എനിക്ക് ഇഷ്ടം?ഊം “

അവന്റെ മുഖത്തെ ശൃംഗാരഭാവം കണ്ട് അർജുനൻ ചിരിച്ചു

“പോടാ കോപ്പേ “

“എന്റെ കെട്ടിയോൾക്ക് സംശയം നമ്മൾ തമ്മിൽ എന്തോ ഉണ്ടെന്നാ”

“എന്ത്?”

“സ്വവർഗം സ്വവർഗം..”

അവൻ ഒറ്റ കണ്ണിറുക്കി

“നീ എന്നെ നാറ്റിക്കുമോ ദീപു…ഞാൻ പോവാ “

“എടാ വെള്ളമടിച്ചു വണ്ടി ഓടിച്ചാൽ പോലീസ് പിടിക്കും “

“ഫൈൻ അടച്ച പോരെ? തൂക്കി കൊ- ല്ലുകയൊന്നുമില്ലല്ലോ “

അവൻ കുപ്പിയിലിരുന്നത് ഒറ്റ വലിക്ക് കുടിച്ചു തീർത്തു

“കരളു വാടി പോകും ചെറുക്കാ “

“അങ്ങനെ വാടി പോയ നീ എനിക്ക് തരികേലെ കരള്…ഉം?”

അർജുൻ അവന്റെ തോളിൽ ഒന്ന് തട്ടി പിന്നെ വാതിൽ കടന്നു പോയി. ദീപു അൽപനേരം ആ പോക്ക് നോക്കിയിരുന്നു

ഓർമ്മ വെച്ച കാലം മുതൽ ഒപ്പം ഉള്ളവനാണ്. അർജുന്‌ തന്നോട് സ്നേഹം ഇല്ല എന്ന് നീരജ പറയുമ്പോ അവളെ കൊ- ല്ലാൻ തോന്നാറുണ്ട്. അവന് സ്നേഹം ഉണ്ട്. പ്രകടിപ്പിക്കാൻ അറിയില്ല. അല്ലെങ്കിൽ വഴക്കിലൂടെ ആണ് അത് പ്രകടിപ്പിക്കുക

അവനെ തനിക്ക് അറിയാവുന്ന പോലെ ആർക്ക് അറിയാം?

അർജുൻ സ്വന്തം ഫ്ലാറ്റിൽ എത്തി

ഉറങ്ങിയിട്ട് ശരിക്കും ഉറങ്ങിയിട്ട് ഒരാഴ്ച ആയി. അവന്റെ കണ്ണുകൾ അടഞ്ഞു

ഹോസ്പിറ്റൽ

മനുവിന് സന്ദർശകരെ അനുവദിക്കുന്നില്ലായിരുന്നു. എന്നിട്ടും ഒരു പാട് പേര് അവനെ കാണാൻ വരുന്നുണ്ടായിരുന്നു. അവരോടൊക്കെ റൂമിനു പുറത്ത് നിൽക്കുന്ന കൃഷ്ണ വിവരങ്ങൾ പറയും

സ്നേഹത്തോടെ നിയന്ത്രണങ്ങളെ കുറിച്ച് പറഞ്ഞു മനസിലാക്കും

ഗൗരി അടുത്തു തന്നെ ഉണ്ടായിരുന്നു. അച്ഛനും അമ്മയും ജോലിക്ക് പൊയ്ക്കൊള്ളാൻ കൃഷ്ണ പറഞ്ഞു. അവർ വെറുതെ അവിടെ ഇരുന്നിട്ട് ഒന്നും ചെയ്യാനില്ല

ഹോസ്പിറ്റലിൽ നിന്നു ഇറങ്ങി കഴിഞ്ഞു മരുന്നുകൾ വാങ്ങണം നല്ല ഭക്ഷണം കൊടുക്കണം. ചിലവുകൾ ഉണ്ട്. അവൾക്ക് അതൊക്കെ ആലോചിച്ചു നോക്കുമ്പോൾ തന്നെ ടെൻഷൻ ആണ്

ഗൗരി അമ്മാവന്റെ മകൾ തന്നെ ആണ്. അമ്മാവനും വലിയ നല്ല ജോലിയൊന്നുമല്ല. അവർക്ക് ജീവിക്കാൻ ഉള്ളത് കിട്ടുന്നു എന്നേയുള്ളു. അതിൽ നിന്ന് ഒരു പങ്ക് ആശുപത്രിയിൽ എത്തിക്കുന്നുണ്ട്. എന്നാലും ചിലവുണ്ട്

മനു ഇടക്ക് അത് വിഷമത്തോടെ പറയും

ഏട്ടന് സുഖമായാൽ എന്ത് ജോലിക്കും ഇനി പോകാമല്ലോ അപ്പൊ എല്ലാം ശരിയാകും എന്ന് അവള് പറഞ്ഞു കൊടുക്കും

അങ്ങനെ രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞു പോയി. ഇന്ന് ഡോക്ടർ അങ്കിളേ കണ്ടില്ലല്ലോ എന്ന് കൃഷ്ണ ഓർത്തു

നാളെ ഡിസ്ചാർജ് ആണെന്നാണ് രണ്ടു ദിവസം മുന്നേ പറഞ്ഞത്

വന്നിട്ടുണ്ടോ ആവോ…അവൾ ഡോക്ടറുടെ മുറി ലക്ഷ്യമാക്കി നടന്നു

അർജുൻ അച്ഛന് പുതിയ ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമ്മാരുടെ കാര്യങ്ങൾ വ്യക്തമാക്കുകയായിരുന്നു

“അച്ഛാ ആക്ച്വലി നമ്മുടെ ഷെയർ ഹോൾഡേഴ്‌സ് ഇവരൊക്കെയാണ്. ഒരു ഡോക്ടർ സമ്പത്ത്. പിന്നെ ഡോക്ടർ രുദ്ര. പിന്നെ മാത്യു. അദ്ദേഹം ഡോക്ടർ അല്ല. ബിസിനസ് മാൻ. മേജർ ഷെയർ എന്റെയാണ്. 60%. ബാക്കി 20 ഡോക്ടർ രുദ്ര. 10dr സമ്പത് പിന്നെ…”

“ഡോക്ടർ അങ്കിൾ..”

ഒരു നേർത്ത വിളിയൊച്ച

അർജുൻ തിരിഞ്ഞു

വാതിൽക്കൽ അവൾ

“ആഹാ കൃഷ്ണ..മോള് വാ “

അർജുന്റെ മുഖം ഇരുണ്ടു

“അർജുൻ ഞാൻ പറഞ്ഞിട്ടില്ലേ കൃഷ്ണ…മോളെ ഇത് എന്റെ മോനാണ് അർജുൻ “

കൃഷ്ണ വിനയത്തോടെ കൈകൂപ്പി

“ഒരു റൂമിലോട്ട് കയറി വരുമ്പോൾ അനുവാദം ചോദിക്കണമെന്ന് അറിയില്ലേ? അച്ഛൻ എന്താ നിന്റെ കളിക്കുട്ടിയാണോ?”

പെട്ടന്നായിരുന്നു പൊട്ടിത്തെറി

കൃഷ്ണ നടുങ്ങി പോയി. ഒരു സിംഹം ഗർജിക്കുന്നു. കണ്ണിൽ ഒരു പുഴുവിനെ കാണുമ്പോൾ ഉള്ള അറപ്പ്

കൃഷ്ണ ദയനീയമായി ഡോക്ടറെ നോക്കി

“അർജുൻ..”

അദ്ദേഹം തെല്ല് ശാസനയോടെ വിളിച്ചു

“മോള് പറ എന്താ വന്നത്?”

“നാളെ ഡിസ്ചാർജ് ആണെന്ന് പറഞ്ഞു നഴ്സ്. ഇന്ന് വന്നില്ലല്ലോ എന്താ വരാഞ്ഞത്?”

“ഡോക്ടർ നവ്യ വന്നില്ലേ?”

“ഉവ്വ് “

“അത് മതിയല്ലോ ഇപ്പൊ എല്ലാം ശരിയായില്ലേ? “

അവൾ തലയാട്ടി

“അങ്കിൾ വരാം ട്ടോ..വീട്ടിൽ പോകും മുന്നേ വരാം. മോള് പൊയ്ക്കോ “

അവൾ അർജുനെ ഒന്ന് നോക്കി

“സോറി. ഞാൻ കരുതി ഡോക്ടർ ഒറ്റയ്ക്ക് ആണെന്ന് “

“ഒറ്റയ്ക്ക് ആണെങ്കിലും അനുവാദം വേണം. അല്ലാതെ ഓടിയിങ്ങോട്ട് കേറുകയല്ല വേണ്ടത്. മേലിൽ ആവർത്തിക്കരുത് കേട്ടല്ലോ “

കൃഷ്ണയുടെ കണ്ണ് നിറഞ്ഞു

അവൾ ഇറങ്ങി

“എന്താ അർജുൻ ഇത്? ഒരു കൊച്ച് കുട്ടിയല്ലേ അത്? പാവം സങ്കടം ആയിക്കാണും. ഇങ്ങനെ ആണോ പെരുമാറേണ്ടത്?”

“അച്ഛൻ ഇങ്ങനെ അന്യർക്ക് സ്വാതന്ത്ര്യം കൊടുക്കരുത്. ആരാണ് മുതലെടുക്കുക എന്ന് എങ്ങനെ അറിയാം? എത്രയോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് “

ഡോക്ടർ ജയറാം നിശബ്ദനായി

തന്റെ ഈ മനസ് കാരണം നിരവധി അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒരു പാട് പേര് കബളിപ്പിച്ചിട്ടുണ്ട്. പക്ഷെ കൃഷ്ണ അങ്ങനെ അല്ല എന്ന് തനിക്ക് അറിയാം

അർജുന്‌ അത് മനസിലാക്കി കൊടുക്കാൻ തനിക്ക് കഴിയില്ല എന്ന് മാത്രം

കൃഷ്ണ ക്യാന്റീനിൽ പോയിരുന്നു. ഒരു ചായ കുടിക്കാം. ഉച്ചക്ക് ഒന്നും കഴിച്ചില്ല

ഏട്ടന് വാങ്ങി കൊടുത്തു. താൻ അവിടെ ഇരുന്നു കഴിച്ചു എന്ന് ഒരു കള്ളം പറഞ്ഞു

കാശ് തികഞ്ഞില്ല. ഏട്ടന് ഒരു പൊതി ചോറ് മേടിച്ചപ്പോൾ അതിൽ നിന്ന് ഒരു ഭാഗം ഗൗരി ചേച്ചയും കഴിച്ചു

താൻ പറയാനും പോയില്ല. വിശപ്പും ക്ഷീണവും ഉണ്ട്. പത്തു രൂപ ഉണ്ട്

അവൾ ഒരു കസേരയിൽ ഇരുന്നു

“മോളെ എന്നാ ഡിസ്ചാർജ് ” അനി ചേട്ടൻ

അവൾ പുഞ്ചിരിച്ചു

“മറ്റന്നാൾ “

“ഇന്ന ചായ കുടിക്ക്. ഒരു പരിപ്പ് വട തരട്ടെ “

“വേണ്ട”

അവൾ താഴ്ന്ന് പോയ സ്വരത്തിൽ പറഞ്ഞു. അവളുടെ കണ്ണുകളിലെ ക്ഷീണം, വിശപ്പ് ഒക്കെ ആ മനുഷ്യന് മനസിലാകുന്നുണ്ടായിരുന്നു

മക്കളുള്ളവർക്ക് മനസ്സും മനസാക്ഷിയുമുള്ള വർക്ക് പ്രത്യേക കണ്ണുകളാണ്. അപരന്റെ വിഷമം മനസിലാക്കാൻ കഴിയുന്ന കണ്ണുകൾ. ദൈവം അവർക്ക് മാത്രം കൊടുത്തതാണ് അത്

അയാൾ അകത്തേക്ക് പോയി

“എന്നാ പിന്നെ ദോശ കഴിക്ക് “

“ഉയ്യോ വേണ്ട. ഒരു ചായ മാത്രം മതി “

“മോളിതിനു കാശ് ഒന്നും തരേണ്ട. വയറ് നിറച്ച് കഴിച്ചോ “

അയാൾ പുഞ്ചിരി യോടെ നടന്ന് പോയി. അവൾക്ക് നല്ല വിശപ്പുണ്ടായിരുന്നു. അവൾ ആർത്തിയോടെ അത് തിന്നു തുടങ്ങി. ചില നേരങ്ങളിൽ മാനാഭിമാനങ്ങൾ കാറ്റിൽ പറക്കും വിശപ്പിന്റെ മുന്നിൽ

അത് അങ്ങനെ ഒരു നേരമായിരുന്നു

തുടരും….