ധ്രുവം, അധ്യായം 19 – എഴുത്ത്: അമ്മു സന്തോഷ്

ഷെല്ലി, നിവിൻ, ദീപു, അർജുൻ സ്കൂൾ കാലം മുതൽ ഒപ്പം ഉള്ളവർ..ഓരോ അവധിയും ആഘോഷം ആക്കുന്നവർ

മൂന്നാറിലെ റിസോർട്

ഷെല്ലിയുടെ റിസോർട് ആണ്. അർജുന്‌ വയ്യാതിരുന്നത് കൊണ്ട് അവർ മീറ്റിംഗ് മാറ്റി വെച്ചിരുന്നു

മ-ദ്യം നിരന്നു

അർജുൻ ഗ്ലാസ്‌ നിറച്ചിട്ട് സെറ്റിയിൽ വന്നിരുന്നു

“പറയടാ വിശേഷങ്ങൾ? അസുഖം മാറിയോ കംപ്ലീറ്റ് ആയിട്ട്?”ഷെല്ലി ചോദിച്ചു

“yes….”

ദീപു ഒരു സി-ഗരറ്റ് കത്തിച്ച് അവന് നീട്ടി

“വേണ്ട. തല്ക്കാലം നിർത്തി “

ദീപു കണ്ണ് മിഴിച്ച്

“എപ്പോ?”

“അസുഖം വന്നപ്പോൾ..”

“അത് നന്നായി അർജുൻ.”

നിവിൻ പറഞ്ഞു

“ഇത് മാത്രേ ഉള്ളോ? “ദീപു ഷെല്ലിയെ നോക്കി

“ഓൺ ദി വേ ആണ് നീ ഞെട്ടും “

ദീപുവിന്റെ കണ്ണിൽ വന്യമായ ഒരു ആസക്തി തെളിഞ്ഞു

“ഫിലിം ഫീൽഡ് ആണോ?”

“അല്ല “

“സീരിയൽ?”

“അല്ലട, കോളേജ് പിള്ളാരാ..അതും പ്രൊഫെഷണൽ കോഴ്സ് ചെയ്യുന്ന പെൺപിള്ളേർ.. ഇപ്പൊ ഇവളുമാർക്ക് ഇത് ഒരു സൈഡ് ബിസിനസ് ആണ്. രണ്ടു ദിവസം കൊണ്ട് രൂപ എത്ര ഒപ്പിക്കുമെന്നാ..”

ദീപു നിവിനെ നോക്കി

“പ്രോബ്ലം ഒന്നും ഉണ്ടാവില്ലല്ലോ അല്ലെ. പിന്നെ പീ-ഡനം മാങ്ങാ തൊലി എന്നൊന്നും പറഞ്ഞു വരരുത് “നിവിൻ പറഞ്ഞു

“ഹേയ് പിള്ളേർ പഠിച്ച പിള്ളാരാ. എനിക്ക് നേരെത്തെ അറിയാം. ഇടക്ക് ദുബായ് വരും. “

“ശെടാ…നമ്മൾ അറിഞ്ഞില്ല ല്ലോ. ഇവന്റെ ഹോസ്പിറ്റലിൽ വെച്ച് ഞാൻ ഒരു പെണ്ണിനെ കണ്ടു. എന്റെ നിവിനെ നീ കണ്ടിട്ടുണ്ടോ?”

“കൃഷ്ണയല്ലേ. ഞാൻ പ്രൊപോസ് ചെയ്തു നോകിയതാ മോനെ. നോ രക്ഷ. അത് ഒരു ജിന്നാണ്. പിടി കിട്ടില്ല “

“എന്നാ സ്ട്രക്ടർ ആണെന്നോ ഷെല്ലി “

ഷെല്ലി അർജുനെ നോക്കുകയായിരുന്നു

അവൻ ഒഴിഞ്ഞ ഗ്ലാസ്‌ ഒന്നുടെ നിറച്ചു

“എന്നിട്ട് ഇവൻ അതിനെ വെറുതെ വിട്ടോ അങ്ങനെ വരാൻ വഴിയില്ലല്ലോ “

“ഇവന് അക്കിടി പറ്റി കിടക്കുകയാ. അവളെ മോളെ പോലെ കരുതുന്ന ഒരു അച്ഛൻ. ഇവന് തൊടാൻ പറ്റുകേല.”

“പ്രേമം ലൈൻ പറ്റുകേലേടാ?” അർജുൻ മുഖം തിരിച്ചു കളഞ്ഞു

“നല്ല നാച്ചുറൽ ബ്യൂട്ടി..അരക്കെട്ട് കഴിഞ്ഞു കിടക്കുന്ന മുടിയും ഒതുങ്ങിയ അരക്കെട്ടും പിന്നെ..നല്ല വെണ്ണയുടെ നിറം..കണ്ടാൽ വെള്ള അലുവ മാതിരി..എന്ത് ചെയ്യാം ലക്ഷ്മണ രേഖ വരച്ച് ഈ നാറി “

ദീപു അർജുനെ ഒന്ന് നോക്കി

“എടാ ഞാൻ ഒന്ന് ട്രൈ ചെയ്യട്ടെ. ആശുപത്രിയിൽ വെച്ചല്ല. പുറത്ത് വെച്ച്. നിന്റെ ഫ്രണ്ട് ആണെന്ന് അറിഞ്ഞൂടാല്ലോ…  ” ഷെല്ലി അവനരികിൽ വന്നിരുന്നു

“കൃഷ്ണയേ നോക്കിയ നിന്നേ ഞാൻ കൊ-ല്ലും ഷെല്ലി… മൂന്ന് തരം “

അർജുൻ അങ്ങനെ പറഞ്ഞപ്പോൾ പെട്ടെന്ന് അവിടെ ഒരു നിശബ്ദത വന്നു

“കൃഷ്ണയേ വിട്ടേക്ക്…ഇനിയാ പേര് ഇവിടെ വേണ്ട..അവളെയാരും നോക്കണ്ട”

അർജുൻ ഗൗരവത്തിൽ പറഞ്ഞു

“അതെന്താ നിനക്ക് താല്പര്യം ഉള്ള കേസ്‌ ആണോ എന്നാ വേണ്ടെടാ. നീ പിണങ്ങേണ്ട. നമുക്ക് വേണ്ട. ഇനിയാ പേര് ഇവിടെ പറയരുത് “

ഷെല്ലി അന്തിമമായി പറഞ്ഞു. നിവിൻ കുറച്ചു നേരം അർജുനെ നോക്കിയിരുന്നു. അർജുനെ വെറുപ്പിക്കാൻ പറ്റില്ല. ആള് മോശമാണ്. പക്ഷെ കൃഷ്ണയേ മോഹിച്ചു പോയി. ഒരു ദിവസം എങ്കിൽ ഒരു ദിവസം. അവളെ വേണം. ഇവൻ തിന്നുകയുമില്ല തീറ്റിക്കുകയുമില്ല നാശം

പെൺപിള്ളേർ വന്നു. അവരും മ- ദ്യം കഴിച്ചു. ഓരോരുത്തരും ഓരോരുത്തരെയായി മുറിയിൽ പോയി

ഒടുവിൽ അർജുൻ ശേഷിച്ചു

“നീ കിടന്നോ “

അവൻ സ്വന്തം മുറിയിൽ ഉണ്ടായിരുന്ന പെണ്ണിനോട് പറഞ്ഞിട്ട് എഴുന്നേറ്റു മുറിയിൽ നിന്ന് പുറത്ത് പോയി..വേറെ ഒരു മുറി തുറന്നു. കട്ടിലിലേക്ക് വീണു

നന്നായി കഴിച്ചത് കൊണ്ട് അവൻ വേഗം ഉറങ്ങി. ഉണർന്നപ്പോൾ വൈകി

“നീ എന്താ ഇവിടെ ഒറ്റയ്ക്ക് വന്നു കിടന്നത്?”ഷെല്ലി അവന്റെ അരികിൽ വന്നു

“ഒരു മൂഡ് ഇല്ലായിരുന്നു “

“ബോളിവുഡ് ഒന്നുമല്ലാഞ്ഞിട്ടാണോ?”

“ഹേയ് “

“നമ്മൾ ഒരു പാവം പ്രവാസിയല്ലേടാ ഇത്രേ ഉള്ളാരുന്നു ബഡ്ജറ്റ് ‘

“അതൊന്നുമല്ല ഷെല്ലി. അടിച്ചത് കൂടി പോയി. ബോധം പോയി അത്രേ ഉള്ളു ” അവൻ ഷെല്ലിയുടെ തോളിൽ തട്ടി

“എനിക്ക് ഇന്ന് തിരിച്ചു പോകണം”

“നാളെ ഞായറാഴ്ചയല്ലേ? നീ ഫ്രീ അല്ലെ..ഇന്ന് കൂടിയുണ്ട് അവളുമാര്. നീ നിൽക്ക് “

“ഇല്ലെടാ പോകണം. അത്യാവശ്യം ഉണ്ട്”

ദീപുവിനോട് പറഞ്ഞപ്പോൾ അവന് ദേഷ്യം

“നീ ഇന്ന് കൂടി നിന്നിട്ട് വന്നാ മതി “

അവൻ ആ തോളിൽ ഒന്ന് തട്ടി. പിന്നെ കാർ സ്റ്റാർട്ട്‌ ചെയ്തു

“ഇവന് ഇത് എന്ത് പറ്റി? “നിവിൻ ചോദിച്ചു

“ലോക്കൽസ് ആയത് കൊണ്ടാണോ?” ഷെല്ലി അവനെ നോക്കി

“അറിയില്ല…പണ്ടേ അർജുൻ പിടി തരില്ല. അവൻ പോട്ടെ നമുക്ക് പൊളിക്കാം വാ “

അവർ റിസോർട്ടിലേക്ക് കയറി പോയി

അർജുൻ നേരേ ഓഫീസിൽ പോയി. രണ്ടു ദിവസത്തെ പെൻഡിങ്‌സ്. തൃശൂരിലെ ഹോസ്പിറ്റലിന്റെ കൺസ്ട്രക്ഷൻ ഡീറ്റെയിൽസ്. അവൻ ഓരോന്നായി നോക്കി കൊണ്ട് ഇരിക്കുമ്പോൾ കൃഷ്ണ കടന്നു വന്നു

“അങ്കിൾ എന്തിയെ?”

“റൂമിലില്ലേ?”

“ഇല്ല “

അവൻ വിളിച്ചു നോക്കി

“ഡാ നമ്മുടെ ഫിലിപ്പ് വന്നിരുന്നു. ഞാൻ ഒന്ന് പുറത്ത് പോയി ലേറ്റ് ആകും കൃഷ്ണയോട് മുറിയിൽ വെയിറ്റ് ചെയ്യാൻ പറ കേട്ടോ ” അവൻ അവളോട് കാര്യം പറഞ്ഞു

“ശോ വെയ്റ്റിംഗ് വയ്യ. ഞാൻ പോവാ “

അവൻ ഒന്ന് മൂളി

“ഇന്ന് വലിയ ഗൗരവം ആണല്ലോ ബിസി ആണോ?”

“ആ “

“എന്താ ഇത്രയും ബിസി?”

അവൾ കളിയിൽ അവന്റെ മുന്നിൽ ഇരുന്ന പേപ്പർ വലിച്ചു. പൊടുന്നനെ ചായ തട്ടി തൂവിയത് കൃത്യം അതിന്റെ മുകളിൽ

“അയ്യോ സോറി ” അവൾ വേഗം അത് തുടയ്ക്കാൻ ആഞ്ഞു

“ഒന്നിറങ്ങി പോണുണ്ടോ. ആ ഡോക്യുമെന്റ് നശിപ്പിച്ചു. ഒന്നങ്ങ് തന്ന ഉണ്ടല്ലോ “

അവന്റെ കൈ ഉയർന്നു. കൃഷ്ണ പെട്ടെന്ന് ഭയന്നു പിന്നോട്ട് മാറിയതും അവളുടെ നില തെറ്റി വീണു. നെറ്റി മേശയിൽ അടിച്ചു. ചോര..

അവൻ ഞെട്ടിപ്പോയി. അവളെ പിടിച്ചു എഴുനേൽപ്പിക്കാൻ ആഞ്ഞതാണ്

“വേണ്ട..”തടഞ്ഞു കൃഷ്ണ

അവൾ നെറ്റി പൊത്തി എഴുന്നേറ്റു

“കൃഷ്ണ അത് ബ്ലീഡ് ചെയ്യുന്നു. അത് ഒന്ന്…”അർജുൻ തകർന്ന് പോയ സ്വരത്തിൽ പറഞ്ഞു

പെട്ടെന്ന് അവൾ തിരിഞ്ഞു ഇറങ്ങി പോയി. അവൻ പിന്നാലെ….ചെന്നപ്പോഴേക്കും ലിഫ്റ്റിൽ കയറി താഴേക്ക് പോയി

അവന്റെ നെഞ്ചു ശക്തിയായി മിടിച്ചു കൊണ്ട് ഇരുന്നു

തന്റെ കൈ ഉയർന്നു അവളുടെ മുഖത്തിന്‌ നേരേ…

അടിച്ചേനെയോ താൻ? ഒരു പാട് മുറിഞ്ഞു കാണുമോ?

അവൻ കസേരയിൽ ഇരുന്നു. മേശയിൽ ഒരു തുള്ളി രക്തം. തനിക്കിന്ന് എന്തിന്റെ ദേഷ്യം ആയിരുന്നു. അവരൊക്കെ അവളെ കുറിച്ച് പറഞ്ഞത് ഉള്ളിൽ കിടന്നിരുന്നു

എന്തിനെന്നറിയാതെ..ദേഷ്യം…

കൃഷ്ണ ടവൽ നന്നായി അമർത്തി വെച്ചു. രക്തം ഒഴുകുന്നത് നിലച്ചിരുന്നു. അവൾ വീട്ടിൽ ചെന്നു. മുഖം കഴുകി. അത്രക്ക് ഒന്നുല്ല. ചെറിയ ഒരു മുറിപ്പാട്. കുറച്ചു ആഴം ഉണ്ട്. അതാണ് ബ്ലീഡിങ് ഉണ്ടായത്

അവൾ മുറ്റത്ത്‌ നിന്നു ഒരു ചെടിയുടെ ഇല പറിച്ചു ചാർ എടുത്തു പുരട്ടി

അർജുൻ സാറിന് ഇന്ന് എന്തോ പറ്റി. ഇങ്ങനെ അധികം കണ്ടിട്ടില്ല. മനുഷ്യൻ അല്ലെ? അവൾ ദീർഘമായി നിശ്വസിച്ചു

ഫോൺ ബെൽ അടിക്കുന്നത് കണ്ട് അവൾ എടുത്തു

“കൃഷ്ണ…”

ആ സ്വരം അവൾക്ക് ഏത് കൂട്ടത്തിലും വേറിട്ടറിയാം
പരസ്പരം ഫോണിൽ ഒരിക്കൽ പോലും സംസാരിച്ചിട്ടില്ലെങ്കിലും

“കൃഷ്ണ…”

“സാരമില്ല അർജുൻ സർ. ചെറിയ ഒരു മുറിവേയുള്ളു. ഞാൻ കാരണം ആ ഡോക്യുമെന്റ്സ് ഒക്കെ…എന്നോട് ക്ഷമിക്കണം.”

“കൃഷ്ണ നീ റോഡിലേക്ക് വാ “

അവൾ അങ്കലാപ്പോടെ മുറ്റത്തേക്ക് വന്നു

മുകളിൽ റോഡിൽ അവൻ. അവൾ ചുറ്റും നോക്കി. ഈശ്വര! നാട്ടിൻപുറമാണ്. ആരെങ്കിലും കണ്ടാൽ

“ഞാൻ അങ്ങോട്ട് വരട്ടെ “

“ങ്ങേ?”

“അങ്ങോട്ട് വരട്ടെന്ന് “

അവൾ ഒന്നും മിണ്ടിയില്ല. അർജുൻ അവളുടെ മുന്നിൽ വന്ന് നിന്നു. അവന്റെ കണ്ണുകൾ മുറിവിൽ പതിഞ്ഞു

“അത്രക്ക് ഒന്നുല്ല ” അവളുടെ കണ്ണ് നിറഞ്ഞു

“നീ വീണു പോകുമെന്ന് ഞാൻ ഓർത്തില്ല. പെട്ടെന്ന് ദേഷ്യം വന്നപ്പോൾ…ക്ഷമിക്ക് “അവൻ അറിയാതെ ആ മുറിവിൽ തൊട്ടു

“വീണത് നന്നായി അല്ലെങ്കിൽ അടി കൊള്ളേണ്ടി വന്നേനെ ” അവൾ ചിരിയോടെ പറഞ്ഞു

“അടിക്കില്ലായിരുന്നു. സത്യം. കൈ പൊങ്ങി എന്നത് ശരി. പക്ഷെ നിന്നെ ഞാൻ അങ്ങനെയൊന്നും…നിന്നേ ഞാൻ ഒന്നും ചെയ്യില്ല കൃഷ്ണ… “

അവൾക്ക് അത് അറിയാം

ഇപ്പൊ അർജുൻ പഴയ അർജുൻ അല്ലെന്ന് കൃഷ്ണയ്ക്ക് നന്നായി അറിയാം

“ഹോസ്പിറ്റലിൽ നിന്ന് ഡ്രസ്സ്‌ ചെയ്തിട്ട് പോയ മതിയായിരുന്നു. ഇതിപ്പോ ഓപ്പണായിട്ട് ..നാളെ വന്നോന്നു ഡ്രസ്സ്‌ ചെയ്തിട്ട് സ്കാൻ ചെയ്യാം. വീണതല്ലേ” അവന്റെ കൈ അതിൽ ഒന്ന് തലോടി

“അയ്യടാ സ്കാനിംഗ് പോലും ഇതാണ് ഞാൻ പറഞ്ഞത് ഞാൻ അവിടെ ജോലി ചെയ്യില്ല ന്ന് “

അവൻ മൃദുവായി ചിരിച്ചു

“നിനക്ക് ഫ്രീ അല്ലേടി..അങ്ങോട്ട് പോരെ “

“അങ്ങനെ ഇപ്പൊ വേണ്ട. ഇത് ദേ ഈ ചെടിയുടെ ചാർ ഒഴിച്ച മാറും. അവൾ മുറ്റത്തു പടർന്ന ഒരു ചെടിയുടെ ഇല പറിച്ചു കാട്ടി

“ഏത് വലിയ മുറിവിലും കുറച്ചു ഒഴിച്ച മതി. പെട്ടെന്ന് ഉണങ്ങും. എന്റെ മുറിവ് ഇപ്പൊ നോക്ക്. കുറച്ചു കൂടിയില്ലേ?”

അവൾ പറഞ്ഞത് ശരിയായിരുന്നു. അത് ഒന്നടഞ്ഞു കാണപ്പെട്ടു

ഉള്ളിൽ കടലിരമ്പം പോലെ വേദനയുണ്ട്. അതവൻ അറിയുന്നുമുണ്ട്

“ഇരിക്കാൻ പറയണം ന്നുണ്ട് കസേര ഇല്ല. അത്  കൊണ്ട് അർജുൻ സർ പൊയ്ക്കോ…”

അവന്റെ കണ്ണുകൾ ആ വീടിൽ പതിഞ്ഞു

“ഒരു ഗ്ലാസ്‌ വെള്ളം പോലുമില്ലേ വീട്ടിൽ?”

അവൾ ചിരിച്ചു പോയി

“ചായ ഇട്ടു തരാം. പാലില്ല.”

അവൻ ഒന്ന് മൂളി. പിന്നെ അവൾക്കൊപ്പം ഉള്ളിലേക്ക് ചെന്നു. ചെറുതെങ്കിലും വൃത്തിയുള്ള രണ്ടു മുറികൾ

കൃഷ്ണയുടെ മുറിയിൽ ഒരു കട്ടിലുണ്ട്. ഒരാൾക്ക് കഷ്ടി കിടക്കാവുന്ന ഒന്ന്. ഒരു മേശയും. തീർന്നു

“നീ എവിടെ ഇരുന്നാണ് പഠിക്കുക?”

അവൾ കൊണ്ട് വന്ന ചായ കുടിച്ചു കൊണ്ട് അവൻ ചോദിച്ചു

“നിലത്ത്..പിന്നെ മുറ്റത്തു പോയിരുന്നു പഠിക്കും എന്തെ?”

അവൻ ഒന്നുമില്ല എന്ന് തലയാട്ടി

“അതൊക്കെ ശീലം ആയി..കുഴപ്പമില്ലന്നേ “

അവൾ അവന്റെ കയ്യിൽ നിന്ന് ഗ്ലാസ്‌ വാങ്ങി. അവൻ ഇറങ്ങി

“നാളെ ഹോസ്പിറ്റലിൽ വരുന്നുണ്ടോ?”

“ഇല്ല. അവധിയാ രണ്ടു ദിവസം. എക്സാം തീർന്നു. രണ്ടു ദിവസം കിടന്നു സുഖമായിട്ട് ഉറങ്ങണം “

അവൻ ഒന്ന് മൂളിയിട്ട് വീണ്ടും ആ മുറിവിൽ തൊട്ടു

“അറിഞ്ഞൊണ്ടല്ല കൃഷ്ണ. ഞാൻ മൂഡ് ഓഫ്‌ ആയിരുന്നു. പെട്ടെന്ന് വല്ലാണ്ടായി.. എന്നോട് ക്ഷമിക്ക്. നാളെ ഹോസ്പിറ്റലിൽ വാ പ്ലീസ് “

“സാരോല്ല. ഒന്നുല്ല. ഇപ്പൊ സന്തോഷമേയുള്ളു ഉള്ളിൽ. അന്ന് വന്നപ്പോൾ അർജുൻ സർ എന്റെ വീട്ടിൽ കേറിയില്ല. അവിടെ നിന്നേയുള്ളു..ഇന്ന് എന്റെ വീട്ടിൽ വന്നു. ഒരു ഗ്ലാസ്‌ ചായ കുടിച്ചു. സന്തോഷമായി “

അവൻ മെല്ലെ ഒന്ന് ചിരിച്ചു

“അന്ന് വന്നപ്പോൾ നീ എന്റെ ആരുമായിരുന്നില്ല “

അവൻ കാറിൽ കയറി. കാർ സ്റ്റാർട്ട്‌ ചെയ്തു പോയിട്ടും ആ വാചകത്തിന്റെ മുഴക്കത്തിലായിരുന്നു കൃഷ്ണ

അന്ന് വന്നപ്പോൾ നീ എന്റെ ആരുമായിരുന്നില്ല

ഇന്ന് ആരാണ് താൻ?

അവൾ പേടിയോടെ നെഞ്ചിൽ കൈ വെച്ചു. പ്രണയം ഒന്നുമല്ല എന്ന് അവൾക്ക് തീർച്ചയായിരുന്നു. ആ കണ്ണില് അതില്ല. അത് കണ്ടാലൊക്കെ അവൾക്ക് മനസിലാകും. തന്നോട് സ്നേഹം ഉണ്ട്. സഹതാപം ഉണ്ട്. പാവമല്ലേ എന്നൊരു ചിന്ത

അച്ഛന്റെ പ്രിയപ്പെട്ട കുഞ്ഞാണല്ലോ എന്നാ തോന്നൽ

അതിൽ കവിഞ്ഞു ഒന്നും അവൾ അർജുന്റെ കണ്ണിൽ കണ്ടിട്ടില്ല. ഇത്രയൊന്നും ഇത് വരെ തുറന്നു പറഞ്ഞിട്ടുമില്ല. ആളെ കുറിച്ച് നന്നായി അറിയാം തനിക്ക്

എല്ലാം തനിക്ക് അറിയാമെന്നു ആൾക്കറിയുകയും ഇല്ല. പ്രായം കൊണ്ട് ഒരുപാട് ഇളയത് ആയത് കൊണ്ടാവും ഒരു കുട്ടിയോടെന്ന പോലെ ആണ് പെരുമാറുക. ഇതിനു മുന്നേ ഒരിക്കൽ പോലും അർജുൻ ദേഹത്ത് തൊട്ടിട്ടില്ല

തമാശക്ക് പോലും കയ്യിൽ പിടിക്കുക പോലും ചെയ്തിട്ടില്ല. അടുത്ത് നിന്നാൽ പോലും അകലം പാലിക്കും. അത് കൃഷ്ണയ്ക്ക് ഇഷ്ടമാണ്
അല്ലെങ്കിൽ അവൾ അർജുനോട് സംസാരിക്കാൻ പോവില്ല

ക്ലാസിൽ തമാശക്ക് ചേർത്ത് പിടിക്കാൻ ഒരിക്കൽ ക്ലാസ്സ്‌ മേറ്റ് അഭി വന്നപ്പോൾ ദേഹത്ത് തൊടരുത് എന്ന് പറഞ്ഞതിന്റെ പേരില് ഒരു പാട് പരിഹാസം കേട്ടിട്ടുണ്ട് കൃഷ്ണ

ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് തുടങ്ങി ഒരു പാട്..

ശരിയാണ്. ആണും പെണ്ണും ഒന്ന് കെട്ടിപ്പിടിച്ചാലോ ചേർന്ന് ഇരുന്നാലോ ഒന്നും ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല. എല്ലാത്തിനും ഒരെ നിറവുമല്ല. പെണ്ണ് തൊടും പോലെ ഉള്ളു അതും. പക്ഷെ ശീലമില്ല. അങ്ങനെ ഇടപഴകി ശീലിച്ചില്ല…അത് കൊണ്ട് തന്നെ ഒരാൺ വന്ന് കെട്ടിപ്പിടിച്ചു സംസാരിക്കാൻ തുനിഞ്ഞ തടയും

അവൾ വെറുതെ കട്ടിലിൽ പോയി കിടന്നു

മുറ്റത്തു ആരുടെയോ ശബ്ദം കേട്ട് പെട്ടെന്ന് അവൾ മുറ്റത്തേക്ക് ചെന്നു

ഒരാൾ

“കൃഷ്ണയുടെ വീട്?”

“അതേ..”

അയാൾ റോഡിൽ നോക്കി ഇങ്ങോട്ട് കൊണ്ട് പോരെ എന്ന് പറയുന്നു..അവൾ കുറച്ചു നീങ്ങി നിന്നു നോക്കി

ഒരു ലോറി. കട്ടിൽ, കസേരകൾ, ഒരു മേശ…

“അകത്തോട്ടു ഇട്ടേക്കട്ടെ “

അവൾ പരിഭ്രമത്തിൽ നോക്കി

“ഇതാര് പറഞ്ഞിട്ടാ ഞാൻ ഓർഡർ ചെയ്തിട്ടില്ല “

“ഞങ്ങൾക്കും അറിയില്ല കുഞ്ഞേ. ഇവിടെ തരാൻ മുതലാളി പറഞ്ഞു. ഇട്ടേച്ച് പോട്ടെ വേറെ ജോലിയുള്ളതാ “

അവൾ അറിയാതെ തലയാട്ടി

അവർ അകത്തു കയറി ഓരോന്നും അതാതു സ്ഥാനങ്ങളിൽ വെച്ചു

“രണ്ടു കസേര പുറത്തിടാം സ്ഥലം ഇല്ലല്ലോ അകത്തു “

അയാൾ പറഞ്ഞു. അവൾ തലയാട്ടി

അയാൾ പോയപ്പോൾ അവൾ ഫോൺ എടുത്തവനേ വിളിച്ചു

“എന്തിനാ ഇതൊക്കെ ചെയ്തത്? അച്ഛനും അമ്മയും ചോദിക്കുമ്പോ ഞാൻ എന്ത് പറയും. എനിക്ക് സങ്കടം വരുന്നുണ്ട് ട്ടോ “

അവളുടെ ശബ്ദം ഇടറി

“ഡോക്ടർ ജയറാം തന്നതാണെന്ന് പറഞ്ഞ മതി എന്റെ പേര് പറയണ്ട തീർന്നില്ലേ?”

“കഷ്ടം ഉണ്ട് ട്ടോ ഇതൊന്നും വേണ്ട “

“വേണം. ഇത് മാത്രം അല്ല. ഇനിം ഉണ്ടാവും..നീ തടയാൻ നിൽക്കണ്ട എതിർക്കാനും. നീ പറഞ്ഞത് ഒക്കെ എന്റെ മനസിലുണ്ട്. ഇന്ന് മുതൽ ഞാനാണ് നിന്റെ സ്പോൺസർ. അതിൽ ദുരഭിമാനം വേണ്ട. എഡ്യൂക്കേഷനൽ ലോൺ എടുക്കുന്നുന്നു കരുതിയ മതി. തിരിച്ചു അടച്ചോ കാശ് കിട്ടുമ്പോൾ…അത് വരെ ഉണ്ടാവുകയുള്ളൂ.”

“എന്തിനാ അർജുൻ സർ ഇതൊക്ക…ഞാൻ ഇപ്പൊ എനിക്ക്…കുഴപ്പമില്ലല്ലോ കഷ്ടപ്പെട്ടു പഠിക്കുന്നതിനു “

“ഇനി മൂന്നാമത്തെ വർഷം ആണ്. റൈറ്റ്?”

“അതേ..”

“ഇനിയാണ് ഏറ്റവും സമയം വേണ്ടതും. നീ പഠിക്ക്..അത് മാത്രം ചെയ്യ്..ബാക്കി ഞാൻ നോക്കിക്കൊള്ളാം.. “

അവൾ തളർന്നു നിസ്സഹായയായി

“ഞാൻ ചെയ്യുന്നതിനൊന്നും നീ എനിക്ക് പകരം തരണ്ട. സൗഹൃദം പോലും. ഞാൻ പറഞ്ഞല്ലോ നീ തിരിച്ചു തന്നോ ചിലവാക്കിയത് ഒക്കെ. ഇപ്പൊഴല്ല.”

“അപ്പൊ എന്തിനാ ഇതൊക്കെ ചെയ്യുന്നത്? എന്റെ കൂട്ട് പോലും വേണ്ടെങ്കില്?”

അവളുടെ ശബ്ദം ഇടറി

“ഞാൻ പറഞ്ഞത് അതല്ല..ഞാൻ ഇതൊക്കെ ചെയ്തത് കൊണ്ട് എനിക്ക് വേറെ ദുരുദ്ദേശമൊന്നുമില്ല എന്നാണ് “

“ദുരുദ്ദേശം കൊണ്ട് ഇങ്ങട്ട് വാ ചൂലെടുക്കും ഞാൻ “

അവൻ പൊട്ടിച്ചിരിച്ചു പോയി

“എനിക്ക് അറിയാട്ടോ എല്ലാം..”

അവൻ പെട്ടെന്ന് നിശബ്ദനായി

“പട്ടായ തായ്‌ലൻഡ് ഒക്കെ എനിക്ക് അറിയാം.. “

അവളോട് വേണേൽ പറയാവുന്ന ഭാഷകൾ ഒക്കെയുണ്ട്. പക്ഷെ പറയാൻ വയ്യ. കുട്ടിയാണ്. പറയാൻ പാടില്ല

“നിന്നോട് ഈ തോന്ന്യാസം ഒക്കെ ആരാണ് പറഞ്ഞു തന്നത് “

“അപ്പൊ തോന്ന്യസമാണെന്ന് അറിയാം “

“അതൊക്കെ രണ്ടര വർഷം മുന്നെയായിരുന്നു…നിന്നെ കാണുന്നതിന് മുൻപ്. അതിന് ശേഷം അർജുൻ ആരെയും കണ്ടിട്ടില്ല. ഒന്നിന് വേണ്ടിയും…ഒരു പെണ്ണിനേയും കണ്ടിട്ടില്ല. നിന്നെ ബോധിപ്പിക്കാൻ പറയുന്നതല്ല. അതെന്റെ രീതിയുമല്ല. എനിക്ക് ഒരു പെണ്ണ് വേണമെന്ന് തോന്നിട്ടില്ല കൃഷ്ണ….”

കൃഷ്ണയുടെ ഹൃദയത്തിൽ ഒരു തിരമാല വന്നടിച്ചു. ആ വാചകങ്ങൾക്ക് ഒരു പാട് അർത്ഥം ഉണ്ട്. അതിലെല്ലാം ഉണ്ട്
അവൾക്കതു മനസിലായി

“ഞാൻ ചെയ്താൽ ചെയ്‌തെന്ന് പറയും…അതെന്തായാലും…നിന്നോട് ഞാൻ സത്യം മാത്രേ പറയു…സത്യം മാത്രം..നീ ഫോൺ വെച്ചേ..ഞാൻ വീട്ടിലാ..എനിക്ക് കുറച്ചു തിരക്കുണ്ട് “

“അയ്യോ വെയ്ക്കല്ലേ നാളെ ഹോസ്പിറ്റലിൽ ഉണ്ടാകുമോ?”

“ഇല്ല തൃശൂർ പോകും…”

“അവിടെ എന്താ?”

“ഹോസ്പിറ്റലിൽ “

“ഏത്?”

“മാധവം “

“അവിടെയുമുണ്ടോ?”

“yes… inaugration അടുത്ത മാസം.നിന്നെ ഞാൻ കൊണ്ട് പോകും…ഭാവിയിൽ അവിടെയാണോ നീ ജോലി ചെയ്യയ്ക് എന്നാരു അറിഞ്ഞു “

“അത് പൂട്ടിക്കെട്ടും മുതലാളി. ഞാൻ വേണ്ട ബിസിനസ്സ് അറിയാവുന്ന ഡോക്ടർമ്മാര് മതി”

“നിന്നേ ഞാൻ അത് പഠിപ്പിച്ച പോരെ?”

“അതിലും എളുപ്പം ഞാൻ പഠിപ്പിക്കുന്നതല്ലേ? അർജുൻ സാറിനെ. ജീവിതം ഇതൊന്നുമല്ലന്ന് .. ഉം?”

അവന്റെ ഉള്ളിൽ ഒരു കടലിളകി

“വെയ്ക്കട്ടെ “

അവൻ ഒന്ന് മൂളി.

ജീവിതം മാറുകയാണ്…ഒരു പെണ്ണില്…കൃഷ്ണ നീ എന്ത് മാജിക് ആണ് കാണിക്കുന്നത്.

അവൻ കണ്ണുകൾ അടച്ച് അവളെ ഓർത്തു

അർജുൻ സർ…ഒരു വിളിയൊച്ച കേട്ടോ…

അവൻ പെട്ടെന്ന് കണ്ണ് തുറന്നു. എങ്ങും അവളാണ്. എല്ലായിടവും…

കൃഷ്ണാ…. അവനൊന്നുറക്കെ വിളിച്ചു

തുടരും….