ധ്രുവം, അധ്യായം 11 – എഴുത്ത്: അമ്മു സന്തോഷ്

“കൃഷ്ണ മോളെ ” ഒരു വിളിയൊച്ച കേട്ട് അവൾ പാത്രം കഴുകി വെച്ചത് നിർത്തി നോക്കി

അമ്മായി. അവൾ തുണിയിൽ കൈ തുടച്ചു

“മനു എവിടെ?”

“മനുവേട്ടൻ കിടക്കുന്നു. അമ്മായി വാ “

അവൾ അവരുടെ കൈ പിടിച്ചു. മനു അവരെ കണ്ട് എഴുന്നേറ്റു

“വയ്യായ്ക ഉണ്ടൊ മോനെ?”

“ഹേയ് ഇല്ല അമ്മായി. വെറുതെ കിടന്നു ന്നേയുള്ളു. ഞായറാഴ്ച അല്ലെ. കടയില്ലല്ലോ “

“ഇന്നാ മോളെ കുറച്ചു പച്ചക്കറി. പറമ്പിൽ ഉണ്ടായതാ “

അവളാ സഞ്ചി കൊണ്ട് അടുക്കളയിൽ വെച്ചു

“ആശുപത്രിയിൽ വരണം ന്നുണ്ടായിരുന്നു. തലകറക്കം ഉള്ളത് കൊണ്ട് ബസിൽ കേറി ഒറ്റയ്ക്ക് പോകാൻ അച്ഛനും മോളും സമ്മതിക്കുകേല
അവരുട കൂടെയോ കൊണ്ട് പോകുകയുമില്ല. ഇപ്പൊ എങ്ങനെയുണ്ട് മനു?

‘ഒന്നുല്ലന്നെ ഒരു ചെക്ക് അപ്പ്. പിന്നെ കുറച്ചു ടെസ്റ്റ്‌. ആ ഡോക്ടർ ഉള്ള കൊണ്ട് കാശ് ഒന്നും അടക്കേണ്ടി വന്നില്ല. അത് ഒരു ഭാഗ്യം. ഇനി അടുത്തവർഷം പോയ മതി കേട്ടോ മോളെ നമുക്ക്. മറ്റുള്ളവരുടെ ഔദാര്യം പറ്റുമ്പോ ഒരു ശ്വാസം മുട്ടലാ “

കൃഷ്ണ ഒന്നും പറഞ്ഞില്ല

അവൾ ചോറ് വാർത്തു. അമ്മായി കൊണ്ട് വന്ന ചീര കഴുകി അരിഞ്ഞു തുടങ്ങി

“അങ്ങനെ ചിന്തിക്കേണ്ട കുഞ്ഞേ. നമുക്ക് ഇപ്പൊ മോശം നേരമാണ് എന്ന് വെച്ചു നല്ല നേരം ഇനി വരാതെയിരുക്കുമോ അന്ന് നമ്മൾ കാശ് കൊടുക്കും. ഇല്ലാത്തവരെ ഉള്ളവർ സഹായിക്കുന്ന കൊണ്ടല്ലേ ഈ ലോകം തന്നെ നിലനിന്നു പോകുന്നത്..അതല്ലേ മനുഷ്യൻ എന്ന് പറയുന്നതും ” അമ്മായി മനുവിനോട് പറയുകയായിരുന്നു

കൃഷ്ണ അതിശയത്തോടെ അമ്മായിയെ നോക്കി. കൊള്ളാല്ലോ ആൾ. വേലിക്കൽ ഒരു അനക്കം കേട്ട് അവൾ നോക്കി

ഗൗരി…

“അത് ശരി. നീ അപ്പോഴേക്കും ഇങ്ങോട്ട് പോരുന്നോ. നെല്ല് ഉണക്കാൻ ഇട്ടെക്കുവാ. ദൈവമേ അത് കാക്ക കൊത്തി കൊണ്ട് പോകും.”

“ഞാൻ അതെടുത്തു അകത്തു വെച്ചിരുന്നു “

“അസത്തെ..അത് ഉണങ്ങി കുത്തിയിട്ട് വേണം ചോറ് വെയ്ക്കാൻ. ഇവളെ “

അവർ ഒറ്റ അടി കൊടുത്തു

ഗൗരി അയ്യോ എന്ന് വിളിച്ചു കൊണ്ട് ഓടി മനുവിന്റെ മുറിയിൽ പോയി

“കല്യാണം അങ്ങ് നടത്തുന്നതാ എനിക്ക് നല്ലത്. അതാകുമ്പോൾ ഇവിടെ തന്നെ നിന്നോളുമല്ലോ. കൃഷ്ണ മോൾക്ക് പഠിത്തം കളയുകയും വേണ്ട “

“അത് നല്ല ഒരു ഐഡിയ ആണ് അമ്മായി. അത് ആലോചിക്ക് “

കൃഷ്ണയും പറഞ്ഞു

ഞാൻ പോയിട്ട് വരാം മോളെ എന്ന് പറഞ്ഞു അമ്മായി പോയി. ഗൗരിയുടെ മുഖം ചുവന്നു. അവൾ മനുവിന്റെ അരികിൽ ചേർന്ന് ഇരുന്നു

“ബെസ്റ്റ് ഐഡിയ. ഒന്നാമത് ഒരു രോഗി. രണ്ടാമത് കാൽക്കാശു കയ്യിൽ ഇല്ല. കല്യാണം പോലും” മനു പറഞ്ഞു

“ഓ പിന്നെ. ഒരു രോഗി വന്നേക്കുന്നു. അമ്മ പറഞ്ഞത് പോലെ ഫുൾ ടൈം ഇവിടെ നിൽക്കാൻ പറ്റിയ എനിക്ക് സമാധാനം കിട്ടും. ടൗണിൽ ഒരു dtp പ്രിന്റിംഗ് ഓഫീസിൽ ഒരു ജോലി ഒഴിവുണ്ട് എന്ന് ഇന്നലെ സദാശിവൻ മാമൻ പറഞ്ഞു. എന്റെ ഡിഗ്രി എക്സാം ഒക്കെ തീർന്നല്ലോ. ഞാൻ അവിടെ പോവാ. മാസം ഒരു ആറായിരം രൂപ കുറഞ്ഞത് കിട്ടും
അതൊക്കെ മതി ജീവിക്കാൻ “

മനു അവളെ തന്നെ നോക്കിയിരുന്നു

“എനിക്ക് ഒരു ഭർത്താവ് തരേണ്ടത് ഒന്നും തരാൻ പറ്റുമെന്ന് ഒരു ഉറപ്പുമില്ല. വേണ്ടെടി “

“ഒന്ന് പോയെ. അതാണോ വലിയ കാര്യം. നമുക്ക് എപ്പോഴും ഒന്നിച്ച് ഇരിക്കാലോ..കാണാം. അതൊക്കെ മതി എനിക്ക് “

കൃഷ്ണ അത് കേൾക്കുന്നുണ്ടായിരുന്നു

ഇതാണ് പ്രണയം. ഇത് മാത്രം ആണ് പ്രണയം. അവൾക്ക് തോന്നി

ഇങ്ങനെ ഒരാൾ ഉണ്ടാവോ?എനിക്ക് നിന്നേ കണ്ടാൽ മാത്രം മതി എന്ന് പറയുന്ന ഒരാൾ. ഭാഗ്യം ചെയ്യണം. മനുവേട്ടൻ പുണ്യം ചെയ്തവനാണ്

അവൾ പച്ചക്കറി തട്ടിൽ എടുത്തു വെച്ചിട്ട് തയ്ക്കാൻ ഉള്ള തുണികൾ എടുത്തു കൊണ്ട് ഷെഡിൽ പോയിരുന്നു

ആരുടേയും ശല്യം ഇല്ലാതെ പാവങ്ങൾ സ്നേഹിച്ചോട്ടെ, അവൾ ചിന്തിച്ചു

പിന്നെ തയ്ച്ചു തുടങ്ങി. കല്യാണം എന്ന് അമ്മായി തമാശ പറഞ്ഞതായിരിക്കും എന്നാ അവൾ കരുതിയത്. പക്ഷെ ആയിരുന്നില്ല. അത് ഗൗരവം ഉള്ള ഒരു ചർച്ച ആയി മുന്നോട്ട് വന്നു

മനുവിന് ഇരുപത്തിയഞ്ചു വയസ്സേയുള്ളു എന്ന് പറഞ്ഞതൊന്നും വിലപ്പോയില്ല. അവന് അസുഖം ആയത് ആരും പരിഗണനയിൽ എടുത്തില്ല

കൃഷ്ണക്ക് പഠനം മുടങ്ങില്ലല്ലോ എന്നൊരു സമാധാനം മാത്രം ആയിരുന്നു മനുവിന്. ഗൗരി കൂട്ടുണ്ടെങ്കിൽ കൃഷ്ണക്ക് സഹായം ആകും. അങ്ങനെ അത് തീരുമാനമായി. അമ്പലത്തിൽ വെച്ച് താലികെട്ട്. ലളിതമായ ഒരു കല്യാണം മതി എന്നായിരുന്നു മനുവിന്

രജിസ്റ്റർ ചെയ്താൽ മതി എന്ന് അവൻ പറഞ്ഞു. ഒരേയൊരു മോളേയുള്ളു. അത് പറ്റില്ല എന്ന് അമ്മാവനും

ചിലരൊക്കെ ചോദിച്ചു ഹാർട്ന് അസുഖം ഉള്ള ഒരു ചെറുക്കന് പെണ്ണ് കൊടുക്കുന്നത് റിസ്ക് അല്ലെ എന്ന്. വഴിയിൽ വീണു ചത്തു പോകുന്നവർ ഇല്ലെ എന്ന് തിരിച്ചു ചോദിച്ചപ്പോൾ ഉത്തരം മുട്ടി. കല്യാണം കഴിഞ്ഞു മനു ഗൗരിയുടെ വീട്ടിൽ താമസിക്കുന്നതാണ് നല്ലത്. അവിടെയാകുമ്പോൾ കുറച്ചു കൂടെ സൗകര്യം ഉള്ള വീടാണ്. മൂന്ന് മുറികൾ ഉള്ള അടച്ചുറപ്പുള്ള വീട്. അങ്ങനെ ആവട്ടെ എന്ന് രമേശനും പറഞ്ഞു. അതിലൊക്കെ എന്തിരിക്കുന്നു. അയാളുടെ പെങ്ങളുടെ മോളാണ് ഗൗരി. ആ വീട് അയാളുടെ തന്നെ. പിന്നെ എന്താ. മനു അവിടെ താമസിച്ചോട്ടെ. ഒന്നോടി എത്താവുന്ന ദൂരമേയുള്ളു.

അങ്ങനെ അത് തീരുമാനമായി. കൃഷ്ണക്ക് വിളിക്കാൻ ആകെ രണ്ടു പേരേയുള്ളു പുറത്ത്. ദൃശ്യയും ഡോക്ടർ അങ്കിളും. ബാക്കിയെല്ലാം നാട്ടുകാർ. അച്ഛൻ വിളിക്കും എല്ലാരേയും

ദൃശ്യക്ക് പീരിയഡ് ടൈം ആണ്. അമ്പലത്തിൽ വെച്ചയത് കൊണ്ട് അവൾക്ക് വരാൻ സാധിക്കില്ല. ഞായറാഴ്ച ആണ്, തീർച്ചയായും വരും. അവൾ പറഞ്ഞു

ഡോക്ടർ അങ്കിളിനെ വീട്ടിൽ പോയി വിളിക്കണം എന്നുണ്ട്. പക്ഷെ പേടിയാണ് എന്ന് അവൾ ദൃശ്യയോട് പറഞ്ഞു

ഹോസ്പിറ്റലിൽ പോയി വിളിക്കുന്നത് മോശമാണ് എന്ന് ദൃശ്യയും. അങ്ങനെ അന്ന് വൈകുന്നേരം അവർ അദേഹത്തിന്റെ വീട്ടിൽ എത്തി

വാതിൽ തുറന്നത് അർജുൻ തന്നെ. അതോടെ കൃഷ്ണയുടെ പാതി ജീവൻ പോയി

“അങ്കിൾ ഇല്ലെ അർജുൻ ചേട്ടാ?” ദൃശ്യ ചോദിച്ചു

“അച്ഛൻ നടക്കാൻ പോയി. ഇപ്പൊ വരും. എന്താ?”

“ഇവളുടെ ചേട്ടന്റെ കല്യാണം…”

അപ്പോ തന്നെ അപ്പുറത്ത് നിന്ന് ദൃശ്യയുടെ അമ്മ വിളിച്ചു

“ദൃശ്യെ മോള് ഒരു മിനിറ്റ് വന്നിട്ട് പൊ “

“എടി ഇപ്പൊ വരാം..”

കൃഷ്ണ പരിഭ്രമത്തോടെ അവളുടെ പിന്നാലെ പോകാൻ തുടങ്ങിയതാണ്

“കയറിയിരിക്ക് അച്ഛൻ ഇപ്പൊ വരും ” അവൻ വാതിലിൽ നിന്ന് മാറി

കൃഷ്ണ തിരിഞ്ഞു ദൃശ്യ വരുന്നൊന്ന് നോക്കി. അവളെ വിയർത്തൊഴുകി. കല്യാണക്കുറി പിടിച്ചിരിക്കുന്ന കൈകൾ തണുത്തു

“കയറുന്നില്ലെങ്കിൽ വാതിൽ അടക്കണം ” മുഖം സീരിയസ് ആണ്

അവൾ കയറി

“നിനക്ക് എത്ര ചേട്ടൻമാരുണ്ട്?”

“ഒരാള് “

“ഹോസ്പിറ്റലിൽ വരുന്ന ആളല്ലേ?”

“ആ “

“ഹാർട്ട്‌ന് അസുഖം ഉള്ളത് “

“അതേ “

“പുള്ളിയുടെ കല്യാണം ആണോ?”

അവൾ തലയാട്ടി

“ഏട്ടന്റെ എല്ലാ കാര്യവും പെൺ വീട്ടുകാർക്ക്  അറിയാമോ?”

“അമ്മാവന്റെ മോളാണ് ലവ് മാര്യേജ്…”

അവൾ പെട്ടെന്ന് പറഞ്ഞു

ദൃശ്യ അങ്ങോട്ട് വന്നത് കൊണ്ട് അത് അവിടെ മുറിഞ്ഞു. ഇരിക്കാൻ പറഞ്ഞിട്ട് അവൻ അകത്തേക്ക് പോയി. ഡോക്ടർ ജയറാം അധികം വൈകിയില്ല. കൃഷ്ണ കല്യാണക്കുറി നീട്ടി

“ആഹാ ഭയങ്കര സർപ്രൈസ് ആയി പോയല്ലോ. എന്നാണ്?”

“അടുത്ത ഞായറാഴ്ച. ഡോക്ടർ അങ്കിൾ വരണം.”

“പിന്നെ വരാതെ…തീർച്ചയായും വരും “

“അനി കുടിക്കാൻ ചായ എടുക്ക്” അദ്ദേഹം അകത്തേക്ക് നോക്കി പറഞ്ഞു

“ഉയ്യോ വേണ്ട. ഞാൻ ഇവളുടെ വീട്ടിൽ നിന്ന് കുടിച്ചു “

“അത് സാരമില്ല ഒന്നുടെ കുടിക്കാം “

അവിടെ നിന്ന് ചായ കുടിച്ച് ഇറങ്ങുമ്പോൾ അവൾ ഒന്നുടെ പറഞ്ഞു വരണമെന്ന്

“വരും “

അർജുൻ പുറത്തേക്ക് പോകാൻ തയ്യാറായി വരികയായിരുന്നു. കൃഷ്ണ ഒരു കുറി അവന് നേരേ നീട്ടി

“വരണം ” അർജുൻ പെട്ടെന്ന് ഒന്ന് അമ്പരന്നു

“വേറെ തിരക്കൊന്നുമില്ലെങ്കില് വരണം “

ഡോക്ടർ ജയറാം അതിശയത്തോടെ അവളെ ഒന്ന് നോക്കി. ദൃശ്യയും

ഒരു പരിഭവവുമില്ല അവൾക്ക്. നിർമ്മലമായ മുഖം

“ഇറങ്ങട്ടെ “

“അർജുൻ എങ്ങോട്ടാ പോകുന്നത്?” ജയറാം ചോദിച്ചു

“ഹോസ്പിറ്റലിൽ. എന്താ?”

“കൃഷ്ണയേ ബസ് സ്റ്റോപ്പിലേക്ക് വിട്ടേക്ക്. നേരം ഇരുട്ടി..”

“ഞാൻ കൊണ്ട് വിട്ടോളാം അങ്കിൾ ” ദൃശ്യ പെട്ടെന്ന് പറഞ്ഞു

“ഇനിയിപ്പോ നീ വണ്ടിയെടുക്കണം. അർജുൻ ആ വഴി അല്ലെ ബസ് സ്റ്റോപ്പിൽ വിട്ട മതി. അല്ലെ മോളെ?”

കൃഷ്ണ പതറി ദൃശ്യയെ നോക്കി. ദൃശ്യ പോകണ്ട എന്ന് കണ്ണ് കാണിച്ചു

“വരുന്നുണ്ടെങ്കിൽ വാ “

അവൻ അലസമായി പറഞ്ഞിട്ട് കാറിൽ കയറി

“ചെല്ല് ” ജയറാം അവളോട് പറഞ്ഞു

അവൾ പിൻ സീറ്റിൽ ഇരുന്ന് ഡോർ അടച്ചു. കാർ കുറച്ചു ഓടി നിന്നു

“ഞാൻ നിന്റെ ഡ്രൈവർ അല്ല ” അവൾക്ക് മനസിലായില്ല

“മുന്നിൽ വന്നിരിക്ക് ” കൃഷ്ണ പരിഭ്രമിച്ചു പോയി

“കം ” അവൾ മുന്നിൽ വന്നിരുന്നു

അവൻ പിന്നെ സംസാരിച്ചില്ല. ബസ് സ്റ്റോപ്പ് എത്തി

“ഇവിടെ വിട്ട മതി ” അവൻ കാർ നിർത്തി. കൃഷ്ണ ഇറങ്ങും മുന്നേ ഒന്ന് നോക്കി

“താങ്ക്സ് ” മറുപടി ഇല്ല

അവൾ ഇറങ്ങി ഡോർ അടച്ചു. കൃഷ്ണ അൽപനേരം ആ പോക്ക് നോക്കി നിന്നു. അവളുടെ ഉള്ളിൽ ഒരു വേദന നിറഞ്ഞു. താഴ്ന്നവന്റെ ഉള്ളിൽ എപ്പോഴുമുള്ള ഒരു വേദന. അവഗണിക്കപ്പെടുമ്പോ നിന്ദിക്കപ്പെടുമ്പോ ഒക്കെ തോന്നുന്ന ഒരു വേദന…

അർജുൻ മിററിലൂടെ അവളെ കാണുന്നുണ്ടായിരുന്നു. അവൾ നോക്കി നിൽക്കുന്നത്. പിന്നെ മുഖം തുടയ്ക്കുന്നത്. ഉള്ളിൽ ഒരു നോവ് ഉണരുന്നത് അർജുൻ അറിയുന്നുണ്ടായിരുന്നു. എന്തിനെന്നറിയാതെ…

ബസ് വന്നപ്പോൾ അവൾ കയറി. ഇരുട്ടിലേക്ക് നോക്കിയിരുന്നു. അർജുനെ കണ്ടു കഴിയുമ്പോൾ ഉള്ളിൽ ഈ വേദന വരുന്നതെന്താണെന്നവൾ ഓർത്തു. ഒരു പക്ഷെ അവൻ വേദനിപ്പിച്ചത് കൊണ്ടാവും. കാണുമ്പോഴൊക്കെയും നിന്ദിക്കുന്നത് കൊണ്ടാവും. ഒരിക്കൽ പോലും കൃഷ്ണ എന്ന് വിളിച്ചിട്ടില്ല

നീ…എടി….തൃണത്തിന് സമം

അവളതു മറക്കാൻ ശ്രമിച്ചു. അവന്റെ മുഖം

സ്കൂളിൽ കൃഷ്ണ അമ്മയെയും കൂട്ടി പോയി. ടീച്ചർ മാരെയെല്ലാം വിളിച്ചു. ജോലിക്ക് നിൽക്കുന്ന വീടുകളിൽ അമ്മയെയും അച്ഛനെയും കൂട്ടി അവൾ

എല്ലാവർക്കും അവളോട് വലിയ സ്നേഹം ആണെന്ന് കണ്ട് ആ പാവങ്ങളുടെ മനസ്സ് നിറഞ്ഞു. കൃഷ്ണക്ക് സാരി എടുത്തു. അവളിത് വരെ സാരി ഉടുത്തിട്ടില്ലായിരുന്നു

“ആദ്യമായി ഉടുത്തു കൊളം ആകുമോ ദൈവമേ..ചുരിദാർ മതിയാരുന്നു “

അവൾ ഗൗരിയോട് പറഞ്ഞു

“ഒന്നുമില്ല നല്ല ഭംഗി ഉണ്ടാവും. ധൈര്യമായി ഉടുക്ക് “

അവൾ സാരി മറിച്ചു നോക്കി. കടും മറൂണിൽ കസവുള്ള ഒന്ന്. അവളത് നെഞ്ചിൽ വെച്ചു നോക്കി. ശോ കൊള്ളില്ല അവൾ തന്നെ പറഞ്ഞു

“നിന്റെ കല്യാണം അല്ല “

മനു

“എന്നാലും ഒരു ഭംഗി വേണ്ടേ?”

“എടി കൊച്ചേ നല്ല കിടിലൻ ആണെന്ന്..എന്റെ കൃഷ്ണമോള് സുന്ദരികുട്ടിയല്ലേ?”

“അല്ലെന്ന് ഞാൻ ഒത്തിരി മെലിഞ്ഞു പോയി. സാരി ഉടുത്താ കൊള്ളില്ല “

“അപ്പോഴല്ലേ നല്ലത്. സീറോ സൈസ് അല്ലെ ബ്യൂട്ടി”

“കുന്തം…” അവൾ തിരിഞ്ഞു മറിഞ്ഞു നോക്കുന്ന കണ്ട് അവന് ചിരി വന്നു

“എന്റെ മോളെ നല്ല ഭംഗി ഉണ്ട് “

“ശരിക്കും?”

“ശരിക്കും “

അവൻ അനിയത്തിയെ തന്നോട് ചേർത്ത് പിടിച്ചു

കല്യാണത്തിന്റെ ദിവസം വന്നെത്തി. മനു കസവിന്റെ നിറമുള്ള മുണ്ടും ഷർട്ടും ആയിരുന്നു വേഷം. ഗൗരി കടും വയലറ്റ് നിറത്തിലെ പട്ടു സാരീ നീളൻ മുടിയിൽ മുല്ലപ്പൂ

അവൾ കൃഷ്ണയുടെ കയ്യിൽ കൈ ചേർത്ത് വെച്ചു “കൊള്ളാമോ? “

“അപ്സരസ്സ് മാതിരി ഉണ്ട് “

“അത്രേം വേണോ?”

“ഒരു പൊടിക്ക് കുറച്ചു. മതിയോ?”

“ആ “

ഡോക്ടർ ജയറാമിന്റെ കാർ വരുന്നത് കണ്ട് അവൾ അങ്ങോട്ടേക്ക് ഓടി ചെന്നു

“വാ അങ്കിളേ “

അവൾ അദേഹത്തിന്റെ കൈ പിടിച്ചു

മനു അദേഹത്തിന്റെ കാല് തൊട്ട് വന്ദിച്ചു.

“ദൈവം അനുഗ്രഹിക്കട്ടെ “

അദ്ദേഹം ആ ശിരസ്സിൽ കൈ വെച്ച് അനുഗ്രഹിച്ചു

“സാരി ഉടുത്തു കണ്ടപ്പോൾ വേറെ ആരെയോ പോലെ “

ജയറാം വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു. അവളുടെ കണ്ണുകൾ റോഡിലേക്ക് നോക്കുന്നുണ്ട്

“അർജുൻ സർ വന്നില്ലേ?”

“നല്ല കക്ഷി. ഒറ്റ കല്യാണത്തിന് അവൻ പോവില്ല. എന്റെ അറിവിൽ പോയിട്ടില്ല. പിന്നെ ആള് ഇന്നില്ല ഇവിടെ. ദുബായ് പോയി കഴിഞ്ഞ ആഴ്ച ഒരു ബിസിനസ് ആവശ്യത്തിന്. ഉണ്ടേലും വരില്ല. ഞാൻ വന്നല്ലോ അത് പോരെ”

അവൾ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി

അവർ ഒന്നിച്ചു കുറേ ഫോട്ടോകൾ എടുത്തു. മുഹൂർത്തം ആയി. ആരോ പറയുന്നു.

അവൾ അവരെ കണ്ണിമക്കാതെ നോക്കി. കുഞ്ഞിലേ മുതലേ സ്നേഹിച്ചവർ. ഒന്നിച്ചു ഒരു ജീവിതം സ്വപ്നം കണ്ടവർ. അത് ദൈവം നടത്തി കൊടുത്തു

ക്ഷേത്രത്തിൽ വെച്ചായിരുന്നു കല്യാണം. മണ്ഡപത്തിൽ ഒക്കെ ഒരു പാട് പൈസ ആകും എന്ന് പറഞ്ഞു ക്ഷേത്രത്തിൽ ആണ് ഒരുക്കിയത്. ക്ഷേത്രത്തിൽ തന്നെ ഉള്ള അന്നദാനപ്പുരയിൽ വെച്ച് സദ്യ. ജയറാമിന്റെ കൂടെ തന്നെ അവളും ഇരുന്നു. അദ്ദേഹം ഒറ്റ ആയി പോകാതെ നോക്കി

അവളുടെ കരുതലും സ്നേഹവും അദേഹത്തിന്റെ ഉള്ളു സ്പർശിച്ചു. തിരിച്ചു കാറിനരികിൽ വരെ ഒപ്പം ചെന്നു

“വന്നത് എനിക്ക് ഒത്തിരി സന്തോഷം ആയി കേട്ടോ “

അവൾ സ്വയം അറിയാതെ അദ്ദേഹത്തെ കെട്ടിപിടിച്ചു. ജയറാം നിറഞ്ഞ കണ്ണുകളോടെ അവളുടെ ശിരസ്സിൽ തലോടി

ചില നേരങ്ങളിൽ വാക്കുകൾ കിട്ടില്ല. അനങ്ങാതെ നിന്നു പോകും

തുടരും….