ധ്രുവം, അധ്യായം 10 – എഴുത്ത്: അമ്മു സന്തോഷ്

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു മനുവിനെ. പിറ്റേന്ന് തന്നെ കൃഷ്ണ കുറച്ചു ദിവസം മുടങ്ങി കിടന്ന വീട്ട് ജോലികൾ ആരംഭിച്ചു.

ആദ്യമായി ധന്യയുടെ വീടാണ്

“ഏട്ടന് എങ്ങനെ ഉണ്ട് മോളെ?”

അടുക്കളയിലെ പാത്രങ്ങൾ ഒക്കെ കഴുകി വെയ്ക്കുകയായൊരുന്നു കൃഷ്ണ. ധന്യ അടുത്ത് വന്നു നിന്നു

“കുറഞ്ഞു. ഞാൻ രണ്ടു മൂന്ന് ദിവസം വരാഞ്ഞത് കൊണ്ട് ബുദ്ധിമുട്ട് ആയി അല്ലെ?”

അവൾ ചൂലെടുത്തു തൂത്തു തുടങ്ങി. ധന്യയുടെ ഭർത്താവ് ഗൾഫിൽ ആണ്. കിടപ്പിലായ അമ്മായിയമ്മയെ നോക്കണം. ഒരു കുഞ്ഞുണ്ട്. നാലു വയസ്സ്. അതിന്റെ കാര്യങ്ങൾ നോക്കണം. അതിനിടയിൽ സ്വന്തം വീട്ടിലോട്ട് ഓടണം. അച്ഛൻ മാത്രേയുള്ളു വീട്ടിൽ. അവിടെ ആഹാരം വേച്ചു കൊടുത്തിട്ടാണ് അവൾ വരിക.

കൃഷ്ണ ചെല്ലുന്നത് വലിയ ആശ്വാസമാണ് അവൾക്ക്

“ഡിസ്ചാർജ് ആയോ?”

“ആയി ചേച്ചി “

അവൾ സംസാരം അധികം നീട്ടി കൊണ്ട് പോകാതെ ജോലികൾ ചെയ്തു കൊണ്ടിരുന്നു. സംസാരിച്ചു കൊണ്ടിരിക്കുന്നവർക്ക് അത് സുഖമാണ് ജോലി ചെയ്യുന്നവർക്ക് അത് ബുദ്ധിമുട്ടും

അവൾ നിലം തുടച്ചു

“സാവിത്രിയമ്മേ..സുഖമാണോ?”

അവൾ കിടക്കുകയായിരുന്ന സാവിത്രിയുടെ അരികിൽ ചെന്നു

“കൃഷ്ണമോള് വന്നോ. ശബ്ദം കേട്ടപ്പോ ഞാൻ ഓർത്തു. ആങ്ങളക്ക് എങ്ങനെ ഉണ്ട് കുഞ്ഞേ?”

“ചെക്കപ്പിന് പോയതാ കുഴപ്പം ഒന്നുമില്ല”

അവൾ ഉറക്കെ പറഞ്ഞു. ആയമ്മയ്ക്ക് ചെവി പതുക്കെയാണ്

“അവളുണ്ടോ അവിടെ ആ ധന്യ?” കൃഷ്ണക്ക് ചിരി വന്നു

ഏതോ പരദൂഷണം പറയാനുള്ള മൂഡിലാണ് കക്ഷി. ഉണ്ടല്ലോ എന്നവൾ മറുപടി പറഞ്ഞു

“അവൾക്ക് അവളുടെ അച്ഛനെ നോക്കണമെന്നേ ഉള്ളു. ചോറും കറിയും വെച്ച് അങ്ങോട്ട് കൊടുക്കണം. എനിക്ക് നേരത്തിനു തരണം എന്നാ ചിന്തയില്ല. എന്റെ മോൻ ആണെങ്കിൽ ഇവള് പറയുന്നതിനപ്പുറം ങ്ങേ ഹേ “

കൃഷ്ണ വാ പൊത്തി വാതിൽക്കൽ നിൽക്കുന്ന ധന്യയെ നോക്കി. അവൾ കൊള്ളാം കൊള്ളാം എന്ന് ഒരു ആംഗ്യം കാണിച്ചു. അവരുടെ മുറി തൂത്തു തുടച്ചു കൃഷ്ണ

“ഇന്നുച്ചയ്ക്ക് എന്താ മോളെ?”

“ചൂരക്കറിയുണ്ട് തോരനും “

“വറുത്തതൊന്നുമില്ലേ?”

“കോളെസ്ട്രോൾ ഇല്ലേ? അത് കഴിക്കണ്ട “

അവൾ ഉറക്കെ പറഞ്ഞു

“അവള് അവളുടെ അച്ഛന് കൊടുക്കാൻ വേണ്ടി പറഞ്ഞുണ്ടാക്കുന്നതാ എനിക്ക് കോളെസ്ട്രോൾ ഉണ്ടെന്ന്. എനിക്ക് ഒരു അസുഖവും ഇല്ല. ഒന്ന് വീണു പോയി. അത് കൊണ്ടാണ് അല്ലെങ്കിൽ ഞാൻ അവളെ കാണിച്ചു കൊടുത്തേനെ “

കൃഷ്ണ വേഗം മുറിയിൽ നിന്ന് പോരുന്നു

“എന്റെ ധന്യ ചേച്ചി എങ്ങനെ സഹിക്കുന്നു ഈ സാധനത്തിനെ..ഞാൻ വല്ലോം ആയിരിക്കണം “

“അതേയ് പ്രേമിക്കുമ്പോൾ കണ്ണ് കാണത്തില്ല. അങ്ങേരെ മാത്രേ കാണു. ഇങ്ങനെ ഉള്ള സാധനങ്ങൾ വീട്ടിൽ ഉണ്ടെന്ന് അറിയുക കൂടിയില്ല. കല്യാണത്തിന് ഫ്രീ ആയിട്ട് കിട്ടുന്ന സ്ഥാവരജംഗമ വസ്തുക്കളാ ഇതൊക്കെ. പ്രേമം കുറച്ചു കഴിഞ്ഞു തണുക്കും. അപ്പോഴാ ഇത് ചൂടാവുന്നെ. പിന്നെ അങ്ങോട്ട് ഇവരുടെ ഒരു വിളയാട്ടമ്മാ. ഇങ്ങനെ കിടക്കുന്ന കൊണ്ട് ഞാൻ രക്ഷപെട്ടു. അല്ലെങ്കിൽ ഞാനും എന്റെ കെട്ടിയോനും രണ്ടു പാത്രത്തിലേയേനെ “

“സമ്മതിച്ചു..”

കൃഷ്ണ പറഞ്ഞു പോയി

പിന്നെ അവൾ അലക്കാനുള്ള തുണികൾ വാഷിംഗ്‌ മഷിനിലിട്ട് നല്ലത് പെറുക്കിയെടുത്തു അലക്കു കല്ലിനരികിലേക്ക് പോയി

ധന്യ വന്നു പടിയിൽ ഇരുന്നു

“സത്യത്തിൽ നീ വരുന്നത് ഒരു ആശ്വാസമാ. കുറച്ചു നേരം മിണ്ടീ പറഞ്ഞുമിരിക്കാം. നീ  ഉള്ളത ഇപ്പൊ ഒരു സമാധാനം “

കൃഷ്ണ ചിരിച്ചു

“മനുവിന് കുഴപ്പം ഒന്നുമില്ലല്ലോ “

“ഇല്ല ചേച്ചി ടെസ്റ്റ്‌ ഒക്കെ നോർമൽ ആണ്. ഹോ അത് ഒരു  ആശ്വാസം. കുറച്ചു ടെൻഷൻ അടിച്ചു. ഒന്നുല്ല ന്ന് ഡോക്ടർ പറഞ്ഞു “

“നിന്റെ ക്ലാസ്സ്‌ കുറച്ചു പോയി അല്ലെ?”

“ആ വേറെയാര് ഉണ്ട്. അമ്മയ്ക്ക് ഒരു ദിവസം പോലും ജോലിക്ക് പോകാതെ പറ്റില്ല. ആ വീട്ടിൽ രണ്ടു കിടപ്പു രോഗികളാ. പിന്നെ അച്ഛൻ നിന്നിട്ട് ഒരു കാര്യോമില്ല പാവത്തിന് ഒന്നുമറിഞ്ഞൂടാ
പേടിയാ ആരോടെങ്കിലും എന്തെങ്കിലും ചോദിക്കാൻ തന്നെ. ഗൗരി ചേച്ചി ഉണ്ട്. പക്ഷെ അത് പോരല്ലോ.”

“അവര് തമ്മിൽ വലിയ ഇഷ്ടമാ അല്ലെ?”

കൃഷ്ണ തലയാട്ടി

“മുറപ്പെണ്ണും മുറച്ചെറുക്കനും ഒക്കെ ഔട്ട്‌ ഓഫ് ഫാഷനായി “

ധന്യ ചിരിച്ചു കൊണ്ട് പറഞ്ഞു

“അത് ഞാനും ഇടക്ക് പറയും. പക്ഷെ കുഞ്ഞിലേ മുതലേ രണ്ടു പേരും വലിയ ഇഷ്ടത്തിലാ. ഇങ്ങനെ ഒരു അസുഖം ഉള്ള ആളായിട്ട് പോലും ചേച്ചി ജീവനെ പോലെയാ സ്നേഹിക്കുന്നെ. അമ്മാവനും അമ്മായിയും അതേ. രണ്ടു പേർക്കും മനുവേട്ടനെ കാര്യമാ “

അവൾ തുണികൾ അയയിൽ വിരിച്ചു

“നീ വല്ലതും കഴിച്ചേച് പോയ മതി കേട്ടോ അടുത്തത് ടീച്ചർടെ വീടല്ലേ “

“അതേ..”

കൃഷ്ണ അകത്തു കയറി

“ചേച്ചി വിളമ്പി താ “

“എന്റെ പൊന്നു കൊച്ചേ ആവശ്യത്തിന് എടുത്തു കഴിക്ക്. നിനക്ക് വേണ്ടി ഞാൻ രണ്ടെണ്ണം വറുത്തു വെച്ചിട്ടുണ്ട് നീ മീൻ കൊതിച്ചിയല്ലേ “

അവൾ പാത്രമെടുത്ത് ചോറ് വിളമ്പി
മരണ വിശപ്പ്. രാവിലെ ഇറങ്ങും മുന്നേ കഴിച്ചിട്ട് പോകാൻ അമ്മ പറഞ്ഞു. നോക്കിയപ്പോൾ കലത്തിന്റെ അടിയിൽ വെള്ളത്തിൽ ഇച്ചിരി ചോറ് കിടപ്പുണ്ട്. അത് അമ്മ കഴിച്ചോട്ടെ എന്ന് വെച്ചു. തനിക്ക് ഇവിടെ നിന്നു കിട്ടും. അവൾ കഴിച്ചു തീർന്ന് പാത്രം കഴുകി

“ഇന്നാ മോളെ.”

രണ്ടായിരം രൂപ. കൃഷ്ണയുടെ കണ്ണ് മിഴിഞ്ഞു

“ഇതിരിക്കട്ടെ കുറച്ചു ചിലവുള്ളതല്ലേ. ശമ്പളത്തിൽ കൂട്ടണ്ട. ആ തള്ള അറിയുകയും വേണ്ട “

“അയ്യോ വേണ്ട ചേച്ചി. ചേട്ടൻ ചോദിക്കില്ലേ ഇതിന്റെ കണക്ക് “

“ഇതെന്റെ അച്ഛൻ തന്നതാ. ആരും കണക്ക് ചോദിച്ചു വരില്ല. അച്ഛനും അമ്മയും തരുന്നതിനു അവർ കണക്ക് വെയ്ക്കില്ലല്ലോ. ബാക്കിയെല്ലാവര്ക്കും കണക്കുണ്ട് എത്ര സ്നേഹിച്ചാലും “

ധന്യയുടെ സ്വരം നേർത്തു

കൃഷ്ണ ആ കയ്യിൽ ഒന്ന് അമർത്തി. പിന്നെ ഇറങ്ങി

അടുത്തത് ബീന ടീച്ചറുടെ വീടാണ്. ടീച്ചർ എന്നും വിളിച്ചു അന്വേഷിക്കും. മുട്ടിനു വേദന ഉള്ളത് കൊണ്ട് ഒത്തിരി നടക്കാൻ വയ്യ. മോൻ ദേവ് ഇവിടെയില്ല താനും

അവൾ ഗേറ്റ് കടന്നു അകത്തേക്ക് ചെല്ലുമ്പോൾ തന്നെ അവർ ഇറങ്ങി വന്നു

“വാ മോളെ..ഞാൻ നോക്കിയിരിക്കികയായിരുന്നു”

കൃഷ്ണ വേഗം ജോലി തുടങ്ങി

“നീ കഴിച്ചോ?”

“ആ ധന്യ ചേച്ചിയുടെ വീട്ടിൽ നിന്ന് കഴിച്ചു “

“അടുത്തത് വത്സലയുടെ വീടല്ലേ?”

“അതേ മൂന്നാല് ദിവസം വരാഞ്ഞത് കൊണ്ടാ ഞാൻ വന്നത്. ശനിയാഴ്ച ക്ലാസ്സില്ലല്ലോ “

“മോള് ഇനി ഈ മൂന്ന് വീട്ടിൽ പോകണ്ട. പഠിക്കാൻ നേരം കിട്ടില്ല “

“അതൊക്ക നടക്കും “

അവൾ ജോലികൾ തുടങ്ങി. അവൾ ഒരു പാഠമാണ്. ബീന ഓർത്തു. ഇല്ലായ്മ പറഞ്ഞു പിൻവാങ്ങുന്നവർക്ക്, ജോലിയില്ല എന്ന് പറഞ്ഞു വിലപിച്ചിരിക്കുന്നവർക്ക്, പഠിക്കാൻ മൊബൈൽ ഇല്ലെങ്കിൽ, നല്ല വസ്ത്രം കിട്ടിയില്ലെങ്കിൽ വീട് വീട്ടിറങ്ങി പോകുന്നവർക്ക് എല്ലാവർക്കും അവൾ ഒരു പാഠമാണ്

കൃഷ്ണ ജോലികൾ വേഗം തീർത്തു

മുറ്റത്തെ കരിയിലകൾ കൂടി അടിച്ച് വൃത്തിയാക്കി. അവൾ വത്സലയുടെ വീട്ടിലേക്ക് നടന്നു. അവിടെ അവർ മാത്രമേയുള്ളു. വലിയ ഒരു വീട്ടിൽ അവർ മാത്രം

ആ വീട് മൊത്തം അടിച്ച് വരുന്നത് നല്ല പണിയാൻ. അത് മാത്രമേ അവൾക്ക് അവിടെ ചെയ്യേണ്ടതുള്ളു. പക്ഷെ അത് കഴിയുമ്പോ അവൾ കിടന്നു പോകും അത്രയ്ക്കുണ്ട് ഏരിയ

“മനുവിന് എങ്ങനെ ഉണ്ട്?”

ഗൗരവക്കാരിയാണ് വത്സല ചേച്ചി

“കുഴപ്പമില്ല വീട്ടിൽ ഉണ്ട് “

“നീ വരാത്തത് കൊണ്ട് ഞാൻ കുറച്ചു ചെയ്തു. ബാക്കി നീ ചെയ്ത മതി “

അവൾ വേഗം ചൂൽ എടുത്തു ജോലി തുടങ്ങി. വത്സല ചേച്ചി കല്യാണമൊന്നും കഴിച്ചിട്ടില്ല. ഏതോ പ്രണയം തകർന്ന സങ്കടം ആണെന്ന് കേട്ടിട്ടുണ്ട്. ആരുമില്ലവർക്ക്. പക്ഷെ പേടിയൊന്നുമില്ല. ജോലി ഉണ്ട് പഞ്ചായത്തിൽ. തന്റേടിയാണ്. ആരും അടുക്കില്ല.

അവൾ എല്ലായിടവും വൃത്തിയാക്കി പോകാൻ ഇറങ്ങി

“കാശ് വല്ലോം വേണോ?”

“വേണ്ട “

“ഇന്ന കുറച്ചു അരിയും സാധനങ്ങളുമാ ഞാൻ മേടിച്ചു വെച്ചതാ നിനക്ക്. അത് കൂടി എടുത്തു കൊണ്ട് പൊയ്ക്കോ. ഒരു മാസത്തേക്ക് ഉള്ളതുണ്ട് “

അവൾക്ക് നന്ദി പറയണമെന്ന് തോന്നി. സത്യത്തിൽ അരി തീർന്നിരുന്നു. വൈകുന്നേരം പറമ്പിൽ നിൽക്കുന്ന കപ്പ പിഴുതു പുഴുങ്ങാം എന്ന് കരുതിയിരിക്കുകയായിരുന്നു

മനുവേട്ടന് എങ്കിലും കുറച്ചു ചോറ് കൊടുക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു

ധന്യ ചേച്ചി തന്നതിൽ നിന്ന് പോകും വഴി അരിയും സാധനങ്ങളും വാങ്ങണം എന്ന് കരുതിയപ്പോ ദേ കൈ നിറയെ കിട്ടി

അവൾ അത് ചുമന്നു നടന്നു

“മോളെവിടെ പോയി?”

സദാശിവൻ മാമൻ. അച്ഛന്റെ കൂട്ടുകാരിലൊരാളാണ്

“ജോലിക്ക് പോയതാ മാമ “

“ഇങ് തന്നെ. ഞാൻ എടുത്തോളാം. നിന്നെ കൊണ്ട് ഇതും പൊക്കി നടക്കാൻ പറ്റുമോ? ഞാൻ ഇത് വീട്ടിൽ കൊടുത്തേക്കാം. നീ പത്മയെ ഒന്ന് കണ്ടിട്ട് പോരെ. അവളുടെ കാൽ ഒന്നുള്ക്കി”

സദാശിവൻ മാമന്റെ വീട്ടിലേക്ക് നടന്ന് അവൾ

“ഇപ്പൊ ഇങ്ങോട്ട് വരികെയില്ല. ഡോക്ടർ ആയപ്പോൾ മറന്നു “

പത്മ ചേച്ചി പരിഭവം പറഞ്ഞു

അവൾ കുറച്ചു മുറിവെണ്ണ എടുത്തു കാലിൽ പുരട്ടി തടവി തുടങ്ങി

“സോപ് ഇടാൻ നിന്നെ കഴിഞ്ഞിട്ടേയുള്ളു “

അവൾ ഒരു കള്ളച്ചിരി ചിരിച്ചു

“കഴുത്തിൽ ഒരു മുക്ക് പണ്ടമെങ്കിലും വാങ്ങിച്ചിട് എന്റെ കൃഷ്ണേ. പെൺപിള്ളേർ ഇങ്ങനെ ഒഴിഞ്ഞ കഴുത്തുമായി നടക്കുന്നത് കാണുമ്പോൾ തന്നെ വല്ലാതെ തോന്നും “

“ഇതിപ്പോ ഫാഷനാ പദ്മേച്ചിയെ..ആരും ശ്രദ്ധിക്കില്ല “

“ഓ പിന്നെ ഫാഷൻ. മോളിതിട്ടോ എനിക്ക് എന്തിന് സ്വർണം? വീട്ടിൽ നിന്ന് വെളിയിൽ ഇറങ്ങാത്ത എനിക്ക് ഇത് കൊണ്ട് എന്ത് ചെയ്യാനാ “

“അത് അവിടെ കിടന്നോട്ടെ സുന്ദരി കോതേ..എനിക്ക് വേണ്ടാട്ടോ..ആവശ്യം വന്ന പണയം വെയ്ക്കാൻ തന്ന മതി “

“നീ എടുത്തോ കൊച്ചേ. മക്കൾ ഇല്ലാത്ത എനിക്ക് എന്തിനാ പൊന്ന്..വല്ലോം വന്നാലും നീ നോക്കിക്കോള്ളുമേന്നെ. അതെനിക്കറിയാം. എന്റെ എല്ലാം നിനക്ക് തന്നെയാ “

“ഓ സുഖിച്ചു. തിരുമ്മിയത് മതിയോ?”

പദ്മ ചിരിച്ചു

“എന്തോ പറഞ്ഞാലും തമാശ.. മനുന് സുഖമാണോ?”

“അതേ “

അവൾ കട്ടിൽ ഒക്കെ വൃത്തിയായി വിരിച്ചിട്ടു. മേശപ്പുറത്ത് ചിതറി കിടന്നതൊക്ക അടുക്കി വെച്ചു. കിണറ്റിൽ നിന്ന് വെള്ളം കോരി പാത്രങ്ങളിൽ നിറച്ചു. ഒന്നും പറഞ്ഞു കൊടുത്തിട്ടല്ല അവൾ ചെയ്യുന്നത്. ഓരോന്ന് കാണുമ്പോൾ ചെയ്യുന്നതാണ്

“രാത്രി രണ്ടു ചപ്പാത്തി ഉണ്ടാക്കി വെയ്ക്കട്ടെ?”

“ഓ നീ കഷ്ടപെടണ്ട. അങ്ങേര് വരുമ്പോൾ തട്ട് ദോശ വാങ്ങി കൊണ്ട് വരും “

“കൊച്ച് ഗള്ളി. രുചി പിടിച്ചു പോയി അല്ലെ?”

“പോടീ “

അവർ അവളെ വാത്സല്യത്തോടെ നോക്കിയിരുന്നു

“മോളിങ് വാ മുടി ഒന്ന് കോതി തരാം “

അവളെ അടുത്ത് പിടിച്ചിരുത്തി മുടിപ്പിന്നൽ അഴിച്ചു വിതർത്തിട്ട് അവർ

അര കവിഞ്ഞു തിരമാല പോലെ കിടക്കുന്ന മുടിയാണ് കൃഷ്ണയുടേത്.

“കണ്ണ് കിട്ടാതിരിക്കാൻ തുളസിയില് വെക്കുന്നുണ്ടോ നിയ്?”

“ഒന്ന് പോയെ ഒരു കണ്ണ് പോലും. അങ്ങനെ ഒരു സാധനം ഇല്ലേ ഇല്ല “

“എന്റെ കൊച്ചേ അതൊക്ക ഉണ്ട്
ഇങ്ങേര് എന്നെ കല്യാണം കഴിച്ചു കൊണ്ട് വരുമ്പോൾ ഇത്രയും മുടിയുണ്ട് എനിക്ക്. ആ ചായക്കടക്കാരി ഏലിയാമ്മ ഒറ്റ പറച്ചിലാ.ഹോ പെണ്ണിനെന്നാ മുടിയാ എന്ന്. അന്ന് കൊഴിഞ്ഞു തുടങ്ങി. ഇപ്പൊ നോക്ക് ഇല്ല. അവളുടെ മുന്നിൽ പോയി പെടണ്ട.”

അവൾ ചിരിച്ചു

അവർ അവളുടെ മുടി നന്നായി കോതി ഇട്ടു കൊടുത്തു. പിന്നെ ആ മുഖം കയ്യിൽ എടുത്തു

“”അമ്പിളിമാമനെ പോലെയാ എന്റെ മോളുടെ മുഖം. കണ്ണെഴുതിയില്ലെങ്കിലും പൊട്ട് വെച്ചില്ലെങ്കിലും എന്തൊരു ചന്തമാ “

കൃഷ്ണ പുഞ്ചിരിച്ചു

“ചെക്കന്മാർ പുറകെ നടക്കുന്നുണ്ടോ കോളേജിൽ?”

“ഇല്ല മുന്നേ നടക്കുന്നുണ്ട് “

അവർ പൊട്ടിച്ചിരിച്ചു

“സൂക്ഷിക്കണം ഒത്തിരി ചതിക്കുഴികൾ കാണും സ്നേഹം കാണിച്ചു മയക്കാൻ ഒത്തിരി പേര് വരും. ഇടറരുത് കേട്ടോ. മിടുക്കിയായി പഠിക്കണം. “

അവൾ ആ കൈയിൽ ചുംബിച്ചു. പിന്നെ മടിയിൽ കിടന്നു

“മസ്സാജ് ചെയ്യു”

“അതെന്തുവാ?”

“തലയിൽ കൂടി ഇങ്ങനെ ഇങ്ങനെ വെയ് “

അവർ ചിരിച്ചു പോയി

പിന്നെ അവൾ പറഞ്ഞത് പോലെ അമർത്തി തടവി

“ക്ലാസ്സിൽ ആരാ ഏറ്റവും അടുത്ത കൂട്ടുകാരി?”

“ദൃശ്യ “

“നല്ല കൊച്ചാണോ?

അവൾ മൂളി

“എന്നാലും മോള് ഒത്തിരി വിശ്വസിക്കരുത്. ആരാ എപ്പോഴാ ചതിക്കുന്നതെന്ന് ആർക്ക് അറിയാം?പെൺപിള്ളേരെയും വിശ്വസിക്കാൻ വയ്യാത്ത കാലമാ. എന്തൊക്കെയാണ് ടീവി യിൽ കാണുന്നത്?, ന്യൂസ്‌ വെയ്ക്കാൻ പേടിയാ. എന്റെ മോള് സൂക്ഷിച്ചു പോയി വരണം കേട്ടോ “

അവൾ മൂളി. കണ്ണുകൾ അടഞ്ഞു പോകുന്നു. നല്ല ക്ഷീണം ഉണ്ട്

അവൾ ഒന്ന് ചരിഞ്ഞു കിടന്നു

പദ്മ നോക്കുമ്പോൾ അവൾ ഉറങ്ങി കഴിഞ്ഞു. അവർ ആ മുഖത്ത് ഒരുമ്മ കൊടുത്തു

സദാശിവൻ എന്തോ പറഞ്ഞു കൊണ്ട് കേറി വന്നപ്പോൾ അവർ ചുണ്ടിൽ വിരൽ വെച്ച് മിണ്ടാതിരിക്കാൻ കാണിച്ചു

കൊച്ച് ഉറങ്ങുവാ…

അയാൾ പതിയെ കാല് ഉയർത്തി വെച്ച് ശബ്ദം കേൾപ്പിക്കാതെ മുറിയിൽ പോയി

അവർ അങ്ങനെ അവൾക്ക് കാവലിരുന്നു, ആ മുഖം നോക്കി

തുടരും…